
പച്ചക്കറിയും പലചരക്കും പിന്നെ ഇത്തിരി മീനും കൂടി ആയപ്പോൾ അവരുടെ ചെറിയ ഷോപ്പിംഗ് പൂർത്തിയായി.
''നമുക്ക് ഒരു ഓട്ടോ വിളിക്കാം.'' - അച്ഛൻ പറഞ്ഞു.
റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെ അരികിലേക്ക് അവർ നടന്നു. രണ്ടോ മൂന്നോ ഓട്ടോറിക്ഷകളേ ഉണ്ടായിരുന്നുള്ളൂ. മുമ്പിലുള്ള ഓട്ടോറിക്ഷയിലേക്ക് അവർ കയറി. ഒരു ചെറുപ്പക്കാരനായിരുന്നു ഡ്രൈവർ.
''എങ്ങോട്ടാണ്?'' - ഡ്രൈവർ ചോദിച്ചു.
''കണ്ണാടി.''- അച്ഛൻ പറയും മുമ്പേ നിള ചാടിക്കയറി പറഞ്ഞു.
അതുകേട്ട് ഡ്രൈവർ കൗതുകത്തോടെ തല ചെരിച്ച് അവളെ നോക്കി. അയാളുടെ കഴുത്തിൽ ഒരു ചരടിൽ കോർത്ത ഏലസ് ഉള്ളത് നിള ശ്രദ്ധിച്ചു. പരിയാപുരത്തങ്ങാടിയിൽ അവൾ കണ്ട ഭൂരിഭാഗം ആളുകളുടെ കൈയ്യിലും കഴുത്തിലും അതുപോലുള്ള രക്ഷ ഉണ്ടായിരുന്നു. ഓട്ടോറിക്ഷയുടെ മുൻവശത്തും അങ്ങനെയൊന്ന് തൂങ്ങിക്കിടക്കുന്നത് അവൾ കണ്ടു. രക്ഷ. ദുർമന്ത്രവാദിനിയിൽ നിന്നുള്ള രക്ഷ.
''കണ്ണാടിയിൽ എവിടെയാ?'' - വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടെ അയാൾ ചോദിച്ചു.
''നീ കോരേട്ടന്റെ മോനല്ലേ?'' - അച്ഛൻ ഒരു മറുചോദ്യം ചോദിച്ചു.
അതുകേട്ട് അയാൾ അത്ഭുതപ്പെട്ടു.
''അച്ഛനെ അറിയ്വോ?''
''ഞാനും ഈ നാട്ടുകാരനാടോ. നിന്റെയൊക്കെ ചെറുപ്പത്തിലേ ഞാൻ ബാംഗ്ലൂരിലേക്ക് പോയതാ.''
''സോറി ഏട്ടാ. എനിക്ക് മനസിലായില്ല.''- ഡ്രൈവറുടെ മുഖത്തെ ചമ്മൽ നിള കണ്ണാടിയിലൂടെ കണ്ടു.
''അതുപോട്ടെ. അച്ഛന് സുഖമാണോ?''
ഡ്രൈവറുടെ മുഖം വാടി.
''അച്ഛൻ മരിച്ചു. രണ്ടു വർഷമായി.''
ഓട്ടോറിക്ഷയിൽ കുറേ നേരം മൗനം നിറഞ്ഞു നിന്നു.
''എന്തായിരുന്നു അസുഖം?'' - കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു.
''പനി.'' - അയാൾ പറഞ്ഞു.
''കോവിഡ് ആയിരുന്നോ?''
''അല്ല. പേടിപ്പനി.''
അയാൾ പറഞ്ഞതു കേട്ട് നിള ഞെട്ടി.
''വനതിയെ തീണ്ടീതാ. അങ്ങനെ പേടിച്ച് പനി പിടിച്ചു. മൂന്നുദിവസം പിച്ചും പേയും പറഞ്ഞു. പിന്നെ മരിച്ചു.''
അയാൾ കരയുകയാണെന്ന് നിളയ്ക്ക് തോന്നി.
''ആരാണ് വനതി?''- അതുവരെ മിണ്ടാതിരുന്ന അമ്മ ചോദിച്ചു.
''കണ്ണാടിയിൽ കുറച്ചു കാലങ്ങളായുള്ള ശാപമാണ് അവൾ. ദുർമന്ത്രവാദിനി. ഒരൊറ്റ നോട്ടം കൊണ്ട് അവൾ ആളുകളെ ദുഷിപ്പിച്ചു കളയും. അവളുടെ ദൃഷ്ടി പതിയുന്ന കുടുംബം തമ്മിൽ തല്ലി ചാകും.''
''ഞാനങ്ങനെയൊരാളെ പറ്റി കേട്ടിട്ടില്ലല്ലോ.'' - അച്ഛൻ പറഞ്ഞു.
''മരിച്ചു പോയ ചെണ്ണക്കേട്ടന്റെ മോളാ.'' - അയാൾ പറഞ്ഞു.
''ആ പെൺകുട്ടിയോ? പഠിക്കാൻ മിടുക്കിയായിരുന്നല്ലോ. ആരോടും അധികം മിണ്ടാത്ത ആ പെൺകുട്ടിയാണോ ദുർമന്ത്രവാദിനി? ഞാൻ വിശ്വസിക്കില്ല.'' - അച്ഛൻ പറഞ്ഞു.
ഡ്രൈവർ ചിരിച്ചു.
''നിങ്ങൾ പണ്ട് കണ്ട മിണ്ടാപ്പൂച്ചയല്ല ഇന്നത്തെ വനതി. അവൾ വലിയ പെണ്ണാണിപ്പോ. പഠിച്ചതെല്ലാം ദുർമന്ത്രവാദമായിരുന്നെന്ന് നാട്ടുകാർ പിന്നീടാണറിഞ്ഞത്. ഏതുനേരവും കണ്ണാടിക്കാട്ടിലുണ്ടാവും. പേടിച്ചിട്ടാരും അത് വഴി പോകാറില്ല. ആ കാട്ടിലിരുന്നാണവൾ ദുർമന്ത്രവാദം ചെയ്യുന്നത്. കിളികളും മറ്റു ജീവികളുമൊക്കെ അവളുടെ അടിമകളാണ്. അതുകൊണ്ടാണ് ഏതുകാര്യവും അവളറിയുന്നത്.''
''നമ്മളിപ്പോ സംസാരിക്കുന്നത് അവൾ കേൾക്കുന്നുണ്ടാകുമോ?''- നിള ചോദിച്ചു.
''അതിനല്ലേ ഇത്.'' - അയാൾ രക്ഷ ഉയർത്തി കാണിച്ചു.
''വെള്ളച്ഛൻ മന്ത്രിച്ചൂതി തന്നതാ. ഇതുള്ളത് കൊണ്ടാണ് ഞങ്ങൾ അപകടമൊന്നുമില്ലാതെ കഴിയുന്നത്.''
അയാൾ പറയുന്ന കഥകൾ കേട്ടപ്പോൾ നിളയ്ക്ക് നല്ല രസം തോന്നി. ഒപ്പം നേരിയ ഭയവും.
ഓട്ടോറിക്ഷ ഒരിടവഴിയിലേക്ക് കടന്നു.
''ഇതാണ് കണ്ണാടിയുടെ അതിര്.'' - അച്ഛൻ പറഞ്ഞു.
നിള പുറത്തേക്ക് നോക്കി. ഇത്ര നേരവും ഓട്ടോറിക്ഷക്കാരന്റെ കഥ കേട്ടിരുന്നത് കൊണ്ട് അവൾക്ക് ചുറ്റുമുള്ള കാഴ്ചകൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
ആ ടെക്സ്റ്റൈൽസുകാരൻ പറഞ്ഞത് ശരിയാണെന്ന് നിളക്ക് തോന്നി. ചുറ്റും പച്ചപ്പ്. ഇളം പച്ച, കടും പച്ച. കൊടുംപച്ച എന്നിങ്ങനെ ചുറ്റും പലതരം പച്ചകൾ. തണുത്ത കാറ്റ്. പുൽക്കൊടികളുടേയും ഇലകളുടേയും മണം. അച്ഛന്റെ ഗ്രാമം എത്ര സുന്ദരം.
ഇടവഴി അവസാനിച്ചത് വൃത്താകൃതിയിലുള്ള മൈതാനത്തായിരുന്നു. കുറേ കുട്ടികൾ ഓടിച്ചാടി കളിക്കുന്നത് കണ്ടപ്പോൾ നിളയുടെ മുഖം വിടർന്നു.
''പണ്ടിവിടെ എത്ര കുത്തിമറിഞ്ഞ് കളിച്ചതാ.''- അച്ഛൻ പറഞ്ഞു.
''ഞാനും.''- ഓട്ടോ ഡ്രൈവറും പറഞ്ഞു.
''ഇനി മുതൽ നീയും.'' - അമ്മ നിളയെ നുള്ളി.
കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ ശല്യപ്പെടുത്താതെ ഓട്ടോ മൈതാനത്തിന്റെ അരികിലൂടെ നീങ്ങി. മൈതാനത്തെ വെളുത്ത പൂഴിമണ്ണ് കൈകൊണ്ട് വാരിയെടുക്കാൻ തോന്നി നിളയ്ക്ക്. മൈതാനത്തെ പാതി വലം വെച്ച് ഓട്ടോ മരങ്ങൾക്കിടയിലെ വടക്ക് ഭാഗത്തെ ഇടവഴിയിലേക്കിറങ്ങി. ആ ഇടവഴി കുറച്ച് ദൂരം നീണ്ടു. ഒരു കാവിനകത്ത് കൂടി സഞ്ചരിക്കുന്നത് പോലെയാണ് നിളയ്ക്ക് തോന്നിയത്. തൂങ്ങി നിൽക്കുന്ന വള്ളികൾ, പക്ഷികളുടെ കലപില. വലിയൊരു കാവ്. അല്ലെങ്കിൽ ചെറിയൊരു കാട്.
ഇടവഴിയിലൂടെ ആടിയുലഞ്ഞ് സഞ്ചരിക്കുന്നതിനിടെ പെട്ടൊന്ന് എന്തോ ഒന്ന് ഓട്ടോയുടെ മുൻവശത്തൂടെ പറന്നു പോയി. വലിയൊരു ശബ്ദത്തോടെയാണത് കടന്നു പോയത്. ഡ്രോൺ ആണെന്നാണ് നിളയ്ക്ക് തോന്നിയത്. അത്ര വലിപ്പവും വലിയ ശബ്ദവുമുണ്ടായിരുന്നു അതിന്.
(തുടരും...)
Content Highlights: Kannadiyile Manthravadhini Part 2, A nostalgic return to a native village in 2026., Introduction to the local urban legend of Vanathi the sorceress., Cultural insights into rural superstitions and protective talismans., Atmospheric storytelling blending nature and supernatural mystery.
Published: 10 Apr 2026, 12:51 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented