
അതിരാവിലെ തന്നെ അവർ വെള്ളച്ഛൻകാവിലേക്ക് പുറപ്പെട്ടു. ഇടവഴി ചുറ്റി, പാടത്തും പറമ്പിലൂടെയുമൊക്കെയുള്ള യാത്ര നിള ശരിക്കും ആസ്വദിച്ചു. ഓരോ സ്ഥലത്തെത്തുമ്പോഴും അച്ഛൻ കുട്ടിക്കാലത്തെ ഓരോ ഓർമകൾ പങ്കുവെച്ചു.
''ഇവിടെ നിന്നാണ് കാലിൽ കുപ്പിച്ചില്ലു തറച്ചത്.''
Also Read
''ഇവിടെ നിന്നാണ് പാമ്പിനെ കണ്ട് പേടിച്ചോടിയത്.''
''ദാ, അവിടെയൊരു തെങ്ങുണ്ടായിരുന്നു. ആ തെങ്ങിലെ മെച്ചിങ്ങയ്ക്ക് ചവർപ്പുണ്ടായിരുന്നില്ല. താളിമെച്ചിങ്ങ എന്നാണ് ഞങ്ങളതിനെ വിളിച്ചിരുന്നത്. തിന്നാൻ നല്ല രുചിയായിരുന്നു.''
നിള എല്ലാം കൗതുകത്തോടെ കേട്ടു.
എന്തൊക്കെ അനുഭവങ്ങളാണ് അച്ഛന്. എത്ര നല്ല ബാല്യമാണ് അച്ഛന് കിട്ടിയത്. അവൾ അത്ഭുതപ്പെട്ടു.
അവരങ്ങനെ നടക്കുന്നതിനിടയിൽ വഴിയിൽ ഓരോരുത്തർ പ്രത്യക്ഷപ്പെട്ടു. അച്ഛൻ അവരോടെല്ലാം വിശേഷങ്ങൾ ചോദിച്ചു. നിള ശ്രദ്ധിച്ചത് അവരുടെ കൈത്തണ്ടയിലും കഴുത്തിലുമായിരുന്നു. ജപിച്ച ചരട് കെട്ടാത്ത ഒരാളെ പോലും കണ്ണാടിയിൽ അവൾക്ക് കാണാൻ കഴിഞ്ഞില്ല.
''ഒരു നാട്ടിനെ മൊത്തം വിറപ്പിക്കണമെങ്കിൽ അവൾ ചില്ലറക്കാരിയാവില്ല.''- അമ്മ പറഞ്ഞു.
അവർ ഒരു വലിയ പാടശേഖരത്തിലേക്കിറങ്ങി. കൊയ്ത്തുകഴിഞ്ഞു കിടക്കുകയായിരുന്നു പാടം. കെട്ടിവെച്ച വൈക്കോൽ കെട്ടുകൾ കണ്ടപ്പോൾ നിളയ്ക്ക് റോഡ്റോളറിന്റെ ചക്രങ്ങൾ ഓർമ വന്നു. വൈക്കോലിന്റെ മണവും, പാടത്തെ എണ്ണിയാൽ തീരാത്ത തത്തകളും തന്നെ മറ്റൊരു ലോകത്തിലെത്തിച്ചതു പോലെ നിളയ്ക്ക് തോന്നി.
പാടത്തും വരമ്പത്തുമായി കുറേ ആണുങ്ങളും പെണ്ണുങ്ങളും ചേർന്ന് എന്തൊക്കെയോ പണികൾ ചെയ്യുന്നുണ്ടായിരുന്നു.
''അവരെന്താണച്ഛാ ചെയ്യുന്നത്?'' - നിള ചോദിച്ചു.
''മെതിക്കുകയാണ്.''-അച്ഛൻ പറഞ്ഞു.
''മെതിക്കുകയോ?'' - നിള അത്ഭുതപ്പെട്ടു. അവൾ ആദ്യമായിട്ട് കേൾക്കുകയായിരുന്നു ആ വാക്ക്.
അച്ഛൻ വിശദീകരിച്ചു. കൊയ്തെടുക്കുന്ന നെൽക്കതിരുകൾ ചവിട്ടി ധാന്യത്തെ കതിരിൽ നിന്നും വേർപ്പെടുത്തുന്നതിനെയാണ് മെതി എന്നു പറയുക. ഇപ്പോൾ മെതിയന്ത്രങ്ങളൊക്കെയുണ്ട്. പണ്ട് കാളയേയും കുതിരയേയുമൊക്കെ ഉപയോഗിച്ചിരുന്നു. പക്ഷേ, ഇവിടെ പണ്ടു മുതലേ മനുഷ്യർ തന്നെയാണ് മെതിക്കാറ്.
''നമ്മൾ കഴിക്കുന്ന ഓരോ വറ്റിനു പിന്നിലും വലിയ കഷ്ടപ്പാടുണ്ടല്ലേ അച്ഛാ?'' - നിള ചോദിച്ചു.
''പിന്നേ, വലിയ കഷ്ടപ്പാട്. അതുകൊണ്ടാണ് ഭക്ഷണം കളയരുതെന്ന് ഞാൻ പറയുന്നത്.''
കറ്റ ചവിട്ടി മെതിക്കുന്ന കർഷകരെത്തന്നെ നോക്കികൊണ്ട് അവർ പാടത്തിന്റെ മറുകരയിലേക്ക് നടന്നു. അവിടെയാണ് കാവും അമ്പലവും.
ദൂരെ നിന്നേ ചെണ്ടമേളങ്ങൾ നിള കേട്ടു.
ചെരുപ്പഴിച്ചു വെച്ചു കൊണ്ട് അവർ കാവിനുള്ളിലേക്ക് കയറി. ഒരു കുഞ്ഞുകാട്. അതിനകത്ത് ഒരു കുഞ്ഞമ്പലം. നിളയ്ക്ക് ആ അന്തരീക്ഷം ഇഷ്ടമായി.
അമ്പലത്തിന്റെ നട അടഞ്ഞു കിടക്കുകയായിരുന്നു. കൈകൂപ്പികൊണ്ട് കുറേ ആളുകൾ അടഞ്ഞ നടവാതിലും നോക്കി നിൽക്കുന്നുണ്ടായിരുന്നു. അമ്മ നിളയുടെ കൈ പിടിച്ച് അവർക്കു പിന്നിൽ ചെന്നു നിന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ നട തുറന്നു. ചുവന്ന പട്ട് ചുറ്റി കൈയ്യിലൊരു വാളും പിടിച്ച് വെള്ളച്ഛൻ പുറത്തേക്കിറങ്ങി. മുന്നിലെ ഭക്തജനങ്ങളെ നോക്കി വെള്ളച്ഛൻ ശരീരം വിറപ്പിച്ചു. അരമണികളും ചിലങ്കയും മണികെട്ടിയ വാളും കിലുകിലെ ശബ്ദമുണ്ടാക്കി. ആളുകൾ ഉറക്കെ വിളിച്ചു: ''ഭഗവതീ''
വെള്ളച്ഛൻ ഉറഞ്ഞു തുള്ളി കൊണ്ട് അമ്പലം വലം വെക്കാൻ തുടങ്ങി. ഒരു സഹായി വെള്ളച്ഛന്റെ കൂടെ നടന്ന് നിയന്ത്രിക്കുന്നുണ്ടായിരുന്നു. വെള്ളച്ഛൻ അഹാ അഹാ എന്ന് ശബ്ദമുണ്ടാക്കി മൂന്നു ചുറ്റൽ പൂർത്തിയാക്കി. പിന്നെ നടയ്ക്കൽ ചമ്രം പടിഞ്ഞിരുന്നു.
ഒരു വൃദ്ധ വെള്ളച്ഛന്റെ മുന്നിൽ ചെന്ന് കുനിഞ്ഞു.
''എന്താണ് മകളേ നിന്റെ വിഷമം?'' - വെള്ളച്ഛൻ ചോദിച്ചു.
വൃദ്ധ പെട്ടന്ന് കരയാൻ തുടങ്ങി.
വെളിച്ചപ്പാടിന്റെ ചോദ്യം കേട്ട് നിള അമ്പരന്നു. വെളിച്ചപ്പാടിന് അച്ഛന്റെ പ്രായമേ വരൂ. എന്നിട്ടും അയാൾ വൃദ്ധയെ മകളേ എന്ന് വിളിക്കുന്നു. വെളിച്ചപ്പാടിന്റെ അമ്മയാകാനുള്ള പ്രായമുണ്ട് ആ വൃദ്ധയ്ക്ക്.
''അതെന്താ അമ്മേ അങ്ങനെ?'' - നിള ശബ്ദം താഴ്ത്തി ചോദിച്ചു.
''വെള്ളച്ഛൻ ഇപ്പോ വെളിച്ചപ്പാടല്ല. അയാളുടെ ശരീരത്തിൽ ഭഗവതി കേറിയിരിക്കുകയാണ്. ശരീരം മാത്രമാണ് വെളിച്ചപ്പാടിന്റേത്.'' - അമ്മ പറഞ്ഞു.
നിള അത്ഭുതത്തോടെ വെളിച്ചപ്പാടിനെ നോക്കി. ആ കണ്ണുകൾ തീക്ഷ്ണം. ശബ്ദം ഭയങ്കരം.(തുടരും....)
Content Highlights: Kannadiyile Manthravadhini Part 7
Published: 06 May 2026, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented