'ഹരി നീ പറയുന്നത് സത്യമാണോ?' സമനില വീണ്ടെടുത്തുകൊണ്ട് രവി ചോദിച്ചു.
' അതെ ഏട്ടാ...'
Also Read
' നിനക്ക് പരിചയമുണ്ടോ?' ' ഇല്ല.. '
' എങ്കിൽ വാ, പോയി നോക്കാം?'
മൂവരും ശവം കിടക്കുന്നിടത്തേക്ക് പോയി.
ഹരിയായിരുന്നു മുന്നിൽ. ശവം കിടന്നിടത്ത് ചെന്നതും ഹരി ഞെട്ടി പിന്നോട്ട് മാറി!
ആ ശവം കാണാനുണ്ടായിരുന്നില്ല.
' ഇവിടെയായിരുന്നു അത് കിടന്നത്... ഇപ്പോൾ കാണാനില്ല..!' ഭീതിയോടെ ഹരി പറഞ്ഞു.
' പിന്നെ അത് എവിടെപ്പോയി? ' ഹരിയുടെ മുഖത്ത് നോക്കിക്കൊണ്ട് രവി തിരക്കി.
'ആ... എനിക്കറിയില്ല..!'
'സാറേ... ഇവിടെ ചോരയുണ്ട്... '
രാമേട്ടൻ പറഞ്ഞ സ്ഥലത്തേക്ക് ഹരി ലൈറ്റ് അടിച്ചു. അവിടെ ചോര തളംകെട്ടി കിടന്നിരുന്നു.
താൻ പറഞ്ഞത് സത്യമല്ലേ എന്ന മട്ടിൽ ഹരി രവിയെ നോക്കി.
' വെടിയേറ്റു മരിച്ചുവീണ ആ മനുഷ്യൻ എവിടെ പോയി..?' രവി ചോദിച്ചു.
പക്ഷേ ആർക്കും അതിനുത്തരമുണ്ടായിരുന്നില്ല.
പെട്ടെന്ന് ചോരത്തുള്ളികളിൽ നിന്നും തീ ജ്വാല ഉയരുന്നത് അവർ കണ്ടു.
മൂവരും ഞെട്ടി പിന്നോട്ട് മാറി!
ഞൊടിയിടയിൽ ആ ചോര അപ്രത്യക്ഷമായി.
അവർക്ക് കുറച്ചുനേരത്തേക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല. ഇനി ഇവിടെ നിന്നാൽ തങ്ങളുടെ ജീവൻ പോലും അപകടത്തിലാകുമെന്ന് രവിക്ക് തോന്നി.
അപ്പോൾ അവർക്ക് സമീപമുള്ള പൊന്തക്കാടുകൾ ആരോ ചവിട്ടി ഒടിക്കുന്നതു പോലെ ഞെരിഞ്ഞമർന്നു.
പെട്ടെന്ന് ഒരു വികൃത സത്വം ഓടിപ്പോകുന്നത് അവർ കണ്ടു. ഹരി അതിന്റെ നേർക്ക് ടോർച്ച് അടിച്ചു. മനുഷ്യാകാരമുള്ള ഒരു ജന്തു. പുലിയോട് സദൃശൻ, നീണ്ട തലമുടി, തിളങ്ങുന്ന ഉണ്ടക്കണ്ണുകൾ, സിംഹത്തിന്റെ വായ കരിമ്പുലിയുടെ മുരൾച്ച . കരടിയുടെ കൈപ്പത്തി, ചോര കട്ടപിടിച്ച നഖങ്ങൾ.
ആ ജന്തുവിന്റെ വായിൽ എന്തോ ഇരിക്കുന്നത് മിന്നായം പോലെ അവർ കണ്ടു.
'അത് ...ആ മനുഷ്യനാണ്.. വെടിയേറ്റ് വീണയാൾ...!'
ഹരി അലറി. ' അയാളെ രക്ഷിക്കണം... '
തോക്ക് വെടിവെക്കാൻ തയ്യാറായി പിടിച്ചുകൊണ്ട് രവി പറഞ്ഞു.
'വേഗം വരൂ...' മൂവരും ആ ജന്തുവിന് പിന്നാലെ പാഞ്ഞു. രാമേട്ടൻ തന്റെ എല്ലാ വേദനകളും മറന്ന് അവർക്കൊപ്പം ഓടി.
ആ വികൃത രൂപിയുടെ പിന്നാലെ ഓടിയെത്താൻ അവർക്ക് കഴിഞ്ഞില്ല. തൊടുത്തുവിട്ട ശരം പോലെ
കാട്ടു പൊന്തകൾ തകർത്തുകൊണ്ട് ആ ജന്തു ഓടി. നിലാവെളിച്ചത്തിൽ അവന്റെ പിൻഭാഗം കാണാമായിരുന്നു.
രവിയും ഹരിയും ഓടിത്തളർന്നു.
രാമേട്ടന്റെ കാര്യമായിരുന്നു കഷ്ടം. അയാളുടെ മുറിവ് ഇളകി ചോര ഒഴുകാൻ തുടങ്ങി. കഠിനമായ വേദനയും. എങ്കിലും എല്ലാം കടിച്ചുപിടിച്ച് അയാളും അവർക്കൊപ്പം ഓടിക്കൊണ്ടിരുന്നു.
വനാതിർത്തിയിൽ ജീപ്പ് നിർത്തിയിട്ട ഭാഗത്ത് അവർ എത്തിച്ചേർന്നു. അവർക്ക് മുമ്പിൽ ഓടിക്കൊണ്ടിരുന്ന വികൃത ജീവി ചതുപ്പിലേക്ക് എടുത്തുചാടി. പുതഞ്ഞു കിടന്ന ചെളിക്കുള്ളിൽ ആ ജന്തുവും വെടിയേറ്റ മനുഷ്യനും അപ്രത്യക്ഷമായി.
രവിയും ഹരിയും രാമേട്ടനും ആ കാഴ്ച കണ്ട് ശബ്ദിക്കാൻ മറന്ന് തരിച്ചു നിന്നുപോയി.
അമ്പരപ്പിൽ നിന്നും ആദ്യം ഉണർന്നത് രവിയാണ്.
'നമുക്ക് ആ ചതിപ്പിൽ ഒന്ന് പോയി നോക്കിയാലോ...'
അയാൾ ഹരിയേയും രാമേട്ടനെയും മാറിമാറി നോക്കി.
'വേണ്ട ഏട്ടാ....നമ്മൾ ഇപ്പോൾ അങ്ങോട്ട് പോകുന്നത് അത്ര ശരിയല്ല...' ഹരി പറഞ്ഞു.
' വേണ്ട... പോവണ്ട സാറേ....'
തന്റെ തലയിലെ വേദന കടിച്ചുപിടിച്ചുകൊണ്ട് രാമേട്ടൻ പറഞ്ഞു.
' പക്ഷേ ആരെയാണ് ആ ജന്തു കടിച്ചെടുത്തു കൊണ്ട് ഓടിയത്. നമ്മുടെ തോട്ടത്തിലെ തൊഴിലാളികൾ ആരെങ്കിലുമാണോ?'
രവിക്ക് ഉത്തരം കിട്ടിയില്ല.
തന്റെവെടിയേറ്റാണ് അയാൾ മരിച്ചതെങ്കിൽ ഒരുപക്ഷേ താൻ കുടുങ്ങും. അങ്ങനെയും അയാൾ ചിന്തിച്ചു.
ആ ജന്തു എന്താണെന്ന് മാത്രം അവർക്കാർക്കും മനസ്സിലായില്ല. പുസ്തകങ്ങളിൽ പോലും കാണാത്ത വികൃത രൂപം.
കുറച്ചു മണിക്കൂറുകൾക്കുള്ളിൽ കൺമുമ്പിൽ നടന്നതൊന്നും വിശ്വസിക്കാനേ പറ്റുന്നില്ല.
രവി ഹരിയുടെ കയ്യിൽ നിന്നും ടോർച്ച് വാങ്ങിയിട്ട് മുമ്പോട്ട് നടന്നു.
' പോകരുത് സാറേ...!' രാമേട്ടൻ രവിയെ തടഞ്ഞുകൊണ്ട് പറഞ്ഞു.
'മാറി നിൽക്ക് രാമേട്ടാ... ഞാൻ ചതുപ്പിൽ ഒന്ന് നോക്കിയിട്ട് വരാം...'
' എങ്കിൽ ഞാനും വരാം ഏട്ടാ...' പിന്നാലെ ഹരിയും ചെന്നു.
'എന്നാ ഞാനുമുണ്ട്.... ' പേടിയുടെ രാമേട്ടൻ പറഞ്ഞു.
മൂവരും ചതിപ്പിന് നേരെനടന്നു.അവർനിൽക്കുന്നിടത്തു
നിന്നും ഒരു മുപ്പതു മീറ്റർ ദൂരമുണ്ടായിരുന്നു ചതപ്പിലേക്ക്.
കുറ്റിക്കാട് നിറഞ്ഞ വഴിയിലൂടെ ടോർച്ചിന്റെ പ്രകാശത്തിൽ രവിയും സംഘവും മുമ്പോട്ട് നടന്നു. ഒടുവിൽ അവർ ചതുപ്പിന് സമീപം എത്തി. രവി ടോർച്ച് അടിച്ചുനോക്കി. ചതിപ്പിലെ ചെളി വെള്ളത്തിൽ നിന്നും കുമിളകൾ ഉയരുന്നുണ്ടായിരുന്നു.
അപ്പോൾ അവർക്കു പിന്നിൽ ജീപ്പ് സ്റ്റാർട്ട് ആയി.
അത് കേട്ട് അവർ ഞെട്ടി വിറച്ചു!
ജീപ്പിന്റെ ഹെഡ് ലൈറ്റുകൾ തനിയെ കത്തി. ആക്സിലേറ്ററിൽ ആരോ കാൽ കൊടുത്തതുപോലെ ഒന്നിരച്ചശേഷം ഗിയർ തെന്നി നീങ്ങി.
ഒരു കാട്ടുമൃഗത്തിനെ പോലെ ആ ജീപ്പ് അവർക്കു
നേരെ ചീറിപ്പാഞ്ഞു വന്നു!
'അയ്യോ... നമ്മുടെ ജീപ്പ്..!' രവി നിലവിളിച്ചു.
' ഹരി... മാറിക്കോ... അത് നമ്മുടെ നേരെയാണ്..!'
രവി അലറി.
എന്നാൽ ചതിപ്പിന് പത്തടി അപ്പുറത്ത് ഏതോ അദൃശ്യ ഭിത്തിയിൽ തട്ടിയത് പോലെ ജീപ്പ് നിന്നു.അതിന്റെ ഹെഡ് ലൈറ്റുകൾ തനിയെ അടഞ്ഞു.
' സാറേ... നമുക്ക് പോകാം...' രാമേട്ടൻ പേടികൊണ്ട് വിറക്കുന്നുണ്ടായിരുന്നു. അയാൾ ആകെ അവശനായിരുന്നു. തലയിലെ മുറിവിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.
'ഏട്ടാ... നമുക്ക് പോകാം. രാമേട്ടനെ ഏതെങ്കിലും ക്ലിനിക്കിൽ കൊണ്ടുപോകണം... '
'ശരി ഹരി... നമുക്ക് പോകാം...'
ഒരിക്കൽ കൂടി ചതുപ്പിലേക്ക് ലൈറ്റ് അടിച്ചു ശേഷം രവി പിന്തിരിഞ്ഞു.
പെട്ടെന്നാണ് അത് സംഭവിച്ചത്.
ചെളിയിൽ നിന്നും രണ്ടു കൈകൾ ഉയർന്നുവന്നു. ആ കൈകൾ രവിയുടെ കാലിൽ പിടിച്ചു വലിച്ചു.
തലയിൽ ഘടിപ്പിച്ചിരുന്ന ഹെഡ്ലൈറ്റ് ചെളിയിലേക്ക് തെറിച്ചുപോയി.
'ഹരീ... ' രവിശങ്കർ അലറി.
ഹരി പിൻതിരിഞ്ഞു നോക്കി. രവി ചെളിയിൽ കിടന്നു പിടയ്ക്കുന്നു.
'ഏട്ടാ.... ' ഹരി ഓടി വന്ന് അവനെ പിടിച്ചു.
അപ്പോഴാണ് അയാൾ ആ കാഴ്ച കണ്ടത്.
രവിയുടെ കാലിൽ പിടിച്ചു വലിക്കുന്ന രണ്ട് കൈകൾ. തോലുകൾ ഇളകി ,മാംസം ജീർണിച്ച് അസ്ഥികൾ മാത്രമുള്ള വൃത്തികെട്ട കരങ്ങൾ. അതിന്റെ വിരലിൽ നീണ്ടു കൂർത്ത നഖങ്ങൾ.
കത്രിക പൂട്ടിനുള്ളിൽ കാലു കുടുങ്ങിയതു പോലെയാണ് രവിക്ക് തോന്നിയത്.
ആ കൈകൾക്ക് ഒരാനയുടെ കരുത്തുണ്ടെന്ന് അയാൾക്ക് മനസ്സിലായി.
' ഹരീ....ആ കൈകൾ എന്നെ വലിച്ചു താഴ്ത്തു
കയാണ്..!' വിറയലോടെ രവി പറഞ്ഞു.
രാമേട്ടനും ഹരിയും കൂടി രവിയെ പിടിച്ച് കരയിലേക്ക് വലിച്ചു. പക്ഷേ കാലിന് ഉരുക്കു വിലങ്ങിട്ടതുപോലെ അനക്കം ഇല്ലായിരുന്നു.
അടുത്ത നിമിഷം ഹരി രവിയുടെ കയ്യിൽ നിന്നും താഴെ വീണതോക്കെടുത്ത് ആ കൈകൾ ലക്ഷ്യം പിടിച്ച്
കാഞ്ചി വലിച്ചു.
ഇരുട്ടിൽ മലനിരകളെ നടുക്കി കൊണ്ട് ഒരു വെടിപൊട്ടി.
ആ വികൃതമായ കൈകൾ പപ്പടം പോലെ പൊട്ടിച്ചിതറി.
രവി മിന്നൽ വേഗത്തിൽ കരയ്ക്ക് കയറി.
'പോകാം... ഇനി ഇവിടെ നിന്നാൽ ആപത്താണ്...'
രവിയെ വിറക്കുന്നുണ്ടായിരുന്നു
രാമേട്ടൻ ആകെ ക്ഷീണിതനായിരുന്നു.
മൂവരും ജീപ്പിൽ കയറി.
രവി പോക്കറ്റിൽ നിന്നും സ്വിച്ച് കീ എടുത്ത് വണ്ടി സ്റ്റാർട്ട് ചെയ്തു. ഹെഡ് ലൈറ്റ് ഇട്ടുകൊണ്ട് രവി വണ്ടി പിന്നോട്ട് എടുത്ത് റോഡിന് അല്പം വീതി കൂടിയ ഭാഗത്ത് വെച്ച് തിരിച്ച് വീട്ടിലേക്കുള്ള റോഡിലൂടെ ഓടിച്ചു പോയി.
' ഒന്നും വിശ്വസിക്കാനേ പറ്റുന്നില്ല ... '
ആരോടെന്നില്ലാതെ രവിപറഞ്ഞു.
' എനിക്കും ഇതൊക്കെ ആദ്യത്തെ അനുഭവമാണ്
സാറേ... ' രാമേട്ടന്റെ വിറയൽ മാറിയിരുന്നില്ല. ജലജയ്ക്കും മോനും എന്തു പറ്റിയെന്ന ഉത്കണ്ഠയായിരുന്നു അപ്പോൾ രവിയുടെ മനസ്സിനെ ഭരിച്ചിരുന്നത്.
ഹെഡ് ലൈറ്റ് ചാലുകീറുന്ന പാതയിലൂടെ ജീപ്പ് ഇറക്കമിറങ്ങിക്കൊണ്ടിരുന്നു.
വീട്ടിലേക്ക് തിരിയുന്ന റോഡിലൂടെ അല്പം മുൻപോട്ടു പോയതും ജീപ്പിനു മുന്നിൽ ഒരാൾ കിടക്കുന്നത് ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അവർ കണ്ടു!
രവി ജീപ്പ് നിർത്തി.
'ഹരി ആരാണെന്ന് നോക്കിക്കേ ...?'
ലൈറ്റ് ഓഫ് ചെയ്യാതെ രവി പറഞ്ഞു.
ഹരി ടോർച്ച് എടുത്തുകൊണ്ട് ജീപ്പിൽ നിന്നും പുറത്തിറങ്ങി.
ജീപ്പിന്റെ പ്രകാശത്തിൽ ഹരി അയാളെ സൂക്ഷിച്ചുനോക്കി.കമിഴ്ന്നായിരുന്നു അയാൾ കിടന്നത്. ഹരി അയാളെ തിരിച്ചു കിടത്തി.
ഹരി ഞെട്ടിപ്പോയി!
ഈ മനുഷ്യനാണ് കാട്ടിൽ വെടിയേറ്റു വീണു കിടന്നത്! ഇയാളെയാണ് ആ വികൃത ജന്തു കടിച്ചെടുത്തുകൊണ്ട് ചതുപ്പിലേക്ക് ചാടിയത്!
'ഏട്ടാ..? നിലവിളിച്ചുകൊണ്ട് ഹരി ജീപ്പിനു നേരെ ഓടി!
(തുടരും)
Content Highlights: Horror Novel Kadal Chekuthan Part 5
Published: 28 Aug 2026, 09:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented