
വിജനമായ സ്ഥലങ്ങൾ പിന്നിട്ട് ഓട്ടോറിക്ഷ ആൾത്താമസമുള്ള ഭാഗത്തേക്ക് കയറി. ടാറിടാത്ത റോഡ്. ഇരുവശത്തും ഭംഗിയുള്ള പൂച്ചെടികൾ. ഇടവിട്ടിടവിട്ട് വീടുകൾ. അതൊന്നും പക്ഷേ, നിളയുടെ കണ്ണിൽ പതിഞ്ഞില്ല. അവളെപ്പോഴും പാടത്തു കണ്ട വനതി എന്ന ദുർമന്ത്രവാദിനിയെ കുറിച്ചാലോചിക്കുകയായിരുന്നു. ആ നോട്ടം അവൾക്ക് എത്ര ശ്രമിച്ചിട്ടു മറക്കാൻ കഴിഞ്ഞില്ല. സുന്ദരമായ അച്ഛന്റെ ഗ്രാമത്തിൽ എന്തൊക്കെയോ തന്നെ കാത്തിരിക്കുന്നതായി നിളയ്ക്ക് തോന്നി.
ഓട്ടോറിക്ഷയുടെ ഹോൺ പെട്ടെന്ന് മുഴങ്ങിയപ്പോൾ നിള ആലോചനയിൽ നിന്നുണർന്നു. ഒരു മുത്തശ്ശൻ പശുവിനേയും കൊണ്ട് നടന്നു പോകുന്നത് ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ലിനുള്ളിലൂടെ നിള കണ്ടു. അവർ റോഡിൽ നിന്ന് മാറാൻ വേണ്ടിയാണ് ഡ്രൈവർ ഹോണടിച്ചത്. ഹോൺ മുഴക്കം മുത്തശ്ശൻ കേട്ടുവെങ്കിലും പശു കേട്ട ഭാവം നടിച്ചില്ല. അത് കുറുമ്പോടെ റോഡിന് നടുവിലൂടെ തന്നെ നടന്നു. മുത്തശ്ശൻ കയറിൽ പിടിച്ചു വലിച്ചെങ്കിലും പശു ഓരത്തേക്ക് നീങ്ങാൻ കൂട്ടാക്കിയില്ല.
Also Read
''കണാരേട്ടാ പൂവാലിക്ക് ഇന്നിത്തിരി കുറുമ്പ് കൂടുതലാണല്ലോ.''- ഡ്രൈവർ പുറത്തേക്ക് തലയിട്ടു ചോദിച്ചു.
അതു കേട്ട് ആ മുത്തശ്ശൻ തിരിഞ്ഞു നോക്കി. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു: ''ഞാനിത്തിരി വൈകി ചെന്നതിന്റെയാ. വീടെത്തും വരെ ഇനി പറയുന്നതൊന്നും അനുസരിക്കില്ല.''
മുത്തശ്ശൻ വീണ്ടും പശുവിന്റെ കയറിൽ പിടിച്ചു വലിച്ചു.
''മാറിക്കൊടുക്ക് പൂവാലി. അവര് പൊയ്ക്കോട്ടെ.''
പൂവാലി ദേഷ്യത്തോടെ തല കുലുക്കി. അവളുടെ കഴുത്തിലെ മണി താളത്തിൽ കിലുങ്ങി. നിളയ്ക്ക് നല്ല രസം തോന്നി.
മുത്തശ്ശൻ ഡ്രൈവറെ നോക്കി പറഞ്ഞു: ''രക്ഷയില്ല. ആരാ വണ്ടീല്?''
''ഒറ്റക്കണ്ടത്തിലെ മാധവേട്ടനും കുടുംബവുമാ.''- ഡ്രൈവർ പറഞ്ഞു.
''ശ്ശോ, അവര് ബാംഗ്ലൂര്ന്ന് വരുവല്ലേ. പൂവാലി അവരെ വൈകിക്കുമല്ലോ.'' - മുത്തശ്ശൻ വീണ്ടും പശുവിനെ ഓരത്തേക്ക് മാറ്റാൻ ശ്രമിച്ചു.
''ഞങ്ങക്ക് തിരക്കില്ല കണാരേട്ടാ. പൂവാലിയെ വെറുതെ ദേഷ്യം പിടിപ്പിക്കേണ്ട. ഞങ്ങൾ പിന്നാലെ വന്നോളാം.'' - അച്ഛൻ പുറത്തേക്ക് തലയിട്ടു വിളിച്ചു പറഞ്ഞു.
നിളയ്ക്ക് അതു കേട്ടപ്പോൾ സന്തോഷമായി. ഓട്ടോറിക്ഷ ഉറുമ്പരിക്കുന്നത് പോലെയാണ് നീങ്ങുന്നത്. അതു കാരണം അവൾക്ക് പുറംകാഴ്ചകൾ നന്നായി കാണാൻ പറ്റി. വീടുകൾ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത കൗതുകം തോന്നി. ഓടിട്ട കുഞ്ഞു കുഞ്ഞു വീടുകൾ. ഓരോ വീടുകൾക്കു മുന്നിലും പൂച്ചെടികൾ. പലതരം പൂവുകൾ. പൂമ്പാറ്റകൾ. പക്ഷികളുടെ ശബ്ദം. ഇതു പോലൊരു വീട് തന്നെയാവും അച്ഛന്റേതും. ഇത്രനാളായിട്ടും അച്ഛന്റെ വീടിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലല്ലോ എന്ന് അവളോർത്തു. അതേതായാലും നന്നായി. ആദ്യമായി കാണുന്നത് നേരിട്ട് തന്നെയാവുന്നതാണ് ഭംഗി. ഫോട്ടോ പലപ്പോഴും കൃത്രിമമാണ്. ഒന്നുകിൽ ഒട്ടും സൗന്ദര്യമുണ്ടാവില്ല. അല്ലെങ്കിൽ ഉള്ളതിനേക്കാൾ സൗന്ദര്യമുണ്ടാവുകയും ചെയ്യും.
മുത്തശ്ശൻ പശുവിനെ അതിന്റെ പാട്ടിന് വിട്ടു. ഓട്ടോ മെല്ലെ മെല്ലെ നീങ്ങിയതു കാരണം മുത്തശ്ശന് നടന്നു കൊണ്ടു തന്നെ അവരോട് വിശേഷങ്ങൾ ചോദിക്കാമെന്നായി. അദ്ദേഹം അച്ഛനോടും അമ്മയോടും പല പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. നാട്ടിലെ കഥകൾ പലതും ആ ചുരുങ്ങിയ സമയം കൊണ്ട് നിള മനസ്സിലാക്കി. അദ്ദേഹത്തിന്റെ കഴുത്തിലും ഒരു ചരട് കെട്ടിയിട്ടുണ്ടായിരുന്നു.
''മോൾക്കെത്ര വയസായി?'' - മുത്തശ്ശൻ നിളയോട് ചോദിച്ചു.
''പത്ത്.''- നിള പറഞ്ഞു.
''മിടുക്കി. അപ്പോ ഈ വർഷം അഞ്ചിലേക്ക് അല്ലേ?''
''അവളെ ഈ വർഷം മുതൽ ഇവിടെയാ ചേർക്കുന്നത്?'' -അച്ഛൻ പറഞ്ഞു.
അതു കേട്ട് അദ്ദേഹത്തിന്റെ മുഖം ചുളിഞ്ഞു.
''നമ്മുടെ സ്‌കൂളിലോ?''
''ഉം.''
''അപ്പോ നിങ്ങളിനി ഇവിടെ സ്ഥിരമാക്കുകയാണോ?''
''അതെ.'' - അച്ഛൻ പറഞ്ഞു.
അദ്ദേഹം എന്തോ പറയാനായി ശ്രമിച്ചു. പിന്നെ വേണ്ടെന്നു വെച്ചു.
''എന്താണ് കാര്യം?'' -അച്ഛൻ അന്വേഷിച്ചു.
''അത്...ഇക്കാര്യം ഒന്നൂടെ ആലോചിച്ചിട്ട് തീരുമാനിച്ചാൽ മതിയെന്നാ എന്റെ അഭിപ്രായം. പണ്ടത്തെ കണ്ണാടിയല്ല ഇപ്പോളിത്. ശാപഭൂമിയാ.''-ചുറ്റുപാടും കണ്ണോടിച്ച് അടക്കി പിടിച്ച ശബ്ദത്തിലാണ് അദ്ദേഹമത് പറഞ്ഞത്.
''ഞങ്ങളും കുറച്ചൊക്കെ കേട്ടു. പക്ഷേ, ബാംഗ്ലൂരിൽ ഇനി നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.''- അച്ഛൻ പറഞ്ഞു.
''എന്തായാലും വെള്ളച്ഛനെ ചെന്നു കണ്ട് മൂന്നാളും ഓരോ ചരട് മന്ത്രിച്ച് കെട്ടണം. മോള് കുഞ്ഞുകുട്ടിയല്ലേ. എളുപ്പം നാപ്പെലം തട്ടും.''- അദ്ദേഹം ഉപദേശിച്ചു.
അച്ഛൻ ശരിയെന്ന് തലയാട്ടി.
''പൂവാലി വീട്ടിലേക്ക് കയറി. എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ. നേരം തെറ്റിയാൽ അവള് പാല് കറക്കാൻ സമ്മതിക്കില്ല.''
മുത്തച്ഛൻ പറഞ്ഞതു കേട്ട് നിള പൂവാലിയെ നോക്കി. റോഡരികിലെ ഒരു വീട്ടിലെ തൊഴുത്തിലേക്ക് പൂവാലി നേരെ ചെന്നു കേറുന്നത് കണ്ടപ്പോൾ നിളയ്ക്ക് ചിരി പൊട്ടി. എന്തൊരു വാശിക്കാരി പശു.
ഓട്ടോറിക്ഷക്ക് വേഗത കൂടി. അവൾ മുത്തച്ഛന് കൈ വീശി കാണിച്ചു.
''എന്താ അച്ഛാ ആ മുത്തച്ഛൻ പറഞ്ഞ നാപ്പെലം?''- നിള ചോദിച്ചു.
''നാവുദോഷം.''- അച്ഛൻ പറഞ്ഞു.
''എന്നു പറഞ്ഞാൽ?''
''ചിലർക്ക് ചിലരോട് പക തോന്നുമ്പോൾ അവർ ഉള്ളിൽ ശപിക്കും. നശിച്ചു പോട്ടെ, ഗുണം പിടിക്കരുത് എന്നൊക്കെ. അതിനെയാണ് നാട്ടുമ്പുറത്ത് നാപ്പെലം എന്നു പറയുന്നത്.''
''അവരെന്തിനാണ് അങ്ങനെ ചെയ്യുന്നത്?''
''പക കൊണ്ടും അസൂയ കൊണ്ടും.''
''ആരോടും പകയും അസൂയയും പാടില്ലെന്നല്ലേ ബുദ്ധൻ പറഞ്ഞിട്ടുള്ളത്?''
''അതെ മോളേ, ആരോടും പകയും അസൂയയും അരുത്.''
നിള ചിന്തിച്ചു, ബുദ്ധൻ പറഞ്ഞത് കേൾക്കാത്ത നാടാണോ അച്ഛന്റേത്? അവൾക്ക് വല്ലാത്ത നിരാശ തോന്നി. വരേണ്ടിയിരുന്നില്ല. ആ മുത്തച്ഛൻ പറഞ്ഞ പോലെ ഒരു ചരട് കെട്ടിയാൽ ഒരുപക്ഷേ, നാപ്പെലത്തിൽ നിന്നും രക്ഷപ്പെടാമായിരിക്കും. പക്ഷേ, ആളുകളുടെ മനസിൽ നിന്ന് ദുഷ്ചിന്തകൾ ഒഴിവാക്കാനുള്ള ചരടേതാണ്? വഴി നീളെ അവൾ അതു തന്നെ ആലോചിച്ചു കൊണ്ടിരുന്നു.പെട്ടെന്ന് ഓട്ടോ ബ്രേക്കിട്ടു.
''നമ്മുടെ വീടെത്തി.'' - അച്ഛൻ പറഞ്ഞു.
നിള തല ഉയർത്തി നോക്കി. അവളുടെ എല്ലാ നിരാശയെയും അലിയിച്ചു കളയുന്നൊരു വീട് മുന്നിൽ തെളിഞ്ഞു. (തുടരും...)
Content Highlights: A young girl's perspective on moving to a new village., The conflict between traditional beliefs and modern perspectives.
Published: 18 Apr 2026, 12:50 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented