നല്ല ചൂടുള്ള ഒരുദിവസം ഒരു മാമ്പഴം നദിയിൽ കുളിക്കാൻ പോയി. നദിക്കരയിൽ അവൻ ഒരു കക്കയെ കണ്ടു.
''നീയെത്ര മെല്ലെയാണ് ചലിക്കുന്നത്? എന്നെ നോക്ക്... ഞാൻ എന്ത് വേഗത്തിലാണ് ഓടുന്നത്?'', മാമ്പഴം വലിയ അഹങ്കാരത്തോടെ പറഞ്ഞു.
''ആര് പറഞ്ഞു എനിക്ക് വേഗമില്ലെന്ന്?'', കക്ക ചോദിച്ചു: ''വേണമെങ്കിൽ, ഞാൻ നിന്നെ പന്തയത്തിൽ തോൽപ്പിക്കാം.''
''എന്നാൽ, അതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം,'' മാമ്പഴം സമ്മതിച്ചു.
രണ്ടുപേരും നദിക്കരയിലൂടെ ഓടാൻ തുടങ്ങി.
കുറെ ഓടിയതിനുശേഷം മാമ്പഴം നിന്നു. അവൻ വിളിച്ചുചോദിച്ചു:
''ഏയ്, കൂട്ടുകാരാ.., നീയെവിടെയാ?''
''ഞാനിതാ ഇവിടെ നിന്റെ തൊട്ടുമുന്നിലുണ്ടല്ലോ...''
അതുകേട്ട് മാമ്പഴം അദ്ഭുതത്തോടെ മുന്നോട്ട് നോക്കി. അതാ, തന്റെ മുന്നിലായി മണലിൽ ഒരു കക്ക!
സത്യത്തിൽ, അത് മറ്റൊരു കക്കയായിരുന്നു. പക്ഷേ, അത് ആദ്യത്തെ കക്കയാണെന്ന് കരുതി മാമ്പഴം ധൃതിയിൽ ഓടാൻ തുടങ്ങി.
വീണ്ടും കുറെ ഓടിയതിനുശേഷം ഓട്ടം നിർത്തി അവൻ വിളിച്ചുചോദിച്ചു:
''കൂട്ടുകാരാ, ഇപ്പോൾ നീയെവിടെയാ?''
അപ്പോൾ മറ്റൊരു കക്ക മറുപടി പറഞ്ഞു: ''ഞാനിതാ നിന്റെ തൊട്ടുമുന്നിലുണ്ട്.''
മാമ്പഴം അമ്പരപ്പോടെ നോക്കി. അതാ, മണലിൽ ഒരു കക്ക!
ഇവനെങ്ങനെയാണ് തന്റെയൊപ്പം ഓടിയെത്തുന്നതെന്ന് മാമ്പഴത്തിന് മനസ്സിലായില്ല. എങ്കിലും തോറ്റുകൊടുക്കാൻ തയ്യാറാകാതെ അവൻ വീണ്ടും ഓടി. ഓരോ തവണയും അവൻ വിളിച്ചുചോദിക്കുമ്പോഴൊക്കെയും ഓരോ കക്ക മറുപടി പറഞ്ഞുകൊണ്ടിരുന്നു. അത് കേൾക്കുമ്പോഴൊക്കെ മുൻപത്തെക്കാൾ വേഗത്തിൽ മാമ്പഴം കുതിച്ചുപാഞ്ഞു. അങ്ങനെ ഓടിയോടി, ഒടുവിൽ അത് തളർന്നുവീണു. അതോടെ, അവന്റെ അഹങ്കാരവും മാറി.`
Content Highlights: A proud mango challenges an oyster to a race
Published: 05 Sept 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented