ബ്രസ്സൽസ്: വേനലവധിക്കാലത്ത് എന്തങ്കിലും ചെറിയ പണികൾ ചെയ്ത് കുറച്ച് പണം കണ്ടെത്താനായാണ് കോബി എന്ന 18-കാരൻ ബെൽജിയത്തിൽ ഓവുചാൽ നിർമ്മാണത്തിന് തൊഴിലാളിയായി എത്തിയത്. എന്നാൽ, അവനുമുന്നിൽ പ്രത്യക്ഷപ്പെട്ടതാവട്ടെ സ്വർണക്കട്ടികളും സ്വർണനാണയങ്ങളുമൊക്കെ അടങ്ങിയ ഒരു വലിയ 'നിധി'യും. നിർമാണ പ്രവർത്തനങ്ങൾക്കായി മണ്ണുമാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ സ്വർണ്ണക്കട്ടികളും അപൂർവ്വ നാണയങ്ങളും അടങ്ങിയ വൻ നിധി ശേഖരം കണ്ടെത്തിയത്.

To advertise here,

ബ്രസ്സൽസിന് ഏകദേശം 30 കിലോമീറ്റർ വടക്കുപടിഞ്ഞാറായുള്ള സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെ (Sint-Gillis-Dendermonde) എന്ന സ്ഥലത്ത് ഭൂഗർഭ പൈപ്പ് മാറ്റുന്ന ജോലികൾക്കിടയിലാണ് ഈ കണ്ടെത്തൽ ഉണ്ടായതെന്ന് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു. ഏതാണ്ട് ഒമ്പത് ദശലക്ഷം യൂറോ (ഏകദേശം 98 കോടി രൂപ) മൂല്യം വരുന്നതാണ് ഈ നിധിശേഖരം എന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ചയാണ് കോബിക്ക് മുന്നിൽ നിധി ഒരു ചാക്കുകെട്ടിൽ മണ്ണിൽനിന്നും പുറത്തുവന്നത്.

സഹപ്രവർത്തകർക്കൊപ്പം സൈറ്റിൽ ജോലി ചെയ്യുകയായിരുന്നു കോബി, 'പെട്ടെന്നാണ് ഞങ്ങൾ അവിടെ എന്തോ കിടക്കുന്നത് കണ്ടത്. ആദ്യം അത് ഒരു യൂറോയുടെ നാണയങ്ങളാണെന്നാണ് ഞാൻ കരുതിയത്. പിന്നെയാണ് ഞങ്ങൾ ഒരു സ്വർണ്ണക്കട്ടി കണ്ടത്. ഞങ്ങൾ വിചാരിച്ചതിലും വലിയൊരു സംഭവമായി മാറി അത്.' ബെൽജിയൻ ചാനലായ വിടിഎമ്മിനോട് സംസാരിക്കവെ കോബി പറഞ്ഞു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മദ്യ നിർമ്മാണശാലാ ഉടമയായ തിയോഫിലസ് വാൻ ആഷെയ്ക്ക് (Theophilus Van Assche) വേണ്ടി പണിത ഒരു വലിയ വില്ലയുടെ താഴത്തെ നിലയിലെ ഇഷ്ടിക ചുമരിനുള്ളിൽ ഒരു ബാഗിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ നാണയങ്ങളും നമ്പറിട്ട സ്വർണ്ണക്കട്ടികളും അടങ്ങിയ ഈ നിധി.

1899-ലാണ് ഈ സ്ഥലത്ത് മദ്യനിർമ്മാണം ആരംഭിച്ചത്, 1970-ൽ അത് അവസാനിച്ചു. ഇരുമ്പ് കവാടത്തിൽ ഇപ്പോഴും 'VA' എന്ന ചുരുക്കപ്പേര് പതിപ്പിച്ചിട്ടുള്ള ഈ പൈതൃക കെട്ടിടം, പുതിയ ഓഫീസുകളും പാർപ്പിടങ്ങളും നിർമ്മിക്കുന്നതിനായി 'സി.എ.ഡബ്ല്യു ഓസ്റ്റ്-വ്‌ലാൻഡെറൻ' (CAW Oost-Vlaanderen) എന്ന സാമൂഹ്യക്ഷേമ സംഘടന ഇപ്പോൾ പൂർണമായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്.

'ബ്രോവർഷുയിസ് (The Brouwershuis) മനോഹരമായ ഒരു കെട്ടിടമായിരുന്നു, എന്നാൽ ഇന്ന് അത് പൂർണമായും പൊളിച്ചുനീക്കുകയാണ്. ഒടുവിൽ ഇതിന്റെ ചുവരുകൾ മാത്രമേ അവശേഷിക്കൂ.' സി.എ.ഡബ്ല്യു.വിലെ ഗീർട്ട് ഹില്ലേർട്ടിനെ ഉദ്ധരിച്ച് എച്ച്എൽഎൻ റിപ്പോർട്ട് ചെയ്തു. ഈ നിധിശേഖരം മനഃപൂർവ്വം ഒളിപ്പിച്ചു വെച്ചതാണ് എന്നാണ് തങ്ങളുടെ പ്രാഥമിക നിഗമനമെന്ന് ഇവർ പറയുന്നു. 

അതേസമയം, കണ്ടെത്തിയ വസ്തുക്കളുടെ യഥാർത്ഥ അവകാശികളെ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ ഇതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്വർണം മോഷ്ടിക്കപ്പെട്ടതല്ലെന്നും ഏതെങ്കിലും കുറ്റകൃത്യങ്ങളുമായി ബന്ധമില്ലാത്തതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആദ്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈസ്റ്റ് ഫ്‌ലാൻഡേഴ്സ് പ്രോസിക്യൂട്ടർ ഓഫീസിലെ ഹാനെ ഒല്ലിവിയർ പറഞ്ഞു.

അധികൃതർ ഉടൻ തന്നെ പ്രദേശം സംരക്ഷിത മേഖലയായി മാറ്റുകയും സുരക്ഷ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. കണ്ടെത്തിയ നിധി ബ്രസ്സൽസിലെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഈ കേസ് സങ്കീർണ്ണമായ ഒരു സിവിൽ തർക്കത്തിന് കാരണമായേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെട്ടിട നിർമ്മാണ കരാറുകാർ, സാമൂഹ്യക്ഷേമ സംഘടന, വാൻ ആഷെ കുടുംബത്തിന്റെ പിൻഗാമികൾ എന്നിവരെല്ലാം ഇതിന്റെ അവകാശവാദം ഉന്നയിക്കാൻ സാധ്യതയുള്ളവരാണ്.

ബെൽജിയൻ നിയമപ്രകാരം, നിധി കണ്ടെത്തുന്നവർ അതിന്റെ യഥാർത്ഥ അവകാശികൾ മുന്നോട്ടുവരുന്നതിനായി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. ജോലിയിലുണ്ടായിരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, തങ്ങൾക്ക് ലഭിച്ചത് ഒരു വലിയ നിധിശേഖരമാണെങ്കിലും അത് അധികൃതർക്ക് കൈമാറേണ്ടതാണെന്ന് അറിയാമായിരുന്നുവെന്ന് കോബി പറയുന്നു.

'കുറച്ചു നാണയങ്ങൾ മാത്രമായിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾ ഇത് കൈമാറില്ലായിരുന്നു.' കുസൃതിച്ചിരിയോടെ കോബി പറയുന്നു. എങ്കിലും, ഒടുവിൽ ഞങ്ങൾക്ക് ഇത് കണ്ടെത്തിയതിനുള്ള എന്തെങ്കിലും പ്രതിഫലം ലഭിക്കുമായിരിക്കും എന്നാണ് പ്രതീക്ഷയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇനിയും നിധി ലഭിക്കും എന്ന് മൂഢധാരണയുമായി ആരും ആ സ്ഥലത്തേക്ക് പോകേണ്ടതില്ല എന്ന് പോലീസ് സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കി. പോലീസ് അവിടെമുഴുവൻ ഇതിനോടകം അരിച്ചുപെറുക്കിയിട്ടുണ്ട്. കൺസ്ട്രക്ഷൻ പണികൾ നടന്നുകൊണ്ടിരുന്ന സ്ഥലമാണത്, സ്വർണം മോഹിച്ച് ചെന്നുകയറിയാൽ അവിടെയുള്ള കുഴികളിലോ മറ്റോ വീണ് അപകടം സംഭവിച്ചേക്കാമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.