ഹൊറര് നോവല്| കടല് ചെകുത്താന്| ഭാഗം 6

പെട്ടന്ന് റോഡിൽ കിടന്ന മനുഷ്യൻ എണീറ്റു.
അടുത്ത നിമിഷം അയാൾ വെറുമൊരു അസ്ഥികൂടം മാത്രമായി. കൈകാലുകളിലെ അസ്ഥി ഖണ്ഡങ്ങൾ അടർന്നടർന്ന് നിലത്തേക്ക് വീണു.
Also Read
ആ കാഴ്ച കണ്ട് രവിശങ്കർ മുഖം തിരിച്ചു.
ഒടുവിൽ വെറും ഒരു തലയോട്ടി മാത്രം അവശേഷിച്ചു.
ആ തലയോട്ടിയുടെ വായിൽ നിന്നും ഒരു സർപ്പത്തിന്റെ തല പുറത്തേക്ക് നീണ്ടുവന്നു.
അതിന്റെ വായിൽ നിന്നും അറ്റം പിളർന്ന നാവ് ചാടി വരുന്നത് അവർ കണ്ടു.
അപ്പോൾ നേരിയൊരു കാറ്റ് വീശി.
മരങ്ങൾക്കിടയിൽ നിന്നും ഒരു മുരളൽ ഉണ്ടായി.
ശബ്ദം കേട്ട ഭാഗത്തേക്ക് മൂന്നു ജോഡി കണ്ണുകൾ നീണ്ടു ചെന്നു.
ഫുട്‌ബോളിന്റെ വലുപ്പത്തിൽ ഒരു തീ ഗോളം പാഞ്ഞു വരുന്നത് അവർ കണ്ടു.
ഒരു ഉൽക്ക വന്നിടിക്കുന്നതുപോലെ അത് പാഞ്ഞു വന്ന് അസ്ഥികൂടത്തെ ഇടിച്ചു. പെട്ടെന്നവിടെ ഒരു മിന്നൽ ഉണ്ടായി.
പൂത്തിരി കത്തുന്നു പോലെ അസ്ഥികൂടം കത്തിയമർന്നു. മിനിറ്റുകൾക്കുള്ളിൽ ആ ഗോളവും പ്രകാശവും അപ്രത്യക്ഷമായി. നേരിയൊരു പുകപടലം മാത്രം അവശേഷിച്ചു.
അതിനുള്ളിൽ ഒരു മനുഷ്യന്റെ രൂപം അവർ കണ്ടു.
ആ രൂപം മാറിമാറി വന്നു. ഒടുവിൽ അതൊരു വികൃത ജന്തുവിനെ രൂപം പ്രാപിച്ചു. നേരത്തെ അവർ കണ്ട വിചിത്ര സത്വമായിരുന്നത്. ഒടുവിൽ പുകപടലങ്ങൾ നീങ്ങിയപ്പോൾ ആ രൂപവും അപ്രത്യക്ഷമായി.
'നമ്മളറിയാതെ ഈ കാട്ടിനുള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്... ' ഹരി പറഞ്ഞു.
അതിനു മറുപടി പറയാതെ രവി ജീപ്പ് മുന്നോട്ടെടുത്തു.
വീടിന്റെ പോർച്ചിൽ ജീപ്പ് നിർത്തി മിടിക്കുന്ന ഹൃദയത്തോടെ അയാൾ ഇറങ്ങി, കോളിംഗ് ബെൽ അടിക്കാനായി കൈനീട്ടി.
നേരം വെളുക്കാറായിരിക്കുന്നു. ജലജയും മോനും ഉറക്കത്തിലായിരിക്കും. പക്ഷേ ബെല്ലടിക്കുന്നതിന് മുമ്പ് തന്നെ ജലജ വാതിൽ തുറന്നു.
ഉറങ്ങാതിരുന്നതിന്റെ ക്ഷീണം അവളുടെ മുഖത്ത് പ്രകടമായിരുന്നു.
' നീ ഇതുവരെ ഉറങ്ങിയില്ലേ..? ' അകത്തേക്ക് കയറുന്നതിനിടയിൽ അയാൾ തിരക്കി.
'ഇല്ല... നിങ്ങൾക്കെന്തുപറ്റി.. എന്താ ഇത്ര താമസിച്ചത്? കാണാതായപ്പോൾ രാമേട്ടനെ പറഞ്ഞു വിട്ടു, അയാളെയും കാണുന്നില്ല. ഞാനാകെ പേടിച്ചു പോയി... '
ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു.
' രാമേട്ടൻ വരുന്ന വഴി വീണ് തലപൊട്ടി... '
മേശ വിരിപ്പും ജനാലകർട്ടനും കത്തിപ്പോയത് രവി കണ്ടു.
'ഇതെന്തുപറ്റി...?' അയാൾ ചോദിച്ചു.
ഉണ്ടായ സംഭവങ്ങൾ ജലജ അവരോട് പറഞ്ഞു.
മൂവരും തരിച്ചിരിക്കുകയായിരുന്നു. തങ്ങൾക്കുണ്ടായ അനുഭവങ്ങൾ തത്കാലം അവൾ അറിയേണ്ടന്ന് രവി തീരുമാനിച്ചു.
'അതൊക്കെ നിന്റെ തോന്നലുകളാണ്...നീ വേഗം ഫ്‌ളാസ്‌ക്കിൽ നിന്ന് മൂന്ന് ചായ എടുക്ക്. രാമേട്ടനെ ഏതെങ്കിലും ക്ലിനിക്കിൽ കാണിക്കണം. രക്തം വല്ലാതെ വാർന്നു പോയിട്ടുണ്ട്.... '
'അല്ല രവിയേട്ടാ... എന്റെ തോന്നലുകൾ അല്ല... അയാൾ ഒരു മനുഷ്യൻ അല്ലായിരുന്നു. ഒരു മൃഗത്തോട് സദൃശ്യൻ. ഞാൻ എറോക്കാണെന്നയാൾ പറഞ്ഞു. '
'ഒക്കെ നിന്റെ തോന്നലാ... അല്ലേ ഹരി.... നീ ചായ എടുക്ക്.. '
ചിരിച്ചുകൊണ്ട് രവി പറഞ്ഞു.
അപ്പോൾ കിരൺ മോന്റെ മുറിയിൽ എന്തോ വീണ് തകരുന്ന ശബ്ദം അവർ കേട്ടു !
ജലജയാണ് ആദ്യം കിരൺ മോന്റെ മുറിയിലേക്ക് ഓടിയത്. പിന്നാലെ രവിയും ഹരിയും.
രാമേട്ടൻ സിറ്റൗട്ടിലെ സോഫയിൽ അവശതയോടെ കിടക്കുകയായിരുന്നു.
സരള ഫ്‌ളാസ്‌കിൽ നിന്നും ചായ എടുക്കുന്നതിനായി അടുക്കളയിലേക്ക് പോയിരുന്നു. രവിയും ഹരിയും വരുന്ന ജീപ്പിന്റെ ശബ്ദം കേട്ട് എണീറ്റ് വന്നതാണ് സരള. എല്ലാവരും കിരൺ മോന്റെ മുറിയിലേക്ക് ഓടുന്നത് കണ്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് സരളയ്ക്ക് തോന്നി. ഫ്‌ളാസ്‌ക് മേശപ്പുറത്ത് വെച്ചിട്ട് അവളും കിരൺ മോന്റെ മുറിയിലേക്ക് ഓടി.
അപ്‌സ്റ്റെയറിലായിരുന്നു കിരണിന്റെ ബെഡ്‌റൂം. അവിടെ അവൻ തനിച്ചാണ് കിടക്കുന്നത്.
ജലജ ഓടി അപ്‌സ്റ്റെയറിലെത്തി. എന്നിട്ട് മുറിയുടെ വാതിലിൽ തട്ടി വിളിച്ചു.
'കിരൺ മോനെ... വാതിൽ തുറക്ക്..!'
അപ്പോഴേക്കും രവിയും ഹരിയും എത്തി.
'മോനെ വാതിൽ തുറക്ക്...'
രവി വാതിലിൽ ആഞ്ഞിടിച്ചു. ഒന്ന് രണ്ട് പ്രാവശ്യം കതകിൽ ഇടിച്ചിട്ടും കിരൺ വാതിൽ തുറന്നില്ല.
'അകത്തുനിന്നും കുറ്റിയിട്ടുണ്ട്... '
ഹരി പറഞ്ഞു.
രവിശങ്കർ പാഞ്ഞുവന്ന് വാതിലിൽ ആഞ്ഞു തൊഴിച്ചു. കതകിന്റെ കുറ്റി ഊരിത്തെറിച്ചു പോയി. വാതിൽ പാളികൾ മലർക്കെ തുറന്നു വിജാഗിരിയിൽ തൂങ്ങിയാടി.
രവി ഒരു കൊടുങ്കാറ്റ് പോലെ അകത്തേക്ക് പാഞ്ഞു കയറി. ഒരു നിമിഷം അയാൾ ഞെട്ടി പിന്നോട്ട് മാറി!
കിരൺ മോന്റെ ബെഡിൽ ഒരു ഭീകരസത്വം കിടക്കുന്നു. അവരെ നോക്കി ആ ജന്തു പല്ലിളിച്ചു!
'എന്റെ മോനെ...'
ജലജ തേങ്ങി കരഞ്ഞുകൊണ്ട് മോഹാലസ്യപ്പെട്ട് വീഴാൻ തുടങ്ങി. ഹരി തന്റെകൈകളിൽ ഏട്ടത്തിയെ താങ്ങി പിടിച്ചു.
മനുഷ്യരൂപത്തോട് സാദൃശ്യമുള്ള ഒരു ജന്തുവായിരുന്നത്. ചെന്നായയുടേതുപോലുള്ള തല. ചോര കണ്ണുകൾ. കൈകാലുകളിൽ പാമ്പിന്റേതുപോലുള്ള ശൽക്കങ്ങൾ. വിരലുകളിൽ കരടിയുടേത് പോലുള്ള നഖങ്ങൾ. കൈപ്പത്തിയിലും കാൽപ്പത്തിയിലും കറുത്ത രോമങ്ങൾ.
അത് പല്ലിളിച്ചുകൊണ്ട് എണീറ്റ് അവർക്ക് നേരെ വന്നു.
രവി ഒരായുധത്തിനായി ചുറ്റും പരതി.
മേശപ്പുറത്തിരുന്ന കഠാര അയാളുടെ ദൃഷ്ടിയിൽപ്പെട്ടു. മിന്നൽ വേഗത്തിൽ രവി കഠാര ചാടിയെടുത്തു.
ആ ജന്തു അവരെ നോക്കിക്കൊണ്ട് വാ തുറന്നപ്പോൾ ചീഞ്ഞളിഞ്ഞ ശവത്തിന്റെ ഗന്ധം മുറിക്കുള്ളിൽ വ്യാപിച്ചു.
ഹരിക്ക് തല മരവിക്കുന്നതു പോലെ തോന്നി.
'എന്റെമോനെവിടെ....?' രവി അലറിക്കൊണ്ട് കഠാര നീട്ടി. ആ സത്വം രവിക്ക് നേരെ വന്നു.
അടുത്ത നിമിഷം രവി കഠാര വീശി. ആ ജന്തുവിനെ നെഞ്ചിൽ ഒരു ദ്വാരം വീണു.
'ഹോ... ' രവിയുടെ കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി.
'അയ്യോ...' വാതിൽക്കൽ നിന്ന സരള ആ കാഴ്ച കണ്ട് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി.
'രാമൻകുട്ടിയേട്ടാ.... കിരൺ മോന്റെ മുറിയിൽ ചെകുത്താൻ...'
സോഫയിൽ കിടന്ന രാമേട്ടനോട് വിറച്ചുകൊണ്ട് സരള പറഞ്ഞു.
അവശത മറന്ന് അയാൾ ചാടി എണീറ്റു. മുറിയിൽ കുത്തിചാരിവെച്ചിരുന്ന നിറത്തോക്കുമായി രാമേട്ടൻ അപ്‌സ്റ്റെയറിലേക്ക് ഓടി.
കിരൺ മോന് എന്തുപറ്റി? അതായിരുന്നു ഹരിയുടെ ചിന്ത. ഈ ദുഷ്ടജന്തു അവനെ എന്തെങ്കിലും... അതോർത്തപ്പോൾ ഹരിയുടെ സിരകൾക്ക് തീ പിടിച്ചു.
'രവി സാറേ... മാറി നിൽക്ക്... തോക്കും ചൂണ്ടിക്കൊണ്ട് രാമേട്ടൻ പാഞ്ഞു വന്നു.
'വേണ്ട... രാമേട്ടാ വേണ്ട... ' രവി തടഞ്ഞു.
അപ്പോഴേക്കും സരള ജലജയെ താങ്ങി പിടിച്ചു താഴേക്ക് കൊണ്ടുപോയി.
ഹരി രാമേട്ടന്റെ കയ്യിൽ നിന്നും തോക്ക് വാങ്ങി.
'ഈ പിശാചിനെ ഞാൻ തന്നെ ശരിയാക്കാം... '
കലി ബാധിച്ചവനെപ്പോലെ ഹരി ആ ഭീകര സത്വത്തിനു നേരെ കാഞ്ചി വലിച്ചു.
വെടിയോടൊപ്പം മുറിക്കുള്ളിൽ പുക നിറഞ്ഞു. രവിക്കും ഹരിക്കും ശ്വാസംമുട്ടി. അവർ ഉച്ചത്തിൽ ചുമച്ചു.
ഹരി ജനാല തുറന്നിട്ടു.
അകത്തെ പുക നിറഞ്ഞ വായു മുറിയിൽ നിന്നും പുറത്തേക്ക് പോയി. അപ്പോൾ ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച അവർ കണ്ടു!
കട്ടിലിൽ ആ ഭീകരസത്വം ഇരുന്ന സ്ഥലത്ത് കിരൺ മോൻ.
'മോനേ...' രവി ഓടിച്ചെന്ന് മോനെ എടുത്തു.
അവൻ ഉറക്കത്തിൽ നിന്നെന്നപോലെ ഞെട്ടി ഉണർന്നു. 'അച്ഛാ ...' അവൻ രവിയെ കെട്ടിപ്പിടിച്ചു!
രവി മോനെ എടുത്തു കൊണ്ട് താഴെ ചെല്ലുമ്പോൾ ജലജ മോഹാലസ്യത്തിൽ നിന്നും ഉണർന്നിരുന്നു.
'മോൻ ബാത്‌റൂമിൽ ഉണ്ടായിരുന്നു... ' രവി ജലജയോട് ഒരു കള്ളം പറഞ്ഞു.
അവൾ മോനെ വാരിയെടുത്തു ചുംബിച്ചു.
സരള ഫ്‌ളാസ്‌ക്കിൽ നിന്നും എല്ലാവർക്കും ചായ എടുത്തു കൊണ്ടുവന്നു.
'എങ്ങനെയുണ്ട് രാമേട്ടാ...'
'നല്ല വേദനയുണ്ട് സാറേ ... '
'നമുക്ക് ഇപ്പോൾ തന്നെ ടൗണിലേക്ക് പോകാം. എന്റെ പരിചയത്തിലുള്ള ഒരു ഡോക്ടർ ഉണ്ട്...'
'രാവിലെ പോയാൽ മതി രവിയേട്ടാ...' ജലജ പറഞ്ഞു.
'പറ്റില്ല... രാമേട്ടൻ അവശനാണ്. നന്നായി രക്തം പോയിട്ടുണ്ട്.. ഹരി ഞങ്ങൾ പോയിട്ട് വരാം.. '
രവിയും രാമേട്ടനും ജീപ്പിൽ കയറി, ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചു. ജീപ്പ് മുമ്പോട്ട് കുതിച്ചു. രാമേട്ടൻ സീറ്റിൽ ചാരി കിടന്നു. അയാൾക്ക് തല ചുറ്റുന്ന പോലെ തോന്നി.
വളവുകളും തിരിവുകളും പിന്നിട്ട് മലഞ്ചെരുവിലൂടെ ജീപ്പ് ഓടിക്കൊണ്ടിരുന്നു.
കന്നാരം പുഴയുടെ പഴയ പാലത്തിനടുത്ത് എത്തിയതും രവി അറിയാതെ ബ്രേക്കിൽ കാലമർത്തി.
പാലത്തിന്റെ നടുക്ക് നെടുങ്കനായ ഒരു മനുഷ്യൻ നിൽക്കുന്നു.
രവി ഹെഡ് ലൈറ്റ് ഡിം ചെയ്തു നോക്കി.
നീണ്ടു കൂർത്ത ചെവികളും മൊട്ടത്തലയുമുള്ള ഭീകരരൂപം. തലയ്ക്ക് പിറകിൽ നീണ്ടുനിൽക്കുന്ന കൂർത്ത കൊമ്പ്. ജലജ പറഞ്ഞ അതേ ഭീകര ജന്തു!
എറോക്ക്...!
രവിശങ്കർ അറിയാതെ നടുങ്ങി
(തുടരും...)
Content Highlights: Horror Novel Kadal Chekuthan Part 6
Published: 04 Sept 2026, 10:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented