പുറത്ത് ശക്തമായ കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങി.

To advertise here,

ദൂരെ മലകൾക്ക് മുകളിൽ ഒരു തീപ്പൊട്ട് ഉയർന്നു വന്നു. വലിയൊരു തീഗോളം പോലെ അത് വീട് ലക്ഷ്യമാക്കി ആകാശത്തിലൂടെ ഒഴുകി നീങ്ങി.

മരങ്ങൾക്ക് മുകളിലൂടെ സൂര്യൻ കത്തി ജ്വലിക്കുന്നതുപോലെ തീഗോളം പറന്നുവരുന്നത്

ജലജ കണ്ടു.

അവൾ നിലവിളിക്കാൻ മറന്ന് നിശ്ചലയായി നിന്നുപോയി. ആ തീഗോളം പറന്നുവന്നു ഗെയ്റ്റിൽ നിൽക്കുന്ന വികൃത ജന്തുവിന്റെ മേൽ ശക്തിയായി വന്നിടിച്ചു. ഒരു സോപ്പുകുമിള പോലെ ആ ജന്തു പൊട്ടിത്തെറിക്കുന്നത് ഞെട്ടലോടെ ജലജ കണ്ടു.

അവൾ ജനാല വലിച്ചു കൊളുത്തിട്ടു.

ജലജ വിയർത്തു കുളിച്ചു. താൻ കണ്ടതൊക്കെ വെറും സ്വപ്നങ്ങളായി മറക്കാൻ അവൾക്ക് കഴിഞ്ഞില്ല. 'രവിയേട്ടനും ഹരിക്കും എന്തുപറ്റി ഈശ്വരാ...'

നെഞ്ചിൽ കൈവെച്ചുകൊണ്ട് ജലജ കുറച്ചു സമയം ഇരുന്നു.

സാധാരണ നായാട്ടിനു പോയാൽ നേരത്തെ മടങ്ങി വരുന്നതാണ്. ഇനി വല്ല അപകടവും..? അതോർത്തപ്പോൾ അറിയാതെ അവൾ ഒന്നു ഞെട്ടി.

അപ്പോൾ മുറ്റത്തുകൂടി ആരോ നടക്കുന്ന കാലടി ശബ്ദം അവൾ കേട്ടു.

ആ ശബ്ദം പുറത്ത് വാതിലിനപ്പുറത്ത് നിലച്ചു.

' ആരാ....!' വിറയലോടെ ജലജ ചോദിച്ചു.

അതിനു മറുപടി ഉണ്ടായില്ല.

വീണ്ടും ജലജ വിളിച്ചു. 'പുറത്ത് ആരാ...?'

അപ്പോൾ വാതിലിൽ ആരോ മുട്ടി.

'ആരാണെന്ന് പറയാതെ വാതിൽ തുറക്കില്ല....!'

ധൈര്യം സംഭരിച്ചു കൊണ്ട് അവൾ പറഞ്ഞു.

വാതിലിന്റെ താക്കോൽ പഴുതിലൂടെ മഞ്ഞിന്റെ നേരിയ പുകപടലം മുറിക്കുള്ളിലേക്ക് കയറാൻ തുടങ്ങിയത് ജലജ കണ്ടു. ആ പുകപടലം ഒരു വികൃത ജന്തുവിന്റെ രൂപം പ്രാപിച്ചു. ഉടൽ കാട്ടുപന്നിയുടെയും തല പുളളിപുലിയുടെയും രൂപമുള്ള ജന്തു.

ജലജ നടുങ്ങിപ്പോയി.

താൻ ഗേറ്റിൽ കണ്ടത് ഈ വികൃത ജീവിയെയാണ്.

ജലജ വിറച്ചു പോയി

ആ ജന്തു വാ പൊളിച്ചപ്പോൾ ശവം ചീഞ്ഞ ഗന്ധം മുറിക്കുള്ളിൽ നിറഞ്ഞു. കടവായിലൂടെ, നീണ്ടു കൂർത്ത തേറ്റപ്പല്ലുകളിൽ ചോര പറ്റിപ്പിടിച്ചിരിക്കുന്നത് അവൾ കണ്ടു.

ആ ജീവി ജലജയുടെ നേരെ വന്നു. നിലവിളിയോടെ അവൾ പിന്നോട്ടു പിന്നോട്ടു നീങ്ങി. ഒരു രക്ഷയ്ക്കായി അവൾ ചുറ്റും പരതുന്നുണ്ടായിരുന്നു.

ആ സമയത്ത് രവിയേട്ടനും ഹരിയും വന്നിരുന്നെങ്കിലെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി.

ഈ ഭീകരജന്തു തന്നെ കൊല്ലുമെന്ന് അവൾക്ക് തോന്നി. താൻ ഉറക്കെ നിലവിളിച്ചാൽ പോലും ആരും കേൾക്കില്ല.

ഒരു നിമിഷം ബെഡ്‌റൂമിൽ ഉറങ്ങിക്കിടക്കുന്ന കിരൺ മോന്റെ മുഖം അവളുടെ ഉള്ളിൽ തെളിഞ്ഞു. ഒപ്പം രവിയേട്ടന്റെയും...

ഇനിയൊരിക്കലും താൻ അവരെ കാണില്ല.

ഈ ജന്തു തന്റെ അന്തകനാകാൻ പോകുന്നു.

അവൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന പരമശിവന്റെ ചിത്രത്തിലേക്ക് നോക്കി. പിന്നെ കണ്ണുകൾ അടച്ച് കൈകൂപ്പി.

'ജഗദീശ്വരാ എന്നെ കാത്തോളണേ...'

ആ ജന്തുവിനെ കൂർത്ത കോമ്പലുകൾ തന്റെ കഴുത്തിൽ പിടഞ്ഞിറങ്ങാൻ ഇനി താമസമില്ല.

ജലജ ഓർത്തു.

അപ്പോൾ മേശപ്പുറത്ത് കത്തിച്ചു വച്ചിരുന്ന മെഴുകുതിരി ജലജയുടെ കൈതട്ടി മറിഞ്ഞുവീണു.

മേശവിരിക്ക് തീപിടിച്ചു. അത് ആളിക്കത്തി.ആ വെളിച്ചത്തിൽ അവൾ ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച കണ്ടു.

ആ ജന്തുവിനെ സ്ഥാനത്ത് മറ്റൊരു വികൃതസത്വം. കൈകാലുകളിൽ മുഴുവൻ ശൽക്കങ്ങൾ. വിരലുകളിൽ കൂർത്ത് മൂർത്ത നഖങ്ങൾ. കൈക്കുള്ളിൽ കരടിയുടെ പോലുള്ള നീണ്ട രോമങ്ങൾ. മുഖം ചെന്നായുടേതുപോലെ നീണ്ടതായിരുന്നു. അത് വായ പൊളിച്ചപ്പോൾ ഒരു സർപ്പത്തിന്റെ തല പുറത്തേക്ക് നീണ്ടുവന്നു.

പെട്ടെന്ന് ആ ജന്തുവിന്റെ രൂപം മാറി മാറി വന്നു. ഒടുവിൽ അതൊരു അസ്ഥിപഞ്ജരമായി മാറി. തലയോട്ടിയിൽ, കണ്ണിന്റെ കുഴികളിൽ നിന്നും പാമ്പുകൾ തല നീട്ടി. അഴുകിയ ശവത്തിന്റെ ഗന്ധം മുറിക്കുള്ളിൽ പടർന്നു.

ഒന്നും വിശ്വസിക്കാനാവാതെ സ്തംഭിച്ചു നിൽക്കുകയായിരുന്നു ജലജ.

മേശപ്പുറത്തിരുന്ന് പുസ്തകങ്ങൾക്ക് തീപിടിച്ചു. തീനാളം മച്ചിനൊപ്പം ഉയർന്നു. മുറിക്കുള്ളിൽ പുക നിറഞ്ഞു.

ജലജയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവൾക്ക് ശ്വാസംമുട്ടി.

കറുത്തിരുണ്ട പുകയ്ക്കുള്ളിൽ അവൾ ഒരു രൂപം കണ്ടു. ചെവി നീണ്ടുകൂർത്ത്, ഒരു കൊമ്പോട് കൂടിയ മനുഷ്യരൂപം. കണ്ണുകളുടെ സ്ഥാനത്ത് രണ്ടു കുഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കുഴികളിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. വായുടെ സ്ഥാനത്ത് ഒരു കൂറ്റൻ സർപ്പത്തിന്റെ തലയായിരുന്നു. സർപ്പം വാ തുറന്നപ്പോൾ അറ്റംപിളർന്ന നാക്ക് അവൾ കണ്ടു.

'ഞാൻ എറോക്ക് ...'

ഏതോ ഗഹ്വരത്തിൽ നിന്നെന്നപോലെ ഒരു ശബ്ദം മുറിക്കുള്ളിൽ അലയടിച്ചു.

'അമ്മേ..!'

ആ ശബ്ദം കേട്ട് ജലജ ഞെട്ടി തിരിഞ്ഞു.

പിന്നിൽ കിരൺ മോൻ നിൽക്കുന്നു.

അവൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വരികയായിരുന്നു. 'മോനെ.... '

അവൾ പുകയ്ക്കിടയിലൂടെ കിരണിന്റെ അടുത്തേക്ക് ഓടുന്നതിനു മുമ്പ് ആ ഭീകരസത്വം കിരണിനെ പൊക്കിയെടുത്തു.

' അയ്യോ..? എന്റെ മോൻ.'

ഒരു അലർച്ചയോടെ ജലജ ബോധശൂന്യയായി തറയിലേക്ക് വീണു.

തീ അപ്പോഴും കത്തുകയായിരുന്നു.

മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ തീപിടിച്ച് ആളിക്കത്തിയപ്പോൾ ആ ജ്വാലകളിൽപ്പെട്ട് ജനാലകർട്ടനും കത്താൻ തുടങ്ങി.

ആ ജനാലയ്ക്കടിയിലായിരുന്നു ജലജ കിടന്നിരുന്നത്. കർട്ടൻ കത്തി തീർന്നപ്പോൾ അഗ്‌നിജ്വാലകൾ ജലജയുടെ സാരിത്തുമ്പിൽ പിടിച്ചു. അവളുടെ സാരി

തീ കാർന്നു തിന്നാൻ തുടങ്ങി.

'കൊച്ചമ്മേ.... കൊച്ചമ്മേ.... '

പുറത്തുനിന്നും രാമേട്ടൻ വാതിൽ തട്ടികൊണ്ട് അലറി വിളിച്ചു.

പഞ്ഞിച്ചാക്കിന് തീപിടിച്ചത് പോലെ വീടിനുള്ളിൽ തീ കത്തുന്നത് അയാൾ കണ്ടു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ ഏതാണ്ടൊക്കെ കത്തിയടരുന്നതിന്റെ ശബ്ദം രാമേട്ടൻ കേട്ടു.

അയാൾ പാഞ്ഞു വന്ന് കതകിൽ ആഞ്ഞു ചവിട്ടി. വാതിൽ പാളികൾ മലർക്കെ തുറന്നു.

'കൊച്ചമ്മാ....'

നിലവിളിച്ചുകൊണ്ട് രാമേട്ടൻ ജലജയുടെ അടുത്തേക്ക് ഓടി

നദീതീരത്ത് കൂടി തന്നെ രവിയും ഹരിയും മുമ്പോട്ടു കുതിച്ചു. പലപ്പോഴും പുഴത്തീരത്തെ ഉരുളൻ കല്ലുകളിൽ തട്ടി അവർ വീഴാൻ ഭാവിച്ചു.

ഹരിയുടെ കയ്യിൽ ആറ് സെല്ലിന്റെ ടോർച്ച് ഉണ്ടായിരുന്നു. അയാൾ അത് നീട്ടി അടിച്ചു. രവി തലയിൽ ഘടിപ്പിച്ചിരുന്ന ഹെഡ് ലൈറ്റ് എടുത്ത് ഇടതുകൈയിൽ പിടിച്ചു. വലത് കൈയിൽ തോക്കും.

അവർക്ക് പിന്നിൽ കാട്ടുപന്നികൾ പാഞ്ഞു വരുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

കുറച്ചു ദൂരം അവർ മുമ്പോട്ട് ഓടി. ഇരുവരും തളർന്നു.

'ഹരി ...നമുക്ക് കുറച്ചു സമയം ഇവിടെ ഇരിക്കാം... ഇനി ഓടാൻ വയ്യ...' ഉറക്കെ ശ്വാസമെടുത്തുകൊണ്ട് രവി പറഞ്ഞു.

ഹരിയും കിതയ്ക്കുന്നുണ്ടായിരുന്നു.

'ഞാനും തളർന്നു ഏട്ടാ...'

'ഇനി അവറ്റകൾ പിന്നാലെ വരുമെന്ന് തോന്നുന്നില്ല...'

രവി ഒരു പാറക്കല്ലിൽ ഇരുന്നു.

ഹരി പിറകിലേക്ക് ടോർച്ച് നീട്ടിയടിച്ചു.

പിന്നിൽ കാട്ടുപന്നി കൂട്ടങ്ങൾ ഇല്ലായിരുന്നു.

'ഇത്രയും കാലത്തെ നായാട്ടിനിടയിൽ ഇതുപോലെ ഒരു സംഭവം ആദ്യമായിട്ടാണ്.' രവി പറഞ്ഞു.

'ആ കാട്ടുപന്നിക്കൂട്ടം എന്തോ അമാനുഷിക ശക്തിയാണെന്നാണോ ഏട്ടൻ പറയുന്നത്..?'

'തീർച്ചയായും... ഞാൻ വെടിവെച്ചപ്പോൾ അവയുടെ എണ്ണം ഇരട്ടിച്ചത് കണ്ടില്ലേ. പല വേട്ടക്കാർക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർക്കൊക്കെ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. '

'എന്തോ എനിക്കതത്ര വിശ്വസിക്കാൻ പറ്റുന്നില്ല.'

'സമയം ഒരു മണി കഴിഞ്ഞു. ഇതിനുമുമ്പ് ഇത്രയും വൈകിയിട്ടില്ല. ജലജ നമ്മളെ കാണാതെ വിഷമിക്കുന്നുണ്ടാവും...'

'നമുക്ക് പോകാം ഏട്ടാ... മതി വേട്ടയാടൽ...'

'കിതപ്പൊന്ന് അടങ്ങിയിട്ട് നമുക്ക് പോകാം ഹരീ.. '

രവിയാണ് ആ കാഴ്ച കണ്ടത്.

'ഹരി... അതു കണ്ടോ?' രവി ദൂരെ മലകൾക്ക് മുകളിലേക്ക് കൈചൂണ്ടി.

ഹരി അങ്ങോട്ട് നോക്കി.

മലക്കു മുകളിൽ ആകാശത്തിന് തീപിടിച്ചത് പോലെയാണ് അവർക്ക് തോന്നിയത്.

പിന്നെയാണ് മനസ്സിലായത് അതൊരു തീഗോളമാണെന്ന്.

അതൊരു റോക്കറ്റ് പോലെ അവരുടെ തലയ്ക്ക് മുകളിലൂടെ പടിഞ്ഞാറോട്ട് പാഞ്ഞു പോയി.

അത് പോയ വഴിക്കുള്ള വൃക്ഷങ്ങൾ കാറ്റടിച്ചതുപോലെ ഇളകിയാടി.

'നമ്മുടെ വീടിന്റെ ഭാഗത്തേക്ക് ആണല്ലോ അത് പോയിരിക്കുന്നത്.'

മരങ്ങൾക്കിടയിൽ അതിന്റെ അവസാനത്തെ പ്രകാശവും അപ്രത്യക്ഷമാകുന്നത് നോക്കിയിരുന്ന ഹരി പറഞ്ഞു.

'ഇതും കാടുകളിൽ സർവസാധാരണമാണ്. തേരോട്ടം എന്നാണ് പഴമക്കാർ പറയാറുള്ളത്. ' രവി പറഞ്ഞു.

അവർ ഇരുന്നത് വലിയൊരു മരത്തിന്റെ ചുവട്ടിൽ ആയിരുന്നു. നിറയെ പോടുകളുള്ള ഒരു മരം.

മുകളിൽ പാമ്പുകളെപോലെ ചുറ്റിപ്പിടഞ്ഞു കിടക്കുന്ന കാട്ടുവള്ളികൾ. അതിനിടയിലൂടെ വിളറിയ ചന്ദ്രിക താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

പെട്ടെന്ന് മരത്തിനു മുകളിൽ എന്തോ പൊട്ടിത്തെറിക്കുന്ന പോലെ ഒരു ശബ്ദം അവർ കേട്ടു. 'ഹരീ...ഓടിക്കോ..!'

തോക്ക് എടുത്തുകൊണ്ട് നൊടിയിടയിൽ രവി ചാടിയെണീറ്റ് ഓടി. പിന്നാലെ ഹരിയും !

(തുടരും)