മുൻപ് തീയിട്ടു നശിപ്പിച്ച കണ്ണാടിക്കാട്ടിലെ ഒഴിവിലായിരുന്നു അവരുടെ പരിശീലനം. മാജിക്കും പക്ഷിനിരീക്ഷണവുമൊക്കെയായിരുന്നു ആദ്യത്തെ പാഠങ്ങൾ. കൈയ്യിലിരിക്കുന്ന വസ്തുവിനെ അപ്രത്യക്ഷമാക്കുക, രൂപം മാറ്റുക, നിന്ന നിൽപ്പിൽ അപ്രത്യക്ഷമാവുക എന്നതൊക്കെയായിരുന്നു മായാജാലങ്ങൾ. സൂക്ഷ്മതയും കൈവേഗവുമായിരുന്നു മാജിക്കിന്റെ മുഖമുദ്ര. തോന്നിപ്പിക്കലായിരുന്നു എല്ലാം. മായാജാലത്തിന്റെ രഹസ്യങ്ങളെല്ലാം വനതി ആദ്യമേ അവർക്ക് പറഞ്ഞു കൊടുത്തു. പിന്നെ പരിശീലിപ്പിച്ചു. നിളയും കൂട്ടുകാരും അതെല്ലാം ആസ്വദിച്ചു പഠിച്ചു.

To advertise here,

''അതെ, പഠനം ആസ്വദിക്കണം. എങ്കിലേ നമ്മൾ അതാവൂ.'' -വനതി അവരെ പഠിപ്പിച്ച പ്രധാന പാഠം അതായിരുന്നു.

പക്ഷിമൃഗാദികളുടെ ഭാഷ പഠിക്കുന്നത് ഏറെ ശ്രമകരമായിരുന്നു. അങ്ങേയറ്റത്തെ ഏകാഗ്രത വേണമായിരുന്നു അതിന്. ആദ്യം ഓരോന്നിന്റേയും ശബ്ദം വേർതിരിച്ചറിയണം. ഒരു പക്ഷിക്ക് ഒരു സ്വരമാണുള്ളതെങ്കിലും അതിന് പല വകഭേദങ്ങളുണ്ടായിരുന്നു. ഒരേ വാക്കിന് പല അർത്ഥങ്ങൾ ഉള്ളതു പോലെ. ഓലേഞ്ഞാലി 'പുക്രീൻ' എന്ന് നീട്ടിക്കരഞ്ഞാൽ അർത്ഥം ചിലപ്പോൾ 'അപകടം' എന്നായിരിക്കും. അത് തന്നെ അൽപ്പം കുറുക്കിയാൽ 'ഞാനിവിടെയുണ്ട്' എന്നാകും. അങ്ങനെ സ്വരഭേദങ്ങൾ പഠിച്ചെടുക്കുക അങ്ങേയറ്റത്തെ ക്ഷമ ആവശ്യമുള്ള പണിയായിരുന്നു.

അതിന് ശേഷം ശബ്ദങ്ങൾ അനുകരിക്കാൻ പഠിക്കണം. ശരിക്കും മിമിക്രി തന്നെ. അതങ്ങനെ പരിശീലിക്കുന്നതിനിടയിൽ രസകരമായ പല സംഭവങ്ങളുമുണ്ടായി. ഒരു തവണ നിള പൂത്താങ്കിരികളുടെ ശബ്ദം അനുകരിച്ചപ്പോൾ പറയാനുദ്ദേശിച്ചത് മാറിപ്പോയി. പൂത്താങ്കിരികളുടെ ശബ്ദത്തിൽ 'വേഗം വരൂ' എന്നാണ് പറയേണ്ടിയിരുന്നത്. പക്ഷേ പറഞ്ഞത് 'പാമ്പ് പാമ്പ്' എന്നായിരുന്നു. അതുകേട്ട് കരിയിലകൾക്കകത്തു നിന്ന് ഒരു പറ്റം പൂത്താങ്കിരികൾ ഭയപ്പെട്ട് മരക്കൊമ്പുകളിലേക്ക് പറന്നു.

തെറ്റായ സന്ദേശമായിരുന്നു എന്ന് മനസിലാക്കിയ പൂത്താങ്കിരികൾ നിളയെ വഴക്കു പറഞ്ഞു.

''ഓരോന്ന് വരും. വെറുതെ ഞങ്ങളെ മെനക്കെടുത്താൻ.''

പക്ഷികളുടെ ശകാരം കേട്ട് ജാനകിയും ദേവതയും ചിരിച്ച് കുഴഞ്ഞു.

അങ്ങനെ രസകരമായി അവർ ഓരോ വിദ്യയും വശത്താക്കി.

പക്ഷിമൃഗാദികളുടെ ഭാഷ പഠിച്ച ശേഷം വനതി അവർക്കായി ഒരു പരീക്ഷ നടത്തി.

ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ഓരോരോ ജീവികളെ വിളിച്ചു വരുത്തണം.

ആദ്യം നിളയുടെ ഊഴമായിരുന്നു. അവൾ ചെമ്പോത്തുകളുടെ ശബ്ദം അനുകരിച്ച് വിളിച്ചു. കണ്ണാടിയിലെ മുഴുവൻ ചെമ്പോത്തുകളും അവിടെ ഹാജരായി.

ദേവത കീരികളെ വിളിച്ചു.

ജാനകി 'സ്സ് സ് സ്' എന്ന് പറഞ്ഞതും പലതരം പാമ്പുകൾ പത്തിവിടർത്തിയും വിടർത്താതെയും വന്നു.

അങ്ങനെ ഓരോരുത്തരായി മാറി മാറി വിളിച്ച് കണ്ണാടിയിലെ മനുഷ്യരൊഴികെയുള്ള മറ്റുജീവജാലങ്ങളെല്ലാം അവിടെ സമ്മേളിച്ചു.

വനതി മൂന്നു പേരെയും ജീവികൾക്ക് പരിചയപ്പെടുത്തി

''ഇവർ നമ്മുടെ സുഹൃത്തുക്കളാണ്. ഇവർക്ക് ഉപദ്രവമുണ്ടാകാതെ നോക്കണം.'' -വനതി പറഞ്ഞു. ജീവികൾ സമ്മതിച്ചു. സന്തോഷത്തോടെ അവരെല്ലാം പിരിഞ്ഞു പോയി.

അതിനുശേഷം ഓട്ടം, ചാട്ടം, അടിതട എന്നിങ്ങനെയുളള കായികപാഠങ്ങളാണ് അവർ പരിശീലിച്ചത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും അത്ഭുതകരവുമായത് ഇലകൾക്കു മേലെയുള്ള നടത്തമായിരുന്നു. പഠിച്ചെടുക്കണമെന്ന് നിള ഏറെ ആഗ്രഹിച്ച പാഠം.

''ആഗ്രഹം നല്ലതു തന്നെ. പക്ഷേ, അതുമാത്രം പോരാ. പഠിച്ചെടുക്കാൻ ഏറെ പ്രയാസകരമാണ് ഇലസഞ്ചാരം.''- വനതി പറഞ്ഞു.

''എത്ര പ്രയാസപ്പെട്ടാലും അത് പഠിച്ചേ പറ്റൂ.'' - മൂന്നു പേരും വാശിയോടെ പറഞ്ഞു.

''അതിനാദ്യം സ്വന്തം ശരീരഭാരം നിയന്ത്രിക്കണം. ഒരു തൂവൽ പോലെ സ്വയം തോന്നണം.''

''അതെങ്ങനെ കഴിയും?''

''കഴിയും. നീന്തലറിയാത്തവർ വെള്ളത്തിൽ താഴ്ന്നു പോകാറില്ലേ. എന്നാൽ നീന്താനറിയുന്നവർ അങ്ങനെയാണോ? അതു പോലെ തന്നെയാണിതും. ഇലകൾ വെള്ളമാണെന്ന് സങ്കൽപ്പിച്ചാൽ മതി. നമ്മുടെ ഭാരം ഇലകൾ അറിയരുത്.''

വനതി അവരേയും കൊണ്ട് പുഴയിലേക്കിറങ്ങി.

മൂന്നാൾക്കും നേരത്തെ തന്നെ നീന്തലറിയാവുന്നതു കൊണ്ട് പരിശീലനം എളുപ്പമായി.

വെള്ളത്തിൽ നിശ്ചലമായി കിടക്കുക എന്നതായിരുന്നു അവരുടെ ആദ്യത്തെ പരിശീലനം. അതു കഴിഞ്ഞ് വെള്ളത്തിനു മീതെ നടക്കാനും.

''മുതിർന്നവർക്ക് വർഷങ്ങളോളം പരിശീലിച്ചാൽ മാത്രമേ ഈ സിദ്ധി കൈവരൂ. പക്ഷേ, നിങ്ങളെ പോലുള്ള മിടുക്കികൾക്ക് ദിവസങ്ങൾ മതി.''- വനതി അവരെ വാക്കുകൾ കൊണ്ട് ഉത്തേജിപ്പിച്ചു.

വെള്ളത്തിനു മീതെ നടക്കാൻ പഠിച്ച ശേഷം അവരുടെ പരിശീലനം മരച്ചില്ലകളിലേക്ക് മാറി.

ഉയരവും ബലവും കുറഞ്ഞ കൊമ്പുകളാണ് പരിശീലനത്തിന് തിരഞ്ഞെടുത്തത്. കൊമ്പുകൾ ഉലയാതെ നടക്കാൻ വനതി അവരോട് പറഞ്ഞു. പലപ്പോഴും അവർ താഴെ വീണു. വീണ്ടും കൊമ്പു കയറി. അങ്ങനെ വീണും പിന്നേയും വീണും അവർ ആ കഴിവ് നേടിയെടുത്തു. പിച്ച വെക്കുന്ന കുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നതു പോലെയായിരുന്നു അത്.

ഒടുവിൽ വനതി നീട്ടിപ്പിടിച്ച ഒരു ഈർക്കിലിന്റെ മുകളിൽ കയറി നിൽക്കാറായതോടെ അവർ ഇലസഞ്ചാരത്തിന്റെ ആദ്യ പരീക്ഷണത്തിന് തയ്യാറായി.

പടർന്നു പന്തലിച്ച ഒരു പേരാലിന്റെ മുകളിലേക്ക് വനതി അവരെ ക്ഷണിച്ചു. വേരുകളിൽ തൂങ്ങി, കൊമ്പുകളിലൂടെ ചാടി ചാടി അണ്ണാറക്കണ്ണന്മാരെ പോലെ അവർ ആൽമരത്തിന്റെ നെറുകയിലെത്തി.

ഇലകൾ വകഞ്ഞു മാറ്റി പുറത്തേക്ക് തലയിട്ടപ്പോൾ നിള ജീവിതത്തിലെ ഏറ്റവും വലിയ വിസ്മയം അനുഭവിച്ചു. ചുറ്റും പരവതാനി പോലെ ഇലകൾ. ഇലകളുടെ സമുദ്രം. ഉയർന്നും താഴ്ന്നും കുത്തനെ പൊങ്ങിയും മരത്തലപ്പുകൾ മറ്റൊരു ലോകം പോലെ തോന്നിപ്പിച്ചു. മരക്കൂട്ടങ്ങൾക്കപ്പുറത്ത് ദൂരെ ദൂരെയായി അവർ കടൽ കണ്ടു. കിഴക്കോട്ട് നോക്കിയപ്പോൾ മലനിരകളും.

''ഇനി നമുക്ക് കണ്ണാടി മൊത്തം ഒന്നു ചുറ്റിയടിച്ചു വരാം.''- വനതി പറഞ്ഞു

നിള ആദ്യത്തെ കാലെടുത്ത് ഇലയിൽ വെച്ചു. അവൾക്ക് ഇക്കിളിയായി. അവൾ പതിയെ നടന്നു. പൂമ്പാറ്റകളും പക്ഷികളും അവരെ വട്ടമിട്ട് പറന്നു.

അവർ ഇലകളിലൂടെ ഓടിക്കളിച്ചു. കുത്തിമറിഞ്ഞു. ഞാവൽപ്പഴങ്ങൾ തിന്നു. താഴെയുള്ള ലോകം ഇതൊന്നുമറിഞ്ഞില്ല.

''നമ്മൾ രഹസ്യങ്ങൾക്കു മീതെ കൂടെയാണ് നടക്കുന്നത്. താഴേക്ക് തലയിട്ടു നോക്കിയാലറിയാം ഭൂമിയിലെ നിഗൂഢതകൾ.''

വനതിച്ചേച്ചി പറഞ്ഞപ്പോൾ നിള ഇലകൾക്കിടയിലൂടെ താഴേക്ക് തലയിട്ടു.

രണ്ടു പേർ ചേർന്ന് ഇടവഴിയിൽ ചതിക്കുഴിയൊരുക്കുന്നത് അവൾ കണ്ടു. വനതിച്ചേച്ചിയെ വീഴ്ത്താനുള്ള ചതിക്കുഴി.

''വൾപ്പസ് ബംഗാളെൻസിസ്.'' - നിള ഉറക്കെ പറഞ്ഞു.

അവർ ഞെട്ടി മുകളിലേക്ക് നോക്കി. നിള തല പുറത്തേക്കെടുത്തു.

താഴെ നിന്നും അവർ ഭയപ്പെട്ട് ഓടുന്നതിന്റേയും എവിടെയൊക്കെയോ തട്ടിമറിഞ്ഞ് വീഴുന്നതിന്റേയും ശബ്ദങ്ങൾ കേട്ടു.

അവർ മുന്നോട്ട് മുന്നോട്ട് നടന്നു. നടത്തത്തിനിടയിൽ അവർ ഒത്തിരി പക്ഷിക്കൂടുകൾ കണ്ടു. പലനിറത്തിലുള്ള മുട്ടകൾ, ചിറകുമുളയ്ക്കാത്ത കിളിക്കുഞ്ഞുങ്ങൾ.... അതെല്ലാം നിളയെ വല്ലാതെ വിസ്മയിപ്പിച്ചു. കാക്കക്കൂട്ടിൽ മുട്ടയിടുന്ന കുയിലിനെ കണ്ടപ്പോൾ അവൾ കൗതുകത്തോടെ അടുത്തു ചെന്നു.

അവരെ കണ്ടപ്പോൾ കുയിൽ നാണിച്ചു പോയി.

''എന്തു ചെയ്യാം. ശീലമായിപ്പോയി.'' - കുയിൽ ചമ്മലോടെ പറഞ്ഞു.

''നിങ്ങൾ ഒരുകാലത്തും കൂട് കെട്ടിയിട്ടേയിരുന്നില്ല?'' - ദേവത ചോദിച്ചു.

''ഞങ്ങടെ മുതുമുത്തച്ഛന്മാരൊക്കെ കൂട് കെട്ടിയിരുന്നത്രേ. പിന്നീടുള്ളവർക്ക് അതിലൊന്നും താത്പര്യം തോന്നിയില്ല. പിന്നെ കാക്കക്കൂടുകൾ ധാരാളമുണ്ടല്ലോ. വെറുതെയെന്തിന് കഷ്ടപ്പെടണം.''

''ശരി, നിന്റെ പണി നടക്കട്ടെ.''

അവർ കുയിലിനോട് യാത്ര പറഞ്ഞു.

നടന്ന് നടന്ന് അവർ സ്വന്തം വീടിരിക്കുന്ന ഭാഗത്തെത്തി.

''ഇനി ഭൂമിയിലേക്കിറങ്ങിക്കോളൂ. നിളയുടെ വീട്ടിൽ നിന്ന് ഉണ്ണിയപ്പത്തിന്റെ മണം വരുന്നുണ്ട്. വേഗം ചെന്ന് കഴിച്ചോ.''- വനതി പറഞ്ഞു.

''ചേച്ചിക്ക് ഉണ്ണിയപ്പം ഇഷ്ടമാണോ?''- നിള ചോദിച്ചു.

''പിന്നേ.''

''എന്നാലൊരു സൂത്രം കാണിക്കാം.''

അവൾ കാക്കകളെ വിളിച്ച് ചില ആംഗ്യങ്ങൾ കാണിച്ചു.

നാലഞ്ച് കാക്കകൾ താഴേക്ക് പറന്നു.

താഴെ നിന്ന് അച്ഛമ്മയുടെ ശബ്ദം കേട്ടു: ''ഹോ, ഈ കാക്കകളെ ഞാനിന്ന്...'

നിള വാ പൊത്തി ചിരിച്ചു.

റാഞ്ചിയെടുത്ത ഉണ്ണിയപ്പവുമായി കാക്കകൾ അവർക്കരികിലെത്തി.

''കൊള്ളാം നല്ല ഉണ്ണിയപ്പം.''-വനതി പറഞ്ഞു.

അതുകണ്ട് കൊതിയടക്കാൻ പറ്റാതെ കാക്കകൾ ചോദിച്ചു: ''ഒന്നു കൂടി പോണോ?''

''വേണ്ട. നിങ്ങളുടെ സൂത്രം കൈയിൽ വെച്ചാൽ മതി.''

കാക്കകൾ ചമ്മിപ്പോയി.

(തുടരും.......)