'He Smells Good'

To advertise here,

ഷാരൂഖ് ഖാനെക്കുറിച്ച് സഹപ്രവർത്തകരായ നടിമാർ ഒരേ സ്വരത്തിൽ പറയുന്ന പ്രതികരണം. അത് പിന്നീട് ഒരു പെർഫ്യൂമിന്റെ പരസ്യം പോലുമായി. ഒരു വ്യക്തിയുടെ മണത്തിന് ബന്ധങ്ങൾക്കിടയിലെ പ്രാധാന്യം അത്രത്തോളം വലുതാണ്. അപ്പോഴാണ് കേട്ടാൽ ആരും മൂക്കുപൊത്തിപോകുന്ന ഒരു ഡേറ്റിങ് ട്രെൻഡ് പാശ്ചാത്യരാജ്യങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഡേറ്റിങ്ങിനോ, പ്രധാന കൂടിക്കാഴ്ചകൾക്കോ മുൻപ് കുളിക്കുന്നത് ഒഴിവാക്കുന്നതും, പെർഫ്യൂമുകൾ ഉപയോഗിക്കാതിരിക്കുന്നതുമാണ് ആ ട്രെൻഡ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലാണ് 'ഫെറോമോൺ മാക്‌സിങ്' എന്ന പേരിൽ ഈ വിചിത്രമായ ട്രെൻഡ് പ്രചരിക്കുന്നത്. ട്രെൻഡിലെ ഗൗരവത്തിലെടുത്ത ജെൻസി യുവാക്കളിൽ ചിലർ കുളിക്കാതെ ഡേറ്റിങ്ങിന് പോകുന്നുണ്ടത്രേ. 

എന്താണ് ഫെറോമോൺ മാക്‌സിങ്?

ശരീരത്തിൽ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന 'ഫെറോമോണുകൾ' എന്ന രാസഘടകങ്ങളെ പരമാവധി നിലനിർത്തുക എന്നതാണ് ഈ ട്രെൻഡിന്റെ ലക്ഷ്യം. ഫെറോമോണുകൾക്ക് എതിർലിംഗത്തിൽപ്പെട്ടവരെ ആകർഷിക്കാനുള്ള കഴിവുണ്ടെന്ന വിശ്വാസമാണ് ഇതിന് പിന്നിൽ.

കുളിക്കുമ്പോൾ ഉപയോഗിക്കുന്ന സോപ്പുകളും ഷാംപൂക്കളും ശരീരത്തിന്റെ സ്വാഭാവിക ഗന്ധത്തെയും ഫെറോമോണുകളെയും ഇല്ലാതാക്കുന്നു. അതിനാൽ, കുളിക്കാതെ പോകുമ്പോൾ ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന സ്വാഭാവിക ഗന്ധം പങ്കാളിയെ കൂടുതൽ ആകർഷിക്കുമെന്നാണ് ഈ ട്രെൻഡിന്റെ വക്താക്കൾ പറയുന്നത്. പെർഫ്യൂമുകൾ, ഡിയോഡറന്റുകൾ എന്നിവ ഉപയോഗിക്കുന്നത് ഫെറോമോണുകളുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നും ഇവർ വാദിക്കുന്നു.

മൃഗങ്ങളിൽ ഇണയെ ആകർഷിക്കാനും ആശയവിനിമയം നടത്താനും ഫെറോമോണുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ശാസ്ത്രം പറയുന്നുണ്ട്. എന്നാൽ, മനുഷ്യരിൽ ഫെറോമോണുകൾ ലിംഗപരമായ ആകർഷണത്തിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

യുകെയിലെ പ്രമുഖ പത്രമായ 'ദ ഗാർഡിയൻ' മുൻപ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മനുഷ്യരിൽ ഫെറോമോണുകൾ തിരിച്ചറിയുന്ന വൊമെറോനാസൽ ഓർഗൻ മൃഗങ്ങളുടേതുപോലെ അത്രയ്ക്കങ്ങോട്ട് പ്രവർത്തനക്ഷമമല്ല. അതിനാൽ, ശരീരഗന്ധം കേവലം ഫെറോമോണുകളുടെ സാന്നിധ്യം മാത്രമല്ല, വിയർപ്പും ചർമ്മത്തിലെ ബാക്ടീരിയകളും തമ്മിലുള്ള പ്രവർത്തനത്തിന്റെ ഫലമാണ്.

അമിതമായ ശരീരഗന്ധം പങ്കാളിയിൽ വിരക്തിയുണ്ടാക്കാനാണ് സാധ്യതയെന്നും, അടിസ്ഥാന ശാരീരിക വൃത്തി ഡേറ്റിങ്ങിൽ പ്രധാനമാണെന്നും ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നുണ്ട്. ഫെറോമോണുകളേക്കാൾ ശുചിത്വവും നല്ല പെരുമാറ്റവുമാണ് പങ്കാളിയെ ആകർഷിക്കുന്നതിൽ നിർണായകമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.