
പിതാവിനൊപ്പം കൂനിക്കൂടി ഇന്റർനെറ്റ് ഡി അഡിക്ഷൻ സെന്ററിന്റെ ഒരു മൂലയ്ക്ക് അവൻ ഇരിപ്പുണ്ട്. പാറിക്കളിക്കുന്ന മുടിയും വരണ്ട ചുണ്ടുകളും അലക്ഷ്യമായിട്ടെങ്ങോ നോക്കിക്കൊണ്ട്. ആളുകൾ വരുന്നതും പോകുന്നതും അവൻ ശ്രദ്ധിക്കുന്നതേയില്ല. കൈയും പിടിച്ച് തൊട്ടടുത്ത് തന്നെ ഊഴം കാത്ത് പിതാവും ഇരിപ്പുണ്ട്. 'എവിടെയോ നഷ്ടപ്പെട്ട അവന്റെ മുഖത്തെ പുഞ്ചിരി വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തിലാണ് ആ പിതാവ്', ഡി അഡിക്ഷൻ സെന്ററിലെ മനഃശാസ്ത്രജ്ഞൻ പറഞ്ഞു.
ഒൻപതാം ക്ലാസ് മുതൽ മൊബൈലിന് അഡിക്ട് ആയതാണ് കുട്ടി. അതുൽ എന്ന് നമുക്കവനെ വിളിക്കാം. പിതാവിന്റെ ഫോണിലായിരുന്നു തുടക്കത്തിൽ അതുൽ വീഡിയോകൾ കണ്ടു തുടങ്ങിയതും ഗെയിമുകളും കളിച്ചു തുടങ്ങിയതും. സ്കൂൾ വിട്ടു വന്നാൽ മൊബൈലുമെടുത്ത് മുറിയിലേക്ക് പോകും. പിന്നീട് രാത്രി ഭക്ഷണത്തിനോ അല്ലെങ്കിൽ പിതാവിന്റെ മൊബൈലിലേക്ക് ആരുടെയെങ്കിലും കോൾ വന്നാലോ മാത്രമേ അവൻ പുറത്തുവരൂ. മൊബൈലുമായി സംബന്ധിച്ച എന്തു കാര്യങ്ങളും പെട്ടെന്ന് തന്നെ പ്രതിവിധി കണ്ടെത്തുന്ന മകനെ ഓർത്ത് ആ പിതാവ് ഇടയ്ക്ക് അഭിമാനം കൊള്ളുകയും ചെയ്തു. കോവിഡ് കാലമായതോടെ അതുൽ പൂർണമായും മുറിയിലേക്ക് ഒതുങ്ങി. ഓൺലൈനിലേക്ക് ക്ലാസുകൾ മാറിയതോടെ രക്ഷിതാക്കൾ മൊബൈലും വാങ്ങി നൽകിയിരുന്നു, അതോടെ അവനിൽ ഉണ്ടായിരുന്ന രക്ഷിതാക്കളുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു.
Also Read
എസ്.എസ്.എൽ.സി. കഴിഞ്ഞ് പ്ലസ് വണ്ണിൽ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ക്ലാസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ, ആളുകളെ അഭിമുഖീകരിക്കാൻ സാധിക്കാതെ അവൻ ക്ലാസുകളിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇത് പതിവായതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചു. പിന്നീട് ക്ലാസുകളിൽ പോകുന്നത് തന്നെ അവൻ നിർത്തി. നിർബന്ധിച്ച് രക്ഷിതാക്കൾ സ്കൂളുകളിൽ കൊണ്ട് ഇരുത്തിയാലും പിതാവ് വീട്ടിലെത്തുന്നതിന് മുമ്പേ അവൻ വീട്ടിലെത്തും. മൊബൈലും വീട്ടിലെ മുറിയുമായി ഒതുങ്ങിയ അതുലിൽ ഇതിനിടെ അക്രമസ്വഭാവവും കണ്ടു തുടങ്ങിയിരുന്നു. രക്ഷിതാക്കളോട് കയർത്ത് സംസാരിക്കുന്നതടക്കമുള്ള സ്വഭാവങ്ങളിലെ മാറ്റവും ശ്രദ്ധയിൽപെട്ടതോടെയാണ് പിതാവ് അവനേയും കൂട്ടി ഇന്റർനെറ്റ് ഡി അഡിക്ഷൻ സെന്ററിൽ എത്തുന്നത്.
ഒടുവിൽ, ഏറെ നാളത്തെ ശ്രമങ്ങൾക്കൊടുവിൽ, അവൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചു നടന്നു തുടങ്ങി. കാര്യങ്ങൾ മനസ്സിലാക്കി പെരുമാറിത്തുടങ്ങി. മൊബൈലിന്റെ ലോകത്ത്, വീഡിയോ പ്ലാറ്റ്‌ഫോമുകളെക്കുറിച്ച്, ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് മനസ്സിലാക്കിത്തുടങ്ങി. ഡി അഡിക്ഷൻ സെന്ററിലെ മനഃശാസ്ത്രജ്ഞൻ ഓരോ പ്രാവശ്യവും അവനിൽ മുമ്പോട്ടുള്ള പാതയിലേക്ക് ആവശ്യമായ ഊർജം നൽകിക്കൊണ്ടേയിരുന്നു.
പിന്നീടൊരിക്കലവനെ വീണ്ടും കണ്ടു. പ്രസരിപ്പാർന്ന മുഖത്തോടെ കൈയിൽ മിഠായിപ്പൊതിയുമായി തന്നെ ശരിയായ രീതിയിൽ വഴി നടത്തിയ മനഃശാസ്ത്രജ്ഞനെ കാണാനെത്തിയതായിരുന്നു അവൻ.
ഇന്റർനെറ്റിന്റെ വിശാലലോകമാണ് നമുക്ക് മുമ്പിലുള്ളത്. എങ്ങനെ ഉപയോഗിക്കണം, ഏതൊക്കെയിടങ്ങളാണ് സുരക്ഷിതം, എന്തൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യങ്ങളിൽ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. പെരുകുന്ന കുറ്റകൃത്യങ്ങൾക്കാവശ്യമായ നിയമനിർമ്മാണങ്ങൾ, കൂട്ടിച്ചേർക്കലുകൾ അതാത് ഘട്ടത്തിൽ തന്നെ നടക്കുന്നുണ്ട്. കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ വളരെ ശക്തമായ നിയമമാണ് നമുക്ക് മുമ്പിലുള്ളത്. ഇതിനെക്കുറിച്ചും രക്ഷിതാക്കളടക്കമുള്ളവർ ബോധവാന്മാരാകേണ്ടതുണ്ട്.
ചൈനയിലെ കുട്ടികളും ഇന്റർനെറ്റ് നിയമവും
കുട്ടികളിലെ ഇന്റർനെറ്റ് അഡിക്ഷൻ തടയാൻ വേണ്ടി ചൈനയിൽ ഈയടുത്താണ് പുതിയ നിയമം കൊണ്ടുവന്നത്. രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് 18 വയസിന് താഴെയുള്ളവർക്ക് ചൈനയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 18 വയസ്സുവരെയുള്ളവര്‍ക്ക് ഈ സമയത്ത് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാകില്ല. അതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ദാതാക്കള്‍ക്ക് സി.എ.സി. നിര്‍ദേശം നല്‍കി. കൂടാതെ എട്ടു വയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാവുന്ന വിധത്തില്‍ സമയപരിധിയും നിശ്ചയിച്ചു. 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി രണ്ടു മണിക്കൂര്‍വരെയാണ്. എന്നാല്‍, ഈ സമയപരിധിയില്‍ മാറ്റം വരുത്താന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. കുട്ടികള്‍ വീഡിയോ ഗെയിം ഉപയോഗിക്കുന്നതിന് 2021-ല്‍ തന്നെ ചൈന നിയന്ത്രണം കൊണ്ടുവന്നിരുന്നു.
എന്നാൽ, സമാന നിയമങ്ങൾ ഇന്ത്യയിൽ നടപ്പാക്കുക സാധ്യമല്ല. അതുകൊണ്ട് തന്നെ, ശക്തമായ നിയമങ്ങളും അവബോധങ്ങളും സൃഷ്ടിക്കുകയാണ് വേണ്ടത്. 'ഇന്റർനെറ്റിന്റെ വലിയ സാധ്യതകൾ കുട്ടികൾ തിരിച്ചറിഞ്ഞു എന്നത് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ഗുണവശമാണ്. കുട്ടികൾ ആളുകളോട് കൂടുതൽ ഓപ്പണായി പെരുമാറിത്തുടങ്ങി. അവർക്ക് കാര്യങ്ങൾ വളരെ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. പെരുമാറ്റത്തിൽ വളരെ ഏറെ മുമ്പോട്ട് പോകുന്നു. ജെൻഡർ അടക്കമുള്ള വിഷയങ്ങളിൽ പെട്ടെന്ന് തന്നെ അവർക്ക് കാര്യങ്ങൾ വേർതിരിച്ചറിയാൻ സാധിക്കുന്നു.

ഗുണങ്ങളെ പോലെത്തന്നെ ദോഷങ്ങളും ഉണ്ട്. എങ്കിലും ഇന്റർനെറ്റ് / മൊബൈൽ ഉപയോഗത്തിൽനിന്ന് കുട്ടികളെ വിലക്കുക എന്നത് ഇത്തരം പ്രശ്നങ്ങൾക്ക് പ്രതിവിധിയാകുന്നില്ല. കുട്ടികളിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി രക്ഷിതാക്കളും, അധ്യാപകരും സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. രക്ഷിതാക്കൾ കുട്ടികളുടെ സുഹൃത്തുക്കളാകുക. കുട്ടികൾക്ക് അവരുടെ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം തന്നെ ഓരോ കാര്യങ്ങളുടേയും ഗുണ- ദോഷ വശങ്ങളെക്കുറിച്ച് വിശദമായിത്തന്നെ പറഞ്ഞു കൊടുക്കുക. വിദ്യാഭ്യാസത്തോടൊപ്പം തന്നെ സംസ്കാരത്തെക്കുറിച്ചും അവബോധം നൽകാൻ ശ്രദ്ധിക്കുക.
സുരക്ഷിതമല്ലാത്ത മൊബൈൽ ഉപയോഗത്തിന്റെ ബാക്കിയെന്നോണമാണ് ഇപ്പോൾ യൂട്യൂബ് ലൈവ് സ്ട്രീമറായ തൊപ്പിയെ പോലുള്ളവരെ കുട്ടികൾ അനുകരിക്കുന്നത്. അവർ പറയാൻ മടിക്കുന്ന, മനസ്സിൽ തികട്ടി നിൽക്കുന്ന കാര്യങ്ങളാണ് പൊതു ഇടത്തിൽ കൂടി സ്ട്രീമേഴ്സ് വിളിച്ചു പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരക്കാർ കുട്ടികളുടെ 'ഹീറോ'കൾ ആയി മാറുന്നത്'. ഡോ. എം.മുരളീധരന്‍ (കൺസൾട്ടന്റ് പീഡിയാട്രീഷ്യന്‍, ആശ ഹെല്‍ത്ത് സെന്റര്‍, വടകര)
ശ്രദ്ധിച്ച് ഉപയോഗിക്കേണ്ട ഇടം, ഗുണങ്ങളെപോലെത്തന്നെ ദോഷങ്ങളും
ഇന്റർനെറ്റ് ഉപയോഗം കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട് എന്നതുപോലെത്തന്നെ ദോഷങ്ങളും ഉണ്ട്. എങ്ങനെയാണ് അത് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ഓരോരുത്തരേയും ബാധിക്കുക എന്ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇ മോചൻ ക്ലിനിക്കിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സന്ദീഷ് പറയുന്നു.
'മൊബൈൽ/ ഇന്റർനെറ്റ്/ ഗെയിം തുടങ്ങിയവയ്ക്ക് അടിമപ്പെട്ട കുട്ടികളിൽ പലരും പഠനത്തിൽനിന്ന് പിന്നോട്ടടിക്കുന്നുണ്ട്. പലപ്പോഴും റിവാർഡുകളും അഭിനന്ദനങ്ങളുമാണ് കുട്ടികളെ ഗെയിമുകളിലേക്കും വീഡിയോ പ്ലാറ്റ്ഫോമുകളിലേക്കും എത്തിക്കുന്നത്. പഠനത്തിൽ ലഭിക്കാത്ത റിവാർഡുകളും അഭിനന്ദനങ്ങളും ഇന്റർനെറ്റിന്റെ ലോകത്ത് വളരെ പെട്ടെന്ന് തന്നെ ലഭിക്കുന്നു. പഠനത്തിൽ എന്തൊക്കെ ചെയ്താലും വീട്ടുകാരിൽനിന്നോ അധ്യാപകരിൽനിന്നോ നല്ല വാക്ക് കിട്ടാൻ ഏറെ പ്രയാസമാണ്. എന്നാൽ, ഇന്റർനെറ്റിന്റെ ലോകത്ത് അങ്ങനെയല്ല. പബ്ലിസിറ്റി, പണം, പ്രശസ്തി എല്ലാം ഒറ്റയടിക്ക് ലഭിക്കുന്നു. ഇതോടെ, പിന്നെന്തിന് പഠിക്കണം എന്ന ചിന്താഗതി പല കുട്ടികൾക്കും ഉണ്ടാകുന്നു. ഇത്തരത്തിൽ അഡിക്ട് ആയ ഒരു കുട്ടിക്ക് അതിൽനിന്ന് തിരിച്ചുവരിക ഏറെപ്രയാസമായിരിക്കും.
സുരക്ഷിതമായിട്ടുള്ള ഒരിടമായിട്ടാണ് കുട്ടികൾ പലപ്പോഴും വീഡിയോ പ്ലാറ്റ്‌ഫോമുകളേയും ഗെയിമുകളേയും കാണുന്നത്. പൊതു ഇടങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരും അറിയുന്നില്ല എന്നൊരു തോന്നൽ കൂടി കുട്ടികൾക്ക് ഉണ്ടാകുന്നു. പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടൽ കൂടിയാണ് അവർക്ക് ഈ പ്ലാറ്റ് ഫോമുകൾ. എന്തുവിളിച്ചു പറഞ്ഞാലും പ്രശ്നം ഇല്ല എന്ന തരത്തിലേക്ക് ഇവിടെ എത്തിപ്പെടുന്നതോടെ അവർ മാറുന്നു. സൗഹൃദങ്ങൾ കിട്ടുന്നു, തുറന്ന് സംസാരിക്കാൻ പറ്റുന്നുണ്ട്, ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട കാര്യമില്ല, സന്തോഷമായി ജീവിക്കാൻ പറ്റുന്നുണ്ട്. മത്സരങ്ങളിൽ കൂടി പണം ഉണ്ടാക്കുന്നുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ അവർ ഇ-ലോകത്ത് സന്തോഷവാന്മാരാണ്.
ഇത്തരത്തിൽ അടിമപ്പെട്ട ഒരു കുട്ടിയിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് കാണാറുള്ളത്. ഫോൺ കിട്ടാതെ വരുന്നതോടെ അക്രമാസക്തരാകുക, ഭക്ഷണം കഴിക്കാതിരിക്കുക, ആത്മഹത്യ പ്രവണത കാണിക്കുക തുടങ്ങിയ പല കേസുകളും ഉണ്ടാകാറുണ്ട്. പല ഗെയിമുകളും കുട്ടികളെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ വെടിവെപ്പിന് പിന്നിൽ കൂടുതലും കുട്ടികളാണ്. ഇവരിൽ പലരും ഗെയിമിന് അടിമപ്പെട്ടവരായിരിക്കാം. ഇവിടെ തോക്ക് കിട്ടുന്നില്ലെന്നേ ഉള്ളൂ. തോക്ക് കിട്ടിയാൽ ഇവിടെയും അമേരിക്കയിലേത് പോലെ സംഭവിച്ചേക്കാം.

അതേസമയം, ഇതിന് ഗുണവശങ്ങളുമേറെയുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ച കുട്ടികളെ വളരെയധികം ക്രിയേറ്റീവ് ആയി ചിന്തിപ്പിക്കുന്നുണ്ട്. പതിനഞ്ച് വയസിൽ താഴെയുള്ള കുട്ടികളൊക്കെ വളരെ അഡ്വാൻസ്ഡ് ആണ്. വീഡിയോ പ്ലാറ്റ്‌ഫോമുകളും ഗെയിമുകളും തീർത്തും പ്രശ്നക്കാർ എന്ന് പറയാൻ സാധിക്കില്ല. അത് ഉപയോഗിക്കുന്നവരുടെ രീതിയെ അനുസരിച്ചായിരിക്കും കാര്യങ്ങൾ. ഇത്തരം പ്ലാറ്റ്‌ഫോമുകൾ എങ്ങനെയാണ് ഉപയോഗിക്കുക, എത്തരത്തിലുള്ള വ്യക്തിത്വമുള്ള ആളുകളാണ് അത് ഉപയോഗിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാര്യങ്ങൾ. എല്ലാ കുട്ടികളേയും ഇത്തരത്തിൽ പ്രശ്നക്കാർ എന്ന് പറയാൻ സാധിക്കില്ല.
പല കുട്ടികളും സംസ്കാര പരമായും ഭാഷാപരമായും വളരെ ഏറെ പുരോഗതി വരിച്ചിട്ടുണ്ട്. ഇത്തരം പ്ലാറ്റ്‌ഫോമുകൾ അതിന് ഒരു പരിധിവരെ സഹായകരമായിട്ടുണ്ട്. എല്ലാത്തിനും നോ പറയുന്ന രക്ഷിതാക്കളും ഒരുപരിധിവരെ പ്രശ്നക്കാരാണ്. അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറയുന്ന രക്ഷിതാക്കളെ അംഗീകരിക്കാൻ കുട്ടികൾ മടിക്കും. അവർക്കൊപ്പം നിന്ന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് അതിന്റെ ഇരുവശങ്ങളും പറഞ്ഞ് മയത്തിൽ കുട്ടികളുമായി സംവദിച്ചാലേ കാര്യമുള്ളൂ.
നിരന്തരം ഫോൺ ഉപയോഗിക്കുന്നതിലൂടെ കുട്ടികൾക്ക് മാനസികമായും ശാരീരികമായും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. സ്ക്രീനിലെ ബ്ലൂ ലൈറ്റ് കണ്ണുകൾക്ക് പ്രശ്നമുണ്ടാക്കുമെന്നു മാത്രമല്ല, നിരന്തരം ഫോൺ ഉപയോഗിക്കുന്നത് നട്ടെല്ലിന് പ്രശ്നമുണ്ടാക്കാനുള്ള സാധ്യതയും ഉണ്ട്. ഫോണുകൾക്ക് അഡിക്ട് ആയ കുട്ടികൾക്ക് ഉറക്കമില്ലായ്മ പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്തരക്കാരിൽ ജീവിതശൈലിരോഗങ്ങൾ കൂടുതലായും കണ്ടുവരുന്നുണ്ട്. സാമുഹികമായ ഒറ്റപ്പെടൽ, മാനസിക സമ്മർദ്ദം, പഠിത്തത്തിൽ പിന്നോട്ട് പോകുക തുടങ്ങിയവ ഇത്തരത്തിലുള്ള കുട്ടികളിൽ കാണപ്പെടുന്നുണ്ട്' - കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇ മോചൻ ക്ലിനിക്കിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സന്ദീഷ്
കുട്ടികളുടെ അഡിക്ഷൻ തിരിച്ചറിയാം
വീഡിയോ/ ഇന്റർനെറ്റ്/ ഗെയിം തുടങ്ങിയവയ്ക്ക് കുട്ടി അഡിക്റ്റഡ് ആണോ എന്ന് എങ്ങനെ തിരിച്ചറിയാം? പെരുമാറ്റങ്ങളിൽ ഉണ്ടാകുന്ന ഏതൊക്കെ മാറ്റങ്ങളിൽ കൂടി കുട്ടി ഇത്തരത്തിലുള്ള അഡിക്ഷനുകളിൽ പെട്ടുപോയിട്ടുണ്ട് എന്ന് അറിയാൻ സാധിക്കും? രക്ഷിതാക്കൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? തുടങ്ങിയവയെക്കുറിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വർഷ വിദ്യാധരനുമായി സംസാരിച്ചതിൽ നിന്ന്:

മദ്യം, കഞ്ചാവ്, നിക്കോട്ടിൻ അടക്കം പതിനാലോളം ലഹരികളേയാണ് അഡിക്ഷൻ എന്നതിൽ എടുത്ത് പറഞ്ഞിരുന്നത്. പിന്നീട് ഇതിൽ, പെരുമാറ്റപരമായ മാറ്റങ്ങളും (Behavioural addiction) ഉൾപ്പെടുത്തി.
എന്താണ് പെരുമാറ്റപരമായുള്ള അഡിക്ഷൻ?: ഒരാൾക്ക്, അയാളുടെ ജീവിതത്തിൽ ഒരു കാര്യം തുടച്ചയായി ചെയ്യാനുള്ള ത്വര ഉണ്ടാകുന്നു, അത് ചെയ്യുന്നും ഉണ്ട്. ആ പെരുമാറ്റം കൊണ്ട് അയാൾക്ക് നിരവധി പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്നതാണ് ഈ പെരുമാറ്റം എന്ന കാര്യം അയാൾക്ക് അറിയാം. എന്നാൽ ഇതിൽനിന്ന് എത്ര ശ്രമിച്ചാലും വിട്ടുനിൽക്കാൻ സാധിക്കാതെ വരുന്നതാണ് ബിഹേവിയറൽ അഡിക്ഷൻ.
അതേസമയം, തിരക്കേറിയ ജീവിതത്തിൽ ഇടവേളകളിൽ മാനസികമായ വിശ്രമത്തിന് വേണ്ടി, അല്ലെങ്കിൽ ജോലിയിൽനിന്ന് കുറച്ച് നേരം ഒഴിവുസമയം എടുത്ത്, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ജീവിതത്തോടൊപ്പം മുന്നോട്ട് കൊണ്ടുപോകുന്ന പെരുമാറ്റവും മേൽപ്പറഞ്ഞ അഡിക്ഷനും തമ്മിൽ വളരെ ഏറെ വ്യത്യാസമുണ്ട്.
ഇന്റർനെറ്റ് അഡിക്ഷൻ, ഗെയിമിങ്: കുട്ടികൾ ഗെയിമിന്, അല്ലെങ്കിൽ ഇന്റർനെറ്റിന് അഡിക്ട് ആയിട്ടുണ്ട് എന്ന് തിരിച്ചറിയുന്നത് ഡി.എസ്.എം- 5 (Diagnostic and Statistical Manual of Mental Disorders, Fifth Edition ) പ്രകാരമാണ്.
ഗെയിമിങ്ങിലുള്ള അമിതാസക്തി, ഗെയിം കളിക്കാതിരിക്കുമ്പോൾ അമിതമായ ദേഷ്യം, വിഷമം, മുമ്പ് കളിച്ചതിനേക്കാൾ കൂടുതൽ നേരം കളിക്കണം എന്ന തോന്നൽ തുടങ്ങിയവയൊക്കെയാണ് ഇന്റർനെറ്റ് അല്ലെങ്കിൽ ഗെയിം അഡിക്ഷനുമായി ബന്ധപ്പെട്ട് ഡി.എസ്.എം -5-ൽ പറയുന്നത്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക്, സ്വയം നിയന്ത്രണം സാധ്യമല്ല. മുമ്പ് ചെയ്തിരുന്ന പല കാര്യങ്ങളിലും ശ്രദ്ധ ചെലുത്താൻ പറ്റുന്നില്ല. താൻ ചെയ്യുന്ന പ്രവൃത്തികൊണ്ട് ദൈനംദിന പ്രശ്നം ഉണ്ടെന്നറിഞ്ഞിട്ടും തുടർന്നു കൊണ്ടേയിരിക്കുന്നു, ഗെയിമുമായി ബന്ധപ്പെട്ട് രക്ഷിതാക്കളോടും ബന്ധുക്കളോടും നിരന്തരം പല കള്ളം പറയേണ്ടി വരുന്നു, കളിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് മൂഡ് ഒഴിവാക്കാൻ വേണ്ടി അവർ വീണ്ടും ഗെയിമിലേക്ക് തിരിയുന്നു, ജോലി, ബന്ധങ്ങൾ, കരിയർ, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ നഷ്ടപ്പെട്ടേക്കാം എന്നറിഞ്ഞിട്ടും ഇത് തുടർന്നു കൊണ്ടേയിരിക്കുന്നു.
മേൽപറഞ്ഞവയിൽ അഞ്ചോ അതിലധികമോ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴാണ് ഒരു കുട്ടിക്ക് ഇന്റർനെറ്റ് ഡിസോർഡർ ഉണ്ട് എന്ന് പറയാൻ സാധിക്കുന്നത്. ഗെയിം കളിക്കുന്ന, ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാ ആളുകൾക്കും ഡിസോർഡർ ഉണ്ട് എന്നല്ല അർത്ഥം. ഡി.എസ്.എം- 5 പ്രകാരം മേൽപറഞ്ഞവയിൽ അഞ്ച് ലക്ഷണങ്ങൾ ഒരാളിൽ ഉണ്ടായിരിക്കണം.
ഇന്റർനെറ്റിന്, ഗെയിമുകൾ അഡിക്ഷൻ ആകുന്ന സമയത്ത്, അവരുടെ മസ്തിഷ്കം, ന്യൂക്ലിയർ അക്യുംബൻസ്(Nucleus accumbens), ക്വാഡേറ്റ് ന്യൂക്ലിയസ് (caudate nucleus) തുടങ്ങി പലയിടങ്ങളിലും മാറ്റങ്ങൾ സംഭവിക്കുന്നു. ന്യൂറോ ട്രാൻസ്മിറ്റളുകളിലും അമിഗ്ഡാലയിലും (amygdala) അടക്കം വ്യത്യാസം വരുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
- അഡിക്ഷൻ ഗുരുതരമാകുന്ന കുട്ടികൾ: ചില പ്രത്യേക തരം പ്രകൃതക്കാർ, അരക്ഷിതാവസ്ഥയിലുള്ള, ഉത്കണ്ഠാ വൈകല്യമുള്ള, രക്ഷിതാക്കളുടെ സംരക്ഷണ വലയമില്ലാത്ത, കുടുംബബന്ധത്തിൽ വിള്ളലുള്ള, കുടുംബത്തിൽ പിന്തുണ ലഭിക്കാത്ത, മാനസിക സമ്മർദ്ദത്തിനടിമപ്പെട്ട കുട്ടികളിൽ ഉണ്ടാകുന്ന അഡിക്ഷനാണ് ഏറെയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
- ഫോൺ ഉപയോഗം പേടിക്കേണ്ടതില്ല: കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് കൊണ്ടോ അല്ലെങ്കിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് കൊണ്ടോ അവർ അതിന് അഡിക്ടാണ് എന്നു പറയാൻ പറ്റില്ല, പേടിക്കേണ്ടതും ഇല്ല. എന്നാൽ, ഉപയോഗ രീതി അഡിക്ഷൻ ലെവലിലേക്ക് ഉണ്ടോ, ഫോൺ ഉപയോഗം എത്ര നേരത്തേക്ക് ഉണ്ട്, എന്തൊക്കെയാണ് കുട്ടി കാണുന്നത്, ഏതൊക്കെ ഗെയിമുകളാണ് കുട്ടി നിരന്തരം കളിക്കുന്നത്, അവരുടെ വയസിന് അനുയോജ്യമായതാണോ ആ ഗെയിമുകൾ, ലൈംഗിക ഉള്ളടക്കങ്ങൾ ആ ഗെയിമിൽ അടങ്ങിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ നോക്കിയ ശേഷം മാത്രമേ അതിൽ എത്രത്തോളം പ്രശ്നമുണ്ട് എന്ന് തീരുമാനിക്കാൻ സാധിക്കൂ.
- ഒരു രാജ്യത്തിന് സിറ്റിസൺഷിപ്പ് ഉണ്ട് എന്നത് പോലെത്തന്നെ ഡിജിറ്റൽ സിറ്റിസൺഷിപ്പ് എന്ന ആശയം നിലനിൽക്കുന്നുണ്ട്. ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കാനുള്ള ആശയമാണ് ഇത്. ഈ കാര്യങ്ങൾ കുട്ടികൾക്ക് രക്ഷിതാക്കൾ പറഞ്ഞു കൊടുത്ത് അവർക്ക് കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയാണ് വേണ്ടത്.
- ഗ്രീൻ ടൈമും സ്ക്രീൻ ടൈമും ബാലൻസ് ചെയ്യുക: കുട്ടികളുടെഗ്രീൻ ടൈമും സ്ക്രീൻ ടൈമും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മൊബൈലിൽ കളിക്കാൻ സമയം കണ്ടെത്തുന്നത് പോലെത്തന്നെ കുറച്ചു സമയം പുറത്തിറങ്ങി കളിക്കാനും സമയം കണ്ടെത്തുക. പുറത്തു പോയി സിനിമ കാണുക, മറ്റുള്ള കുട്ടികളുമൊത്ത് പുറത്തിറങ്ങി കളിക്കുക, മറ്റുള്ളവരുമായി പരസ്പരം അഭിമുഖ സംഭാഷണങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുകയും അത് ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും വേണം.
- സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെക്കുറിച്ച് കുട്ടിക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽകുക. എത്തരത്തിലുള്ള ഉള്ളടക്കങ്ങളാണ്, ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ കുട്ടിക്ക് വ്യക്തത വരുത്തിക്കൊടുക്കുക. ഭാവിയിൽ പ്രശ്നമുണ്ടാകുന്ന തരത്തിലുള്ള പോസ്റ്റുകൾ പരമാവധി ഒഴിവാക്കാൻ കുട്ടിയോട് പറഞ്ഞു കൊടുക്കുക.
- ഓൺലൈനിൽ മാത്രമുള്ള കുട്ടികളുടെ സൗഹൃദം പ്രത്യേകം ശ്രദ്ധിക്കണം. ഓഫ്‍ലൈനിൽ പരിചയമില്ലാതെ ഓൺലൈനിൽ മാത്രം കണ്ടു പരിചയമുള്ളവരുമായി കൂട്ടുകൂടൽ കഴിവതും പ്രോത്സാഹിപ്പിക്കാതിരിക്കുക. ഏതെങ്കിലും തരത്തിൽ ഇത്തരത്തിലുള്ള ഓൺലൈൻ സുഹൃത്തുക്കൾക്ക് ഫോട്ടോസോ മറ്റോ അയച്ചു കൊടുക്കുന്നുണ്ടെങ്കിൽ അത് രക്ഷിതാക്കളുടെ അറിവോടു കൂടി മാത്രമായിരിക്കുക എന്ന കാര്യം ശ്രദ്ധിക്കുക. ഓഫ്‍ലൈനിൽ പരിചയമുള്ളവരോട് മാത്രം ഓൺലൈൻ ആയി പരിചയം വെക്കാൻ നിർദേശിക്കുക. ഓഫ്‍ലൈൻ ആയി സംസാരിക്കുന്നത് പോലെത്തന്നെ ഓൺലൈനിലും പെരുമാറാൻ കുട്ടികളെ ശീലിപ്പിക്കുക.
- ഇമെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടേയും മറ്റും പാസ്‍വേഡുകൾ സുരക്ഷിതമായി വെക്കുകയും അത് ആവശ്യമില്ലാത്ത ആളുകളുമായിട്ട് പങ്കുവെക്കരുത് എന്ന് കുട്ടികൾക്ക് നിർദേശം നൽകുക. ഇമെയിൽ, യൂസർ നെയിമുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം എന്ന കാര്യം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക. മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ, പേര്, അഡ്രസ്, ഫോൺ നമ്പർ, പാസ്‍വേഡ് അടക്കമുള്ളവയുടെ സുരക്ഷയെക്കുറിച്ച് പറഞ്ഞു കൊടുക്കുക. വിശ്വാസമില്ലാത്ത തരത്തിൽ ഓൺലൈൻ വഴി ആരെങ്കിലും സംസാരിക്കുന്നത് ശ്രദ്ധിയൽപെട്ടാൽ അത് തുടരാതെ എത്രയും പെട്ടെന്ന് രക്ഷിതാക്കളുമായോ വിശ്വസിക്കാൻ പറ്റുന്ന തരത്തിലുള്ള അടുപ്പക്കാരുമായോ വിവരം പങ്കുവെക്കുക.
- ഓൺലൈനിലെ എല്ലാ വിവരങ്ങളും ശരിയാണ്, സുരക്ഷിതമാണ് എന്ന് കരുതരുത്. ആർക്ക് എന്തും, എങ്ങനെ വേണമെങ്കിലും ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും. വായിച്ച ഉടനെ സത്യമാണ് എന്ന് ചിന്തിക്കുന്നതിന് പകരം പോസ്റ്റിലെ സത്യസന്ധതയെ ചോദ്യം ചെയ്ത ശേഷം പഠിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക.
- കോപ്പിറൈറ്റുള്ള, വയസ് പരിമിതിയുള്ള സൈറ്റുകൾ സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കുക. കിഡ്സ് സെക്യൂരിറ്റി, ഗൂഗിൾ ഫാമിലി ആപ്ലിക്കേഷനുകൾ തുടങ്ങിയവ ഉപയോഗിച്ച് ഇത്തരം സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ശ്രദ്ധിക്കുക.
- ദിവസത്തിലോ രണ്ടു ദിവസത്തിലൊരിക്കലോ കുട്ടികൾക്കൊപ്പമിരുന്ന് രക്ഷിതാക്കൾ ബ്രൗസ് ചെയ്യാം. സേഫ് സീക്രട്സും അൺസേഫ് സീക്രട്സും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. സേഫ് സീക്രട്സ് മാത്രമേ മനസ്സിൽ വെക്കാവൂ എന്നും അൺസേഫ് സീക്രട്സ് രക്ഷിതാക്കളുമായി പങ്കുവെക്കണമെന്ന് കുട്ടികൾക്ക് നിർദേശം നൽകുക. ഇതിനായി ഗാഡ്ജറ്റ് ഫ്രീ ടൈം വീടുകളിൽ ഉണ്ടാക്കിയെടുക്കുന്നത് വളരെ നല്ലതാണ്.
- സൈബർ ഹൈജീൻ എന്ന ആശയം കുട്ടികൾക്ക് പകർന്നു നൽകുക. സൈബർ ഇടങ്ങളിൽ സ്മാർട് ആക്കാൻ വയസ് അനുസരിച്ച് മാത്രം ഗാഡ്ജറ്റ് ഉപയോഗിക്കാൻ ചെറുപ്പം തൊട്ടെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. എത്തരത്തിലുള്ള ഗെയിമുകളാണ് കുട്ടികൾ കളിച്ചു തുടങ്ങേണ്ടത് എന്ന കാര്യം പറഞ്ഞു കൊടുക്കുക.
- സൈബർ ക്രൈം, സൈബർ ബുള്ളിയിങ്, ഡാറ്റാ കിഡ്നാപ്പ്, ഹാക്കിങ്, മാൽവെയർസ്, ലഹരി തുടങ്ങിയ കാര്യങ്ങൾ വലുതാകുന്നതിനനുസരിച്ച് കുട്ടികളുമായി രക്ഷിതാക്കൾ സംസാരിക്കുക. തെറ്റായ വിവരങ്ങൾ വേറെ സ്ഥലത്തുനിന്ന് കിട്ടുന്നില്ല എന്ന് ഉറപ്പാക്കാൻ വേണ്ടിയും പ്രശ്നങ്ങളിൽ ചെന്ന് പെടാതിരിക്കാനും ഇത് ഉപയോഗപ്പെടും.
- അടിസ്ഥാനപരമായ ഡിജിറ്റൽ അവയർനെസ് രക്ഷിതാക്കൾ നേടിയെടുക്കുക. കുട്ടികൾ കളിക്കുന്ന ഗെയിമുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിഞ്ഞിരിക്കുക. കുട്ടി കളിക്കുന്ന ഗെയിമിൽ പ്രശ്നം ഉണ്ടോ എന്നറിയാൻ കണ്ടന്റ് റെഗുലേറ്ററി ബോർഡിലെ നിർദേശങ്ങൾ നോക്കിയാൽ മതി. https://www.esrb.org/ പോലെയുള്ള സൈറ്റുകളിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്താൻ സാധിക്കും. അല്ലെങ്കിൽ ഗൂഗിളിൽ തന്നെ തിരയാവുന്നതാണ്.
- ഡിജിറ്റൽ വീഡിയോകൾ കുട്ടികൾ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കളുടെ മേൽനോട്ടം എപ്പോഴും ഉണ്ടായിരിക്കണം. മൂന്ന് വയസിന് താഴെ ആണെങ്കിൽ സ്ക്രീൻ ടൈം പ്രോത്സാഹിപ്പിക്കരുത്. മുതിർന്ന കുട്ടികളാകുമ്പോൾ സമയം കൂടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത്തരത്തിൽ ദിവസങ്ങളോളം കുട്ടി സ്ക്രീനിലേക്ക് ഒതുങ്ങിയിരിക്കുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ദന്റെ നിർദേശം എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കണം.
നമുക്ക് ചെയ്യാൻ സാധിക്കുന്നത്
വീഡിയോകൾക്കും ഗെയിമുകൾക്കും ഇന്റർനെറ്റുകൾക്കും അടിമപ്പെട്ട് ചികിത്സ തേടാനെത്തുന്നവരിൽ ഭൂരിഭാഗം പേരും 14- 16 വയസിനിടയിലുള്ളവരാണെന്നാണ് ഡി- അഡിക്ഷൻ സെന്ററിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിൽനിന്ന് വ്യക്തമാക്കുന്നത്. കുട്ടികൾക്ക് അഡിക്ഷനാണ് എന്ന് തിരിച്ചറിഞ്ഞ രക്ഷിതാക്കളാണ് ഇവരെ ഡി- അഡിക്ഷൻ സെന്ററുകളിൽ എത്തിക്കുന്നത്. കൂടുതലായും 16 വയസിലുള്ള കുട്ടികളാണ് ഇതിൽ. പഠനത്തിൽ കുട്ടികൾ പിന്നോട്ട് പോകുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുന്നതോടെയാണ് രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങുന്നത്.
ഓരോ പ്ലാറ്റ്‌ഫോമും കുട്ടികളെ നിയന്ത്രിക്കാൻ വേണ്ടി ആപ്ലിക്കേഷനും അവതരിപ്പിച്ചുണ്ട്. പാരന്റിങ് ആപ്പുകൾ കുട്ടികളുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണം സാധ്യമാക്കാം എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, പല കുട്ടികളും ഉപയോഗിക്കുന്നത് രക്ഷിതാക്കളുടെ ഫോണോ അല്ലെങ്കിൽ രക്ഷിതാക്കളുടെ മെയിൽ ഐ.ഡിയോ ആയിരിക്കും. അതുകൊണ്ട് തന്നെ മുതിർന്നവർ കാണേണ്ട വീഡിയോകൾ ചെറിയ കുട്ടികളും കാണാൻ സാധിക്കുന്ന തരത്തിലാണ്.
ഡി- അഡിക്ഷൻ സെന്ററുകളെക്കുറിച്ചും അഡിക്ഷൻ പ്രശ്നങ്ങളെക്കുറിച്ചും അവബോധരല്ലാത്ത എത്രയോ രക്ഷിതാക്കളും കുട്ടികളും ഇപ്പോഴും നമുക്കിടയിൽ ഉണ്ട്. അവർക്ക് വേണ്ട അവബോധം നൽകാൻ സാധിക്കണമെന്ന് ഡി - അഡിക്ഷൻ സെന്ററിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഡി - അഡിക്ഷൻ സെന്ററിലെ ഉദ്യോഗസ്ഥർ മുമ്പോട്ട് വെക്കുന്ന നിർദേശങ്ങൾ:
- ജില്ലകൾ, താലൂക്കുകൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസുകൾ നൽകുക.
- കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മുന്നറിയിപ്പ് നൽകുക.
- കുട്ടികൾക്ക് തുറന്നു സംസാരിക്കാനുള്ള ഇടം സ്കൂളുകളിൽ ഒരുക്കിക്കൊടുക്കണം. പലപ്പോഴും കുട്ടികൾക്ക് അധ്യാപകരോടോ അല്ലെങ്കിൽ രക്ഷിതാക്കളോടോ പറയാൻ പറ്റാത്ത കാര്യങ്ങൾ ഒരു പക്ഷെ അവർക്കിടയിലുള്ള സുഹൃത്തുക്കളോട് പങ്കുവെക്കാൻ സാധിച്ചേക്കും. ഇത്തരത്തിലുള്ള സാഹചര്യത്തിൽ കുട്ടികൾക്കിടയിൽനിന്ന് തന്നെ പരസ്പര ആശയവിനിമയത്തിനുള്ള സാഹചര്യങ്ങൾ സ്കൂളുകളിൽ ഉണ്ടാക്കിയെടുക്കുക.
- കുട്ടികൾക്ക് തുറന്നു പറയാൻ സാധിക്കുന്ന തരത്തിൽ, അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പാകത്തിൽ സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുക.
- രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളാകുക.
- നോ പറയേണ്ട സമയത്ത്, അത് എന്തുകൊണ്ടാണ് അരുത്, അല്ലെങ്കിൽ വേണ്ട എന്ന് പറയേണ്ടി വന്നത് എന്ന കാര്യം വിശദീകരിച്ച് കൊടുക്കുക.
- എല്ലാ സ്കൂളുകളിലും കൗൺസിലർമാർ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
- ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ബാങ്ക് വിവരങ്ങൾ, ഇടപാടുകൾ നടത്തുമ്പോൾ കുട്ടികളുടെ കൂടെ നിന്നുകൊണ്ട് രക്ഷിതാക്കൾ നിർദേശങ്ങൾ നൽകുക.
കുറ്റം, നിയമം, ശിക്ഷ
സൈബർ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ശക്തമായ നിയമമാണ് നിലവിലുള്ളത്. ലഹരി ഉപയോഗം, അശ്ലീലം അടക്കമുള്ളയ്ക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ സംബന്ധിച്ചുള്ള പരാതികൾ അതാത് പ്ലാറ്റ്‌ഫോമുകളും നടപടി സ്വീകരിക്കാറുണ്ട്. ക്രിമിനൽ അഭിഭാഷകനായ ബേസിൽ ചാണ്ടി വാവച്ചനുമായി സംസാരിച്ചതിൽ നിന്ന്:
കമ്പ്യൂട്ടർ, നെറ്റ്‌വർക്കുകൾ അല്ലെങ്കിൽ ഇന്റർനെറ്റ് എന്നിവ ഉപയോഗിച്ച് ചെയ്യുന്ന ഏതൊരു ക്രിമിനൽ പ്രവർത്തനത്തെയും സൈബർ ക്രൈം ആയി കരുതാം. സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 (ഐ.ടി. ആക്ട്), ഇന്ത്യൻ പീനൽ കോഡിലെ ചില വകുപ്പുകൾ പ്രകാരമാണ്. ഇന്റർനെറ്റിലൂടെ ലൈംഗിക ഉള്ളടക്കമുള്ളതും, ടോർച്ചറിങ്, അക്രമണ സ്വഭാവമുള്ളവയും, കുട്ടികളുടെ സുരക്ഷക്ക് കോട്ടം തട്ടുന്നതുമായ വീഡിയോ അപ്ലോഡ് ചെയ്യുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും, മറ്റു ഇന്റർനെറ്റിലൂടെ ഉള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെയുമാണ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും, അതോടൊപ്പം മറ്റു ബന്ധപ്പെട്ട ആക്ടുകളും ചേർത്ത് കേസ് എടുക്കുക. നിലവിലുള്ള നിയമങ്ങൾ വളരെ ശക്തമാണ്. അപ്ലോഡ് ചെയ്യുന്ന പോസ്റ്റുകളുടെ ഉള്ളടക്കം തങ്ങളുടെ പോളിസിക്ക് എതിരാണോ അല്ലയോ എന്ന് അതാത് പ്ലാറ്റ്‌ഫോമുകൾക്ക് അറിയാൻ സാധിക്കും. അത്തരം വീഡിയോകൾ നീക്കം ചെയ്യുന്നതടക്കമുള്ള നടപടികൾ കമ്പനികളുടെ ഭാഗത്ത് നിന്ന് സ്വീകരിക്കാറുണ്ട്.

നല്ല രീതിയിൽ ഉപയോഗിക്കാൻ വേണ്ടിയാണ് എല്ലാ സംവിധാനങ്ങളും, അതാത് കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്. നല്ല വശങ്ങളും ദൂഷ്യവശങ്ങളും ഉണ്ട്. അത് എങ്ങനെയാണോ തെറ്റായി ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ രീതി. സോഷ്യൽ മീഡിയയിൽ കൂടിയുള്ള അധിക്ഷേപം, അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ തുടങ്ങിയവയ്ക്കെതിരേ നേരത്തെ, ഐ.പി.സി. സെക്ഷൻ പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഐ.ടി. ആക്ട് നിലവിൽ വന്നതോടെ, സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവക്കെതിരേ നിയമങ്ങൾ ശക്തമാണ്.
ഐ.പി.സി. അല്ലാത്ത ഐ.ടി. ആക്ടുകളും മറ്റു ആക്ടുകളിൽ പലതും മൂന്നു വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന എല്ലാ കേസുകളും ജാമ്യമില്ലാ കുറ്റമാണ്. എന്നാൽ, ഐ.പി.സിയിൽ മൂന്നു കൊല്ലത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന എല്ലാ കേസുകളും ജാമ്യമില്ലാ കുറ്റമാകണമെന്നില്ല. ഐ.ടി ആക്ടിലേക്ക് എത്തുമ്പോൾ മൂന്നു കൊല്ലത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന എല്ലാ കേസുകളും ജാമ്യമില്ലാ കുറ്റമായി മാറും. ചെയ്ത കുറ്റം നോക്കിയായിരിക്കും വകുപ്പുകൾ നിശ്ചയിക്കപ്പെടുക.
ഓരോ പ്ലാറ്റ്‌ഫോമിനും അതിന്റേതായ പരിമിതികൾ ഉണ്ട്. നല്ല ഉദ്ദേശത്തിലാണ് വീഡിയോ ചെയ്യുന്നതെങ്കിൽ, പ്രതികരിക്കുന്നതെങ്കിൽ നല്ലത് തന്നെയാണ്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ആരെങ്കിലും ഇത്തരത്തിലുള്ള വീഡിയോ പ്ലാറ്റ് ഫോമുകളെ ഉപയോഗിച്ചാൽ ഐ.ടി. ആക്ട് പ്രകാരവും എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുക്കാം.
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചിട്ട് കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പല കേസുകളിലും കാലതാമസം വരാറുണ്ടായിരുന്നു. പരിമിതങ്ങളായ സംവിധാനങ്ങളായിരുന്നു കുറച്ചു കാലം വരെ. ഇപ്പോൾ സാങ്കേതികമായി ഒരുപാട് മുന്നേറിയിട്ടുണ്ട്.
- സൈബറിടങ്ങളിൽ കുട്ടികൾക്കെതിരേ അധിക്ഷേപ തരത്തിലുള്ള, ലൈംഗിക പരമായ വീഡിയോകൾ പോസ്റ്റുകൾ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികൾക്കെതിരേയുള്ള കണ്ടന്റുകൾ അപ്ലോഡ് ചെയ്യുന്നത്, ഇൻഫർമേഷൻ ടെക്നോളജി ആക്ട് (ഐ.ടി.), 2000, സെക്ഷൻ 67 ബി, സെക്ഷൻ 13, 14 പോക്സോ ആക്ട് പ്രകാരം കേസെടുക്കാവുന്ന കുറ്റങ്ങളാണ്. കേസുകളുടെ സ്വഭാവമനുസരിച്ചായിരിക്കും ഓരോ വകുപ്പുകൾ ചേർക്കുക.
- ആരെങ്കിലും കുട്ടികൾക്കെതിരേ സൈബറിടങ്ങളിൽ ലൈംഗികപരമായ വീഡിയോ, ഓഡിയോ, എഴുത്ത്, ചിത്രങ്ങൾ തുടങ്ങി കണ്ടന്റുകൾ പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചു വർഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ്. ആവർത്തിക്കപ്പെട്ടാൽ വീണ്ടും ഏഴുവർഷം വരെ കഠിന തടവും പത്ത് ലക്ഷം രൂപവരെ പിഴയും ഈടാക്കാം.
- സെക്ഷൻ, 67, 67 എ, ഐ.ടി ആക്ട് പ്രകാരവും ഐ.പി.സി വകുപ്പുകളും ഇത്തരം കേസുകളിൽ ചുമത്താറുണ്ട്. സെക്ഷൻ 499, സെക്ഷൻ 500 പ്രകാരവും കേസ് എടുക്കാവുന്നതാണ്. അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കണ്ടന്റുകൾ സൈബർ ഇടങ്ങളിൽ അപ്ലോഡ് ചെയ്യുന്നത് കുട്ടികളിൽ മാത്രം ഒതുങ്ങുന്നതല്ല, സമാന വകുപ്പുകൾ മുതിർന്നവരുടെ കേസുകളിലും ഉപയോഗിക്കുന്നുണ്ട്.
സാങ്കേതികവിദ്യകൾ ലോകത്തെ നയിക്കുമ്പോൾ അതനുസരിച്ചുള്ള ജീവിതശൈലിയിലേക്ക് മാറാൻ നമ്മൾ ബാധ്യസ്ഥരാണ്. എന്നാൽ, ജീവിതശൈലിയിലെ മാറ്റങ്ങൾക്കൊപ്പം തന്നെ ഇത്തരം സാങ്കേതികവിദ്യകളുടെ നല്ലതും ചീത്തയുമായ വശങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അവബോധങ്ങളും ആവശ്യമായി വരും. കുട്ടികൾ ജീവിതത്തിൽ ഒറ്റപ്പെട്ടവരായി, നാല് ചുമരുകൾക്കുള്ളിൽ ഇന്റർനെറ്റിന്റെ ലോകത്ത്, വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ അഭിരമിക്കുന്നവരായി മാത്രം തളച്ചിടപ്പെട്ടവരാകാതിരിക്കാൻ വേണ്ടി, പുതുതലമുറയുടെ ഭാവിക്ക് വേണ്ടി സാങ്കേതിക മേഖലയിലെ നിയമവശങ്ങളിലും അവബോധങ്ങളിലും സാമൂഹിക ചുറ്റുപാടിലും പല മാറ്റങ്ങളും വേണ്ടി വരും. ഇതൊക്കെ കണ്ടറിഞ്ഞ് എത്രയും പെട്ടെന്ന് ആവശ്യമായത് ചെയ്യുക എന്നത് ഭരണകൂടത്തിന്റെയും നമ്മുടെ ഓരോരുത്തരുടേയും ബാധ്യതയാണ്.

‘സാങ്കേതിക മേഖലയിൽ കേരളം വളരെ ഏറെ അഡ്വാൻസ്ഡ് ആണ്. ഇപ്പോൾ ശരിയായ രീതിയിൽ അവബോധം സൃഷ്ടിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ പ്രതിസന്ധിയിലെത്തും. ജപ്പാനിൽ നടപ്പാക്കിത്തുടങ്ങിയ സൊസൈറ്റി 5.0 കൺസെപ്റ്റിനെക്കുറിച്ച് കേരളത്തിലും കാര്യമായി ചർച്ച ചെയ്യേണ്ടതുണ്ട്’- സാങ്കേതിക വിദഗ്ധനും Building Smart Robots using ROS എന്ന പുസ്തകത്തന്റെ രചയിതാവുമായ റോബിൻ ടൊമ്മി പറയുന്നു.
പ്രതീക്ഷ...
'ഏറ്റവും വലുത് ന്റെ മ്മയാണ്. മ്മാക്ക് വേണ്ടീട്ടാണ് ഞാൻ ഗെയിം നിർത്തിയത്'. മാസങ്ങളോളം ഗെയിമിന് അടിപ്പെട്ട് ഒടുവിൽ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചെത്തിയ തൃശ്ശൂരിലെ എഴാം ക്ലാസുകാരൻ ഹംദാന്റെ വാക്കുകളാണ്.
'എട്ട് മാസത്തോളം മുഴുവനായും ഗെയിമിന് അഡിക്ടായിരുന്നു. പരീക്ഷയ്ക്ക് വേണ്ടി പഠിക്കാൻ ഉമ്മ വിളിക്കുമ്പോൾ, പഠിക്കാം, പക്ഷെ ഗെയിം കളിക്കാൻ മൊബൈൽ തരണമെന്ന് പറയും. പഠിച്ചു കഴിഞ്ഞാ കിടക്കുന്ന നേരത്ത് അരമണിക്കൂർ മുതൽ ഒരു മണിക്കൂറോളം ഗെയിം കളിക്കാൻ മൊബൈൽ തരും. ഇത് സ്ഥിരമായി. പിന്നെ സ്കൂളിൽനിന്ന് തിരിച്ചു വന്നാൽ ഫോണെടുത്ത് കളിക്കാൻ ഇരിക്കും.'
'ഗെയിം കളിക്കുമ്പോൾ ഒരു ത്രില്ലാണ്. ജയിക്കുമ്പോൾ വീണ്ടും ഒന്നുകൂടി കളിക്കാൻ. തോറ്റാൽ അതിന്റെ ദേഷ്യം ഉണ്ടാകും. ജയിക്കാൻ വേണ്ടിയുള്ള വാശി കൂടും. ദേഷ്യമുള്ള മനസ്സായി മാറും. തർക്കങ്ങളൊക്കെ ഉണ്ടാകും. നന്നായി ദേഷ്യം പിടിച്ച് സംസാരിക്കാനൊക്കെ തുടങ്ങി. പിന്നീട് മ്മാക്ക് വേണ്ടീട്ട് ഗെയിം നിർത്തി. ഗെയിമ് കളിക്കുമ്പോൾ ദേഷ്യത്തോടുള്ള മനസ്സായിരിക്കും. ഗെയിം നിർത്തിയാലും വീണ്ടും കളിക്കാനുള്ള തോന്നും. എന്നാൽ, ഗെയിം നിർത്തി ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞാൽ ഫ്രീ ബേഡിനെ പോലെ ഫീൽ ചെയ്യും' -ഹംദാൻ ക്ലബ് എഫ്.എം. കേരളയുടെ പരിപാടിയിൽ വെച്ച് ആർ.ജെ. അച്ചുവിനോട് പറഞ്ഞത്.
ഇ – ബോധമുള്ള ഒരു തലമുറ നമുക്കിടയിൽ വളർന്നു വരട്ടെ, അതിനായി നമുക്കും പ്രയത്നിക്കാം.
ഡി – ഡാഡ്: ഇന്റർനെറ്റിനും ഗെയിമിനും അടിമപ്പെട്ട കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സർക്കാരിന്റേയും കേരള പോലീസിന്റെയും ഡി- അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പഠിപ്പിക്കാനും വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് കേരള പോലീസിന്റെ കീഴിലുള്ള 'ഡി-ഡാഡ്' എന്ന പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ആറ് നഗരങ്ങളിലായിട്ടാണ് ഇപ്പോൾ ഇതിന്റെ പ്രവർത്തനം. ഭാവിയിൽ എല്ലാ നഗരങ്ങൾ കേന്ദ്രീകരിച്ചും പദ്ധതി വിപുലീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇ- മോചൻ: കോഴിക്കോട് കുതിവട്ടം മാനസികാരോഗ്യ കേന്ദ്രം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ഇ - മോചൻ' കുട്ടികളിലെ ഇന്റർനെറ്റ്, ഗെയിം ഉപയോഗങ്ങൾക്ക് അടിമപ്പെട്ടവരെ പുതുജീവൻ നൽകാൻ വേണ്ടി രൂപം കൊടുത്ത പദ്ധതിയാണ് ഇത്. ചിരി: കുട്ടികളുടെ സംരക്ഷണവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട വിവിധ വകുപ്പുകളുടെ സംയോജിത ഇടപ്പെടുലുകൾ മുഖേന, വിഷമാവസ്ഥയിലുള്ള കുട്ടികൾക്ക് മാനസിക ആരോഗ്യ പിന്തുണ പ്രദാനം ചെയ്യുന്നതാണ് കേരള പോലീസ് രൂപം കൊടുത്ത 'ചിരി' പദ്ധതി. കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, വൈകാരികവും, വ്യക്തിപരവുമായ പ്രശ്നങ്ങൾ, പഠന പ്രശ്നങ്ങൾ, ശാരീരികമായ വെല്ലുവിളികൾ എന്നിവ തിരിച്ചറിയുകയും, വേണ്ടവിധം പരിഹരിക്കപ്പെടുകയും ചെയ്യുക.എല്ലാ കുട്ടികളുടെയും ക്ഷേമം ഉറപ്പുവരുത്തുക. തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. കോവിഡ് പ്രതിസന്ധിയുടെ കാലത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. |
Reference
|
ഭാഗം 02: ഒരു Hi മതി; ലഹരിവസ്തു ഇൻബോക്‌സിലെത്തും വീട്ടുമുറ്റത്തും; കുട്ടികളും ഇര | പരമ്പര 02
(അവസാനിച്ചു)
Content Highlights: what is solution for internet addiction children specialist talk ingane mathiyo e bodham
Published: 05 Aug 2023, 06:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented