കുമ്പള വഴി വരികയാണെങ്കില്‍ ബദിയടുക്കയില്‍നിന്ന് ഏഴു കിലോ മീറ്ററിലേറെയുണ്ട് ഉക്കിനടുക്കയിലേക്ക്. പുത്തൂറിലേക്ക് പോകുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സിയോ അല്ലെങ്കില്‍ കേരള ആര്‍.ടി.സിയോ പിന്നെ മണിക്കൂറൊന്നോ രണ്ടോ ഇടവിട്ടുള്ള പ്രൈവറ്റ് ബസോ കേറി വേണം ഉക്കിനടുക്കയിലെത്താന്‍. രാവിലെത്തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടതാണ്. ബൈക്കിലായിരുന്നു യാത്ര എന്നതിനാല്‍ ബസിനെ അധികം ആശ്രയിച്ചില്ല. എന്നാല്‍, ബസിന്റെ സമയക്രമവും ഏതൊക്കെ ബസുകളാണ് പോകുന്നതെന്നും മണിക്കൂറുകളോളം കാത്തിരുന്ന് മനസ്സിലാക്കിവെച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്ന അത്യധികം മനോഹരമായ വലിയ ബോര്‍ഡുകളോ ആള്‍ക്കൂട്ടങ്ങളോ കടകളോ എന്തിന് ഒരു ബസ്‌സ്റ്റോപ്പ് പോലുമില്ലാത്തിടത്താണ് യാത്ര ചെന്നവസാനിച്ചത്. ഇടതുവശത്തേക്കുള്ള വീതികൂടിയ റോഡിന്റെ ഓരത്തായി പച്ച ബോര്‍ഡില്‍ മെഡിക്കല്‍ കോളേജിന്റെ ഒരു ബോര്‍ഡ് തൂങ്ങിക്കിടപ്പുണ്ട്. അതുവഴി നേരെ പോയി. ഏറെ സഞ്ചരിക്കേണ്ടി വന്നില്ല, ആള്‍പാര്‍പ്പില്ലെന്ന് തോന്നിപ്പിക്കുന്ന വഴിയുടെ ഓരത്തായി കൂറ്റന്‍ കെട്ടിടങ്ങള്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി, കൊട്ടിഘോഷിക്കപ്പെട്ട കേരള നമ്പര്‍ വണ്‍ ആരോഗ്യമേഖലയിലെ, കാസര്‍കോടിന്റെ ആരോഗ്യസ്ഥിതി.

To advertise here,

ആരെയോ കാത്ത് അക്ഷമരായിരിക്കുന്ന തേച്ച് മിനുക്കിയൊതുക്കി അങ്ങിങ്ങായി കല്ലിളകിത്തുടങ്ങിയ കൂറ്റന്‍ കെട്ടിടത്തിന്റെ തൊട്ടപ്പുറത്ത് പണികഴിപ്പിച്ച അത്യാവശ്യം സൗകര്യമുള്ള, എന്നാല്‍, മെഡിക്കല്‍ കോളേജ് എന്ന് പറയത്തക്ക സൗകര്യമൊന്നുമില്ലാത്ത ഒരു കെട്ടിടം. രോഗികള്‍ക്കായുള്ള പാര്‍ക്കിങ് ഏരിയയില്‍ കഷ്ടിച്ച് അഞ്ച് കാര്‍, അതില്‍ കൂടില്ല, ഒരു ഓട്ടോ പിന്നെ ഞാന്‍ കൊണ്ടുവെച്ച ഒരു ബൈക്ക്. ആകെ ആറ് വാഹനങ്ങള്‍. മെഡിക്കല്‍ കോളേജ് തന്നെ ആണോ എന്ന് ഒന്നുകൂടി ഉറപ്പുവരുത്താന്‍ വേണ്ടി ആശുപത്രിയില്‍നിന്ന് ഇറങ്ങി വരുന്ന ആളോട് ചോദിച്ചു:
:'ഡോക്ടറുണ്ടോ?'
:'ഉണ്ട്.' മറുപടി കേട്ടപ്പോള്‍ ആശ്വാസമായി, തെറ്റിയില്ല. എത്തിയിരിക്കുന്നത് കൃത്യസ്ഥലത്ത് തന്നെ.
:'എന്താ പറ്റിയെ?'
:'ഓന് ഒന്ന് വീണതാ, ഗോള്‍ സേവ് ആക്കാന്‍ നോക്കീതാ.' കഴുത്തില്‍ കൂടി കൈ കെട്ടിയിട്ടിരിക്കുന്ന കുട്ടിയെ കാണിച്ച് അയാള്‍ പറഞ്ഞു.
:'ഡോക്ടര്‍ എന്തു പറഞ്ഞു?'
:'മരുന്നൊക്കെ കുറിച്ച് തന്നു. കുറച്ച് റെസ്റ്റെടുക്കാനും പറഞ്ഞു.'
:'തിരക്കുണ്ടോ.' ഞാന്‍ വീണ്ടും ചോദിച്ചു.
:'ഏയ്, അധികമാരും ഇല്ല വേഗം കിട്ടും.' ഞാന്‍ ചിരിച്ചു, അയാളും. അവര്‍ നടന്നു നീങ്ങി. പാര്‍ക്ക് ചെയ്ത കാറില്‍ ഒന്നില്‍ കേറി അവര്‍ പോയി.

placeholder
മെഡിക്കൽ കോളേജിലേക്ക് രോഗികളുമായെത്തിയ വാഹനങ്ങൾ | ഫോട്ടോ: സാബി മുഗു

ഞാന്‍ നേരെ ഒ.പി. കൗണ്ടറിനടുത്തേക്ക് നീങ്ങി. കൗണ്ടറിന് തൊട്ടടുത്ത് തന്നെ ഒരു വെള്ള ബോര്‍ഡില്‍ ഏതൊക്കെ ഡോക്ടര്‍മാര്‍ ഏതൊക്കെ ദിവസങ്ങളില്‍ ഇരിക്കും എന്നെഴുതിവെച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു ഞാന്‍ ചെന്നത്. ജനറല്‍, മെഡിസിന്‍, ഡെര്‍മറ്റോളജി, ഡെന്റല്‍, പീഡിയാട്രിക് തിങ്കളാഴ്ച ഉണ്ടെന്ന് എഴുതിവെച്ചിട്ടുണ്ട്. ന്യൂറോളജി, നെഫ്രോളജി, പള്‍മനോളജി, സൈക്കാട്രി, ഇ.എന്‍.ടി. ഒ.പി. തിങ്കളാഴ്ച ഉണ്ടാവില്ലെന്നും. നേരെ കൗണ്ടറിനടുത്തേക്ക് ചെന്നു. ഒരു ഒ.പി. ടിക്കറ്റ് വാങ്ങി. 86 എന്ന് ക്രമനമ്പര്‍ രേഖപ്പെടുത്തി എന്റെ പേരും വയസും എഴുതിത്തന്നു. അതായത്, എന്നേക്കാള്‍ മുമ്പേ വെറും 85 രോഗികള്‍ മാത്രമാണ് ഇന്നേ ദിവസം വന്നുപോയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആണെന്നോര്‍ക്കണം. തൊട്ടടുത്തുള്ള ബദിയടുക്ക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റഫില്‍ 300ലേറെ പേരാണ് ദിനേന എത്തുന്നത്. ചിലപ്പോഴൊക്കെ അഞ്ഞൂറും കടന്നു പോകാറുണ്ട് രോഗികളുടെ എണ്ണം.

അവിടവിടെയായി ഏറെനേരം ചുറ്റിക്കറങ്ങിയശേഷം നേരെ ഡോക്ടറുടെ മുറിയിലെത്തി. നീണ്ട കോലായുടെ അങ്ങേ തലക്കല്‍ ഡോക്ടര്‍മാരിരുന്ന് നേരത്തെ പോയ രോഗികളെ പരിശോധിക്കുന്നുണ്ട്. ഞാനും ചെന്നിരുന്നു. ശേഷം, ഏറെനേരം അവിടെയൊക്കെ ചുറ്റിക്കണ്ടശേഷം പതിയെ പുറത്തിറങ്ങി. ആള്‍പ്പാര്‍പ്പില്ലാത്ത മറ്റു കെട്ടിടങ്ങളിലേക്കും മുറികളിലേക്കും കയറിയിറങ്ങിയ ശേഷം പാര്‍ക്കിങ് ഏരിയയിലേക്ക് എത്തി. ബൈക്ക് എടുക്കുന്ന നേരത്ത്'ഞാനും ഉണ്ട്, എന്നെ ഒന്ന് ബസ് സ്റ്റാന്‍ഡ് വരെ ആക്കിത്തര്യോ?' എന്ന് പിന്നില്‍ നിന്നൊരു ചോദ്യം. ചിരിച്ചുകൊണ്ട് ഞാന്‍ വണ്ടി നിര്‍ത്തി. അയാള്‍ പിന്നില്‍ കയറി.
:'ഇവിടെ ജോലി ചെയ്യുകയാണോ?' വണ്ടി മുന്നോട്ട് എടുത്ത് കൊണ്ട് ഞാന്‍ ചോദിച്ചു.
:'അല്ല, ഇവിടെ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് വന്നതാ.'
:'അഡ്മിഷനോ?' ആകാംക്ഷയോടെ അയാളോട് തിരിച്ചു ചോദിച്ചു.
:'ഒന്നും പറയണ്ട, അതൊക്കെ ഒരു കഥയാ. മകള്‍ക്ക് നഴ്‌സിങ്ങിന് സീറ്റ് കിട്ടിയത് ഇവിടെയാ. ഇവിടെ വന്ന് നോക്കിയപ്പോഴാണ് അറിയുന്നത് ഇത് ഇങ്ങനെ ഉള്ള ഒരു സ്ഥലമാണ് എന്ന്. ആവശ്യത്തിന് സൗകര്യം പോലും ഇല്ല. പിന്നെ ഞാന്‍ എങ്ങനെയാണ് എന്റെ മകളെ ഇവിടെ പഠിപ്പിക്കുക?'
:'അല്ല നിങ്ങളുടെ സ്ഥലം എവിടെയാ?'
:'ഞാന്‍ നിലമ്പൂരാ. ഇന്നലെ രാത്രി വന്നതാ. രാവിലെ ഏഴ് മണിമുതല്‍ ഇവിടെ കാത്തിരിക്കുന്നുണ്ട്. അവള്‍ക്ക് ആദ്യത്തെ ഓപ്ഷന്‍ കിട്ടിയത് ഇവിടെയാ. വന്ന് നോക്കിയപ്പോള്‍ തന്നെ വേണ്ടെന്ന് വെച്ചു. പുതിയ അലോട്ട്‌മെന്റില്‍ കോട്ടയത്ത് കിട്ടിയിട്ടുണ്ട്. ഇവിടെനിന്ന് ഡോക്യുമെന്റ്‌സ് വാങ്ങി ഇന്ന് തന്നെ കോട്ടയത്ത് എത്തിക്കണം. ഇന്ന് അവസാന ദിവസമാണ്.'- അയാള്‍ സങ്കടത്തോടെ പറഞ്ഞു.
:'അല്ല നേരമിത്രയായില്ലേ ഇനി അവിടെ എത്തോ?'-
എന്റെ ചോദ്യത്തിന് അയാള്‍ ദയനീയമായി ഒന്നുമൂളുക മാത്രമാണ് ചെയ്തത്.
ബസ് സ്റ്റോപ്പിലിറക്കിക്കഴിഞ്ഞ ശേഷം കുറച്ചു നേരം ഞാന്‍ അവിടെത്തന്നെ നിന്നു. ബസ് സ്റ്റോപ്പ് എന്ന് പറയാനായിട്ട് ഒന്നുംതന്നെ ഇല്ലെന്ന് ഞാന്‍ ആദ്യം പറഞ്ഞല്ലോ. ഒരു ചെറുകുടില്‍ ചായക്കടയുണ്ട്. അതിന് മുമ്പില്‍ ഒരു മരം. അവിടെ ബസ് നിര്‍ത്തും. അത്രയേ ഉള്ളൂ.

കുറച്ചു ദൂരത്ത് മാറിനിന്ന് അയാള്‍ ആരെയൊക്കെയോ ഫോണ്‍ വിളിക്കുന്നു.സങ്കടപ്പെടുന്നു, സ്ഥലകാലം മറന്ന് എന്തൊക്കെയോ ഉച്ചത്തില്‍ പറയുന്നുണ്ട്. ഫോണ്‍ വെച്ച് കഴിഞ്ഞ് അയാള്‍ എന്റടുക്കലേക്ക് വീണ്ടും വന്നു. :'നിന്റെ കൈയില്‍ ട്രെയിന്‍ സമയം അറിയാന്‍ ആപ്ലിക്കേഷനുണ്ടോ?'

ഞാന്‍ വേഗം ഫോണ്‍ എടുത്ത് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ സമയം അയാള്‍ക്ക് പറഞ്ഞു കൊടുത്തു. 'രണ്ട് മണിക്കൂറിനുള്ളില്‍ കാസര്‍കോട് എത്തിയാല്‍ ട്രെയിന്‍ കിട്ടും'. അയാള്‍ വേഗം തന്നെ തൊട്ടടുത്തുള്ള ചായപ്പീടികയില്‍ ചെന്ന് ബസ് സമയം ചോദിച്ചു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അന്നേരം വരേണ്ടിയിരുന്ന ഒരു ബസ് അന്ന് ഇല്ല, തൊട്ടടുത്ത ബസ് ആണെങ്കില്‍ ഇനിയും 35 മിനിറ്റ് കാത്തിരിക്കണം. ഓട്ടോ സ്റ്റാന്‍ഡ് ഇല്ല, കാലിയായിട്ടൊരു ഓട്ടോ പോലും വരുന്നതുമില്ല. അയാള്‍ വേറെ ആരെയൊക്കെയോ ഫോണ്‍ വിളി തുടര്‍ന്നു.

placeholder
മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ് | ഫോട്ടോ: സാബി മുഗു

തൊട്ടടുത്തുള്ള ചായക്കടയിൽ കയറി അതുവഴിയുള്ള ബസിന്റെ സമയക്രമം ചോദിച്ചറിഞ്ഞു. 45 മിനിറ്റ് കൂടുമ്പോൾ ബസ് വരും, ചിലപ്പോൾ ഇടയ്ക്കിടെ വരാറുമുണ്ടെന്ന് അയാൾ പറഞ്ഞുവെച്ചു. കഴിച്ചതിന്റെ കാശും കൊടുത്ത് അവിടെനിന്ന് ഇറങ്ങുമ്പോൾ നേരത്തെ ഉണ്ടായിരുന്ന ആളുടെ കൂടെ മറ്റു രണ്ടുപേർ എത്തിയിരുന്നു. അതിൽ ഒരാൾ വയനാട്ടുകാരനായിരുന്നു, ജോയ്സ്, മറ്റേ ആൾ നസീർ. രണ്ടുപേരും വന്നത് നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയ മക്കളുടെ ഡോക്യുമെന്റുകൾ തിരികെ വാങ്ങി മറ്റൊരിടത്ത് അഡ്മിഷൻ എടുക്കാൻ വേണ്ടിയായിരുന്നു. ആദ്യം കണ്ട ആളും ജോയ്സും തമ്മിൽ സംസാരം നീളുന്നത് കണ്ട് ഞാനും അങ്ങോട്ട് ചെന്നു. 
'അല്ല നിങ്ങളും ഡോക്യുമെന്റുകൾ വാങ്ങിക്കാൻ വേണ്ടി വന്നതാണോ?' ജോയ്സിനോട് ഞാൻ ചോദിച്ചു:
'അതെ മകന് അവിടെ അടുത്ത് തന്നെ അലോട്മെന്റിൽ അഡ്മിഷൻ കിട്ടി. ഇവിടെ നിന്ന് പോകാമെന്ന് കരുതി'- അയാൾ പറഞ്ഞു. 

അതിനിടെ ഇരുവരും തമ്മിൽ കുട്ടികളുടെ സുരക്ഷ ആശുപത്രിയിലുള്ള സൗകര്യങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചു തുടങ്ങിയിരുന്നു. റോഡിനോട് ചേർന്ന് നിര്‍മിച്ചിരിക്കുന്ന കെട്ടിടം ചൂണ്ടിക്കാട്ടി, കുട്ടികൾക്ക് ഇതാണ് ഹോസ്റ്റൽ ആയി അവർ കൊടുക്കുന്നത് എന്ന് പറയാനും മറന്നില്ല. 

placeholder
നഴ്സിങ് വിദ്യാർഥികൾക്ക് താത്കാലികമായി ഒരുക്കിയിരിക്കുന്ന റോഡരികിലുള്ള കെട്ടിടം | ഫോട്ടോ: സാബി മുഗു

ഇതിനിടെ പുത്തൂർ ഭാഗത്തേക്കുള്ള കേരള ആർ.ടി.സി. വന്ന് എതിർവശത്ത് നിന്നു. അതിൽനിന്ന് അഞ്ചോളം വിദ്യാർഥികൾ വന്നിറങ്ങി. ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു, 'ഇന്ന് അവസാന തീയതിയാണ്, അഡ്മിഷൻ എടുക്കാൻ. പുതിയ അലോട്മെന്റിൽ കിട്ടിയവർ ഇവിടെ നിന്ന് എല്ലാ ഡോക്യുമെന്റ്സും വാങ്ങിക്കാൻ വേണ്ടി വന്നതാണ്'- എന്ന്. 

സമയമേറെ ആയപ്പോൾ ആദ്യത്തെ ആൾ ട്രെയിൻ കിട്ടുമോ എന്ന് വീണ്ടും വെപ്രാളപ്പെടാൻ തുടങ്ങി. 'ബസ് കാസർകോട് ടൗണില്‍ എത്തിയാൽ ചാടിയിറങ്ങി അപ്പോൾ തന്നെ ഓട്ടോ പിടിച്ച് നേരെ റെയിൽവേ സ്റ്റേഷനിക്ക് വിട്ടാമതി'- കൂടെ ഉണ്ടായിരുന്ന ആൾ ആശ്വസിപ്പിച്ചു. പിന്നെയും ഏറെ നേരം കഴിഞ്ഞ ശേഷം കാസർകോട് ഭാഗത്തേക്ക്ഒരു പ്രൈവറ്റ് ബസ് വന്നു. ചായക്കടയ്ക്ക് മുമ്പിൽ വന്ന് ബസ് നിൽക്കുന്നതിന് മുമ്പ്, മെഡിക്കൽ കോളേജ് വഴിയെ നാല് വിദ്യാർഥികളും രക്ഷിതാവെന്ന് തോന്നിക്കുന്നയാളും ഓടി വരുന്നുണ്ട്. 'വേഗം വാ..' എന്ന് ആർത്തുവിളിച്ച് പറഞ്ഞ് ആദ്യത്തെ ആൾ ഞങ്ങളുടെ നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു, 'അവരും എന്റെ കൂടെ ആശുപത്രിയിൽ ഉണ്ടായതാ, ആ കുട്ടികളുടെ ഡോക്യുമെന്റുകൾ തിരികെ വാങ്ങാൻ വേണ്ടി'- എന്ന്. 

ബസ് പോയിക്കഴിഞ്ഞിട്ടും മണിക്കൂറുകളോളം ഞാനാ വഴിയരികിൽ തന്നെ നിന്നു. എന്നാൽ, ഞാൻ അവിടെനിന്ന് വരുംവരെ ഒരാൾ പോലും അതുവഴി ആശുപത്രിയിലേക്ക് പോയില്ല എന്നത് എന്നെ ഞെട്ടിച്ചുകളഞ്ഞു.

placeholder
മെഡിക്കൽ കോളേജിലേക്കുള്ള റോഡ്, ബസ് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ആളുകൾ ഇറങ്ങാനുണ്ടെങ്കിൽ ഒരരികിൽ നിർത്തിയിടാറാണ് പതിവ് | ഫോട്ടോ: സാബി മുഗു

മെഡിക്കൽ കോളേജ് എന്ന സ്വപ്നം

152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെയന്നാണ് കാസർകോട് ഉക്കിനടുക്കത്തെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നത്. പ്രത്യേക ചടങ്ങുകളൊന്നുമില്ലാതെ തിരുവനന്തപുരത്ത് നിന്ന് ഡോക്ടർമാരുടെ ഒരുസംഘം കാസര്‍കോട്ടെത്തി. പത്തുവര്‍ഷത്തോളം കാത്തിരുന്നിട്ടും മന്ദഗതിയിൽ മാത്രം സഞ്ചരിച്ചുകൊണ്ടിരുന്ന ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആരോഗ്യസംവിധാനം അങ്ങനെ കോവിഡ് കാരണം പ്രവർത്തനം ആരംഭിച്ചു.

സ്ത്രീ-പുരുഷ വിഭാഗത്തിലായി 200 കിടക്കകളുള്ള വാർഡുകളായിരുന്നു ആദ്യഘട്ടത്തിൽ സജ്ജമാക്കിയത്. ലാബ്, ഫാർമസി വിഭാഗങ്ങളും പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 13 ഡോക്ടർമാർ, 10 നഴ്സുമാർ, നാലു നഴ്സിങ് അസിസ്റ്റന്റുമാർ എന്നിവർക്കുപുറമേ ജില്ലയിലെ 17 പാരാ മെഡിക്കൽ ജീവനക്കാരും ആശുപത്രിയിൽ എത്തി. മെഡിക്കൽകോളേജിന്റെ അക്കാദമിക് ബ്ലോക്കായി നിർമിച്ച കെട്ടിടം നാലുദിവസം കൊണ്ടാണ് എല്ലാ സംവിധാനങ്ങളുമുള്ള ആശുപത്രിയായി അന്ന് പരിവർത്തനപ്പെടുത്തിയത്.

കാസർകോട് മെഡിക്കൽ കോളേജിന് ജീവൻ നൽകിയത് ഈ സർക്കാരാണ്- ഒന്നാം മന്ത്രി സഭയിലെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കി പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ അറിയിച്ചത് ഇപ്രകാരമായിരുന്നു. എന്നാൽ ജീവൻ നിലർനിർത്താൻ ആവശ്യമായ തുടർപ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ദ്രുതഗതിയിൽ ഉണ്ടായോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഉക്കിനടുക്കയിലെ ആശുപത്രിക്കെട്ടിടങ്ങളിൽ ചെന്നാൽ മനസ്സിലാകും. 

പ്രിൻസിപ്പലില്ല, ഹോസ്റ്റൽ ഇല്ല- പഠനം തുടങ്ങി

പ്രിൻസിപ്പലില്ല, ഇരിക്കാൻ ബെഞ്ചില്ല, എഴുതാൻ ഡസ്ക് ഇല്ല, വിദ്യാർഥികൾക്ക് ആവശ്യമായ ഹോസ്റ്റൽ ഇല്ല പക്ഷെ പഠനം ആരംഭിച്ചു. സംസ്ഥാനത്ത്‌ പുതുതായി തുടങ്ങുന്ന ആറ്‌ നഴ്സിങ്‌ കോളേജുകളിൽ കാസർകോട്‌ ഒഴിച്ച്‌ എല്ലായിടത്തും പ്രിൻസിപ്പലിനെ നിയമിച്ചിട്ടുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌ ഒരു പ്രൊഫസറെയും അസി. പ്രൊഫസറെയും പ്രവർത്തന സൗകര്യാർഥം ഇങ്ങോട്ട് നിയമിച്ചിട്ടുണ്ട്. ഇതുമാത്രമാണ് അധികമായി ഇവിടെ നടത്തിയ നിയമനങ്ങൾ. അറുപത് കുട്ടികൾക്കാണ് ആദ്യ നഴ്സിങ്‌ ബാച്ചിൽ പ്രവേശനം നൽകിയിരിക്കുന്നത്.

placeholder
കാസർകോട് ഗവ. നഴ്‌സിങ് കോളേജിൽ നടന്ന മുന്നൊരുക്ക സെഷനിൽ വിദ്യാർഥികളും രക്ഷിതാക്കളും

നിലവിൽ മെഡിക്കൽ കോളേജ്‌ ഒ.പി. വിഭാഗം പ്രവർത്തിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് നഴ്സിങ്‌ ക്ലാസുകൾ ആരംഭിക്കുന്നത്. കാസർകോട് ജനറൽ ആശുപത്രിയിലെ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടായിരിക്കും വിദ്യാർഥികൾക്കുള്ള പ്രായോഗിക ക്ലാസുകൾ നടത്തുക. കോളേജിനോടനുബന്ധിച്ച് നിർമിക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങളുടെ പണി അന്തിമഘട്ടത്തിലാണെങ്കിലും വൈദ്യുതീകരണ ജോലികൾക്കുള്ള ടെൻഡർ നടപടി തുടങ്ങിയിട്ടില്ല.

നഴ്‌സിങ് കോളേജിന് സ്വന്തം കെട്ടിടമാകുമെന്ന് പറയുന്നുണ്ടെങ്കിലും എപ്പോൾ, എവിടെയെന്നതിനും മറുപടിയില്ല. നഴ്‌സിങ് കോളേജിനായി മൂന്നേക്കറാണ് ആവശ്യം. നിലവിൽ മെഡിക്കൽ കോളേജിനായി ഏറ്റെടുത്ത സ്ഥലത്തിനുള്ളിൽ അതിനുള്ള സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ-വിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്ന്‌ സർക്കാരിലേക്ക് എഴുതിയിട്ടുണ്ട്. ഇതിൽ അനുകൂല തീരുമാനം വന്നില്ല. മെഡിക്കൽ കോളേജിൽനിന്ന്‌ നിശ്ചിത ദൂരപരിധിയിൽ നഴ്‌സിങ്‌
കോളേജ് ആരംഭിക്കാമെന്നുണ്ടെങ്കിലും അതിനായി പുതിയ സ്ഥലം കണ്ടെത്തിയില്ല. മെഡിക്കൽ കോളേജിന്റെ പണി നടക്കുന്ന ഉക്കിനടുക്കയിൽ സർക്കാർ ഭൂമി ലഭ്യമാണോയെന്നതുൾപ്പെടെയുള്ള പരിശോധനകൾ നടത്തിയെങ്കിലും അതിലും അന്തിമ തീരുമാനമായില്ല.

placeholder
ഒ.പി. പ്രവർത്തിച്ചു തുടങ്ങിയ കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള ദൃശ്യം, വരാന്തയിൽ അങ്ങിങ്ങായി ചിലരെ കാണാം | ഫോട്ടോ: സാബി മുഗു

മെഡിക്കൽ കോളേജ് ജീവനക്കാർക്ക് അധിക ചുമതലയാണിപ്പോൾ. പ്രിൻസിപ്പൽ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും സ്ഥാനക്കയറ്റം ലഭിക്കുന്ന ആളെ വേണം നിയമിക്കാൻ. നിലവിൽ ആരും കാസർകോട്ടേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം. സ്ഥിരം പ്രിൻസിപ്പൽ വരാതെ അനുവദിക്കപ്പെട്ട ഫണ്ട് ചെലവഴിക്കലിനും തടസ്സമുണ്ടാകാനിടയുണ്ട്. രണ്ട് അസി. പ്രൊഫസർ, രണ്ട് ട്യൂട്ടർ എന്നീ തസ്തികളും സൃഷ്ടിച്ചുവെങ്കിലും പി.എസ്.സി. നിയമനം നടത്തിയില്ല. നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. നഴ്‌സിങ് കോളേജിലെ അധ്യാപകർക്കാണ് ചുമതല. സീനിയർ സൂപ്രണ്ട്, എൽ.ഡി. ക്ലാർക്, ഓഫീസ് അറ്റൻഡന്റ് തസ്തികകളുണ്ടെങ്കിലും നിയമനം നടത്തിയിട്ടില്ല. നിയമനങ്ങളിലുണ്ടാകുന്ന കാലതാമസം നഴ്‌സിങ് കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങളെ ബാധിക്കുമെന്നുറപ്പ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിസിയോളജി, അനാട്ടമി തുടങ്ങിയ വിഷയങ്ങൾക്ക് താത്കാലിക നിയമനമായിട്ടുണ്ട്. അവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നൽകേണ്ടത് പി.ടി.എ. ഫണ്ടിൽനിന്നാണ്.

സമാനകാലത്ത് തന്നെ പ്രഖ്യാപിച്ച് ഒന്നിച്ച് പ്രവർത്തനം തുടങ്ങിയ പാലക്കാട് കോന്നി ജി.എം.സി. പ്രവർത്തനം ആരംഭിച്ചു തുടങ്ങിയിട്ട് കാലമേറെയായി. നിലവിൽ എല്ലാ വകുപ്പുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സമാനകാലാവധിയിൽ പ്രഖ്യാപനം നടത്തി തറക്കല്ലിട്ട് നർമ്മാണം ആരംഭിച്ച കാസർകോടിന്റെ മെഡിക്കൽ കോളേജ് എന്ന സ്വപ്നം ഇപ്പോഴും മോഹമായിത്തന്നെ കിടക്കുന്നു.