യൂട്യൂബ് മായക്കാഴ്ചകളുടെ ഒരു അത്ഭുതലോകമാണ്. ഇവിടെ മിന്നുന്നതെല്ലാം പൊന്നല്ല. മാരകമായൊരു ഇരുണ്ട അധോലോകം കൂടിയുണ്ട് ഇതിന്. ക്ലിക്കും വ്യൂവും വരുമാനവും ചൂണ്ടക്കെണിയൊരുക്കുന്ന ഇതിന്  അവിശ്വസനീയമായ ക്രൂരതകളുടെയും രതിവൈകൃതങ്ങളുടെയും ഒരു ചതിക്കുഴി കൂടിയുണ്ട്. കാലൊന്ന് തെറ്റിയാൽ വന്നുവീഴാവുന്ന തിരിച്ചുകയറ്റമില്ലാത്ത നിലയില്ലാക്കയമാണത്. ഇത്തരമൊരു ലോകത്ത് സജീവമാണ് നമ്മുടെ ഒരു തലമുറ എന്നത് ചെറുതല്ലാത്ത ആശങ്കയാണ്. ഈ ലോകമാണ് അവരുടെ വികാര, വിചാരങ്ങളുടെ കടിഞ്ഞാണേന്തുന്നത് എന്നത് ഈ ആശങ്കയുടെ ആഴം ഇരട്ടിയാക്കുന്നു. രഹസ്യവഴികളിലൂടെ മാത്രം നുഴഞ്ഞുകയറ്റം സാധ്യമായ  ഈ ഇരുൾ ലോകത്തെക്കുറിച്ചുള്ള പരമ്പര ഇവിടെ തുടങ്ങുകയാണ്. മായക്കാഴ്ചയുടെ മാരകലോകം- ഒന്നാം ഭാഗം
..........................

To advertise here,

“If you take kids to the park and you stand three feet away from them, you should stand three feet away while they’re on YouTube” 
സൈബർ എഡ്യുക്കേഷൻ കൺസൾട്ടന്റും 'The Tech Savvy User's Guide to the Digital World' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ലോറി ഗെറ്റ്സ് യൂട്യൂബിനെക്കുറിച്ച് പറഞ്ഞതാണ് ഇത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇന്റർനെറ്റ് ലോകത്തും വീഡിയോ പ്ലാറ്റ്ഫോം രംഗത്തും വൻ തോതിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിൽ പല മേഖലകളിലും പുരോഗതി കൈവരിക്കാൻ ഇന്റർനെറ്റും വീഡിയോ പ്ലാറ്റ്ഫോമുകളുമടക്കം നമ്മെ സഹായിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, സംസ്കാരം തുടങ്ങിയ മേഖലകളിൽ യൂട്യൂബിന്റെ വളർച്ച ആശ്ചര്യമാം വിധത്തിലുള്ളതായിരുന്നു. ലോകത്ത് കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ, ആളുകൾ വീടുകളിലേക്ക് ഒതുക്കപ്പെട്ട സമയത്ത് വീഡിയോ പ്ലാറ്റ് ഫോമുകൾ നിരവധി പേർക്ക് ഗുണകരമായി. കുട്ടികളിൽ പലരും പഠനത്തിനായി യൂട്യൂബിലേക്ക് കടന്നു. ഒട്ടുമിക്ക വീടുകളിലും ഇന്റർനെറ്റ് സേവനം എത്തി, ഒപ്പം സ്മാർട് ഫോണുകളും. മുതിർന്നവരേക്കാൾ വേഗത്തിൽ കുട്ടികൾ ഇന്റർനെറ്റ് ലോകത്തിൽ സഞ്ചരിച്ചു. വിദ്യാഭ്യാസ മേഖലയിൽ വൻ വിപ്ലവമായിരുന്നു കോവിഡ് കാലത്ത് സംഭവിച്ചത്. ഏറ്റവും ഗുണകരമായതും എടുത്ത് പറയേണ്ടതും ഇത് തന്നെയാണ്. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ രണ്ട് വർഷത്തോളം ഓൺലൈൻ ക്ലാസുകൾ വളരെ സഹായകരമായി.

കോവിഡ് പ്രതിസന്ധിയൊഴിഞ്ഞ് ലോകം പഴയ രീതിയിലേക്ക് നടന്നുകയറിയപ്പോഴും പല വിദ്യാർഥികളും ഓൺലൈനിൽ തന്നെ പഠനങ്ങളും ട്യൂഷനുകളും തുടർന്നു. ഇത്തരം പ്ലാറ്റ്ഫോമുകളിലുള്ള നേരംപോക്കുകൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചുപോന്നു.

വളരെ ഏറെ അഡ്വാൻസ്​ഡായി മാറിയ പുതുതലമുറ, അത്ഭുതപ്പെടുത്തുന്ന അവരുടെ അറിവുകൾ. ഇന്റർനെറ്റും വീഡിയോ പ്ലാറ്റ്ഫോമുകളും വ്യാപകമായതോടെ ഇങ്ങനെ ഒരുപാട് ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്റർനെറ്റിന്റെ വലിയ സാധ്യതകളും കുട്ടികൾ തിരിച്ചറിഞ്ഞു എന്നത് ഇത്തരം പുതിയ പ്ളാറ്റ്ഫോമുകളുടെ ഒരു ഗുണവശമാണ്. കുട്ടികൾ കൂടുതൽ തുറന്ന് പെരുമാറിത്തുടങ്ങി. കാര്യങ്ങൾ വളരെ വേഗത്തിൽ മനസ്സിലാക്കുന്നു. പെരുമാറ്റം, ജെൻഡർ വിഷയങ്ങളിൽ ഒക്കെ വളരെ പെട്ടെന്ന് തന്നെ അവർക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നുണ്ടെന്ന് ശിശുരോഗ വിദഗ്ധൻ ഡോ. എം. മുരളീധരൻ പറയുന്നു.

എന്നാൽ, ഏത് കാര്യങ്ങൾക്കും മറുവശം ഉണ്ട് എന്നത് പോലെ, യൂട്യൂബ് പോലുള്ള വീഡിയോ പ്ലാറ്റ്ഫോമുകളുടെ വളർച്ചയിൽ ഗുണങ്ങൾക്കൊപ്പം തന്നെ ദോഷങ്ങളും വർധിച്ചു. നിരന്തരം, കുട്ടികളടക്കം സ്വതന്ത്രമായി കൈകാര്യം ചെയ്യുന്ന യൂട്യൂബിലെ ഉള്ളടക്കങ്ങളിൽ പതിയെ മാറ്റം വന്നു തുടങ്ങി. പ്രായപരിധികൾ നിശ്ചയിച്ച പല വീഡിയോകളും കുട്ടികളടക്കമുള്ളവർക്ക് പൊതുയിടങ്ങളിൽ കാണാൻ സാധിക്കുന്ന തരത്തിലേക്ക്, ലഹരിയുടെ പ്രചാരണങ്ങൾക്ക് ഇടം നൽകുന്നിടത്തേക്ക്, അശ്ലീലതയുടെ, അക്രമണത്തിന്റെ, ആക്ഷേപങ്ങളുടെ, സ്ട്രീമേഴ്സിന്റെ വൈകൃതങ്ങളിലേക്ക് കൊച്ചു കുട്ടികളേയടക്കം കൊണ്ടെത്തിക്കുന്ന തരത്തിലേക്ക് യൂട്യൂബ് മാറിക്കൊണ്ടിരുന്നു. 

2020-ൽ Pew Research Center നടത്തിയ പഠനത്തിൽ, 11 വയസിൽ താഴെയുള്ള കുട്ടികളുടെ 80% രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകുന്നുവെന്നാണ് വ്യക്തമാക്കുന്നത്. അതായത്, രക്ഷിതാക്കളുടെ ഇ മെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്ത അക്കൗണ്ടുകളിലാണ് പ്രായപൂർത്തിയാകാത്ത പല കുട്ടികളും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത്. 

പലപ്പോഴും പല ക്രിമിനൽ പ്രവർത്തനങ്ങളുടേയും ഭാഗമാകാൻ വീഡിയോ പ്ലാറ്റ്ഫോമുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു. തെറ്റും ശരിയും തിരിച്ചറിയാനാകാത്ത വിധത്തിൽ ചെറുപ്രായത്തിൽ തന്നെ അനുകരണങ്ങൾ ആരംഭിക്കുന്നു, വൈറലാകാൻ വേണ്ടി ഏത് വഴിയും തിരഞ്ഞെടുക്കുന്നു. ലൈവ് ഗൈയിം സ്ട്രീമിങ് പോലുള്ളയിടങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സ്ഥിരം താവളങ്ങളായിത്തീരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

പ്രധാനമായും യുട്യൂബ് എന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമിന്റെ അധികമാരും അറിയാത്ത പിന്നാമ്പുറങ്ങളാണ് ഈ ലേഖന പരമ്പരയുടെ വിഷയം. യൂട്യൂബിന്റെ വളർച്ച, ഗൈഡ് ലൈൻ ലംഘനങ്ങൾ, കുട്ടികളുടെ സുരക്ഷ, ലൈവ് ഗൈയിം സ്ട്രീം പ്ലാറ്റ് ഫോമുകൾ, യൂട്യൂബിൽ നമ്മൾ കാണാത്ത ഇരുണ്ട ലോകം, ലഹരിഉപയോഗം, ഗെയിമിനടിമപ്പെട്ട് ജീവൻ വെടിയുന്ന കുട്ടികൾ, എന്താണ് പ്രതിവിധി തുടങ്ങിയവയെക്കുറിച്ചുള്ള ചെറിയൊരു അന്വേഷണമാണ് ഇത്. യൂട്യൂബ് എന്നത് ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളിൽ ഒന്നുമാത്രമാണ്. മാത്രമല്ല, ഡാർക്ക് വെബ് അടക്കമുള്ള അറിയപ്പെടാത്ത ഇരുണ്ടലോകങ്ങൾ നിരവധി വേറെയുമുണ്ട്.

യൂ ട്യൂബിന്റെ ഇരുണ്ട ലോകം

യൂട്യൂബ് സ്ട്രീമറായ വിവാദ നായകൻ 'തൊപ്പി'യെക്കുറിച്ചുള്ള ചർച്ചയിൽ നിന്നാണ് യൂട്യൂബ് എന്ന ഇരുണ്ട ലോകത്തെ ഉള്ളടക്കങ്ങളെക്കുറിച്ചും ഇരുട്ടറകളെക്കുറിച്ചുമുള്ള അന്വേഷണം ആരംഭിച്ചത്. യൂട്യൂബിന് നമ്മൾ കാണുന്നതിൽനിന്ന് വ്യത്യസ്തമായ മറ്റൊരു മുഖം കൂടിയുണ്ട്. നമ്മൾ ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ നമുക്ക് മുന്നിലേക്കെത്തുന്ന വീഡിയോകൾ മാത്രമല്ല യൂട്യൂബിലുള്ളത്. നിഗൂഢ അറകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന നിരവധി വൈകൃതങ്ങളും നഗ്നത നിറഞ്ഞതും ഭീതിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങളും യൂട്യൂബിലുണ്ട്. വീഡിയോ പ്ലാറ്റ്ഫോമുകളിൽ നടക്കുന്ന കാര്യങ്ങൾ ചികഞ്ഞ് പോയാൽ ഡാർക്ക് വെബുകൾക്ക് സമാനമെന്ന് തോന്നിപ്പിക്കുന്ന  തരത്തിലാണ് കാഴ്ചകൾ. പലതും യൂട്യൂബിന്റെ രഹസ്യ അറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. പ്രത്യേക കോഡുകൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള വീഡിയോകൾ തിരഞ്ഞ് കണ്ടെത്താൻ സാധിക്കും.

ഗൈഡ്​ലൈനുകളെ കബളിപ്പിക്കുന്ന കോഡുകൾ

പീഡനം, അക്രമാസക്തമായ ലൈംഗിക പ്രവൃത്തികൾ, പോൺ ഉള്ളടക്കം, കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വീഡിയോകൾ, അക്രമ വീഡിയോകൾ തുടങ്ങിയവ പ്ലാറ്റ് ഫോമുകളിൽ അനുവദനീയമല്ലെന്നാണ് യൂട്യൂബ് തങ്ങളുടെ ഗൈഡ് ലൈനിൽ പറയുന്നത്. എന്നാൽ ഈ ഗൈഡ് ലൈനുകളെ അതിവിദഗ്ധമായി കബളിപ്പിച്ചു കൊണ്ടാണ് മേൽപ്പറഞ്ഞ തരം ഉള്ളടക്കങ്ങളുള്ള വീഡിയോകൾ യൂട്യൂബിൽ അപ്​ലോഡ് ചെയ്തിരിക്കുന്നത്.

കോഡുകൾ വഴി വീഡിയോയിലേക്ക്: യൂട്യൂബ്, തങ്ങളുടെ പ്ലാറ്റ് ഫോമിൽ അനുവദനീയമല്ലെന്ന് വിലയക്കിയിരിക്കുന്ന വീഡിയോകൾ വളഞ്ഞവഴിയിലൂടെയാണ് ഇത്തരക്കാര്‍ കാണുന്നത്‌. ഇതിനായി ചില പ്രത്യേക കോഡുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്‌. ഏതുതരം വീഡിയോകളാണോ വേണ്ടത് അതിനനുസരിച്ചുള്ള കോഡുകൾ വഴി വീഡിയോകൾ  കൺമുമ്പിലെത്തും.

ഗൈഡ് ലൈൻ അനുവദിക്കാത്ത ചില ഉള്ളടക്കങ്ങളടങ്ങിയ വീഡിയോകൾ കാണാൻ അതിന്റെ കീവേഡുകളിൽ ചില ചില മാറ്റങ്ങളിലൂടെ ഉദ്ദേശിക്കുന്ന വീഡിയോ കാണുന്നവരും കുറവല്ല.

വ്യക്തിഗതവിവരങ്ങൾ നൽകാതെയും 18+ കണ്ടന്റ്

18+ കണ്ടന്റുകൾക്ക് ജിമെയിൽ അക്കൗണ്ട് വഴിയുള്ള സൈൻ ഇൻ നിർബന്ധമെന്ന് ഗൈഡ് ലൈനിൽ  പറഞ്ഞിരുന്ന അതേ യൂട്യൂബിൽ മെയിൽ ഐഡി പോലും ഉപയോഗിക്കാതെ  മേൽപ്പറഞ്ഞ ചില രഹസ്യ കോഡുകളും കീവേർഡുകൾ മാറ്റിക്കൊടുത്തുമായിരുന്നു യൂട്യൂബിൽ ഇത്തരം വീഡിയോകൾ പ്രചരിച്ചിരിന്നത്. ഈ സ്റ്റോറി പ്രസിദ്ധീകരിക്കും വരെ വീഡിയോകൾ നീക്കം ചെയ്തിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്.

നേരത്തെ തന്നെ കോഡുകളിൽ ചിലത് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ നീണ്ട കോഡ് ആണ് യൂട്യൂബിന്റെ സെർച്ച് ബാറിൽ ടൈപ്പ് ചെയ്തത്. അങ്ങേയറ്റത്തെ വൈകൃത വീഡിയോകളുടെ കലവറയായിരുന്നു സ്ക്രീനിൽ തെളിഞ്ഞത്. അസ്വസ്ഥപ്പെടുത്തുന്ന വീഡിയോകളിൽ നിറഞ്ഞത് മനുഷ്യനെന്ന് തോന്നിപ്പിക്കുന്നവർ മൃഗതുല്യരാകുന്ന കാഴ്ചയായിരുന്നു.

മനുഷ്യന്റെ വയറ് കീറി കുടലും കരളും ലൈംഗികാവയങ്ങളുമെടുത്ത് മേശപ്പുറത്തിട്ട് കൂട്ടിക്കുഴച്ച് ഭക്ഷിക്കുന്ന കാഴ്ച സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ? കണ്ണുകൾ ചൂഴ്ന്നെടുത്ത്, ഇറ്റി വീഴുന്ന രക്തം ഭക്ഷണത്തിൽ ചേർത്ത് കുഴച്ച് കഴിപ്പിക്കുന്നത് കാഴ്ച.. കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളാക്കിക്കളയുന്ന മനുഷ്യ ജീവനുകൾ... മൃഗങ്ങളെ തലയറത്ത് കാല് വേർപ്പെടുത്തി തൂക്കിയിട്ട് വീഡിയെടുത്താസ്വദിക്കുന്ന കാഴ്ച... ഇങ്ങനെ നീണ്ടു പോകുന്ന വൈകൃതങ്ങളുടെ  അവിശ്വനീയമായ  അതിഭീകര കാഴ്ചകൾ...!

യൂട്യൂബ് പോലെയുള്ള പൊതു പ്ലാറ്റ് ഫോമിൽ, ഏത് പ്രായക്കാർക്കും ആക്സസ് ചെയ്യാൻ പാകത്തിൽ ഇത്തരത്തിലുള്ള വീഡിയോകൾ യഥേഷ്ടം ലഭ്യമാണെന്ന വസ്തുത ഞെട്ടിക്കുന്നതായിരുന്നു. രക്ഷിതാക്കളെ കബളിപ്പിച്ചു കൊണ്ട് പല കുട്ടികളും ഹിസ്റ്ററികൾ ലഭിക്കാത്ത വിധത്തിൽ, ഊടുവഴികളും രഹസ്യ കോഡുകളും ഉപയോഗിച്ച് യൂട്യൂബ് അടക്കമുള്ള പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നുണ്ട്. 

ഇത്തരത്തിലുള്ള വീഡിയോകൾ ഡൗൺ ലോഡ് ചെയ്തെടുക്കാനും ആർക്കൈവ് ചെയ്ത് വെച്ചിട്ടുള്ള വീഡിയോകൾ പിന്നീട് കാണാനും സാധിക്കും. യൂട്യൂബ് ഉൾപ്പെടെയുള്ള എല്ലാ വീഡിയോ പ്ലാറ്റ്ഫോമുകളിലേയും വീഡിയോകൾ ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സംവിധാനം നിലിവിലുണ്ട്. ആർക്കൈവ് ചെയ്തുവെച്ച വീഡിയോകളുടെ കോഡുകൾ കിട്ടിക്കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ വീഡിയോകൾ തിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് സാങ്കേതിക വിദഗ്ധൻ റോബി ടൊമ്മി പറയുന്നത്.

കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന, ടോർച്ചറിങ് ഉള്ളടക്കങ്ങളുള്ള, ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന, ലഹരി വസ്തുക്കളുടെ ഉപയോഗം പഠിപ്പിക്കുന്ന, കുട്ടികളുടെ നഗ്ന ദൃശ്യങ്ങളടക്കമുള്ള പോർണോഗ്രാഫി അടക്കമുള്ളവ യൂട്യൂബിൽ കാണാനാകും. ടോർച്ചറിങ് വീഡിയോകൾക്കും വൈകൃത വീഡിയോകൾക്കും അടിമപ്പെട്ട്, ഇവ സ്ഥിരമായി കാണുന്നവരുണ്ട്. അതിനപ്പുറം, ഇത്തരം വീഡിയോകളെ ജീവിതത്തിൽ അനുകരിക്കുന്ന തരത്തിലേക്ക് ചിലപ്പോഴൊക്കെ കാര്യങ്ങൾ നീങ്ങുകയും ചെയ്യുന്നുണ്ട്. അശ്ലീല സൈറ്റുകളിലുള്ളതിന് സമാനമായ വീഡിയോകൾ യൂട്യൂബിലും ലഭിക്കുന്നു. സെർച്ച് കോഡുകളും കീ വേർഡുകളും മാറ്റി ആളുകൾ യൂട്യൂബ് ഗൈഡ് ലൈനുകളെ അതിവിദഗ്ധമായി പറ്റിക്കുന്നു.

രണ്ടാം ഭാഗം: ഒരു Hi മതി; ലഹരിവസ്തു ഇൻബോക്‌സിലെത്തും വീട്ടുമുറ്റത്തും; കുട്ടികളും ഇര | മായക്കാഴ്ച്ചയുടെ മാരകലോകം 02

placeholder
യൂട്യൂബിന്റെ നിഗൂഢ അറകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന വീഡിയോകൾ. രഹസ്യ കോഡുകൾ ഉപയോഗിച്ച്, ടോർച്ചറിങ് വീഡിയോകളും പോൺസൈറ്റുകളിലേതിന് വീഡിയോകളും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും കാണാനാവും | ഫോട്ടോ: Screengrab/ Youtube

അനുകരണം, ചോരയിൽ നിന്ന് തുടങ്ങുന്നു…

വീഡിയോകളിൽ കാണുന്നതുപോലെ വൈകൃതങ്ങൾക്ക് അടിമപ്പെട്ട കുട്ടികളോ മുതിർന്നവരോ നമ്മുടെ പരിസരങ്ങളിൽ ഉണ്ടാകുമോ എന്ന ചോദ്യമാണ് ഫെയ്​സ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലേക്ക്  അന്വേഷണം എത്തിച്ചത്. യുട്യൂബിൽ കണ്ടതിന് സമാനമായ ഇരുണ്ട ലോകമാണ് വ്യാജ ഐ.ഡികൾ ഉപയോഗപ്പെടുത്തിക്കൊണ്ട്  ഇവിടെയും നിലനിൽക്കുന്നതെന്ന് പെട്ടെന്നുതന്നെ വ്യക്തമായി.

ഫെയ്​സ്ബുക്കിൽ വ്യാജ പേരിൽ ഐ.ഡി. ഉണ്ടാക്കിയ ശേഷമായിരുന്നു തിരച്ചിൽ. പല അക്കൗണ്ടുകളിലും ചെന്നുനോക്കി. യഥാർഥ പേരുകൾ നൽകാതെ, വിവരങ്ങൾ നൽകാതെ വ്യാജ ഐ.ഡികളിൽ നിരവധി പേർ എന്നെ പോലെത്തന്നെ ഫെയ്​സ്ബുക്കിന്റെ വ്യാജ ലോകത്ത് ഉണ്ടായിരുന്നു. ഞാൻ തിരഞ്ഞു ചെല്ലുന്ന ഡീറ്റെയിൽസ് വെച്ചുള്ള ഐ.ഡികളുടെ നീണ്ട സജഷൻസും ഫെയ്​സ്ബുക്ക് തന്നെ നൽകിക്കൊണ്ടിരുന്നു. യൂട്യൂബിന്റെ പല വീഡിയോകളുടേയും അടിയിൽ കണ്ട കമന്റുകളുടെ ഐ.ഡിയും തപ്പിപ്പോയപ്പോൾ കാര്യങ്ങൾ എളുപ്പത്തിൽ കിട്ടി.

ഇത്തരക്കാരുടെ പ്രൊഫൈൽ ചിത്രങ്ങൾ, പോസ്റ്റുകൾ, ബയോ ഡീറ്റെയിൽസ്, ഏത് തരത്തിലുള്ള പോസ്റ്റുകളാണ് പിന്തുടരുന്നത്, ഷെയർ ചെയ്യുന്നത് ലൈക്ക് ചെയ്യുന്നത് തുടങ്ങിയവ പരിശോധിച്ചതിൽ ഇത്തരത്തിലുള്ളവരുടെ ഏകദേശ വിശദീകരണവും ആളുകളെക്കുറിച്ചുള്ള വിവരണങ്ങളും ലഭിച്ചു. അത്തരക്കാരിൽ ഒരാളുടെ മെസ്സഞ്ചറിലേക്ക് സന്ദേശം അയച്ചു.

:ഹായ്.
:എവിടാ?
:സുഖാണോ?
:സുഖം…

ഫ്രണ്ട്ഷിപ്പ് സ്വീകരിച്ച ഒരു അക്കൗണ്ടിൽ നിന്ന് റിപ്ലേ ലഭിച്ചു, ചാറ്റിങ്ങും തുടങ്ങി. നീണ്ട കുശലം പറച്ചിലിന്റെയൊന്നും ആവശ്യം ഈ വ്യാജ ലോകത്ത് ഇല്ല. എന്താണോ നിങ്ങൾക്ക് ആവശ്യമുള്ളത്, അത് അറിയിക്കുക. രണ്ടുപേർക്കും അത് സ്വീകാര്യമെങ്കിൽ ചാറ്റ് തുടരാം. അല്ലെങ്കിൽ അവിടെ വെച്ച് ബൈ പറഞ്ഞ് പിരിയാം. അതാണ് രീതി.

ലൈംഗികത, ലഹരി, പണം... തുടങ്ങിയവയാണ് പലരുടേയും ആവശ്യങ്ങൾ. എന്താണോ നിങ്ങൾക്ക് നൽകാൻ സാധിക്കുന്നത് അതിനനുസരിച്ചായിരിക്കും ഇത്തരത്തിലുള്ളവർ പെരുമാറുക. ചിലർക്ക് ആവശ്യം ലഹരിയായിരിക്കും, ചിലർക്ക് പണം, ചിലർക്ക് ലൈംഗിക ആനന്ദം. ഓരോരുത്തരുടേയും സ്വഭാവമനുസരിച്ച് ആവശ്യങ്ങൾ മാറിവരും. നമ്മളുടെ ആവശ്യം എന്താണോ അതറിയിക്കുക. സ്വാഭാവികമായും ഒരേ താൽപര്യങ്ങളുള്ളവരായിരിക്കും ഇരു വശങ്ങളിലും ഉണ്ടാകുക. അത്തരത്തിൽ ഒരാളെന്ന പോലെയാണ് ചാറ്റ് ചെയ്തുതുടങ്ങിയത്.

പറയുന്നത് അനുസരിച്ച് അതുപോലെ അനുകരിക്കാൻ നീണ്ട ചാറ്റുകളുടെ ആവശ്യം വന്നില്ല. എന്തു പറഞ്ഞാലും അനുസരിക്കുന്ന തരത്തിലേക്ക് അപ്പുറത്തുള്ളയാൾ പെട്ടെന്ന് തന്നെ മാറി. ചോര കണ്ട് ആനന്ദിക്കുന്ന, മനുഷ്യന് മുമ്പിൽ മൃഗത്തെപോൽ അഭിനയിക്കുന്ന, സ്വയം മുറിവേൽപ്പിച്ച് അതിൽ നിന്ന് രതിസുഖം കണ്ടെത്തുന്നവനായി മാറി. ഏതറ്റത്ത് വെച്ച് അവസാനിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിനൊടുവിൽ പകുതിയിൽ വെച്ച് ചാറ്റ് മുറിച്ച് അതിൽ നിന്ന്പുറത്തു കടന്നു.

placeholder
(യൂട്യൂബിലെ വൈകൃത, ടോർച്ചറിങ് വീഡിയോകൾ കണ്ടതിന്റെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ആസ്വദിക്കുന്ന, അനുകരിക്കുന്ന ആരെങ്കിലും നമ്മുടെ ഇടയിൽ ഉണ്ടാകുമോ എന്ന സന്ദേഹത്തെത്തുടന്നുള്ള അന്വേഷണം ഫെയ്സ്ബുക്കിലേക്കാണ് എത്തിയത്. കണ്ടെത്തിയ ചിലരുമായി നടത്തിയ സംഭാഷണത്തിന്റെ ചില ഭാഗങ്ങൾ | ഫോട്ടോ: Screengrab)

വൈകൃത വീഡിയോ അനുകരിക്കുന്നവർ

' അവൻ നന്നായി പഠിക്കുമായിരുന്നു, എന്നേ പോലെ ആയിരുന്നില്ല. ഡിഗ്രിയിൽ പരീക്ഷയുടെ തലേ ദിവസം ഞാൻ സിനിമ കണ്ടിറങ്ങുമ്പോൾ എന്നെ അവൻ ഉപദേശിക്കുമായിരുന്നു. കുത്തിയിരുന്ന അവൻ പഠിച്ച് എല്ലാ ക്ലാസിലും നല്ല മാർക്ക് വാങ്ങി. മെഡിസിന് അയക്കണം എന്നായിരുന്നു ഉമ്മേടെ ആഗ്രഹം, എന്നാൽ എല്ലാം കൊണ്ടു പോയി തുലച്ചില്ലേ…’,

 കണ്ണീരോടെയാണ് ആഷിക് പറഞ്ഞു തുടങ്ങിയത്. ആഷിഖും അഫീഫും (യഥാർഥ പേരുകളല്ല) ഉമ്മയും ഉപ്പയും അടങ്ങുന്നതാണ് കുടുംബം. ഉപ്പ വിദേശത്താണ്. കോവിഡ് കാലത്ത് ഓൺ ലൈൻ ക്ലാസ് ആയതിനാൽ, അതുവരെ ഉമ്മയുടേയും ജ്യേഷ്ഠന്റേയും ഫോൺ മാത്രം ഉപയോഗിച്ചിരുന്ന അഫീഫിന് പുതിയൊരു ഫോൺ ലഭിച്ചു. പൊതുവെ വീട്ടിൽ ഒതുങ്ങിക്കൂടുന്ന അവന് ഫോൺ ലഭിച്ചതോടെ അവന്റെ ലോകം പൂർണമായും ഫോണിലായി മാറി. മുറിയിൽ നിന്ന് പുറത്തിറങ്ങുന്നതുതന്നെ അപൂർവമായിത്തുടങ്ങി. ഭക്ഷണം കഴിച്ച് മുറിയിൽ കയറും, വീണ്ടും ഭക്ഷണം കഴിക്കാനായി മുറിയിൽ നിന്ന് പുറത്തിറങ്ങും. ഇതിന് മാത്രം എന്താണ് മുറിക്കുള്ളിലെന്ന് പലപ്പോഴും ഉമ്മ അഫീഫിനോട് ചോദിക്കാറുണ്ടെങ്കിലും പഠിക്കാനുണ്ടെന്നായിരുന്നു മറുപടി.

പിന്നീടൊരിക്കൽ അത്യാവശ്യമായി തീർക്കേണ്ട ചില കാര്യങ്ങൾക്കായി ആഷിക്കിന് പുറത്തേക്ക് പോകേണ്ടിവന്നു. ഫോണിൽ ചാർജ് ഇല്ലാത്തതിനാൽ അഫീഫിന്റെ ഫോണും വാങ്ങിക്കൊണ്ടാണ് പോയത്. ഫോൺ നൽകാൻ അഫീഫ് വിസമ്മതിച്ചെങ്കിലും പിടിച്ചു വാങ്ങിക്കൊണ്ടാണ് ആഷിക് പോയത്.

അവിചാരിതമായി സഹോദരന്റെ ഫോൺ ആഷിക് പരിശോധിച്ചതോടെയാണ് ചില പ്രത്യേകതരം വീഡിയോകൾ ഡൗൺ ലോഡ് ഫോൾഡറിലും മറ്റുമായി കിടക്കുന്നത് കാണുന്നത്. പോസ്റ്റ്മോർട്ടം വീഡിയോകൾ, സ്വയം മുറിവേൽപ്പിക്കുന്ന, രക്തം ചീന്തുന്ന, വയലൻസിന്റെ അങ്ങേയറ്റമുള്ള വീഡിയോകൾ, കൊലപാതക, ടോർച്ചറിങ് വീഡിയോകൾ, സോംബി സിനിമകൾ തുടങ്ങിയവയായിരുന്നു മൊബൈലിന്റെ സെർച്ച് ഹിസ്റ്ററിയിലും ഡൗൺലോഡ് ഫോൾഡറുകളിലും കാണാനായത്. ഇതിനെക്കുറിച്ച് ഒരിക്കൽ സഹോദരനോട് ചോദിച്ചെങ്കിലും, അതൊക്കെ വെറും വീഡിയോകളാണെന്ന് പറഞ്ഞ് അവൻ ഒഴിഞ്ഞുമാറി.

ഒരിക്കൽ, മാതാവും ആഷികും പുറത്തുപോയി തിരിച്ചുവന്നപ്പോൾ വീട്ടിലെ പൂച്ചയെ കാണാനില്ല. ഓമനിച്ചു കൊണ്ടുനടന്ന പൂച്ചയെ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രണ്ടു ദിവസത്തിന് ശേഷം വീടിനു സമീപത്ത് പല ഭാഗങ്ങളിൽനിന്നായി പൂച്ചയുടെ ശരീരഭാഗങ്ങൾ വ്യത്യസ്ത ഇടങ്ങളിലായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചോദ്യം ചെയ്യലിനൊടുവിൽ താനാണ് പൂച്ചയെ കൊന്നതെന്ന് അഫീഫ് സമ്മതിച്ചു. പേടിയോടെയെങ്കിലും വീട്ടുകാരവനെ ചികിത്സിയ്ക്കും കൗൺസിലിങ്ങിനും കൊണ്ടുപോയി. ക്ലാസിൽ ഒന്നാമൻ, അധ്യാപകരുടെ കണ്ണിലുള്ളി, സുഹൃത്തുകൾക്കും കൂടെ പഠിക്കുന്നവർക്കും മുമ്പിൽ യാതൊരു പരാധികളുമില്ലാത്തവൻ.. ഒരു സുപ്രഭാതത്തിൽ താളംതെറ്റിയ മനസുമായി തളർന്നിരിക്കുന്നു. എവിടെ വെച്ചോ നഷ്ടപ്പെട്ട അവന്റെ ജീവിതം തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കൾ ഇപ്പോൾ.

ഇപ്പറഞ്ഞത് ഒരു അനുഭവം മാത്രം. ഇത്തരത്തിൽ ഒട്ടനേകം പേർ നമുക്കിടയിലുണ്ട് എന്നത് ഞെട്ടിക്കുന്ന അറിവാണ്. ചിലരെ തിരിച്ചറിഞ്ഞ് ജീവിതത്തിലേക്ക് വഴി നടത്തുന്നു, ചിലർ ഇപ്പോഴും ഇതുതുടർന്നു കൊണ്ടേയിരിക്കുന്നു.

placeholder
സ്വയം മുറിവേൽപ്പിച്ച് വിഷമങ്ങളിൽ നിന്ന്, ഒറ്റപ്പെടലിൽ നിന്ന് ഓടിയൊളിക്കാൻ കൈ മുറിച്ച് ആത്മനിർവൃതി കൊള്ളുന്ന കുട്ടി. വീട്ടുകാരറിഞ്ഞതിന് പിന്നാലെ ആശുപത്രിയിലെത്തി ചികിത്സ ലഭിച്ച ശേഷമുള്ള ചിത്രം | Photo: Screengrab

വൈകൃതങ്ങൾ കണ്ടാസ്വദിക്കുന്നവർ പിന്നീട് അതിന് അടിമകളാകുന്നതും ഇത്തരം വൈകൃതങ്ങൾ സ്വയം ചെയ്യാൻ തുടങ്ങുന്നതും ഇതിന്റെ അനന്തര ഫലങ്ങളാണ്. മാനസിക സംഘർഷങ്ങളിൽനിന്നോ ഒറ്റപ്പെടലുകളിൽനിന്നോ രക്ഷപ്പെടാനായി വീഡിയോ കാണ്ടുതുടങ്ങുന്നവർ പിന്നീട് സ്വയം മുറിവേൽപ്പിച്ച് വിഷമങ്ങളിൽ നിന്ന് ഒളിച്ചോടുന്നവരായി മാറുന്നു. ശരീരത്തിൽ പേന പോലുള്ള മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കുത്തി പരിക്കേൽപിക്കുകയും ആ വേദന ആസ്വദിക്കുകയും ചെയ്യുന്നവർ നമുക്കിടയിൽത്തന്നെയുണ്ട്.

അക്രമസ്വഭാവമുള്ളവർ, സ്വയം മുറിവേൽപ്പിക്കുന്ന, പെരുമാറ്റ ദൂഷ്യമുള്ളവർ, വൈകൃതങ്ങൾക്കടിപ്പെട്ട നിരവധി പേർ നമുക്കിടയിൽ ധാരാളം ഉണ്ട്. അത് സത്യമാണ്. മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ ക്രൈം ന്യൂസിനാണ് എന്നത് കൂടി ഇതിനോട് ചേർത്ത് വായിച്ചാൽ കുടുതൽ വ്യക്തമാകുമെന്ന് കോഴിക്കോട് കുതിരവട്ടം  മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇ – മോചൻ ക്ലിനിക്കിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. സന്ദീഷ് പറയുന്നു.

placeholder
വിവിധ യൂട്യൂബ് ചാനലിൽ ഇപ്പോഴും ലഭ്യമായിട്ടുള്ള കുട്ടികളുടെ, പീഡോഫീൽ കണ്ടന്റുകളുള്ള, അശ്ലീല ഉള്ളടക്കം, നഗ്നത, തുടങ്ങി ഉള്ളടക്കങ്ങളടങ്ങിയ വീഡിയോകളിൽ നിന്ന്.  | ഫോട്ടോ: Screengrab/ Youtube

കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വീഡിയോകളും യൂട്യൂബിലുണ്ട്. കുട്ടികളുടെ നഗ്നവീഡിയോകൾ, അശ്ലീല വീഡിയോകൾ, ആക്ഷേപകരമായ വീഡിയോകൾ ഒക്കെ  ഗ്രാഫിക്സുകളായും വീഡിയോകളായും  പ്ലാറ്റ് ഫോമിൽ കാണാൻ സാധിക്കും. ചില വീഡിയോകളിൽ കുട്ടികളുടെ നഗ്നത മറയ്ക്കാൻ ഇമോജികൾ ഉപയോഗിച്ചിരിക്കുന്നു. ചിലത് അതുപോലുമില്ലാതെ അപ്​ലോഡ് ചെയ്തിരിക്കുന്നു. ഇവയിൽ പലതും ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. പല ചാനലുകൾക്കും പതിനായിരക്കണക്കിന് സബ്സ്ക്രൈബേഴ്സ് ഉണ്ട്. യൂട്യൂബിന്റെ ഗൈഡ് ലൈൻ മാനദണ്ഡങ്ങളെയെല്ലാം മറികടന്നുകൊണ്ടാണ് ഇതൊക്കെ നടക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കേ ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് ഉണ്ട് എന്ന് അവർ അവകാശപ്പെടുന്ന ജാഗ്രതയെയും മാനദണ്ഡങ്ങളെയും ചട്ടങ്ങളെയും മാത്രം വിശ്വസിച്ച് നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സോഷ്യൽ മീഡിയയുടെ ഇത്തരം ഇരുണ്ട വഴികളിലേക്ക് നാം ഒറ്റയ്ക്ക് ഇറക്കിവിടും...? ഒരു ഹായ്.... ലഹരിയിലേയ്ക്ക് അത്രയേ ഉള്ളൂ ദൂരം... ആ അന്വേഷണത്തിന്റെ ഞെട്ടുന്ന കണ്ടെത്തലുകൾ  നാളെ...