
ജനലഴിക്കരികിലുള്ള കിടക്കയില്‍ അനങ്ങാനാകാതെ കിടക്കുന്നുണ്ട് അയാള്‍. സ്റ്റാന്‍ഡില്‍ തൂക്കിയിട്ട ഗ്ലൂക്കോസ് കുപ്പിയില്‍ നിന്ന് തുള്ളി തുള്ളിയായി ദ്രാവകം ശരീരത്തിലേക്ക് കയറുന്നു. തിങ്ങിനിറഞ്ഞ ആ വാർഡിൽ ഓരോ കട്ടിലിനടുത്തും ഓരോരുത്തരായി കദനകഥകൾ പരസ്പരം പറഞ്ഞിരിപ്പുണ്ട്. അതിരാവിലെ ആയതുകൊണ്ടാവണം. ചായയുമായി ചിലർ പുറത്തുനിന്ന് എത്തിയിട്ടുണ്ട്. അതും കുടിച്ച് ഓരോന്നും സംസാരിച്ച് പലരും ഇരിപ്പുണ്ട്. വാർഡുകളിൽ കട്ടിലുകൾ തികയാതെ, നീണ്ട വരാന്തയിൽ അങ്ങിങ്ങായി ഓരോ കട്ടിലുകൾ ഇട്ട് നടപ്പാതകൾ വാർഡ് ആക്കി മാറ്റിയിട്ടുണ്ട്. ഓരോരുത്തരായി മുഷിഞ്ഞിരിപ്പുണ്ട്. വാർഡുകളിലേക്ക് വരുന്ന സന്ദർശകർ വരാന്തയിൽ കിടക്കുന്നവരെ ദയനീയമായി നോക്കി മുമ്പോട്ട് പോകുന്നുണ്ട്.
:'ഇതെന്താ ഇവിടെ ആളുകളെ ഇങ്ങനെ വരാന്തയിൽ കിടത്തിയിരിക്കുന്നത്?'- അതുവഴി പോയ നഴ്സിനെ നിർത്തി ഞാൻ ചോദിച്ചു.
'വാർഡുകളിൽ ബെഡ് കുറവാണ്. അതുകൊണ്ട് പുറത്ത് ബെഡ് ഇട്ട് കിടത്തിയതാണ്'
'അത് ബുദ്ധിമുട്ടല്ലേ?'
'പക്ഷേ, എന്ത് ചെയ്യാനാകും.സൗകര്യം കുറവാ'
'അപ്പോ ആളുകൾ ഇനിയും വന്നാൽ എന്ത് ചെയ്യും?'
'അങ്ങനെ ചോദിച്ചാൽ ഇപ്പോൾ എന്ത് പറയാനാ, ബെഡ്ഡുകൾക്കനുസരിച്ചായിരിക്കും ഡോക്ടർമാർ രോഗികളെ അഡ്മിറ്റ് ചെയ്യുക'
'അപ്പോൾ ബെഡ്ഡുകൾ ഇല്ലെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ ആളുകളെ തിരിച്ചയക്കുമോ?'- ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു. അതിന് മറുപടി പറയാതെ അവർ ചെറുതായി ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.
'താഴത്തെ നിലയിൽ ബെഡ്ഡുകൾ ഒഴിഞ്ഞു കിടപ്പുണ്ടല്ലോ. അവിടെ ആരെയും കിടത്തിക്കണ്ടില്ല'- പുരുഷന്മാരുടെ വാർഡിൽ ഒഴിഞ്ഞു കിടക്കുന്ന മുറിയെ ഓർത്ത് ഞാൻ വീണ്ടും ചോദിച്ചു.
'അത് ഒഴിഞ്ഞുകിടക്കുകയല്ല. ആ നിലയിലും ആളുകൾ കൂടുതലാണ്. അടച്ചിട്ടിരിക്കുന്ന വാർഡ് ഇപ്പോൾ ചില്ലറ പണികൾ നടന്നുകൊണ്ടിരിക്കുന്ന വാർഡാണ് - അതും പറഞ്ഞ് അവർ പതിയെ നടന്നു നീങ്ങി.
'ഒരു കാര്യം കൂടി…! പിന്നാലെ ചെന്ന് ഞാൻ വീണ്ടും അവരെ നിർത്തി. തെല്ലൊരു അസ്വസ്ഥതയോടെ അവർ തിരിഞ്ഞു നോക്കി.
'അല്ല, ഇവിടെ ദിവസം എത്ര രോഗികൾ വരെ ഉണ്ടാകും?'
'അത് അറിയില്ല, ഒരുപാട് വരാറുണ്ട്. അഡ്മിറ്റ് ചെയ്യുന്നവരെ നേരത്തെ തന്നെ നിശ്ചയിക്കും'.
സ്ത്രീകളുടെ വാർഡിൽ നിന്ന് ഞാൻ വീണ്ടും പുരുഷ വാർഡിലേക്ക് നീങ്ങി. അവിടെ അങ്ങിങ്ങായി കിടക്കുന്ന ഉന്തുവണ്ടികൾക്കും മരുന്ന് വണ്ടികൾക്കുമിടയിൽ പലരും മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. ചിലരെ ഡോക്ടർമാർ അവിടെ പരിശോധിക്കുന്നുണ്ടായിരുന്നു.
:'അല്ല, ഇത് ഇങ്ങനെ വഴിയിൽ ഇട്ടാൽ പ്രശ്നം ആവില്ലേ. വഴിയിൽ കൂടി എല്ലാവരും വരികയും പോകുകയും ചെയ്യുന്നതല്ലേ. ഇതിനായി പ്രത്യേക മുറിയോ മറ്റോ ഇല്ലേ?'- വഴിയിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന മരുന്ന് ഉന്തുവണ്ടിയും ക്ലീനിങ് സാമഗ്രികളും ചൂണ്ടി അതുവഴി വന്ന ഡോക്ടറോട് ചോദിച്ചു. ആദ്യം അയാൾ ഒന്ന് ശങ്കിച്ചു നിന്നു. പിന്നെ ഒന്നും പറയാതെ പിന്നിലുണ്ടായിരുന്ന നഴ്സിനെ രൂക്ഷമായിട്ടൊന്നും നോക്കി നടന്നു നീങ്ങി.
കുട്ടികളുടെ വാർഡിലേക്ക് ചെന്നു. അവിടെ അധികം രോഗികളെയൊന്നും തന്നെ കണ്ടില്ല. കീമോ വാർഡ് പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി അവിടം വരെ ചെന്നപ്പോൾ, സാധാരണ വാർഡിൽ ബെഡ് തികയാതെ കീമോയുടെ വാതിൽ അടച്ചിട്ട് അതിന് മുമ്പിലെ വരാന്തയിൽ കട്ടിലിട്ട് കിടത്തിയിട്ടുണ്ട് രോഗികളെ. പതിയെ താഴേക്ക് ഇറങ്ങി. ഒ.പിയിൽ ഡോക്ടർമാരുണ്ടോ എന്ന് അറിയാൻ വേണ്ടി ഡോക്ടർമാരുടെ മുറിക്ക് മുമ്പിൽ ചെന്നു. 9 - 1 മണി വരെ എന്ന ബോർഡ് ഡോക്ടർമാരുടെ മുറിക്ക് മുമ്പിൽ എഴുതിവെച്ചിട്ടുണ്ട്. ഒ.പി.ടിക്കറ്റ് എഴുതി മുറിച്ചുകൊടുക്കുന്നുണ്ട് സുരക്ഷാ ഉദ്യോഗസ്ഥൻ. പുറത്ത് ഊഴം കാത്ത് അക്ഷമരായി കാത്തിരിപ്പുണ്ട് ഏറെ പേർ. രണ്ട് ആംബുലൻസ് കിടപ്പുണ്ട്.
മണി ഒമ്പത് കഴിഞ്ഞിട്ടും ഡോക്ടർമാരുടെ മുറി തുറന്നു തുടങ്ങിയിട്ടില്ല. തൂപ്പുകാരൻ എത്തി ചില മുറികളെ ചൂണ്ടി സെക്യൂരിറ്റി ജീവനക്കാരനോട് ഒ.പി. ഉണ്ടോ എന്നന്വേഷിക്കുകയും അതനുസരിച്ച് വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. മുറി തുറക്കുന്നത് കണ്ട് ഒരു വൃദ്ധ അടുത്തേക്ക് പതിയെ പതിയെ വേച്ചു ചെന്നെങ്കിലും 'ഡോക്ടർ എത്തിയിട്ടില്ല, എത്തുമ്പോൾ വിളിക്കും' എന്ന മറുപടി പറഞ്ഞ് അയാൾ അവരെ തിരികെ ഇരിപ്പിടത്തിലേക്ക് തന്നെ അയച്ചു.
ഞാൻ പതിയെ പുറത്തിറങ്ങി. കവാടത്തിന് വെളിയിലേക്ക് വരുമ്പോഴേക്കും ആളുകൾ അക്ഷമരായി കാത്തിരിപ്പുണ്ട്. ഓരോരുത്തരായി വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. പോകെപ്പോകെ തിരക്ക് വർധിച്ചു കൊണ്ടിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കാസർകോട് ജനറൽ ആശുപത്രിയിലെ ബെഡുകളുടെ ലിസ്റ്റ് ആണ് താഴെ നൽകിയിരിക്കുന്നത്.
എന്നാൽ ഇതിൽ പലതും ഇപ്പോൾ പ്രവർത്തനക്ഷമമല്ല എന്നാണ് നേരിട്ട് ചെന്ന് കണ്ടതിൽ നിന്ന് ബോധ്യപ്പെടുന്നത്.
സ്‌കാന്‍ ചെയ്യണോ? ഓട്ടോ പിടിച്ചോളൂ
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ സി.ടി.സ്‌കാനോ എക്‌സ്‌റേയോ രക്തപരിശോധനയോ നടത്താന്‍ 60 രൂപ ഓട്ടോക്കൂലി കൂടി കരുതേണ്ട അവസ്ഥയാണ്. ആശുപത്രി കവാടത്തിന് സമീപമുള്ള ഭാഗത്താണ് സ്‌കാനിങ്. കുത്തനെയുള്ള ഈ ഇറക്കത്തിലൂടെയാണ് ആംബുലന്‍സും മറ്റ് വാഹനങ്ങളും നിരന്തരം വരുന്നത്. നടക്കാന്‍ വയ്യാത്ത രോഗിയാണെങ്കില്‍ കോണ്‍ക്രീറ്റിട്ട ഈ വഴിയിലൂടെ ചക്രക്കസേരയില്‍ രോഗിയെ കൊണ്ടുപോകുക എന്നുള്ളത് ശ്രമകരമാണ്. റോഡിന്റെ നിര്‍മാണത്തിലെ അപാകവും കുത്തനെയുള്ള ഇറക്കവും വെല്ലുവിളിയാണ്. മിക്കപ്പോഴും സുരക്ഷാജീവനക്കാര്‍ തന്നെ രോഗികള്‍ക്ക് ഓട്ടോ വിളിച്ചുനല്‍കും. പ്രധാന കെട്ടിടത്തില്‍ നിന്ന് രോഗിയെ ലാബിലെത്തിക്കാന്‍ 30-40 രൂപയാണ് ഓട്ടോക്കാര്‍ വാങ്ങുന്നത്. പരിശോധനയ്ക്ക്‌ശേഷം ഡോക്ടറെ കാണാന്‍ വീണ്ടും ഓട്ടോ വിളിക്കണം. രോഗിയെ കാത്തുനില്‍ക്കണമെങ്കില്‍ 70 രൂപ വരെ വാങ്ങും. ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ചികിത്സ ലഭിക്കുമ്പോള്‍ ഓട്ടോക്കൂലിക്കായി കൈയില്‍ നിന്ന് പണം പോകുന്ന അവസ്ഥ. റേഡിയോളജി ലാബ്, ദന്തരോഗ വിഭാഗം, കാരുണ്യ ഫാര്‍മസി എന്നിവയും ഈ ഭാഗത്താണ്.

'മംഗളുരുവിലെ ആശുപത്രിയില്‍ ഒരുമാസത്തോളമാണ് കഴിഞ്ഞത്. അഞ്ചുലക്ഷം രൂപ ഇതിനകം ചെലവായി. ഇനിയും കൊടുക്കാന്‍ പണമില്ല. ഇവിടെ വന്ന് ചികിത്സിക്കുന്നത് നിവൃത്തികേടുകൊണ്ടാണ്. പൊട്ടിയ കാല്‍ ഉയര്‍ത്തിവെക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്?' ജില്ലാ സന്ദര്‍ശനെത്തിയ ആരോഗ്യമന്ത്രി നേരിട്ട് കേട്ട പരിവേദനം. വാഹനാപകടത്തില്‍ പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ കിടക്കുന്ന ഏച്ചിക്കാനത്തെ അഭിജിത്തിനെ ചൂണ്ടി ഇളയച്ഛന്‍ മുകുന്ദ് കുമാര്‍ പറഞ്ഞ വാക്കുകള്‍. പേ വാര്‍ഡിലേക്ക് മാറ്റാം എന്ന ആശ്വാസ വാക്ക് നല്‍കാനേ മന്ത്രിക്കായുള്ളൂ. ഒപ്പമുണ്ടായിരുന്ന കാസര്‍കോട് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് രാമന്‍ സ്വാതി വാമനോട് പേ വാര്‍ഡിലേക്ക് മാറ്റാന്‍ അപ്പോള്‍ തന്നെ മന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും പേ വാര്‍ഡിലൊന്നും ഒഴിവുകളില്ലെന്നായിരുന്നു മറുപടി. എങ്ങനെയെങ്കിലും ശരിയാക്കിക്കൊടുക്കൂ എന്നായി മന്ത്രി. ഓരോ വാര്‍ഡുകളും രോഗികളെയും സന്ദര്‍ശിച്ച മന്ത്രി കാസര്‍കോടിന്റെ ദയനീയാവസ്ഥ നേരില്‍ കണ്ടാണ് മടങ്ങിയത്. കാസര്‍കോട്ടെ ഇല്ലായ്മകളെകുറിച്ച് മാത്രമാണ് എല്ലാവരും മന്ത്രിയോട് സംസാരിച്ചത്.

ജനറല്‍ ആശുപത്രി ഡിജിറ്റലാകുന്നു
അതിരാവിലെ എത്തി വരി നിന്ന് ടോക്കണെടുത്ത് പിന്നെയും ഏറെ നേരം ഡോക്ടര്‍ക്കായുള്ള കാത്തിരിപ്പ്. ഡോക്ടറെ കാണാനായാല്‍ ഭാഗ്യം ഇല്ലെങ്കില്‍ പിറ്റേന്ന് ഇതെല്ലാം ഒന്നുകൂടി ആവര്‍ത്തിക്കുക. ജനറല്‍ ആശുപത്രിയിലെ ഈ പതിവുരീതികള്‍ക്ക് ഒരു മാറ്റം അനിവാര്യമാണ്. സാങ്കേതികമായി ഏറെ മുന്നിട്ടുനില്‍ക്കുന്ന ഇക്കാലത്ത് ടോക്കണ്‍ മുറിച്ചുനല്‍കുക എന്നതില്‍ നിന്ന് പുതുവഴികള്‍ കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതിനൊരു ഡിജിറ്റൽ വഴി കണ്ടെത്തിയിരിക്കുകയാണ് കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി അധികൃതര്‍. നിലവില്‍ വരി നിന്നുള്ള ടോക്കണ്‍ സംവിധാനത്തോടൊപ്പം ഓണ്‍ലൈനായി ഒ.പി. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണവർ. 'ഗോ ടോക്കണ്‍' എന്ന ആപ്പാണ് ഇതിന് ഉപയോഗിക്കുന്നത്.
അതിരാവിലെ എത്തി മണിക്കൂറോളം വരിനിന്നാണ് മിക്ക രോഗികളും അവര്‍ക്കാവശ്യമായ ഡോക്ടറുടെ ടോക്കണ്‍ കരസ്ഥമാക്കുന്നത്. നിലവില്‍ മലയോരപ്രദേശത്ത് നിന്നടക്കമുള്ള രോഗികള്‍ അതിരാവിലെ ആശുപത്രിയില്‍ എത്തിയാണ് ബന്ധപ്പെട്ട ഡോക്ടറെ കാണാനുള്ള ടോക്കണ്‍ തരപ്പെടുത്തുന്നത്. ഉച്ചയ്ക്ക് രണ്ടുവരെയുളള ഒപി സമയത്തിനനുസരിച്ച് നിശ്ചിത എണ്ണം ടോക്കണ്‍ മാത്രമാണ് ഓരോ വിഭാഗത്തിനും ആശുപത്രി ഒപി കൗണ്ടറില്‍നിന്നും നല്‍കുക. വൈകിയെത്തുന്നവര്‍ക്ക് ഈ സംവിധാനം കാരണം പലപ്പോഴും ബന്ധപ്പെട്ട ഡോക്ടറുടെ സേവനം കിട്ടാതെ തിരിച്ചുപോകേണ്ട അവസ്ഥയുണ്ട്. ഇതിന് വലിയൊരു അളവു വരെ ഗുണം ചെയ്തിരിക്കുകയാണ് ഇ-ടോക്കണ്‍.
പകുതി ടോക്കണ്‍ പഴയപടി
രോഗികളുടെ സൗകര്യം മുന്‍നിര്‍ത്തി പരീക്ഷണാര്‍ഥമാണ് ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പി.രാമന്‍ സ്വാതിവാമന്‍ പറഞ്ഞു. ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംവിധാനം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഒരോ ചികിത്സാവിഭാഗവും അതത് ദിവസം അനുവദിക്കുന്ന ടോക്കണുകളില്‍ പകുതി ടോക്കണ്‍ ആശുപത്രി ഒ.പി. കൗണ്ടറില്‍ നിലനിര്‍ത്തിയാണ് ഓണ്‍ലൈന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തുക. ആദ്യ ടോക്കണുകള്‍ ആശുപത്രി കൗണ്ടറില്‍നിന്നും ഒ.പി.ടിക്കറ്റ് എടുക്കുന്നവര്‍ക്കായിരിക്കും. ഓണ്‍ലൈന്‍ ടോക്കണ്‍ എടുത്തവര്‍ക്ക് ഒ.പി. ഫീസ് അടയ്ക്കുന്നതിനായി ആശുപത്രിയില്‍ പ്രത്യേക കൗണ്ടര്‍ ഉണ്ടാകും. ഒ.പി. കൗണ്ടറിലെ തിരക്ക്, ദൂരപ്രദേശങ്ങളില്‍ നിന്ന് എത്താന്‍ വൈകുന്നവര്‍ക്ക് ടോക്കണ്‍ ലഭ്യമാകുന്നില്ലെന്ന പരാതി എന്നിവ പരിഗണിച്ചാണ് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്. പക്ഷേ ഒരു ആശുുപത്രിയില്‍ മാത്രം ഇത്തരമൊരു സംവിധാനം ഒരുക്കിയതുകൊണ്ട ജനങ്ങളുടെ ദുരിതത്തിന് അറുതി വരണമെന്നില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അടക്കം ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ വരേണ്ടതുണ്ട്.
ഭാഗം ഒന്ന്: ആശ്രയം അതിര്‍ത്തിക്കപ്പുറം; ക്ഷയിച്ചില്ലാതായി കാസര്‍കോടിന്റെ ആരോഗ്യം
ഭാഗം രണ്ട്: ആരു വരും ഈ കടമുറി ഡിസ്പെൻസറിയിൽ ചികിത്സിക്കാൻ, ആരുതേടും ഇവിടെ ചികിത്സ
ഭാഗം മൂന്ന്: 'വെടിവെക്കുമെന്ന് ഭീഷണി,അന്ന് അതിർത്തി തുറന്നിരുന്നെങ്കിൽ ഇന്ന് പിതാവ് ജീവനോടെ ഉണ്ടാകുമായിരുന്നു'
ആരോഗ്യമന്ത്രി നേരിട്ട് കണ്ടറിഞ്ഞ സത്യങ്ങള്‍
കാസര്‍കോട്ടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി നേരിട്ടെത്തിയത് ജില്ലയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. പാതിവഴിവരെയെത്തിയ മെഡിക്കല്‍ കോളേജും മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ജില്ലയിലെ ആരോഗ്യമേഖലയില്‍ പുത്തനുണര്‍വുകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുകയും ജില്ലയിലെ ആരോഗ്യമേഖല വളരെ വേഗത്തില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമാം വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തുകയുമാണ് പരിഹാരം. ടാറ്റാ ആശുപത്രി സ്‌പെഷ്യാലിറ്റിയാക്കി മാറ്റുന്ന നടപടി വേഗത്തിലാക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. അങ്ങനെയാണെങ്കില്‍ നിലവിലെ തുരുമ്പിച്ച കണ്ടെയ്‌നറുകളൊക്കെ മാറ്റേണ്ട സാഹചര്യമാണ്. വീണ്ടും പുനര്‍നിര്‍മാണം വേണ്ടി വരുമെന്നത് മറ്റൊരു യാഥാര്‍ഥ്യം.
- നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്തും.
- ജില്ലാ ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധയുടെ തസ്തിക അനുവദിച്ച് സ്ഥിരം നിയമനം നടത്തും.
- ജില്ലാ ആശുപത്രിയുടെ വികസനത്തിന് സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കളക്ടറുമായി ചര്‍ച്ച നടത്തി വേണ്ടനടപടി കൈക്കൊള്ളും.
- ജില്ലയിലെ മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിന് പ്രത്യേക ഇളവ് നല്‍കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കും. (പണിപൂര്‍ത്തിയാക്കിയ ശേഷം മൂന്നുവര്‍ഷത്തെ കിടത്തിച്ചികിത്സയ്ക്ക് ശേഷമോ അല്ലെങ്കില്‍ ആശുപത്രിയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു ആശുപത്രി ഉണ്ടെങ്കിലോ ആണ് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുക.കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു ആശുപത്രി ഇല്ലാത്തതിനാല്‍ മൂന്നുവര്‍ഷത്തെ കാലയളവില്‍ ഇളവ് നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്)
- വൃക്കരോഗികള്‍ക്ക് സ്വയം ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിറ്റോണിയല്‍ പരിശീലനകേന്ദ്രം നീലേശ്വരം താലൂക്കാശുപത്രിയില്‍ അനുവദിക്കും. നിലവില്‍ കാസര്‍കോട് താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്. പെരിറ്റോണിയല്‍ പരിശീലനകേന്ദ്രം ആരംഭിക്കുന്നതോടെ രോഗികള്‍ക്ക് വീടുകളില്‍നിന്നും സ്വയം ഡയാലിസിസ് ചെയ്യാന്‍ കഴിയും - തുടങ്ങി നിരവധി ഉറപ്പുകളാണ് മന്ത്രി
സന്ദര്‍ശനവേളയില്‍ നല്‍കിയത്.
കാസര്‍കോട്ടേക്ക് ഡോക്ടര്‍മാരെ കിട്ടാനില്ലെന്നതാണ് പ്രധാനപരാതി. ജില്ലയിലെ ആശുപത്രികളില്‍ ആവശ്യമായ ഒഴിവിന്റെ 10 ശതമാനം പോലും ഡോക്ടര്‍മാരെ ഒരഭിമുഖത്തിനും കിട്ടുന്നില്ലെന്ന് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിരമിച്ച ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചെന്നാണ് മന്ത്രി അറിയിച്ചത്. പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. ഒരു ജില്ലയെ ഇത്രമാത്രം അവഗണനയുടെ മുനമ്പില്‍ നിര്‍ത്താനുള്ള സാഹചര്യം ഉണ്ടാക്കിയതാര്? ഡോക്ടര്‍മാര്‍ പോലും വരാന്‍ മടിക്കുന്ന തരത്തില്‍ വികസനമുരടിപ്പിന്റെ പടുകുഴിയിലേക്ക് ഈ ജില്ലയെ തള്ളിയിട്ടതിന്റെ ഉത്തരവാദികളാര്?
(തുടരും.....)
Content Highlights: Inadequate healthcare facilities in kasaragod district series
Published: 07 Dec 2023, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented