
പതിവുതെറ്റിച്ചില്ല, പലതും 'സ്മാരകങ്ങള്‍' ആവുന്ന നാട്ടില്‍ മറ്റൊരു സ്മാരകം കൂടി. കോവിഡ് എന്ന മഹാമാരിയുടെ ഓര്‍മയ്ക്കായി ചൈനയെ അനുസ്മരിപ്പിക്കും വിധത്തില്‍, കാസര്‍കോട്ട് നിര്‍മിച്ച സംസ്ഥാനത്തെ ആദ്യത്തെ ടാറ്റാ ആശുപത്രി ഇന്ന് മലമുകളില്‍ തുരുമ്പെടുത്ത് ശോഷിക്കുകയാണ്. അനാഥമായി അഞ്ഞൂറിലേറെ കിടക്കകളും.
കാസര്‍കോട്ടെ ചട്ടഞ്ചാലില്‍ നിന്ന് വളഞ്ഞുപുളഞ്ഞു പോയാൽ എത്തിച്ചേരുന്ന മലമുകളിലെ കണ്ടെയ്‌നറുകള്‍, കാടുമൂടിക്കിടക്കുന്ന വൈദ്യുതോപകരണങ്ങള്‍, ഫാനുകള്‍, എസികള്‍, ജലസംഭരണികള്‍.. അറുപതു കോടി ചെലവിട്ട് നിര്‍മിച്ച ആശുപത്രി കോവിഡിന്റെ ബാക്കിപത്രമെന്നോണം തുരുമ്പെടുത്ത് ഇല്ലാതാവുകയാണ്. എന്തുചെയ്യണം, പൊളിച്ച് മാറ്റി വേറെന്ത് സ്ഥാപിക്കണം? എന്ന മട്ടില്‍ ചര്‍ച്ചകളേറെ നടക്കുന്നുണ്ട്. ആശുപത്രി ഉപയോഗശൂന്യമായെന്നു് ഉറപ്പിച്ച് പല പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നു, പ്രഖ്യാപിക്കപ്പെടുന്നു, കോടികളുടെ വാഗ്ദാനങ്ങള്‍ വരെയുണ്ടാകുന്നു. കോടിക്കണക്കിന് രൂപ ചെലവിട്ട് നിര്‍മിച്ച ആശുപത്രിയെ സംരക്ഷിക്കാന്‍ എന്തുകൊണ്ട് സാധിക്കാതെ പോയെന്ന് ആരും ചോദിക്കുന്നില്ല.

മലമുകളിലെ ആ ആശുപത്രി കെട്ടിടത്തിലേക്ക് ഒരിക്കല്‍ കൂടി കടന്നുചെന്നു. മാറ്റങ്ങളെ നേരിട്ട് കണ്ടറിയാന്‍. കൊളുത്തിട്ട് പൂട്ടിയ ആശുപത്രി വാതിലുകള്‍ക്ക് പുറത്തുനിന്ന് ജീവനുവേണ്ടി നിലവിളിയുയര്‍ന്ന ആ ഭീതിയേറിയ നാളുകള്‍ വീണ്ടും ഓര്‍ത്തുപോയി. അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതായ മരുന്നുമണങ്ങളില്‍ എവിടെയൊക്കെയോ ഐസൊലേഷന്‍ വിശേഷങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഓരോ ഇടനാഴികളിലും ഓരോ കഥകൾ ബാക്കിയായിക്കിടപ്പുണ്ട്. എഴുതിവെച്ച രോഗി വിവരങ്ങൾ, രോഗവിവരം, ഐസൊലേഷൻ കാലാവധി, അത്യാവശ്യ പരിചരണങ്ങൾ... എന്തൊക്കെ ഏതെന്നറിയാൻ വേണ്ടി വിശകലനം ചെയ്ത് തളർന്ന് മായ്ക്കാന്‍ പോലും മറന്ന ബോർഡുകൾ. അവിടവിടങ്ങളിലായി ഇട്ടിരിക്കുന്ന പഞ്ഞിക്കെട്ടുകൾ. പ്രവർത്തനം ക്ഷയിച്ച് ഒരുപാതി അടർന്ന് വീണ ഫാനുകൾ. പുഷ്പിക്കാൻ മറന്ന പൂന്തോട്ടങ്ങൾ. കുറ്റിച്ചെടികള്‍ വളര്‍ന്ന് മൂടിത്തുടങ്ങിയ കണ്ടെയ്‌നറുകള്‍ക്കിടയില്‍ നിന്ന് പരസ്പരം കെട്ടിപ്പിടിച്ച് ആശ്വസിക്കാന്‍ പോലുമാകാതെ അകലത്തില്‍ മാറ്റിക്കെടുത്തിയ ആളുകള്‍ നേരിട്ട കോവിഡിന്റെ ഭീകരത വെളിപ്പെടുന്നുണ്ട്.

കരിമ്പാറ നിറഞ്ഞ കുന്നില്‍ നിര്‍മിച്ച ടാറ്റ ആശുപത്രി ജനങ്ങള്‍ക്കൊരു അതിശയമായിരുന്നു. കേരളത്തിന് പുതുമയുള്ളതും. തെക്കില്‍ അമ്പട്ട ദേശീയപാതയില്‍നിന്ന് കോവിഡ് ആശുപത്രിയിലേക്ക് എളുപ്പമെത്താന്‍ കുന്നിടിച്ച് 12 മീറ്റര്‍ വീതിയിലും 700 മീറ്റര്‍ നീളത്തിലും പുതുതായി റോഡ് നിര്‍മിച്ചു. തകര്‍ന്ന് തുടങ്ങിയ ആശുപത്രിയിലേക്കുള്ള ആ വഴി ഇപ്പോഴും ഭംഗി നഷ്ടപ്പെടാതെ യാതൊരു പോറലുപോലുമേല്‍ക്കാതെ നിലകൊള്ളുന്നുണ്ട്. ടാറ്റാ ആശുപത്രി എന്ന വലിയൊരു കമാനം കാലകാലത്തേക്കായി അന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു ചെറുമഞ്ഞക്കളര്‍ ബോര്‍ഡില്‍ കാര്യങ്ങള്‍ ഒതുക്കി. മണ്ണ് പകുത്തെടുത്ത ഒരു ഓരത്ത് വഴികാട്ടിയായി ശോഷിച്ച് തളര്‍ന്ന് ആടിയുലഞ്ഞങ്ങനെ നില്‍പ്പുണ്ട് ആ ബോര്‍ഡ്.
കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന സംവിധാനമായിരുന്നു കാസര്‍കോടിന് ലഭിച്ചത്. ജില്ലയിലെ രോഗവ്യാപനവും മതിയായ ചികിത്സാ സൗകര്യങ്ങള് ഇല്ലാത്തതും തുടക്കത്തില്‍ ചര്‍ച്ചയായെങ്കിലും അതിനെ മറികടക്കാന്‍ ടാറ്റ ആശുപത്രിയുടെ വരവോടെ സാധിച്ചു. ജില്ലയ്ക്ക് ലഭിക്കാവുന്ന ഏറ്റവും നവീന സംവിധാനം കാസര്‍കോടിന് പ്രഖ്യാപിച്ചു. കണ്ടെയ്‌നറുകളിലായി ആശുപത്രി തയ്യാറായി. പ്രവര്‍ത്തനം സര്‍ക്കാര്‍ ഏറ്റെടുത്തു. മഹാമാരിയെ മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ ശുശ്രൂഷാകേന്ദ്രം. ചികിത്സാസൗകര്യങ്ങളുടെ പോരായ്മയില്‍ വലയുന്ന ജില്ല പുതിയ ആശുപത്രി പ്രഖ്യാപനത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഹൃദയത്തിലൊരിടം നല്‍കിയാണ് പിന്നീട് ഓരോ ഘട്ടത്തിലും ആശുപത്രിയുടെ നിര്‍മാണത്തില്‍ നാട് സഹകരിച്ചത്. ഒടുവില്‍ സര്‍ക്കാരിന്റെ കൈകളിലേക്ക് വെച്ചുകൊടുത്തപ്പോഴും ഏറെ പ്രതീക്ഷയായിരുന്നു നാട്ടുകാര്‍ക്ക്. എന്നാല്‍ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്തിയോ എന്ന ചോദ്യത്തിനുത്തരം, അനാഥമായിക്കിടക്കുന്ന ആ കുന്നുംപുറത്ത് ചെന്നാല്‍ മനസ്സിലാകും.
ഭാഗം ഒന്ന്: ആശ്രയം അതിര്‍ത്തിക്കപ്പുറം; ക്ഷയിച്ചില്ലാതായി കാസര്‍കോടിന്റെ ആരോഗ്യം
ഭാഗം രണ്ട്: ആരു വരും ഈ കടമുറി ഡിസ്പെൻസറിയിൽ ചികിത്സിക്കാൻ, ആരുതേടും ഇവിടെ ചികിത്സ
ഭാഗം മൂന്ന്: 'വെടിവെക്കുമെന്ന് ഭീഷണി,അന്ന് അതിർത്തി തുറന്നിരുന്നെങ്കിൽ ഇന്ന് പിതാവ് ജീവനോടെ ഉണ്ടാകുമായിരുന്നു
ഭാഗം നാല്: രോഗത്തിന്റെ തീവ്രതയല്ല, കിടക്കകളുടെ എണ്ണമാണ് ഇവിടെ രോഗികളെ നിശ്ചയിക്കുന്നത്
കോവിഡ് കാലം കഴിഞ്ഞാലും കൃത്യമായ ആസൂത്രണത്തിലൂടെ ആശുപത്രി തുടരാനാകും എന്നാണ് അന്ന് പ്രത്യാശിച്ചിരുന്നത്. ജനജീവിതം സാധാരണനിലയിലെത്തി. പതിവുപോലെ കാസര്‍കോടിന്റെ ചികിത്സാരംഗത്തെക്കുറിച്ചുള്ള ഘോരഘോര ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. മെഡിക്കല്‍ കോളേജും, ജനറല്‍ ആശുപത്രികളും ചര്‍ച്ചയായി. പക്ഷെ അപ്പോഴും ചോദ്യം ബാക്കി, ഉള്ള സൗകര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ല. എല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുന്നു. ഇടയ്ക്ക് ചര്‍ച്ചകള്‍ ചൂടുപിടിച്ചൊരുനാളില്‍ സര്‍ക്കാര്‍ ടാറ്റാ ആശുപത്രിയുടെ കാര്യത്തില്‍ ഉണര്‍ന്നു. പുതിയ പ്രഖ്യാപനങ്ങളും പദ്ധതികളും തുകയും പ്രഖ്യാപിച്ചു. എന്നാല്‍ അതൊക്കെ എവിടംവരെ എത്തിനില്‍ക്കുന്നു എന്ന ചോദ്യത്തിന് ഇനിയും പ്രസക്തിയില്ല എന്നാണ് ടാറ്റാ ആശുപത്രിയുടെ നിലവിലെ സാഹചര്യത്തില്‍ മനസ്സിലാക്കേണ്ടത്.

ഇടക്കാലത്ത് മങ്കിപോക്സ് സംശയിക്കപ്പെടുന്നവരുടെ ഐസൊലേഷൻ സെന്ററായി പ്രവർത്തിച്ചിരുന്നുവെങ്കിലും ഇപ്പോൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ് ആശുപത്രി
നശിച്ചില്ലാതാകുന്നത് ഒരു ജനതയുടെ സ്വപ്നമാണ്
മൂന്ന് സോണുകളായിട്ടായിരുന്നു ആശുപത്രിയെ തിരിച്ചിരുന്നത്. സോൺ നമ്പർ ഒന്നിലും മൂന്നിലും കോവിഡ് ക്വാററീൻ സംവിധാനങ്ങളും സോൺ നമ്പർ രണ്ടിൽ കോവിഡ് പോസിറ്റീവായ ആളുകൾക്കായുള്ള പ്രത്യേക ഐസോലേഷൻ സംവിധാനങ്ങളുമായിരുന്നു ഒരുക്കിയിരുന്നത്. സോൺ ഒന്നിലും മൂന്നിലും ഉൾപ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകൾ, ഒരു ശുചിമുറി എന്നിവ വീതവും സോൺ രണ്ടിലെ യുണിറ്റുകളിൽ ശുചിമുറിയോടു കൂടിയ ഒറ്റമുറികളുമാണ് ഉള്ളത്. 128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകൾ) 551 കിടക്കകളാണ് ഒരുക്കിയിരിക്കിയത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81,000 സ്‌ക്വയർഫീറ്റിലാണ് ആശുപത്രിയുടെ നിര്‍മാണം.
തെക്കിൽ വില്ലേജിൽ അഞ്ച് ഏക്കർ സ്ഥലത്ത് റോഡ്, റിസപ്ഷന്‍ സംവിധാനം, കാന്റീന്‍, ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രത്യേകം മുറികൾ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയായിരുന്നു ആശുപത്രിയുടെ നിർമ്മാണം. ദേശീയ പാതയ്ക്ക് സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ഭൂമി നിരപ്പാക്കി ആശുപത്രിയ്ക്ക് അനുയോജ്യമാക്കുകയും ചെയ്തത് ജില്ലാ കളക്ടറുടെ ദീർഘവീക്ഷണത്തോടെയുള്ള ചടുലമായ ഇടപെടലിനെ തുടർന്നായിരുന്നു. എന്നാൽ, കോവിഡിന് ശേഷം ഇത്രയും വലിയൊരു, അതിശയിപ്പിക്കുന്ന നിര്‍മിതിയെ കൈകാര്യം ചെയ്യുന്നതിൽ എവിടെയാണ് സർക്കാരിന് പിഴച്ചത് എന്ന ചോദ്യം മാത്രം അവശേഷിക്കുന്നുണ്ട്.

ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിർമ്മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കിയത്. 1.25 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന വാട്ടർ ടാങ്ക്, ശുചിമുറികളിൽ നിന്നുള്ള മാലിന്യങ്ങൾ സംഭരിച്ച് സംസ്‌കരിക്കാൻ തരത്തിലുള്ള 63 ബയോ ഡയജസ്‌റ്റേർസ്, എട്ട് ഓവർഫ്‌ലോ ടാങ്കുകൾ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളായിരുന്നു. ആശുപത്രി യൂണിറ്റുകൾ തുടങ്ങി ആശുപത്രിയുടെ മുഴുവൻ നിർമാണവും ടാറ്റ ഗ്രൂപ്പ് സൗജന്യമായിട്ടായിരുന്നു ചെയ്തത്. ഇന്ത്യയിൽ പലയിടങ്ങളിലും അടിയന്തര ഘട്ടങ്ങളിൽ ടാറ്റാ ഗ്രൂപ്പ് ഇത്തരത്തിൽ ആശുപത്രികൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതാദ്യമായിട്ടായിരുന്നു. എന്നാൽ ഒരു ജനതയുടെ ഭീതിയുടെ നാളുകളുടെ വെറുമൊരു സ്മാരമായി നിലനിർത്താനാണ് ആ ഇടം ഇപ്പോൾ വിധിക്കപ്പെട്ടിരിക്കുന്നത്.
പ്രതിസന്ധിക്കിടയിലെ നിർമാണം
എല്ലാം പെട്ടെന്നായിരുന്നു. ഭീതിയുടെ നാളുകളിൽ കാസർകോടിന്റെ ചികിത്സാ മേഖല സ്തംഭിച്ച് നിൽക്കുമ്പോഴായിരുന്നു സഹായഹസ്തവുമായി ടാറ്റാ ഗ്രൂപ്പ് രംഗത്തെത്തുന്നത്. വലിയ പ്രതിസന്ധികൾക്കൊടുവിലാണ് ആശുപത്രിയുടെ നിർമാണം പൂർത്തീകരിക്കുന്നത്. തൊഴിലാളികളെല്ലാം തന്നെ ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു. കൊവിഡ് രൂക്ഷമായ ഘട്ടത്തിൽ പലരും അവരവരുടെ നാടുകളിലേക്ക് വണ്ടി കയറി. ഇത് വലിയ തോതിൽ നിർമ്മാണപ്രവൃത്തിയെ ബാധിച്ചുവെങ്കിലും പ്രതിസന്ധിഘട്ടത്തിലും നിർമ്മാണപ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോയി.

എല്ലാ ചികിത്സാ സംവിധാനങ്ങൾക്കുമുള്ള സൗകര്യവും ആശുപത്രിയിലുണ്ടായിരുന്നു. എന്തെല്ലാം മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കണമെന്ന് തീരുമാനിച്ചതും
സജ്ജീകരിച്ചതും സർക്കാർ. ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും സർക്കാർ തന്നെയാണ് നടത്തിയത്.
2020 ഏപ്രിൽ ആറ്: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും ടാറ്റാ ആശുപത്രി കാസർകോട് ജില്ലയിൽ നിർമിക്കുമെന്ന് പ്രഖ്യാപിക്കുന്നു.
2020 ഏപ്രിൽ ഏഴ്: അന്നത്തെ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ആശുപത്രി നിർമാണത്തിന് ആവശ്യമായ സ്ഥലം തെക്കിൽ വില്ലേജിൽ കണ്ടെത്തി.
2020 ഏപ്രിൽ എട്ട്: അന്നത്തെ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു നിർദേശിച്ച സ്ഥലം ആശുപത്രി നിർമാണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി.
2020 ഏപ്രിൽ ഒമ്പത്: ആശുപത്രി നിർമാണത്തിന്റെ തുടക്കമെന്നോണം തെക്കിൽ വില്ലേജിലെ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പണികൾ ആരംഭിച്ചു.
2020 ഏപ്രിൽ 28: തെക്കിൽ വില്ലേജിലെ സ്ഥലത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ റോഡ്, സ്ഥലം നിരപ്പാക്കൽ എന്നിവ പൂർത്തിയാക്കി ആശുപത്രി നിർമാണത്തിനായി സ്ഥലം വിട്ടു നൽകുന്നു.
2020 മെയ് 15: ടാറ്റ ആശുപത്രിയുടെ ആദ്യ പ്രീ ഫാബ് സ്ട്രക്‌ചർ തെക്കിൽ വില്ലേജിൽ സ്ഥാപിച്ചു.
2020 ജൂൺ അഞ്ച്: ലോക പരിസ്ഥിതി ദിനത്തിൽ ആശുപത്രി കോമ്പൗണ്ട് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി മരത്തൈകൾ നടുന്നതിന് തുടക്കം, അന്നത്തെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
2020 ജൂലൈ 10: ടാറ്റാ ആശുപത്രിയുടെ അവസാന പ്രീ ഫാബ് സ്ട്രക്ച്ചറും സ്ഥാപിച്ചു.
2020 സെപ്റ്റംബർ ഒൻപത് ഉച്ചയ്ക്ക് 12 മണി : കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ടാറ്റാ ആശുപത്രി ഉദ്ഘാടനം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ പാലിയേറ്റീവ് കെയര്‍ സെന്ററാക്കുന്നതിനുള്ള തടസ്സം
ജില്ലയില്‍ ഏറെ പ്രതിസന്ധി അനുഭവിക്കുന്ന വിഭാഗമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. ചികിത്സാരംഗത്തുള്ള കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ കൂടുതല്‍ ബാധിക്കുന്നത് എന്‍ഡോസള്‍ഫാന്‍ ബാധിതരെയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് മതിയായ ചികിത്സാസൗകര്യങ്ങള്‍ ലഭിക്കണമെന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. കോവിഡിന് ശേഷം ആളൊഴിഞ്ഞ ടാറ്റ ആശുപത്രിയിലായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. ഇടക്കാലത്ത് ടാറ്റാ ആസ്പത്രി എന്‍ഡോസള്‍ഫാന്‍ പാലിയേറ്റീവ് കെയര്‍ ആസ്പത്രിയാക്കി മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നു. ഇക്കാര്യം സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ സമീപിക്കുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രത്യേക പാലിയേറ്റിവ് കെയര്‍ ഇല്ലാത്തതിനാല്‍ ഈ ആശുപത്രി എന്‍ഡോസള്‍ഫാന്‍ ആശുപത്രിയായി മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് ഐസൊലേഷന്‍, ക്വാറന്റീന്‍ സെന്റര്‍ ആയിട്ടാണ് ആശുപത്രി ആരംഭിച്ചതെന്ന് ജില്ലാ വിഭാഗം മേധാവി വ്യക്തമാക്കിയെന്നാണ് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.വി.പി.ജോയ് കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ടാറ്റ കോവിഡ് ആശുപത്രി ഉടന്‍ എന്‍ഡോസള്‍ഫാന്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ആക്കി മാറ്റാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അതായത്, തുരുമ്പെടുത്ത് തുടങ്ങിയ ആശുപത്രിയെ ഏതെങ്കിലും വിധത്തില്‍ ഉപയോഗപ്രദമാക്കുക എന്ന നാട്ടുകാരുടെ ആവശ്യം സര്‍ക്കാരും തള്ളി. പല കാരണങ്ങള്‍ അന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍ കാലമിത്ര പിന്നിടുമ്പോഴും ആ കാരണങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനോ, ആശുപത്രിയില്‍ മതിയായ മാറ്റങ്ങള്‍ വരുത്തി ഉപയോഗപ്രദമാക്കാനോ ഇനിയും സര്‍ക്കാരിനായിട്ടില്ല എന്നതാണ് വസ്തുത. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ് എന്ന രീതിയിലായിരുന്നു ടാറ്റാഗ്രൂപ്പിന്റെ പ്രതികരണം. 'ആദ്യം കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുക, പിന്നീട് എന്തുവേണം, എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.' ആശുപത്രി സര്‍ക്കാരിന് കൈമാറിയ ശേഷം ടാറ്റ ഗ്രൂപ്പ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.
കോവിഡ് ഭീതിയൊഴിഞ്ഞു. ജനം സാധാരണജീവിതത്തിലേക്ക് മടങ്ങി. അത്യാവശ്യഘട്ടത്തില്‍ പണിതുയര്‍ത്തിയ ഈ നിര്‍മിതി ഇനിയെന്തുചെയ്യും എന്ന ചോദ്യചിഹ്നത്തില്‍ കുരുങ്ങി നില്‍ക്കുന്നു. വേണ്ടവിധത്തില്‍ പരിചരിക്കാത്തതിനാല്‍ കാടുമൂടി തുരുമ്പെടുത്ത് ഇല്ലാതാകുന്ന കണ്ടെയ്‌നറുകള്‍ പൊളിച്ചു മാറ്റുക എന്ന പ്രതിവിധിയാണ് ഇന്ന് സര്‍ക്കാരിന്റെ മുമ്പിലുള്ളത്. എന്തുകൊണ്ട് ഇത്രയും നല്ലൊരു സംവിധാനം ക്രിയാത്മകമായി ഉപയോഗിച്ച് മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ നാം പരാജയപ്പെട്ടു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, കാസര്‍കോടിന്റെ ചികിത്സാരംഗത്ത് ചില മാറ്റങ്ങള്‍ വരുത്താനെങ്കിലും ഇതുപകരിക്കുമായിരുന്നു.
(തുടരും..... )
Content Highlights: kasaragod tata hospital Inadequate healthcare facilities in kasaragod district series
Published: 08 Dec 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented