
ഗെയിം ലൈവ് സ്ട്രീം. ഈ വാക്ക് മലയാളിക്ക് പരിചിതമായിട്ട് അധികകാലമായിട്ടുണ്ടാവില്ല. വീഡിയോകളുടേയും ഗെയിമുകളുടേയും സാധ്യതകൾ മനസ്സിലാക്കി ലൈവ് സ്ട്രീം പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായത് അടുത്തിടെയാണ്. കോവിഡിന്ശേഷം കേരളത്തിലെ കുട്ടികൾക്കിടയിൽ ഈ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം വർധിച്ചു.
സോഷ്യൽ മീഡിയ ലോകത്ത് ഇടപെടൽ വിരളമായിട്ടുള്ളവർക്ക് ലൈവ് വീഡിയോ സ്ട്രീം എന്നത്, വെറും ഒരു വീഡിയോ ലൈവ് എന്നതിനപ്പുറത്തേക്ക് എന്താണ് അവിടെ നടക്കുന്നത് എന്ന് അറിയാനുള്ള സാധ്യത കുറവാണ്. പല രക്ഷിതാക്കളും ലൈവ് വീഡിയോ സ്ട്രീമുകളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്/ ബോധവാന്മാരായത് തന്നെ അടുത്തിടെ കേരളത്തിൽ ഉണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ്. സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ, ഇനിയും പല രക്ഷിതാക്കൾക്കും ഇതിന്റെ പിന്നാമ്പുറക്കഥകൾ എന്താണെന്ന് ഇപ്പോഴും അറിയില്ല.
ഗെയിമുകളും ലൈവ് സ്ട്രീമും
വീഡിയോ ഗെയിം കളിച്ചു കൊണ്ടിരിക്കെ അത് ലൈവായി ആളുകളിൽ എത്തിക്കുകയാണ് സ്ട്രീമേഴ്സ് ചെയ്യുന്നത്. ഇതിനായി യൂട്യൂബ്, ട്വിച്ച്, ലോക്കോ തുടങ്ങിയ ലൈവ് സ്ട്രീം പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്. വീഡിയോ ഗെയിമുകൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യംവെച്ചാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ നിര്‍മിതി.
ലൈവായി വിവിധയിടങ്ങളിൽ ഇരുന്ന് ഗെയിമിൽ ഏർപ്പെടാനും ഇതിൽ അവസരമുണ്ട്. കാഴ്ചക്കാരായും ഒരുപാടു പേർ ലൈവിലുണ്ടാകും. മത്സരങ്ങൾ മുറുകുന്നതിനനുസരിച്ച് പിന്തുണയും കാഴ്ചക്കാരുടെ എണ്ണവും വർധിക്കും. കാഴ്ചക്കാരായി എത്തുന്നവർക്ക് അവരുടെ ഇഷ്ടതാരങ്ങളുടെ വീഡിയോകൾ ലഭിക്കാനും ലൈവ് വീഡിയോ നോട്ടിഫിക്കേഷൻ ലഭിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. പുതുതായി എത്തുന്ന ഫോളോവേഴ്സിന് ഗെയിം മേഖലകളെക്കുറിച്ചും
ആരൊക്കെയാണ് നിലവിൽ ലൈവായി ഗെയിം കളിച്ചു കൊണ്ടിരിക്കുന്നത് എന്നതിനേക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കും. സ്നേഹ പിന്തുണയെന്നോണം സ്ട്രീമേഴ്സിന് റിവാർഡ് നൽകാനുമാകും. വിദൂരങ്ങളിലിരുന്നു കൊണ്ട് വിവിധ ആളുകളുമായി ടൂർണമെന്റുകളിലേർപ്പെടാനും വിവിധ മാച്ചുകൾ സംഘടിപ്പിക്കാനും ഇതിലൂടെ അവസരമുണ്ട്. ഇതുവഴി ഗെയിമേഴ്സ് പണം സമ്പാദിക്കുകയും ചെയ്യുന്നു. ലൈവ് വീഡിയോകളിലെ രസകരമായ നിമിഷങ്ങൾ ചെറു വീഡിയോകളാക്കി തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുന്നവരും കുറവല്ല. പ്രായവ്യത്യാസമില്ലാതെയാണ് ഇതിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നത്.
വർഷങ്ങൾക്ക് മുമ്പേ ഗെയിമിങ് സ്ട്രീമുകൾ ഉണ്ടെങ്കിലും കോവിഡിന് ശേഷമാണ് കേരളത്തിലെ കുട്ടികൾക്കിടയിൽ ഇത് വ്യാപകമായത്. കുട്ടികളിൽ കൂടുതൽ പേരും മൊബൈലുകളിലേക്ക് ചേക്കേറിത്തുടങ്ങിയത് ഇക്കാലത്താണ്. ഓൺലൈൻ ക്ലാസുകളിലെ വിരസതകളിൽനിന്ന് വഴിമാറാൻ, വീടിന് വെളിയിലിറങ്ങുന്ന വിലക്കിനുള്ള പോംവഴിയെന്നോണം പല കുട്ടികളും ആശ്രയം കണ്ടെത്തിയത് ഓൺലൈനുകളിലായിരുന്നു. ഗെയിം സ്ട്രീമുകളുടേയും ഓൺലൈൻ ഉപയോഗത്തിന്റേയും കണക്കുകളെടുത്തു നോക്കിയാൽ, 2018 മുതൽ തുടർന്നിങ്ങോട്ട് എത്രത്തോളമാണ് വർധനയെന്ന കാര്യം വ്യക്തമാകും.

ഇന്ത്യയിൽ മാത്രം 2018-ൽ 27.8 കോടി ആളുകളായിരുന്നു ഗെയിമിങ് മേഖലയിൽ ഉണ്ടായിരുന്നത്. 2019-ൽ ഇത് 30 കോടിയായി ഉയർന്നു. 2021-ൽ മാത്രം 39 കോടിആയി. 2022-ലെ കണക്കുകൾ പ്രകാരം 45 കോടി ഗെയിമേഴ്സാണ് ഇന്ത്യയിൽ മാത്രം ഉള്ളത്. ഇത് വർഷാവർഷം വർധിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ ഭൂരിഭാഗം പേരും കുട്ടികളാണ് എന്ന കാര്യം കൂടി എടുത്തുപറയേണ്ടതുണ്ട്.
ലക്ഷങ്ങൾ സമ്പാദിക്കുന്ന ഏഴു വയസുകാരൻ
വെറും ഏഴ് വയസ് മാത്രം പ്രായമുള്ള കുട്ടിക്ക് ഓൺലൈനിൽ ഏതൊക്കെ ഗെയിം കളിക്കാം എന്ന് ചോദിച്ചാൽ, പലരും ലുഡോ, പസിൽ ഗെയിം, കാൻഡി ക്രഷ്, സ്നേക്... എന്നിങ്ങനെയായിരിക്കും ഉത്തരം പറയുക. എന്നാൽ, നിലവിലെ രീതികളിൽ പലതിലും മാറ്റംവന്നു. മുംബൈ സ്വദേശിയായ ആകർഷ് ചൗധരി എന്ന ഏഴു വയസുകാരന് ഇതൊന്നുമല്ല ഗെയിമിങ്ങിന്റെ ലോകം. BGMI (Battlegrounds Mobile India), Valorant, Call of Duty: Warzone, CODM, Pokémon UNITE തുടങ്ങിയ ഗെയിമുകളാണ് ഈ ഏഴു വയസുകാരന്റെ ലോകത്തുള്ളത്. ദിവസത്തിൽ വൈകുന്നേരം മൂന്നു മണിക്കൂർ ഗെമിങ്ങിന് വേണ്ടി ആകർഷ് മാറ്റിവെക്കുമെന്നാണ് ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വീഡിയോകൾ യൂട്യൂബിൽ സ്ട്രീം ചെയ്യുന്നുണ്ട്. കൊളാബ്രേഷനിലൂടെ ലക്ഷങ്ങളാണ് ഈ ഏഴു വയസുകാരൻ സമ്പാദിക്കുന്നത്.

ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ കൂടി പൊതുയിടങ്ങളിൽ അറിയപ്പെടാൻ തുടങ്ങിയവരുടേയും സമ്പന്നരായവരുടേയും കഥകൾ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. എങ്ങനെയും പെട്ടെന്ന് പണം സമ്പാദിക്കണം, പൊതുയിടങ്ങളിൽ അറിയപ്പെടണം എന്ന മോഹവുമായി ചാനലുകൾ തുടങ്ങിയവരും കുറവല്ല.
പണം നഷ്ടപ്പെടുന്ന വഴി, ഒന്നുമറിയാതെ രക്ഷിതാക്കൾ
മാസത്തിന്റെ തുടക്കത്തിൽ ഭർത്താവ് ഗൾഫിൽനിന്ന് അയച്ച പണം എടുക്കാൻ വേണ്ടിയാണ് ഷീജ (പേര് യഥാർഥമല്ല) എ.ടി.എമ്മിൽ കയറിയത്. തുക പിൻവലിച്ച ശേഷം ബാലൻസ് നോക്കിയപ്പോൾ അവർ ഞെട്ടി, ഒരു വലിയ തുക അക്കൗണ്ടിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. വീട്ടിലെത്തിയ ശേഷം ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചു. ചെറുതുകകളായിട്ടാണ് പണം അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. പണം നഷ്ടപ്പെട്ടു എന്ന് അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങളൊന്നും തന്നെ മൊബൈലിൽ എത്തിയിട്ടില്ല. സ്റ്റേറ്റ്മെന്റ് പ്രകാരം, ചില പ്രത്യേക അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴിയാണ് പോയിരിക്കുന്നത്.
ഗൂഗിൾപേ വഴി പല തവണകളിലായി ചെറുതുകകൾ നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ട് ഷീജയ്ക്ക് ഒരുത്തരവും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകനിലേക്ക് എത്തുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൻ ഓൺലൈൻ ക്ലാസ് ആവശ്യത്തിനായി ഷീജയുടെ മൊബൈൽ ഇടക്കിടെ വാങ്ങി മുറിയിൽ ചെന്നിരിക്കുമായിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ ഗെയിമിങ് അഡിക്ട് ആണ് എന്ന് ഷീജ മനസ്സിലാക്കുന്നത്. സ്ട്രീമേഴ്സിന്റെ ലൈവ് സ്ട്രീമുകൾ ആസ്വദിച്ചിരുന്ന കുട്ടി, തന്റെ ഇഷ്ട സ്ട്രീമേഴ്സിന് നൽകിയ സമ്മാനങ്ങളായിരുന്നു ചെറുതുകകളായി നഷ്ടപ്പെട്ടത് എന്ന് വൈകാതെ ഷീജ തിരിച്ചറിഞ്ഞു.
ഇഷ്ട സ്ട്രീമേഴ്സിന്റെ, ഓരോ ലൈവ് സ്ട്രീമിങ്ങിനിടയിലും ഷീജയുടെ അക്കൗണ്ടിൽ നിന്ന് 40, 100, 200, 500... രൂപകളായി മകൻ നൽകിക്കൊണ്ടേയിരുന്നു. പണം നൽകിയത് അറിയാതിരിക്കാൻ മൊബൈലിലേക്ക് വരുന്ന മെസ്സേജുകൾ അപ്പപ്പോൾ തന്നെ ഡിലീറ്റ് ചെയ്ത് വെക്കാനും അവൻ മറന്നില്ല. അവന്റെ ഇഷ്ട സ്ട്രീമേഴ്സ് ലൈവ് സ്ട്രീം ചെയ്യുമ്പോൾ സൂപ്പർ ചാറ്റ് വഴിയും സ്റ്റിക്കറുകളായും ബീനുകളായും അവർക്ക് പിന്തുണ അറിയിച്ചു കൊണ്ടേയിരുന്നു. മകന്റെ സ്ട്രീമിങ് ഭ്രമം തിരിച്ചറിഞ്ഞ ശ്രീജ, അവനെ ഇതിൽനിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്.

പണം നൽകാൻ പലവഴി
ഓൺലൈൻ ഗെമിയിലെ ലെവലുകൾ പൂർത്തിയാക്കാൻ, ആവശ്യമായ ആയുധങ്ങൾ വാങ്ങാൻ, മറ്റു ടാസ്കുകൾക്ക് വേണ്ടി മാത്രമല്ല കുട്ടികൾ പണം ചെലവിടുന്നത്. അവരുടെ ഇഷ്ടതാരങ്ങളെ പിന്തുണക്കാൻ വേണ്ടിയും ഇത്തരത്തിൽ പണം ചെലവഴിക്കുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. നേരിട്ട് പണം നൽകുക എന്നതിന് പുറമെ, സൂപ്പർ ചാറ്റ്, സ്റ്റിക്കറുകൾ, ബീനുകൾ തുടങ്ങിയ രീതികളിലും ലൈവ് സ്ട്രീമുകൾക്കിടെ പണം സ്ട്രീമേഴ്സിന് നൽകാൻ സാധിക്കും. അവരുടെ ലൈവിന് പിന്തുണ അറിയിച്ചു കൊണ്ടുള്ളതാണ് ഈ പണം. ചെറുതുകകളിൽ നിന്നാരംഭിച്ച് ആയിരങ്ങൾ വരെ ഇത്തരത്തിൽ സ്ട്രീമേഴ്സിന് ഡൊണേറ്റ് ചെയ്യുന്നവരും ഉണ്ട്.
സ്ട്രീമേഴ്സ്, അവർക്ക് ലൈവിൽ പണം ലഭിക്കുമ്പോൾ നൽകുന്നയാളുടെ പേരും സന്ദേശവും വായിച്ചു കേൾപ്പിക്കുന്നു. ലൈവ് കണ്ടിരിക്കുന്ന ആയിരങ്ങൾ ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ആത്മസുഖം മാത്രമാണ് സംഭാവന ചെയ്യുന്ന കുട്ടികൾക്ക് ഇതിലൂടെയുള്ള നേട്ടം. കൂടാതെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ, ചാനലുകൾ തുടങ്ങിയവയെക്കുറിച്ച് ലൈവിൽ പറയുന്നതിലൂടെ കൂടുതൽ ആളുകൾ പേജുകൾ സന്ദർശിക്കാനും ഫോളോ ചെയ്യാനുള്ള സാധ്യതയും അവരെ ഇത്തരത്തിൽ പണം സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുന്നു.
ഗെയിം കളിച്ച് പണം നഷ്ടപ്പെടുന്നവരേക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, ഗെയിം കളിയിൽ കൂടി മാത്രമല്ല പണം നഷ്ടപ്പെടുന്നത്, കുട്ടികളുടെ ആരാധനപ്പുറത്തുള്ള ഇത്തരം സംഭാവനകളും പണം നഷ്ടപ്പെടാൻ ഇടയാക്കുന്നുണ്ട് എന്ന് രക്ഷിതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മാതാപിതാക്കളുടെ മൊബൈൽ ഫോണുകളായിരിക്കും പല കുട്ടികളും ഉപയോഗിക്കുക. ഗൂഗിൾ പേ അല്ലെങ്കിൽ മറ്റു യു.പി.ഐ. അക്കൗണ്ടുകൾ ആഡ് ചെയ്ത ഫോണിൽനിന്ന് പണം ചെറുതുകകളായും വൻതുകകളായും കുട്ടികൾക്ക് തങ്ങളുടെ ഇഷ്ട സ്ട്രീമേഴ്സിന് നൽകാൻ സാധിക്കും. യൂട്യൂബിന് പുറമെ, വിവിധ സ്ട്രീമിങ് ആപ്ലിക്കേഷനുകളിലും സംഭാവന ചെയ്യുന്ന രീതി പലതാണ്. ചിലതിൽ നേരിട്ട് പണം അയക്കുകയല്ല സ്റ്റിക്കർ, ഗോൾഡ് കോയിൻ, ബീൻ തുടങ്ങിയവ പണം നൽകി വാങ്ങി അത് വീതിച്ച് നൽകുകയാണ് ചെയ്യാറ്. 40 രൂപ മുതൽ പതിനായിരങ്ങൾ വരെ ഇത്തരത്തിൽ സംഭാവന നൽകാൻ സാധിക്കും. സാധാരണ രീതിയിൽ യു.പി.ഐ. അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് സമാനമായിട്ടാണ് ഇത്തരം പരിപാടികൾ നടക്കുന്നത് എന്നതുകൊണ്ടുതന്നെ വളരെ ലളിതമായിത്തന്നെ ഇത് ചെയ്യാൻ സാധിക്കും.
ഗെയിമിൽ ഏർപ്പെട്ട കുട്ടികൾ പഠനത്തിൽനിന്ന് പിന്നോട്ടടിക്കുന്നുണ്ട്. ഗെയിമിൽ പല റിവാർഡുകളുണ്ട്. എന്നാൽ, പഠനത്തിൽ അതില്ല. എത്ര ചെയ്താലും വീട്ടുകാരിൽനിന്ന് നല്ല വാക്ക് കിട്ടാൻ വലിയ പ്രയാസമാണ്. പബ്ലിസിറ്റി, പണം തുടങ്ങിയവ ഗെയിമുകളിൽകൂടിയും ലൈവ് സ്ട്രീമിങ്ങുകളില്‍ കൂടിയും കിട്ടും. പിന്നെന്തിന് പഠിക്കണം എന്ന ചിന്താഗതിയാണ് പല കുട്ടികൾക്കുമുള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ സ്ട്രീമിങ്ങുകൾക്ക് അഡിക്ട് ആയ ഒരു കുട്ടിക്ക് അതിൽ നിന്ന് തിരിച്ചു വരിക എന്നത് ഏറെപ്രയാസമായിരിക്കുമെന്ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ മനഃശാസ്ത്രജ്ഞന്‍ ഡോ. സന്ദീഷ് പറയുന്നു.
ഹിപ്സ്റ്റർ, കാസ്ട്രോ, ഈഗിൾ, പ്രോകള്ളൻ, കെഎംസി കൊമ്പൻ….
ഓൺലൈൻ ഗെയിമായ പബ്ജിയുടെ പ്രാരംഭഘട്ടത്തിലാണ് കേരളത്തിലും ലൈവ് സ്ട്രീമുകൾക്ക് പ്രാധാന്യം ഏറിത്തുടങ്ങിയത്. വൻതോതിലുള്ള പബ്ജി ആരാധകർ ലൈവ് സ്ട്രീമുകളിലേക്ക് ചേക്കേറി. ഈഗിൾ, കാസ്ട്രോ, ഹിപ്സ്റ്റർ, തൊപ്പി, സൊലൊവിനെർ എക്സ്.ഡി, കെ.എം.സി. കൊമ്പൻ, എകെ ടോക്, ബ്ലൈൻഡ് സൈക്കോ, പ്രോകള്ളൻ... ചാനലുകളങ്ങനെ നീണ്ടു നീണ്ടു പോയി. ഓരോരുത്തർക്കും ആരാധക കൂട്ടങ്ങളും വൻതോതിൽ വർധിച്ചു. മിക്കവരും പബ്ജിയിലായിരുന്നു ആദ്യഘട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. എന്നാൽ പബ്ജി നിരോധിച്ചതോടെയാണ് ചിലർ ഫ്രീ ഫയറിലേക്കും മറ്റും ചുവടുമാറ്റിയത്.
ഇപ്പോൾ പലരും ഗെയിമിങ്ങിന് പകരം മറ്റു പല മേഖലകളിലേക്കും കടന്നു. വിവിധ തലങ്ങളിലുള്ള ആസ്വാദകരെ ആകർഷിക്കാനായി റോസ്റ്റിങ് വീഡിയോ ചെയ്യുക, സോഷ്യൽ ആപ്ലിക്കേഷനുകളിൽ കൂടി വീഡിയോ കോൾ ചെയ്ത് ആളുകളെ അപകീർത്തിപ്പെടുത്തുക ഇതിലൂടെ പബ്ലിസിറ്റി ഉണ്ടാക്കുക എന്നതായി പുതിയ രീതി. പലരും പലതരത്തിലുള്ള വിനോദോപാധികള്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ലൈവ് സ്ട്രീം ചെയ്യുന്നതിനൊപ്പം തന്നെ ലൈവ് വീഡിയോ കോൾ ആപ്ലിക്കേഷൻ, ലൈവ് ചാറ്റിങ് ആപ്പ് തുടങ്ങിയവയിൽ കൂടി നിരവധിപേർ പരസ്പരം ബന്ധപ്പെടുകയും ചെയ്യാറുണ്ട്.
സുരക്ഷിതമല്ല ഈ ഇടം
കയറിച്ചെന്നാൽ തിരിച്ചിറങ്ങാൻ പ്രയാസമുള്ള ഈ മേഖല അത്ര സുരക്ഷിതമല്ല എന്ന് ആദ്യമേ ഓര്‍മിപ്പിച്ചുവല്ലോ. ലൈവ് സ്ട്രീമുകളിൽ കൊലപാതക ആഹ്വാനങ്ങളടക്കം നടക്കുന്നുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധമുള്ളവർ പറയുന്നത്.
ആരാധകരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക എന്നതും സ്ട്രീമേഴ്സിന്റെ ടാസ്ക് ആണ്. തങ്ങൾക്ക് പണം അയക്കുന്ന ആരാധകർ എന്താണോ ആവശ്യപ്പെടുന്നത് അത് ലൈവായി പ്രവർത്തിച്ച് കാണിക്കണം. ലൈവ് സ്ട്രീമിങ്ങിനിടെ നിർത്താതെ മദ്യം കുടിക്കുക, അസാധാരണമായ അളവിൽ കൂൾ ഡ്രിങ്ക്സ് കുടിക്കുക, ഹാർപിക് പോലുള്ള അപകടകരമായ ദ്രാവകങ്ങൾ കുടിക്കുക, വിവിധ ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജ്യൂസുകൾ കുടിക്കുക, പാകം ചെയ്യാത്ത ഭക്ഷ്യസാധനങ്ങൾ കഴിക്കുക തുടങ്ങിയവയൊക്കെ ടാസ്കുകളായി സ്ട്രീമേഴ്സിന് നൽകും. ആരാധകരെന്ന് വിളിക്കപ്പെടുന്ന കൂട്ടമാണ് ടാസ്കുകൾ നൽകുക. എത്ര കഠിനമാണെങ്കിലും ടാസ്ക് ചെയ്യുക എന്നതാണ് സ്ട്രീമേഴ്സിന് മുമ്പിലുള്ള വെല്ലുവിളി. പണം, ഫോളോവേഴ്സ്, കൂടുതൽ കാഴ്ചക്കാർ, പബ്ലിസിറ്റി.. ഇതൊക്കെ തന്നെയാണ് ഇത്തരത്തിൽ അപകടകരമാം വിധത്തിലുള്ള വെല്ലുവിളി ഏറ്റെടുക്കാൻ സ്ട്രീമേഴ്സിനെ പ്രേരിപ്പിക്കുന്ന ഘടകം.
സ്ട്രീമർ ടാസ്ക് പൂർത്തിയാക്കിക്കഴിയുമ്പോഴേക്കും ചിലപ്പോൾ ആശുപത്രിക്കിടക്കയിലെത്തിയിരിക്കും. അല്ലെങ്കിൽ മരണത്തിലേക്കും. അത്തരത്തിൽ പല സംഭവങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

36-കാരനായ യൂട്യൂബർ ലൈവ് സ്ട്രീമിങ്ങിൽ പ്രേക്ഷകൻ ആവശ്യപ്പെട്ടതനുസരിച്ച് നിർത്താതെ 12 കുപ്പി എനർജി ഡ്രിങ്ക് കുടിച്ചതിനെത്തുടർന്ന് ആശുപത്രിയിലായത് ബ്രിട്ടനിലായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. 2.68 മില്യൺ സബ്സ്ക്രൈബേഴ്സുള്ള തന്റെ ചാനലിൽ, ആരാധകരുടെ അഭ്യർത്ഥനപ്രകാരമായിരുന്നു ഇയാൾ ഇപ്രകാരം ചെയ്തത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലൈവ് സ്ട്രീമിങ്ങിനിടെ തുടർച്ചയായി മദ്യം ഉപയോഗിച്ച് ചൈനീസ് യൂട്യൂബർ മരിച്ച വാർത്ത ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രദർ ഹുവാങ് എന്ന് അറിയപ്പെടുന്ന സ്ട്രീമറാണ് ലൈവ് സ്ട്രീമിങ്ങിനിടെ നിർത്താതെ മദ്യം കുടിച്ച് മരണപ്പെട്ടത്.

ലൈവ് സ്ട്രീം ചെയ്തു കൊണ്ടിരിക്കുമ്പോൾ യൂട്യൂബിനോ അല്ലെങ്കിൽ ലൈവ് സ്ട്രീം പ്ലാറ്റ്ഫോമുകൾക്കോ അതിലുള്ള ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സാധിക്കില്ല. പ്രൈവസിയുമായി ബന്ധപ്പെട്ട കാര്യമാണ് അത്. ലൈവ് സ്ട്രീം ആരംഭിക്കുമ്പോൾ നിർദേശം നൽകാൻ മാത്രമാണ് ഇത്തരം കമ്പനികൾക്ക് സാധിക്കുകയുള്ളൂ. ഒരാൾ ലൈവിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചാലോ കൊല ചെയ്യാൻ ശ്രമിച്ചാലോ അവരുടെ ലൈവ് സ്ട്രീമിൽ കേറി ഇടപെടുക എന്നത് പ്ലാറ്റ്‌ഫോമുകള്‍ക്ക്
പരിധിയുണ്ടെന്ന് സാങ്കേതിക വിദഗ്ദൻ റോബിൻ ടൊമ്മി പറയുന്നു.
അതുകൊണ്ട് തന്നെ, പലപ്പോഴും ലൈവ് സ്ട്രീമുകളിൽ അപകടകരമാം വിധത്തിലുള്ള ടാസ്കുകൾ ചെയ്യാനും, ലൈംഗികാധിക്ഷേപം, സ്ത്രീവിരുദ്ധത, വംശീയാധിക്ഷേപം തുടങ്ങിയവ യഥേഷ്ടം വിളിച്ചു പറയാനും, കുട്ടികളുമായി ബന്ധപ്പെട്ട അധിക്ഷേപങ്ങൾ നടത്താനും സ്ട്രീമേഴ്സിന് യാതൊരു തടസ്സവുമില്ല.
എന്നാൽ, നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ലൈവ് വീഡിയോകൾ അപ്ലോഡ് ചെയ്തതിന് ശേഷം ആരെങ്കിലും സ്പാം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് അയാൾക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിലേക്കടക്കം കമ്പനി കടക്കും. യൂട്യൂബിൽ നേരിട്ട് ലൈവ് ചെയ്യുന്നതിന് പകരം മറ്റു സ്ട്രീം ആപ്പുകൾ വഴി സ്ട്രീം ചെയ്ത് അതിൽ നിന്ന് യൂട്യൂബിലേക്ക് ലിങ്ക് ചെയ്യുന്നവരും കുറവല്ലെന്ന് സാങ്കേതിക വിദഗ്ദർ പറയുന്നു.
ഐഷോ സ്പീഡും തൊപ്പിയും അനുകരണങ്ങളിൽപെട്ട കുട്ടികളും
ട്രെൻഡിനെ പിന്തുടരുക എന്നതാണ് സോഷ്യൽ മീഡിയകളുടെയും വീഡിയോ പ്ലാറ്റ്‌ഫോമുകളുടെയും രീതി. ഓരോ ദിവസവും ഓരോ തരത്തിലുള്ള ഉള്ളടക്കങ്ങളായിരിക്കും ട്രെൻഡിങ് ആവുക. സമാന രീതിയിലുള്ള വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതിലൂടെ, അനുകരിക്കുന്നതിലൂടെ കൂടുതൽ കൂടുതൽ ആളുകളിലേക്ക് കണ്ടന്റുകൾ എത്തുകയും കാഴ്ചക്കാരും ലൈക്കും വർധിക്കുകയുംചെയ്യും.
ലൈവ് സ്ട്രീമേഴ്സിനിടയിൽ പലരും ഇത്തരത്തിൽ വിദേശ സ്ട്രീമേഴ്സിന്റെ രീതി കടമെടുത്തവരാണ്. സോഷ്യൽ പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്ലാറ്റ്‌ഫോമുകളിലും ഏറെയും ഇത്തരത്തിൽ അനുകരണങ്ങളാണ്. ഏറെ വിവാദമായ യൂട്യൂബർ 'തൊപ്പി'യെക്കുറിച്ചുള്ള അനുകൂല, പ്രതികൂല പോസ്റ്റുകൾ സോഷ്യൽ മീഡിയകളിലും വാർത്തകളിലും ഏറെ ഇടംപിടിച്ചിരുന്നു.
തൊപ്പി എന്ന നിഹാദിനെക്കുറിച്ച് പറയുമ്പോൾ, ഐഷോ സ്പീഡ് എന്ന അമേരിക്കൻ യുട്യൂബറെക്കുറിച്ചും പറയേണ്ടിയിരിക്കുന്നു. ഐഷോസ്പീഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അമേരിക്കൻ യൂട്യൂബറായ ഡാരൻ വാട്കിൻസ് ജൂനിയർ ലൈവ് സ്ട്രീമിൽ കാണിക്കുന്ന വീഡിയോകൾക്ക് സമാനമാണ് തൊപ്പി എന്ന നിഹാദിന്റെ പ്രവൃത്തികളും.

1.89 കോടിയിലേറെ സബ്സ്ക്രൈബ്ഴേസാണ് ഡാരന് യൂട്യൂബിലുള്ളത്. പലപ്പോഴും സത്രീ വിരുദ്ധ പരാമർശങ്ങളും കുട്ടികൾക്കെതിരേയുള്ള ആക്ഷേപങ്ങളും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളുമാണ് ലൈവുകളിലേറെയും. അസഭ്യവാക്കുകളും തെറികളും അശ്ലീലങ്ങളും പൊതു പ്ലാറ്റ്‌ഫോമിലിരുന്ന്
പറയുന്നതടക്കം വിവിധ ആളുകളുടെ സ്വകാര്യതയിൽ കയറി ഇടപെടൽ നടത്തുന്നതുവരെയുള്ള സാഹസങ്ങൾ സ്ട്രീമേഴ്സിന്റെ ഭാഗത്ത്നിന്ന് പതിവാണ്.
വളാഞ്ചേരിയിലെ പരിപാടിക്ക് വന്ന്, 'തൊപ്പിയുടെ തെറി വല്യ ഇഷ്ടമാണ്' എന്ന് പറഞ്ഞ എട്ടാം ക്ലാസുകാരനെ പോലെ ഹിപ്സറ്ററിന്റെ, 'തുണിയുരിഞ്ഞാൽ വൈറലാകാം' എന്ന നിർദേശം കേൾക്കുന്ന കുട്ടിയെപോലെ, നമ്പർ തന്നാൽ ആയിരങ്ങൾ അയച്ചു തരാം എന്ന് പറയുന്ന ഏഴാം ക്ലാസുകാരനെപോലെ നിരവധി കുട്ടികളാണ് ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാരായിട്ടുള്ളത് .

അടുത്തിടെ ഡാരൻ പങ്കുവെച്ച വീഡിയോയിൽ അയാളുടെ കണ്ണ് മൂടിക്കെട്ടിയ നിലയിലായിരുന്നു. താൻ കടുത്ത തലവേദന അനുഭവിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഡാരൻ തന്റെ 18 മില്യണോളം വരുന്ന ആരാധകരുടെ മുമ്പിലേക്ക് വീഡിയോയിൽ കൂടി എത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡാരൻ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
'ഏറ്റവും മോശമായ അവസ്ഥയിൽ കൂടിയാണ് താൻ കടന്നു പോകുന്നത്. കണ്ണ് തുറക്കാൻപോലും പറ്റുന്നില്ല. തലവേദന കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ ഒന്നും സാധിക്കുന്നില്ല'- സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ഡാരൻ പറയുന്നു. എന്നാൽ ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും തന്നെ അദ്ദേഹം പങ്കുവെക്കുന്നില്ല. ഡാരന്റെ അസുഖവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്.
ഏറെ നേരം ഗെയിം കളിക്കുന്ന, സ്ക്രീനുകൾക്ക് അടിമപ്പെടുന്ന കുട്ടികൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാകും എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അസ്തെനോപ്പിയ പോലുള്ള രോഗങ്ങൾക്ക് ഇത് കാരണമാകും. കാഴ്ച മങ്ങല്‍, വസ്തുക്കളെ രണ്ടായി കാണല്‍, ക്ഷീണം, അകലത്തിലുള്ള കാഴ്ചകള്‍ വ്യക്തമാവാതിരിക്കല്‍, തലവേദന, കണ്ണിന് വേദന എന്നിവയാണ് അനെസ്തോപ്പിയയുടെ ലക്ഷണങ്ങള്‍. കൂടാതെ ഡിജിറ്റൽ ഐ സ്ട്രെയിൻ രോഗങ്ങൾക്കും സാധ്യതകളുള്ളതായി വിദഗ്ദർ അഭിപ്രായപ്പെടുന്നു.
സുരക്ഷിതരെന്ന് വിശ്വസിക്കുന്ന കുട്ടികൾ
പൊതുയിടങ്ങളിൽനിന്ന് വ്യത്യസ്തമായി, സുരക്ഷിതമുള്ള ഒരിടമായിട്ടാണ് കുട്ടികൾ ഇത്തരം പ്ലാറ്റ്‌ഫോമുകളെ കാണുന്നത്. അവരുടെ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടി അഭയം പ്രാപിക്കാനുള്ള ഇടമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ. പൊതു സമൂഹത്തെ അഭിമുഖീകരിക്കാൻ പ്രയാസപ്പെടുന്ന ഒരു കൂട്ടം കുട്ടികൾ ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ സജീവമായി ഇടപെടുന്നുണ്ട്. എന്തും വിളിച്ചു പറയാനുള്ള, തങ്ങളുടെ വികാരം പ്രകടിപ്പിക്കാനുള്ള ഒരു ഇടമായിട്ടമാണ് ഇത്തരക്കാർ ലൈവ് സ്ട്രീം പ്ലാറ്റ്‌ഫോമുകളെ കാണുന്നത്.
പല കുട്ടികളും പൊതുവിടങ്ങളില്‍ ഇറങ്ങിച്ചെല്ലാനുള്ള മടികാരണം, ഇത്തരം പ്ലാറ്റുഫോമുകളിൽ സമയം ചെലവഴിക്കുന്നു. മാത്രമല്ല, സ്കൂളുകളിൽ പോകാതെ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടുന്നവരും കുറവല്ല. ഇത്തരത്തിൽ പല കേസുകളും ക്ലിനിക്കിൽ വരുന്നുണ്ടെന്ന് ഡോ. സന്ദീഷ് പറയുന്നു.
നിഹാദ് എന്ന യൂട്യൂബർ പറയുന്നതുപോലെ, ‘രണ്ട് മണിക്കൂർ ലൈവ് ആണ് ഞാൻ ആകെ ആശ്വസിക്കുന്ന സമയം. എല്ലാ പ്രശ്നങ്ങളും മാറ്റിവെച്ച് സന്തോഷത്തോടെ ഇരിക്കാൻ പറ്റുന്നത് ഈ രണ്ടു മണിക്കൂർ നേരമാണ്. പല പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതത്തിൽ സന്തോഷം നൽകുന്നത് ലൈവ് സ്ട്രീമാണ്’, എന്നത് പോലെയാണ് പല കുട്ടികളും. എല്ലാം മറന്ന് ആസ്വദിക്കനുള്ള ഇടമായി അവർ ഇത്തരം പ്ലാറ്റ്‌ഫോമുകളെ കണക്കാക്കുന്നു.
പുറംലോകത്തെ പ്രശ്നങ്ങളിൽനിന്നും സംഘർഷങ്ങളിൽനിന്നും അകന്ന് തങ്ങളുടേതായ ഒരു പ്രത്യേക ലോകം സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയെടുക്കുകയും അതിൽ അഭിരമിക്കുകയും ചെയ്യുകയാണ് പല കുട്ടികളും. സ്ട്രീമിങ് പരിധി വിടുമ്പോഴാണ് പ്രശ്നങ്ങളുടെ ആരംഭം. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് കടന്ന് ചെല്ലുക, അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ, ഫോൺ നമ്പറുകൾ ലൈവിൽ പ്രദർശിപ്പിക്കുക, അസഭ്യം പറയുക, ആക്ഷേപിക്കുക, സ്ത്രീവിരുദ്ധത അടങ്ങിയ വിളികൾ, വൈകൃതങ്ങൾ, തെറ്റായ പ്രവൃത്തികൾ, കുട്ടികൾക്കെതിരേയുള്ള അധിക്ഷേപങ്ങൾ തുടങ്ങിയവയ്ക്കിടയിൽ, ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ സുരക്ഷ എത്രത്തോളമാണ് എന്ന് ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.
(തുടരും)
Content Highlights: live streamer ishowspeed thoppi and children follow investigation series
Published: 02 Aug 2023, 05:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented