
യൂട്യൂബ് സേഫ് ആണ്, കുട്ടികളുടെ വാശി മാറ്റാൻ, എന്തെങ്കിലും ആവശ്യങ്ങൾ സാധിച്ചെടുക്കാൻ വേണ്ടി മൊബൈൽ ഫോണിൽ വീഡിയോ പ്ലേ ചെയ്തു കൊടുക്കുന്ന ഓരോ രക്ഷിതാവും കരുതുന്നത് ഇതാണ്. കുട്ടികൾ മൊബൈലിൽ എന്തു ചെയ്യുന്നു, എന്തു കാണുന്നു എന്ന കാര്യങ്ങളൊന്നും രക്ഷിതാക്കൾ അന്വേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികൾ സ്വതന്ത്രരായി ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ അവരുടേതായ ലോകം പണിയുന്നു. മൊബൈൽ കിട്ടിയില്ലെങ്കിൽ, അക്രമാസക്തരാകുന്നു, സ്വഭാവത്തിൽ മാറ്റം വരുന്നു.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാൻ യൂട്യൂബ് അവരുടേതായ പോളിസികൾ ഏർപ്പെടുത്തിയിട്ടുള്ളതുകൊണ്ട് രക്ഷിതാക്കൾ കരുതുന്നത് ഈ ഇടം കുട്ടികൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാനുള്ളതാണെന്നാണ്. എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് യൂട്യൂബ് നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ യൂട്യൂബിൽനിന്ന് നീക്കം ചെയ്ത വീഡിയോകൾ, കമന്റുകൾ, സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ തുടങ്ങിയവയിൽ ഏറെയും കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്.
ഉള്ളടക്കം പരിശോധിക്കുന്ന അൽഗൊരിതം
യൂട്യൂബിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ അതിന്റെ എല്ലാ വശങ്ങളും അൽഗൊരിതം വഴി പരിശോധിക്കും. കുട്ടികളുടെ സുരക്ഷ, ലൈംഗിക ഉള്ളടക്കം, നഗ്നത തുടങ്ങിയവയൊക്കെ പരിശോധിച്ച ശേഷം മാത്രമായിരിക്കും വീഡിയോ ചാനലിൽ അപ്ലോഡ് ആവുക. എന്നാൽ, ചിലപ്പോൾ അൽഗൊരിതങ്ങൾക്കും തെറ്റു പറ്റാം, അല്ലെങ്കിൽ അവയെ കബളിപ്പിക്കുന്ന തരത്തിൽ വീഡിയോകൾ അപ്ലോഡ് ചെയ്യപ്പെടാനുള്ള സാധ്യതകളും ഏറെയാണ്. അത്തരം വീഡിയോകൾ അപ്ലോഡ് ചെയ്താൽ കാണാൻ സാധിക്കും. എന്നാൽ അത് ശ്രദ്ധയിൽ പെടുന്ന ഉപയോക്താവ് റിപ്പോർട്ട് ചെയ്താൽ വീഡിയോ നീക്കം ചെയ്യും. അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലെ കണ്ടന്റ് യൂട്യൂബ് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ, തങ്ങളുടെ അൽഗൊരിതത്തിന് എവിടെയാണ് തെറ്റു പറ്റിയതെന്ന് കണ്ടെത്തി അതുവഴി അൽഗൊരിതത്തിൽ മാറ്റം വരുത്തുകയാണ് യുട്യൂബ് ചെയ്യാറുള്ളതെന്ന് സാങ്കേതിക വിദഗ്ദൻ റോബിൻ ടൊമ്മി പറയുന്നു.
നിയമങ്ങളുണ്ട്, നടപടി അത്ര സുതാര്യമല്ല
യൂട്യൂബിൽ സിനിമയുണ്ട്, സീരിയലുണ്ട്, പാട്ടുണ്ട്, ആൽബം ഉണ്ട്, കോമഡികളുണ്ട്… സാധാരണയായ ഒരാൾക്ക് സുരക്ഷിതത്വത്തോടെ കടന്നുചെല്ലാൻ പറ്റുന്ന ഇടമെന്നു കരുതുന്ന പ്ലാറ്റ്‌ഫോം. ഉപയോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ശക്തമായ ഗൈഡ് ലൈൻ പോളിസി തയ്യാറാക്കി നടപ്പാക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
"പ്രേക്ഷകരുടേയും കണ്ടന്റ് ക്രിയേറ്റർമാരുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പുവരുത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലൈംഗികത, നഗ്നത, സ്വയം മുറിവേൽപ്പിക്കൽ തുടങ്ങിയ ഉള്ളടക്കങ്ങളിൽനിന്ന് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടിയാണ് ചില നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്"- എന്നാണ് യുട്യൂബ് അവകാശപ്പെടുന്നത്.
യൂട്യൂബ് തങ്ങളുടെ കണ്ടന്റ് നിയമങ്ങൾ വിവരിക്കുന്നത് ഇപ്രകാരമാണ്:
- നഗ്നത, ലൈംഗിക ഉള്ളടക്കങ്ങൾ
- തമ്പ് നെയിൽ
- കുട്ടികളുടെ സുരക്ഷ
- ആത്മഹത്യ, സ്വയം മുറിവേൽപ്പിക്കൽ, ഭക്ഷണ വൈകൃതങ്ങൾ,
- മോശം ഭാഷ, അക്രമം, ബീഭത്സരംഗങ്ങൾ…. തുടങ്ങിയവ എടുത്ത് പറഞ്ഞ് ഓരോന്നിനും അതിനുള്ള വിവരങ്ങളും യൂട്യൂബിൽ കൊടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടാൽ, അല്ലെങ്കിൽ തങ്ങളുടെ ഗൈഡ് ലൈൻ ലംഘിക്കുന്ന തരത്തിൽ ആരെങ്കിലും വീഡിയോകൾ അപ്ലോഡ് ചെയ്താൽ, വീഡിയോകളെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചാൽ അത് യൂട്യൂബിൽനിന്ന് നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
കുട്ടികളുടെ സുരക്ഷ, നഗ്നത, ലൈംഗികത നിറഞ്ഞ കണ്ടന്റുകളെക്കുറിച്ച് യൂട്യൂബ് നൽകുന്ന വിശദീകരണം വളരെ വലുതാണ്. അപ്ലോഡ് ചെയ്യുന്ന വീഡിയോകൾ എത്തരത്തിലുള്ളതായിരിക്കണം എന്നും വിശദമാക്കുന്നുണ്ട്. ഈ നിയമാവലികളൊക്കെ മറികടന്ന് പല വീഡിയോകളും ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്. വർഷങ്ങൾക്ക് മുമ്പേ പോസ്റ്റ് ചെയ്ത വീഡിയോകളും യാതൊരു നടപടികളുമില്ലാതെ കിടക്കുന്നുണ്ട്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
പോണോഗ്രഫിക് ഇമേജുകൾ, ലൈംഗികത, ലൈംഗിക ഉപകരണങ്ങൾ, നഗ്നത, അസ്വസ്ഥപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ, മോശം ഭാഷ, രക്തം അല്ലെങ്കിൽ അത്തരത്തിൽ അസ്വസ്ഥതപ്പെടുത്തുന്ന ചിത്രങ്ങൾ, പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള ഇമേജുകൾ, ആക്ഷേപ വാക്കുകൾ, അപകീർത്തിപ്പെടുത്തൽ... തുടങ്ങിയവയൊന്നും അപ്ലോഡ് ചെയ്യുന്ന വീഡിയോകളിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് യൂട്യൂബ് പോളിസിയിൽ പറയുന്നത്. എന്നാൽ, മലയാളത്തിലെ തന്നെ പല യൂട്യൂബ് ചാനലുകളും പരിശോധിച്ചാൽ നിയമലംഘനം എത്രത്തോളമുണ്ടെന്ന് വ്യക്തമാകും.
Read more at: രക്തം, അക്രമം, പോൺ, സ്വയം മുറിപ്പെടുത്തൽ: യൂട്യൂബിനുണ്ട് ഒരു ഇരുണ്ട അധോലോകം
Read more at: ഒരു Hi മതി; ലഹരിവസ്തു ഇൻബോക്സിലെത്തും വീട്ടുമുറ്റത്തും; കുട്ടികളും ഇര
Read more at: ലക്ഷങ്ങൾ സമ്പാദിക്കുന്ന ബാലൻ; സ്ട്രീമേഴ്സിന് പണം നൽകി കുട്ടികൾ; ഒന്നുമറിയാതെ രക്ഷിതാക്കൾ
Read more at: ശകാരിച്ചാൽ വീട് വിട്ടിറങ്ങും, ജീവിതം വേണ്ടെന്നുവെക്കും; വിട്ടുകൊടുക്കണോ കുട്ടികളെ?
വർധിച്ചു വരുന്ന യൂട്യൂബ് ഉപയോഗം
ഇന്ത്യയിൽ യൂട്യൂബ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 2019-ൽ 26.5 കോടി ഉപയോക്താക്കൾ ഉണ്ടായിരുന്ന യൂട്യൂബിന് 2023-ൽ ഇത് 57.42 കോടിയിലേക്ക് ഉയർന്നു. നാല് വർഷത്തിനുള്ളിൽ 30.92 കോടി ഉപയോക്താക്കളാണ് യൂട്യൂബിൽ വർധിച്ചത്. നിലവിലെ കണക്കുകൾ വെച്ച് 2028 ആവുമ്പോഴേക്കും 82.64 കോടി ഉപയോക്താക്കൾ ഇന്ത്യയിൽനിന്ന് മാത്രം ഉണ്ടാകും എന്നാണ് സ്റ്റാറ്റിസ്റ്റാ ഡോട്ട് കോമിന്റെ സർവേയിൽ വ്യക്തമാക്കുന്നത്.

കുട്ടികളുടെ സുരക്ഷ; നീക്കം ചെയ്ത അക്കൗണ്ടുകൾ
കുട്ടികളുടെ സുരക്ഷ മുൻനിർത്തി അപകടകരവും ഹാനികരവുമായ ഉള്ളടക്കങ്ങൾ, ലൈംഗികത, കുട്ടികളുടെ നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ അനുവദനീയമല്ലെന്നാണ് യൂട്യൂബ് പോളിസിയിൽ വ്യക്തമാക്കുന്നത്. 2018 സെപ്തംബർ- 2022 ഡിസംബർ വരേയുള്ള കണക്കുകൾ പ്രകാരം 28,090,931 യൂട്യൂബ് അക്കൗണ്ടുകളാണ് കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി മാത്രം നീക്കം ചെയ്തത്. 2019 ജനുവരി - ഡിസംബർ കാലയളവിൽ മാത്രം 33,47,488 അക്കൗണ്ടുകളാണ് കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി യൂട്യൂബ് നീക്കം ചെയ്തത്.
| 2018 Sep - Dec | 1,11,5281 |
| 2019 Jan - Dec | 33,47,488 |
| 2020 Jan - Dec | 11,623,930 |
| 2021 Jan - Dec | 10,174,675 |
| 2022 Jan - Dec | 6,292,326 |
| 2018 Sep - 2022 Dece | 28,090,931 |
കോവിഡ് കാലത്താണ് അക്കൗണ്ടുകളിലേറെയും ഒഴിവാക്കിയിരിക്കുന്നത്. വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ വ്യാപകമായത് ഈ കാലത്താണ് എന്നതുകൂടി ഇതിനൊപ്പം ചേർത്ത് വായിക്കണം.
ഗൈഡ് ലൈനിൽ പറഞ്ഞിരിക്കുന്ന, കുട്ടികളുടെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പുറമെ മറ്റു കാരണങ്ങൾ ചൂണ്ടിക്കാട്ടി 59,943,409 യൂട്യൂബ് ചാനലുകളാണ് 2018 ജുലായ് - 2022 ഡിസംബർ കാലയളവിൽ യൂട്യൂബ് നീക്കം ചെയ്തത്. നഗ്നത, ലൈംഗികത, സൈബർ അധിക്ഷേപം, ആക്ഷേപം, അപകടകരവും ഹാനികരവുമാകുന്ന വീഡിയോകൾ, വിദ്വേഷം പടർത്തുന്ന തരത്തിലുള്ള വീഡിയോകൾ ആക്രമണങ്ങളേയും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ... തുടങ്ങിയ കാരണങ്ങളാലായിരുന്നു നടപടി..
| 2018 - Jul - Dec | 4066548 |
| Jan 2019 - Dec 2019 | 12301012 |
| Jan 2020 - Dec - 2020 | 7833455 |
| Jan 2021 - Dec 2021 | 15074267 |
| Jan 2022 – Dec 2022 | 20668127 |
| July 2018 to Dec 2022 | 59,943,409 |

യൂട്യൂബിൽനിന്ന് നീക്കം ചെയ്ത വീഡിയോകൾ
2018 - 2022 കാലയളവിൽ മാത്രം 128,733,377 വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്. ചാനലുകൾ നീക്കം ചെയ്യുന്നതിന് മേൽപ്പറഞ്ഞ കാരണങ്ങൾ തന്നെയാണ് വീഡിയോകൾ നീക്കം ചെയ്യുന്നതിനും യൂട്യൂബ് ചൂണ്ടിക്കാട്ടുന്നത്. 2021 ജനുവരി - മാർച്ച് കാലത്ത് മാത്രം കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി നീക്കം ചെയ്തത് 53.6 ശതമാനത്തോളം വീഡിയോകളാണ്.
| 2018 - Jul - Dec | 16611183 |
| Jan 2019 - Dec 2019 | 31,935,763 |
| Jan 2020 - Dec - 2020 | 34,707,336 |
| Jan 2021 - Dec 2021 | 25832509 |
| Jan 2022 – Dec 2022 | 19646586 |

ദിനംപ്രതി വൻതോതിൽ നിയമലംഘന വീഡിയോകൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്. ചിലത് അൽഗൊരിതങ്ങൾ വഴി യൂട്യൂബ് തന്നെ കണ്ടെത്തി നീക്കം ചെയ്യുന്നുണ്ട്. മറ്റു ചിലത്, ആളുകൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ നീക്കം ചെയ്യുന്നുണ്ട്. എന്നാൽ ഇത് രണ്ടിലും പെടാതെ നിരവധി നിയമലംഘന വീഡിയോകൾ ഇപ്പോഴും യൂട്യൂബിലുണ്ട് എന്നതാണ് വസ്തുത.
രാജ്യത്ത് വർധിച്ചു വരുന്ന നിയമലംഘന വീഡിയോകൾ
പോളിസി ലംഘനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വീഡിയോകൾ നീക്കം ചെയ്യുന്ന രാജ്യങ്ങളിൽ ആദ്യമുള്ളത് ഇന്ത്യയാണ്. രണ്ടാമതുള്ള അമേരിക്കയിൽ, യൂട്യൂബിന്റെ പോളിസി ലംഘനവുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കം ചെയ്യുന്നത് കുറഞ്ഞു വരുമ്പോൾ ഇന്ത്യയിൽ മാത്രം ദിനംപ്രതി ഇത്തരത്തിലുള്ള വീഡിയോകൾ നീക്കം ചെയ്യുന്നത് വർധിച്ചു വരുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

2019 ജൂലായ് -സെപ്തംബർ കാലയളവുകളിൽ പോളിസി ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വീഡിയോകൾ നീക്കം ചെയ്തത് അമേരിക്കയിൽ നിന്നായിരുന്നു (3,247,335 വീഡിയോകൾ). അന്ന് അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ, തൊട്ടടുത്ത വർഷത്തിനുള്ളിൽ തന്നെ നിയമലംഘനത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വീഡിയോകൾ നീക്കം ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാമതായി ഇന്ത്യ മാറി. 1462806 വീഡിയോകളാണ് ഈ കാലയളവിൽ ഇന്ത്യയിൽനിന്ന് മാത്രമായി നീക്കം ചെയ്തത്.
2019 തുടക്കത്തിൽ മൂന്നും നാലും സ്ഥാനത്തുണ്ടായിരുന്ന ഇൻഡൊനീഷ്യയും റഷ്യയും നാലും ആറും സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന നെതർലാൻഡ് ആദ്യ മുപ്പത് രാജ്യങ്ങളിൽ പോലും ഉൾപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒപ്പം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ യൂട്യൂബിൽനിന്ന് ഗൈഡ് ലൈൻ ലംഘനവുമായി ബന്ധപ്പെട്ട് നീക്കംചെയ്യുന്ന വീഡിയോകളുടെ എണ്ണവും ദിനംപ്രതി കുറഞ്ഞു വന്നു.
യാതൊരു നടപടിയുമില്ലാതെ നിയമലംഘന വീഡിയോകൾ
ഗൈഡ് ലൈൻ പോളിസിയിൽ യൂട്യൂബ് കർക്കശമായി നിയലംഘനങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും വിവരിക്കുന്നുണ്ട്. എത്തരത്തിലുള്ള വീഡിയോകളാണ് അപ്ലോഡ് ചെയ്യേണ്ടത് എന്ന കാര്യവും വിവരിക്കുന്നുണ്ട്. ഇതിന് വിപരീതമായി ആരെങ്കിലും വീഡിയോ അപ്ലോഡ് ചെയ്താൽ അതിലെ ഉള്ളടക്കങ്ങൾക്കനുസരിച്ച് കമ്പനിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുമെന്നും പറയുന്നുണ്ട്. ഇതൊക്കെ പറയുമ്പോഴും, നിയമലംഘന വീഡിയോകളുടെ കാര്യത്തിൽ യാതൊരു കുറവുമില്ല. ഇപ്പോഴും ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി പല പോളിസി ലംഘന വീഡിയോകളും യൂട്യൂബിൽ കാണാൻ സാധിക്കും. ആയിരക്കണക്കിന് സബ്സ്ക്രൈബേഴ്സും ഇത്തരം ചാനലുകൾക്ക് ഉണ്ട് എന്നതും വസ്തുതയാണ്.
കമന്റുകളിലും കാണാം അതിരുവിട്ട പ്രയോഗങ്ങൾ
വീഡിയോകളും ചാനലുകളും മാത്രമല്ല. വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളിലും കാണാം അതിരുവിട്ട വാക്കുകൾ. സഭ്യമല്ലാത്ത, അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള, അക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, വിദ്വേഷം പടർത്തുന്ന, കുട്ടികൾക്കെതിരായ, സ്ത്രീവിരുദ്ധത നിറഞ്ഞ, തുടങ്ങി അങ്ങനെ നീണ്ടുപോകുന്ന കമന്റുകളാണ് പല വീഡിയോകളുടേയും താഴെ വരുന്നത്. പ്രായപൂർത്തിയാകാത്തവരടക്കമാണ് കമന്റുകളിടുന്നത്.
2018 ജൂലായ് - സെപ്തംബർ കാലത്ത് യൂട്യൂബ് നീക്കം ചെയ്തത് 166,370,03 കമന്റുകളായിരുന്നു. കുട്ടികളെ അധിക്ഷേപിക്കുന്നതടക്കമുള്ള കമന്റുകളാണ് നീക്കം ചെയ്തവയിലേറെയും. 2022 ഒക്ടോബർ - ഡിസംബർ കാലയളവിൽ 1,932,418,181 കമന്റുകളാണ് ഒഴിവാക്കിയത്. യൂട്യൂബിന്റെ പോളിസികൾക്കെതിരായ 1932418181 കമന്റുകളാണ് വെറും മൂന്ന് വർഷത്തിനുള്ളിൽ വർധിച്ചത്. കോവിഡ് കാലത്ത്, അതായത് 2020 ജൂലായ് - സെപ്തംബർ വരേയുള്ള കാലത്ത് മാത്രം 2,132,367,731 കമന്റുകളാണ് യൂട്യൂബ് നീക്കം ചെയ്തത്.

2020 ഏപ്രിൽ - ജൂൺ കാലത്ത് മാത്രം യൂട്യൂബിൽനിന്ന് നീക്കം ചെയ്ത കമന്റുകളിൽ 30.8 ശതമാനവും കുട്ടികൾക്കെതിരേയുള്ള അധിക്ഷേപങ്ങളായിരുന്നു. 2019 ജൂലായ് - സെപ്തംബർ കാലയളവിൽ 8.40 ശതമാനം കമന്റുകളും സമാന കാരണത്താൽ യൂട്യൂബ് നീക്കം ചെയ്തിരുന്നു. തുടർന്നങ്ങോട്ട് വൻവർധനവാണ് കുട്ടികൾക്കെതിരേയുള്ള അധിക്ഷേപ കമന്റുകളിൽ ഉണ്ടായത്. 2022-ലേക്ക് എത്തുമ്പോഴേക്കും 4.6 ശതമാനത്തിലേക്ക് കുറഞ്ഞുവെങ്കിലും നിരവധി കമന്റുകളാണ് നീക്കം ചെയ്യാതെ ഇപ്പോഴും യൂട്യൂബിൽ കിടക്കുന്നത്. അധിക്ഷേപങ്ങൾ, അപകീർത്തിപ്പെടുത്തൽ, ലൈംഗിക ഉള്ളടക്കങ്ങൾ, ലഹരി സംബന്ധിച്ചവ, സഭ്യമല്ലാത്ത ഭാഷ, സ്ത്രീകൾക്കെതിരേയുള്ള അധിക്ഷേപങ്ങൾ തുടങ്ങി നിരവധി കമന്റുകൾ പല വീഡിയോകൾക്ക് താഴെ ഇപ്പോഴുമുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടി മോശം തമ്പ്നെയിൽ ഉപയോഗിക്കുന്നവരും കുറവല്ല. ഇത്തരം വീഡിയോകൾക്ക് താഴെയും സഭ്യമല്ലാത്ത രീതിയിലുള്ള കമന്റുകളും അധിക്ഷേപങ്ങളും നിരവധിയാണ്.

കുട്ടികൾ എന്തൊക്കെയാണ് കാണുന്നത്, ഏത് തരത്തിലുള്ള ഇൻഫ്ലുവൻസേഴ്സിനേയാണ് പിന്തുടരുന്നത്, എന്തൊക്കെയാണ് ചെയ്യുന്നത് എന്ന കാര്യങ്ങളിൽ പല രക്ഷിതാക്കളും അജ്ഞരാണ്. അതുകൊണ്ട് തന്നെ ഇത്തരം മേഖലകളിൽ കുട്ടികൾ സ്വതന്ത്രരാകുന്നു. ലഹരി അടക്കമുള്ള പ്രവൃത്തികളിൽ കുട്ടികൾ എത്തിപ്പെട്ടാൽ അതിൽനിന്ന് പുറത്തുവരിക എന്നത് ഏറെ പ്രയാസകരമാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ രക്ഷിതാക്കളുടെ നിർദേശങ്ങളും ഉപദേശങ്ങളും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്- മനശ്ശാസ്ത്രജ്ഞൻ ഡോ. സന്ദീഷ് പറയുന്നു.
ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന യൂട്യൂബിലെ നിയമലംഘനങ്ങളുടെ കണക്കുകളാണ് മേൽ വിവരിച്ചത്. ഇതിനിടയിലേക്കാണ് കുട്ടികൾ കയറിചെല്ലുന്നത്. അവരെ സംബന്ധിച്ചിടത്തോളം അതൊരു ആശ്ചര്യലോകമാണ്. അതിൽ ഏതാണ് നല്ലത്, ഏതാണ് തെറ്റ് എന്ന കാര്യങ്ങളിൽ വ്യക്തയില്ലാത്തവരാണ് അവർ. ഇവിടെ എങ്ങനെയാണ് പെരുമാറേണ്ടത്, എത്തരത്തിലുള്ള സുരക്ഷയാണ് സ്വീകരിക്കേണ്ടത് എന്ന കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കേണ്ടത് രക്ഷിതാക്കളാണ്.
നാളെ: ഇതിന് വഴികളും നിയമങ്ങളും യഥേഷ്ടമുണ്ട്, അറിയാം
(തുടരും)
Content Highlights: youtube removing videos and comment child safety data maya kazhchayude marakalokam
Published: 04 Aug 2023, 06:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented