'പോലീസിനോട് കെഞ്ചിപ്പറഞ്ഞു, കടത്തിവിടാന്‍. കേട്ടഭാവം നടിച്ചില്ല. ഇവിടെ നിന്നാല്‍ വെടിവെക്കുമെന്നായിരുന്നു കര്‍ണാടക പോലീസ് പറഞ്ഞത്. അതിര്‍ത്തി കടത്തിവിട്ടിരുന്നുവെങ്കില്‍ ഇന്നെന്റെ പിതാവ് ജീവനോടെ കാണുമായിരുന്നു'- കോവിഡ് കാലത്ത് അതിര്‍ത്തി കൊട്ടിയടച്ചത് മൂലം ചികിത്സ കിട്ടാതെ മരിച്ച കാസര്‍കോട്ടെ അബ്ദുള്‍ സലാമിന്റെ മകന്‍ ഹമീദിന്റെ വാക്കുകള്‍.

To advertise here,

കോവിഡ് കാലത്ത് കാസര്‍കോട്ട് ചികിത്സ ലഭിക്കാതെ മരിക്കുന്ന പതിനൊന്നാമനായിരുന്നു അബ്ദുള്‍ സലാം. കടുത്ത ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്നാണ് അബ്ദുള്‍ സലാമിനെ കര്‍ണാടകയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍, തലപ്പാടിയില്‍ എത്തിയപ്പോള്‍ കര്‍ണാടക പോലീസ് തടയുകയായിരുന്നു. പിതാവിന്റെ ജീവന് വേണ്ടി മകന്‍ പോലീസിനോട് യാചിച്ചെങ്കിലും കനിവുണ്ടായില്ല. തോക്കുകൊണ്ട് വെടിയേല്‍ക്കുമെന്ന ഭീഷണി കൂടിയായതോടെ അസുഖബാധിതനായിക്കിടക്കുന്ന പിതാവിനെയുംകൊണ്ട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തി. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയിരിക്കുന്നുവെന്ന കാര്യം. തുടര്‍ന്ന് കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ച് അബ്ദുള്‍ സലാമിനെ ചികിത്സിക്കുകയായിരുന്നു. മൂന്നുദിവസം ചികിത്സിച്ചു. ആരോഗ്യം മാറ്റമില്ലാതെ തുടര്‍ന്നതേടെ വീട്ടിലേക്ക് തിരിച്ചയച്ചു. വിദഗ്ധചികിത്സ നേരത്തെ കിട്ടിയിരുന്നുവെങ്കില്‍ പിതാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മകന്‍ ഹമീദ് പറയുന്നു.

കേരളത്തില്‍ നിന്നുള്ള അത്യാവശ്യ രോഗികള്‍ക്ക് വേണ്ടി അതിര്‍ത്തി തുറക്കാം എന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് തളിപ്പറമ്പ് മൊറാഴ ഗ്രാമീണ വായനശാലയ്ക്ക് സമീപത്തെ സിഎന്‍ മോഹനനും ഭാര്യ സന്ധ്യയും മകന്‍ അദിഥ് ഗോവിന്ദനേയും (13) കൊണ്ട് തലപ്പാടിയിലെത്തുന്നത്. പടക്കങ്ങളുടെ അവശിഷ്ടം പൊട്ടിത്തെറിച്ച് മാരകമായ പൊള്ളലേറ്റ അദിഥിന് നേരത്തെ മംഗളൂരു ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. അതിന്റെ തുടര്‍ചികിത്സയ്ക്ക് വേണ്ടിയിട്ടായിരുന്നു മംഗളൂരുവിലേക്ക് പുറപ്പെട്ടത്. അതിര്‍ത്തി തുറക്കും എന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം അറിയിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുംചെയ്തു. ആംബുലന്‍സിലായിരുന്നു ഇവരുടെ യാത്ര.

എന്നാല്‍ തലപ്പാടിയില്‍ വെച്ച് പോലീസ് തടഞ്ഞു. കൊടും ചൂട്, വെള്ളം മാത്രം കുടിച്ച് ആ ദമ്പതിമാര്‍ അതിര്‍ത്തിയില്‍ ആംബുലന്‍സില്‍ കാത്തുകിടന്നത് നാലുമണിക്കൂറായിരുന്നു. പോലീസുകാര്‍ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ല. മകന്റെ ദയനീയ മുഖം കണ്ട് തിരിച്ചുപോരാനാകാതെ അവര്‍ ആംബുലന്‍സിന്റെ ഡോര്‍ തുറന്ന് തങ്ങളുടെ നിസ്സഹായത പോലീസുകാരെ കാണിക്കാന്‍ ശ്രമിച്ചു. ഒന്ന് നോക്കാന്‍ പോലും കൂട്ടാക്കാത്തത് കണ്ട് നിരാശരാകേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ഓഫീസ്, എം.എല്‍.എ, ചീഫ് സെക്രട്ടറി, കളക്ടര്‍ അങ്ങനെ എല്ലാവരും ഇടപെട്ടു. എന്നാല്‍ ഒരു ഗുണവും ഉണ്ടായില്ല. തിരികെ പോരേണ്ട അവസ്ഥയായിരുന്നു.

പുലര്‍ച്ചെ നാലരയ്ക്ക് ഉണര്‍ന്ന് അഞ്ചരയ്ക്ക് ബൈക്കിലായിരുന്നു ഗോപാലകൃഷ്ണന്‍ ഭാര്യയേയും കൊണ്ട് മംഗലാപുരത്തേക്ക് പുറപ്പെട്ടത്. മറ്റു വാഹനങ്ങളൊന്നും തന്നെ കിട്ടാത്തതിനാല്‍ സ്വയം ബൈക്ക് ഓടിച്ചായിരുന്നു ആശുപത്രി ലക്ഷ്യം വെച്ച് പോയത്. ഡയാലിസിസിന് വിധേയയാകേണ്ട ഭാര്യയെയും പിന്നിലിരുത്തിക്കൊണ്ടായിരുന്നു ഗോപാലകൃഷ്ണന്‍ തലപ്പാടിയില്‍ എത്തിയത്. കദ്രിയിലെ വിജയ ക്ലിനിക്കിലാണ് ചികിത്സ. നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന സൂചന ഉണ്ടായിരുന്നത് കൊണ്ട് നേരത്തേ ഡോക്ടറുടെ കൈയില്‍നിന്ന് കത്ത് വാങ്ങിയിരുന്നു. എന്നാല്‍ വീണ്ടും പോകുമ്പോഴേക്കും അതിര്‍ത്ത് മണ്ണിട്ട് കൊട്ടിയടച്ചിരുന്നു. ഡോക്ടറുടെ കത്ത് കര്‍ണാടക പോലീസ് നോക്കുക പോലും ചെയ്തില്ലെന്ന് ഗോപാലകൃഷ്ണ പറയുന്നു.

45 കിലോമീറ്റര്‍ ബൈക്കില്‍ യാത്ര ചെയ്താണ് തലപ്പാടിയില്‍ എത്തുന്നത്. അപ്പോഴേക്കും ഭാര്യ തീര്‍ത്തും അവശയായിരുന്നു. എന്നിട്ടും പോലീസിന്റെ മനസ്സലിഞ്ഞില്ല. ഡോക്ടറോട് പോലും സംസാരിക്കാന്‍ പോലീസുകാര്‍ തയ്യാറായില്ല. പിന്നീട് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു.

പത്തുകിലോമീറ്ററപ്പുറമുള്ള ആശുപത്രിയിലേക്ക് പോകാന്‍ പോലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ അനുവാദം ഉണ്ടായിരുന്നില്ല.ആയിരക്കണക്കിന് വൃക്കരോഗികളാണ് ജില്ലയിലുള്ളത്. എന്നാല്‍ ഇരുന്നൂറില്‍ താഴെ ആളുകള്‍ക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമേ ഇവിടെയുള്ളൂ. ഡയാലിസിസിനായി രോഗികള്‍ കര്‍ണാടകയെയാണ് ആശ്രയിച്ചിരുന്നത്. കോവിഡ് കാലത്ത് കര്‍ണാടകയിലേക്കുള്ള ചെറുപാതകള്‍ പോലും മണ്ണിട്ട് അടച്ചതോടെ ജില്ലയിലെ ആശുപത്രികളില്‍ ഡയാലിസിസിന് സമ്മര്‍ദ്ദമേറി. കര്‍ണാടകയുടെ തൊട്ടയല്‍ പ്രദേശങ്ങളിലുള്ളവര്‍ പോലും ആശ്രയമില്ലാതെ വലഞ്ഞു. 

ചികിത്സ കിട്ടാത്ത കോവിഡ് കാലം; പത്ത് ദിവസം, പത്ത് മരണം

കോവിഡ് വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 24-ന് പ്രധാനമന്ത്രി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിറകേയാണ് കര്‍ണാടകം കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത്. കാസര്‍കോടുമായി പങ്കിടുന്ന അരുപതിലേറെ അതിര്‍ത്തികള്‍ മണ്ണിട്ടച്ചു. ഏറ്റവും കഠിനമെന്ന് പറയാവുന്നത് തലപ്പാടിയിലെ ദേശീയപാത തടയലായിരുന്നു. ഇതുവഴിയാണ് മംഗളുരുവിലെ നൂറോളം വലുതും ചെറുതുമായ ആശുപത്രികളിലേക്ക് രോഗികള്‍ പോയിരുന്നത്. ദിവസം നാല്‍പതിലേറെ ആംബുലന്‍സുകള്‍ കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് മംഗലാപുരത്ത് എത്തിയിരുന്നു. അതാണ് ഒരു രാത്രികൊണ്ട് മണ്ണിട്ടടച്ച് നിര്‍ത്തലാക്കിയത്. 

കാസര്‍കോട് രോഗവ്യാപനം കൂടുതലാണ് അത് കര്‍ണാടകയില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാദം. അതിന്റെ ഇരകളായത് അതിര്‍ത്തിയിലുള്ളവരും. പതിനഞ്ചുകിലോമീറ്റര്‍ മാത്രം അകലെയുള്ള മംഗളുരുവിലേക്കുള്ള പ്രവേശന വിലക്കിന് മനുഷ്യജീവനുകളുടെ വിലയുണ്ടെന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ വ്യക്തമായി. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ അഞ്ചുവരെയുള്ള പത്തുദിവസത്തില്‍ ചികിത്സ കിട്ടാതെ കാസര്‍കോട് മാത്രം പത്തുപേര്‍ മരിച്ചു. ഒരു യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഡയാലിസിസ് ചെയ്യാനുള്ള രോഗികള്‍ എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. 

തലപ്പാടിയില്‍ വെച്ച് കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞ് തിരിച്ചുവിട്ടതിനെതുടര്‍ന്നാണ് മഞ്ചേശ്വരം കുഞ്ചത്തൂര്‍ തുമിനാട് കോളനിയിലെ അബ്ദുള്‍ ഹമീദ്(55) തടസ്സം മൂലം മാര്‍ച്ച് 27ന് മരണപ്പെടുന്നത്. മാര്‍ച്ച് 29-നാണ് കര്‍ണാടക ബണ്ട്വാള്‍ ബീച്ച് റോഡിലെ പരേതനായ അസനബ്ബയുടെ ഭാര്യ ബീഫാത്തിമ എന്ന പാത്തുഞ്ഞി മരിക്കുന്നത്. മഞ്ചേശ്വരം ഉദ്യാവറില്‍ ബന്ധുവീട്ടില്‍ വന്നപ്പോള്‍ അസ്വസ്ഥത കൂടിയതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടു പോയതായിരുന്നു. തലപ്പാടിയില്‍ വെച്ച് പോലീസ് വാഹനം തടഞ്ഞു. തിരികെ വീട്ടിലെത്തിയ 70 കാരിയായ ബീഫാത്തിമ പിറ്റേന്ന് മരണപ്പെട്ടു. 

വൃക്കരോഗിയായ മംഗല്‍പ്പാടി അമ്പാറിലെ എംഎ കോട്ടേജിലെ അസീസ് ഹാജി (61), പ്രമേഹരോഗിയായ തുമിനാട് ഹൈസ്‌കൂളിന് സമീപത്തെ മാധവ(50), ശാരീരികാസ്വസ്ഥത നേരിട്ട കുഞ്ചത്തൂര്‍ അതിര്‍ത്തിയിലെ ആയിഷ(70) എന്നിവര്‍ മാര്‍ച്ച് 30നാണ് മരിക്കുന്നത്. അസീസ് ഹാജിയെ നേരത്തെ ഡോക്ടര്‍ കാണാന്‍ വിസമ്മതിച്ച് തിരിച്ചയച്ചതായിരുന്നു. മാധവയെയും ആയിഷയെയും തലപ്പാടിയില്‍ വെച്ച് പോലീസ് തടഞ്ഞ് തിരിച്ചയച്ചു.

placeholder
കോവിഡ് കാലത്ത് കർണാടക അതിർത്തി അടച്ചതിനെത്തുടർന്ന് ചികിത്സ ലഭിക്കാതെ കാസർകോട് മരിച്ചവർ

മഞ്ചേശ്വരം ഹൊസബേട്ടു ഗുഡ്ഡകേരിയിലെ ശേഖർ (50), തുമിനാട് മഹാബല ഷെട്ടിയുടെ ഭാര്യ ബേബി (60) എന്നിവർ ചികിത്സ കിട്ടാതെ മരിക്കുന്നത് മാർച്ച് 31നാണ്. വിദഗ്ദ ചികിത്സയ്ക്കായി മംഗളൂരുവിൽ എത്തിക്കാൻ സാധിക്കാത്തതിനാലാണ് ഹൃദ്രോഗിയായ ശേഖർ മരിക്കുന്നത്. രക്തസമ്മർദമുള്ള ബേബിയുടെ മരണം വിദഗ്ദ ചികിത്സ കിട്ടാതെ കുമ്പള ആശുപത്രിയിൽ വെച്ചായിരുന്നു. 

ഹൃദ്രോഗികളായ ഹൊസങ്കടി അംഗഡിപ്പദവിലെ രുദ്രപ്പ മേസ്ത്രി (52), തുമിനാട് ജംങ്ഷനിലെ യൂസഫ് (59), പാണത്തൂർ കല്ലപ്പള്ളിയിലെ കൃഷ്ണപ്പ ഗൗഡ(78) എന്നിവർ ചികിത്സ കിട്ടാതെ മരിക്കുന്നത് ഏപ്രിൽ 5-നാണ്. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു രുദ്രപ്പ മേസ്ത്രിയെ കാണിച്ചിരുന്നത്. അസ്വസ്ഥത കൂടിയപ്പോൾ മംഗളൂരുവിലേക്ക് പോകാൻ കഴിയില്ലെന്ന് അറിവ് കിട്ടയതോടെ കാസർകോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ മരിച്ചു. യൂസഫും കാസർകോട്ടേക്ക് ചികിത്സയ്ക്കായി വരുമ്പോഴായിരുന്നു മരിക്കുന്നത്. കൃഷ്ണപ്പയെ സുള്ള്യയിലെ ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് പറഞ്ഞു വിടുകയായിരുന്നു. വീട്ടിൽ വെച്ചായിരുന്നു കൃഷ്ണപ്പ മരിക്കുന്നത്. 

placeholder
തലപ്പാടി ചെക്ക്‌പോസ്റ്റ് കോവിഡ് കാലത്ത്

കോവിഡിന്റെ തുടക്കത്തിൽ ചികിത്സ ലഭിക്കാതെ ആദ്യദിനങ്ങളിൽ മരണപ്പെട്ടവരുടെ വിവരങ്ങളാണ് ഇത്. ഒരുപക്ഷെ മറ്റുള്ളയിടങ്ങളിലുള്ളതുപോലെ അത്യാധുനിക ചികിത്സാസൗകര്യങ്ങളടങ്ങിയ ആശുപത്രികളും മറ്റും കാസര്‍കോട്ട്  ഉണ്ടായിരുന്നെങ്കിൽ പല ജീവനും രക്ഷിക്കാമായിരുന്നു. 

കോവിഡ് കാലത്ത് മാത്രം ചർച്ചയിലൊതുങ്ങിയ കാസർകോടിന്റെ ആരോഗ്യരംഗത്ത് സർക്കാരിന്റെ, ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ അനിവാര്യമാണ്. ഏതെങ്കിലും തരത്തിലൊരു മഹാമാരി എത്തുമ്പോൾ മാത്രം സടകുടഞ്ഞെണീറ്റ് ആശുപത്രിയും ആരോഗ്യമേഖലയും ഉണർന്നുപ്രവർത്തിക്കേണ്ട ഒന്നല്ലെന്നും അത് എത്രത്തോളം ആഘാതമാണ് ഉണ്ടാക്കുക എന്നുമാണ് കോവിഡ് കാലം കാസർകോട് ജില്ലയെ പഠിപ്പിച്ചത്.

(തുടരും....)