ഫെബ്രുവരി 28ന് ഇറാന് മേലുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം ആരംഭിച്ചതുമുതൽ യുദ്ധത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ഹോർമുസ് കടലിടുക്ക്. ആഗോള ഇന്ധനനീക്കത്തിന്റെ ചോക്ക് പോയിന്റ് എന്നറിയപ്പെടുന്ന ഹോർമുസിനെ ചുറ്റിപ്പറ്റിയുളള തർക്കങ്ങളുടെ വ്യാപ്തി മാസങ്ങളായി ഏറിയും കുറഞ്ഞുമിരിക്കുകയാണ്. ഹോർമൂസിലെ തടസങ്ങൾ ആഗോള ഇന്ധനനീക്കത്തെ താറുമാറാക്കി. ലോകരാഷ്ട്രങ്ങളെല്ലാം അതിന്റെ പ്രത്യാഘാതങ്ങളറിഞ്ഞു. ഇന്ധനപ്രതിസന്ധി മാത്രമല്ല, ഹോർമുസിനെ സംബന്ധിച്ച ഇറാന്റെ പുതിയ തീരുമാനങ്ങൾക്ക് ലോകത്തെ പൂർണമായും 'ഇരുട്ടിലാക്കാനുള്ള' ശേഷി ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതെ, ഇന്ധനനീക്കം മാത്രമല്ല, ഹോർമുസിലെ നിയന്ത്രണങ്ങൾ ദുർബലപ്പെടുത്തുന്നത് കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകളെ കൂടിയാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കേബിളുകൾക്ക് ട്രാൻസിറ്റ് ഫീസ് (ടോൾ) ഈടാക്കാനാണ് ഇറാന്റെ പുതിയ നീക്കം. ഇതുവഴി വലിയൊരു വരുമാന സ്രോതസ്സ് കണ്ടെത്താനും ഒപ്പം ശത്രുക്കൾക്കെതിരെ ഡിജിറ്റൽ രംഗത്ത് കൂടുതൽ സമ്മർദം ചെലുത്താനുമാണ് ഇറാന്റെ പദ്ധതി. നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കാവും ഇത് എത്തുക.

To advertise here,

ഡിജിറ്റൽ ചോക്ക് പോയിന്റായി ഹോർമുസ്

ആധുനിക ഇന്റർനെറ്റ് പ്രവർത്തിക്കുന്നത് സാറ്റലൈറ്റുകളെ അടിസ്ഥാനമാക്കിയല്ല. ലോകത്തിലെ 99 ശതമാനം ഇന്റർനെറ്റ് ട്രാഫിക്കും സമുദ്രത്തിന്റെ അടിത്തട്ടിൽ സ്ഥാപിച്ചിട്ടുള്ള ഫൈബർ-ഒപ്റ്റിക് കേബിളുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഗൂഗിൾ സെർച്ച് എഞ്ചിനുകളിൽ നാം തിരയുന്ന ഏറ്റവും ചെറിയ വിവരംമുതൽ വാട്‌സാപ്പും സ്റ്റോക്ക് ട്രേഡുകളും ക്ലൗഡ് കമ്പ്യൂട്ടിങ്ങും സെർവർ മെയിന്റനൻസുംവരെ കടലിനടിയിലുള്ള ഈ കേബിളുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹോർമുസ് സമുദ്രമേഖലയിലെ സമുദ്രത്തിനടിയിലുള്ള കേബിളുകളാണ് ലോകത്തിലെ ഡിജിറ്റൽ ട്രാഫിക്കിന്റെ ഭൂരിഭാഗവും വഹിക്കുന്നത്. അതുകൊണ്ടുതന്നെ ആ ഈ മേഖലയിലെ കേബിളുകൾക്ക് മേലുള്ള നിയന്ത്രണം ഇന്റർനെറ്റ് വിതരണത്തെ ബാധിക്കും. അതായത് ഇന്ധനനീക്കത്തിന്റെ മാത്രമല്ല, ആഗോള ഡിജിറ്റൽ ചോക്ക് പോയിന്റായും മാറുകയാണ് ഹോർമുസ് കടലിടുക്ക്. യൂറോപ്പ്-ഏഷ്യ-ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഇന്റർനെറ്റ് ഡാറ്റ, ഫിനാൻഷ്യൽ ഇടപാടുകൾ, ക്ലൗഡ് സേവനങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്ന ഏഴ് പ്രധാനപ്പെട്ട സബ്മറിൻ ഫൈബർ ഒപ്റ്റിക് കേബിളുകൾ ഈ വഴി കടന്നുപോകുന്നുണ്ട്. ക്ലൗഡ് കമ്പ്യൂട്ടിംഗ് ഡാറ്റ, സാമ്പത്തിക ഇടപാടുകൾ, എ.ഐ വർക്ക്‌ലോഡുകൾ, ഗൂഗിൾ, മെറ്റാ പ്ലാറ്റ്ഫോംസ്, ആമസോൺ, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളുമായുള്ള ഡാറ്റ കൈമാറ്റംവരെ ഈ മേഖലയിലൂടെയാണ് നടക്കുന്നത്.

ഇന്റർനെറ്റ് കേബിളുകൾക്കു​മേൽ ഫീസ് ഏർപ്പെടുത്തുമെന്നാണ് ഇറാനിയൻ മിലിറ്ററി വക്താവ് ഇബ്രാഹിം സോൾഫഗാരി നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇറാന് പുറത്തെ കേബിൾ ഓപ്പറേറ്റർമാർക്ക് പെർമിറ്റ്/ലൈസൻസിങ് ഫീസ്, മെയിന്റനൻസ്/റിപ്പയർ അവകാശം ഇറാനിയൻ സ്ഥാപനങ്ങൾക്കുമാത്രം, Google, Meta, Microsoft, Amazon തുടങ്ങിയ ടെക് ഭീമന്മാർ ഇറാനിയൻ നിയമങ്ങൾക്ക് വിധേയരാവേണ്ടി വരും, ഇറാന്റെ നിയമം പാലിക്കാത്തവർക്കെതിരേ ഇന്റർനെറ്റ് തടസ്സപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയവയാണ് ഈ നീക്കത്തിലൂടെ മറ്റ് രാജ്യങ്ങൾ നേരിടേണ്ടി വരിക. ഫീസ് പ്രാബല്യത്തിൽ വരുത്തുന്നതോടെ ഇറാന് 10-15 ബില്യൺവരെ വരുമാനം പ്രതീക്ഷിക്കാമെന്നാണ് കണക്കാക്കുന്നത്.

UNCLOS (United Nations Convention on the Law of the Sea, 1982 പ്രകാരം തങ്ങളുടെ സമുദ്രാതിർത്തി തങ്ങളുടെ പരമാധികാരമാണെന്നാണ് ഇറാൻ വാദിക്കുന്നത്. അന്തർവാഹിനി കേബിളുകൾ നിയന്ത്രിക്കുന്നതിനുള്ള പ്രധാന അന്താരാഷ്ട്ര കരാറാണിത്. ഈ കരാറിലെ ആർട്ടിക്കിൾ 79 പ്രകാരം, ഒരു തീരദേശ രാജ്യത്തിന് അവരുടെ പ്രദേശത്തിലൂടെയോ പ്രാദേശിക കടൽ പരിധിയിലൂടെയോ (Territorial sea) കടന്നുപോകുന്ന കേബിളുകൾക്ക് നിബന്ധനകൾ ഏർപ്പെടുത്താൻ അധികാരമുണ്ട്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പ്രകാരം കടലിടുക്കുകളിലൂടെയുള്ള യാത്രയ്ക്ക് നേരിട്ടുള്ള ടോൾ (transit tolls) ഈടാക്കാൻ അനുവാദമില്ല. എന്നാൽ കപ്പലുകൾക്കോ കേബിൾ ശൃംഖലകൾക്കോ നൽകുന്ന പ്രത്യേക സേവനങ്ങൾക്ക് അറ്റകുറ്റപ്പണികൾ, സുരക്ഷ ന്യായമായ ഫീസ് ഈടാക്കുന്നത് നിയമപരമായി സാധുവായേക്കാം.

സമുദ്രാന്തര കേബിളുകളുടെ അറ്റകുറ്റപ്പണികൾ സ്വന്തം നിയന്ത്രണത്തിലാക്കാനും ലൈസൻസിങ് ഏർപ്പെടുത്താനും ഇറാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും യുഎസ് ഉപരോധങ്ങൾ ഇതിന് വലിയൊരു തടസ്സമാണ്. ഒമാൻ തീരത്തുകൂടിയാണ് ഭൂരിഭാഗം കേബിളുകളും കടന്നുപോകുന്നതെങ്കിലും ഇറാന്റെ ഭീഷണി ആഗോള ബാങ്കിങ് സംവിധാനങ്ങളെയും വാർത്താവിനിമയത്തെയും സാരമായി ബാധിച്ചേക്കാം. അന്താരാഷ്ട്ര നിയമങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ, ഇത് ലോകമെമ്പാടും ഒരു ഡിജിറ്റൽ ദുരന്തത്തിന് കാരണമാകുമെന്ന് വിദഗ്ധർ ഭയപ്പെടുന്നു. ആഗോള സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണ് ഇറാന്റെ നീക്കമെന്നാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്.

ഗൾഫ് മേഖലയിലൂടെ ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പ്രധാന കേബിളുകൾ ഈ വഴി കടന്നുപോകുന്നുണ്ട്. ഇവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചാൽ അത് ആഗോളതലത്തിൽ ഒരു 'ഡിജിറ്റൽ ദുരന്തത്തിന്' (digital catastrophe) വഴിതെളിച്ചേക്കാം. ബാങ്കിങ് സംവിധാനങ്ങൾ, സൈനിക ആശയവിനിമയം, റിമോട്ട് വർക്കിങ്, സ്ട്രീമിങ് സേവനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഫലമായി തടസ്സപ്പെടാം. മുങ്ങൽ വിദഗ്ധർ (combat divers), ചെറിയ സബ്മറൈനുകൾ, അണ്ടർവാട്ടർ ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് കേബിളുകൾ നശിപ്പിക്കാനുള്ള ശേഷി ഇറാന്റെ റെവല്യൂഷണറി ഗാർഡിനുണ്ട് (IRGC). ഇത് ഇന്റർനെറ്റ് ശൃംഖലയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ഭീഷണികളും മുന്നറിയിപ്പും പുറത്തുവിടുന്നുണ്ടെങ്കിലും ഈ നീക്കങ്ങൾ നടപ്പിലാക്കുന്നതിൽ ഇറാൻ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ഭൂരിഭാഗം അന്തർവാഹിനി കേബിളുകളും ഒമാന്റെ കടൽ അതിർത്തിയിലൂടെയാണ് കടന്നുപോകുന്നത്; ഫാൽക്കൺ (Falcon), ജിബിഐ (GBI) എന്നീ രണ്ട് കേബിളുകൾമാത്രമാണ് ഇറാന്റെ അതിർത്തിക്കുള്ളിലൂടെ പോകുന്നത്. കൂടാതെ, യുഎസ് ഉപരോധങ്ങൾ നിലനിൽക്കുന്നതിനാൽ സാങ്കേതിക കമ്പനികൾക്ക് ഇറാനിലേക്ക് പണം നൽകുന്നത് നിയമപരമായി തടസ്സപ്പെടും. ഇന്റർനെറ്റ് ഡാറ്റ കമ്പനികൾ തിരിച്ച് വേർതിരിച്ച് ബില്ല് നൽകുക എന്നത് സാങ്കേതികമായി അസാധ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ ഭൂരിഭാഗം കേബിളുകളും ഒമാന്റെ കടൽ അതിർത്തിയിലൂടെയാണ് പോകുന്നത് എന്നതിനാൽ ഇറാനിലെ നിയമങ്ങൾ എല്ലാ കമ്പനികളെയും ഒരുപോലെ ബാധിക്കണമെന്നില്ല. എങ്കിലും ഫാൽക്കൺ (Falcon), ജിബിഐ (GBI) എന്നീ രണ്ട് പ്രധാന കേബിളുകൾ ഇറാന്റെ കടൽ പരിധിയിലൂടെയാണ് കടന്നുപോകുന്നത്.

ഹോട്ട് സോണിലാണോ ഇന്ത്യ?

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പ്രധാന അന്തർവാഹിനി കേബിളുകൾ ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. കേബിളുകൾക്ക് നാശനഷ്ടം സംഭവിക്കുകയോ അവയുടെ അറ്റകുറ്റപ്പണികൾ ഇറാൻ തടസ്സപ്പെടുത്തുകയോ ചെയ്താൽ അത് ഇന്ത്യയ്ക്കും ഭീഷണി ഉയർത്തുന്നുണ്ട്. ബാങ്കിങ് സംവിധാനങ്ങൾ, ഐടി സേവനങ്ങൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയെ സാരമായി ബാധിച്ചേക്കാം. അറ്റകുറ്റപ്പണികൾക്കായി എത്തുന്ന കപ്പലുകളെ ഇറാൻ തടഞ്ഞാൽ ഇന്റർനെറ്റ് തകരാറുകൾ പരിഹരിക്കുന്നത് മാസങ്ങളോളം വൈകാൻ ഇടയാക്കും.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഏഴ് അന്തർവാഹിനി കേബിൾ സംവിധാനങ്ങളിൽ നാലെണ്ണം നേരിട്ട് ഇന്ത്യയിലെ മുംബൈ, ചെന്നൈ നഗരങ്ങളുമായി ബന്ധിക്കപ്പെട്ടവയാണ്. FALCON, GBICS/MENA, SeaMeWe 6, Asia Africa Europe 1 (AAE 1) എന്നിവയാണ് ഈ കേബിളുകൾ. ഇവ ഇന്ത്യയെ ഗൾഫ് രാജ്യങ്ങളുമായും യൂറോപ്പുമായും ആഫ്രിക്കയുമായും ബന്ധിപ്പിക്കുന്ന നിർണായക ഡിജിറ്റൽ പാതകളാണ്. ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയർടെൽ (SeaMeWe 6), റിലയൻസ് ജിയോ (AAE 1) എന്നിവയ്ക്ക് ഈ കേബിൾ ശൃംഖലകളിൽ വലിയ നിക്ഷേപവും പ്രവർത്തന താത്​പര്യങ്ങളുമുണ്ട്. ഇറാന്റെ പുതിയ നിയന്ത്രണങ്ങൾ ഈ കമ്പനികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കാൻ ഇടയാക്കും.

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾ നിത്യേന ഉപയോഗിക്കുന്ന ബാങ്കിങ് സേവനങ്ങൾ, ഡിജിറ്റൽ പേയ്മെന്റുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, സ്ട്രീമിങ് സേവനങ്ങൾ എന്നിവയെല്ലാം ഈ കേബിളുകളിലൂടെയുള്ള ഡാറ്റാ കൈമാറ്റത്തെയാണ് ആശ്രയിക്കുന്നത്. കേബിളുകളുടെ അറ്റകുറ്റപ്പണികൾക്ക് ഇറാൻ തടസ്സം നിൽക്കുകയോ അധിക ഫീസ് ഈടാക്കുകയോ ചെയ്താൽ ഇന്റർനെറ്റ് സേവനങ്ങളുടെ വേഗത കുറയാനും തകരാറുകൾ പരിഹരിക്കാൻ മാസങ്ങളോളം വൈകാനും സാധ്യതയുണ്ട്. ലൈസൻസിങ് ഫീസ് ഏർപ്പെടുത്തുന്നത് ടെലികോം കമ്പനികളുടെ ചെലവ് വർധിപ്പിക്കും. ഇത് ആത്യന്തികമായി ഇന്ത്യയിലെ സാധാരണക്കാരായ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് സേവന നിരക്കുകൾ കൂടാൻ കാരണമായേക്കാം.