ഹരി വിഴുങ്ങുന്നവരെക്കുറിച്ചാണ് കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനം ചർച്ചചെയ്തു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ലഹരിക്കടിമപ്പെടുന്നതെന്ന ചോദ്യം പല ഭാഗങ്ങളിൽനിന്നും ഉയരുന്നുണ്ട്. സംസ്ഥാനത്ത് സ്കൂളുകൾ കേന്ദ്രീകരിച്ചും നഗരങ്ങൾ കേന്ദ്രീകരിച്ചും ലഹരി മാഫിയകൾ വ്യാപകമാകുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലഹരിക്കു തടയിടാൻ സർക്കാരും പോലീസും ശക്തമായി പരിശ്രമിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ലഹരി വിപണി സജീവമായിത്തന്നെ തുടരുന്നുണ്ട്. പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ലഹരി വ്യാപകമാകുന്നത് എന്ന ചോദ്യത്തിനുത്തരം തേടിച്ചെന്നാൽ സമൂഹ മാധ്യമങ്ങളിലേക്ക് എത്തിപ്പെടും. യൂട്യൂബ് പോലെയുള്ള വീഡിയോ പ്ലാറ്റ് ഫോമുകൾക്കും സമൂഹ മാധ്യമങ്ങൾക്കും ലഹരി ഉപയോഗം വർധിക്കുന്നതിൽ ഗണ്യമായ പങ്കുണ്ടെന്നാണ് അന്വേഷിച്ചു ചെന്നാൽ കാണാൻ സാധിക്കുക.

To advertise here,

ലഹരിയിലേക്ക് തുറക്കുന്ന വാതിൽ

ലഹരി മാഫിയകൾക്കെതിരേ പോലീസ് നടപടി ശക്തമാക്കിയതോടെ ആവശ്യക്കാരും വിൽപ്പനക്കാരും കണ്ടെത്തിയ പുതിയ വഴിയായിരുന്നു സോഷ്യൽ മീഡിയയും ഡേറ്റിങ് ആപ്ലിക്കേഷനുകളും. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വീഡിയോകളിൽ കൂടിയുള്ള സൗഹൃദം ആവശ്യക്കാരേയും വിൽപ്പനക്കാരേയും ബന്ധിപ്പിച്ചു. ഏത് ലഹരി വസ്തുവാണ് ഉപയോഗിക്കേണ്ടത്? എങ്ങനെ? ഏത് അളവിൽ? തുടക്കക്കാർ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ വിവരങ്ങളൊക്കെ യൂട്യൂബിൽ ലഭ്യമാണ്. ഇനി സ്വയം ലഹരി വസ്തുക്കൾ നിര്‍മിക്കണമെന്നുണ്ടെങ്കില്‍, അതിനുള്ള വിവരണങ്ങളും വീഡിയോയിൽ കൂടി നൽകുന്നുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്ന പൊതു പ്ലാറ്റ്‌ഫോമിലാണ് ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വീഡിയോകൾ കാണിക്കുന്നത്.

placeholder
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് യൂട്യൂബിലുള്ളത്. ചില വീഡിയോകളുടെ സ്ക്രീൻഷോട്ടുകൾ | Photo: Screenshots/ Youtube

അതിരു കടക്കുന്ന അഭിനയം

ലഹരിയുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ട് ആകൃഷ്ടരായി ലഹരിക്കു പിന്നാലെ പോകുന്നവരും കുറവല്ല. വിനോദത്തിനെന്നോണം പലരും ഷോർട്സ്, റീൽസുകളായി ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള വീഡിയോകൾക്ക് വൻതോതിൽ പ്രചാരണവും ലഭിക്കുന്നുണ്ട്, കാഴ്ചക്കാരിലേറെയും കുട്ടികളും. ഇത്തരം വീഡിയോകൾക്കടിയിലെ കമന്റുകളിൽനിന്ന് ലഹരി വിൽപ്പനക്കാരേയും ആവശ്യക്കാരേയും തേടിപ്പിടിച്ച് പോകുന്നവരും കുറവല്ല. വീഡിയോകൾക്കിടയിൽനിന്ന് ആളുകളെ കണ്ടെത്തി ലഹരി വിൽപ്പനയും ഒരു ഭാഗത്ത് തകൃതിയിൽ നടക്കുന്നു.

ആളുകളുടെ ശ്രദ്ധ ലഭിക്കാനും ഫോളോവേഴ്സിന്റെ എണ്ണം വർധിപ്പിക്കാനുമൊക്കെ ലക്ഷ്യംവെച്ചായിരിക്കും പലപ്പോഴും ഇത്തരം വീഡിയോകൾ പങ്കുവെക്കപ്പെടുന്നത്. യൂട്യൂബിന്റേയും സോഷ്യൽ മീഡിയകളുടേയും ഗൈഡ് ലൈനുകളൊന്നും വകവെക്കാതെയാണ് പലരും ഇത് ചെയ്യുന്നത്.

placeholder
ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളിൽ നിന്നുള്ള സ്ക്രീൻ ഷോട്ടുകൾ. ഇതിൽ കുട്ടികൾ മുതൽ മുതിർന്നവർ വരേയും പൊതുയിടം സ്കൂൾ എന്നുവേണ്ട വിവിധയിടങ്ങളിൽ അടക്കം ലഹരി ഉപയോഗിക്കുന്ന തരത്തിൽ അഭിനയിക്കുന്നതും കാണാം. പ്രേക്ഷകരായിട്ടുള്ളത് കൊച്ചു കുട്ടികളാണ് എന്നതും മറ്റൊരു വസ്തുതയാണ് | Photo: Screenshots/ Youtube

ആവശ്യമറിയിച്ചാൽ വീട്ടിലെത്തിക്കുന്ന 'ലഹരി സർവീസ്'

എം.ഡി.എം.എ. വേണോ, കഞ്ചാവ് വേണോ, സിറിഞ്ച് വേണോ അല്ലെങ്കിൽ വേറെ എന്തെങ്കിലും? ആവശ്യം പറഞ്ഞാൽ മതി. സാധനങ്ങളും ഫോട്ടോയും വിലവിവരപ്പട്ടികയും ഇൻബോക്സിലെത്തും. ഓകെ പറഞ്ഞാൽ സാധനം വീട്ടുമുറ്റത്ത് എത്തും. എത്ര അളവിൽ വേണം, ഏത് വേണം, എവിടെ കൊണ്ടു വരണം… ലൊക്കേഷൻ നൽകി പണം അടച്ച് ഉറപ്പിച്ചാൽ മതി. സുരക്ഷിതമെന്ന് ഉറപ്പു വരുത്താൻ വീഡിയോ കോൾ ചെയ്യണം. ഫോൺ നമ്പറും ചിത്രങ്ങളും അവർ വാങ്ങിവെക്കും.

നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. ബെംഗളൂരുവിൽനിന്ന് എത്തിക്കുന്ന സാധനം, നഗരത്തിലെ ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്ത ശേഷമാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. ലോഡ്ജിൽവെച്ച് സാധനം തൂക്കി പാക്കറ്റുകളിലാക്കിയ ശേഷം, വിവിധ പ്ലാറ്റ്‌ഫോമുകളിൽ കൂടി ആവശ്യക്കാരെ തപ്പിയിറങ്ങും. നേരത്തെ പരിചയപ്പെട്ട ആളുകളുമായുള്ള അടുപ്പവും ഉപയോഗപ്പെടുത്തും. തുടർന്ന് അന്നേരാത്രി ആരൊക്കെയാണോ ഓർഡർ നൽകുന്നത്, അതിനനുസരിച്ച് ഓരോരുത്തരിലേക്ക് സാധനം എത്തിക്കുകയാണ് ഈ സംഘം ചെയ്യുന്നത്.

ലൊക്കേഷൻ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിൽപ്പനയാണ് പലരും നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്നത്. അതിനാൽ, സ്നാപ്ചാറ്റ് ഡേറ്റിങ് ആപ്ലിക്കേഷനുകൾ ആണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലും അടുത്തുള്ള സോഷ്യൽ മീഡിയ കമ്മ്യൂണിറ്റി അംഗങ്ങളെ കണ്ടെത്തി വിൽക്കുന്നവരും കുറവല്ല.

ഭാഗം 01: രക്തം, അക്രമം, പോൺ, സ്വയം മുറിപ്പെടുത്തൽ: യൂട്യൂബിനുണ്ട് ഒരു ഇരുണ്ട അധോലോകം | അന്വേഷണ പരമ്പര

placeholder
ലഹരി ആവശ്യക്കാരനെന്ന രൂപേണ പരിചയപ്പെട്ട കൗമാരക്കാരുമായി ചാറ്റ് ചെയ്തതിന്റെ ദൃശ്യം. വേറെയും ഒട്ടനേകം ആളുകളുമായി ചാറ്റ് നടത്തിയപ്പോൾ | Photo: Screengrab

ചെറു ലോഡ്ജുകളിൽ മുറിയെടുത്ത് താമസിക്കുന്നതുകൊണ്ട് ഇത്തരക്കാർ അധികം ആരുടേയും ശ്രദ്ധയിൽ പെടുന്നില്ല. ചില ലോഡ്ജുകാരുമായി നേരത്തെ തന്നെ ബന്ധം സ്ഥാപിച്ച് ഇടയ്ക്കിടെ ഹോട്ടൽ മുറിയിൽ തങ്ങാനെത്തുന്നവരും കുറവല്ല. പോക്കറ്റ് മണി എന്ന രീതിയിൽ ചെറുതുകകൾ ലഭിക്കുന്നതിനാൽ വിദ്യാർഥികളും കുട്ടികളും അടക്കം ഇത്തരക്കാരുടെ വലയിൽപെട്ടിട്ടുണ്ട്. പലപ്പോഴും ആവശ്യക്കാരിലേക്ക് സാധനങ്ങൾ എത്തിക്കാനാണ് കുട്ടികളെ ഉപയോഗിക്കുന്നത്.

placeholder
ആവശ്യക്കാരെന്ന രീതിയിൽ ഇൻബോക്സിൽ സമീപിച്ചപ്പോൾ അയച്ചു തന്ന ലഹരി സാമ്പിളുകളിൽ ചിലത്

സോഷ്യൽ മീഡിയ, വീഡിയോ പ്ലാറ്റ്‌ഫോമുകള്‍, ലഹരി വസ്തുക്കളുടെ പ്രചാരണം, വില്‍പന, ലൈംഗികത തുടങ്ങിയവയെക്കുറിച്ച് പല രക്ഷിതാക്കളും അജ്ഞരാണ്. അതുകൊണ്ട് തന്നെ ഇത്തരം മേഖലകളിൽ കുട്ടികൾ സ്വതന്ത്രമായി ഉപയോഗിക്കുകയും അവരിൽ ആർക്കും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു. കുട്ടികൾ ലഹരിയുടേയും മറ്റും പിടിയിലകപ്പെട്ടാൽ അതിൽനിന്ന് പുറത്തുവരാൻ ഏറെ പ്രയാസകരമാണെന്ന് കോഴിക്കോട് കുതിരവട്ടം  മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇ – മോചൻ ക്ലിനിക്കിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. സന്ദീഷ് പറയുന്നു.

ഇരയാകുന്ന കുട്ടികൾ, അറിയാതെയെങ്കിലും രക്ഷിതാക്കളും കാരണക്കാർ

കുട്ടികളോ മുതിർന്നവരോ എന്ന വേർതിരിവില്ലാതെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് യൂട്യൂബ് അടക്കമുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകൾ. ഇന്റർനെറ്റിന്റെ വിശാലയിടങ്ങളിൽ നിരന്തരം ഇടപെടുന്ന കുട്ടികളുടെ ചിന്തകളും സംസാരവും സംസ്കാരവും പ്രവൃത്തികളും കൂടുതൽ പക്വതയും ഗൗരവമുള്ളതും ആകുന്നത് സ്വാഭാവികമാണ്. അവർ വളരെ ഗൗരവമുള്ള വിഷയങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങുകയും മുതിർന്നവരെപ്പോലെ വീട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടുകയും അഭിപ്രായം അറിയിക്കുകയും മുതിർന്നവരെ ഉപദേശിക്കുകയും കുറ്റപ്പെടുത്തുകയും ഒരു മടിയുമില്ലാതെ മുതിർന്നവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ഒക്കെ ചെയ്യുന്നവരാണ്.  കുട്ടികളുടെ പെരുമാറ്റ രീതികള്‍ ഇങ്ങനെയെല്ലാമാണ്, അവര്‍ ഇങ്ങനെ മാത്രമേ പെരുമാറാവൂ തുടങ്ങിയ മുന്‍ധാരണകളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മുതിർന്നവരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വളരെ പോസിറ്റീവ് ആയ വശങ്ങൾ ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങൾ, വീഡിയോ പ്ലാറ്റ് ഫോം തുടങ്ങിയവയിൽ ഉണ്ട്. എന്നാൽ, ഇതിനൊരു ദോഷവശമുണ്ടെന്ന് കാണാതെ പോകാനും വയ്യ.

"യൂട്യൂബ് തുറന്നാൽ അശ്ലീല ഉള്ളടക്കങ്ങൾ നിരന്തരം വന്നു തുടങ്ങിയതോടെയാണ് മധു (യഥാർഥ പേരല്ല) ഫോൺ ശ്രദ്ധിച്ചു തുടങ്ങിയത്. സുഹൃത്തിനോട് കാര്യം പറഞ്ഞു. 'നമ്മൾ നിരന്തരം കാണുന്ന വീഡിയോകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നമുക്ക് സജഷൻ ആയി വരുന്ന വീഡിയോകളും' എന്ന് സുഹൃത്ത് മറുപടിയും നൽകി. അത്തരത്തിലുള്ള യാതൊരു വീഡിയോയും താൻ മൊബൈലിൽ കാണാറില്ലെന്നായി മധു. എങ്കിൽ ഫോൺ ഉപയോഗിക്കുന്ന മറ്റാരെങ്കിലുമായിരിക്കും കാണുന്നതെന്ന് സുഹൃത്ത് പറഞ്ഞു,

വീട്ടിൽ ഭാര്യയും രണ്ടു കുട്ടികളുമല്ലാതെ വേറെയാരുമില്ല. ഏഴാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകനാണ് തന്റെ ഫോൺ ഇടക്കിടെയെങ്കിലും ഉപയോഗിക്കുന്നത്. അവൻ ഇത്തരത്തിലുള്ള വീഡിയോകൾ കാണാൻ സാധ്യത കുറവാണ്, മകനെക്കുറിച്ചുള്ള മുൻധാരണയിൽ മധു ആ സംസാരം അവിടെവെച്ച് നിർത്തി.

പിന്നീടൊരിക്കൽ സ്കൂൾ വിട്ട് വന്ന മകൻ തന്റെ ഫോണും കൊണ്ടു പോയി കളിക്കുന്നത് കണ്ടപ്പോൾ ഒരു ആകാംക്ഷകൊണ്ടാണ് തൊട്ടടുത്തിരുന്ന് എന്താണ് അവൻ ചെയ്യുന്നതെന്ന് ശ്രദ്ധിച്ചത്. അടുത്തിരുന്നതോടെ അവൻ അസ്വസ്ഥപ്പെടുന്നതും ഫോണിൽ എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് ഫോണും വാങ്ങി നേരെ സുഹൃത്തിന്റെ അടുത്തേക്ക് വീണ്ടും പോയത്. ഫോൺ ഹിസ്റ്ററി പരിശോധിച്ച ശേഷം സുഹൃത്ത് പറഞ്ഞു ‘കുട്ടി ആള് ചില്ലറക്കാരനല്ല’ എന്ന്. പ്രായപരിധിവെച്ച വീഡിയോകളാണ് കുട്ടി നിരന്തരം തിരഞ്ഞു കൊണ്ടിരിക്കുന്നതെന്ന് ഹിസ്റ്ററിയിൽ നിന്ന് മനസ്സിലായി. അതാണ് ഇത്തരത്തിലുള്ള വീഡിയോകൾ സജഷൻസ് ആയി വരുന്നത്. സുഹൃത്ത് പറഞ്ഞത് ഒരു ഞെട്ടലോടെയാണ് മധു കേട്ടിരുന്നത്.

ചിലപ്പോൾ അൽഗൊരിതങ്ങളും പണി തരാം. നമ്മൾ നിരന്തരം തിരയുന്ന വീഡിയോകൾ, കണ്ടുകൊണ്ടിരിക്കുന്ന വീഡിയോകളായിരിക്കും പിന്നീട് നമുക്ക് സജഷൻ ആയി വരിക. നമ്മൾ മുമ്പ് ഏത് തരത്തിലുള്ള വീഡിയോയാണ് കണ്ടത്, എത്ര നേരം കണ്ടു, എത്ര മിനിറ്റ് വീഡിയോയ്ക്ക് വേണ്ടി ചെലവഴിച്ചു, ലൈക് ചെയ്തോ, കമന്റ് ചെയ്തോ, പെട്ടെന്ന് സ്കിപ് ചെയ്ത് പോയോ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് അൽഗൊരിതം പ്രവർത്തിക്കുന്നത്.

നഗ്ന കണ്ടന്റുകളടങ്ങിയ വീഡിയോ, ലൈംഗിക കണ്ടന്റുകളുള്ള വീഡിയോകളൊക്കെ യൂട്യൂബിന്റെ അൽഗൊരിതം വെച്ച് നീക്കം ചെയ്യാറുണ്ട്. ഇതിന് പുറമെ, പകർപ്പവകാശമുള്ള വീഡിയോകൾ, ഓഡിയോ കണ്ടന്റ് ഉൾപ്പെടുന്ന വീഡിയോകൾക്കുമെതിരേ യൂട്യൂബ് നടപടിയെടുക്കാറുണ്ട്. വ്യാജ വീഡിയോ, മറ്റുള്ളവരുടെ കണ്ടന്റുകൾ, കോപ്പി ചെയ്ത കണ്ടന്റുകൾ തുടങ്ങിയവയ്ക്ക് യൂട്യൂബ് തന്നെ ഫ്ലാഗ് (ഉചിതമല്ലാത്ത, തെറ്റായ ഉള്ളടക്കങ്ങൾ ചൂണ്ടിക്കാട്ടുക) ചെയ്യാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അൽഗൊരിതങ്ങൾക്കും തെറ്റുപറ്റാം. ഇത് പിന്നീട് ആളുകൾ ചൂണ്ടിക്കാട്ടിയാൽ അൽഗൊരിതത്തിൽ മാറ്റം വരുത്തുകയാണ് യൂട്യൂബ് ചെയ്യാറുള്ളതെന്ന് സാങ്കേതിക വിദഗ്ദൻ റോബിൻ ടൊമ്മി പറയുന്നു.

ഇൻഫ്ലുവൻസർമാർ- കുട്ടികളുടെ ആരാധനാപാത്രങ്ങൾ

കുട്ടികളുടെ സഹജസ്വഭാവമാണ് അനുകരണശീലം. തങ്ങളുടെ വീടുകളിൽ രക്ഷിതാക്കളുടെ സ്വഭാവത്തിൽ, ദിനംപ്രതി കാണുന്ന ചുറ്റുപാടിലെ കാര്യങ്ങൾ, പെരുമാറ്റങ്ങൾ, വാക്കുകൾ തുടങ്ങിയ അനുകരിക്കുക എന്നത് അവരുടെ ശീലമാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അവരിൽ ഇവ സ്വാധീനിച്ചു തുടങ്ങും. നിരന്തരം കാർട്ടൂൺ കഥാപാത്രങ്ങൾ കാണുന്ന കുട്ടിക്ക് താൻ ഒരു സൂപ്പർ ഹീറോ ആണെന്ന് വിചാരിക്കാനും ആ കഥാപാത്രങ്ങളെപ്പോലെ സ്വയം സങ്കൽപ്പിക്കാനും പ്രേരണയുണ്ടാകും. പുതിയ കാലത്ത് കുട്ടികളുടെ ഹീറോകൾ സോഷ്യൽ മീഡിയ താരങ്ങളാണ്. ഇൻഫ്ലുവൻസർമാർ എന്നറിയപ്പെടുന്ന, നിരവധി ഫോളോവേഴ്സുള്ള ഈ വ്യക്തികളുടെ പെരുമാറ്റങ്ങളും അവരുടെ വീഡിയോകളുമാണ് ഇവിടെ കുട്ടികളെ കൂടുതൽ സ്വാധീനിക്കുന്നത്. വീഡിയോകൾ പതിവായി കാണുന്നതോടെ അവരോട് ആരാധന തോന്നുകയും പതിയെ കുട്ടികൾ അവരെ അനുകരിച്ചു തുടങ്ങുകയും ചെയ്യുന്നു. അവരെ പോലെ പോപ്പുലറാകാൻ, ഫോളോവേഴ്സിനെ വർധിപ്പിക്കാൻ അവർ ആഗ്രഹിച്ചുതുടങ്ങുന്നു. ഏത് തരത്തിലുള്ള ഇൻഫ്ലുവൻസർമാരാണോ അവരുടെ ആരാധനാപാത്രങ്ങൾ അതനുസരിച്ച് കുട്ടികളുടെ പെരുമാറ്റരീതികളിൽ മാറ്റംവരാം.

പ്ലസ്ടു ജയിച്ച് ശേഷം തുടർപഠനത്തിനായി സ്വന്തം ജില്ലയിലുള്ള മികച്ച കോളേജുകൾക്കു പകരം ദൂരെയുള്ള കോളേജിൽ അഡ്മിഷൻ എടുത്ത കുട്ടിയോട് ‘എന്തിനാണ് ഇത്രയും ദൂരെ ചെന്ന് പഠിക്കുന്നത്, അതും ഇത്രയും മികച്ച കോളേജുകൾ ജില്ലയിൽ ഉണ്ടായിരിക്കെ’ എന്ന് ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം വിചിത്രമായിരുന്നു. 'കോളേജിന് തൊട്ടടുത്താണ് ഞാൻ ഏറെ ആരാധനയോടെ കാണുന്ന, തന്റെ ഇഷ്ട യൂട്യൂബറിന്റെ വീട്. കോളേജിലേക്ക് പോകുന്ന വഴിയും വരുന്ന വഴിയും ആ വീട് കാണാമല്ലോ’ എന്നായിരുന്നു കുട്ടിയുടെ മറുപടി!

എങ്ങനേയും ഫോളോവേഴ്സിനെ ഉണ്ടാക്കണമെന്ന ചിന്ത

സോഷ്യൽ മീഡിയകളിലും വീഡിയോ പ്ലാറ്റ്‌ഫോമുകളിലും ഫോളോവേഴ്സിനെ വെച്ചാണ് ആളുകളെ വിലയിരുത്തുന്നത്. ആയിരങ്ങൾ കടന്ന ഫോളോ ലിസ്റ്റുള്ളവരെ ഏറെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ഒരു പുതുതലമുറയാണ് നമുക്കിടയിലുള്ളത്. ഇത്തരത്തിൽ ഫോളോവേഴ്സിനെ ലഭിക്കാൻ എന്തും ചെയ്യാൻ, ഏത് അനുകരണത്തിന്റെ വഴികളിൽകൂടിയും കടന്നുപോകാൻ മടിക്കാത്തവരാണ് പലരും.

ഫോളോവേഴ്സിനെ വർധിപ്പിക്കാനുള്ള ടിപ്‌സ്‌ പറഞ്ഞുതരാമെന്ന വാഗ്ദാനം വിശ്വസിച്ച് എത്തിയ പെൺകുട്ടിയെ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ച സോഷ്യൽ മീഡിയ താരത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നിട്ട് ഏറെക്കാലമായിട്ടില്ല. ഇത്തരം സംഭവങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. പലരും പുറത്തുപറയുന്നില്ലെന്ന് മാത്രം. തങ്ങളുടെ പൊതു പ്ലാറ്റ്‌ഫോമുകളില്‍ അറിയപ്പെടുന്നവരാക്കിത്തരണമെന്ന് ഇൻഫ്ലുവൻസർമാരോട് അഭ്യർഥിക്കുന്ന കുട്ടികളും കുറവല്ല.

placeholder
തന്റെ സബ്സ്ക്രൈബേഴ്സ് പതിനായിരം ആക്കിത്തരണമെന്നാവശ്യപ്പെട്ട് ലൈവിൽ യാചിക്കുന്ന കുട്ടി. പതിനായിരം ഫോളോവേഴ്സ് തികച്ചതിന്റെ സന്തോഷം പങ്കിടാൻ വാങ്ങിവെച്ച കേക്കെടുത്ത് സ്വയം മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാൻ സാധിക്കും | Photo: Screengrab

ഫേമസാകാനും കിട്ടും ടിപ്സ്

യൂട്യൂബിൽ ഏറെ ആരാധകരുള്ള സ്ട്രീമറാണ് ഹിപ്സ്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന പ്രണവ് രാജ്. ഗെയിമിങ് വീഡിയോകൾ ലൈവ് സ്ട്രീം ചെയ്ത് ആളുകളെ രസിപ്പിക്കലായിരുന്നു പ്രധാന വിനോദം. പിന്നീട് പതിയെ പതിയെ സ്ട്രീമിങ് പാറ്റേണിൽ മാറ്റം വരുത്തി സോഷ്യൽ മീഡിയ ഇന്ററാക്ഷൻ, ചില ആപ്ലിക്കേഷൻ വഴിയുള്ള തമാശ ഫോൺവിളി, റോസ്റ്റിങ് തുടങ്ങിയവയിലേക്ക് പ്രവർത്തനരീതി വ്യാപിച്ചു. ഫോളോവേഴ്സ് ഒരുപാടുണ്ടായി, നിരന്തരം ആളുകളെ വിവിധ രീതിയൽ രസിപ്പിക്കാനും ചിരിപ്പിക്കാനും സാധിച്ചു. ഫോളോ ലിസ്റ്റിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം അയാളെ പോലെയാകാൻ അനുകരിച്ചു തുടങ്ങി. സാധാരണക്കാർ കാണുന്ന തരത്തിൽ, അല്ലെങ്കിൽ പൊതുഇടങ്ങളിൽ കാണാൻ പറ്റുന്ന തരത്തിലുള്ള വീഡിയോയിൽനിന്ന് മാറി, പതിയെ അയാൾ പ്രേക്ഷകരെ ആകർഷിക്കാൻ അശ്ലീല ചുവയോടെയുള്ള ഉള്ളടക്കങ്ങളുള്ള വീഡിയോകളിലേക്ക് ചുവടുമാറി. കുട്ടികളായിരുന്നു ഫോളോ ലിസ്റ്റുകളിലേറെയും. അവർ ഹിപ്സ്റ്ററിന്റെ വീഡിയോ കോളിലെത്തി, ആശയവിനിയമം നടത്തി. അശ്ലീലചുവയുള്ള വീഡിയോകൾ കുട്ടികളുടെ മുഖംവെച്ച് അവരുടെ യൂട്യൂബ് ചാനലുകളിൽ പ്രചരിപ്പിച്ചു.

ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ വൈറലാകാനായി എന്തൊക്കെ ചെയ്യണം, എങ്ങനെ വീഡിയോകൾ ചെയ്യണം എന്നൊക്കെ ഇൻഫ്ലുവൻസേഴ്സിനോട് ടിപ്സ് ചോദിക്കുന്ന കുട്ടികളും കുറവല്ല. ലൈവ് സ്ട്രീമറോട് ‘'തന്നെ അറിയപ്പെടുന്ന ആൾ ആക്കിത്തരാമോ?' എന്ന് ഒരു കുട്ടി ചോദിക്കുമ്പോൾ അയാൾ നൽകുന്ന മറുപടി 'ലൈവിൽ തുണിയുരിഞ്ഞു കാണിച്ചാൽ മതി, ആളുകൾ കണ്ട് വൈറലായിക്കൊള്ളും. ഫോളോവേഴ്സ് കിട്ടും' എന്നായിരുന്നു. തമാശയായി തള്ളാവുന്ന ഇത്തരം പാമർശങ്ങൾ ​ഗൗരവത്തിലെടുത്ത് ചില കുട്ടികളെങ്കിലും പെരുമാറുന്നുണ്ട്. അത്തരം വീഡിയോകളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. ഇതൊരു ഉദാഹരണമാണ്. ഇൻഫ്ലുവൻസർമാരുടെ വീഡിയോകളുടെ ഉള്ളടക്കം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിന് ഉദാഹരണമായി സംഭവം ചൂണ്ടിക്കാണിച്ചെന്നു മാത്രം.

placeholder
സമൂഹ മാധ്യമത്തിൽ ലൈവിൽ വന്ന് വസ്ത്രമുരിഞ്ഞ് വീഡിയോകൾക്ക് ഫേസ് നൽകുന്ന ആൺകുട്ടി. സമൂഹ മാധ്യമങ്ങളിലെ പോളിസി ലംഘനത്തിൽ, വീഡിയോ കാണും വരെ ഒരു നടപടിയും എടുത്തിട്ടില്ല | Photo: Screengrab
കുട്ടികളുടെ പെരുമാറ്റ രീതിയെ സംബന്ധിച്ച് മാതാപിതാക്കൾ കൃത്യമായി അറിയുന്നില്ല. ഏത് തരത്തിലുള്ള വെബ്സൈറ്റുകളാണ് ഉപയോഗിക്കുന്നത്, ഏത് തരത്തിലുള്ള പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്, ഏതൊക്കെ തരത്തിലുള്ള ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെയാണ് കുട്ടികൾ പിന്തുടരുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ രക്ഷിതാക്കൾക്ക് അറിവുണ്ടാകില്ല. ഇത് കുട്ടികളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കാൻ സാധ്യതയുണ്ട്. -സൈക്കോളജിസ്റ്റ് ഡോ.സന്ദീഷ്

വൈറലാകാനായി ഫോളോവേഴ്സ് ലിസ്റ്റ് വർധിപ്പിക്കാൻ വേണ്ടിയും കുട്ടികൾ അനുകരണങ്ങൾ നടത്തുന്ന പല തരത്തിലുള്ള വീഡിയോകളും യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി കാണാം. നഗ്നവീഡിയോകൾ, ലൈംഗികത, വൈകൃത ലൈവ് വീഡിയോകൾ തുടങ്ങിയവ ധാരാളമായി കാണാം. കൂടുതലും പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇതിന്റെയെല്ലാം ഇരകളും ഉപഭോക്താക്കളും.

(തുടരും)