കുമ്പളയിലുള്ള കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രിയിലെത്തിയതാണ്. നല്ല തിരക്കുണ്ട് ആശുപത്രിയില്‍. ഗൈനക്കോളജിസ്റ്റിനെ കാണാന്‍ വേണ്ടിയാണ് പലരും കാത്തുനില്‍ക്കുന്നത്. കാഷ്വാലിറ്റിക്കടുത്തെത്തുമ്പോഴേക്കും വിയര്‍ത്തൊലിച്ച് ഒരു ഡോക്ടര്‍ ഇറങ്ങിവന്നു. കാഷ്വാലിറ്റിക്ക് അകത്തുള്ള കിടക്കയിലെല്ലാം ആളുകളുണ്ട്. വാതില്‍ക്കല്‍ രണ്ടുപേര്‍ വീല്‍ചെയറില്‍ ഇരിക്കുന്നു. ഒരാളെ സ്ട്രെച്ചറില്‍ കിടത്തിയിട്ടുണ്ട്. ഡോക്ടര്‍ ഊഴം കാത്തുനില്‍പ്പാണ്. വീല്‍ചെയറില്‍ വാതിലിന് പുറത്തുകാത്തിരിക്കുന്ന കുട്ടി സ്‌കൂളിലെ സ്‌പോര്‍ട്‌സ് മീറ്റിനിടെ വീണതാണ്. 

To advertise here,

''എന്തുപറ്റി ഡോക്ടറെ കണ്ടോ?'', കൂടെ ഉണ്ടായിരുന്നു രക്ഷിതാവിനോട് ചോദിച്ചു.
''അകത്ത് ആളുകള്‍ കൂടുതലാണ്.'' ഇവിടെ കാത്തുനില്‍ക്കാന്‍ പറഞ്ഞു-
മറുപടി തന്നു. 

പതിയെ കാഷ്വാലിറ്റിക്കകത്തേക്ക് കടന്നു. ഒന്നും രണ്ടും ബെഡ്ഡുകള്‍ ഒരുമിച്ചിട്ട് രോഗികള്‍ കിടക്കുന്നുണ്ട്. ഒരു ഓരത്തായി ഡോക്ടര്‍ ഇരുന്ന് വീണ്ടും വീണ്ടും രോഗികളെ പരിശോധിക്കുന്നുണ്ട്. പുറത്തുകടന്നു, വരാന്തയില്‍ രോഗികള്‍ക്ക് നിര്‍ദേശം നല്‍കുന്ന നഴ്‌സിന്റെ അടുക്കലേക്ക് ചെന്നു.

'ഇവിടെ എപ്പോഴും ഇത്രയും തിരക്കുണ്ടാകുമോ?' അതിശയോക്തിയെന്നോണം ചോദിച്ചു.
ഇവിടെ ആദ്യമാണോ? എന്ന മറുചോദ്യമായിരുന്നു അവരുടെ ഭാഗത്തുനിന്നുണ്ടായത്.
പല ദിവസങ്ങളില്‍ രോഗികള്‍ കൂടും. കാഷ്വാലിറ്റിയില്‍ ബെഡ്ഡുകളുടെ പ്രശ്‌നം ഉണ്ട്. അതുകൊണ്ടാണ് അവരെ അവിടെ നിര്‍ത്തിയിരിക്കുന്നത്. ഒഴിയുന്ന നിലയ്ക്ക് ബാക്കിയുള്ളവരേയും ചികിത്സിച്ചുകിടത്തും. അത്യാവശ്യഘട്ടങ്ങളില്‍ മംഗലാപുരത്തേക്കും പരിയാരത്തേക്കുമാണ് രോഗികളെ റഫര്‍ ചെയ്യുന്നത്. മിക്കപ്പോഴും മംഗലാപുരത്തേക്കായിരിക്കും. അടുത്ത് തന്നെ ആയതുകൊണ്ട് ഇവിടെ നിന്ന് പെട്ടെന്ന് തന്നെ എത്തിച്ചേരാന്‍ പറ്റും. പിന്നെ മംഗലാപുരത്തുനിന്നുള്ള ഡോക്ടര്‍മാരൊക്കെ ഇടയ്ക്ക് വിസിറ്റിങ് ആയി ഇവിടെ വരും. സ്ഥിരമായിട്ട് അങ്ങനെ കാര്‍ഡിയോളജിസ്റ്റ് അടക്കമുള്ള പോസ്റ്റുകള്‍ ഇല്ല. താത്കാലികമായി അവര്‍ ആഴ്ചയില്‍ ചില ദിവസങ്ങളില്‍ ഇവിടെ എത്തി ചികിത്സിച്ചു പോകാറാണ് പതിവ്. ആക്‌സിഡന്റ് കേസുകള്‍ ഉണ്ടാകുമ്പോഴാണ് പലപ്പോഴും പ്രതിസന്ധി ഉണ്ടാകാറ്. രാത്രിയിലൊക്കെ അവശ്യമായ സൗകര്യങ്ങളില്ലാത്തപ്പോള്‍ മംഗലാപുരത്തേക്ക് അയക്കും. എന്നാല്‍ ഇപ്പോള്‍ പൊതുവേ ആക്‌സിഡന്റ് കേസുകള്‍ കുറവാണ്
- അവര്‍ പറഞ്ഞു നിര്‍ത്തി. 

അപ്പോഴേക്കും ഫാര്‍മസിയുടെ ചുറ്റും ആളുകള്‍ വട്ടം കൂടി നിന്ന് മരുന്നുകള്‍ക്ക് തിരക്കുകൂട്ടിത്തുടങ്ങി. നിര്‍ദേശം നല്‍കിക്കൊണ്ട് അവര്‍ രോഗികളുടെ കൂടെ നടക്കാന്‍ തുടങ്ങി.

placeholder
കുമ്പളയിലെ കാസർകോട് ജില്ലാ സഹകരണ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ നിന്നുള്ള ദൃശ്യം/ സ്ട്രെച്ചറിലും വീൽചെയറുകളിലും കാത്തിരിക്കുന്ന രോഗികളേയും കാണാം

ആശുപത്രിയുടെ ഓരോ മൂലയിലും ആളുകള്‍ ഇരിപ്പുണ്ട്. എല്ലാ ഡോക്ടര്‍മാരുടെ ബോര്‍ഡുകള്‍ക്ക് മുമ്പിലും നീണ്ടവരി. കാസര്‍ക്കോട്, കുമ്പള, ആരിക്കാടി, ഉപ്പള, മൊഗ്രാല്‍ പുത്തൂര്‍, മഞ്ചേശ്വരം, പുത്തിഗെ, പെര്‍ള, ബദിയടുക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള പലരും ആശ്രയിക്കുന്നതാണ് കുമ്പളയിലുള്ള കാസര്‍ക്കോട് ജില്ലാ സഹകരണാശുപത്രി. ഇവിടെ ഒരു ഗൈനക്കോളജി ഡോക്ടറുണ്ട്. ദിവസവും ഒട്ടനവധി പേരാണ് ഗൈനക്കോളജിസ്റ്റിനെ കാണാനായി എത്തുന്നത്. രോഗികളെ ചികിത്സിക്കുന്നതിനൊപ്പം തന്നെ ലേബര്‍ റൂമിലേക്കും ഡോക്ടര്‍ ഇടയ്ക്കിടെ പോകുന്നുണ്ട്.

placeholder
ജില്ലാ സഹകരണ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം/ മരുന്നുകൾ വാങ്ങാൻ ഫാർമസിയ്ക്ക് മുമ്പിൽ നിൽക്കുന്നവരേയും ഡോക്ടർമാരുടെ ഊഴം കാത്തുനിൽക്കുന്നവരേയും ദൃശ്യങ്ങളിൽ കാണാം

ഒഴിവുകള്‍ നികത്തുന്നില്ല

ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ 130-ലേറെ ഒഴിവുകളാണ് കാസർകോട് ജില്ലയിൽ. ഈ വർഷം ജൂലായിൽ 160-ലേറെ ഒഴിവുകളാണ് ജില്ലയിലെ ആരോഗ്യ മേഖലയിലുണ്ടായിരുന്നത്. എം.എൽ.എ.മാരായ ഇ. ചന്ദ്രശേഖരനും എം. രാജഗോപാലനും നിയമസഭയിൽ ഇതു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ആരോഗ്യമന്ത്രി വീണാ ജോർജ് വലിയ പ്രഖ്യാപനമൊക്കെ നടത്തിയിരുന്നു.23 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെ നിയമിച്ചതിൽ തീർന്നു ആ പ്രഖ്യാപനം. 58 ഡോക്ടർമാർ, 15 സ്റ്റാഫ് നഴ്‌സുമാർ, 69 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്​സുമാർ ഇങ്ങനെ നീളുന്നു ഒഴിവുകളുടെ എണ്ണം. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കാസർകോടിലേക്ക് സ്ഥലം മാറിയെത്താൻ വിസമ്മതിക്കുന്നതാണ് ആരോഗ്യരംഗത്തെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പദ്ധതികളുണ്ട്, എല്ലാം പാതിവഴിയിൽ

ജില്ലയിൽ ആരോഗ്യമേഖല മെച്ചപ്പെടുത്താൻ ഒരുപാട് പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ പലതും പാതിവഴിയിലാണ്. ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട് ഇല്ല. തൃക്കരിപ്പൂർ, ബേഡകം, പൂടങ്കല്ല് താലൂക്ക് ആശുപത്രികളിൽ സൂപ്രണ്ട് തസ്തികയേ ഇല്ല. നിർവഹണ ഉദ്യോഗസ്ഥ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ പദ്ധതികൾ പലതും പാതിവഴിയിൽ. ജില്ലാ ആശുപത്രിയിൽ അഞ്ചുകോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം ഉപയോഗപ്പെടുത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. പൂടങ്കല്ല് താലൂക്ക് ആശുപത്രി 'ലക്ഷ്യ' നിലവാരത്തിലെത്തിക്കാൻ കെട്ടിടമുണ്ടാക്കി. ഉപകരണങ്ങൾ വാങ്ങി. എന്നാൽ പ്രസവശുശ്രൂഷാവിദഗ്ധയുൾപ്പെടെയുള്ളരെ നിയമിച്ചില്ല.

മൂന്ന്‌ ഡോക്ടർമാരുടെ സേവനങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളിൽ വേണ്ടത്. രണ്ടുപേർ പി.എസ്.സി. നിയമനത്തിൽ വരുന്നത്. ഒരാളെ അതത്‌ തദ്ദേശഭരണസ്ഥാപനങ്ങൾ വഴി നിയമിക്കുന്നത്. എത്ര തവണ അഭിമുഖ അറിയിപ്പ് നൽകിയാലും ഡോക്ടർമാരെ കിട്ടുന്നില്ലെന്നാണ്‌ തദ്ദേശഭരണ സ്ഥാപനക്കാർ പറയുന്നത്‌. ജില്ലയിലെ മിക്ക കുടുംബാരോഗ്യകേന്ദ്രത്തിലും മേൽപ്പറഞ്ഞ മൂന്നു ഡോക്ടർമാരുടെ സേവനം കിട്ടുന്നില്ല എന്നതാണ് വസ്തുത. അത്യാഹിതവിഭാഗത്തിൽ നാല്, സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ നാല്, ജനറൽ വിഭാഗത്തിൽ നാല് ഇങ്ങനെ 12 ഡോക്ടർമാർ വേണം താലൂക്ക് ആശുപത്രികളിൽ. എന്നാൽ അവിടെയും അവസ്ഥ സമാനം.

ആറുമുതൽ എട്ടുവരെ ഡോക്ടർമാരേ താലൂക്ക് ആശുപത്രികളിലുള്ളൂ. ജില്ലാ ആശുപത്രി തുടങ്ങുമ്പോൾ സ്റ്റാഫ് നഴ്സിന്റെ തസ്തിക 64 ആണ്. ഇപ്പോഴും അതേ സ്ഥിതിയാണ്. പത്തിലധികം സ്‌പെഷ്യാലിറ്റി സംവിധാനങ്ങൾ വന്നു. 120-ലധികം സ്റ്റാഫ് നഴ്‌സ് വേണ്ടിടത്താണ് ഈ 64. ഈ തസ്തികയിലും ഒഴിവുകൾ ഏറെയാണ്. കരാർ അടിസ്ഥാനത്തിൽ നഴ്‌സുമാരെ നിയമിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്‌.

ഡോക്ടർമാരില്ല, ആശുപത്രിയുണ്ട്... അതിർത്തി കടക്കാൻ വിധിക്കപ്പെട്ട രോഗികൾ

എട്ടു ഡോക്ടർമാരുടെ തസ്തിക അനുവദിച്ച മഞ്ചേശ്വരം മംഗൽപ്പാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ മതിയായ ഡോക്ടർമാരില്ലാത്തതിനെത്തുടർന്ന് രാത്രി കിടത്തിച്ചികിത്സ, അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം എന്നിവ താറുമാറായ നിലയിലാണ്.‌

placeholder
മംഗൽപ്പാടി താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കെത്തിയവർ

രാത്രിസേവനത്തിന് ചുരുങ്ങിയത് മൂന്ന് ഡോക്ടർമാരെങ്കിലും വേണം. തൊട്ടടുത്ത പ്രദേശങ്ങളിലൊന്നും മതിയായ സൗകര്യങ്ങളുള്ള ആശുപത്രികൾ ഇല്ലാത്തതിനാൽ കാസർകോട് നഗരത്തേയും മംഗലാപുരത്തേയും ആശ്രയിക്കേണ്ട സ്ഥിതിയാണ് ജനങ്ങൾക്ക്. ദിനംപ്രതി അഞ്ഞൂറിലേറെ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. രാത്രിയിലുൾപ്പെടെ അത്യാഹിതങ്ങളിൽപ്പെട്ട് എത്തുന്നവരും കുറവല്ല.

ജില്ലാ സന്ദർശനത്തിനെത്തിയ ആരോഗ്യമന്ത്രി ആശുപത്രിസന്ദർശിക്കുകയുണ്ടായി. അത്യാഹിതവിഭാഗം തുടരുന്നതിനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന വാക്കും നൽകിയിട്ടുണ്ട്.

ആരോഗ്യം നഷ്ടപ്പെട്ട ബദിയടുക്ക സാമൂഹികാരോഗ്യ കേന്ദ്രം, പല്ലുകൊഴിഞ്ഞ ദന്തചികിത്സ

പ്രതിദിനം മുന്നൂറിലധികം രോഗികൾ ചികിത്സതേടിയെത്തുന്ന ബദിയടുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തിലേയും സ്ഥിതി മറിച്ചല്ല. എട്ട് ഡോക്ടർമാർ വേണ്ടിടത്ത് ഉള്ളത് വെറും രണ്ടുപേർ മാത്രം. മണിക്കൂറുകളോളം കാത്തിരുന്നാൽ മാത്രമേ ഡോക്ടറെ കാണാൻ സാധിക്കൂ. വിളിപ്പാടകലെ കാസർകോട് ഗവ. മെഡിക്കൽ കോളേജ് ഉണ്ടെങ്കിലും അവിടെ എത്തുന്നതിലും എത്രയോ അധികം രോഗികളാണ് ബദിയഡുക്കയിൽ എത്തുന്നത്. ബദിയഡുക്കയ്ക്ക് പുറമെ കുമ്പഡാജെ, ബെള്ളൂർ, ചെങ്കള, എൺമകജെ, പുത്തിഗെ തുടങ്ങിയ സമീപ പഞ്ചായത്തുകളിൽനിന്നെല്ലാം മികച്ച യാത്രാസൗകര്യം കാരണം രോഗികൾ കൂടുതലായും ആശ്രയിക്കുന്നത് ബദിയഡുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തെയാണ്.

placeholder
ബദിയഡുക്ക സാമുഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ കാത്തുനിൽക്കുന്ന രോഗികൾ

ഏറെക്കാലത്തെ ആവശ്യം പരിഗണിച്ച് രണ്ടുവർഷം മുൻപ്‌ ആരോഗ്യമന്ത്രിയുടെ പ്രത്യേക അനുമതിയോടെ കിടത്തിച്ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ ഇത് നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.

എൻഡോസൾഫാൻ ദുരിതബാധിതർ, പെർഡാല കൊറഗ കോളനി നിവാസികൾ, പ്രത്യേക പരിഗണന അർഹിക്കുന്ന ധാരാളം പേർക്ക് തുണയാവേണ്ട ആശുപത്രിയാണ് ബദിയടുക്ക സാമൂഹികാരോഗ്യ കേന്ദ്രം. ഡോക്ടർമാരുടെ കുറവുമൂലം ഇത് താളംതെറ്റുകയാണ്. ഉള്ള ഡോക്ടർമാർ വൈകീട്ട്‌ നാലുവരെ തുടർച്ചയായി ജോലിചെയ്യുന്നത് മാത്രമാണ് രോഗികൾക്ക് ആശ്വാസം.

പല്ലുചികിത്സയ്ക്ക് ആവശ്യമായ സുസജ്ജമായ ഒ.പി. വിഭാഗം ഇവിടെയുണ്ടായിരുന്നു. എന്നാൽ വെറും ഒരു വർഷം മാത്രമേ ഇതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. 2020-ൽ പ്രവർത്തനം തുടങ്ങിയ ഈ വിഭാഗം 2021-ൽ കൊറോണക്കാലത്ത് പ്രവർത്തനം അവസാനിപ്പിച്ചു. അന്ന് കരാറടിസ്ഥാനത്തിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നു. ഇപ്പോൾ രണ്ട്‌ വർഷമായി ഡോക്ടറില്ലാതെ അടഞ്ഞുകിടക്കുന്നു. ഈ സ്ഥിതി തുടർന്നാൽ ഉപകരണങ്ങൾ തുരുമ്പെടുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

മലിനജലത്തിന്റെ നാറ്റവും പേറി ഒരു ആശുപത്രി

നുള്ളിപ്പാടിയിലെ താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിലെ ജീവനക്കാരും രോഗികളുമാണ് മലിനജലക്കെട്ടിന്റെ നാറ്റത്താൽ ദുരിതമനുഭവിക്കുന്നത്. സ്വന്തമായി കെട്ടിടമുണ്ടെങ്കിലും ആശുപത്രിയിപ്പോഴും പരിമിതികൾക്കിടയിൽ വീർപ്പുമുട്ടുകയാണ്. ആശുപത്രിയിലെ രണ്ടാംനിലയിലുള്ള പുരുഷന്മാരുടെ തെറാപ്പി മുറിയിലെയും വാർഡിന് സമീപത്തുള്ള കുളിമുറികളിലെയും പൈപ്പ് അടഞ്ഞതാണ് ഇവിടെ മലിനജലം കെട്ടിനിൽക്കാൻ കാരണം. മാസങ്ങളായി ഈ ദുരവസ്ഥയിലാണ് ആശുപത്രി. പരാതിപ്പെട്ടാൽ താത്കാലിക പരിഹാരമെന്നോണം നഗരസഭയിൽ നിന്ന് തൊഴിലാളികളെത്തി പരിഹരിക്കും. ദിവസങ്ങൾ കഴിഞ്ഞാല്‍ വീണ്ടും പഴയപോലെ. തെറാപ്പി മുറിയിലേക്ക് കുളിമുറിയിൽനിന്ന് മലിനജലം ഒഴുകിയെത്താൻ തുടങ്ങിയതോടെ രോഗികളുടെ ദുരിതം ഇരട്ടിച്ചു. പഴയ കെട്ടിടമായതിനാൽ അഴുക്കുചാലുകളിലേക്കുള്ള പൈപ്പ് ഇടയ്ക്കിടെ തടസ്സപ്പെടാറുണ്ട്. പൈപ്പ് മാറ്റി സ്ഥാപിച്ചാലേ ഇതിന് പരിഹാരമാകൂ. കെട്ടിടത്തിന്റെ വയറിങ്ങും പുതുക്കേണ്ടതുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിൽ. ആറുമാസത്തോളം ഡോക്ട‍മാരില്ലായിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറെ കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു പ്രതിസന്ധിക്ക് കാരണം. പ്രസവമുറി, ശസ്ത്രക്രിയാമുറി ഉൾപ്പെടെ സജ്ജീകരിച്ച് പുതിയ കെട്ടിടം കാത്തിരിക്കുമ്പോഴും ഡോക്ടറെവിടെ എന്ന ചോദ്യം മാസങ്ങളോളം ഉയ‍ർന്നു. ആരോഗ്യമന്ത്രിയുടെ ജില്ലാ സന്ദർശനത്തോടെ ഇതിന് അറുതി വന്നു. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആസ്പത്രിയിലേക്ക് മാറ്റിയ ഗൈനക്കോളജിസ്റ്റ് തൃക്കരിപ്പൂർ താലൂക്ക് ആസ്പത്രിയിൽ തിരിച്ചെത്തി. എന്നാൽ ഡോക്ട‍മാരെ തരംപോലെ ആശുപത്രികൾ മാറ്റുന്നതല്ലാതെ പുതിയ നിയമനങ്ങളൊന്നും നടത്താൻ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.

മാറ്റമില്ലാതെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി

വലിയ പ്രതീക്ഷയോടെയാണ് കാഞ്ഞങ്ങാട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നത്. 12 തസ്തികകളിലാണ് ഇവിടെ നിയമനം നടന്നത്. അതിനപ്പുറത്തേക്ക് അതു കൂട്ടാനോ കൂടുതൽ നിയമനം നടത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ടാറ്റാ ആശുപത്രിയിൽനിന്നുള്ളവരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയൊപ്പിച്ചാണ് പലയിടത്തും 'ആരോഗ്യ' സേവനമുറപ്പാക്കിയത്.

കടമുറിയിലൊരു എൻ.എച്ച്.എം. ഡിസ്പെൻസറി

നീലേശ്വരത്ത് പാലായി റോഡ് കവലയ്ക്ക് സമീപത്ത് രണ്ട് കടമുറികളുണ്ട്, നീലേശ്വരം നഗരസഭയുടെ എൻ.എച്ച്.എം. ഡിസ്പെൻസറിയാണത്. മുമ്പിൽ തൂക്കിയിട്ടിരിക്കുന്ന മഞ്ഞനിറത്തിലുള്ള ബോർഡിൽ ആയുർവേദ ഡിസ്പെൻസറി എന്നെഴുതിയ ബോർഡുള്ളതുകൊണ്ട് ജനങ്ങൾ തിരിച്ചറിയുന്നുവെന്ന് മാത്രം. കടമുറി രണ്ടായി പകുത്ത് ഒരുമുറിയിൽ നിറയെ മരുന്നും അടുത്ത മുറിയിൽ ഡോക്ടറും ഫാർമസിയും.

placeholder
കടമുറിയിൽ പ്രവർത്തിക്കുന്ന നീലേശ്വരം നഗരസഭയുടെ എന്‍.എച്ച്.എം ഡിസ്പെൻസറി

കടമുറിയുടെ ഇടുങ്ങിയ വരാന്തയിലാണ് ഡോക്ടറെ കാണാനുള്ള രോഗികളുടെ കാത്തുനിൽപ്പ്. ദിനംപ്രതി 50 മുതൽ 100 വരെ രോഗികളെത്തുന്ന കാസര്‍ക്കോട്ടെ ഡിസ്പെൻസറിയുടെ അവസ്ഥയാണിത്.

നിന്നുതിരിയാൻ ഇടമില്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രം, നോക്കുകുത്തിയാകുന്ന കെട്ടിടം

ദിവസവും ഒട്ടനേകം രോഗികൾ എത്തുന്ന, നിന്നുതിരിയാൻ ഇടമില്ലാത്ത പ്രാഥമികാരോഗ്യ കേന്ദ്രം ഉണ്ട് കാസർകോടിലെ ചെങ്കളയിൽ. ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ ലക്ഷങ്ങൾ ചെലവിട്ടാണ് ചെങ്കളയിൽ ഇരുനിലക്കെട്ടിടമൊരുങ്ങിയത്. എന്നാൽ കെട്ടിടമൊരുക്കി എട്ടുമാസം പിന്നിടുമ്പോഴും തുറന്നുനൽകുന്നതിനുള്ള നടപടി ഇഴയുന്നു.

ആശുപത്രിയിലേക്ക് ആവശ്യമായ ഫർണിച്ചറും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതിന് എൻ.ആർ.എച്ച്.എമ്മിൽനിന്ന് 15 ലക്ഷം അനുവദിച്ചിരുന്നെങ്കിലും തുടർനടപടി ആയിട്ടില്ല. കെട്ടിടം പണിത് വയറിങ് പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും വൈദ്യുതി കണക്‌ഷൻ നൽകുന്നതിനായുള്ള രേഖ ബന്ധപ്പെട്ടവരിൽനിന്ന് ലഭിച്ചില്ല. ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലയിലെത്തി തിരിച്ചുപോയി, ഉദ്ഘാടനം നടക്കുമെന്ന മോഹം മാത്രം ബാക്കി.

1.95 കോടിരൂപ ചെലവിലാണ് പുതിയ കെട്ടിടം പണിതത്. കാസർകോട് വികസകന പാക്കേജിൽനിന്ന് 1.35 കോടി രൂപയും ചെങ്കള പഞ്ചായത്തിൽനിന്ന് 25 ലക്ഷം രൂപയും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ ആസ്തിവികസന നിധിയിൽനിന്ന് 35 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.

അത്യാഹിതവിഭാഗ ചികിത്സാകേന്ദ്രമായി ടാറ്റാ ആശുപത്രിയെ മാറ്റുമെന്ന പ്രഖ്യാപനം വെറും പാഴ്വാക്ക്. ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജിന്റെ ബോർഡ് ഇടക്കിടെ വായിച്ച് തൃപ്തിയടയാം... സർക്കാരിന്റെ പ്രഖ്യാപനങ്ങളൊക്കെ എവിടെയുമെത്തില്ലെന്ന് ഉറപ്പിച്ച് ആരോഗ്യ സ്വപ്നത്തിനായി അടിവരയിടുകയാണ് കാസർകോട്ടുകാർ.

placeholder
Tata COVID hospital in Kasaragod | Photo: Mathrubhumi
കാസര്‍കോട് ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ആശുപത്രി | ഫോട്ടൊ: മാതൃഭൂമി

ആരോഗ്യമന്ത്രി വീണാ ജോർജിന്റെസന്ദർശനത്തിൽ വിവിധയിടങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള പ്രവർത്തനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബാക്കിയുള്ളവയിൽ ഉടൻ തന്നെ നടപടികളുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. സപ്തഭാഷാ സംഗമഭൂമി വെറും രാഷ്ട്രീയ പാർട്ടികളുടെ ഉദ്ഘാടനങ്ങൾക്ക് തുടക്കം കുറിക്കുന്ന വേദി മാത്രമാകുന്നു എന്ന ആക്ഷേപങ്ങൾക്ക് മന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന നടപടികൾ കൊണ്ടെങ്കിലും അറുതി ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

(കാസർകോടിന്റെ ദുരിതകഥ തുടരുന്നു..... ബാക്കി നാളെ)