ന്യൂഡൽഹി: ഇന്റർനെറ്റ് ലഭ്യതയും ഉപയോഗിക്കാനുള്ള അവകാശവും മൗലിക അവകാശമാണെന്ന് സുപ്രീം കോടതിയുടെ സുപ്രധാന പ്രഖ്യാപനം. കുട്ടികൾ ഉൾപ്പെടെ ഓരോ വ്യക്തിക്കും ഈ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 21, 19(1)(എ) വകുപ്പുകൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. ഭരണഘടനയുടെ 19(1)(എ) അനുച്ഛേദത്തോടൊപ്പം 21-ാം അനുച്ഛേദവും ചേർത്തു വായിക്കുമ്പോൾ ഇന്റർനെറ്റ് സേവനം ലഭിക്കാനും ഉപയോഗിക്കാനുമുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് പറയുന്നതിൽ ഞങ്ങൾക്ക് യാതൊരു മടിയുമില്ല. നമ്മുടെ കുട്ടികൾക്കും, അവരുടെ പ്രായം എന്തുതന്നെയായാലും, ഇതേ അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നത് അസംബന്ധമാണ്. കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ല. ഈ രണ്ട് അവകാശങ്ങളും അവർക്ക് അർഹതപ്പെട്ടതാണ്' കോടതി വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും മറ്റ് ഓൺലൈൻ സേവനങ്ങളിൽ നിന്നും കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കം കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഉത്തരവിട്ടുകൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
കുട്ടികളുടെ സുരക്ഷ മുൻനിർത്തി അവരെ ഇന്റർനെറ്റിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും പൂർണ്ണമായി മാറ്റിനിർത്തണമോ എന്ന വിഷയത്തെക്കുറിച്ച് കോടതി വിധിയിൽ ചർച്ച ചെയ്തു. ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ വിവരങ്ങളും ആശയങ്ങളും അറിയാനും സ്വീകരിക്കാനും കൈമാറാനുമുള്ള അവകാശവും ഉൾപ്പെടുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ആശയങ്ങളുടെയും സർഗ്ഗാത്മക ആവിഷ്കാരങ്ങളുടെയും വിവരങ്ങളുടെയും ഒരു വ്യാപാര കേന്ദ്രമായി ഇന്റർനെറ്റിനെ വിശേഷിപ്പിച്ച കോടതി, അതിലുള്ള വിവരങ്ങൾ മാത്രമല്ല, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ അത് നൽകുന്ന അനുമതിയും ലഭ്യതയുമാണ് അതിന്റെ മൂല്യമെന്നും പറഞ്ഞു. 'പല കുട്ടികൾക്കും, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്ക്, ഇത് പലപ്പോഴും പഠനത്തിന്റെയും വിവരങ്ങളുടെയും ഒരേയൊരു ഉറവിടമാണ്' കോടതി നിരീക്ഷിച്ചു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളേ സംബന്ധിച്ചിടത്തോളം, തങ്ങളെപ്പോലെയുള്ള മറ്റുള്ളവരുമായി സൗഹൃദം കണ്ടെത്താൻ കഴിയുന്ന ഒരേയൊരു ഇടം പലപ്പോഴും ഇന്റർനെറ്റ് ആണെന്നും കോടതി കൂട്ടിച്ചേർത്തു.
ഇന്നത്തെ നിലയിൽ ഇന്റർനെറ്റ് കുട്ടികൾക്ക് സുരക്ഷിതമല്ലെന്ന വാദം ബെഞ്ച് അംഗീകരിച്ചെങ്കിലും ഹാനികരമായ വസ്തുക്കൾ കണ്ടെത്താനും നീക്കംചെയ്യാനും ഇടനിലക്കാർ പരാജയപ്പെടുന്നു എന്ന കാരണത്താൽ കുട്ടികളേ ഇന്റർനെറ്റിൽ നിന്ന് അകറ്റി നിർത്തുന്നത്, യഥാർത്ഥ പ്രശ്നക്കാരന് പകരം ഇരയെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി.
നിയമം വിലക്കിയതുകൊണ്ടുമാത്രം കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പകരം, നിയന്ത്രണങ്ങളില്ലാത്തതും അപകടകരവുമായേക്കാവുന്ന മറ്റ് പ്ലാറ്റ്ഫോമുകളിലേക്കും അവർ തിരിഞ്ഞേക്കാം. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തുന്ന ഏതൊരു പൊതുവായ നിയന്ത്രണവും തെളിയിക്കപ്പെടാത്ത അനാവശ്യ നടപടികൾ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. അത്തരം നടപടികൾ മൂലം കുട്ടികൾ കൂടുതൽ സുരക്ഷിതരാണെന്ന് തെളിയിക്കാൻ ഇതുവരെ ഒരു നിയമനടപടിക്കും കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് ലഭ്യമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും ചില സുരക്ഷാ മുൻകരുതലുകൾ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ സമ്മതം, മാർഗ്ഗനിർദ്ദേശം, മേൽനോട്ടം എന്നിവയ്ക്കൊപ്പം അവരുടെ അക്കൗണ്ടുകൾക്കായി പ്രത്യേകമായി ഒരു 'ചൈൽഡ് മോഡ്' എന്നിവയ്ക്ക് സിസ്റ്റം കൂടുതൽ പ്രാധാന്യം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
കുട്ടികളുടെ അക്കൗണ്ടുകൾ ഡിഫാൾട്ട് ആയി പ്രൈവറ്റ് ആക്കുക, അറിയപ്പെടാത്ത മുതിർന്നവരിൽ നിന്നുള്ള കോൺടാക്റ്റുകളും സന്ദേശങ്ങളും നിയന്ത്രിക്കുക, കുട്ടികൾക്ക് ലഭ്യമായ പരസ്യങ്ങളും ഉള്ളടക്കങ്ങളും മോഡറേറ്റ് ചെയ്യുക തുടങ്ങിയവ സുരക്ഷാ മുൻകരുതലുകളിൽ ഉൾപ്പെടുത്താം. മാതാപിതാക്കളുടെ സമ്മതം പരിശോധിക്കുന്നതിനുള്ള ന്യായവും അനുയോജ്യവുമായ മാർഗ്ഗങ്ങളിലൂടെ കൗമാരപ്രായത്തിന് താഴെയുള്ള കുട്ടികൾക്കായി ഈ നടപടികൾ നടപ്പിലാക്കാമെന്ന് കോടതി നിർദ്ദേശിച്ചു. അത്തരം നടപടികൾ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് വിടുന്നുവെന്നും കോടതി അറിയിച്ചു.
മുതിർന്നവർക്കായുള്ള ഉള്ളടക്ക വെബ്സൈറ്റുകൾ പോലെയുള്ള, കുട്ടികൾക്ക് സ്വാഭാവികമായും ഹാനികരമായേക്കാവുന്ന പ്രത്യേക വിഭാഗത്തിലുള്ള ഉള്ളടക്കങ്ങളിലേക്കോ സേവനങ്ങളിലേക്കോ ഉള്ള കുട്ടികളുടെ പ്രവേശനം തടയുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ കോടതിയുടെ നിരീക്ഷണങ്ങൾ ഒന്നുംതന്നെ തടയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
Content Highlights: Supreme Court rules internet access as a fundamental right under Articles 21 and 19(1)(a)., Applies equally to children regardless of age, noting it is essential for education and communication., Banning children from the internet to ensure safety is akin to blaming the victim., Mandates stronger systems to remove child sexual abuse material and suggests a 'child mode' with parental consent.
Published: 17 Oct 2026, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented