
'ബ്ലൂ വെയിൽ' എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇന്റർനെറ്റ് ലോകത്ത് ഭീതി പടർത്തിയിരുന്ന അജ്ഞാത ഗെയിം. ‘മരണക്കളി’ എന്നറിയപ്പെട്ടിരുന്ന ഈ ഗെയിമിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പല തരത്തിലുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്നു. വാതോരാതെ പലരും കൊലയാളി ഗെയിമിനെക്കുറിച്ച് സംസാരിച്ചു. രക്ഷിതാക്കൾ ജാഗരൂകരായി, കുട്ടികളെ നിരീക്ഷിച്ചു തുടങ്ങി. സമൂഹവും ഭരണസംവിധാനങ്ങളും സടകുടഞ്ഞെണീറ്റു, അവബോധം സൃഷ്ടിക്കാൻ നേരിട്ടിറങ്ങി.
എന്താണ് ബ്ലൂ വെയിൽ എന്ന് ചോദിച്ചാൽ അതൊരു 'കൊലയാളി ഗെയിം' എന്ന് മാത്രം എല്ലാവർക്കുമറിയാം. ഈ ഗെയിമിനേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ആർക്കും കണ്ടെത്താനോ വ്യക്തത വരുത്താനോ സാധിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ പലരും എത്തിച്ചേർന്നത് ഡാർക്ക് വെബ്, നിഗൂഢ കൂട്ടായ്മകളിലേക്കാണ്. ബ്ലൂവെയിൽ എന്ന പേരിൽ പോലും നിഗൂഢതകളുണ്ടെന്നാണ് പറയപ്പെടുന്നത്.
2013-ൽ റഷ്യയിൽനിന്നാണ് ഈ ഗെയിമിന്റെ തുടക്കം എന്നാണ് അവകാശവാദം. 2015-ൽ റഷ്യയിൽ കൗമാരക്കാരി ആത്മഹത്യ ചെയ്യുംമുമ്പ് സമൂഹ മാധ്യമങ്ങളിൽ കുറിച്ച പോസ്റ്റ് വൻതോതിൽ ചർച്ചാ വിഷയമായി. നിരവധി അഭ്യൂഹങ്ങളും നിഗൂഢ ചിന്താഗതികളും ഈ ആത്മഹത്യയെത്തുടർന്ന് ഉണ്ടായി. ആത്മഹത്യയേയും ചർച്ചകളേയും പിന്തുടർന്ന റഷ്യൻ മാധ്യമപ്രവർത്തക ഗലിന മുർസാലിയേവയാണ് (Galina Mursaliyeva) മരണഗ്രൂപ്പുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ഏപ്രിൽ 2016-ൽ റഷ്യൻ മാധ്യമമായ നൊവായ ഗസറ്റയിലാണ് (Novaya Gazeta) റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സമാനരീതിയിൽ 130- ഓളം കൗമാരക്കാർ ആത്മഹത്യ ചെയ്തു എന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്. ഇത് വലിയതോതിൽ ചർച്ചയായി. വിമർശനങ്ങളും വന്നു. എന്നാൽ അന്ന് ‘എഫ് 57’ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നു. ബ്ലൂ വെയിൽ എന്ന പേര് ആരും ഇതിന് നൽകിയിരുന്നില്ല.
റഷ്യൻ ബാൻഡ് ആയ ലുമെന്റെ 'ബേൺ' എന്ന പാട്ടിന്റെ വരികളെ പിന്തുടർന്നാണ് ഇതിന് ബ്ലൂവെയിൽ എന്ന പേര് വന്നത് എന്ന് പറയുന്നവരും ഏറെയാണ്. ഗെയിം കളിക്കുന്നയാളും നിർദേശങ്ങൾ നൽകുന്നവരുമാണ് ഇതിലെ പ്രധാനികൾ. ബ്ലൂ വെയിൽ കളിക്കുകയെന്നാല്‍ അദൃശ്യനായ അഡ്മിനിസ്‌ട്രേറ്റര്‍ തരുന്ന ജോലികള്‍ ക്രമത്തില്‍ ചെയ്യുക എന്നതാണ്. അഡ്മിനിസ്‌ട്രേറ്റര്‍ എല്ലാ ജോലികളും ഒന്നിച്ചുതരില്ല. ഓരോരോ ടാസ്കുകളായിട്ടാണ് തരിക. കിട്ടുന്ന ഓരോ ജോലിയും ചെയ്തുതീര്‍ത്ത് ഫോട്ടോയും വീഡിയോയും എടുത്ത് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൊടുക്കണം. ചാറ്റിനിടെ സീക്രട്ട് മിഷന്‍, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്‌കുകളുമുണ്ട്. കൃത്യമായി ചെയ്യുന്നവര്‍ക്ക് നല്ല പ്രോത്സാഹനവും അടുത്ത ജോലിയും കിട്ടും. മനസ്സിനെ ഉത്തേജിപ്പിക്കുന്ന തരത്തില്‍ നല്ല വാക്കുകള്‍ ഉപയോഗിച്ചായിരിക്കും പ്രോത്സാഹനം എന്നതിനാല്‍ മിക്കവരും അടുത്ത ജോലി ചെയ്യാന്‍ സന്നദ്ധത കാണിക്കും. അമ്പത് ഘട്ടങ്ങളുള്ള ഗെയിമില്‍ പല ഘട്ടങ്ങളിലും അപകടകരമായ ടാസ്‌കുകളാണ് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കുക എന്നാണ് ഗെയിമിനെക്കുറിച്ചുള്ള വിവരണങ്ങളിൽ പറയുന്നത്.
ബ്ലൂ വെയിൽ കളിക്കുന്ന കുട്ടികളടക്കമുള്ളവർ എന്തുകൊണ്ട് ആത്മഹത്യ തിരഞ്ഞെടുക്കുന്നു? എന്ന ചോദ്യത്തിന്, ഒരിക്കൽ ഒരാൾ ഇതിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ തിരിച്ച് പുറംലോകത്തെത്തുക എന്നത് അത്ര എളുപ്പമല്ലെന്നാണ് പല വിദഗ്ദരും പറയുന്ന ഉത്തരം. നേരത്തെ പറഞ്ഞ പോലെ സ്ട്രീമേഴ്സിന്റെ വൈകൃതങ്ങൾക്കും ടാസ്കുകൾക്കും ബ്ലൂ വെയിലിന്റെ സമാനരീതിയാണ് എന്നതുകൂടി ചേർത്ത് വായിക്കേണ്ടതുണ്ട്.
അന്തർമുഖരെ ലക്ഷ്യമിടുന്ന ഗെയിം
പലപ്പോഴും അന്തർമുഖരായ (Introvert) ആളുകളാണ് ഇത്തരം ഗെയിമുകൾക്കും ലൈവ് സ്ട്രീം ടാസ്കുകൾക്കും അടിമപ്പെടുന്നത്. കളിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ പെട്ടെന്ന് ലഭിക്കുന്ന അംഗീകാരങ്ങൾ, സമ്മാനങ്ങൾ ഒക്കെ അവരെ എന്തും ചെയ്യാൻ പാകത്തിലുള്ളവരാക്കി മാറ്റുന്നു. ഫോളോവേഴ്സ്, ലൈക്, വ്യൂവ്സ് എണ്ണം വർധിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന സൈക്കോളജിക്കൽ പ്രശ്നമാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഈ പ്രശ്നത്തെ മറികടക്കുക എന്നത് സാധ്യമല്ലെന്ന് സാങ്കേതിക വിദഗ്ദൻ റോബിൻ ടൊമ്മി പറയുന്നു.
ചെറുപ്രായത്തിൽ അടരുന്ന ജീവനുകൾ
ബ്ലൂ വെയിലുകൾക്ക് സമാനമായ പ്രവൃത്തികളാണ് പല സ്ട്രീമേഴ്സും നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. നിർദേശങ്ങൾക്കനുസരിച്ചാണ് ഇവരിൽ പലരും പ്രവർത്തിക്കുന്നത്. ഇവരെ അനുകരിക്കുന്ന, ഗെയിമുകൾക്കും മൊബൈൽ ഫോണുകൾക്കും അടിമപ്പെട്ട കുട്ടികളിലും ഈ മാറ്റം വളരെ വ്യക്തമാണ്. അടുത്തിടെ കുട്ടികളിൽ വർധിച്ചു വന്ന ആത്മഹത്യകളും ഒളിച്ചോട്ടങ്ങളും ശ്രദ്ധിച്ചാൽ തന്നെ ഗെയിമുകളും വീഡിയോ പ്ലാറ്റ്ഫോമുകളും കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് കാണാൻ സാധിക്കും. ചെറിയ കാര്യങ്ങൾക്ക് പോലും ആത്മഹത്യ എന്ന പ്രവണതയിലേക്ക്, ഒളിച്ചോട്ടത്തിലേക്ക് കുട്ടികൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
പുതിയ ഫോൺ വാങ്ങി നൽകിയില്ലെങ്കിൽ, ഗെയിം കളിക്കാൻ ഫോൺ നൽകിയില്ലെങ്കിൽ, പണം നൽകിയില്ലെങ്കിൽ, ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തുകിട്ടിയില്ലെങ്കിൽ, ശകാരിച്ചാൽ... ഇത്തരം ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കിട്ട് വീടുവിട്ടിറങ്ങുക, ആത്മഹത്യ ചെയ്യുക തുടങ്ങിയ പ്രവണതകളാണ് കുട്ടികൾക്കിടയിൽ കാണുന്നത്. അടുത്തിടെ ഉണ്ടായ പല സംഭവവികാസങ്ങളും ഇത്തരത്തിലുള്ളതാണ്.
ഫോൺ കിട്ടിയില്ലെങ്കിൽ ഭക്ഷണം പോലും കഴിക്കാത്ത കുട്ടികളുണ്ട്. ആത്മഹത്യ പ്രവണത കാണിക്കുന്ന, പെട്ടെന്ന് അക്രമാസക്തരാകുന്ന കുട്ടികൾ നമുക്കിടയിൽ തന്നെ ധാരാളം ഉണ്ട്. പല ഗെയിമുകളിലും കൊലയും അക്രമങ്ങളുമാണ്. ഇത്തരത്തിൽ നിരന്തരം അക്രമം നിറഞ്ഞ ഗെയിം കളിച്ചു കൊണ്ടിക്കുമ്പോൾ ശരീരത്തിൽ അഡ്രിനൽ ഹോർമോൺ ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കും. ഇത് കുട്ടികളെ കാര്യമായിത്തന്നെ ബാധിക്കും. നിരന്തരം ഹോർമോൺ ഉത്പാദിപ്പിക്കപ്പെട്ട് വളരെ അക്രമാസക്തരാകുന്ന കുട്ടികളേയും കാണാൻ സാധിക്കും. ഇത്തരത്തിലുള്ള കുട്ടികൾ പലപ്പോഴും ഒറ്റപ്പെട്ട് ജീവിക്കാനാണ് ഇഷ്ടപ്പെടുക. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നത് കുറവായിരിക്കും. റൂം അടച്ച് ഒറ്റക്ക് ഇരുന്ന് അവരുടേതായ സ്വകാര്യതകളിലേക്ക് ആഴ്ന്നിറങ്ങാനായിരിക്കും ഇഷ്ടപ്പെടുക. ഓൺലൈനിൽ കൂടി അവർ മറ്റൊരു ജീവിതം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ആ ജീവിതത്തിൽ അവർ സുരക്ഷിതരാണെന്ന് അവർ സ്വയം വിശ്വസിക്കുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ കൂടി അവർക്ക് അവരുടെ സ്വപ്നങ്ങളെ, സ്ക്രീനിൽ യാഥാർഥ്യമാക്കാൻ സാധിക്കുന്നു. യഥാർഥ ജീവിതത്തിലേക്ക് എത്തുമ്പോഴേക്കും നേരെ മറിച്ചും- മനഃശാസ്ത്രജ്ഞന്‍ ഡോ. സന്ദീഷ് പറയുന്നു.
വഴക്ക്, ഒളിച്ചോട്ടം ആത്മഹത്യ- കുട്ടികൾ ഇതെങ്ങോട്ട്?
കണ്ണൂരിൽനിന്ന് ജോലിയാവശ്യാർഥം എറണാകുളത്തേക്ക് വരികയായിരുന്നു റിയാസും സുഹൃത്തും. കണ്ണൂർ - എറണാകുളം ഇന്റർസിറ്റി ട്രെയിനിലായിരുന്നു യാത്ര. രാത്രി 8.20-ന് ട്രെയിൻ നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി. വണ്ടി സ്റ്റേഷനിൽ നിർത്തിയപ്പോൾ, വെറും 15 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടി അവിടെനിന്ന് ട്രെയിനിൽ കയറി. അടുത്ത സ്റ്റേഷൻ വരേയുള്ള ട്രെയിനിൽ കേറാൻ മാത്രം കുട്ടി എവിടെനിന്നാണ് വരുന്നത് എന്ന കാര്യം സംശയിച്ച് ഒടുവിൽ കുട്ടിയോട് തന്നെ ചോദിച്ചു: "നോർത്തിൽനിന്നു സൗത്തിലേക്ക് പോകാൻ വേണ്ടി ട്രെയിൻ കയറാൻ നീ എവിടെ നിന്നാണ് വന്നത്?" എന്ന്, "അപ്പുറത്ത് ബോഗിയിൽ ഉണ്ടായിരുന്നു. മറൈൻഡ്രൈവിലേക്ക് പോവുകയാണ്, സൗത്തിൽ ഇറങ്ങിയാൽ മതിയല്ലോ?" എന്ന് കുട്ടിയുടെ മറുചോദ്യം. സംസാരരീതിയിൽ സംശയം തോന്നിയ റിയാസും സുഹൃത്തും കാര്യങ്ങൾ ചോദിച്ച് ചോദിച്ച് ഒരു നിഗമനത്തിൽ എത്തിച്ചേർന്നു, 'കുട്ടി വീട്ടിൽനിന്ന് ഒളിച്ചോടി വന്നതാണ്'.

'വിശക്കുന്നു, എന്തെങ്കിലും വാങ്ങിക്കഴിക്കാൻകുറച്ച് പൈസ തരുമോ?' എന്ന് കുട്ടി ചോദിച്ചപ്പോൾ കൊടുക്കാമെന്നായി ഇരുവരും. കഴിക്കാനുള്ള പണം അവന് നൽകിയാൽ, അത് തിരികെ തരുമെന്ന് അവൻ ഉറപ്പിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. തുടർന്ന് അവൻ ഒരു നമ്പരും അവർക്ക് കൊടുത്തു. അതിലേക്ക് ഒരു ഹായ് അയച്ചാൽ നാട്ടിൽ എത്തിയിട്ട് പണം തിരിച്ച് തരാമെന്ന വാക്കും നൽകി. അങ്ങനെ അവന്റെ കൈയിൽനിന്ന് നമ്പർ കിട്ടിയതോടെ, അതിലേക്ക് മിസ് കോളും അടിച്ചു. തുടർന്ന് അവന് ഭക്ഷണവും വാങ്ങിക്കൊടുത്തു. ഇതിനിടയിൽ മിസ് കോൾ അടിച്ച നമ്പറിൽനിന്ന് തിരികെ കോൾ വന്നിരുന്നു. അത് അവന്റെ മുത്തച്ഛന്റെ നമ്പറായിരുന്നു. കുട്ടിയെ കാണാതെ പരിഭ്രാന്തരായി നിൽക്കുകയായിരുന്നു വീട്ടുകാർ. കുട്ടി തങ്ങളുടെ അടുത്തുണ്ടെന്ന് അറിയിച്ചപ്പോൾ അവർക്കും ആശ്വാസമായി. തുടർന്ന് നേരെ എറണാകുളത്തേക്കുള്ള വണ്ടികയറി.
കുട്ടിയുമായി നിയാസും സുഹൃത്തും തൊട്ടടുത്തുള്ള തേവര പോലീസ് സ്റ്റേഷനിലേക്ക് ചെന്നു. സ്റ്റേഷനിലെത്തിയപ്പോൾ കുട്ടി ആദ്യം പരിഭ്രാന്തനായെങ്കിലും പോലീസുകാരുടെ സൗഹൃദപരമായ ഇടപെടലിൽ പെട്ടെന്നുതന്നെ ശാന്തനായി. പിന്നീട് എല്ലാം അവൻ വിവരിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ 85 ശതമാനത്തിലേറെ മാർക്ക് വാങ്ങിയ മിടുക്കനായ വിദ്യാർഥി. കൂട്ടുകാരായിരുന്നു അവന്റെ ലോകം. സ്വകാര്യതയെച്ചൊല്ലി വീട്ടിൽനിന്നു മാറി കൂട്ടുകാർക്കൊപ്പമായിരുന്നു സമയമേറെയും ചെലവഴിച്ചിരുന്നത്. പുതിയ മൊബൈൽ വാങ്ങിത്തരാൻ വേണ്ടിയുള്ള തർക്കത്തിനൊടുവിൽ വീടുവിട്ടിറങ്ങിയതായിരുന്നു.
താൻ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും സ്കൂളിലെ മിക്കവാറും വിദ്യാർഥികൾ ദിവസവും കഞ്ചാവിന്റെ പിടിയിലാണെന്നും കുട്ടിയുടെ സംസാരത്തിൽനിന്ന് മനസ്സിലായി. മാത്രമല്ല, അവൻ പറഞ്ഞത് അനുസരിച്ച്, അവന്റെ ആരാധന ലിസ്റ്റിലുള്ളത് അടുത്ത കാലങ്ങളിൽ കുപ്രസിദ്ധി നേടിയ യൂട്യൂബ് സ്ട്രീമർമാരാണെന്നാണ് കൂടി വ്യക്തമാക്കി. പിന്നീട് വീട്ടുകാരെത്തി അവനെ തിരികെ കൊണ്ടു പോയി.
നമ്മുടെ കുട്ടികളെ യൂട്യൂബ് അടക്കമുള്ള വീഡിയോ പ്ലാറ്റ് ഫോമുകളിലെ ലൈവുകളും ആരാധനാ കഥാപാത്രങ്ങളായ സ്ട്രീമേഴ്സും ഏറെ സ്വാധീനിക്കുന്നുണ്ട് എന്നതിന്റെ ചെറു ഉദാഹരണം മാത്രമാണിത്.
ആത്മഹത്യയിൽ പരിഹാരം തേടുന്നവർ
സൈക്കിളുമായിട്ടായിരുന്നു ആകാശ് വീടുവിട്ടിറങ്ങിയത്. പിന്നീട് അവൻ തിരിച്ചു വന്നില്ല. വീടുവിട്ടിറങ്ങിയ മകന് വേണ്ടി മാതാവ് കാത്തിരുന്നു, ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്ന് തിരഞ്ഞു. പലയിടത്തും അന്വേഷിച്ചു, രാത്രിവൈകുവോളം നോക്കി, കണ്ടെത്താനായില്ല. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ മണിക്കൂറുകൾ ആ മാതാവ് തള്ളിനീക്കി, മകൻ തിരിച്ചെത്തിയില്ല. തിരച്ചിലിനൊടുവിൽ ആളുകൾ അവനെ കണ്ടെത്തി, തൊട്ടടുത്തുള്ള കുളത്തിൽ ജീവനറ്റ ശരീരവുമായി ഓൺലൈൻ ഗെയിമിന്റെ ഇരയായി അവൻ പോയി.
നവംബർ 17 - 2021നായിരുന്നു സംഭവം. ഇരിങ്ങാലക്കുടയിയിലെ കൊരുമ്പിശ്ശേരി സ്വദേശിയായ ഷാബിയുടെ മകനാണ് ആകാശ്. പോലീസ് പറയുന്നതനുസരിച്ച്, ഗെയിം കളിച്ച് അയ്യായിരത്തോളം രൂപ ആകാശിന് നഷ്ടപ്പെട്ടിരുന്നു. പിതാവ് ഇക്കാര്യം അറിഞ്ഞെങ്കിലും കുട്ടിയോട് സംസാരിച്ചിരുന്നില്ല. എന്നാൽ, പണം നഷ്ടപ്പെട്ടത് പിതാവറിഞ്ഞുവെന്ന് മനസ്സിലാക്കിയ വിഷമത്തിൽ ആകാശ് വീട്ടിൽനിന്ന് സൈക്കിളുമായി ഇറങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

നോട്ട് എഴുതാനുണ്ടെന്ന് പറഞ്ഞ് മാതാവിന്റെ കൈയിൽനിന്ന് മൊബൈലുമായി മുറിയിൽ കയറി വാതിലടച്ച സാബിത് എന്ന കുട്ടിയും സമാനമായി ഗെയിമിനിരയാണ്. മുറിയിൽ വാതിലടച്ച സാബിതിനെ പിന്നീട് കാണുന്നത് തൂങ്ങിമരിച്ച നിലയിലായിരുന്നു. 2021 നവംബർ എട്ടിനായിരുന്നു സംഭവം. ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു സാബിത് മുഹമ്മദ്. സാബിത് ഉപയോഗിച്ചിരുന്ന ഫോൺ പരിശോധിച്ചപ്പോൾ ഇതിൽനിന്ന് ഗെയിമുകളുടെ ആപ്ലിക്കേഷനുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹരിപ്പാട്ട് 23-കാരനായ അർജുൻ തീകൊളുത്തി ആത്മഹത്യ ചെയ്തത് മാർച്ച് 23-നായിരുന്നു. ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട അർജുന് വലിയ തോതിൽ പണം നഷ്ടപ്പെട്ടതായിരുന്നു ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കൊഴിഞ്ഞാമ്പാറ നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷൺമുഖന്റെ മകൻ സജിതിന്റെ മരണവും മൊബൈൽ ഗെയിമാണെന്നാണ് ആരോപണം. സജിത് ആത്മഹത്യ ചെയ്തത് 2022 മാർച്ച് 25-നായിരുന്നു. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സജിതിനെ കണ്ടെത്തിയത്. ഓൺലൈനായി ഗെയിം കളിച്ച് സജിത്തിന്റെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടിലറിഞ്ഞാലുള്ള ആശങ്കയും ഭയവും കൊണ്ടായിരിക്കാം ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ കൊഴിഞ്ഞാമ്പാറ പോലീസിനുനൽകിയ മൊഴിയിൽ പറയുന്നത്.

എല്ലാവരോടും സൗമ്യമായി പെരുമാറുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട പെണ്‍കുട്ടിയായിരുന്നു കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ ബിജിഷ. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന അച്ഛന്റെ വരുമാനത്തിന് തുണയാവാൻ ടെലികോം കമ്പനിയുടെ ഓഫീസില്‍ ജോലിയുണ്ട്. പഠിച്ച സ്‌കൂളില്‍ ഇടയ്ക്ക് ക്ലാസെടുക്കാന്‍ പോവും. അങ്ങനെയിരിക്കെയാണ് 2021 ഡിസംബര്‍ 12-ന് ബിജിഷയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിൽ കാര്യമായ സാമ്പത്തിക പ്രയാസങ്ങളോ മറ്റു പ്രശ്നങ്ങളോ ഇല്ലാതിരുന്നിട്ടുംഎന്തിന് ബിജിഷ ആത്മഹത്യ ചെയ്തുവെന്ന ചോദ്യമാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെ ഓൺലൈൻ ഗെയിമിലേക്ക് എത്തിച്ചത്.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബിജിഷ 35 പവന്‍ സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തി. എന്നാല്‍, ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും തുക നഷ്ടപ്പെട്ടതായി കുടുംബത്തിനറിയാന്‍ കഴിഞ്ഞത്.
കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആദ്യം ചെറിയ രീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യു.പി.ഐ. ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍, തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണമടക്കം പണയംവെച്ചു. ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട് ബിജിഷയുടെ ബന്ധുക്കള്‍. വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ആലുവയിൽ ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അമ്മയുടെ അക്കൗണ്ടില്‍നിന്ന് മൂന്ന് ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയ പരാതി ഉയരുന്നത് 2021 ജൂൺ 18-നായിരുന്നു. തന്റെ അക്കൗണ്ടിൽനിന്ന് ഭീമമായ തുക നഷ്ടപ്പെട്ട വിവരമറിഞ്ഞതോടെയാണ് വീട്ടമ്മ പോലീസിൽ പരാതി നൽകുന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് ഫ്രീ ഫയർ എന്ന ഗെയിമിന് അടിമപ്പെട്ട മകനെക്കുറിച്ച് അമ്മ അറിയുന്നത്. പോലീസിന്റെ അന്വേഷണത്തിൽ പണം നഷ്ടപ്പെടാൻ കാരണം മകന്റെ ഗെയിം അഡിക്ഷൻ ആണെന്ന് കണ്ടെത്തുകയും ചെയ്തു.
കണ്ണൂർ ചാമ്പാടിൽ ഗെയിമിനടിമപ്പെട്ട മകൻ കാരണം ജയിൽ ഉദ്യോഗസ്ഥന് നഷ്ടപ്പെട്ടത് ആറ് ലക്ഷം രൂപയായിരുന്നു. 2021- നവംബറിലായിരുന്നു സംഭവം. വീട് നിർമ്മാണത്തിനായി വായ്പയെടുത്ത തുകയിൽ നിന്ന് 6,12,000 രൂപയാണ് മകന്റെ ഗെയിം ഭ്രമം മൂലം ഉദ്യോഗസ്ഥന് നഷ്ടപ്പെട്ടത്.
ഗെയിമുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഉണ്ടായ ചില മരണങ്ങളും പരാതികളുമാണ് മുകളിൽ. ഗെയിമിന് അടിമപ്പെട്ടാണ് പലരും മരണത്തിലേക്കെത്തിയത് എന്നതാണ് ഇതിൽ പൊതുവായ കാര്യം. ഇതിന് പുറമെ ഫോൺ നൽകാത്തതിന്, ഫോണിൽനിന്ന് പണം നഷ്ടപ്പെട്ടതിന് വീടുവിട്ടിറങ്ങിപ്പോയ ഒട്ടനേകം കുട്ടികളുടെ പേരും അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞിരുന്നു. ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട മരണങ്ങളിൽ റമ്മി കളിയാണ് പ്രധാന വില്ലനായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നത് വെറും റമ്മി കളികൊണ്ട് മാത്രമല്ല എന്നതാണ് വസ്തുത. അതിൽ പലപ്പോഴും ഇത്തരത്തിലുള്ള സ്ട്രീമേഴ്സിന്റേയും ലൈവ് സ്ട്രീം പ്ലാറ്റ് ഫോമുകളുടേയും പങ്കുകൾ തള്ളിക്കളയാൻ സാധിക്കില്ല.
മേൽ പറഞ്ഞ കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടുന്ന വസ്തുതകളിൽ മറ്റൊന്ന്, കുട്ടികൾ മൊബൈൽ ഫോണുകളും ഇത്തരം പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുമ്പോൾ കൃത്യമായ നിയന്ത്രണവും ശ്രദ്ധയും ആവശ്യമുണ്ട് എന്നതാണ്. ഫോണ്‍ ഉപയോഗിക്കുന്നതില്‍ കുട്ടികള്‍ക്ക് പരിചയം ഉണ്ടെന്ന് കരുതി അത് അവര്‍ക്ക് കൈവിട്ടു കൊടുക്കാനുള്ള കാരണമായി കരുതരുത്. കുട്ടികളുടെ സുരക്ഷിതമായ ഇന്റർനെറ്റിലെ ഇടപെടലുകൾ ഉറപ്പു വരുത്തേണ്ടതും രക്ഷിതാക്കളുടെ ചുമതലകളാണ്.
(തുടരും..)
Content Highlights: children suicide game addict engane mathiyo e bodham investigation series
Published: 03 Aug 2023, 05:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented