
ഉത്തര-മധ്യകേരളവും ആലപ്പുഴ, കൊല്ലം ജില്ലകളും പിന്നിട്ട് ദേശീയപാത തലസ്ഥാന ജില്ലയിലേക്ക് എത്തുമ്പോള്‍ ചിത്രം ആകെ മാറിമറിയും. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച്, ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചതും പൂര്‍ത്തിയായയും തിരുവനന്തപുരം ജില്ലയിലാണ്. നാല് റീച്ചുകളുള്ള തിരുവനന്തപുരം ജില്ലയില്‍ മൂന്ന് റീച്ചുകളും പണി പൂര്‍ണമായും പൂര്‍ത്തിയായി. ഈ റീച്ചുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ട്. മിച്ചമുള്ള ഒരു റീച്ചില്‍ മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ റീച്ചില്‍ സ്ഥലം ഏറ്റെടുക്കലിന് ശേഷം വിവിധ പ്രദേശങ്ങളില്‍ ഭൂമി നിരപ്പാക്കല്‍, റോഡുകള്‍ക്ക് ഇരുവശത്തുമുള്ള ഓടകളുടെ നിര്‍മാണം, സര്‍വീസ് റോഡ് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട് കോം തയ്യാറാക്കുന്ന 'പണി തീരുന്ന പാത' പരമ്പര കഴിഞ്ഞ നാല് ഭാഗങ്ങളില്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെയുമാണ് കടന്നുപോയതെങ്കില്‍ അഞ്ചാം അധ്യായത്തില്‍ തിരുവനന്തപുരം ജില്ലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്.
പണി അവശേഷിക്കുന്നത് കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെ
Also Read
തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടം-ടെക്നോപാര്‍ക്ക് മേല്‍പ്പാലം, കഴക്കൂട്ടം- മുക്കോല, മുക്കോല- കാരോട് എന്നീ ഭാഗങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഈ ഭാഗത്ത് നേരത്തെ തന്നെ പണികള്‍ തുടങ്ങിയിരുന്നു. ജില്ലയില്‍ കഴക്കൂട്ടം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള റീച്ചിന്റെ പണികളാണ് പുരോഗമിക്കുന്നത്. 29.83 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റീച്ചിന് 3463.78 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍.ഡി.എസ്. പ്രോജക്ട് ലിമിറ്റഡ് കമ്പനിയാണ് ഈ റീച്ചിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 11.15 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ്റിങ്ങല്‍ ബൈപാസ് നിര്‍മിക്കുന്നതടക്കമാണ് ഈ റീച്ചില്‍. കടമ്പാട്ടുകോണം മുതല്‍ കഴക്കൂട്ടം വരെയുള്ള റീച്ചിന്റെ പണികള്‍ കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ആരംഭിച്ചത്. 30 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കത്തക്ക വിധത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.

പാതയുടെ വികസനത്തിനായി 69 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. 2593.33 കോടി രൂപയാണ് ഭൂമിയേറ്റെടുക്കലിന് ചെലവായത്. 40 ഹെക്ടറിലധികം ഭൂമി ബൈപ്പാസ് നിര്‍മിക്കാനായി മാത്രം ഏറ്റെടുത്തു. കടമ്പാട്ടുകോണം-കഴക്കൂട്ടം പാതയില്‍ ആറ് മേല്പാലങ്ങളും 16 അടിപ്പാതകളും രണ്ട് മേല്‍പ്പാതകളുമുണ്ടാകും. ബൈപ്പാസില്‍ തോട്ടയ്ക്കാട് തോട്, വാമനപുരം ആറ്, മാമം തോട് എന്നിവയ്ക്ക് കുറുകെ പാലങ്ങളും നിര്‍മിക്കണം. കലുങ്കുകളും നിര്‍മിക്കേണ്ടതുണ്ട്. നിലവിലെ പാതയ്ക്ക് ഇരുവശത്തും സ്ഥലമേറ്റെടുക്കുകയും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ഇരുവശത്തും ഓടകളുടേയും ക്രാഷ് ബാരിയറുകളുടേയും നിര്‍മാണം പുരോഗമിക്കുകയാണ്. അടിപ്പാതകളില്‍ ചിലതിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ചില സ്ഥലങ്ങളില്‍ പണികള്‍ എവിടെയും എത്തിയിട്ടില്ല. റോഡില്‍ മണ്ണിട്ട് നികത്തുന്നത് അടക്കം പണികള്‍ അവശേഷിക്കുന്നുണ്ട്. 9.27% പണിയാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നതെന്നാണ് ദേശീയപാത അധികൃതര്‍ നല്‍കുന്ന വിവരം. 2025 ജനുവരിയില്‍ പണികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ആറ്റിങ്ങലിന്റെ മുഖച്ഛായ മാറ്റാന്‍ ബൈപ്പാസ്
കടമ്പാട്ടുകോണം-കഴക്കൂട്ടം റീച്ചിന്റെ പ്രധാന ഭാഗങ്ങളിലൊന്ന് 11.150 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ്റിങ്ങല്‍ ബൈപ്പാസാണ്. മാമം ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന ബൈപ്പാസ് കല്ലമ്പലത്തിന് സമീപം ആയംകോണത്താണ് നിലവിലുള്ള പാതയില്‍ വന്ന് ചേരുന്നത്. മാമത്ത് ആരംഭിച്ച് നിലവിലെ ദേശീയപാതയുടെ പടിഞ്ഞാറുവശത്തുകൂടി അല്ലമ്പലം ആഴാംകോണത്ത് എത്തിച്ചേരുന്ന വിധത്തിലാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. ഇതുവഴി ആറ്റിങ്ങല്‍ ടൗണിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് ബൈപ്പാസ് കടന്നുപോകുന്നത്. ബൈപ്പാസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും വേഗത്തില്‍ പുരോഗമിക്കുകയാണ്. ലാന്റ് ക്ലിയറിങ് പണികള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഓട നിര്‍മാണവും ബൈപ്പാസിലെ അടിപ്പാതകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. ഇതിനിടെ തിരുവാറാട്ടുകാവ് വിഷയം കോടതിയില്‍ എത്തുന്ന സാഹചര്യം വരെയുണ്ടായി. ബൈപ്പാസിന്റെ രൂപരേഖപ്രകാരം റോഡ് കടന്നു പോകുന്നത് കൊല്ലമ്പുഴ- തിരുവാറാട്ട് കാവ് ദേവീക്ഷേത്ര വളപ്പിലൂടെയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ നാശത്തിന് ഇത് ഇടയാക്കുമെന്നും രൂപരേഖയില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബവും ദേവസ്വം ബോര്‍ഡും വിശ്വാസികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ദേശീയപാത വികസനത്തിനും എത്രയോ മുമ്പ് തന്നെ നാട്ടുകാരുടെ ആവശ്യമായിരുന്ന ആറ്റിങ്ങല്‍ ബൈപ്പാസെന്നാണ് നാട്ടുകാരിൽ കൂടുതൽ പേരും പറയുന്നത്. നാടിന് വലിയ ഗുണം ചെയ്യുന്ന പദ്ധതിയാണെന്നും പണ്ടേ വരേണ്ടതായിരുന്നുവെന്നുമാണ് ആറ്റിങ്ങല്‍ ടൗണില്‍വെച്ച് ബാലന്‍ പറഞ്ഞത്. ആറ്റിങ്ങല്‍ ടൗണിലൂടെ നടക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. പദ്ധതി റോഡ് പൂര്‍ത്തിയാകുന്നതോടെ ആറ്റിങ്ങലിലെ കുരുക്കഴിയും. നഗരം വളരും. ബാലന്‍ പ്രതീക്ഷകള്‍ പങ്കുവെച്ചു. ആറ്റിങ്ങല്‍ ടൗണിലെ തിരക്കൊഴിയുമെന്ന പ്രതീക്ഷയാണ് മാമത്ത് വെച്ച് കണ്ട സുനിലും പറഞ്ഞത്. നഗരത്തില്‍നിന്ന് മാറി ബൈപ്പാസ് വരുന്നതോടെ നഗരത്തിലെ തിരക്ക് കുറയും, ബൈപ്പാസ് വരുന്ന പ്രദേശത്തെ ആളുകള്‍ക്കു ഗുണം ലഭിക്കുമെന്നും സുനില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴക്കൂട്ടത്ത് നാല് വരി മേല്‍പ്പാലം
സംസ്ഥാനത്ത് നിലവില്‍ നാലുവരി ഗതാഗതമുള്ള ഏറ്റവും വലിയ മേല്‍പ്പാലമാണ് കഴക്കൂട്ടത്തേത്. ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിനു മുന്നില്‍ തുടങ്ങി സി.എസ്.ഐ. മിഷന്‍ ആശുപത്രിക്കു സമീപമാണ് മേല്‍പ്പാലം അവസാനിക്കുന്നത്. 61 തൂണുകളില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന് 2.721 കിലോ മീറ്ററാണ് നീളം. പാലത്തിനടിയില്‍ 7.75 മീറ്റര്‍ വീതിയുള്ള റോഡുമുണ്ട്. 2019 ഒക്ടോബറിലാണ് നിര്‍മാണം തുടങ്ങിയത്. 730 ദിവസം കൊണ്ട് പണികള്‍ തീരുമെന്നായിരുന്നു പ്രഖ്യാപനം. തുടക്കത്തില്‍ കടകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കെട്ടിടയുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെങ്കിലും വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. ആര്‍.ഡി.എസ്. - സി.വി.സി.സി കമ്പനിയായിരുന്നു പാലം പണി കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 304.63 കോടി രൂപയായിരുന്നു നിര്‍മാണച്ചെലവ്. രണ്ടു കൊല്ലംകൊണ്ടു പൂര്‍ത്തിയാക്കുമെന്ന് ആദ്യം കരുതിയെങ്കിലും കോവിഡ് പ്രതിസന്ധി, മഴ തുടങ്ങിയ കാരണങ്ങളാല്‍ ഒരു കൊല്ലംകൂടി നിര്‍മ്മാണം നീളുകയായിരുന്നു. പണി പൂര്‍ത്തിയായതിനേത്തുടര്‍ന്ന് ഔദ്യോഗിക ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പാലം ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ആദ്യം തീര്‍ന്നത് കഴക്കൂട്ടം -മുക്കോല
സംസ്ഥാനത്ത് ആദ്യം നിര്‍മാണം ആരംഭിച്ച റീച്ചുകളിലൊന്നാണ് കഴക്കൂട്ടം -മുക്കോല. 2015 ജൂണിലാണ് നിര്‍മാണകമ്പനിയായ കെ.എന്‍.ആര്‍. കണ്‍സ്ട്രക്ഷനുമായി കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. ആ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു നിര്‍മാണോദ്ഘാടനം. നാലുവരിപ്പാതയും ഇരുവശങ്ങളിലായി സര്‍വീസ് റോഡുകളുമടക്കം 45 മീറ്റര്‍ വീതിയിലാണ് റോഡിന്റെ നിര്‍മാണം. 24 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന തരത്തിലാണ് ബൈപ്പാസ് റോഡിന്റെ പണികള്‍ ആരംഭിച്ചത്. എന്നാല്‍, റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള സ്ഥലമെടുപ്പും സര്‍വീസ് റോഡുകള്‍ നിര്‍മിക്കാനുള്ള താമസവും മറ്റ് പ്രശ്‌നങ്ങളും പദ്ധതിയെ വൈകിപ്പിച്ചു. തുടക്കത്തില്‍ കാര്യങ്ങളൊന്നും അത്ര വേഗത്തിലായിരുന്നില്ല. വൈദ്യുത തൂണുകളും പൈപ്പുകളും മാറ്റുന്നത് മുതല്‍ ആവശ്യത്തിന് മണ്ണ് ലഭിക്കാത്തത് വരെയായിരുന്നു പ്രശ്‌നങ്ങള്‍. പിന്നാലെ മരങ്ങള്‍ മുറിച്ചു മാറ്റുന്ന കാര്യത്തില്‍ വനം വകുപ്പും ദേശീയപാത അതോറിറ്റിയും ഏറ്റുമുട്ടി. ആവശ്യമുള്ള മരങ്ങള്‍ മാത്രം മുറിച്ചുമാറ്റാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. പിന്നീട് കെ.എസ്.ഇ.ബിയും ജലഅതോറിറ്റിയുമായിരുന്നു തടസം ഉയര്‍ത്തിയത്. അവരുടെ പൈപ്പുകളും ലൈനുകളും മാറ്റാനുള്ള അനുമതി സാങ്കേതിക കാര്യങ്ങളില്‍ തട്ടിനിന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.
തുടര്‍ന്ന് പണി തുടങ്ങിയപ്പോള്‍ മണ്ണ് എടുപ്പായിരുന്നു പ്രശ്‌നം. ആക്കുളത്ത് നിര്‍മ്മിതി കേന്ദ്രത്തിന്റെ സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് മറ്റ് പല സ്ഥലങ്ങളിൽനിന്നും മണ്ണെത്തിച്ചാണ് നിര്‍മാണം നടത്തിയത്. 24.99 കിലോ മീറ്റര്‍ ദൂരമുള്ള മുക്കോല-കഴക്കൂട്ടം റീച്ചിന് 1038.35 കോടിയായിരുന്നു ആകെ പദ്ധതി ചെലവ്. മൂന്ന് പാലങ്ങള്‍, മൂന്ന് അടിപ്പാതകള്‍, നാല് മേല്‍നടപ്പാലങ്ങള്‍ അടക്കമുള്ളവയാണ് ഈ റൂട്ടില്‍ നിര്‍മിച്ചിട്ടുള്ളത്. വെണ്‍പാലവട്ടം, മുട്ടത്തറ-കല്ലുമ്മൂട്, ആഴാകുളം എന്നിവിടങ്ങളിലാണ് അടിപ്പാതകള്‍. ഇതിന് പുറമേ നാലിടത്ത് മേല്‍നടപ്പാലങ്ങളുമുണ്ട്. ദേശീയപാത അതോറിറ്റി ആദ്യം തയ്യാറാക്കിയ റോഡിന്റെ രൂപരേഖയനുസരിച്ച് ചാക്കയില്‍ മേല്‍പ്പാലമുണ്ടായിരുന്നില്ല. ചാക്കയില്‍നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് അന്നത്തെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ റാമ്പ് നിര്‍മിച്ചിരുന്നു. ഈ റാമ്പ് പൊളിച്ച് നാലുവരി പാത ഉണ്ടാക്കാനായിരുന്നു ദേശീയപാത അതോറിറ്റി ശ്രമിച്ചത്. സര്‍ക്കാരിന്റെ എതിര്‍പ്പ് കാരണം റാമ്പ് പൊളിക്കാതെ മേല്‍പ്പാലം നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി നിര്‍ബന്ധിതരാകുകയായിരുന്നു. തൂടര്‍ന്ന് 2020 ഒക്ടോബറിലാണ് ഈ റീച്ച് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ ആദ്യ കോണ്‍ക്രീറ്റ് റോഡ്
16.2 കിലോ മീറ്റര്‍ ദൂരമുള്ള മുക്കോല മുതല്‍ കാരോട് റീച്ച് പൂര്‍ണമായും കോണ്‍ക്രീറ്റ് റോഡാണ്. 1147.79 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാതയുടെ നിര്‍മാണക്കരാര്‍ എല്‍ ആന്‍ഡ് ടിയായിരുന്നു ഏറ്റെടുത്തിരുന്നത്. കാഞ്ഞിരംകുളത്തിനടുത്ത് കഴിവൂരില്‍ 20 മീറ്റര്‍ ഉയരമുള്ള തൂണുകളില്‍ നിര്‍മിച്ചിരിക്കുന്ന ഇരട്ട മേല്‍പ്പാലങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ഈ വര്‍ഷം മേയ് മാസത്തിലാണ് മുക്കോല-കാരോട് റീച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 2020 മേയ് മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പാതയുടെ പണി പുരോഗമിക്കുന്നതിനിടെയാണ് കോവിഡും ലോക്ഡൗണും വരുന്നത്. അറുനൂറോളം തൊഴിലാളികളാണ് ദേശീയപാത നിര്‍മാണത്തിനായി ജോലി ചെയ്തിരുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് മറുനാടന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ തിരികെ പോയതോടെ പണികള്‍ നിലച്ചു. കോണ്‍ക്രീറ്റ് റോഡിന്റെ നിര്‍മാണത്തിനായി മണ്ണ് ലഭിക്കാനുള്ള അനുമതി വൈകിയതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഗ്രാമീണ മേഖലയില്‍ പലയിടത്തും കാലാവസ്ഥയും വില്ലനായി. വെള്ളക്കെട്ടും മണ്ണിടിച്ചിലും വലിയ രീതിയില്‍ പ്രതിബന്ധങ്ങളുണ്ടാക്കി. ബൈപ്പാസിനായി മണ്ണിട്ടുയര്‍ത്തിയ താഴ്ന്നപ്രദേശങ്ങള്‍ പലയിടത്തും കനത്ത മഴയില്‍ ഒലിച്ചുപോയിരുന്നു. അവിടെ പല സ്ഥലത്തും വീണ്ടും നിര്‍മാണം നടത്തേണ്ടി വന്നു. പലയിടത്തും പ്രാദേശിക പ്രശ്‌നങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ കാലതാമസമെടുത്തതും പണിയുടെ വേഗം കുറച്ചു.

ഇതിനിടെ കോണ്‍ക്രീറ്റ് റോഡിലെ ചില ഭാഗത്ത് പ്രതലം മീറ്ററുകളോളം വിണ്ടുകീറിയതും പ്രശ്‌നം സൃഷ്ടിച്ചു. കീഴമ്മാകത്തിനും പൊന്‍വിളയ്ക്കും ഇടയിലുള്ള പ്രദേശത്താണ് പലയിടങ്ങളിലും റോഡ് വിണ്ടുകീറിയത്. പുറത്തുനിന്നു മണ്ണെത്തിച്ച് തറനിരപ്പുയര്‍ത്തി റോഡ് നിര്‍മിച്ച പ്രദേശങ്ങളിലാണ് ഇപ്പോള്‍ വിള്ളലുണ്ടായത്. പിന്നീട് ഇതെല്ലാം പരിഹരിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. റോഡ് പൂര്‍ത്തിയായതോടെ വലിയ സന്തോഷവും സംതൃപ്തിയുമാണ് നാട്ടുകാരില്‍ ചിലര്‍ പങ്കുവെച്ചത്. റോഡ് നിര്‍മാണം പുരോഗമിക്കുമ്പോള്‍ ആളുകള്‍ക്ക് ചെറിയ ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അതെല്ലാം മാറിയെന്നുമാണ് പുരുത്തിവിള സ്വദേശിയായ സ്റ്റീഫന്‍ പറയുന്നത്. "തുടക്കത്തില്‍ സര്‍വീസ് റോഡ് ഉണ്ടായേക്കില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, സര്‍വീസ് റോഡ് അടക്കമാണ് ദേശീയപാത നിര്‍മിച്ചിരിക്കുന്നത്. റോഡ് വന്നതോടെ വികസനം വന്നു. പല സ്ഥലങ്ങളിലേക്കും നേരിട്ട് വഴി വന്നു. റോഡ് വികസനത്തിനായി ഒന്‍പത് സെന്റ് സ്ഥലം ഏറ്റെടുത്തു. സെന്റ് ഒന്നിന് 2.63 ലക്ഷം രൂപ വീതം നല്ല വില ലഭിച്ചു. ഈ പരിസരത്തുള്ള എല്ലാവര്‍ക്കും ഇതേ റേറ്റിന് അനുസരിച്ച് വില ലഭിച്ചു." സ്റ്റീഫന്‍ സന്തോഷം മറച്ചുവെച്ചില്ല.

കന്യാകുമാരിയില്‍ എന്ന് എത്തും?
തലസ്ഥാനത്തുനിന്ന് സംസ്ഥാന അതിര്‍ത്തി വരെ ദേശീയപാത നിര്‍മാണം പൂര്‍ത്തിയായെങ്കിലും തമിഴ്‌നാട് ഭാഗത്തേക്കുള്ള നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. മുക്കോല -കാരോട് റീച്ച് എന്നാണ് പേരെങ്കിലും പാത അവസാനിക്കുന്നത് കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ചെങ്കവിളയിലാണ്. നിലവില്‍ ഇവിടെനിന്ന് നിലവിലുള്ള പാറശാല, കളിയിക്കാവിള വഴി യാത്രികര്‍ക്ക് ദേശീയപാതയില്‍ എത്താം. എന്നാല്‍, കാരോട് - മുക്കോല റോഡ് അവസാനിക്കുന്ന ചെങ്കവിളയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന പാതയുടെ പണി എവിടെയും എത്തിയിട്ടില്ല. കാരോട്-കന്യാകുമാരി നാലുവരിപ്പാതയുടെ സ്ഥലം ഏറ്റെടുപ്പ് മാത്രമാണ് പലയിടത്തും പൂര്‍ത്തിയായത്. റോഡ് നിര്‍മാണത്തിന്റെ പ്രാരംഭഘട്ട ജോലികള്‍ പോലും പല സ്ഥലത്തും ആരംഭിച്ചിട്ടില്ല. 53.6 കിലോ മീറ്ററാണ് പാതയുടെ ദൂരം. 2433.25 കോടി രൂപ ചെലവില്‍ നിര്‍മിക്കാനുദ്ദേശിച്ചിരുന്ന പാതയുടെ നിര്‍മാണം 2013-ലാണ് ആരംഭിച്ചത്. ശുചീന്ദ്രത്തിനും കന്യാകുമാരിക്കുമിടയില്‍ ചിലയിടത്ത് മാത്രമാണ് നേരിയ തോതിലെങ്കിലും പാതനിര്‍മാണം നടന്നത്. ശേഷിച്ച സ്ഥലത്ത് പലയിടത്തും നിര്‍മാണം തുടങ്ങിയിരുന്നില്ല. പലയിടത്തും അടിപ്പാതകളും മറ്റിടങ്ങളില്‍ മേല്‍പ്പാലവും പൂര്‍ത്തിയായിട്ടില്ല. ഈ പാതയുടെ നിര്‍മാണത്തിനുള്ള കരാര്‍ ഇതിനിടെ പരിഷ്‌കരിച്ച പദ്ധതിത്തുകയോടെ പുതുക്കിയിരുന്നു. ഈ റോഡ് കൂടി പൂര്‍ത്തിയായാലാണ് പാതയുടെ പ്രയോജനം യഥാര്‍ത്ഥത്തില്‍ ലഭിക്കുക.
വളവും കുന്നും നിവര്‍ന്നു, വയല്‍കിളി സമരം ചരിത്രം; കുതിക്കുന്നു NH66 | പണി തീരുന്ന പാത- 01
നഗരം തൊടാതെ കോഴിക്കോട് കടക്കാം, സിഗ്നല്‍ ഫ്രീ മലപ്പുറം - കുതിക്കുന്നു NH66 | പണിതീരുന്ന പാത 02
ഇടപ്പള്ളിയില്‍ മെട്രോയുടെ മുകളിലോ ദേശീയപാത?; മധ്യകേരളത്തിൽ മന്ദഗതി | പണി തീരുന്ന പാത 03
ഉയരാതെ ആറ് വരി ഉയരപ്പാത; അരൂര്‍ മുതല്‍ കടമ്പാട്ടുകോണം വരെ സംഭവിച്ചതെന്ത്? | പണി തീരുന്ന പാത 04
Content Highlights: National highway 66 development in thiruvananthapuram district
Published: 11 Aug 2023, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented