ന്യൂഡൽഹി: ദേശീയപാതയോരത്തെ വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ നിർമാണത്തിനുള്ള ദൂരപരിധി വിധിയിൽ കേരളത്തിന് ഇളവ് തേടി വ്യാപാരി വ്യവസായ ഏകോപന സമിതി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തു. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇളവ് അനുവദിക്കണമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

To advertise here,

ദേശീയപാതയുടെ മധ്യരേഖയിൽനിന്ന് 40 മീറ്റർ ദൂരപരിധിയിൽ പാർപ്പിട ആവശ്യങ്ങൾക്കുള്ള നിർമാണങ്ങൾക്കും 75 മീറ്റർ ദൂരപരിധിയിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള നിർമാണങ്ങൾക്കും പുതുതായി അനുമതി നൽകരുത് എന്നായിരുന്നു സുപ്രീംകോടതി നിർദേശം. ഈ ഉത്തരവ് നടപ്പാക്കുന്നത് ദേശീയപാതയോരത്തെ കടകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കേരളത്തിന്റെ ഭൂമിശാസ്ത്രപരവും ജനസാന്ദ്രതയുമായി ബന്ധപ്പെട്ടതുമായ പ്രത്യേകതകൾ പരിഗണിക്കാതെ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് വ്യാപാരികളുടെ ഉപജീവനത്തെ ബാധിക്കും. നിർദിഷ്ട നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ ഒൻപത് ജില്ലകളിലായി ഏകദേശം 2,500 ഹെക്ടർ ഭൂമിയിലെ വാണിജ്യ പ്രവർത്തനങ്ങൾ തടസ്സപ്പെടാനും ലക്ഷക്കണക്കിന് വ്യാപാരികളുടെയും ജീവനക്കാരുടെയും ഉപജീവനം പ്രതിസന്ധിയിലാകാനും സാധ്യതയുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയപാതയോരത്തെ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടും അനിശ്ചിതത്വമുണ്ടെന്നും അഭിഭാഷക ലക്ഷ്മി ശ്രീ മുഖേന ഫയൽ ചെയ്ത അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.