ഗരം തൊടാതെ, കുരുക്കില്‍ കുരുങ്ങാതെ ചീറിപ്പായാനായി കോഴിക്കോട്ട് ദേശീയപാത 66 ഒരുങ്ങുമ്പോള്‍ കാത്തുനില്‍പ്പിന്റെ മടുപ്പിനോട് വിട പറയാനുള്ള അവസാന തയ്യാറെടുപ്പിലാണ് മലപ്പുറം. ആളെക്കൊല്ലി വളവുകളും വയലോരങ്ങളും കുന്നുകളുമെല്ലാം വികസനത്തിന് വേണ്ടി തല കുനിച്ചപ്പോള്‍ പുതിയൊരു 'കേരളയാത്ര ' തന്നെയാണ് രൂപപ്പെട്ടു വരുന്നത്. കോഴിക്കോട് ജില്ലയില്‍ ദേശീയപാത വികസന പ്രവൃത്തികള്‍ 2023 ജൂണ്‍ 30 വരെ 43%  പൂര്‍ത്തിയായതായാണ് കണക്കുകള്‍. മലപ്പുറത്ത്  63.6 ശതമാനവും പൂര്‍ത്തിയാക്കി. എന്‍.എച്ച്. 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളായിരുന്നു പണിതീരുന്ന പാത പരമ്പര കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തതെങ്കില്‍ രണ്ടാം ഭാഗം കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയാണ്.

To advertise here,

അണ്ടര്‍ പാസുകള്‍, സര്‍വീസ് റോഡ്, ഓവുചാല്‍, വെള്ളക്കെട്ട്, ബസ്-ഓട്ടോ സ്റ്റാന്റ് തുടങ്ങി പൊതുജനങ്ങള്‍ക്കുമുണ്ട് ഏറെ പരാതികള്‍. ആശങ്കകളേറെയുണ്ടെങ്കിലും കുറച്ച് പ്രയാസങ്ങളില്ലാതെ നാട്ടില്‍ വികസനം നടക്കുമോ എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. വികസനത്തിനൊപ്പം തന്നെ നാട്ടുകാരുടെ ഈ ആശങ്കകളും പരിഹരിക്കപ്പെടേണ്ടതുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം തുടരുമ്പോള്‍ സ്വപ്‌നപാതയിലൂടെ പറക്കാന്‍ കേരളത്തിന് ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ല. 

കോഴിക്കോട് ജില്ലയിലൂടെ കടന്നുപോവുന്ന 71.3 കിലോ മീറ്റർ ദേശീയപാത 66-ല്‍ ആദ്യ റീച്ചാണ് അഴിയൂര്‍-വെങ്ങളം. 40.8 കിലോ മീറ്റര്‍ ദേശീയപാതയുടെ നിര്‍മാണ ചുമതല അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനാണ്. 3713.14 കോടി രൂപയാണ് ടെണ്ടര്‍ തുക. 2021 ഒക്ടോബറിലാണ് പണികളാരംഭിച്ചത്. 2024 ഏപ്രില്‍ 26-നുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ റീച്ചില്‍ ഇതുവരെ 27.1% പണികള്‍ പൂര്‍ത്തിയായതായാണ് ദേശീയപാത അധികൃതര്‍ വ്യക്തമാക്കുന്നത്.

റോഡ് നിര്‍മാണത്തിന് അദാനിയാണ് കരാര്‍ ഏറ്റെടുത്തെങ്കിലും അദാനി പിന്നീട് വാഗഡ് ഇന്‍ഫ്രാ പ്രൊജക്ട്സിന് രണ്ട് വര്‍ഷത്തേക്ക് ഉപകരാര്‍ നല്‍കി. ഉപകരാര്‍ കാലാവധി തീരാന്‍ രണ്ട് മാസം മാത്രമേ ഇനി ബാക്കിയുള്ളൂ. ഈ റീച്ചില്‍ നിര്‍മാണം പൊതുവേ ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.  ഉപകരാറുകളിലെ പ്രശ്നങ്ങള്‍ മുതല്‍ മണ്ണ് കിട്ടാത്തതുവരെയുള്ള തടസ്സങ്ങള്‍വരെ നിലവിലുണ്ട്. അതിനിടെ പെയ്ത കനത്ത മഴ നിര്‍മാണ പ്രവൃത്തികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു.  40.8 കിലോ മീറ്റര്‍ ദൂരത്തില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് പണി നടക്കുന്നത്. മഴ മൂലം നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങള്‍ നീട്ടിനല്‍കുമെങ്കിലും ഇന്നത്തെ നിലവെച്ച് അടുത്ത വര്‍ഷവും പണി തീരാനുള്ള സാധ്യത വിദൂരമാണ്

അഴിയൂര്‍- വെങ്ങളം റീച്ചില്‍  ഉപകരാറുകളുടെ കളി

അദാനിയുടെ മേല്‍നോട്ടത്തില്‍ വാഗഡ് പ്രവൃത്തി നടത്തുന്നതിനിടെ വടകര മേഖലയിലെ ഓവുചാലുകളുടെ നിര്‍മാണം ഹൈദരാബാദിലെ മറ്റൊരു നിര്‍മാണക്കമ്പനിക്ക് ഉപകരാര്‍ നല്‍കി. എന്നാല്‍, ഇവര്‍ പ്രവൃത്തി പാതിവഴിക്ക് നിര്‍ത്തി മടങ്ങി. ഇതോടെ വടകര മേഖലയില്‍ പലയിടത്തും ഓവുചാലുകളുടെ നിര്‍മാണം തടസ്സപ്പെട്ടു. നിലവിലുള്ള പ്രവൃത്തിയുമായി ബന്ധപ്പെട്ട് വാഗഡ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 29 ലക്ഷം മെട്രിക് ടണ്‍ മണ്ണ് റോഡുപണിക്കായി ഇനി വാഗഡിനു വേണം. വടകര, ഇരിങ്ങല്‍ മേഖലയില്‍മാത്രം 13 ലക്ഷം ടണ്‍ മണ്ണ് ആവശ്യമാണ്.

ഇരിങ്ങല്‍മുതല്‍ നന്തിവരെ നാലു ലക്ഷം ടണ്ണും മൂടാടിമുതല്‍ പന്തലായനിവരെ ഏഴുലക്ഷവും ചെങ്ങോട്ടുകാവ്-വെങ്ങളം റീച്ചില്‍ അഞ്ചുലക്ഷം ടണ്ണും മണ്ണു വേണം. മണ്ണെടുത്തുകൊണ്ടിരുന്ന പ്രദേശത്ത് എതിര്‍പ്പുവരികയും കോടതി സ്റ്റേ ചെയ്യുകയും ചെയ്തതോടെ മണ്ണുലഭ്യത പ്രതിസന്ധിയിലായി. പ്രവൃത്തി നടക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നാണ് വിശദീകരണം. മണ്ണ് ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ ജിയോളജി വിഭാഗം വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഒരു പ്രവൃത്തിയിലെ ഒന്നിലേറെ ഉപകരാറുകള്‍ പ്രവൃത്തിയുടെ പൊതുവായ ഗുണനിലവാരത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടെ വടകരയില്‍ അനുവദിച്ച ഉയരപ്പാത നിര്‍മാണവും ഉപകരാര്‍ നല്‍കാനുള്ള നീക്കമുണ്ടെന്ന സൂചനകളുമുണ്ട്.

placeholder
അഴിയൂര്‍- വെങ്ങളം റീച്ചില്‍ തിരുവങ്ങൂരില്‍ നിന്നുള്ള ദൃശ്യം

അഴിയൂര്‍- വെങ്ങളം ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യോളിയിലും കോമത്തുകരയിലും ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നുണ്ട്. പയ്യോളിയില്‍ പേരാമ്പ്ര റോഡ് ചേരുന്ന സ്ഥലത്താണ് 70 മീറ്റര്‍ നീളത്തില്‍ ഓവര്‍ ബ്രിഡ്ജ്. താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാനപാതയില്‍ കോമത്തുകരയില്‍ 23 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കും. നന്തിയില്‍ ബൈപാസ് തുടങ്ങുന്നതിന് സമീപം 24 മീറ്റര്‍ നീളത്തില്‍ വലിയ അണ്ടര്‍ പാസ് നിര്‍മിക്കും. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ 11 കിലോമീറ്റര്‍ നീളത്തിലാണ് ബൈപ്പാസ്. ബൈപ്പാസ് മുറിച്ച് കടക്കുന്ന മുചുകുന്നിലും കൊല്ലം മുത്താമ്പി റോഡുകളിലും അണ്ടര്‍ പാസുണ്ട്. ബൈപ്പാസ് അവസാനിക്കുന്ന ചെങ്ങോട്ട് കാവ് ജംഗ്ഷനടുത്ത് വലിയ അണ്ടര്‍ പാസ് നിര്‍മിക്കും. തിരുവങ്ങൂരില്‍ അത്തോളിക്കുനിയില്‍ കടവ് പാലം റോഡ് ദേശീയ പാതയുമായി സംഗമിക്കുന്നിടത്തും 24 മീറ്റര്‍ നീളത്തില്‍ അണ്ടര്‍ പാസ് ഉണ്ടാവും. ആറ് വരിയില്‍ വികസിപ്പിക്കുന്ന ദേശീയ പാതയുടെ ഇരുവശവും 7 മീറ്റര്‍ വീതിയില്‍ രണ്ട് സര്‍വീസ് റോഡുകള്‍ ഉണ്ടാവും. പണികള്‍ പുരോഗമിക്കുകയാണ്. 

placeholder
വടകരയില്‍ പാതിവഴിക്ക് നിലച്ച ഓവുചാല്‍ നിര്‍മാണം

വടകരയില്‍ ഓവുചാല്‍ നിര്‍മിക്കാനുള്ള ജോലി വാഗഡ് കമ്പനി ഹൈദരാബാദിലെ മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കിയിരുന്നു. എന്നാല്‍, നിര്‍മാണം പകുതി പിന്നിട്ടതോടെ കമ്പനി പണി നിര്‍ത്തിവെച്ചു. ഈ റീച്ചില്‍ നിര്‍മാണം പൊതുവേ ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. നിര്‍മാണത്തിനായി കുഴിച്ചുവെച്ച കുഴികള്‍ നികത്തുകയോ പണി പൂര്‍ത്തീകരിക്കുകയോ ചെയ്യാത്തത് അപകടങ്ങളും വിളിച്ചുവരുത്തുന്നുണ്ട്. പലയിടത്തും മണ്ണിടിച്ചല്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

അഴിയൂരിന്റെയും വെങ്ങളത്തിന്റെയും ഇടയിലുള്ള പാലോളി പാലം മുതല്‍ മൂരാടു പാലം വരെയുള്ള 2.2 കിലോ മീറ്റര്‍ ദൂരത്തിന്റെ പ്രവൃത്തി നേരത്തേ തുടങ്ങിയതിനാല്‍ ഒരു റീച്ചായി മാറ്റിയിട്ടുണ്ട്. 213.06 കോടി രൂപയാണ് ടെണ്ടര്‍ തുക. ഈ ഭാഗത്തെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഹരിയാന ഇ-ഫൈവ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ്. ഇവിടെ മൂരാട് പാലത്തിന്റെ പ്രവൃത്തിയാണ് പ്രധാനമായും ഉള്ളത്. അത് നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍മാണം 79.57% പൂര്‍ത്തിയായതായി ദേശീയപാത അധികൃതര്‍ വ്യക്തമാക്കി.

വടകരയെ മുറിക്കാതെ ബൈപ്പാസ്

അഴിയൂര്‍-വെങ്ങളം ദേശീയപാത വികസന പദ്ധതിയില്‍ വരുന്നതാണ് വടകര ബൈപ്പാസ്. മണ്ണിട്ടുയര്‍ത്തി ഉയരപ്പാത നിര്‍മിക്കുന്ന എംബാങ്ക്‌മെന്റ് പാതയാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. രണ്ട് മേല്‍പ്പാലങ്ങളും ഒരു അടിപ്പാതയുമൊഴികെയുള്ള ഭാഗങ്ങളിലെല്ലാം ഒമ്പത് മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തുമെന്നായിരുന്നു ഡി.പി.ആര്‍. വടകര രണ്ടായി മുറിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നത് ഇതോടെയാണ്. തുടര്‍ന്ന് ബൈപ്പാസ് മൊത്തം കോണ്‍ക്രീറ്റ് തൂണിന്മേല്‍ ഉയര്‍ത്തിക്കൊണ്ടുള്ള വയഡക്ട് പാത വേണമെന്ന ആവശ്യം ശക്തമായി. പഴങ്കാവ് ജങ്ഷന്‍ മുതല്‍ കരിമ്പനപ്പാലം വരെയുള്ള 2.3 കിലോ മീറ്റര്‍ ദൂരം ഉയരപ്പാത വേണമെന്നായിരുന്നു ആവശ്യം. പ്രതിഷേധം രൂക്ഷമായതോടെ ആകെയുള്ള 2.3 കിലോ മീറ്റര്‍ ദൂരത്തില്‍ 800 മീറ്റര് വയഡക്ട് നിര്‍മിക്കാന്‍ തീരുമാനമായി. അടക്കാത്തെരു ജങ്ഷന്‍ മുതല്‍ പുതിയ സ്റ്റാന്‍ഡ് പരിസരംവരെയാണ് വയഡക്ട് നിര്‍മിക്കുക.

ബൈപ്പാസ് വന്നാല്‍ കോഴിക്കോടിന്‍റെ കുരുക്കഴിയുമോ ?

കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ റീച്ചായ വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള ഭാഗങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 28.4 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി ബൈപ്പാസ് നിര്‍മാണ ചുമതല ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി. കമ്പനിക്കാണ്. 2021 നവംബറിലാണ് ആറുവരിപ്പാത നിര്‍മാണം തുടങ്ങിയത്, 2024 ജനുവരിയിലാണ് നിര്‍മാണം പൂര്‍ത്തിയാവേണ്ടത്. 1862.77 കോടി രൂപയാണ് ടെണ്ടര്‍ തുക. സംസ്ഥാനത്തെ തന്നെ ഏറ്റവും ചെലവ് കൂടിയ ബൈപ്പാസാണിത്. പാതയുടെ 38.02% പണികളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 1996-ല്‍ തുടങ്ങിയ കോഴിക്കോട് ബൈപ്പാസിന്റെ അവസാനഘട്ടം 2016 ജനുവരിയിലാണ് പൂര്‍ത്തിയായത്. രണ്ടുവരിപ്പാത നിര്‍മാണം പൂര്‍ത്തിയായി ഉടന്‍തന്നെ ആറുവരിപ്പാത നിര്‍മാണം തുടങ്ങുമെന്ന് ദേശീയപാത അതോറിറ്റി തീരുമാനിച്ചിരുന്നു എങ്കിലും ഒട്ടേറെ കാരണങ്ങള്‍കൊണ്ട് ആറുവരിപ്പാത നിര്‍മാണം അഞ്ചു വര്‍ഷം വൈകുകയായിരുന്നു. 

വെങ്ങളം ജങ്ഷന്‍, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍ പാര്‍ക്ക്, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര ജങ്ഷന്‍ എന്നിവിടങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്. തൊണ്ടയാട്ടും രാമനാട്ടുകരയിലും നിലവില്‍ മേല്‍പാലം ഉള്ളതിനാല്‍ പുതുതായി ഓരോന്നു വീതമാണ് നിര്‍മിക്കുന്നത്. തൊണ്ടയാട് മേല്‍പ്പാലത്തിന്റെ പണികളും നടക്കുന്നുണ്ടെങ്കിലും വേഗത കുറവാണ്. അറപ്പുഴ, മാമ്പുഴ, പുറക്കാട്ടിരി, കോരപ്പുഴ എന്നിവിടങ്ങളിലാണ് വലിയ പാലങ്ങളുള്ളത്. അറപ്പുഴയില്‍ നിലവിലുള്ള പാലത്തിന് പടിഞ്ഞാറുഭാഗത്തു നിര്‍മിക്കുന്ന പാലത്തിന്റെ അഞ്ച് പില്ലറിന്റെ പൈലിങ് പൂര്‍ത്തിയായി. ഒരു ഭാഗത്ത് പാലത്തിന് പൈലിങ് തുടങ്ങിക്കഴിഞ്ഞു. മാമ്പുഴയില്‍ നിര്‍മിക്കുന്ന രണ്ട് പുതിയ പാലത്തിന്റെയും തൂണ്‍ നിര്‍മാണം പൂര്‍ത്തിയായി. ഗര്‍ഡര്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റ് നടത്തേണ്ട പണിയാണ് ബാക്കിയുള്ളത്. പുറക്കാട്ടിരിയിലെ പാലങ്ങളുടെ ഗര്‍ഡര്‍ സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്യണം. കോരപ്പുഴയില്‍ പൈലിങ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. 

കോഴിക്കോട് ജില്ലയില്‍ വലിയ ട്രാഫിക് കുരുക്കുള്ള മലാപ്പറമ്പ് ജങ്ഷനില്‍ ഫ്‌ളൈ ഓവറാണ് നിര്‍മിക്കുന്നത് എന്നാണ് വിവരം. പണികള്‍ ആരംഭിച്ചിട്ടില്ല. രാമനാട്ടുകര, തൊണ്ടയാട് മേല്‍പ്പാലങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഗര്‍ഡറുകളെല്ലാം സ്ഥാപിച്ചു കഴിഞ്ഞു. രണ്ട് മേല്‍പ്പാലത്തിലും മൂന്ന് സ്പാനുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കാനുണ്ട്. കോഴിക്കോട് ജില്ലയിലെആറുവരി പാതയിലെ ഏറ്റവുംവലിയ മേല്‍പ്പാലമായ ഹൈലൈറ്റ് മാളിന് മുന്നില്‍ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന് എട്ട് സ്പാനിന്റെ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യണം. കിഴക്കുവശത്ത് നിര്‍മിക്കുന്ന മേല്‍പ്പാലത്തിനു നാല് തൂണുകളുടെ പില്ലര്‍ ക്യാപ്പ് നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങും. ഹൈലൈറ്റ് മാളിന് മുന്നില്‍നിന്ന് തുടങ്ങി സൈബര്‍ പാര്‍ക്കിനപ്പുറത്താണ് ഫ്‌ളൈഓവര്‍ അവസാനിക്കുന്നത്.  അതിവേഗത്തില്‍ നടന്നിരുന്ന മേല്‍പ്പാല നിര്‍മാണം ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുന്നുവെന്നാണ് ആളുകളുടെ പരാതി. സര്‍വീസ് റോഡുകളിലൂടെയാണ് ഇപ്പോള്‍ ഗതാഗതം. അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെ മിക്കദിവസങ്ങളിലും അനുഭവപ്പെടുന്നത്. 

placeholder
ഹൈലൈറ്റ് മാളിന് മുന്നിലെ ഫ്ളൈ ഓവര്‍

അഴിഞ്ഞിലം ജങ്ഷനില്‍ നിര്‍മിക്കുന്ന രണ്ട് ചെറിയ മേല്‍പ്പാലങ്ങളില്‍ ആദ്യത്തേതിന്റെ നിര്‍മാണം പൂര്‍ത്തിയായി. രണ്ടാമത്തേതിന്റെ തൂണിന്റെ പില്ലര്‍ ക്യാപ്പ് നിര്‍മാണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. വയല്‍പ്രദേശമായ ഇവിടെ മണ്ണിട്ടുയര്‍ത്തിയാണ് ദേശീയപാത നിര്‍മിക്കുന്നത്. വയല്‍പ്രദേശമായതിനാല്‍ തന്നെ വെള്ളക്കെട്ടുണ്ടായാല്‍ ബുദ്ധിമുട്ടേറുമെന്നതിനാല്‍ കള്‍വേട്ടിന്റെ നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. പൂളാടികുന്ന്, വെങ്ങളം ജങ്ഷനുകളില്‍ മേല്‍പ്പാലം നിര്‍മാണഘട്ടത്തിലാണ്. ഇരുവശത്തും സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പന്തീരാങ്കാവ് ജങ്ഷനില്‍ നിര്‍മിക്കുന്ന ഒരു മേല്‍പ്പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി. മറുവശത്തെ മേല്‍പ്പാലത്തിന്റെ തൂണുകളുടെ നിര്‍മാണവും കഴിഞ്ഞു. തൊണ്ടയാടു മുതല്‍ മലാപ്പറമ്പ് വരെയുള്ള ഭാഗത്ത് ആറുവരിപ്പാതയുടെ ഓടനിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സര്‍വീസ് റോഡ് നിര്‍മാണം നടക്കും.

വേദവ്യാസ സ്‌കൂള്‍, മൊകവൂര്‍, വെങ്ങേരി, അമ്പലപ്പടി എന്നിവിടങ്ങളില്‍ ആറുവരി പാത നിര്‍മാണം പൂര്‍ത്തിയായി. ഹൈലൈറ്റ് മാളിന് സമീപം ബൈപ്പാസ് ആറുവരിപ്പാതയുടെ സ്ഥലത്തുള്ള കൂറ്റന്‍പാറകള്‍ ഡയമണ്ട് വയര്‍ റോപ് ഉപയോഗിച്ച് മുറിച്ചുമാറ്റിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള ജംങ്ഷനായ പന്തീരാങ്കാവിലും പണികള്‍ പുരോഗമിക്കുകയാണ്. ഇവിടെ മേല്‍പ്പാലമാണ് നിര്‍മിക്കുന്നത്. ഇവിടെ പിയറിന്റേയും പിയര്‍ ക്യാപ്പിന്റേയും പണികള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ പന്തീരാങ്കാവിലെ തിരക്കൊഴിയുമെന്നാണ് പ്രതീക്ഷ. ഇവിടെ സര്‍വീസ് റോഡിന്റെ പണികളും പൂര്‍ത്തിയായി. 

രാമനാട്ടുകര ഫ്‌ളൈ ഓവറിന്റെ പണികള്‍ പുരോഗമിക്കുകയാണ്. പാലം കഴിഞ്ഞ് മൂന്നുവരി പാതയുടെ വീതിയില്‍ ടാറിങ് പൂര്‍ത്തിയായി. ബാക്കി ടാറിങ് പുരോഗമിക്കുന്നു. സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയായി. പാറമ്മല്‍ മുതലുള്ള ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയായി. ഈ റോഡിലൂടേയും സര്‍വീസ് റോഡിലൂടേയും വാഹനങ്ങള്‍ക്ക് കടന്നുപോകാം.  നാറ്റ്പാക്കിന്റെ കണക്ക് പ്രകാരം പ്രതിദിനം 37,200 വാഹനങ്ങളാണ് കോഴിക്കോട് ബൈപ്പാസിലൂടെ കടന്നുപോവുന്നത്. ദേശീയപാത നിര്‍മാണം നിലവില്‍ ഏറെ നേരത്തെ ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്വപ്‌നപാത പൂര്‍ത്തിയാവുന്നതോടെ കുരുക്കൊഴിഞ്ഞ് സുഗമമായി യാത്ര ചെയ്യാം.                    

കാത്ത് നില്‍പ്പിന്റെ മടുപ്പിന് വിടപറയാനൊരുങ്ങുന്ന മലപ്പുറം

റ്റക്കാഴ്ചയില്‍ മലപ്പുറത്തിന്റെ നെഞ്ചുകീറി നെടുകെ പിളര്‍ന്ന് കല്ലും മണ്ണും യന്ത്രസാമഗ്രികളും കൊണ്ട് നിറഞ്ഞിരിക്കുന്നുണ്ട് നിലവിലെ ദേശീയ പാതയോരം. കാലങ്ങളായുള്ള കാത്തിരിപ്പിന്റെ മടുപ്പിന് വിടപറയാനൊരുങ്ങുന്നതിന്റെ തിരക്ക്. ഇടിമുഴിക്കല്‍ മുതല്‍ പൊന്നാനി വരെ രണ്ട് സ്ട്രെച്ചുകളിലായി 4200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെ 39.68 കിലോ മീറ്റർ ഒരു സ്ട്രെച്ചും, വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെ 37.35 കിലോ മീറ്റർ മറ്റൊരു സ്ട്രെച്ചും. ഇതില്‍  രാമനാട്ടുകര മുതല്‍ വളാഞ്ചേരി വരെ പൂര്‍ത്തിയായത് 28.10 ശതമാനമാണ്. വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെ 35.5% പ്രവൃത്തികളും പൂര്‍ത്തിയായി.

ഒരു പക്ഷെ മലപ്പുറത്തിന്റെ വികസന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവും റോഡ് ഗതാഗതത്തില്‍ ഇത്രയും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആറുവരി 45 മീറ്റര്‍ റോഡ് 2024-ഒടെ പൂര്‍ത്തിയാകുമ്പോള്‍ പഴയ മലപ്പുറം അപ്പാടെ വിസ്മൃതിയിലാവും. ഇടിമുഴിക്കല്‍, ചേളാരി ജംഗ്ഷന്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി, വട്ടപ്പാറ വളവ്, കുറ്റിപ്പുറം പാലം എന്നിവയെല്ലാം പഴയ മലപ്പുറത്തിന്റെ ഓര്‍മകളിലേക്ക് മായും.  ജില്ലയില്‍ 77.03 കിലോ മീറ്ററിലാണ് പാതയൊരുങ്ങുന്നത്. കരാറേറ്റെടുത്ത കെ.എന്‍.ആര്‍. കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടെ വന്‍സംഘത്തെയിറക്കി അതിവേഗതയിലാണ് പണി തീര്‍ത്തുകൊണ്ടിരിക്കുന്നത്. ജില്ലയിലെ രണ്ട് റീച്ചുകളുടേയും പണി പൂര്‍ത്തിയാക്കേണ്ടത് 2024 ജൂലായ് 19-ഓടെയാണ്. ഇത് സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കാനാവുമെന്നും കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

placeholder
പണി പുരോഗമിക്കുന്ന കാക്കഞ്ചേരി ഭാഗം | ഫോട്ടോ: അരുൺ നിലമ്പൂർ

ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ആദ്യ ജില്ല

ദേശീയപാത 66-ന്റെ വികസനത്തിന് മലപ്പുറത്ത് ഏറ്റവും കീറാമുട്ടിയായിരുന്നത് ഭൂമിയേറ്റെടുക്കലായിരുന്നു. വലിയ സമരങ്ങള്‍ക്കും പോലീസ് നടപടികള്‍ക്കുമെല്ലാം സാക്ഷിയാകേണ്ടി വന്ന ജില്ല. അതേ ജില്ല തന്നെയാണ് ഏറ്റവും ആദ്യം സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി കരാറുകാര്‍ക്ക് സ്ഥലം വിട്ടുകൊടുത്തതും. സ്ഥലമേറ്റെടുപ്പില്‍ ഒരു മലപ്പുറം മാതൃക തന്നെ തീര്‍ക്കാനായി എന്നാണ് സത്യം. ഇതിന് പിന്നില്‍  ഡോ. ജെ. അരുണ്‍ എന്ന ഡെപ്യൂട്ടി കളക്ടറുടെ ഇച്ഛാശക്തിയുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നടത്തിയ ബോധവല്‍ക്കരണ യോഗങ്ങളും നടപടികളുമാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്. ഓരോ പഞ്ചായത്തിലും ഇതിനായി വിശദീകരണ യോഗം തന്നെ സംഘടിപ്പിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കി. അവര്‍ക്ക് കൊടുത്ത വാക്കുകള്‍ പാലിച്ചു.

77.03 കിലോ മീറ്ററില്‍ മലപ്പുറത്ത് കൂടെ കടന്ന് പോവുന്ന ദേശീയപാത 66-ന് വേണ്ടി 203.41 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇതില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളികളും കെട്ടിടങ്ങളും വയലുകളും പറമ്പുകളും ഉണ്ടായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിന്റെ പ്രധാന കവാടം, സമസ്ത കേരള ജംയത്തുല്‍ ഉലമയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളികള്‍ എന്നിവയെല്ലാം ഏറ്റെടുത്തവയില്‍ പെടും. 2018-ല്‍ തന്നെ സ്ഥലമേറ്റെടുക്കാനുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങിയിരുന്നുവെങ്കിലും പ്രതിഷേധങ്ങളും സമരങ്ങളും കാരണം 2020-ല്‍ മാത്രമാണ് നടപടിക്ക് തുടക്കമായത്. എന്നാല്‍, റെക്കോര്‍ഡ് വേഗത്തില്‍ ഇത് പൂര്‍ത്തിയാക്കാനും കഴിഞ്ഞു.

3512.67 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി മാത്രം മാറ്റിവെച്ചത്. ഏറ്റെടുത്ത ഭൂമിക്ക് പുറമെ അതില്‍ ഉള്‍പെട്ട സാധനങ്ങള്‍ക്ക് വരെ വിലയിട്ടാണ് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. മാത്രമല്ല, സമാശ്വാസ ധനം, പുനരധിവാസ സഹായം, ഭൂമി പൂര്‍ണമായും ഏറ്റെടുക്കുന്നത് വരെയുള്ള പലിശ എന്നിവയെല്ലാം ജനങ്ങള്‍ക്ക് നല്‍കി. മരം മുറിച്ചു മാറ്റുന്നതിന് പ്രത്യേക തുകയും ലഭ്യമാക്കി. ഏറ്റവും കൂടിയ വില കണക്കാക്കി തുക വിതരണം ചെയ്തതോടെ പലര്‍ക്കും യഥാര്‍ഥ മാര്‍ക്കറ്റ് വിലയുടെ രണ്ട് മടങ്ങിലധികം തുകയാണ് ലഭിച്ചത്. പി.ഡബ്ല്യു.ഡി. നിരക്കനുസരിച്ചാണ് കെട്ടിടങ്ങള്‍ക്ക് വിലയിട്ടത്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് ചതുരശ്ര മീറ്ററിന് 21,000 രൂപയും വീടുകള്‍ക്ക് 17,920 രൂപയും കണക്കാക്കി. ഇതോടൊപ്പം വയറിങ്, പ്ലംബിങ്, ടൈല്‍സ്, പെയിന്റ് തുടങ്ങിയ മറ്റു സൗകര്യങ്ങള്‍ക്കും പ്രത്യേകം നിരക്ക് നിശ്ചയിച്ചു. അതുകൊണ്ടു തന്നെ  സംതൃപ്തരുമാണ് ജനങ്ങള്‍. കൂടുതല്‍ അടിപ്പാതയുടെ ആവശ്യം, റോഡ് വരുന്നതോടെ പ്രധാന റോഡിലേക്ക് കയാറാനാവാത്ത പ്രശ്‌നം തുടങ്ങി ചെറിയ പരാതികള്‍ മാത്രമാണ് പലര്‍ക്കും ഉന്നയിക്കാനുള്ളത്.   

ഇടിമുഴിക്കല്‍ അങ്ങാടിയും ചെട്ടിയാന്‍ വളവും ഇനി ചരിത്രം

കോഴിക്കോട്ടുനിന്ന് ഇടിമുഴിക്കല്‍ അങ്ങാടിയിലെത്തുമ്പോഴെ പുതിയ മലപ്പുറത്തിന്റെ മുഖം തെളിയുന്നത് കാണാം. ഇടിമുഴിക്കല്‍ അങ്ങാടിയെ മുഴുവന്‍ ദേശീയപാത വിഴുങ്ങിക്കഴിഞ്ഞു. പഴയ വളവുകളെല്ലാം ഒഴിവാക്കി നിലവിലുള്ള ദേശീയപാതയുടെ വലതുവശത്ത് കൂടെ നേരെയാണ് പുതിയ ആറുവരിപ്പാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പഴയ ഇടിമുഴിക്കലിലെ കടകളെല്ലാം പുതിയ മേച്ചിന്‍പുറം തേടിയതോടെ ഇവിടം പൂര്‍ണമായും കെ.എന്‍.ആറിന്റെ നിയന്ത്രണത്തിലുമായി. ചെട്ടിയാന്‍ വളവ് ഒഴിവാക്കിയെത്തുന്ന പാത കാലിക്കറ്റ് സര്‍വകലാശാലയുടെ പഴയ കവാടത്തിനോട് ചേര്‍ന്നാണ് മുന്നോട്ട് പോവുന്നത്. പ്രത്യേക ക്രമീകരണം നടത്തിയാണ് ഇപ്പോള്‍ ഈ ഭാഗത്ത് കൂടെ വാഹനങ്ങള്‍ കടന്നുപോവുന്നതെങ്കിലും പാത പൂര്‍ത്തിയാവുന്നതോടെ പഴയ മലപ്പുറമെന്നത് സ്വപ്നത്തില്‍ മാത്രമുള്ളതാവും.  

placeholder
പാണമ്പ്ര വളവ് | ഫോട്ടോ: അരുൺ നിലമ്പൂർ

ഇനിയില്ല ജഗതി വളവ്

2012-മാര്‍ച്ചിന്റെ പുലര്‍ച്ചയെ അത്ര പെട്ടെന്ന് മറന്നിട്ടുണ്ടാവില്ല മലയാളികള്‍. പ്രിയനടന്‍ ജഗതിശ്രീകുമാറിനെ മരണത്തിന്റെ വക്കോളമെത്തിച്ച വാഹനാപകടത്തിന് സാക്ഷിയാകേണ്ടി വന്ന സങ്കടത്തിലായിരുന്നു അന്ന് മലപ്പുറത്തുകാര്‍. കാരണക്കാരന്‍ പാണമ്പ്ര വളവെന്ന ആളക്കൊല്ലി ഭാഗം. ജഗതി ശ്രീകുമാറിന് ഇന്നും പഴയ ആരോഗ്യത്തിലേക്ക് തിരിച്ചെത്താനായില്ലെങ്കിലും ജഗതി വളവെന്ന പേരില്‍ കുപ്രസിദ്ധി നേടിയ പാണമ്പ്ര വളവും ഡിവൈഡറും ഇനി ഓര്‍മകളിലേക്ക് മായുകയാണ്. ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാഗമായാണ് നിരവധി അപകടങ്ങള്‍ക്ക് കാരണമായ ഈ വളവ് ഒഴിവാക്കുന്നത്.

വളവും കിഴക്കുവശത്തെ കൊക്കയുമാണ് പാണമ്പ്രയെ കാലങ്ങളായി അപകട കേന്ദ്രമാക്കിയത്. പിന്നീട് അപകടം കുറയ്ക്കാന്‍ റോഡിന് നടുവില്‍ ഡിവൈഡര്‍ വെച്ചപ്പോള്‍ അതും അപകടത്തിന് കാരണമായി. പുതിയ പാതയ്ക്കായി ഡിവൈഡറുകള്‍ പൊളിച്ചുകഴിഞ്ഞു. അടിപ്പാതയുടെ പണിയും പുരോഗമിക്കുകയാണ്. ഇതിന് മുകളിലൂടെയാണ് പ്രധാന പാത കടന്നുപോവുന്നത്. കാട് കയറിയ പഴയ വെസ്റ്റ് കോസ്റ്റ് റോഡ് നിരപ്പാക്കിയാണ് പാണമ്പ്രയില്‍ വളവും കയറ്റിറക്കവും ഒഴിവാക്കിയത്. വളവ് ഇല്ലാതാവുകയും പാത ആറുവരിയാവുകയും സര്‍വീസ് റോഡ് വരികയും ചെയ്യുന്നതോടെ അപകടങ്ങളും കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

2012 മാര്‍ച്ച് 10-ന് പുലര്‍ച്ചെയായിരുന്നു ജഗതി ശ്രീകുമാറിന് അപകടമുണ്ടായത്. റോഡിന് നടുവില്‍ സ്ഥാപിച്ച ഡിവൈഡറില്‍ കാറിടിച്ചായിരുന്നു അപകടം. ജഗതി ശ്രീകുമാറിന് ഇന്നും പഴയ  ജീവിതത്തിലേക്ക് തിരിച്ചുവരാനായിട്ടില്ല. ഇതിന് പുറമെ അനേകം പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ചരിത്രം കൂടി പറയാനുണ്ട് പാണമ്പ്ര വളവിന്. വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ബസ്സപകടത്തില്‍ 22 പേര്‍ മരിച്ചതുള്‍പ്പെടെ 50 വര്‍ഷത്തിനുള്ളില്‍ 52 പേര്‍ക്ക് ഇവിടെവെച്ച് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. 1975 ഏപ്രിലിലാണ് ഇവിടെ ആദ്യത്തെ വലിയ വാഹനാപകടം നടന്നത്. അന്ന് പത്തുപേര്‍ മരിച്ചു. 1990-ല്‍ 24 പേരുടെ മരണത്തിനിടയാക്കിയ മറ്റൊരു ദുരന്തവും നടന്നു.  2018ല്‍ പാചക വാതക ലോറി മറിഞ്ഞ് ചോര്‍ച്ചയുണ്ടായതും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

placeholder
വട്ടപ്പാറ വയഡക്ട് |  ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

വരുന്നു ഏറ്റവും വലിയ വയഡക്ട്

നൂറുകണക്കിന് മനുഷ്യരുടെ ചോര വീണ് നനഞ്ഞതാണ് ദേശീയപാതയോരത്തെ വട്ടപ്പാറ വളവ്.  കാലങ്ങളായി മരണം തുടര്‍ക്കഥയാവുന്ന ഇവിടെ വളവു നിവര്‍ത്താനും അപകടമൊഴിവാക്കാനും ആസൂത്രണംചെയ്ത പദ്ധതികളൊന്നും ഫലം കണ്ടിരുന്നില്ല. ഇപ്പോള്‍ ഈ അപകടവളവ് ഒഴിവാക്കിയാണ് പുതിയ ആറുവരിപ്പാത വരുന്നത്. ജില്ലയിലെ പ്രധാന അപകട മേഖലയായ വട്ടപ്പാറ വളവും രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന വളാഞ്ചേരി നഗരവും പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയപാത കടന്നുപോകുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കോട്ടക്കല്‍ ബൈപ്പാസും വളാഞ്ചേരി ബൈപ്പാസും.

പാലച്ചിറമാട് വളവിന്റെ താഴെഭാഗത്ത് നിന്ന് നേരെ വയലിലേക്ക് പ്രവേശിച്ചാണ് എന്‍.എച്ച് 66 കോട്ടയ്ക്കല്‍ ബൈപ്പാസായിമാറുന്നത്. 4.50 കിലോ മീറ്ററോളം സഞ്ചരിച്ച് ചെനക്കലെത്തി നിലവിലെ എന്‍.എച്ചുമായി ചേരും. ഇതോടെ എടരിക്കോട് ടൗണ്‍, ചങ്കുവെട്ടി ടൗണ്‍ എന്നിവ പുതിയ എന്‍.എച്ചിന് പുറത്താവും. ഇവിടെ വലിയ വയഡക്ടുകളും നിര്‍മിക്കുന്നുണ്ട്. ഇവിടെ കൂറ്റന്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ച് പണി അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് തൂണുകളിലായിട്ടാണ് ഇവിടെ വയഡക്ട് പാലം കടന്നുപോവുന്നത്. അതില്‍ ഒന്നിന് മുകളിലൂടെ മൂന്നുവരി പാതയും മറ്റേ തൂണിന് മുകളിലൂടെ അടുത്ത മൂന്നുവരി പാതയും കടന്നുപോവും. 

ദേശീയപാതയില്‍ പഴയ സി.ഐ. ഓഫീസ് കഴിഞ്ഞ് വട്ടപ്പാറ ഇറക്കത്തിലെ പള്ളിക്ക് സമീപത്ത് നിന്നാണ് നിലവിലെ പാതയില്‍നിന്നു മാറി വളാഞ്ചേരി ബൈപ്പാസാവുന്നത്. 4.1 കിലോ മീറ്ററിലാണ് വളാഞ്ചേരി ബൈപ്പാസ്. വട്ടപ്പാറ വളവില്‍ തുടങ്ങി വയല്‍ പ്രദേശത്തിലേക്കിറങ്ങുന്ന പാത ഓണിയല്‍ പാലം കഴിയുന്നിടത്ത് നിലവിലെ ദേശീയപാതയില്‍ വന്ന് ചേരുന്നവിധമാണ് നിര്‍മിക്കുന്നത്. നിലവിലെ റോഡ് വീതി കൂട്ടുന്നതിനോടൊപ്പം ചെങ്കുത്തായ കയറ്റങ്ങള്‍ ഒഴിവാക്കിയാണ് ബൈപ്പാസ് നിര്‍മാണം പുരോഗമിക്കുന്നത്. ഇവിടെയാണ് ഏറ്റവും വലിയ വയഡക്ടുകള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നത്. 
 
നിരപ്പില്ലാത്ത സ്ഥലങ്ങളില്‍ വലിയ തൂണുകള്‍ കെട്ടിപ്പൊക്കി നിര്‍മിക്കുന്ന മേല്‍പാലങ്ങളാണ്‌ വയഡക്ടുകള്‍. കുന്നുകള്‍ തുരന്ന് പോവുന്ന നാല് കിലോ മീറ്ററിലധികം വരുന്ന പുതിയ പാതയില്‍ രണ്ട് കിലോ മീറ്ററോളം വയഡക്റ്റാണ്. രണ്ട് വയഡക്ടുകളാണുള്ളത്. ഇവിടേയും ഗര്‍ഡറുകളുടെ പ്രവര്‍ത്തി അവസാന പണിയിലാണ്. 135 തൂണുകളിലായിട്ടാണ് വയഡക്ട് പാലം ഒരുങ്ങുന്നത്. ഇരുപാതകളും യാഥാര്‍ഥ്യമാകുന്നതോടെ അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ വട്ടപ്പാറ വളവില്‍നിന്നും രൂക്ഷമായ ഗതാഗതകുരുക്ക് നേരിടുന്ന വളാഞ്ചേരി നഗരത്തില്‍നിന്നും മാറി യാത്ര ചെയ്യാനാകുമെന്ന ആശ്വാസത്തിലാണ് യാത്രക്കാരും നാട്ടുകാരും.

placeholder
കുറ്റിപ്പുറം പാലത്തിന്റെ പണി പുരോഗമിക്കുന്നു|ഫോട്ടോ:അരുൺ നിലമ്പൂർ

കുറ്റിപ്പുറം പാലം ഇനി കാഴ്ചക്കാരന്‍

ഭാരതപ്പുഴയ്ക്ക് കുറുകെ 1953-ല്‍ കുറ്റിപ്പുറം പാലം ഉയര്‍ന്നപ്പോള്‍ തന്റെ കുറ്റിപ്പുറം പാലം എന്ന കവിതയില്‍ മഹാകവി ഇടശ്ശേരി ഭാരതപ്പുഴയോട് ഇങ്ങനെ ചോദിച്ചിരുന്നു -ഒരു കാലത്ത് ഒരു തോണി പോലും നിന്നെ വിലങ്ങിട്ടിരുന്നില്ല, ആര്‍ത്തിരമ്പുന്ന നിന്നെ വകഞ്ഞ് മനുഷ്യന്‍ അക്കരെ കടക്കാന്‍ പേടിച്ചിരുന്നു, ഗരുഡന്‍ പോലും നിനക്ക് മുകളിലൂടെ പറക്കാന്‍ മടിച്ചിരുന്നു. പക്ഷെ ഇന്നോ പാലത്തിന്റെ നാല് കാലുകള്‍ക്ക് ചുറ്റും നീ അനുസരണയോടെ ഒഴുകുന്നു. നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ ചിരി വരുന്നു.

പ്രകൃതിക്ക് മേല്‍ മനുഷ്യവിജയത്തിന്റെ പ്രതീകമായി അന്ന് ഇടശ്ശേരി ചൂണ്ടിക്കാട്ടിയ കുറ്റിപ്പുറം പാലം ഇന്ന് പുതിയ കുറ്റിപ്പുറം പാലത്തിന്റെ കാഴ്ചക്കാരനാണ്. പഴയ പാലത്തിന് വലത് ഭാഗത്ത് കൂടെ അതിവേഗമാണ് ദേശീയ പാത 66-ന്റെ ഭാഗമായിട്ടുള്ള പുതിയ പാലം ഉയര്‍ന്ന് കഴിഞ്ഞിരിക്കുന്നത്. ദിവസങ്ങളുടെ ഇടവേളയില്‍ ഭാരതപ്പുഴയില്‍ നിന്ന് റെഡിമെയ്ഡ്‌ കോണ്‍ക്രീറ്റ് തൂണുകളും ബീമുകളുമെല്ലാം യന്ത്രസഹായത്തോടെ പുതിയ പാലമായി മാറുന്ന വിസ്മയത്തെ നോക്കി നില്‍ക്കുകയാണ് പഴയ പാലം. പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ പഴയ പാലം കാഴ്ചക്കാരന്റെ റോളിലേക്ക് മാറുകയും  ചെയ്യും.  

1949 മെയ് എട്ടിന് അന്നത്തെ മദ്രാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി  എം. ഭക്തവത്സലമാണ് ഇപ്പോഴത്തെ കുറ്റിപ്പുറം പാലത്തിന് തറക്കല്ലിട്ടത്. 29 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച പാലം 1953-ല്‍ തുറന്ന് കൊടുക്കുകയും ചെയ്തു. മദ്രാസിലെ മോഡേണ്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ആന്‍ഡ് പ്രോപ്പര്‍ട്ടീസിനായിരുന്നു നിര്‍മാണ ചുമതല. തിരുവിതാംകൂറിനേയും മലബാറിനേയും റോഡ് മാര്‍ഗം ബന്ധിപ്പിച്ച പാലം കൂടിയായിരുന്നു ഇത്. ഈ പാലത്തില്‍ കയറിനിന്ന് കൊണ്ട് ഭാരതപ്പുഴയെ ഓര്‍ത്തുകൊണ്ട് ഇടശ്ശേരി എഴുതിയ പ്രശസ്തമായ കവിതയായിരുന്നു കുറ്റിപ്പുറം പാലം.    

placeholder
പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ നിലവിലെ പാത നടപ്പാതയ്ക്ക് അടക്കമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. നിലവിലെ പഴയ പാലത്തില്‍ കാല്‍നട യാത്രയ്ക്കുള്ള സൗകര്യമില്ല. ഇത് വലിയ ഭീഷണിയായിരുന്നു. 650 മീറ്റര്‍ നീളമുള്ള പുതിയ പാലത്തിന് 35 മീറ്ററോളം വീതിയുണ്ട്. ഇരുവശത്തേക്കുമായി ആറ് ട്രാക്കുകളുണ്ട്. പാലത്തിന്റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് ജോലികളാണ് അതിവേഗത്തില്‍ ഇപ്പോള്‍ മുന്നോട്ടുപോവുന്നത്. ഈ വര്‍ഷം അവസാനത്തോടെ തന്നെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. കുറ്റിപ്പുറത്തുനിന്നു ജില്ലാ അതിർത്തിയായ പൊന്നാനിയിലെത്തുമ്പോള്‍ അവിടെ ടാറിടല്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ള ജോലികളും അവസാന മിനുക്കുപണിയിലാണ്.

സിഗ്നല്‍ ഫ്രീ മലപ്പുറം

പുതിയ ആറുവരിപ്പാത കടന്നുപോവുന്ന മലപ്പുറത്തെ 77.03 കിലോ മീറ്ററില്‍ എവിടേയും സിഗ്നലുകളില്ല എന്നതാണ് പ്രത്യേകത. അതുകൊണ്ടു തന്നെ 50 മിനിറ്റ് കൊണ്ട് ഇടിമുഴക്കലില്‍നിന്ന് കാപ്പിരിക്കാട്ടെത്താം. ചമ്രവട്ടം ജംഗ്ഷന്‍, കുറ്റിപ്പുറം ജംഗ്ഷന്‍, മിനിപമ്പ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ മേല്‍പ്പാലവുമുണ്ട്. മാത്രമല്ല, വളാഞ്ചേരി വളവ്, എടരിക്കോട്, കോട്ടയ്ക്കല്‍ ചങ്കുവെട്ടി എന്നിവിടങ്ങളെല്ലാം പുതിയ പാതയില്‍നിന്ന് ഒഴിവാകുകയും ചെയ്യും.

(തുടരും)....................................................

ചിത്രങ്ങള്‍:  അരുണ്‍ നിലമ്പൂര്‍
ഗ്രാഫിക്‌സ്: ദിലീപ് ടി.ജി

നാളെ: ഒറ്റത്തൂണിലെ ഏറ്റവും നീളമേറിയ ആറുവരി ഉയരപ്പാത; തൃശൂരിൽ തെക്കോട്ടിറക്കം ദ്രുതവേഗം