നിരത്തില്‍ പറക്കാനുള്ള കേരളത്തിന്റെ ആശകള്‍ക്ക് മുന്നില്‍ കാലങ്ങളായി കൊണ്ടുനടന്ന ആശങ്കകളൊക്കെ പറന്നകലുകയാണ്. ആമയിഴഞ്ചാന്‍ റോഡുകളും കുപ്പിക്കഴുത്തുകളും വളഞ്ഞുപുളഞ്ഞ വഴികളും ഞെരിഞ്ഞമരുന്ന അങ്ങാടികളും മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ജാമുകളുമൊക്കെ പഴങ്കഥയാവുകയാണ്. തോടും പാടവും പുഴകളും മലകളുമൊക്കെ ഇതിനുവേണ്ടി വഴി മാറുകയാണ്‌. യന്ത്രങ്ങളും മനുഷ്യരും ഒരുപോലെ രാപകല്‍ഭേദമന്യേ പ്രവര്‍ത്തനനിരതമാണ്. 45 മീറ്റർ വീതിയെന്ന ആ സ്വപ്നപാതയിലേയ്ക്ക് ഇനി രണ്ട് വര്‍ഷത്തിന്റെ ദൂരം മാത്രം. മഹാരാഷ്ട്രയിലെ പനവേലില്‍ തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ അവസാനിക്കുന്ന ദേശീയ പാത 66-ന്റെ 1611 കിലോ മീറ്ററില്‍ 643.295 കിലോ മീറ്ററും കേരളത്തിലൂടെയാണ്. സംസ്ഥാനത്തെ നെടുകെ പിളര്‍ത്തിക്കൊണ്ടാണെങ്കിലും പുതുമോടി കൈവരിക്കുന്ന പാതയുടെ പ്രധാന ഗുണഭോക്താവ് കേരളമാണെന്നതില്‍ തര്‍ക്കമില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 24 സ്ട്രെച്ചുകളിലായിട്ടാണ് കേരളത്തില്‍ പണി പുരോഗമിക്കുന്നത്. 

To advertise here,

2026-ല്‍ ആ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിയുമോ? എവിടയൊക്കെ പണി പൂര്‍ത്തിയായി? ഓരോ റീച്ചിലെയും സ്ഥിതി എന്താണ്. നിര്‍മാണ പ്രവൃത്തികള്‍ നിലവിലെ ജനജീവിതത്തെ എങ്ങനെയാണ് മാറ്റിമറിക്കുന്നത്.? മാതൃഭൂമി ഡോട്ട് കോം സംഘം ഒരു അന്വേഷണയാത്രയ്ക്ക് ഇറങ്ങുകയാണ്, കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെ...


കേരളത്തിന്‍റെ വടക്കേയറ്റത്ത്, സംസ്ഥാനത്ത് ദേശീയപാത ആരംഭിക്കുന്ന കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലടക്കം ദേശീയപാതയുടെ ഏതാനും ഭാഗങ്ങള്‍ ഗതാഗത യോഗ്യമായിരിക്കുന്നു. കണ്ണൂരിലാവട്ടെ എല്ലാ സ്ട്രെച്ചുകളിലും നിര്‍മാണം തകൃതിയായി നടക്കുകയാണ്. അതേസമയം, പല റീച്ചുകളിലും പണി ഇഴഞ്ഞുനീങ്ങുന്നതായും ആക്ഷേപമുണ്ട്. ദേശീയ പാത 66 യാഥാര്‍ഥ്യമാവുമ്പോള്‍ പുതിയ വേഗത്തിനൊപ്പം കുതിക്കാനൊരുങ്ങുകയാണ് നാടും നാട്ടുകാരും.

അതിവേഗം കാസര്‍കോട്

ദേശീയപാത വികസനം പൂര്‍ത്തിയായാല്‍ കാസര്‍കോട് ജില്ലയുടെ യാത്രാക്ലേശം ചരിത്രമാവുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്. കൊടുംവളവുകള്‍ നിവര്‍ത്തിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും ദേശീയപാത നിര്‍മാണം കുതിക്കുമ്പോള്‍ നാട്ടുകാരും പ്രതീക്ഷയിലാണ്. കാസര്‍കോട് ജില്ലയില്‍ മൂന്ന് റീച്ചുകളിലാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്. തലപ്പാടി-ചെങ്കള (39 കിലോ മീറ്റർ), ചെങ്കള- നീലേശ്വരം (37.268 കിലോ മീറ്റർ), നീലേശ്വരം-തളിപ്പറമ്പ് (40.1 കിലോ മീറ്റർ) എന്നിങ്ങനെയാണ് റീച്ചുകള്‍. ആകെ ദൂരം 83.12 കിലോമീറ്റര്‍. 7.5 മീറ്റര്‍ വീതിയുണ്ടായിരുന്ന രണ്ടുവരി ദേശീയപാത-66 ആറുവരിയാക്കി 28 മീറ്റര്‍ വികസിപ്പിക്കുകയാണ് ചെയ്യുന്നത്.

തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ആദ്യ റീച്ചിന്റെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിക്കാണ്. 2022 ഡിസംബറിലാണ് നിര്‍മാണം ആരംഭിച്ചത്. 39 കിലോ മീറ്റർ ദൈര്‍ഘ്യമുള്ള ഈ റീച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം 57% പൂര്‍ത്തിയായി കഴിഞ്ഞു. 18 കിലോ മീറ്റർ പ്രധാന പാതയുടെ പണി പൂര്‍ണമായും പൂര്‍ത്തിയായി. പണി പൂര്‍ത്തിയായ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. 66 കിലോ മീറ്റർ ഉള്ള സര്‍വീസ് റോഡില്‍ 48 കിലോ മീറ്റർ ഫസ്റ്റ് ലെയര്‍ ടാറിങ് നടത്തി. ആകെയുള്ള 78 കിലോ മീറ്റർ ഡ്രൈനേജില്‍ 68 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റീച്ചില്‍ ആദ്യം 10 അണ്ടര്‍ പാസുകളാണ് ഉള്‍ക്കൊളളിച്ചിരുന്നതെങ്കിലും ജനകീയ സമരങ്ങളുടെ ഭാഗമായി പൊതുജന ആവശ്യങ്ങള്‍ പരിഗണിച്ച് ഇത് 21 ആക്കി ഉയര്‍ത്തി. ഇതില്‍ 9 എണ്ണം പൂര്‍ണമായും നിര്‍മിച്ചു. 8 എണ്ണത്തിന്റെ നിര്‍മാണം 50% പിന്നിട്ടു.

placeholder
ദേശീയപാത-66 തലപ്പാടിയില്‍ നിന്നുള്ള ദൃശ്യം | Photo: ആകാശ് എസ്.മനോജ്

ഈ റീച്ചില്‍ ചെറുതും വലുതുമായി എട്ട് പാലങ്ങളാണ് പുതിയതായി നിര്‍മിക്കുന്നത്. ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാല്‍ പുഴകളിലാണ് വലിയ പാലങ്ങള്‍ നിര്‍മിക്കുന്നത്. മഞ്ചേശ്വരം, പൊസോട്ട്, കുക്കാര്‍, ഏരിയാല്‍ എന്നിവിടങ്ങളിലാണ് ചെറിയ പാലങ്ങള്‍ പണിയുന്നത്. മഞ്ചേശ്വരം പാലത്തിന്റെ പണി പൂര്‍ണമായും പൂര്‍ത്തിയാക്കി. പൊസോട്ട്, ഏരിയാല്‍ പാലങ്ങള്‍ 75 ശതമാനവും കുക്കാര്‍ പാലം 50 ശതമാനവും പൂര്‍ത്തിയാക്കി. കുമ്പള പാലത്തിന്റെ നിര്‍മാണം 90% പൂര്‍ത്തിയായി. ഉപ്പള, മൊഗ്രാല്‍, ഷിറിയ പാലം പണി 75% പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് ഫ്‌ലൈ ഓവറുകളാണ് ഈ റീച്ചിലുള്ളത്. 1.140 കിലോ മീറ്റർ ദൈര്‍ഘ്യമുള്ള കാസര്‍കോട് ടൗണ്‍ മേൽപ്പാലത്തിന്റെ  30 തൂണുകളും നാല് സ്പാനുകളും പൂര്‍ത്തിയാക്കി. മേൽപ്പാലത്തിന്റെ പണി 45 ശതമാനമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 100 മീറ്റര്‍ നീളമുള്ള ഉപ്പള ടൗണിലെ മേൽപ്പാലം അവസാന ഘട്ടത്തില്‍ ചേര്‍ക്കപ്പെട്ട ഒന്നാണ്. ഇതിന്റെ ഭാഗമായുള്ള സര്‍വീസ് റോഡുകളുടെ പണി പുരോഗമിക്കുകയാണ്.  

2024 മെയ് മാസത്തോടെ ദേശീയപാതയുടെ ആദ്യ റീച്ചിന്റെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാക്കുമെന്നാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ പണി പൂര്‍ത്തിയാക്കുന്ന ദേശീയപാത റീച്ചാണിത്. 1704.13 കോടി രൂപയാണ് ടെണ്ടര്‍ തുക. 40 കോടി അധികമായി അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ ദേശീയ പാത-66ല്‍ ഒരു ഇന്‍ ഹൗസ് കമ്പനി ചെയ്യുന്ന ഏക റീച്ചാണ് ഇത്. മലയാളികളും അതിഥി തൊഴിലാളികളുമായി ഊരാളുങ്കല്‍ സൊസൈറ്റിയിലെ 2200 അംഗങ്ങളാണ് ദേശീയ പാതയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികള്‍.

കാസര്‍കോട്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂണ്‍ പാലം

ദേശീയപാതാ വികസനത്തിന്റെ തലപ്പാടി-ചെങ്കള റീച്ചിലുള്‍പ്പെട്ട കാസര്‍കോട്ട് മേല്‍പ്പാലം നിര്‍മിക്കുന്നത് ഒറ്റത്തൂണുകളില്‍. ആറുവരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം നിര്‍മിക്കുന്നത് ദക്ഷിണേന്ത്യയില്‍ ആദ്യത്തെതാണ്. 27 മീറ്ററാണ് പാലത്തിന്റെ വീതി. അഗ്‌നിരക്ഷാസേനയുടെ ഓഫീസ് മുതല്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോഫി ഹൗസ് കെട്ടിടം വരെ 1.12 കിലോമീറ്റര്‍ നീളത്തിലാണ് പാലം വരുന്നത്. ഇത്രയും ദൈര്‍ഘ്യത്തിന് 30 തൂണുകളാണുള്ളത്. ഇരുഭാഗത്തും തൂണുകള്‍ നിര്‍മിക്കുകയാണെങ്കില്‍ 60 എണ്ണം വേണം. നാലുമുതല്‍ ഒന്‍പതുവരെ മീറ്റര്‍ ഉയരത്തിലാണ് തൂണുകള്‍ നിര്‍മിക്കുന്നത്. 

placeholder
കാസര്‍കോട് പണി പുരോഗമിക്കുന്ന ഫ്ളൈ ഓവര്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും വലി ഒറ്റത്തൂണ്‍ പാലമാണ് കാസര്‍കോട് നിര്‍മിക്കുന്നത്

കോയമ്പത്തൂര്‍ അവിനാശിയില്‍ സമാന രീതിയിലുള്ള പാലം നിര്‍മാണത്തിലുണ്ട്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലും ഒറ്റത്തൂണ്‍ പാലമുണ്ട്. എന്നാല്‍ ഇതിന്റെ വീതി 24 മീറ്റര്‍ മാത്രമാണ്. ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് സാധാരണ ഗതിയില്‍ പാലങ്ങള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍ ഇതിന് മധ്യത്തില്‍ ഒറ്റത്തൂണ്‍ മാത്രമാണുള്ളത്.  സാമ്പത്തികമായി മെച്ചമൊന്നുമില്ലെന്നും എന്നാല്‍ ആകര്‍ഷകവും കൂടുതല്‍ സ്ഥലസൗകര്യവും ലഭ്യമാകുമെന്നും നിര്‍മാണം നടത്തുന്ന ഊരാളുങ്കാല്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു. മനുഷ്യന്റെ നട്ടെല്ലും ചുമലും എന്നാണ് ഇത്തരം നിര്‍മാണരീതിയെ വിശേഷിപ്പിക്കുന്നത്.

placeholder
കാസര്‍കോട് പണി പുരോഗമിക്കുന്ന ഫ്ളൈ ഓവര്‍ | ഫോട്ടോ: രാമനാഥ് പൈ

ചെങ്കള മുതല്‍ നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പാലം വരെയാണ് രണ്ടാം റീച്ച്. ദൂരം 37.268 കിലോ മീറ്റര്‍. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് കമ്പനിക്കാണ് നിര്‍മാണ ചുമതല. 2022 ഒക്ടോബര്‍ 15-നാണ് നിര്‍മാണം തുടങ്ങിയത്. 2024 ഏപ്രിലിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ട കാലാവധി. 1799 കോടി രൂപയാണ് ടെണ്ടര്‍ തുക. ഈ റീച്ചില്‍ 35% പണി പൂര്‍ത്തി ആയതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ആറുവരിപ്പാതയുടേയും സര്‍വീസ് റോഡിന്റേയും നിര്‍മാണം തുടരുകയാണ്. പതിമൂന്ന് അടിപ്പാതകള്‍ ചെര്‍ക്കള (390 മീറ്റര്‍ നീളം), കാഞ്ഞങ്ങാട് മാവുങ്കാല്‍ റോഡിലെ പാണത്തൂര്‍ റോഡ് ജങ്ഷന്‍ (70 മീറ്റര്‍), കാഞ്ഞങ്ങാട് സൗത്ത് (70 മീറ്റര്‍) എന്നിങ്ങനെ മൂന്ന് മേല്‍പ്പാലങ്ങള്‍ 74 കലുങ്കുകള്‍ ചെറുപാലങ്ങള്‍ ഒരു ടോള്‍ പ്ലാസ എന്നിവ അടങ്ങുന്നതാണ് ഈ റീച്ച്. പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം നിലവിലുള്ള രണ്ടുവരി നിലനിര്‍ത്തി മറ്റൊന്നും മൂന്ന് വരിയില്‍ നിര്‍മിക്കും. ബേവിഞ്ച, നീലേശ്വരം എന്നിവിടങ്ങളിലെ പ്രധാന പാലങ്ങള്‍ ആറുവരിയാക്കും. വിവിധ ഇടങ്ങളിലായി മൂന്ന് ചെറുപാലങ്ങളും നിര്‍മിക്കുന്നുണ്ട്. പെരിയ ചാലിങ്കാലിലാണ് ടോള്‍ പ്ലാസ നിര്‍മിക്കുന്നത്.

ചെങ്കള മുതല്‍ നീലേശ്വരം വരെയുള്ള റീച്ചില്‍ പ്രധാനപാതയുടെ നിര്‍മാണം പലസ്ഥലത്തും പാതി പോലും പൂര്‍ത്തിയായിട്ടില്ല. മേല്‍പ്പാതകളുടെയും അടിപ്പാതകളുടെയും നിര്‍മാണത്തിലുള്ള പുരോഗതി പ്രധാന പാതയുടെയും സര്‍വീസ് റോഡുകളുടെയും കാര്യത്തിലില്ല. ബട്ടത്തൂര്‍, ചാലിങ്കാല്‍ വളവ്, കാഞ്ഞങ്ങാട് സൗത്ത് മുതല്‍ പടന്നക്കാട് മേല്‍പാലം, നെഹ്റു കോളജ് മുതല്‍ തോട്ടം ജംക്ഷന്‍, കരുവാച്ചേരി മുതല്‍ പള്ളിക്കര വരെ എന്നിങ്ങനെയാണ് പ്രധാനപാതയുടെ 70 ശതമാനത്തോളം പൂര്‍ത്തീകരിച്ച സ്ഥലങ്ങള്‍. ചാലിങ്കാലില്‍ ടോള്‍ പ്ലാസയുടെ സ്ഥലത്തു പ്രധാനപാതയുടെ നിര്‍മാണം പുരോഗമിക്കുന്നതേയുള്ളൂ. പെരിയയില്‍ നിര്‍മാണത്തിലിരിക്കേ തകര്‍ന്ന മേല്‍പ്പാതയുടെ ഭാഗം കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. പെരിയാട്ടടുക്കം, ചെമ്മട്ടംവയല്‍ മേല്‍പാതകളുടെ കോണ്‍ക്രീറ്റ് പ്രവൃത്തികളും കഴിഞ്ഞു. റൂട്ടിലെ പ്രധാന പാലങ്ങളായ തെക്കില്‍, നീലേശ്വരം പാലങ്ങളുടെ നിര്‍മാണവും ആരംഭഘട്ടത്തിലാണുള്ളത്. ഈ റീച്ചില്‍ ഭൂരിഭാഗം സ്ഥലത്തും സര്‍വീസ് റോഡുകളുടെയും ഡ്രെയ്നേജ് വാളുകളുടെയും നിര്‍മാണവും പൂര്‍ത്തിയാകാനുണ്ട്. കനത്തമഴ മണ്ണു നീക്കല്‍ ജോലിയെ തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

ഈ റീച്ചില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള വളവുകളും ചെങ്കുത്തായ കുന്നുകളും നിര്‍മാണത്തിന് വലിയ പ്രതിസന്ധി തീര്‍ത്തിരുന്നു. ചെര്‍ക്കള  ബേവിഞ്ച  തെക്കില്‍ -ചട്ടഞ്ചാല്‍ ഭാഗത്തെ എസ് വളവുകളും കുന്നുകളും നിവര്‍ത്തിക്കൊണ്ട് വയഡക്ട് പാലമാണ് ബോവിഞ്ചയില്‍ നിര്‍മിക്കുന്നത്. പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു.  ഇവിടെ സര്‍വീസ് റോഡിന് വേണ്ടി നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനിടെ പെരിയ ടൗണില്‍ നിര്‍മാണത്തിലിരുന്ന അടിപ്പാതയുടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണത് പൊതുജനത്തെ ആശങ്കയിലാഴ്ത്തി. ഇവിടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

placeholder
കാര്യങ്കോട് പാലം | ഫോട്ടോ: രാമനാഥ് പൈ

മേഘയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ മേഘ കമ്പനിക്ക് ദേശീയപാത അതോറിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്. 2020 ഡിസംബര്‍ 21-ന് പദ്ധതി നിര്‍മാണം ആരംഭിച്ചെങ്കിലും പണിയില്‍ മെല്ലപ്പോക്കാണ് തുടരുന്നത്. 2022 ജൂലായ് 31വരെ  20% പണി പൂര്‍ത്തിയാക്കേണ്ടിടത്ത് 9.20%  മാത്രമാണ് പണി പുരോഗതി ഉണ്ടായത്. 2023 ജനുവരി 24-ന് മാത്രമാണ് പണി 20 ശതമാനത്തിലെത്തിയത്. 177 ദിവസം വൈകി. 2022 ഡിസംബര്‍ 18ന് 19.87 ശതമാനമായിരുന്നു പണി തീര്‍ത്തത്. രണ്ടാം ഘട്ടത്തിലെ 35% പണി തീര്‍ക്കേണ്ട സമയമായിരുന്നു ഇത്. 164 ദിവസം വൈകി കഴിഞ്ഞ മേയ് 31-നാണ് 35% പുരോഗതിയിലെത്തിയത്. നിലവില്‍ 70.49% ഫിസിക്കല്‍ പുരോഗതി ഉണ്ടാവണമെന്നിരിക്കെ 36.284% മാത്രമാണ് കൈവരിക്കാന്‍ കഴിഞ്ഞത്. നിര്‍മാണ സൈറ്റ് ക്യാംപ് ഒരുക്കല്‍, നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സജ്ജമാക്കല്‍ എന്നിവയിലുള്‍പ്പെടെ കമ്പനിക്ക് വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തുന്നത്. പദ്ധതി പ്രവര്‍ത്തനം ആകെ പാളിയ നിലയിലാണെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. മേല്‍പ്പാലം തുടങ്ങി പാലങ്ങളുടെ നിര്‍മാണത്തില്‍ പുരോഗതി ഉണ്ടെങ്കിലും പാത നിര്‍മാണത്തില്‍ വളരെ പിറകില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. പല തവണ യോഗങ്ങളിലും കത്തുകളിലുമായി നിര്‍മാണ ലക്ഷ്യം കൈവരിക്കണമെന്നു നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് നോട്ടിസ് വ്യക്തമാക്കുന്നു. പ്രധാന പാത, സര്‍വീസ് റോഡ്, ഡ്രെയിന്‍ വോള്‍ എന്നിവയുടെ എല്ലാം നിര്‍മാണം പാതിവഴിയിലാണ്.

പള്ളിക്കരയിലെ മേല്‍പ്പാലം എന്ന മോഹ പാലം

പണി പൂര്‍ത്തിയായതോടെ നീലേശ്വരം പള്ളിക്കരയിലെ റെയില്‍വേ മേല്‍പ്പാലം താല്‍ക്കാലികമായി തുറന്നുകൊടുത്തു. ജൂലായ് 22-ന് പാലം തുറന്നുകൊടുത്തതോടെ യാത്രക്കാരുടെ ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിനും അവസാനമായി. പാലം തുറന്നതോടെ ദേശീയപാതയില്‍ മുംബൈയ്ക്കും കന്യാകുമാരിയ്ക്കുമിടയിലുള്ള അവസാന റെയില്‍വേ ലെവല്‍ ക്രോസാണ് ഓര്‍മയായത്. അന്തഃസംസ്ഥാന പാതയായതിനാല്‍ തന്നെ ഇതുവഴി ധാരാളം വാഹനങ്ങള്‍ ദിവസവും കടന്നുപോകാറുണ്ട്. ഇത് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിനും കാരണമാവാറുണ്ട്. വടക്കേ മലബാറിന്റെ ചികിത്സാകേന്ദ്രങ്ങളായ മംഗളൂരുവിനും പരിയാരത്തിനുമിടയില്‍ ജീവനുവേണ്ടി പിടഞ്ഞോടുന്ന രോഗികളുടെയും ബന്ധുക്കളുടെയും തുടങ്ങി അത്യാവശ്യക്കാരുടെയെല്ലാം നെഞ്ചിടിപ്പായിരുന്നു ഈ ഗേറ്റ്. ഒന്നും രണ്ടും മൂന്നും തീവണ്ടികള്‍ കടന്നുപോകുന്നതിന് വരെ അടച്ചിടുന്ന ഗേറ്റില്‍ കുടുങ്ങിക്കിടന്നവരുടെ സങ്കടവും ബുദ്ധിമുട്ടും കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, റെയില്‍വേ മേല്‍പ്പാലം തുറന്നതോടെ ആശങ്കകളെല്ലാമൊഴിഞ്ഞു, ഗതാഗതം സുഗമമമായി. 2018 മെയ് മാസത്തിലാണ് പള്ളിക്കര മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. 780 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മാണച്ചെലവ് 84.46 കോടി രൂപയാണ്. എറണാകുളം ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് 45 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയുള്ള പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. 

placeholder
പള്ളിക്കര മേല്‍പ്പാലം, താഴെ ലെവല്‍ ക്രോസും കാണാം | ഫോട്ടോ: രാമനാഥ് പൈ

പള്ളിക്കര റെയില്‍വേ ഗേറ്റിലൂടെ 24 മണിക്കൂറിനിടെ ഗുഡ്സ് ഉള്‍പ്പെടെ 50 തീവണ്ടികളാണ് കടന്നുപോകുന്നത്. ഒരു തീവണ്ടി കടന്നുപോകുമ്പോള്‍ ആറു മുതല്‍ എട്ടു മിനിട്ടുവരെ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടക്കും. അതായത്, പള്ളിക്കരയില്‍ ദേശീയപാത ഒരു ദിവസം അടഞ്ഞുകിടക്കുന്നത് ആറു മണിക്കൂറായിരുന്നു. വേനല്‍കാലത്ത് ചൂടും പൊടിയുമേറ്റ് മഴയില്‍ നനഞ്ഞുകുതിര്‍ന്നുമുള്ള കാത്തുകിടപ്പിനാണ് പള്ളിക്കരപ്പാലം യാഥാര്‍ഥ്യമായതോടെ പരിഹാരമാകുന്നത്.  പാലം നിര്‍മാണം മാസങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായിരുന്നെങ്കിലും റെയില്‍വേ അനുമതി ലഭിക്കാത്തതിനാല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സാധിച്ചിരുന്നില്ല. അനുമതി ലഭിക്കാത്തത് പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. മേല്‍പ്പാലത്തിന് വേണ്ടി 2017 സെപ്തംബര്‍ 18 മുതല്‍ മുന്‍ എം.പി. പി. കരുണാകരന്‍ പള്ളിക്കരയില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിയ സാഹചര്യമുണ്ടായിട്ടുണ്ട്.

ഞങ്ങളെങ്ങനെ അപ്പുറത്തെത്തും? ഈ ഓട്ടോസ്റ്റാന്‍റ് എങ്ങോട്ട് മാറ്റും? 

റോഡ് നിര്‍മാണം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പൊതുജനങ്ങളുടെ ആശങ്കകള്‍ ഒഴിഞ്ഞിട്ടില്ല. നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും ഓരോ ആശങ്കകളാണ് ജനങ്ങള്‍ക്കുള്ളത്. സര്‍വീസ് റോഡ് നിര്‍മിക്കാത്തതും ആവശ്യത്തിന് അണ്ടര്‍ പാസ് നിര്‍മിക്കാത്തതുമാണ് പൊതുവായ ആശങ്കകള്‍. കാസര്‍കോട് ജില്ലയില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന റോഡിനിരുവശം നിരവധി സ്ഥലങ്ങളില്‍ സമരങ്ങള്‍ ഇപ്പോഴും തുടരുകയാണ്. റോഡ് നിര്‍മാണം ആരംഭിച്ച ആദ്യഘട്ടത്തില്‍ മാത്രം അണ്ടര്‍പാസ് ആവശ്യപ്പെട്ട് ജില്ലയില്‍ ഇരുപതോളം റിലേ സമരങ്ങളായിരുന്നു നടന്നിരുന്നത്. ജനകീയസമരത്തെ തുടര്‍ന്ന് പലയിടങ്ങളിലും പുതിയ അണ്ടര്‍ പാസുകളും അനുവദിച്ചിട്ടുണ്ട്. 

placeholder
വെള്ളൂരില്‍ അടിപ്പാത ആവശ്യപ്പെട്ട് നടന്ന സമരം | Photo: ആകാശ് എസ് മനോജ്

ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് ക്രോസ് ചെയ്ത് പോകാവുന്ന റോഡ് ദേശീയപാത വന്നാല്‍ കിലോ മീറ്ററുകള്‍ പിന്നിട്ട് വളഞ്ഞുപോകണമെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് ആദ്യം അലോസരമുണ്ടാക്കിയെങ്കിലും പതിയ പൊരുത്തപ്പെടാൻ ആരംഭിച്ചിട്ടുണ്ട്. നാട് നടുവേ രണ്ടായി മുറിഞ്ഞുപോയെന്ന തരത്തില്‍ വൈകാരികമായാണ് പലരും പ്രതികരിച്ചത്. സര്‍വീസ് റോഡ് നിര്‍മാണത്തിലെ കാലതാമസവും ആളുകളുടെ പ്രതിഷേധത്തിനിടയാക്കി. പ്രധാന പാതയിലുണ്ടായിരുന്ന ഓട്ടോ, ജീപ്പ് ടാക്‌സി സ്റ്റാന്റുകള്‍ ഇനി എങ്ങോട്ടാണ് മാറ്റുകയെന്നത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്നും അത് സംബന്ധിച്ച് ആശങ്കയുണ്ടെന്ന് ഓട്ടോ തൊഴിലാളികളും പ്രതികരിച്ചു. 

placeholder
ഓട്ടോ ഡ്രൈവര്‍മാര്‍ പ്രതികരിക്കുന്നു

കണ്ണൂര്‍ ബൈപ്പാസ് അടുത്തവര്‍ഷം, വികസനത്തിനായി വഴിമാറി കീഴാറ്റൂരും

കാസര്‍കോട് നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പാലം മുതല്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കുറ്റിക്കോല്‍ പാലം വരെയയാണ് ദേശീയപാതയിലെ അടുത്ത റീച്ച്.  40.110 കിലോ മീറ്റാണ് റീച്ചിന്റെ ദൂരം. 2021 ഒക്ടോബര്‍ 15-നാണ് നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2024 ഏപ്രിലിലാണ് പണി പൂര്‍ത്തിയാക്കേണ്ടത്. മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിനാണ് ഇവിടെയും നിര്‍മാണച്ചുമതല. 3061 കോടിയാണ് നിര്‍മാണച്ചെലവ്.

കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ, വെള്ളൂർ, കണ്ടോത്ത്, കോറോം, എടനാട്, ചെറുതാഴം, കടന്നപ്പളളി, പരിയാരം, കുപ്പം, തളിപ്പറമ്പ എന്നീ 10 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. രണ്ട് ഫ്‌ളൈ ഓവർ, അഞ്ച് വയഡക്ട്, വെഹിക്കുലാർ അണ്ടർ പാസ്-6, ലൈറ്റ് വെഹിക്കുലാർ അണ്ടർ പാസ്-7, വലിയ പാലങ്ങൾ മൂന്ന്, ചെറിയ പാലങ്ങൾ എട്ട്, പയ്യന്നൂർ ബൈപാസ് (3.82 കി.മീ), തളിപ്പറമ്പ ബൈപാസ് (5.660 കി.മീ) എന്നീ രണ്ട് ബൈപാസുകൾ എന്നിവയാണ് ഈ റീച്ചിൽ ഉള്ളത്. ഈ റീച്ചിലെ 14 ചെറിയ പാലങ്ങളില്‍ എട്ടെണ്ണം പുതിയതും രണ്ടെണ്ണം അറ്റകുറ്റപ്പണി ചെയ്യുന്നതും നാലെണ്ണം പുനര്‍നിര്‍മ്മാണവുമാണ്.

നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ 3.82 കി.മീ നീളമുള്ള പയ്യന്നൂര്‍ നഗരത്തെ തൊടാതെ ബൈപാസ് വെള്ളൂര്‍ പുതിയങ്കാവില്‍നിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് അവസാനിക്കും. പെരുമ്പ പുഴയില്‍ പുതിയ പാലം നിര്‍മാണത്തിലാണ്. ഈ റീച്ചിലെ 5.66 കിലോ മീറ്റർ നീളമുള്ള തളിപ്പറമ്പ് ബൈപാസ് കുപ്പത്ത് തുടങ്ങി കണിക്കുന്ന് കയറിയിറങ്ങി കീഴാറ്റൂര്‍ വഴി കുറ്റിക്കോലില്‍ എത്തിച്ചേരും.  കുപ്പത്ത് നിലവിലെ പാലത്തിന് സമാന്തരമായി കടവിന് സമീപമാണ് പുതിയ പാലം പണിയുന്നത്. 

placeholder
മഞ്ചക്കുഴി കുന്നില്‍ നിന്നുള്ള ദേശീയപാതയിലെ വയഡക്ട് പാലത്തിന്‍റെ ദൃശ്യം ഫോട്ടോ: ആകാശ് എസ് മനോജ്

നെഞ്ചുകീറി മഞ്ചക്കുഴി

കണ്ണൂര്‍ ജില്ലയിലെ പ്രധാന നഗരമായ തളിപ്പറമ്പിനെ തൊടാതെയാണ് ദേശീയപാത അലൈന്‍മെന്റ്. തളിപ്പറമ്പ് നഗരം എത്തുന്നതിന് മുന്‍പ് പട്ടുവം റോഡില്‍ നിന്ന് മാന്ധംകുണ്ട്-കീഴാറ്റൂര്‍ വയലിലൂടെയാണ് ബൈപ്പാസ് നീളുന്നത്. ഇതിനായി മഞ്ചക്കുഴിക്കുന്ന് പൂര്‍ണമായും ഇടിച്ചുനിരത്തി. കുന്നിടിച്ചുനിരത്തിയതോടെ ഇവിടെ നിന്നുള്ള കാഴ്ചകളും വിശാലമായി. കണികുന്ന്-മാന്ധംകുണ്ട്-കീഴാറ്റൂര്‍ വയല്‍ വരെ ഒറ്റകാഴ്ചയാണിപ്പോഴുള്ളത്. വളവുകളും കുന്നും ഇല്ലാതായെന്ന് മാത്രമല്ല മഞ്ചംകുന്നിന്റെ നെഞ്ചുപിളര്‍ത്തിക്കൊണ്ട് റോഡ് വയലിലേക്ക് നീളുന്ന കാഴ്ച പോലും അമ്പരപ്പുണ്ടാക്കും. കുന്നിടിച്ചുനിരത്തിയപ്പോഴുണ്ടായ മണ്ണാണ് കീഴാറ്റൂര്‍ വയല്‍ നികത്താനായി ഉപയോഗിച്ചത്. അതോടെ കുന്നില്‍നിന്ന് ഉരുള്‍പൊട്ടി ഒഴുകിയപോലെയാണ് ഈ കാഴ്ചയുള്ളത്. മഞ്ചക്കുഴി ഭാഗത്തെ ഉയരത്തില്‍നിന്ന് മാന്ധംകുണ്ട് -കീഴാറ്റൂര്‍ വഴി നീളുന്ന ബൈപ്പാസ് ഫ്ളൈ ഓവറായാണ് നിര്‍മിക്കുന്നത്. ഇതിനുള്ള തൂണുകളെങ്ങും നിരന്നുകഴിഞ്ഞു. കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത തരത്തിലാണ് ഈ പ്രദേശം മാറിക്കൊണ്ടിരിക്കുന്നത്.

placeholder
കീഴാറ്റൂര്‍ സമരം (ഫയല്‍ ചിത്രം)

സമരം ആളിക്കത്തിയ കീഴാറ്റൂരും പിളര്‍ന്ന് ദേശീയപാത

നീലേശ്വരം തളിപ്പറമ്പ് റീച്ചിലെ രണ്ട് ബൈപ്പാസുകളിലൊന്ന് കടന്നുപോവുന്നത് വയല്‍ക്കിളി സമരം കൊണ്ട് ശ്രദ്ധ നേടിയ കീഴാറ്റൂര്‍ വയലിലൂടെയാണ്. ദേശീയപാത ജില്ലയിലെ പ്രധാന നഗരമായ തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്ടങ്ങളും എതിര്‍പ്പും ഒഴിവാക്കാനായിരുന്നു കുപ്പം- കീഴാറ്റൂര്‍- കൂവോട്- കുറ്റിക്കോല്‍ ബൈപ്പാസ് എന്ന നിര്‍ദേശമുയര്‍ന്നത്. ദേശീയപാതയ്ക്ക് വേണ്ടി പൊളിക്കേണ്ട വീടുകളുടേയും കെട്ടിടങ്ങളുടേയും എണ്ണം താരതമ്യേന കുറവ് വരും എന്നതടക്കമുള്ള അനുകൂലഘടകങ്ങള്‍ കീഴാറ്റൂര്‍ ബൈപ്പാസിനായി ഉണ്ടായിരുന്നു. എന്നാല്‍, ജൈവസമ്പത്തിനാല്‍ നിറഞ്ഞതും കാര്‍ഷിക മേഖലയുമായ കീഴാറ്റൂര്‍ പാടശേഖരത്തെ കീറിമുറിച്ച് ബൈപ്പാസ് അലൈന്‍മെന്റ് മുന്നോട്ടുവെച്ചത് പ്രതിഷേധത്തിന് വഴിതുറക്കുകയായിരുന്നു. വീടുകള്‍ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിച്ചേക്കാമെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.

2017 സെപ്റ്റംബര്‍ 14നാരംഭിച്ച സമരത്തിന് നേതൃത്വം നല്‍കിയത് സുരേഷ് കീഴാറ്റൂര്‍, നമ്പാടത്ത് ജാനകി എന്നിവരായിരുന്നു. ബൈപ്പാസ് പദ്ധതിയില്‍നിന്ന് പിന്മാറണമെന്നും ഏക്കറുകള്‍ പരന്നുകിടക്കുന്ന വയലും പരിസ്ഥിതിയും സംരക്ഷിക്കണമെന്നും വയല്‍ക്കിളികള്‍ ആവശ്യപ്പെട്ടു. വയല്‍ നഷ്ടപ്പെടുത്തി ബൈപ്പാസ് വേണ്ടെന്ന് കീഴാറ്റൂര്‍ ഗ്രാമവാസികള്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ച് തുടങ്ങിയ സമരം സംസ്ഥാനതലത്തില്‍ ചലനം സൃഷ്ടിക്കുന്ന രാഷ്ട്രീയവിഷയമായി പരിണമിച്ചു. ആദ്യഘട്ടത്തില്‍ സമരം കൊടുമ്പിരികൊണ്ടെങ്കിലും പോകെപ്പോകെ സമരത്തിന്റെ ശക്തികുറഞ്ഞു. ഇതിനു പിന്നിൽ രാഷ്ട്രീയ-സാമൂഹിക കാരണങ്ങളും ഉണ്ടായിരുന്നു. സെന്റിന് തുച്ഛമായ വില മാത്രമുണ്ടായിരുന്ന സ്ഥലം പൊന്നുവില കൊടുത്താണ് ദേശീയപാതയ്ക്കായി ഏറ്റെടുത്തത്. പതിയെ സമരം കെട്ടടങ്ങി. കീഴാറ്റൂര്‍ പാടശേഖരത്തിന്റെ നെഞ്ചുകീറി ബൈപ്പാസ് നിര്‍മാണം കുതിച്ചു. നിലവില്‍ കീഴാറ്റൂരില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. സര്‍വീസ് റോഡ്, ഓവുചാല്‍, ഓവര്‍ പാസ് തുടങ്ങി ഏതാനും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബൈപ്പാസിനെ സ്വീകരിക്കാന്‍ തയ്യാറാണെന്നും വികസനത്തിന് എതിരല്ലെന്നുമായിരുന്നു പ്രദേശവാസികളില്‍ ചിലര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്.

placeholder
കീഴാറ്റൂരില്‍ നിര്‍മിക്കുന്ന ദേശീയപാത | Photo: ആകാശ് എസ് മനോജ്

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്-മുഴുപ്പിലങ്ങാട് റീച്ചിന് 29.948 കിലോ മീറ്ററാണ് ദൈര്‍ഘ്യം. മൊറാഴ, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചിറക്കല്‍, പുഴാതി, വലിയന്നൂര്‍, എളയാവൂര്‍, ചേലോറ, ചെമ്പിലോട്, എടക്കാട്, കടമ്പൂര്‍, മുഴപ്പിലങ്ങാട് എന്നീ 12 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. 3311.37 കോടി രൂപയാണ് ഈ റീച്ചിന്റെ പദ്ധതി ചെലവ്. അഞ്ച് ഫ്‌ളൈ ഓവര്‍, അഞ്ച് വയഡക്ട്, വെഹിക്കുലാര്‍ അണ്ടര്‍ പാസ്-3, വെഹിക്കുലാര്‍ ഓവര്‍ പാസ്-1, ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍ പാസ്-3, വലിയ പാലം-1, ചെറിയ പാലങ്ങള്‍ 3, കണ്ണൂര്‍ ബൈപാസ് (13.84 കി.മീ) എന്നിവയാണ് ഈ റീച്ചിലുള്ളത്. കല്ല്യാശ്ശേരി -പാപ്പിനിശ്ശേരിയില്‍ ഒരു ടോള്‍ പ്ലാസയുമുണ്ടാവും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വസമുദ്ര എഞ്ചിനീയറിങ് കമ്പനിക്കാണ് നിര്‍മാണ ചുമതല. 2021 നവംബര്‍ 29ന് പ്രവൃത്തി തുടങ്ങി. 2024 മെയില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയപാതാ വികസനം 35% പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി.

വളപട്ടണത്ത് ഭീമന്‍ പാലം

പാപ്പിനിശ്ശേരി ജംഗ്ഷന് തൊട്ടുമുന്‍പായി വേളാപുരം-തുരുത്തി വഴിയാണ് കണ്ണൂര്‍ ബൈപ്പാസ് ആരംഭിക്കുന്നത്. ബൈപ്പാസിലുള്‍പ്പെടുന്ന വളപട്ടണം പുഴയെ കടന്നുപോവുന്നതിനായി പുതിയ ആറുവരി പാലം നിര്‍മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള പാലത്തിന് സമാന്തരമായി പാപ്പിനിശേരി കെ.എസ്.ടി.പി. റോഡിനെ തുരുത്തിയില്‍നിന്ന് ചിറക്കല്‍ കോട്ടക്കുന്നിലേക്ക് കണ്ണൂര്‍ നഗരവുമായി ബന്ധിപ്പിക്കുന്ന ഭാഗമായി ഇത് മാറും. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നാണ് വളപട്ടണം പാലം.

placeholder
വളപട്ടണത്തെ പുതിയ പാലത്തിന്‍റെ നിര്‍മാണത്തിന്‍റെ ദൃശ്യം| Photo: ആകാശ് എസ് മനോജ്

പാലം നിര്‍മിക്കാന്‍ ആദ്യം തയ്യാറാക്കിയ രൂപരേഖ മാറ്റംവരുത്താന്‍ നിര്‍ദേശം വന്നതിനെ തുടര്‍ന്ന് മാസങ്ങളായി നിര്‍മാണം മന്ദഗതിയിലായിരുന്നു. പാലത്തിന്റെ ഉയരവുമായി ബന്ധപ്പെട്ടായിരുന്നു സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നത്. ജലനിരപ്പില്‍നിന്ന് നിശ്ചിത ഉയരം ഉറപ്പുവരുത്തണമെന്ന ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രൂപരേഖയില്‍ മാറ്റം വരുത്തി. ഉയരം കൂട്ടിയാണ് നിര്‍മാണം. നേരത്തെ 550 മീറ്ററോളമാണ് പാലത്തിന് നീളമുണ്ടായിരുന്നത്. ഉയരം വര്‍ധിച്ചതോടെയാണ് 750 മീറ്ററോളം നീളത്തില്‍ പാലം വരുന്നത്. പുഴയ്ക്ക് ഇരുവശവും കുറച്ചുദൂരം ഉയരത്തില്‍ത്തന്നെ നിര്‍മിക്കുന്നതിനാല്‍ പാലത്തിന്റെ ആകെ നീളം ഒരു കിലോ മീറ്ററില്‍ കൂടുതലാകും. പാലത്തിന് മാത്രം 700 മീറ്റര്‍ നീളവും 16-ലേറെ സ്പാനുകളുമുണ്ടാകും. സാങ്കേതിക തടസ്സങ്ങള്‍ ഒഴിവായതോടെ പണിക്ക് വേഗതയും കൂടി. പുഴയിലെ പൈലിങ്ങിനായി തുരുത്തി ഭാഗത്തുനിന്നും കോട്ടക്കുന്ന് ഭാഗത്തുനിന്നും പുഴയിലേക്ക് 100 മീറ്ററിലധികം ദൂരത്തില്‍ മണ്ണിട്ട് വഴിയൊരുക്കി. ആദ്യ ഡി.പി.ആര്‍. പ്രകാരം തുരുത്തി പാലത്തിന് 130 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. എന്നാല്‍, രൂപരേഖയും മറ്റു മാറ്റങ്ങളും വന്നതോടെ പുതിയ പാലത്തിന് തുക കൂട്ടേണ്ടി വേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

placeholder
കണ്ണൂര്‍ ബൈപ്പാസ് നിര്‍മാണത്തിന്‍റെ ദൃശ്യം | ഫോട്ടോ: റിദിന്‍ ദാമു

ഹൈസ്പീഡില്‍ തലശ്ശേരി-മാഹി ബൈപാസ് 

ദേശീയപാത-66 വികസനത്തിന്റെ ഭാഗമായുള്ള തലശ്ശേരി-മാഹി ബൈപാസ് നിര്‍മാണം അവസാനഘട്ടത്തിലാണ്. ബൈപ്പാസിന്റെ 94% പണികള്‍ പൂര്‍ത്തിയായതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ബൈപ്പാസിലുള്‍പ്പെട്ട റെയില്‍വേ മേല്‍പ്പാലത്തിന്‍റെ നിര്‍മാണം ബാക്കിയുണ്ട്. ഗാര്‍ഡര്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു. 

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തില്‍നിന്ന് തുടങ്ങി കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റ് വരെയാണ് നാലുവരിപ്പാത ബൈപാസ് നിര്‍മിക്കുന്നത്. 18.6 കിലോ മീറ്ററാണ് ദൈര്‍ഘ്യം.  തലശ്ശേരി, മാഹി പട്ടണങ്ങളെ തൊടാതെ പോവുന്ന ബൈപ്പാസ് വഴി മുഴപ്പിലങ്ങാട്ടുനിന്ന് അഴിയൂരെത്താന്‍ 20 മിനിറ്റ് മതിയാവും. നാലിടത്ത് ബൈപ്പാസിലേക്ക് കയറാനും ഇറങ്ങാനും സൗകര്യമുണ്ട്.  1360 കോടി രൂപയാണ് ഇതിന്റെ പദ്ധതിച്ചെലവ്. ധര്‍മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്. നാല് വലിയ പാലങ്ങള്‍, ഒരു റെയില്‍വേ മേല്‍പ്പാലം, വെഹിക്കുലാര്‍ അണ്ടര്‍പ്പാസ്-4, ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍ പാസ്-12, സ്മോള്‍ വെഹിക്കുലാര്‍ അണ്ടര്‍ പാസ്-5, വെഹിക്കുലാര്‍ ഓവര്‍ പാസ്-1 എന്നിവയാണ് മാഹി ബൈപ്പാസിലുള്ളത്. മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ നാലുവരി പാതയായാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. ഈ ഭാഗത്തും സര്‍വ്വീസ് റോഡുമുണ്ടാവും. 

മൂന്നു പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതി യാഥാര്‍ഥ്യമായതോടെ ഏറെക്കാലമായി തലശ്ശേരി നഗരം അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനാണ് പരിഹാരമാകുന്നത്. ഒപ്പം നാടിന്റെ മുഖച്ഛായയും മാറിയിരിക്കുന്നു. പ്രദേശത്തെത്തിയാല്‍ നീണ്ടു പരന്നുകിടക്കുന്ന ബൈപ്പാസിന്റെ കാഴ്ചയാണ് വരവേല്‍ക്കുക. മുന്നറിയിപ്പ് ബോര്‍ഡുകളും ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങളും ലൈറ്റുകളുമടക്കം ഇവിടെ സജ്ജമായിക്കഴിഞ്ഞു.

placeholder
പണി പൂര്‍ത്തിയായ തലശ്ശേരി-മാഹി ബൈപ്പാസ് | ഫോട്ടോ: ആകാശ് എസ്. മനോജ്

അണ്ടര്‍ പാസുകള്‍, സര്‍വീസ് റോഡ്, ഓവുചാല്‍, വെള്ളക്കെട്ട്, ബസ്-ഓട്ടോ സ്റ്റാന്റ് തുടങ്ങി പൊതുജനങ്ങള്‍ക്കുമുണ്ട് ഏറെ പരാതികള്‍. ആശങ്കകളേറെയുണ്ടെങ്കിലും കുറച്ച് പ്രയാസങ്ങളില്ലാതെ നാട്ടില്‍ വികസനം നടക്കുമോ എന്നാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. വികസനത്തിനൊപ്പം തന്നെ നാട്ടുകാരുടെ ഈ ആശങ്കകളും പരിഹരിക്കപ്പെടേണ്ടതുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം തുടരുമ്പോള്‍ സ്വപ്‌നപാതയിലൂടെ പറക്കാന്‍ കേരളത്തിന് ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ല. 


നാളെ; മെല്ലെപ്പോക്കില്‍ കോഴിക്കോട്, കാത്തുനില്‍പ്പിന്റെ മടുപ്പിന് വിടപറയാന്‍ മലപ്പുറം


ചിത്രങ്ങള്‍ | ആകാശ് എസ് മനോജ്, രാമനാഥ് പൈ, റിദിന്‍ ദാമു

വീഡിയോ: രാമനാഥ് പൈ

ഗ്രാഫിക്സ്- ദിലീപ്. ടി.ജി