
മലബാറും തൃശ്ശൂര്‍, എറണാകുളം ജില്ലകളും പിന്നിട്ട് ദേശീയപാത ആലപ്പുഴയിലേക്ക് കടക്കുമ്പോള്‍ നിര്‍മാണത്തില്‍ കാര്യമായ പുരോഗതി എവിടേയുമില്ല. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ തീർത്തും മന്ദഗതിയിലാണ്. നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും പലയിടത്തും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്. ഉയരപ്പാതയും വലിയ പാലങ്ങളുമടക്കമുള്ളവയുള്ള റീച്ചുകളാണ് ഇരുജില്ലകളിലുമുള്ളത്. ആലപ്പുഴ ജില്ലയില്‍ മൂന്നും കൊല്ലം ജില്ലയില്‍ രണ്ടും റീച്ചുകളിലായാണ് ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്ഥലം ഏറ്റെടുക്കലിന് ശേഷം വിവിധ പ്രദേശങ്ങളില്‍ ഭൂമി നിരപ്പാക്കല്‍, റോഡുകള്‍ക്ക് ഇരുവശത്തുമുള്ള ഓടകളുടെ നിര്‍മാണം, സര്‍വീസ് റോഡ് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട് കോം തയ്യാറാക്കുന്ന 'പണി തീരുന്ന പാത' പരമ്പര കഴിഞ്ഞ മൂന്ന് ഭാഗങ്ങളില്‍ മലബാറിലൂടെയും തൃശ്ശൂര്‍, എറണാകളും ജില്ലകളിലൂടെയുമാണ് കടന്നുപോയതെങ്കില്‍ നാലാം അധ്യായത്തില്‍ ആലപ്പുഴ, കൊല്ലം ജില്ലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.
ആലപ്പുഴയിൽ മൂന്ന് റീച്ച്
ആലപ്പുഴ ജില്ലയില്‍ അരൂര്‍-തുറവൂര്‍ തെക്ക്, തുറവൂര്‍ തെക്ക്-പരവൂര്‍, പരവൂര്‍-കൊറ്റുകുളങ്ങര എന്നിങ്ങനെ മൂന്ന് റീച്ചുകളിലായാണ് ദേശീയപാത വികസനം നടത്തുന്നത്. പദ്ധതിപ്രകാരം തുറവൂര്‍ മുതല്‍ പരവൂര്‍ വരെയുള്ള ഭാഗമാണ് ആലപ്പുഴ ജില്ലയില്‍ ആദ്യം പൂര്‍ത്തിയാകേണ്ടത്. 2024 സെപ്റ്റംബര്‍ മാസത്തില്‍ ഈ സ്ട്രെച്ചിന്റെ പണി പൂര്‍ത്തിയാകേണ്ടതാണ്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 7.9% പണികളാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. പറവൂര്‍ മുതല്‍ കൊറ്റുകുളങ്ങര വരെയുള്ള റീച്ച് 2025 ഫെബ്രുവരിയില്‍ പൂര്‍ത്തിയക്കാന്‍ ലക്ഷ്യമിട്ടാണ് പണി പുരോഗമിക്കുന്നത്. പക്ഷേ, ഇവിടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് പണി പൂര്‍ത്തിയായിരിക്കുന്നത്. രാജ്യത്തെ ഒറ്റത്തൂണിലുള്ള ഏറ്റവും നീളമേറിയ ആറുവരി ഉയരപ്പാതകളിലൊന്ന് വരുന്നത് അരൂര്‍ - തുറവൂര്‍ റീച്ചിലാണ്. അരൂര്‍ മുതല്‍ തുറവൂര്‍ തെക്കുവരെയുള്ള 12.75 കിലോ മീറ്റര്‍ ഭാഗത്താണ് ഉയരപ്പാത നിര്‍മിക്കുന്നത്. കേരളത്തിലെ ദേശീയപാത വികസനത്തില്‍ ഏറ്റവും അവസാനമായാണ് അരൂര്‍- തുറവൂര്‍ റീച്ചിന്റെ പണി പൂര്‍ത്തിയാകുക. 2026 ജനുവരിയില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

അരൂരില്‍ ആറുവരി ഉയരപ്പാത
ആലപ്പുഴ ജില്ലയില്‍ അരൂര്‍- തുറവൂര്‍, തുറവൂര്‍-പറവൂര്‍, പറവൂര്‍-കൊറ്റുകുളങ്ങര എന്നീ റീച്ചുകളിലായി 88 കിലോ മീറ്ററിലാണ് പുതിയ പാത നിര്‍മിക്കുന്നത്. അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12.75 കിലോ മീറ്റര്‍ നീളത്തില്‍ ഉയരപ്പാതയാണ് വരുന്നത്. രാജ്യത്തെ ഒറ്റത്തൂണിലുള്ള ഏറ്റവും നീളമേറിയ ആറുവരി ഉയരപ്പാതകളിലൊന്നാണ് അരൂരില്‍ വരുന്നത്. അരൂര്‍-തുറവൂര്‍ ഭാഗത്ത് നിലവില്‍ നാലുവരിപ്പാതയുണ്ട്. അതിന്റെ നടുക്കാണ് കൂറ്റന്‍ തൂണു നിര്‍മിക്കുക. അരൂര്‍ മുതല്‍ തുറവൂര്‍ തെക്കുവരെയുള്ള ഭാഗത്ത് നിലവിലുള്ള 30 മീറ്റര്‍ വീതിയിലാണ് ഉയരപ്പാത നിര്‍മിക്കുന്നത്. അതിനാല്‍ തന്നെ സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലേതുപോലെ 45 മീറ്റര്‍ വീതി ആവശ്യമില്ല. പകരം ഉയരപ്പാതയിലേക്ക് കയറാനും ഇറങ്ങാനും സൗകര്യമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് അധികഭൂമി വേണ്ടിവരുന്നത്. പ്രധാന ജങ്ഷനുകളില്‍ മാത്രമാണിത്. അരൂര്‍, ചന്തിരൂര്‍, കുത്തിയതോട് എന്നിവിടങ്ങളിലാണ് സര്‍വീസ് റോഡിലേക്കിറങ്ങുവാനുള്ള ചരിഞ്ഞ പ്രതലം (റാംപ്) നിര്‍മിക്കുക.
12.75 കിലോ മീറ്റര്‍ ദൂരം, 2427.21 കോടി രൂപ ചെലവ്
മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമായുള്ള അശോക് ബില്‍കോണ്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. 2427.21 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 12.75 കിലോ മീറ്റര്‍ ദൂരം വരുന്ന ഉയരപ്പാതയ്ക്കായി ആകെ നിര്‍മിക്കേണ്ടത് 354 തൂണുകളാണ്. ഇവയെല്ലാം നിലവിലെ ദേശീയപാതയുടെ ഡിവൈഡറിലാണ് വരുക. ഓരോ തൂണും എട്ട് പില്ലറുകളിലാണ് നില്‍ക്കുന്നത്. ഇത്തരത്തില്‍ 354 തൂണുകള്‍ക്കായി ആകെ 2832 പില്ലറുകള്‍ ഉണ്ടാകും.
പാതയുടെ ഇരുവശത്തും ഒന്നര മീറ്റര്‍ വീതം ഒഴിച്ചിടും. മൂന്നര മീറ്ററാണ് ഓരോ വരിയുടെയും വീതി. നടുക്ക് ഒരു മീറ്ററിന്റെ മീഡിയനുണ്ടാകും. നിലവിലെ പാതയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചുകൊണ്ടാണ് മധ്യഭാഗത്ത് പണികള്‍ നടക്കുന്നത്. അരൂര്‍, എരമല്ലൂര്‍, കോടംതുരുത്ത്, തുറവൂര്‍ എന്നിവിടങ്ങളിലെല്ലാം ഉയരപ്പാതയുടെ പൈലിങ് പണികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. പൈലിങ്ങിനായി കൂറ്റന്‍ യന്ത്രസംവിധാനം ഉള്‍പ്പെടെ കമ്പനി അരൂരിലെത്തിച്ചിട്ടുണ്ട്. ഇതിനിടെ നിര്‍മാണം നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതതടസ്സം യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പാത ഒറ്റവരിയായി ചുരുങ്ങുകയും വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ സമയമെടുക്കുകയും ചെയ്യുന്നുണ്ട്. രാവിലെയും വൈകീട്ടുമാണ് ഗതാഗതതടസ്സം രൂക്ഷം.
രൂപരേഖ എവിടെ?
പാലത്തിന്റെ അന്തിമ രൂപരേഖ ഇതുവരേയും നിശ്ചിയിച്ചിട്ടില്ല. എന്നാല്‍, തൂണുകളുടെ നിര്‍മാണത്തിന് ഇത് തടസ്സമാവില്ല എന്നതിനാലാണ് തൂണിന്റെ പ്രവൃത്തി ആരംഭിച്ചത്.എന്നാല്‍ ഇക്കാര്യത്തില്‍ ചെറിയ ആശങ്ക നാട്ടുകാരില്‍ ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. ആശങ്കയുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വേണ്ടിയല്ലേ എന്ന ചിന്തയാണ് അരൂരില്‍ എന്‍.എച്ച്. ഹോട്ടല്‍ നടത്തുന്ന ഷാനവാസ് പങ്കുവെച്ചത്. ഉയരപ്പാത എങ്ങനെയാകുമെന്നതില്‍ വ്യക്തതയില്ല. എന്താണ് എങ്ങനെയാണ് എന്നൊന്നും വ്യക്തമല്ല. പണി പൂര്‍ത്തിയായ ശേഷമേ ഇത് കച്ചവടത്തെ ബാധിക്കുമോ എന്ന് പറയാന്‍ സാധിക്കൂ. അതിനാല്‍ തന്നെ കാത്തിരിക്കുകയാണെന്നുമാണ് ഷാനവാസ് പറയുന്നത്. എന്നാല്‍, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി താല്ക്കാലിക ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാണെന്ന ചിന്തയാണ് അരൂരില്‍ കണ്ടുമുട്ടിയ ലോട്ടറി കച്ചവടക്കാരമായ വിജയന്‍ പങ്കുവെച്ചത്. ഒരു നിര്‍മാണപ്രവര്‍ത്തനം നടക്കുമ്പോള്‍ അതിന് പിന്നില്‍ ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അത് സ്വാഭാവികമാണ്. വികസനം വരാന്‍ ഇതെല്ലാം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് റീച്ചുകളില്‍ പണികള്‍ക്ക് ദ്രുതവേഗം
തുറവൂര്‍ മുതല്‍ കൊല്ലം ജില്ലാ അതിര്‍ത്തിയായ കൊറ്റുകുളങ്ങര വരെയുള്ള രണ്ട് റീച്ചുകളില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായതോടെ റോഡ് വികസന പ്രവര്‍ത്തികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുപ്പില്‍ വലിയ തൃപ്തിയാണ് പലരും പങ്കുവെച്ചത്. സാധാരണഗതിയില്‍ ലഭിക്കുന്നതില്‍ അധികം പണം ദേശീയപാതയ്ക്ക് സ്ഥലം വിട്ടുകൊടുത്തപ്പോള്‍ ലഭിച്ചുവെന്ന് ചേര്‍ത്തല സ്വദേശിയായ സുജനകുമാര്‍ പറഞ്ഞു. ഏഴ് സെന്റ് സ്ഥലമാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്തത്. എട്ട് ലക്ഷത്തിന് മുകളില്‍ നഷ്ടപരിഹാരം ഒരു സെന്റിന് ലഭിച്ചു. പുറത്ത് കൊടുത്തിരുന്നുവെങ്കില്‍ ഇത്രയും പണം ലഭിക്കില്ലായിരുന്നു. പണം കൃത്യമായി അക്കൗണ്ടില്‍ എത്തി. വീടിന്റെ നാലില്‍ മൂന്ന് ഭാഗവും പൊളിച്ചുനീക്കി. സ്ഥലമേറ്റെടുത്ത ശേഷമുള്ള ബാക്കി സ്ഥലത്ത് വീട് പുതിക്കിപ്പണിയാനാണ് തീരുമാനം.
ഒരു വലിയ പദ്ധതി ആയിരുന്നിട്ടുകൂടി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലൊന്നും വലിയ താമസം ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നല്ല സമീപനമായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ചില്ല. വസ്തുതര്‍ക്കമുള്ള ഒരു കുടുംബത്തിന് ഒഴികെ അയല്‍ക്കാര്‍ക്ക് എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തിന് ന്യായമായ വില ലഭിച്ചുവെന്നും പക്ഷേ, വീടിന്റെ കാര്യത്തില്‍ അത് ലഭിച്ചില്ലെന്ന പരാതിയാണ് പുറക്കാട് സ്വദേശിയായ സലിം കുമാര്‍ പങ്കുവെച്ചത്. സ്ഥലത്തിന് സെന്റിന് 10 ലക്ഷത്തിന് മുകളില്‍ ലഭിച്ചു. ഉണ്ടായിരുന്ന നല്ല വീട് പൂര്‍ണമായും പൊളിച്ചു നീക്കി. അതിന് പാക്കേജ് ഉണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ, വീടിന് ലഭിച്ച നഷ്ടപരിഹാരം വളരെ കുറവാണ്. ഓട നിര്‍മാണത്തിന് കുഴിച്ചിട്ടെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല. അതടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും സലിം കുമാര്‍ പറഞ്ഞു.

തുറവൂര്‍ - പറവൂര്‍ റീച്ച് ഹരിയാനയിലെ കെ.സി.സി ബില്‍ഡ്‌കോണാണ് ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2024 സെപ്റ്റംബര്‍ മാസത്തില്‍ ഈ സ്ട്രെച്ചിന്റെ പണി പൂര്‍ത്തിയാകേണ്ടതാണ്. ഇത് മുന്നല്‍ക്കണ്ടുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 7.9% പണികളാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. പറവൂര്‍-കൊറ്റുകുളങ്ങര പാതയുടെ നിര്‍മാണക്കരാര്‍ ഹൈദരാബാദ് ആസ്ഥാനായ ന്യൂ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിക്കാണ്. തുറവൂര്‍ മുതല്‍ കൊറ്റുകുളങ്ങരവരെ ദേശീയപാത ആറുവരിയില്‍ പുനര്‍നിര്‍മിക്കുമ്പോള്‍ പ്രധാന ജങ്ഷനുകളിലെ മേല്‍പ്പാലങ്ങള്‍ക്ക് അമ്പലപ്പുഴയില്‍ റെയില്‍വേ മേല്‍പ്പാലം, ആലപ്പുഴയില്‍ ബൈപ്പാസ്, ചേപ്പാട്ട് ഉയരപ്പാത എന്നിവ വരും. പാലങ്ങളില്‍ വലുത് തോട്ടപ്പള്ളി സ്പില്‍വേയിലേതായിരിക്കും. 413.5 മീറ്റര്‍ നീളമുള്ള രണ്ടു പാലങ്ങളാണിവിടെ നിര്‍മിക്കുന്നത്.
തുറവൂര്‍ മുതല്‍ കൊറ്റുകുളങ്ങരവരെയുള്ള ഭാഗത്ത് റോഡിനായി ഏറ്റെടുത്ത സ്ഥലം മണ്ണിട്ട് നികത്തല്‍ പണികള്‍ പുരോഗമിക്കുകയാണ്. ഇരുവശത്തുമുള്ള ഓടകളുടെ നിര്‍മാണവും സര്‍വീസ് റോഡുകളുടെ നിര്‍മാണവും നടക്കുന്നുണ്ട്. അടിപ്പാതകളുടെ നിര്‍മാണമടക്കമുള്ളവയും നടക്കുന്നുണ്ട്. ഇതിനൊപ്പം പ്രധാന ജങ്ഷനുകളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. ചില സ്ഥലങ്ങളില്‍ റോഡില്‍ മണ്ണിട്ട് ഉയര്‍ത്തുന്നതടക്കം പണികള്‍ നടത്തേണ്ടതുണ്ട്.

റോഡിന്റെ പണി നടക്കുന്നത് മൂലം വലിയ കഷ്ടപ്പാടിലാണെന്ന് പറയുകയാണ് രാമപുരത്ത് കച്ചവടം നടത്തുന്ന രത്നമ്മ. റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചത്. കുറച്ച് മാസത്തെ കഷ്ടപ്പാട് ഉണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷേ, റോഡ് മണ്ണിട്ട് ഉയര്‍ത്തുന്നതിനാല്‍ കടയിലേക്ക് ആളുകള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്നില്ല. മഴ പെയ്തു ചെളി രൂപപ്പെടുന്നതിനാല്‍ വലിയ ബുദ്ധിമുട്ടാണ്. ചില ദിവസങ്ങളും ഒട്ടും കച്ചവടം നടക്കാറില്ലെന്നും റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രശ്‌നങ്ങള്‍ ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രത്നമ്മ കൂട്ടിച്ചേര്‍ത്തു.
നാടിന്റെ വികസനത്തിന് വേണ്ടി ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറാണെന്നാണ് അവിടെ തന്നെ കണ്ടുമുട്ടിയ ബാബുവും ഷിന്റോയും അടക്കമുള്ളവര്‍ പങ്കുവെച്ചത്. സര്‍വീസ് റോഡില്‍നിന്ന് മെയിന്‍ റോഡില്‍ പ്രവേശിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ വന്നേക്കും. പക്ഷേ, കേരളത്തിന് വെളിയില്‍ എല്ലായിടത്തും ഇങ്ങനെ തന്നെയാണ്. ഇതെല്ലാം നമ്മുടെ നാടിന്റെ വികസനത്തിന് വേണ്ടിയാണ്. സ്ഥലമേറ്റെടുത്ത എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിച്ചു. റോഡ് സൈഡില്‍ ഉണ്ടായിരുന്നത് എല്ലാം വീടുകളായിരുന്നു. നഷ്ടപരിഹാരം ലഭിച്ചതോടെ എല്ലാവരും പൊളിച്ചു നീക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

6.54 കിലോ മീറ്റർ നീളത്തിൽ ആലപ്പുഴ ബൈപ്പാസ്
അലപ്പുഴ ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങളിലൊന്ന് ആലപ്പുഴ ബൈപ്പാസിന്റേതാണ്. തുറവൂര്‍-പറവൂര്‍ റീച്ചിന്റെ നിര്‍മാണത്തിനൊപ്പമാണു പുതിയ ബൈപ്പാസിന്റെയും കരാര്‍ നല്‍കിയിരിക്കുന്നത്. നിലവിലുള്ള ബൈപ്പാസിന്റെ പടിഞ്ഞാറു ഭാഗത്ത് കടല്‍ത്തീരത്തോടു ചേര്‍ന്നാണു പുതിയ ബൈപ്പാസ് നിര്‍മിക്കുന്നത്. 6.54 കിലോ മീറ്ററാണ് ആകെ നീളം. ഇതില്‍ 3.45 കിലോ മീറ്റര്‍ മേല്‍പ്പാലമായാണ് നിര്‍മിക്കുന്നത്. ഇതിനായി 35 മീറ്ററിന്റെ 95 സ്പാനുകളാണുള്ളത്. ഒറ്റത്തൂണില്‍ ഉയര്‍ന്നു നില്‍ക്കുന്ന വിധത്തിലാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ദേശീയപാതാ വികസനം പൂര്‍ത്തിയാകുന്നതോടെ ആലപ്പുഴ ബൈപ്പാസില്‍ അഞ്ചുവരി ഗതാഗതം സാധ്യമാകും. 12 മീറ്റര്‍ വീതിയിലെ രണ്ടുവരിപ്പാതയാണ് ഇപ്പോഴുള്ളത്. 14 മീറ്റര്‍ വീതിയില്‍ മൂന്നുവരി ഗതാഗതത്തിനുള്ള സൗകര്യം കൂട്ടിച്ചേര്‍ക്കും.
രണ്ടിടത്ത് റെയില്‍വേ പാതയ്ക്കു മുകളിലൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്. ബൈപ്പാസിന് അടിയിലൂടെ സര്‍വീസ് റോഡുണ്ടാകും. വടക്കേ അതിരായ കൊമ്മാടിയിലും തെക്ക് കളര്‍കോട്ടും 24 മീറ്റര്‍ നീളമുള്ള അടിപ്പാതകളുണ്ടാകും. മറ്റു രണ്ടിടങ്ങളില്‍ 12 മീറ്ററിന്റെ അടിപ്പാതകളുമുണ്ട്. നിലവിലെ ബൈപ്പാസിന്റെ ഭാഗമായ അണ്ടര്‍പാസുകള്‍ നീട്ടി നിര്‍മിച്ച് അതിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. ബൈപ്പാസില്‍നിന്നു കടപ്പുറത്തേക്കുള്ള ഗതാഗതത്തിനായി നാല് റാമ്പുകള്‍ നിര്‍മിക്കും. ഇതിലൂടെ വാഹനങ്ങള്‍ക്കു ബൈപ്പാസില്‍നിന്നു കടപ്പുറത്തേക്ക് ഇറങ്ങാനും തിരികെ കയറാനും സൗകര്യമുണ്ടാകും. ആലപ്പുഴ ബീച്ച് ഭാഗത്ത് നിര്‍മിക്കുന്ന പാലത്തിന്റെ തൂണുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അതില്‍ സ്ഥാപിക്കാനുള്ള ഗര്‍ഡറുകളുടെ നിര്‍മാണവും നടക്കുന്നുണ്ട്.
കൊല്ലത്ത് വെല്ലുവിളിയായി പാലങ്ങൾ
കൊല്ലം ജില്ലയില്‍ കൊറ്റുകുളങ്ങര- കൊല്ലം ബൈപ്പാസ്, കൊല്ലം ബൈപ്പാസ്- കടമ്പാട്ടുകോണം എന്നീ രണ്ട് റീച്ചുകളിലായാണ് പണികള്‍ പുരോഗമിക്കുന്നത്. കൊറ്റുകുളങ്ങര- കൊല്ലം ബൈപ്പാസ് 2024 ഒക്ടോബറിലും കൊല്ലം ബൈപ്പാസ് കടമ്പാട്ടുകോണം റീച്ച് 2025 മാര്‍ച്ചിലും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വലിയ പാലങ്ങളാണ് ഈ റീച്ചുകളിലെ പ്രധാന വെല്ലുവിളി. അണ്ടര്‍ പാസുകളുടെ നിര്‍മാണവും ചിലയിടങ്ങളില്‍ അണ്ടര്‍ പാസുകള്‍ക്കായി നാട്ടുകാരുടെ സമരവുമെല്ലാം പണി വൈകിച്ചിരുന്നു. ഇതില്‍ കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം 13.5 ശതമാനവും കൊറ്റുകുളങ്ങര-കൊല്ലം ബൈപ്പാസ് റീച്ച് 13.79 ശതമാനവും മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്.

അതിവേഗം കൊല്ലത്തെ രണ്ട് റീച്ചുകൾ
ആലപ്പുഴ ജില്ലയിലെ കൊറ്റുകുളങ്ങര മുതല്‍ കാവനാട് (കൊല്ലം ബൈപ്പാസ് തുടങ്ങുന്നയിടം) വരെയുള്ള റീച്ചിന് 3351.23 കോടിയും ബൈപ്പാസ് മുതല്‍ കടമ്പാട്ടുകോണംവരെയുള്ള റീച്ചിന് 3023.83 കോടിയുമാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. കൊറ്റുകുളങ്ങര മുതല്‍ കാവനാടുവരെ (കൊല്ലം ബൈപ്പാസ്) വരെയുള്ള 31.5 കിലോ മീറ്റര്‍ നിര്‍മാണത്തിനുള്ള കരാര്‍ വിശ്വസമുദ്ര എന്‍ജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ്. കൊല്ലം ബൈപ്പാസ് മുതല്‍ കടമ്പാട്ടുകോണം വരെയുള്ള 31.25 കിലോ മീറ്റര്‍ നിര്‍മാണത്തിനുള്ള കരാര്‍ ശിവാലയ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കുമാണ് ലഭിച്ചിരിക്കുന്നത്.
ഇരുവശത്തുമുള്ള ഓട നിര്‍മാണവും സര്‍വീസ് റോഡ് നിര്‍മാണവും പാലങ്ങളുടെ നിര്‍മാണവും ദ്രുതഗതിയിലാണ്. എന്നാല്‍, പല സ്ഥലത്തും ഓടയുടെ നിര്‍മാണം ഇനിയും തുടങ്ങിയിട്ടില്ല. ഇരുവശത്തും ഗ്യാപ്പിട്ടാണ് ഓട നിര്‍മാണം പൂര്‍ത്തിയായയത്. സര്‍വീസ് റോഡിന്റെ നിര്‍മാണവും റോഡ് നിരപ്പാക്കല്‍ പ്രവര്‍ത്തനവും അങ്ങനെ തന്നെയാണ് പുരോഗമിക്കുന്നത്. അണ്ടര്‍പ്പാസുകളുടെ നിര്‍മാണവും ഇതോടൊപ്പം പുരോഗമിക്കുകയാണ്. ചില ഇടങ്ങളില്‍ സര്‍വീസ് റോഡുകളും മറ്റ് ചില ഇടങ്ങളില്‍ പ്രധാനപാതയും ടാറിങ് നടക്കുന്നുണ്ട്. മങ്ങാടാണ് മെയിന്‍ റോഡ് ടാറിങ് ആരംഭിച്ചത്.
പരാതികളോട് മുഖം തിരിക്കുന്നുവെന്ന് പരാതി
നിലവിലുള്ള ദേശീയപാതയുടെ ഇരുവശത്തുമായി ഏറ്റെടുത്തിട്ടുള്ള സ്ഥലം നിരപ്പാക്കുന്ന ജോലികളും പല സ്ഥലത്തും പുരോഗമിക്കുകയാണ്. കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു മാറ്റിയ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലുമാണ് നിര്‍മാണം തുടങ്ങിയിട്ടുള്ളത്. ഈ ഭാഗങ്ങളിലെ മരങ്ങള്‍ നേരത്തേ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍, കരുനാഗപ്പള്ളി നഗരത്തിലടക്കം ചില സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റിയിട്ടില്ല. റോഡ് മണ്ണിട്ട് നികത്തുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും പല സ്ഥലത്തും ആരംഭിച്ചിട്ടില്ല. ചില ഇടങ്ങളില്‍ വൈദ്യുത പോസ്റ്റുകളും കേബിളും മാറ്റിസ്ഥാപിക്കുന്ന പണിയടക്കം അവശേഷിക്കുന്നുണ്ട്. മരംമുറിക്കലും മണ്ണിട്ട് ഉയര്‍ത്തലുമടക്കം ചില സ്ഥലങ്ങളില്‍ പണി നടക്കാനുണ്ട്.
മണ്ണിട്ടുയര്‍ത്തുന്നതിനേ സംബന്ധിച്ച് ചിലര്‍ പരാതികളും ഉന്നയിക്കുന്നുണ്ട്. കടകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേയ്ക്കുമുള്ള വഴി അടച്ചുകൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനമെന്നാണ് ചിലരുടെ പരാതി. ഓടനിര്‍മാണവും സര്‍വീസ് റോഡുകളുടെ നിര്‍മാണവും പലസ്ഥലത്തും പൂര്‍ത്തിയായിട്ടില്ല. റോഡ് ഉയര്‍ത്തുന്നതിനായി കൊണ്ടിട്ട മണ്ണ് മഴ പെയ്ത് ചെളി രൂപപ്പെടുന്ന സാഹചര്യവും പലസ്ഥലത്തുമുണ്ട്. ഇതെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പലരും പരാതിപ്പെടുന്നത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ നിര്‍മാണക്കമ്പനികള്‍ കാര്യമാക്കി എടുക്കുന്നില്ലെന്നും ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ലെന്നുമാണ് ഓച്ചിറയിലെ നാട്ടുകാരില്‍ ചിലര്‍ പറഞ്ഞത്.
പണികള്‍ക്ക് വേഗം കുറവെന്ന് നാട്ടുകാര്‍
കൊല്ലം ജില്ലയില്‍ പല സ്ഥലങ്ങളിലും പാലങ്ങളുടേത് അടക്കമുള്ള നിർമാണജോലികൾ പുരോഗമിക്കുകയാണ്. നീണ്ടകരയില്‍ നിലവിലെ പാലത്തിന് ഇരുവശത്തുമായാണ് പുതിയ പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്. ഇത്തിക്കരയില്‍ നിലവിലെ പാലത്തിന് സമാന്തരമായും ബൈപ്പാസിൽ മങ്ങാട്, കാവനാട്, നീരാവില്‍ എന്നിവിടങ്ങളിലും പാലം നിര്‍മാണത്തിനും പൈലിങ് തുടങ്ങിയിട്ടുണ്ട്. ചവറ പാലത്തിനിരുപുറവും പുതിയ പാലത്തിന്റെ പണി തുടങ്ങിയിട്ടുണ്ട്. ചരക്കുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വിവിധ സ്ഥലങ്ങളില്‍ അടിപ്പാത നിര്‍മാണവും പുരോഗമിക്കുന്നു. കല്ലുംതാഴത്ത് റെയില്‍വേ മേല്‍പ്പാലം നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികളും അതിവേഗത്തിലാണ്. ജില്ലയില്‍ കാവനാട്, കരുനാഗപ്പള്ളി, കടവൂര്‍ ജങ്ഷന്‍, എന്‍.എസ്. ആശുപത്രി ജങ്ഷന്‍, മേവറം ജങ്ഷന്‍, കൊട്ടിയം ജങ്ഷന്‍, ചാത്തന്നൂര്‍ ജങ്ഷന്‍, പാരിപ്പള്ളി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഫ്ലൈഓവര്‍ നിര്‍മിക്കുന്നത്. ചില സ്ഥലങ്ങളില്‍ എലിവേറ്റഡ് പാത വേണമെന്ന ആവശ്യം നാട്ടുകാരും ജനപ്രതിനിധികളും അടക്കം ഉന്നയിച്ചുരുന്നുവെങ്കിലും ദേശീയപാത അതോറിറ്റി ഇത് തള്ളിക്കളഞ്ഞിരുന്നു. ഇരുവശവും കെട്ടിയടച്ച് മണ്ണിട്ടുമൂടിയാകും ഫ്ലൈഓവര്‍ നിര്‍മാണം.

ഓട്ടോ സ്റ്റാൻഡിനും ബസ് ബേയ്ക്കും എന്തു സംഭവിക്കും?
കൊറ്റുകുളങ്ങര- കൊല്ലം ബൈപ്പാസ് റീച്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലും കൊല്ലം ബൈപ്പാസ്- കടമ്പാട്ടുകോണം റീച്ചിന്റെ പണികള്‍ ഒക്ടോബറിലുമാണ് ആരംഭിച്ചത്. ജില്ലയിലെ രണ്ട് റീച്ചുകളും 15 ശതമാനത്തില്‍ താഴെമാത്രമാണ് പണി പൂര്‍ത്തിയായിരിക്കുന്നത്. പണികള്‍ക്ക് വേഗം പോരെന്ന് നാട്ടുകാര്‍ക്കും പരാതിയുണ്ട്. നിര്‍മാണം തുടങ്ങിയ ശേഷം പ്രതീക്ഷിച്ചത്ര വേഗതയില്ലെന്നും പരാതിപ്പെടുകയാണ് കൊറ്റംകുളങ്ങരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ അജി കുമാര്‍. തുടക്കത്തില്‍ വളരെ വേഗത്തിലാണ് പണികള്‍ പുരോഗമിച്ചത്. എന്നാല്‍ പണി ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടതോടെ അത് മന്ദഗതിയിലായി.
റോഡ് പണി നടക്കുന്നതിനാല്‍ ബസുകള്‍ നിര്‍ത്തുന്നതിന് പ്രയാസമുണ്ട്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇതോടൊപ്പം ദേശീയപാത പുനര്‍നിര്‍മിക്കുന്നതോടെ റോഡരികിലെ ഓട്ടോറിക്ഷ, ടെമ്പോ, ടാക്സി സ്റ്റാന്‍ഡുകള്‍ ഇല്ലാതാകുമെന്ന് ആശങ്കയും അദ്ദേഹം ഉയര്‍ത്തി. പണി പൂര്‍ത്തിയാകുന്നതോടെ ഓട്ടോറിക്ഷ സ്റ്റാന്റ് മാറ്റേണ്ടിവരും. ബസുകള്‍ നിര്‍ത്താനുള്ള ബസ് ബേയും ഒഴിവാക്കും. എന്നാല്‍ എവിടേക്ക് മാറ്റുമെന്നതിനേക്കുറിച്ച് ഇപ്പോള്‍ അറിവായിട്ടില്ല. അതിനേക്കുറിച്ച് അതുവരെ അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. ഓട്ടോ സ്റ്റാന്റ് മറ്റ് എവിടേക്ക് എങ്കിലും മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഇക്കാര്യത്തിലെല്ലാം ചെറിയ തോതില്‍ ആശങ്കയുണ്ടെന്നും അജി കുമാര്‍ വ്യക്തമാക്കി.
തടസ്സമായി മണ്ണും മഴയും
മഴയും പ്രാദേശിയ പ്രശ്നങ്ങളുമാണ് പണി മന്ദഗതിയിലാക്കുന്നതെന്നണ് കൊല്ലം ബൈപ്പാസ് മുതല്‍ കടമ്പാട്ടുകോണം വരെയുള്ള കരാര്‍ ശിവാലയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലെയ്സണ്‍ എക്സിക്യൂട്ടീവ് അഭി എസ്. പ്രതികരിച്ചത്. 18 ശതമാനം വരെ പണികള്‍ ഈ റീച്ചില്‍ പൂര്‍ത്തിയായി. മഴയാണ് പ്രധാന വില്ലന്‍. അതുമൂലം മണ്ണെടുക്കുന്നതിനും തടസങ്ങളുണ്ട്. അടുത്തമാസം പകുതിയോടെ പണികള്‍ പൂര്‍ണതോതില്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങള്‍മൂലം ആറ് മാസത്തോളം പണികള്‍ താമസിച്ചിട്ടുണ്ട്. കല്ലുവാതുക്കലും ഇത്തക്കരയിലും അടക്കം സ്ഥലം ഏറ്റെടുപ്പില്‍ ചില പ്രശ്നങ്ങളുണ്ട്. ചില സ്ഥലങ്ങളില്‍ റോഡിന് കുറുകെയുള്ള വൈദ്യുത ലൈനുകള്‍ മാറ്റാനുണ്ട്. ഓടനിര്‍മാണം 50 ശതമാനത്തോളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇടവിട്ടുള്ള ചില സ്ഥലങ്ങളിലാണ് പണി ഒട്ടും തുടങ്ങാത്തത്. ചില സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന്റേയും പ്രധാന റോഡിന്റേയും നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 2025 മാര്‍ച്ചിലാണ് പണികള്‍ പൂര്‍ത്തിയാക്കേണ്ടത്. ചിലപ്പോള്‍ ഒരു നാല് മാസംകൂടി എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രങ്ങൾ: ജെയ്‌വിന്‍ ടി സേവ്യര്‍. ഗ്രാഫിക്‌സ്: ഷമീഷ് കാവുങ്ങല്‍
(തുടരും...)
നാളെ: പണിപൂര്‍ത്തിയായത് തിരുവനന്തപുരത്ത് മൂന്ന് റീച്ചുകളില്‍; ചെങ്കിളവിളയില്‍ പാതയ്ക്ക് 'സ്‌റ്റോപ്പ്'
വളവും കുന്നും നിവര്‍ന്നു, വയല്‍കിളി സമരം ചരിത്രം; കുതിക്കുന്നു NH66 | പണി തീരുന്ന പാത- 01
നഗരം തൊടാതെ കോഴിക്കോട് കടക്കാം, സിഗ്നല്‍ ഫ്രീ മലപ്പുറം - കുതിക്കുന്നു NH66 | പണിതീരുന്ന പാത 02
ഇടപ്പള്ളിയില്‍ മെട്രോയുടെ മുകളിലോ ദേശീയപാത?; മധ്യകേരളത്തിൽ മന്ദഗതി | പണി തീരുന്ന പാത 03
Content Highlights: National highway 66 development in Alappuzha, kollam and thiruvananthapuram districts
Published: 10 Aug 2023, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented