
മലബാര്‍ കടന്ന് എന്‍.എച്ച്. 66 മധ്യകേരളത്തിലേക്ക് കടക്കുമ്പോള്‍ അത്ര ശുഭകരമല്ല കാര്യങ്ങള്‍. മലബാറിനെ അപേക്ഷിച്ച് ഏറെ മന്ദഗതിയിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ജനവാസ മേഖല ഏറെയുള്ള ജില്ലയെന്ന നിലയില്‍ തൃശ്ശൂരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു ഭൂമിയേറ്റെടുക്കല്‍. പക്ഷെ, എതിര്‍പ്പുകളെ മറികടന്ന് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയെങ്കിലും നഷ്ടപരിഹാരമായി വലിയ തുക തന്നെ നല്‍കേണ്ടി വന്നു. രണ്ട് സ്‌ട്രെച്ചുകളിലായിട്ടാണ് തൃശ്ശൂരിലെ വികസന പ്രവര്‍ത്തനമെങ്കില്‍ എറണാകുളത്ത് ഒറ്റ സ്‌ട്രെച്ചില്‍ മാത്രമാണ് പണി നടക്കുന്നത്. പണി പൂര്‍ത്തിയാക്കിയ വൈറ്റില-ഇടപ്പള്ളി സ്‌ട്രെച്ചിനെ ദേശീയ പാത 66-മായി ബന്ധിപ്പിക്കും. 16.75 കിലോ മീറ്റർ ദൂരത്തിലുള്ളതാണ് വൈറ്റില-ഇടപ്പള്ളി സ്‌ട്രെച്ച്. ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട് കോം തയ്യാറാക്കുന്ന പണി തീരുന്ന പാത പരമ്പര കഴിഞ്ഞ രണ്ടു ഭാഗങ്ങളില്‍ മലബാര്‍ ജില്ലകളിലൂടെയാണ് കടന്നുപോയതെങ്കില്‍ മൂന്നാം അധ്യായത്തില്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.
വളവും കുന്നും നിവര്‍ന്നു, വയല്‍കിളി സമരം ചരിത്രം; കുതിക്കുന്നു NH66 | പണി തീരുന്ന പാത- 01
നഗരം തൊടാതെ കോഴിക്കോട് കടക്കാം, സിഗ്നല്‍ ഫ്രീ മലപ്പുറം - കുതിക്കുന്നു NH66 | പണിതീരുന്ന പാത 02.
എന്‍.എച്ച്. 66-ന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കലില്‍ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സ്ഥാനം ലഭിച്ച ജില്ലകളിലൊന്നായിരുന്നു തൃശ്ശൂര്‍. രണ്ട് റീച്ചുകളിലായി 62.01 കിലോ മീറ്ററാണ് തൃശ്ശൂരിലൂടെ പാത കടന്നുപോവുന്നത്. ഏറ്റവും കൂടുതല്‍ ജനവാസ മേഖല കടന്നുകൂടിയതും ജില്ലയില്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ നഷ്ടപരിഹാരത്തുകയിലും മുന്‍പന്തിയിലായിരുന്നു തൃശ്ശൂര്‍. പദ്ധതിയുടെ ആകെ തുക 7918.42 കോടി രൂപയായിരുന്നെങ്കിലും ഏകദേശം 5096 കോടി രൂപയാണ് ഭൂമിയേറ്റെടുക്കല്‍ നഷ്ടപരിഹാരമായി തൃശ്ശൂരിന് അനുവദിച്ചത്. ഇത് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന എന്‍.എച്ച് 66-ന്റെ വികസനത്തിന് നഷ്ടപരിഹാരമായി നല്‍കുന്ന ഏറ്റവും വലിയ തുകയാണ്. കാപ്പിരിക്കാട്-തളിക്കുളം റീച്ചില്‍ വരുന്ന 33.17 കിലോ മീറ്റർ ദൂരവും, തളിക്കുളം-കൊടുങ്ങല്ലൂര്‍ റീച്ചില്‍ വരുന്ന 28.84 കിലോ മീറ്റർ ദൂരത്തിലും സ്ഥലമേറ്റെടുപ്പുകളൊക്ക പൂര്‍ത്തിയാക്കിയെങ്കിലും മന്ദതയോടെയാണ് പണി മുന്നോട്ടുപോവുന്നത്. കാപ്പിരിക്കാട്-തളിക്കുളം റീച്ചില്‍ 13.76 ശതമാനവും തളിക്കുളം-കൊടുങ്ങല്ലൂര്‍ റീച്ചില്‍ 11.64 ശതമാനവും ജോലിയാണ് പൂര്‍ത്തിയായത്.

സെപ്റ്റംബര്‍ ഒന്നിനാണ് നിര്‍മാണ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍ രണ്ട് റീച്ചിന്റേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മറ്റും പ്രവൃത്തിയെ സാരമായി ബാധിക്കുകയായിരുന്നു. തളിക്കുളം-കൊടുങ്ങല്ലൂര്‍ റീച്ച് 2025 മാര്‍ച്ച് 15-ഓടെയാണ് പൂര്‍ത്തിയാക്കേണ്ടത്, 2025 ഫെബ്രുവരി 27-ഓടെ തളിക്കുളം-കാപ്പിരിക്കാട് റീച്ചും പൂര്‍ത്തിയാക്കണം. നിലവിലെ എന്‍.എച്ച് 17 ആണ് എന്‍.എച്ച് 66-ലേക്ക് വഴിമാറുന്നത്.
ഇരുപത് ശതമാനത്തോളമായിരുന്നു ഈ കാലയളവില്‍ തൃശ്ശൂരില്‍ പണി പൂര്‍ത്തിയാക്കേണ്ടിയിരുന്നതെങ്കിലും പ്രതികൂലമായ കാലാവസ്ഥയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കാരണം ലക്ഷ്യത്തിലേക്കെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ശിവാലയ കണ്‍സ്ട്രക്ഷന്‍ ലെയ്‌സണിങ് സീനിയര്‍ മാനേജര്‍ ബിനു അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതോടെ ബൈപ്പാസ് പ്രവൃത്തികള്‍ നിര്‍ത്തിവെച്ച് പാലങ്ങളുടേയും വയഡക്ടിന്റേയുമെല്ലാം പൈലിംഗ് ജോലികളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴ കുറയുന്നതോടെ ജോലികള്‍ വീണ്ടും വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ മൂന്ന് മാസം കൂടുമ്പോഴും പദ്ധതിയുടെ അവലോകന യോഗം വിളിക്കാറുണ്ടെന്ന് തൃശ്ശൂര്‍ എം.പി. ടി.എന്‍. പ്രതാപനും ചൂണ്ടിക്കാട്ടി. തൃശ്ശൂര്‍ ജില്ലയെ സംബന്ധിച്ച് ഉദ്യോഗസ്ഥന്‍ നേരത്തെ പറഞ്ഞ രീതിയില്‍ പ്രവൃത്തിക്ക് നേരിയ മന്ദഗതിയുണ്ടായിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്ന് അദ്ദേഹം സമ്മതിച്ചു. പ്രതികൂലമായ കാലാവസ്ഥയും അസംസ്‌കൃത വസ്തുക്കളുടെ കുറവുമാണ് പ്രശ്‌നമായത്. എന്നാലും 2025-ഓടെ തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കരാറുകാരോടും ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രതാപന്‍ പറഞ്ഞു.
മുഖം മാറ്റാന്‍ ആറ് ബൈപ്പാസുകള്‍
തൃപ്രയാര്‍, ചെന്ത്രാപ്പിന്നി, കയ്പമംഗലം, മൂന്നുപീടിക, മതിലകം, വാടാനപ്പള്ളി തുടങ്ങി ജില്ലയില്‍ ആറ് ബൈപ്പാസുകളാണ് ഉള്‍പ്പെടുന്നത്. തളിക്കുളം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഭാഗത്ത് തൃപ്രയാര്‍, ചെന്ത്രാപ്പിന്നി, കയ്പമംഗലം, മൂന്നുപീടിക ബൈപ്പാസുകളിലെ പതിനഞ്ചോളം അടിപ്പാതകള്‍ക്കും കലുങ്കുകള്‍ക്കുമുള്ള ജോലികള്‍ പുരോഗമിക്കുന്നുണ്ട്. ജില്ലയിലെ ഏറ്റവും നീളമേറിയ മതിലകം ബൈപ്പാസ്, മതിലകം പഞ്ചായത്തിലെ പുന്നക്ക ബസാറില്‍ ആരംഭിച്ച് ശ്രീനാരായണപുരം, വെളുത്തകടവ് ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നാല് അടിപ്പാതകളാണ് ഈ ബൈപ്പാസില്‍ ഉണ്ടാവുക.
തികച്ചും ജനവാസകേന്ദ്രങ്ങളിലൂടെ 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഒരുങ്ങിയപ്പോള്‍ ഗ്രാമങ്ങളുടെ മുഖച്ഛായതന്നെ മാറി. കുളങ്ങളും തോടുകളും ചതുപ്പുകളും നിറഞ്ഞ സ്ഥലങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡിനായി ഒരുങ്ങിയപ്പോള്‍ പല സ്ഥലങ്ങളും കണ്ടാല്‍ അറിയാത്തവിധം മാറിപ്പോയി. റീച്ചില്‍ ഉള്‍പ്പെട്ട ആറ് ബൈപ്പാസുകളിലും ഒരേസമയമാണ് ജോലികള്‍ നടന്നത്. പക്ഷെ, മഴ തടസ്സമായിരിക്കുകയാണ്. തൃപ്രയാര്‍, ചെന്ത്രാപ്പിന്നി സെന്റര്‍, കയ്പമംഗലം, മൂന്നുപീടിക, പെരിഞ്ഞനം, പുതിയകാവ്, മതിലകം പള്ളിനട, മതിലകം സെന്റര്‍, ശ്രീനാരായണപുരം സെന്റര്‍ എന്നിവിടങ്ങളിലെ കച്ചവടകേന്ദ്രങ്ങള്‍ അതേപടി നിലനിര്‍ത്തിയാണ് ബൈപ്പാസ് നിര്‍മാണം പുരോഗമിക്കുന്നത്. ആദ്യറീച്ചില്‍ 55.868 കിലോ മീറ്റര്‍ സര്‍വീസ് റോഡുണ്ടാകും. 8.19 കിലോ മീറ്ററാണ് ബൈപാസുകളുടെ ദൂരം. രണ്ടാം റീച്ചില്‍ 52.130 കിലോ മീറ്ററാണ് സര്‍വീസ് റോഡ്. ഏഴ് ബസ് ബേ, 59 ബസ് ഷെല്‍റ്റര്‍, രണ്ട് ട്രക്ക് ലേ ബേ എന്നിവയുമുണ്ടാകും.
നൊട്ടോറിയസ് റോഡെന്ന ഖ്യാതി മാറ്റാന്‍ എറണാകുളം
ഒരു പക്ഷെ, കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടന്ന സ്ഥലങ്ങളിലൊന്നാണ് കൊടുങ്ങല്ലൂര്‍ മുതല്‍ എറണാകുളം ജില്ലയിലെ ഇടപ്പള്ളി വരെയുള്ള ഭാഗം. അതുകൊണ്ടുതന്നെ 'നൊട്ടോറിയസ് റോഡ്' എന്ന വിളിപ്പേരുമുണ്ട്. ഇതിലൂടെയാണ് എന്‍.എച്ച്. 66 പുതിയ രൂപത്തിലെത്തുന്നത്. റോഡ് യാഥാര്‍ഥ്യമാവുന്നതോടെ അപകട വാര്‍ത്തകള്‍ക്ക് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എറണാകുളത്തുകാര്‍. ആകെയുള്ള 44.78 കിലോ മീറ്റർ കടന്ന് പോവുന്ന ജില്ലയിലെ എന്‍.എച്ച് 66-ലേക്ക് 16.75 കിലോ മീറ്റർ ദൂരത്തിലുള്ള അഴിയൂര്‍-വൈറ്റില-ഇടപ്പള്ളി സ്‌ട്രെച്ചിനെ ബന്ധിപ്പിച്ചതോടെ 26.03 കിലോ മീറ്റർ ഉള്ള ഇടപ്പള്ളി-കൊടുങ്ങല്ലൂര്‍ സ്‌ട്രെച്ചില്‍ മാത്രമാണ് പ്രവൃത്തി നടത്തേണ്ടത്.

ഡ്രെയ്നേജ് നിര്‍മാണം, ഭൂമി നിരപ്പാക്കല്‍, മേല്‍പ്പാലങ്ങളുടെ നിര്‍മാണം എന്നിവയെല്ലാം പുരോഗമിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായത് ഇവിടേയും ബാധിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ മാസത്തോടെയാണ് സ്‌ട്രെച്ച് പൂര്‍ത്തിയാക്കേണ്ടത്. നിലവില്‍ 6.05% ജോലിയാണ് ഇവിടെ പൂര്‍ത്തിയായത്. എന്‍.എച്ചിന്റെ നിര്‍മാണത്തിനായി 3119.94 കോടി രൂപയാണ് എറണാകുളത്തിന് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 1447 കോടി രൂപയോളം ഭൂമിയേറ്റെടുക്കലിനായിട്ടാണ്. ആകെ 32.5 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇതില്‍ 1200 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി.
26.03 കിലോ മീറ്റർ വരുന്ന പാതയില്‍ അഞ്ച് മേല്‍പാലങ്ങള്‍, നാല് വലിയ പാലങ്ങള്‍, ആറ് ചെറിയ പാലങ്ങള്‍, ചെറിയ വാഹനങ്ങള്‍ക്കുള്ള മൂന്ന് അണ്ടര്‍പാസുകള്‍, ഒരു റെയില്‍വേ മേല്‍പ്പാലം, ഒരു വെഹിക്കുലര്‍ ഓവര്‍പാസ്, ആറ് വെഹിക്കുലര്‍ അണ്ടര്‍പാസ് എന്നിവയെല്ലാമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പിന്റെ 17.7 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. ഇടപ്പള്ളി, ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡ് സിഗ്നല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് രണ്ട് ദേശീയപാതകളും സംഗമിക്കുന്നത്.
കൊടുങ്ങല്ലൂര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള 26 കിലോ മീറ്റര്‍ സ്‌ട്രെച്ചില്‍ ഓറിയന്റല്‍ സ്ട്രക്ചറല്‍ എന്‍ജിനീയേഴ്‌സ് കമ്പനിയ്ക്കാണ് ചുമതല. പലയിടത്തും നിലവിലെ റോഡിന് ഇരുവശത്തേയ്ക്കും വീതി കൂട്ടി ആറു വരി ഹൈവേയും സര്‍വീസ് റോഡുകളുമടക്കം 45 മീറ്ററിലാണ് നിര്‍മാണം. എന്നാല്‍, മെറ്റലിന്റെ ലഭ്യതക്കുറവ് വലിയ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ആവശ്യമായ കരിങ്കല്ല് ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ചാലക്കുടിയിലുള്ള കരിങ്കല്‍ ക്വാറി അനുവദിച്ചു നല്‍കുമെന്നായിരുന്നു ഉറപ്പ്. ഇതേത്തുടര്‍ന്ന് ചാലക്കുടി കുറ്റിച്ചിറ കൊടശ്ശേരി പഞ്ചായത്തില്‍ കരാര്‍ കമ്പനി പാട്ടത്തിനെടുത്ത സ്ഥലത്ത് ക്രഷര്‍ യൂണിറ്റും സ്ഥാപിച്ചു. ക്വാറി അനുവദിച്ചാലേ ആവശ്യത്തിന് കരിങ്കല്ല് സംഭരിച്ച് ക്രഷര്‍ യൂണിറ്റില്‍ വിവിധ വലുപ്പത്തിലുള്ള മെറ്റലുകള്‍ ഉണ്ടാക്കുവാന്‍ കഴിയൂ. ഇപ്പോഴത്തെ നിലയില്‍ ശക്തമായ മഴയ്ക്കു ശേഷം സെപ്റ്റംബറില്‍ റോഡ് നിര്‍മാണം തുടങ്ങാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന് ഏറ്റവും ആവശ്യം മെറ്റല്‍ തന്നെയാണ്. ആറു വരി പാതയായതിനാല്‍ ക്വാറി കിട്ടിയാലേ ഇതിനാവശ്യമായ മെറ്റലും സംഭരിക്കാനാകൂ. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നാണ് മെറ്റല്‍ കൊണ്ടുവരുന്നത്. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. മെറ്റലിന്റെ വിലയും ഇരട്ടിയിലേറെ വരുന്നു.

ഒക്ടോബറില്‍ പണിതുടങ്ങി ഒമ്പതു മാസം പിന്നിട്ടിട്ടും ആവശ്യത്തിന് മെറ്റല്‍ ലഭിക്കാത്തതു മൂലം നിര്‍മാണ തടസ്സമുണ്ടെന്ന് കരാറെടുത്ത ഡല്‍ഹി ഓറിയന്റല്‍ സ്ട്രക്ചറല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 2025-ല്‍ റോഡു പണി പൂര്‍ത്തിയാക്കി നല്‍കണമെന്നാണ് കരാര്‍ വ്യവസ്ഥ. മെറ്റല്‍ പ്രതിസന്ധി അനിശ്ചിതമായി തുടര്‍ന്നാല്‍ നിശ്ചിതസമയത്ത് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമെന്നാണ് കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊടുങ്ങല്ലൂര്‍ മുതല്‍ മൂത്തുകുന്നംവരെ നിലവിലുള്ള പാത തന്നെയാണ് ആറു വരിയായി വികസിപ്പിക്കുന്നത് . മൂത്തുകുന്നം ക്ഷേത്രത്തിനു സമീപത്തുനിന്ന് നിലവില്‍ തെക്കു വശത്തു കൂടിയുള്ള വണ്‍വേ ആണ് വികസിപ്പിക്കുന്നത്. എന്നാല്‍, ലേബര്‍ ജംഗ്ഷനു തൊട്ടുമുന്‍പുള്ള വലിയ വളവില്‍നിന്ന് തെക്കോട്ട് പൂര്‍ണമായും പുതിയ ഭൂമിയിലൂടെയാണ് നിര്‍മാണം. ജനവാസകേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കി നിലവിലെ ദേശീയപാതയ്ക്ക് പടിഞ്ഞാറു വശത്തു കൂടിയാണ് പുതിയ പാത സഞ്ചരിക്കുക. പറവൂര്‍ പട്ടണം റോഡ് മുറിച്ചുകടന്ന് നീണ്ടൂര്‍ ചിറ്റാട്ടുകര ജുമാ മസ്ജിദിനു പിന്നിലൂടെ കടന്നു പോകുമ്പോള്‍ നിലവിലെ പാതയില്‍ നിന്ന് 100 മീറ്റര്‍ മാത്രമായിരിക്കും വ്യത്യാസമുണ്ടാകുക. ഇവിടെ നിന്ന് പറവൂര്‍ ടൗണിനെ ബൈപ്പാസ് ചെയ്ത് ദേശീയപാത കടന്നുപോകും. പറവൂര്‍ ടൗണിനു പിന്നിലേയ്ക്ക് പ്രവേശിക്കുന്നതിനു മുന്‍പ് നിലവിലെ പാലത്തിനു 200 മീറ്ററോളം തെക്കോട്ടു മാറി ആറു വരികളുള്ള പുതിയ പാലവും നിര്‍മിക്കും.
ഡോണ്‍ബോസ്‌കോ പള്ളിയ്ക്ക് പിന്നിലൂടെ കടന്നുപോകുന്ന പുതിയപാത പറവൂരിനെയും ചെറായിയെയും ബന്ധിപ്പിക്കുന്ന റിപ്പബ്ലിക് റോഡും മുറിച്ചുകടക്കും. തോന്ന്യകാവ് പിന്നിട്ട് വഴിക്കുളങ്ങരയില്‍ ഫ്‌ലൈഓവര്‍ വഴി നിലവിലെ ദേശീയപാതയില്‍ പ്രവേശിക്കും. ഇവിടെയും തോന്ന്യകാവിലും അണ്ടര്‍പാസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഒന്നേകാല്‍ കിലോ മീറ്ററോളം നിലവിലെ പാത ആറുവരിയായി വികസിപ്പിക്കുമെങ്കിലും ചെറിയപ്പിള്ളിയില്‍ വെച്ച് വീണ്ടും പുതിയ പാത വഴിമാറും. ഇടതുവശത്തേയ്ക്കുള്ള കൊടുംവളവ് ഒഴിവാക്കി നേരെ സഞ്ചരിക്കുന്ന ആറുവരിപ്പാത തെക്കുകിഴക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് വള്ളുവള്ളി പള്ളിയ്ക്ക് മുന്‍പായി നിലവിലെ പാത മുറിച്ചുകടക്കും. ഇവിടെയും അണ്ടര്‍പാസ് ആരംഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ മൂന്ന് തട്ടുകളിലായി ഗതാഗത സംവിധാനമുള്ള ഇടപ്പള്ളിയില്‍ എന്‍.എച്ച്. 66 വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. താഴെ റോഡും അതിന് മുകളില്‍ മേല്‍പ്പാലവും അതിന് മുകളില്‍ മെട്രോയുമാണ് നിലവിലെ സംവിധാനം. എന്‍.എച്ച്. 66 യാഥാര്‍ഥ്യമാവുമ്പോള്‍ ഇതിനും മുകളിലൂടെ റോഡ് നിര്‍മിക്കുമെന്ന സംവിധാനമാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതിനായി സ്പീഡ് ബാക്ക് ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ രൂപരേഖ തയ്യാറാക്കി ദേശീയപാത അതോറ്റിക്ക് നല്‍കിയിരുന്നുവെങ്കിലും വലിയ എതിര്‍പ്പ് ഉയര്‍ന്നു. ഇതോടെ റൗണ്ട് എബൗട്ട് എന്ന കണക്കുകൂട്ടലിലാണ് നിലവിലുള്ളത്. ഈ സ്ഥലങ്ങളിലെ മേല്‍പ്പാലങ്ങള്‍, മെട്രോ ട്രെയിന്‍ പാത എന്നിവകൂടി കണക്കിലെടുത്താവും നിര്‍മാണം. ആറു വരിയില്‍ ഇപ്പോള്‍ പണിയുന്ന ദേശീയപാത ഇടപ്പള്ളിയിലെത്തിയാല്‍ നിലയ്ക്കും. ഗതാഗത സാന്ദ്രതയേറിയ ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 16.75 കിലോ മീറ്റര്‍ നാലുവരിപ്പാതയാണ്. അതുകൊണ്ടുതന്നെ റോഡ് ഗതാഗതം സുഗമമാക്കാന്‍ പുതിയ വഴി തേടണം.
ജില്ലയില്‍ ദേശീയപാത 66 യാഥാര്‍ഥ്യമാവുന്നതോടെ മണിക്കൂറുകളോളമുള്ള കുരുക്കിനും റോഡപകടത്തിനുമാണ് പരിഹാരമാവുക. സമയവും ഇന്ധനവും ലാഭിക്കാം. ഇടപ്പള്ളിയില്‍നിന്ന് കൊടുങ്ങല്ലൂരിലേക്ക് നിലവില്‍ രണ്ട് മണിക്കൂറോളം സമയമെടുക്കുമെങ്കില്‍ പുതിയപാത യാഥാര്‍ഥ്യമാവുന്നതോടെ അര മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്താന്‍ കഴിയും.
(തുടരും)
നാളെ: 12.75 കിലോ മീറ്ററിൽ ആറ് വരി ഉയരപ്പാത; അരൂർ മുതൽ കഴക്കൂട്ടം വരെ സംഭവിച്ചതെന്ത്?
Content Highlights: NH 66 develepment thrissur ernakulam
Published: 09 Aug 2023, 04:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented