ആലപ്പുഴ: വ്യാപാര കമ്മിഷൻ നിയന്ത്രിച്ചതിലൂടെ വില കുറയുന്ന ബ്രാൻഡഡ് മരുന്നുകളുടെ പട്ടിക ദേശീയ വിലനിയന്ത്രണ സമിതി വീണ്ടും പുതുക്കി. 543 ഇനത്തിന്റെ പട്ടിക 643 ആക്കി. ഇതിൽ 159 മരുന്നിന്റെ വിലയിൽ മാറ്റമില്ലെന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. വിലനിയന്ത്രണത്തിന് കൂടുതൽ ഫലപ്രദവും ശാസ്ത്രീയവുമായ മാർഗം തേടണമെന്ന് പൊതുജനാരോഗ്യ സംഘടനകൾ ആവശ്യപ്പെടുന്നു.

To advertise here,

70 ശതമാനത്തിലധികം വില കുറയുന്നതായി പട്ടികയിൽ വ്യക്തമാക്കിയിട്ടുള്ളത് 124 ഇനങ്ങൾക്കു മാത്രമാണ്. 50 മുതൽ 70 വരെ ശതമാനം വില കുറയുന്ന മരുന്നുകളാണ് പട്ടികയിൽ കൂടുതലുള്ളത്- 151 എണ്ണം. 10 ശതമാനം വരെ വില കുറയുന്ന 45 മരുന്നിനങ്ങളുണ്ട്. എല്ലാം മരുന്നിന്റെയും ശരാശരി എടുത്താൽ 38.2 ശതമാനം മാത്രമാണു വിലക്കുറവ്.

ഏറെ വിലയുള്ള മരുന്നുകളുടെ നിരക്കിൽ കാര്യമായ മാറ്റമില്ലെന്നതാണ് പൊതുജനാരോഗ്യ പ്രവർത്തകർ ഉന്നയിക്കുന്ന പ്രധാന വിമർശനം. 60 എണ്ണത്തിന്റെ ഒരു പാക്കറ്റിന് 10,21,992 രൂപ വിലയുള്ള കോസെലുഗോ എന്ന മരുന്നിന് വിലയിൽ ഒരു മാറ്റവുമില്ല. ന്യൂറോ ഫൈബ്രോമാറ്റോസിസ് എന്ന രോഗാവസ്ഥയ്ക്കെതിരേയുള്ള മരുന്നാണിത്.

ഇത്തരത്തിൽ ലക്ഷത്തിനു മുകളിൽ രൂപ വിലയുള്ള പല മരുന്നുകളുടെയും നിരക്കിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല. മരുന്നുകളെ മൊത്തത്തിലെടുത്ത് വ്യാപാര കമ്മിഷൻ കുറയ്ക്കാൻ ശ്രമിക്കുന്നത് ശാസ്ത്രീയമല്ലെന്ന വാദമുണ്ട്. പരമാവധി വിലയും വിതരണക്കാർക്കു കൊടുക്കുന്ന വിലയും നിർമാണവിലയും ശാസ്ത്രീയമായി വിലയിരുത്തി ഇടപെടൽ നടത്തിയാലേ വിലനിയന്ത്രണം ഫലപ്രദമാകൂവെന്നതാണ് ഇവരുടെ വാദം.