തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി' സർക്കാർ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകാൻ സർക്കാർ തീരുമാനിച്ചു. ആർത്തവ അവധി എടുക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക 'ക്യാച്ച്-അപ്പ് ക്ലാസുകൾ' ഉറപ്പാക്കും.

To advertise here,

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി ഉറപ്പാക്കുമെന്നും, ജോലിസ്ഥലങ്ങളിൽ തുല്യവേതനം നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ, 50-ൽ കൂടുതൽ സ്ത്രീ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഡേ-കെയർ സെന്ററുകളും ക്രഷുകളും നിർബന്ധമാക്കും.

സംസ്ഥാനത്തെ സ്ത്രീസൗഹൃദമാക്കുന്നതിനൊപ്പം കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ 'അനാഥരഹിത സംസ്ഥാനമാക്കി' (Orphan-free state) മാറ്റാനുള്ള ബൃഹത്തായ പദ്ധതിയും സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി മിഷൻ മോഡ് ദത്തെടുക്കൽ കാമ്പെയ്‌നുകളും പരിശീലനം ലഭിച്ച ഫോസ്റ്റർ കുടുംബങ്ങളുടെ ശൃംഖലയും രൂപീകരിക്കും.

സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര സ്ഥിരമായ അവകാശമാക്കി മാറ്റുകയും കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുകയും ചെയ്യുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.