ആർത്തവകാല പ്രശ്നങ്ങളേക്കുറിച്ച് പരാതിപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരികയാണ്. ജീവിതരീതിയും ഭക്ഷണരീതിയുമൊക്കെ ആർത്തവത്തെ ബാധിക്കുന്നതായി വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴിതാ ആ​ഗോളതലത്തിൽ പ്രീമെൻസ്ട്ര്വൽ  ഡിസ്ഫോറിക് ഡിസോർഡർ(പി.എം.ഡി.ഡി.) എന്ന അവസ്ഥ അനുഭവിക്കുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും എണ്ണം കൂടുതലാണെന്ന് വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്.  ആ​ഗോളതലത്തിൽ ഏകദേശം മൂന്നിലധികം കോടി സ്ത്രീകളും പെൺകുട്ടികളും ഈ പ്രശ്നവുമായി ജീവിക്കുന്നുണ്ടെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്. 

To advertise here,

ഓക്‌സ്ഫഡ്‌ സർവകലാശാലയിലെ സൈക്യാട്രി വിഭാ​ഗത്തിൽനിന്നുള്ള ഡോ. തോമസ് റെയ്‌ലിയാണ് പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. അഫെക്റ്റീവ് ഡിസോർഡേഴ്സ് ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രീമെൻസ്ട്ര്വൽ  ഡിസ്ഫോറിക് ഡിസോർഡർ അനുഭവിക്കുന്ന സ്ത്രീകളേയും പെൺകുട്ടികളേയും നിരീക്ഷിച്ചാണ് പഠനം നടത്തിയത്. 

പ്രീമെൻസ്ട്ര്വൽ സിൻഡ്രോം (പി.എം.എസ്.) എന്ന അവസ്ഥയുടെ കുറച്ചുകൂടി ​​ഗുരുതരമായ അവസ്ഥയാണ് പി.എം.ഡി.ഡി. കരുതലും ചികിത്സയും തേടേണ്ടത് അത്യാവശ്യവുമാണ്. മരുന്നിനൊപ്പം ജീവിതരീതിയിലെ മാറ്റവും സുപ്രധാനമാണ്. ആർത്തവമാകുന്നതിന് ഒന്നോ രണ്ടോ ആഴ്ച്ചമുമ്പ് സ്ത്രീകൾ അനുഭവിക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങളെയാണ് പ്രീമെൻസ്ട്ര്വൽ സിൻഡ്രോം എന്നു പറയുന്നത്. വയറുവീർക്കുക, തലവേദന, വിഷാദം തുടങ്ങിയവ പ്രകടമാകാം.

സൈക്യാട്രിസ്റ്റുകൾക്കും മെഡിക്കൽ വിദ്യാർഥികൾക്കുംവരെ പ്രസ്തുത സാഹചര്യത്തേക്കുറിച്ച് മതിയായ പരിശീലനം ലഭിക്കുന്നില്ലെന്നും തോമസ് റെയ്‌ലി പറയുന്നു. രോ​ഗം തിരിച്ചറിയപ്പെടാതെ പോകുന്നവരിൽ ആത്മഹത്യാചിന്തകൾ വരെ ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു. 

ചികിത്സിച്ചു ഭേദമാക്കാവുന്ന ഈ അവസ്ഥയേക്കുറിച്ച് മതിയായ അവബോധവും പരിശീലനവും ആരോ​ഗ്യ പ്രവർത്തകർക്ക് ലഭിച്ചിരിക്കണമെന്നാണ് തങ്ങളുടെ പഠനം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് ഭൂ​ഖണ്ഡങ്ങളിൽ നിന്നുള്ള  50,659 സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. സ്ത്രീകളുടെ ശാരീരിക മാനസികാരോ​ഗ്യം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമായി കണ്ട് നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രീ മെൻസ്ട്ര്വൽ  ഡിസ്ഫോറിക് ഡിസോർഡർ ?

പി.എം.എസിന്റെ ​ഗുരുതരമായ അവസ്ഥയാണ് പ്രീമെൻസ്ട്ര്വൽ  ഡിസ്ഫോറിക് ഡിസോർഡർ. പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളേയാണ് ബാധിക്കുന്നത്. പി.എം.ഡി.ഡി.യുടെ യഥാർഥ കാരണം എന്താണെന്നതു സംബന്ധിച്ച ​ഗവേഷണങ്ങൾ നടന്നുവരികയാണ്. ഓരോ ആർത്തവ ചക്രത്തിലുമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയുടെ അസ്വാഭാവിക പ്രതികരണമാകാം എന്നും കരുതുന്നുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ സെറോടോണിൻ ഉത്പാദനം കുറയ്ക്കാം. ഇതും മാനസികാരോ​ഗ്യത്തെ ബാധിക്കാം. 

ലക്ഷണങ്ങൾ

ആർത്തവത്തിന് ഒരാഴ്ച്ച മുമ്പു തുടങ്ങി ആർത്തവം തുടങ്ങി ഏതാനും ദിവസങ്ങൾ കൂടി നീണ്ടുനിൽക്കുന്ന രീതിയിലാണ് ലക്ഷണങ്ങൾ പ്രകടമാവുക. ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളെപ്പോലും ബാധിക്കാം. അസ്വസ്ഥത, ദേഷ്യം, ഉറക്കക്കുറവ്, വിഷാദം, ശ്രദ്ധക്കുറവ്, അമിതക്ഷീണം, ഉത്കണ്ഠ, ആശയക്കുഴപ്പം, ആർത്തവകാലത്ത് വണ്ണംവെക്കൽ, കൈകാലുകളിലെ വീക്കം, കാഴ്ച്ചസംബന്ധമായ പ്രശ്നങ്ങൾ, അടിവയറിൽ കടുത്തവേദന, വയറുവീർക്കുക, മലബന്ധം, ഛർദി, ഓക്കാനം, പുറംവേദന, ചർമം ചൊറിഞ്ഞു തടിക്കൽ, തലവേദന, തലചുറ്റൽ, അമിതമായ ചൂട്, ലൈം​ഗിക താൽപര്യക്കുറവ്, വേദനാജനകമായ ആർത്തവം തുടങ്ങിയവ ലക്ഷണങ്ങളാണ്. 

ലക്ഷണങ്ങൾ പ്രകടമായാൽ വിദ​ഗ്ധസഹായം തേടുകയും ആവശ്യമെങ്കിൽ ചികിത്സ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. മരുന്നുചികിത്സയ്ക്കൊപ്പം ഭക്ഷണരീതിയിലെ മാറ്റം, വ്യായാമം, സമ്മർദം കൈകാര്യം ചെയ്യാനുള്ള മാർ​ഗങ്ങൾ തുടങ്ങിയവയും പാലിക്കേണ്ടതാണ്.