ആദ്യ ആർത്തവത്തിന്റെ അനുഭവം പങ്കുവെച്ച് ബോളിവുഡ് ഗായിക ജാസ്മിൻ സാൻഡ്ലാസ്. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് ആർത്തവത്തേക്കുറിച്ച് തനിക്ക് അവബോധം കുറവായിരുന്നുവെന്നും ആദ്യമായി ആർത്തവമുണ്ടായപ്പോൾ ഭയം തോന്നിയെന്നും പറഞ്ഞത്.

To advertise here,

തനിക്ക് ആദ്യമായി ആർത്തവമുണ്ടാകുന്നതുവരെ അതേക്കുറിച്ച് വീട്ടിൽ സംസാരിക്കുന്നതേ കേട്ടിട്ടില്ലെന്ന് ജാസ്മിൻ പറയുന്നു. സ്കൂളിൽ ഈ വിഷയം കേട്ടിട്ടുണ്ടെങ്കിലും തനിക്ക് ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ മാനസികമായി ഒട്ടും തയ്യാറായിരുന്നില്ലെന്നും ജാസ്മിൻ പറയുന്നുണ്ട്.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആർത്തവമുണ്ടായതെന്ന് ജാസ്മിൻ പറയുന്നു. ആദ്യമായി ആർത്തവമുണ്ടായപ്പോൾ കാൻസറാണോ എന്നാണ് കരുതിയത്. മരിക്കാൻ പോവുകയാണെന്നു കരുതി ഏറെ ഭയന്നു. അമ്മയോട് എങ്ങനെ പറയണമെന്നുപോലും അറിയില്ലായിരുന്നുവെന്നും ജാസ്മിൻ പറയുന്നു.

തന്നെപ്പോലെ നിരവധി പെൺകുട്ടികൾ ഭയന്നിട്ടുണ്ടാകുമെന്നും അതിനുകാരണം അവർക്ക് ആർത്തവത്തേക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണെന്നും ജാസ്മിൻ പറഞ്ഞു. ആർത്തവം എന്നത് മനോഹരമായ കാര്യമാണ്. പക്ഷേ നിങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിയുന്നില്ലെങ്കിൽ അത് ഭയപ്പെടുത്തുന്ന അനുഭവമായി മാറാമെന്നും ഗായിക പറഞ്ഞു.

ആർത്തവത്തേക്കുറിച്ച് മാതാപിതാക്കൾ മടികൂടാതെ മക്കളോടു സംസാരിക്കണമെന്നും ആദ്യമായി ആർത്തവമുണ്ടാകുന്നതിനു മുമ്പ് അവർ അതേക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു.

സൽമാൻ ഖാന്റെ 'കിക്ക്' എന്ന ചിത്രത്തിലെ 'യാർ ന മിലേ' എന്ന ഗാനത്തിലൂടെയാണ് ജാസ്മിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സ്ട്രീറ്റ് ഡാൻസർ 3ഡി-യിലെ ഇല്ലീഗൽ വെപ്പൺ 2.0, മുൻജ്യയിലെ 'തരസ് നി ആയ തുജ്കോ', തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ ശ്രദ്ധേയമായി.

അടുത്തിടെ ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനായി പുറത്തിറങ്ങിയ 'ധുരന്ധർ' (Dhurandhar), അതിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ ദി റിവഞ്ച്' എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ഗായിക വലിയ ജനപ്രീതി നേടുകയും ചെയ്തു.