പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ പറയുന്നത്. ആഹാരരീതിയും ഹോർമോൺ അസന്തുലിതാവസ്ഥയും വ്യായാമക്കുറവുമൊക്കെ പിസിഒഎസിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. എന്നാൽ പലപ്പോഴും ഭാരം കൂടുന്നതും ആർത്തവ തകരാറുകളും മുഖക്കുരുവുമൊക്കെ മാത്രമാണ് പിസിഒഎസിന്റെ പ്രശ്നങ്ങളെന്ന് കരുതി നിസ്സാരമാക്കുന്നവരുണ്ട്. ഇപ്പോഴിതാ പിസിഒഎസ് സംബന്ധിച്ച അവബോധം കൂടുതൽ ഗൗരവമുള്ളതാക്കാൻ പിഎംഒസ് അഥവാ പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം എന്ന് ഈ അവസ്ഥ അറിയപ്പെടണമെന്ന് പറയുകയാണ് ഗവേഷകർ.
ഇതുസംബന്ധിച്ച് മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനറിപ്പോർട്ട് ദി ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടും ഏകദേശം 8 ൽ 1 സ്ത്രീകളെ ബാധിക്കുന്നു വിഷയത്തെ കൂടുതൽ ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ടെന്ന് കണ്ടാണ് പേരുമാറ്റത്തിനുള്ള നിർദേശം.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്ന പേര് കേൾക്കുമ്പോൾ അണ്ഡാശയത്തിലെ സിസ്റ്റുകളെക്കുറിച്ചുള്ള ഒരു അവസ്ഥ മാത്രമാണെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. എന്നാൽ പല സ്ത്രീകളിലും പിസിഒഎസ് രോഗനിർണയം നടത്തിയപ്പോഴും അണ്ഡാശയത്തിൽ അസാധാരണമായ സിസ്റ്റുകൾ കണ്ടെത്തിയില്ല. അണ്ഡാശയങ്ങൾക്ക് അപ്പുറം പലവിധ ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ആരോഗ്യപ്രശ്നം എന്നതുകൊണ്ടുകൂടിയാണ് ആ രീതിയിൽ പേരു മാറ്റണമെന്ന വാദമുയർന്നത്. നിസ്സാരമായി കണക്കാക്കുന്നതു കൊണ്ടുതന്നെ പലപ്പോഴും രോഗനിർണയം വൈകുകയോ മറ്റ് സങ്കീർണതകളിലേക്ക് നയിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാം.
ആർത്തവ തകരാറുകൾക്കൊപ്പം പ്രത്യുത്പാദനക്ഷമത, ശരീരഭാരം കൂടുക, ചർമ്മം, മാനസികാരോഗ്യം, രക്തത്തിലെ ഷുഗറിന്റെ അളവിൽ വ്യതിയാനം, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയെ ബാധിക്കുന്ന ഒരു സങ്കീർണ്ണമായ ഹോർമോണൽ, മെറ്റബോളിക് ഡിസോർഡർ ആണിതെന്നും ആ രീതിയിൽ തന്നെ ഗൗരവകരമായി വിഷയത്തെ സമീപിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ശരീരത്തിലെ ഒന്നിലധികം ഹോർമോണുകളെ ബാധിക്കുന്ന അവസ്ഥ എന്നതാണ് പോളിഎൻഡോക്രൈൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മെറ്റബോളിക് എന്നത് ശരീരഭാരം, ഇൻസുലിൻ, രക്തത്തിലെ ഷുഗർ, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ഓവറി എന്നത് പ്രത്യുത്പാദന ആരോഗ്യം, അണ്ഡോത്പാദനം എന്നിവയേക്കുറിച്ചും സിൻഡ്രോം എന്നാൽ ഒരുമിച്ച് സംഭവിക്കുന്ന ലക്ഷണങ്ങളുടെ ഒരു കൂട്ടത്തേയും സൂചിപ്പിക്കുന്നു.
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നമായാണ് പിഎംഒഎസിനെ കണക്കാക്കേണ്ടതെന്ന് ഗവേഷകർ പറയുന്നു. ഗവേഷകർ, ഡോക്ടർമാർ, ലോകമെമ്പാടുമുള്ള രോഗികൾ എന്നിവരെ പങ്കെടുപ്പിച്ച് 22,000-ൽ അധികം സർവേ പ്രതികരണങ്ങൾ ആധാരമാക്കിയാണ് പതിനാല് വർഷം നീണ്ട വിലയിരുത്തലിനൊടുവിൽ പേരുമാറ്റുന്നതാണ് അഭികാമ്യമെന്ന് കണ്ടെത്തിയത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ പേര് ലോകമെമ്പാടും ക്രമേണ അവതരിപ്പിക്കുമെന്നും 2028- ഓടെ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളിൽ പൂർണ്ണമായി നടപ്പാക്കുമെന്നുമാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ യുവതികൾക്കിടയിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സ്ഥിരീകരിക്കുന്നതിന്റെ നിരക്ക് വ്യാപകമായി കൂടുന്നുവെന്ന് അടുത്തിടെ മറ്റൊരു പഠനം വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ഏകദേശം 44 ദശലക്ഷം സ്ത്രീകൾ പിസിഒഎസുമായി ജീവിക്കുന്നവരാണ്. അമിതവണ്ണം, ഇൻസുലിൻ പ്രതിരോധം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, മെറ്റബോളിക് സിൻഡ്രോം തുടങ്ങി നിരവധി അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്കും പിസിഒഎസ് കാരണമാകുന്നുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടാസ്ക് ഫോഴ്സിന് കീഴിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയത്.
എന്താണ് പി.സി.ഒ.എസ് ?
അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പി.സി.ഒ.എസ്) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്.
അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.എസ്. കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.
ഏത് പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിനനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാൽ സ്ഥിരമായും പൂർണമായും ലക്ഷണങ്ങളിൽ നിന്നും മുക്തമാകാനുള്ള മരുന്നുകൾ ലഭ്യമല്ല. എന്നാൽ കൃത്യമായ ജീവിതശെെലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കും.
ആർത്തവ കൃത്യതയ്ക്കായി ഹോർമോൺ കോമ്പിനേഷനുകൾ സഹായകരമാകുന്നു. വന്ധ്യത പ്രശ്നമാകുമ്പോൾ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകൾ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളർച്ച, കറുത്ത പാടുകൾ മുതലായവയ്ക്ക് ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം.
കാരണങ്ങൾ അറിയാം
- ജനിതക പാരമ്പര്യ കാരണങ്ങൾ.
- തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും.
- ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും വരാം.
- നിരവധി കാരണങ്ങൾ പിസിഒഎസിന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
ലക്ഷണങ്ങൾ
ആർത്തവ ക്രമത്തിലെ ഏറ്റക്കുറച്ചിലുകളാണ് പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതുപോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാൽ, ഫൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല.
ചികിത്സ
ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഎസ് ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്‌കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.
ഭക്ഷണത്തിൽനിന്നും ഇവ ഒഴിവാക്കുക
ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.
Published: 13 May 2026, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented