
അന്നെന്നെ കാണാൻ വന്ന ആ സുന്ദരിക്കുട്ടിയെ കണ്ട് ഞാൻ തന്നെ അതിശയിച്ചു. ഏഴു വയസ്സുള്ള ഒരു പെൺകുട്ടി. അമ്മയുടെ കൂടെയാണ് ആ കുഞ്ഞ് ഹോസ്പിറ്റലിലേക്കു വന്നത്. അവൾക്ക് എച്ച്.പി.വി വാക്‌സിനേഷൻ (Human papillomavirus vaccine) വേണമത്രേ. HPV വാക്സിനേഷിനെ കുറിച്ച് ഒരുപാട് ക്ലാസ് നടത്താറുണ്ടെങ്കിലും എഴുതാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒമ്പതു വയസ്സിൽ കുറഞ്ഞ ഒരു കുട്ടിയുടെ രക്ഷിതാവ് വാക്സിനേഷൻ എടുക്കാൻ തയ്യാറായി വരുന്നത്. HPV വാക്സിനേഷിനെ കുറിച്ച് നന്നായി പഠിച്ചറിഞ്ഞ ഒരാൾ മാത്രമാണ് സാധാരണമായി ഇങ്ങനെ വരാൻ സാധ്യതയുള്ളു. അന്ന് താരതമ്യേന തിരക്ക് കുറഞ്ഞ ഒരു ദിവസമായതിനാൽ തന്നെ എച്ച്.പി.വി വാക്‌സിനേഷൻ എങ്ങനെയാണ് എടുക്കുകയെന്നും അതിന്റെ ഡോസേജ് എങ്ങനെയാണെന്നുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു. അങ്ങനെ അമ്മയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് അക്കാര്യം അറിയുന്നത്. എന്റെ മുന്നിലിരിക്കുന്ന ആ അമ്മ ഒരു സെർവിക്കൽ കാൻസർ സർവൈവറാണെന്ന്.
രോഗം തിരിച്ചറിഞ്ഞ കഥ...
"ഞാനൊരു ഭരതനാട്യം നർത്തകിയാണ്. ഏകദേശം മൂന്നുവർഷം മുമ്പാണ് ഈ സെർവിക്കൽ കാൻസർ സ്ഥിരീകരിച്ചത്. ഏകദേശം രണ്ടു മണിക്കൂറുകളുള്ള പ്രോഗ്രാമുകൾ വരെ നടത്തുന്ന നർത്തകിയായിരുന്നു, ഒരു ദിവസം പ്രാക്ടീസ് ചെയ്യുന്ന സമയത്ത് ഭയങ്കരമായ നടുവേദനയും ഡാൻസ് കളിക്കാൻ പറ്റാത്ത തോന്നലും അനുഭവപ്പെട്ടു, സാധാരണ എത്ര ഡാൻസ് കളിച്ചാലും എനിക്ക് ക്ഷീണം തോന്നാറില്ല. കാരണം ചിലങ്കയണിഞ്ഞ കാലുകളെയാണ് ഞാൻ മറ്റെന്തിനേക്കാളും സ്നേഹിച്ചിരുന്നത്..- അവർ പറഞ്ഞുതുടങ്ങി.
മൂന്നുവർഷം മുമ്പുണ്ടായ ഒരു സംഭവവും അവർ പറഞ്ഞു. പഠിപ്പിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ് കഴിഞ്ഞ് അടുത്ത കച്ചേരിക്കുള്ള ഡാൻസ് പ്രാക്ടീസ് ചെയ്യാൻ തുടങ്ങുകയായിരുന്നു. പക്ഷേ അന്നു പ്രാക്ടീസ് മുഴുമിപ്പിക്കാൻ കഴിയാതിരുന്നത് കൂടുതൽ അസ്വസ്ഥയാക്കി. എന്തൊക്കെയോ ചിന്തകൾ മനസിനെ വലിഞ്ഞു മുറുക്കുന്നപോലെ തോന്നി. വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോൾ മനസ്സ് എന്നേക്കാൾ വേഗത്തിൽ എവിടെയൊക്കെയോ ഓടുകയായിരുന്നു. എനിക്ക് ചെറിയ മാറ്റങ്ങൾ വന്നതുപോലെ, അതിനെക്കുറിച്ച് ആലോചിപ്പോഴാണ് ഞാനോർത്തത് കഴിഞ്ഞ രണ്ടു മൂന്നു മാസമായി ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട്. കഴിഞ്ഞ മാസം ആർത്തവം കഴിഞ്ഞു പത്തു ദിവസം കഴിഞ്ഞ് വീണ്ടും ബ്ലീഡിംഗ് വന്നു. കച്ചേരികളുടെ തിരക്കുകൾക്കിടയിൽ ഞാൻ അത് വകവെച്ചതുമില്ല. ചെറിയ വയറുവേദനയും ഒരു കൊളുത്തിപിടിക്കലും തുടർച്ചയായിട്ടുണ്ട്. ആർത്തവത്തിനുവരെ അത്ര വേദന ഉണ്ടാകാറില്ല. പ്രായം കൂടിവരികയല്ലേ അതിന്റെ മാറ്റങ്ങൾ ആയിരിക്കുമെന്ന് കരുതി. വേദന അസഹനീയമായി തോന്നുമ്പോൾ ഇടയ്ക്ക് മെഡിക്കൽ ഷോപ്പിൽ പോയി പാരസെറ്റമോളോ, സൈക്ലോപാമോ മാറിമാറി കഴിക്കും, വേദന ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായ ഉത്തരമില്ല. ഡാൻസിന്റെ കാര്യം വരുമ്പോൾ ഞാൻ എല്ലാ വേദനയും മറക്കും.. സത്യത്തിൽ അത്രയും നാൾ ഞാൻ അതിനെ പറ്റി കാര്യമായി ചിന്തിച്ചില്ല.
നൃത്തം മുഴുവനാക്കാൻ കഴിയാതിരുന്നപ്പോൾ മാത്രമാണ് ആരോഗ്യത്തേ ഗൗരവത്തിലെടുക്കാൻ തുടങ്ങിയത്. അത്രത്തോളം പാഷനായിരുന്നു അവർക്ക് നൃത്തത്തോട്. നൃത്തമില്ലെങ്കിൽ താനില്ല എന്ന അവസ്ഥയായപ്പോൾ ലക്ഷണങ്ങൾ കണക്കിലെടുക്കണമെന്ന് ചിന്തിച്ചു. ഭർത്താവിനൊപ്പം യു.കെ.യിലേക്ക് പോകിതിരുന്നതുകൂടി നൃത്തം ഉപേക്ഷിക്കേണ്ടി വരുമോയെന്നോർത്താണ്. അങ്ങനെ ഒരുപാട് ആലോചനകൾക്കൊടുവിൽ ഭർത്താവ് യു.കെ.യിൽ നിന്നു വന്ന സമയത്ത് ഡോക്ടറെ കാണാൻ തീരുമാനിച്ചു. നിരവധി ടെസ്റ്റുകൾക്കൊടുവിലാണ് അർബുദം തന്നെ കീഴടക്കിയെന്ന് അവർ തിരിച്ചറിഞ്ഞത്.
സർവിക്കൽ കാൻസറിന്റെ ആദ്യസ്റ്റേജ് ആണെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ചികിത്സ തുടങ്ങുകയും ചെയ്തു. നേരത്തെ കണ്ടെത്തിയതു കൊണ്ടുതന്നെ ചികിത്സ കുറേക്കൂടി എളുപ്പവുമായിരുന്നു.
അന്ന് രോഗം തിരിച്ചറിഞ്ഞതുകൊണ്ട് ഇന്നും എന്റെ കാലുകൾ ചിലങ്കകൾ അണിയുന്നു...- അവർ പറഞ്ഞു നിർത്തി.
ആ അനുഭവം തന്റെ കുഞ്ഞിനുണ്ടാവരുതെന്ന് അതോടെ അവർ ഉറപ്പിച്ചു. തുടർന്ന് ഡോക്ടറോട് ചോദിച്ചപ്പോഴാണ് സെർവിക്കൽ കാൻസറിനെതിരെ ഒരു വാക്‌സിൻ ഉണ്ടെന്ന് അറിയുന്നത്. ഉടനെ കുഞ്ഞിനെക്കൂട്ടി വാക്‌സിൻ എടുക്കാൻ എത്തിയതായിരുന്നു.
സെർവിക്കൽ കാൻസർ
സെർവിക്കൽ കാൻസർ അഥവാ ഗർഭാശയ കാൻസർ ലോകത്തിൽ ഏറ്റവും കൂടുതൽ കാണുന്ന നാലാമത്തെ ക്യാൻസറാണ്. ഗർഭപാത്രത്തിന്റെ ഏറ്റവും താഴത്തെ അറ്റമാണ് സെർവിക്‌സ് അഥവാ ഗർഭാശയമുഖം. യോനിയെ ഗർഭാശയവുമായി ബന്ധിപ്പിക്കുന്നതാണ് സെർവിക്‌സ്. ഈ ഭാഗത്തെ ബാധിക്കുന്ന ക്യാൻസറുകളേയാണ് പൊതുവായി സെർവിക്കൽ കാൻസർ എന്ന് പറയുന്നത് .
സ്ത്രീകളുടെ ഗർഭാശയഗളത്തിലാണ് ഇത് കണ്ടുവരുന്നത്. സെർവിക്കൽ കാൻസർ കൊണ്ടുള്ള മരണ നിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണമായും തടയാൻ സാധിക്കും.
കാരണങ്ങൾ
- പ്രധാന കാരണം എച്ച്പി വി (ഹ്യൂമൻ പാപ്പിലോമ വൈറസ്)
- നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം, പ്രത്യേകിച്ച് 18 വയസ്സിന് താഴെ
- ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം
- 18 വയസ്സിനു മുമ്പേ ഗർഭിണിയായവർ
- അമിതവണ്ണം, ഗർഭനിരോധന ഗുളികകളുടെ അമിതമായ ഉപയോഗം
- രോഗപ്രതിരോധശേഷി കുറഞ്ഞവർ
രോഗലക്ഷണങ്ങൾ
- തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല
- രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഇടവിട്ടിട്ടുള്ള രക്തംപോക്ക് , ലൈംഗികബന്ധത്തിനു ശേഷമുള്ള രക്തം പോക്ക്, വെള്ളപോക്ക് എന്നിവ
- ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അടിവയറ്റിൽ ഉണ്ടാകുന്ന വേദന, നടുവേദന, അകാരണമായിട്ടുള്ള ഭാരക്കുറവ്
- ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം
സ്ക്രീനിംഗ് ടെസ്റ്റുകൾ
പാപ്സ്മിയർ ടെസ്റ്റ്
21 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും പാപ്സ്മിയർ ടെസ്റ്റ് 3 വർഷം കൂടുമ്പോൾ ചെയ്യേണ്ടതാണ്.
ക്യാൻസറിന്റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. പാപ് ടെസ്റ്റിലൂടെ പത്തുപതിനഞ്ചു വർഷം മുമ്പുതന്നെ പ്രാരംഭലക്ഷണങ്ങൾ കണ്ടെത്താം.
ഗർഭാശയത്തിൽ നിന്ന് കൊഴിഞ്ഞുവീഴുന്ന കോശങ്ങൾ സ്പാച്ചുല എന്നൊരു ഉപകരണംകൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡിൽ പരത്തി കെമിക്കൽ റീ ഏജന്റുകൾ കൊണ്ട് നിറംനൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റ്.
വേദനരഹിതമായ ഈ ടെസ്റ്റ് ഒരു മിനിറ്റുകൊണ്ട് കഴിയുന്നതും ചിലവുകുറഞ്ഞതുമാണ്. പത്തുവർഷം കഴിഞ്ഞ് ക്യാൻസർ വരാൻ സാധ്യതയുണ്ടെങ്കിൽ ഇതിലൂടെ മനസിലാക്കി ചികിത്സ ലഭ്യമാക്കാം.
കൂടാതെ പല ഗുഹ്യരോഗങ്ങളും അണുക്കൾ പരത്തുന്ന രോഗങ്ങളും ട്യൂമറുകളുമെല്ലാം ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും.
എച്ച് പി വി ഡി എൻ എ ടെസ്റ്റ്
എച്ച് പി വി അണുബാധയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുന്ന ഒരു ജനറ്റിക് ടെസ്റ്റ് ആണിത്. പാപ്സ്മിയർ ടെസ്റ്റിനേക്കാൾ കൃത്യതയാർന്ന ടെസ്റ്റാണിത്. 30 വയസ്സുകഴിഞ്ഞാൽ പാപ് സ്മിയർ ടെസ്റ്റിനൊപ്പം ഈ ടെസ്റ്റ് ചെയ്യാം. അങ്ങനെയാണെങ്കിൽ അഞ്ചുവർഷം കൂടുമ്പോൾ മാത്രം ഈ ടെസ്റ്റ് ആവർത്തിച്ചാൽ മതി.
ലിക്വിഡ് ബേസ്ഡ് സൈറ്റോളജി
ഗർഭാശയ മുഖത്തുനിന്ന് കോശങ്ങൾ ശേഖരിച്ചു കാൻസർ സാധ്യത കണ്ടെത്തുന്ന മറ്റൊരു ടെസ്റ്റാണിത്.
കോൾപോസ്‌കോപ്പി
മേൽ പറഞ്ഞ ടെസ്റ്റുകളിൽ എന്തെങ്കിലും കോശവ്യതിയാനങ്ങൾ കണ്ടെത്തിയാൽ വിദഗ്ധ പരിശോധനക്കായാണ് കോൾപോസ്‌കോപ്പി ചെയ്യുന്നത്. കോൾപോസ്‌കോപ്പിയിലൂടെ ഗർഭാശയമുഖം പതിന്മടങ്ങു വലിപ്പത്തിൽ കാണാനാകും. വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതപ്പോൾ തന്നെ ബയോപ്സി എടുക്കാവുന്നതുമാണ്.
സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (സീ ഐ എൻ)
ഗർഭാശയമുഖത്തുണ്ടാകുന്ന കോശവ്യതിയാനങ്ങൾ സെർവിക്കൽ കാൻസർ ആവുന്നതിന്റെ മുൻപേയുള്ള ഘട്ടങ്ങളെയാണ് സീ ഐ എൻ എന്ന് പറയുന്നത്. സീ ഐ എൻ ക്യാൻസറായി മാറാൻ ഏകദേശം പത്തുവർഷമെങ്കിലും എടുക്കും. സി ഐ എൻ ലീഷൻ മേൽപറഞ്ഞ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ കണ്ടെത്തിയാൽ ലീപ് (LEEP), ക്രയോതെറാപ്പി (CRYOTHERAPY) തുടങ്ങിയ ലഘുവായ ചികിത്സാരീതികളിലൂടെ എളുപ്പത്തിൽ നിർമാർജനം ചെയ്യാൻ പറ്റും.
ക്രയോതെറാപ്പി 10 മിനിറ്റുകൊണ്ട് ചെയ്യാൻ പറ്റുന്ന ലഘുവായ ചികിത്സാരീതിയാണ്. സി ഐ എൻ ബാധിച്ച ഭാഗത്തെ ലീപ് ഇലക്ട്രോൺ കൊണ്ട് നിർമാർജനം ചെയ്യുന്ന രീതിയാണ് ലീപ് സർജറി. മുൻകൂട്ടി കണ്ടെത്തി ചികിത്സ അവലംഭിക്കുന്നതിലൂടെയും HPV കുത്തിവെപ്പ് എല്ലാവർക്കും എത്തിക്കുന്നതിലൂടെയും ഗർഭാശയള കാൻസർ ഒരു പരിധിവരെ നമുക്ക് തടയാകും.
HPV (Human Pappiloma Virus) വാക്സിൻ
80 ശതമാനം ഗർഭാശയഗള ക്യാൻസറിന്റെയും പ്രധാന കാരണം HPV 16 &18 ആണ്. 9 -14 വയസ്സുവരെയുള്ളവർക്ക് രണ്ടു ഡോസ് ആയിട്ടാണ് കുത്തിവെപ്പ് നൽകുന്നത്. ആദ്യത്തെ ഡോസ് കഴിഞ്ഞ് ആറുമാസത്തിനു ശേഷമാണ് രണ്ടാമത്തെ ഡോസ് കൊടുക്കേണ്ടത്.
പതിനൊന്നു മുതൽ 26 വയസ്സ് വരെയുള്ളവർക്ക് 3 ഡോസായാണ് വാക്സിനേഷൻ നൽകേണ്ടത് . ആദ്യ ഡോസ് കഴിഞ്ഞു 2 മാസം കഴിഞ്ഞു രണ്ടാമത്തെ ഡോസും അതിനുശേഷം നാലുമാസം കഴിഞ്ഞുമാണ് മൂന്നാമത്തെ ഡോസ് നൽകേണ്ടത്. 26-45 വരെയുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം കുത്തിവെപ്പ് എടുക്കാവുന്നതാണ്. ഇപ്പോൾ ഏകദേശം 2000 മുതൽ 3000 വരെ രൂപ വരും ഒരു ഡോസിന്. ആൺകുട്ടികൾക്കും ഈ വാക്സിനേഷൻ എടുക്കാവുന്നതാണ്. Penile cancer ,വായയുടെ പിൻഭാഗത്തുള്ള കാൻസറുകൾ (oropharyngeal cancers) എന്നിവയും തടയാൻ ഈ വാക്സിനേഷൻ സഹായിക്കും.
കേരളത്തിലെ പ്രധാന ആശുപത്രികളിലും പ്രിവന്റീവ് ഹെൽത്ത് കെയർ സെന്ററുകളിലും ഈ വാക്സിനേഷൻ ലഭ്യമാണ്. ഈ വാക്സിനേഷൻ ഒട്ടേറെ കാലത്തേ ഗവേഷങ്ങൾക്കും ട്രയലുകൾക്കും ശേഷമാണ് ജനങ്ങളിലേക്കെത്തിയത്. അതുകൊണ്ടുതന്നെ ഈ വാക്സിനേഷൻ സുരക്ഷിതമാണ്, സെർവിക്കൽ കാൻസറിനെതിരെ ഏറെ ഫലപ്രദവുമാണ്.
Content Highlights: story of a cervical cancer survivor
Published: 28 Nov 2023, 10:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented