
പാലിയേറ്റീവ് കെയർ വീട് സന്ദർശനത്തിന്റെ ഭാഗമായാണ് അവിടെ പോയത്. വീട്ടിൽ കയറിച്ചെന്നപ്പോൾ തന്നെ പ്രായമായ വയ്യാത്ത ഒരാൾ കസേരയിൽ ഇരിപ്പുണ്ട്. വൃത്തിയാക്കാൻ സമയമില്ലാത്തതു കൊണ്ടായിരിക്കണം അവിടെയും ഇവിടെയും ചിതറിവീണ പേപ്പറുകളും അവശിഷ്ടങ്ങളും കാണാമായിരുന്നു. അകത്തേക്കു കയറിയപ്പോൾ ഒരു സ്ത്രീ ഭക്ഷണമേശയിൽ വയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു. അവരുടെ മുഖത്ത് ആകെ മൊത്തം ഒരു വെപ്രാളം പ്രകടമായിരുന്നു. അല്ലെങ്കിലും ഗൃഹസന്ദർശനത്തിനു പോകുമ്പോൾ അവിടെയുള്ള ബന്ധുക്കളുടെ വെപ്രാളം ഒരു പതിവുകാഴ്ചയാണ്. രോഗിയായ, അവരുടെ ചേച്ചി തൊട്ടപ്പുറത്ത് കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു.
അമ്മയുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനു മുൻപേ തന്നെ അവർ ഇങ്ങോട്ട് വിവരങ്ങൾ ചോദിച്ചു തുടങ്ങിയിരുന്നു. ഒരുപക്ഷേ സങ്കടം മറച്ചുവെക്കാനായിരിക്കണം അങ്ങനെയുള്ള ഒരു സംഭാഷണം. പക്ഷേ ഒന്ന് തോളത്തുതട്ടിയപ്പോഴേക്കും ആ അമ്മ സങ്കടക്കടൽ ഇറക്കിവച്ചു ഞങ്ങളെനോക്കി പൊട്ടിക്കരഞ്ഞു..
"ഡോക്ടറെ എനിക്ക് സമാധാനത്തോടുകൂടി മരിച്ചാൽ മാത്രം മതി.. എന്നെ എന്തെങ്കിലും മരുന്നുതന്ന് ഒന്നുകൊല്ലാമോ? "അവരുടെ വാക്കുകൾ ഞങ്ങൾ ഓരോരുത്തരുടെയും കണ്ണുകൾ ഒന്നു നനയിച്ചു..
അങ്ങനെയൊന്നും പറയല്ലേ എന്നുപറഞ്ഞു ചേർത്തു പിടിച്ചപ്പോൾ ആ അമ്മ തന്നേക്കുറിച്ചു പറഞ്ഞുതുടങ്ങി..
"എന്റെ ബന്ധുക്കൾക്ക് ഞാനൊരു ബാധ്യതയായി തോന്നുന്നു.. എന്തിനുംഏതിനും ഒരാളുടെ സഹായം വേണം .. ഭക്ഷണം കഴിക്കാൻ, എന്നെ എടുത്ത് എഴുന്നേൽപ്പിക്കാൻ, എല്ലാത്തിനും സഹോദരൻ വരണം. ഇവര് കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് വയ്യ ഡോക്ടറെ... തെറ്റ് എന്റേതും കൂടിയാണ്.. രക്തസ്രാവം കണ്ടപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല.. ഒരു ദിവസം എന്റെ മുണ്ടിൽ രക്തക്കറ കണ്ടപ്പോഴാണ് അവർ ചോദിച്ചത്.. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതിയായിരുന്നു ഞാൻ അങ്ങനെ ചെയ്തത്. പക്ഷേ ഇപ്പോൾ അത് അവർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ് ചെയ്തത്. ഒരു പക്ഷേ നേരത്തെ ഞാനൊന്നു പറഞ്ഞിരുന്നെങ്കിൽ കണ്ടുപിടിച്ചിരുന്നെങ്കിൽ ഇവർക്ക് ഇത്രയും ബുദ്ധിമുട്ടേണ്ട അവസ്ഥയിലായിരിക്കാം.."
പെൺമക്കളെല്ലാം പുറത്തു സെറ്റിൽഡാണ്.. എല്ലാവർക്കും നല്ല സ്വർണം കൊടുത്തിട്ടാണ് കല്യാണം കഴിപ്പിച്ചുവിട്ടത്. പക്ഷേ എനിക്കിപ്പോൾ തോന്നുന്നു ആ കൊടുത്ത സ്വർണത്തേക്കാൾ വലുതായി ഞാൻ ചെയ്യേണ്ടിയിരുന്നത് എന്റെ പെൺകുട്ടികൾക്ക് വാക്സിൻ കൊടുക്കുന്നതാണ്.. ഡോക്ടറെ ഞാൻ മരിക്കുന്നതിനുമുമ്പേ എന്റെ ബാങ്കിൽ കുറച്ചു പൈസ ഉള്ളതുവെച്ച് കുറച്ചു മക്കൾക്കെങ്കിലും ഈ രോഗത്തിനുള്ള വാക്സിൻ കൊടുക്കണം."
അവരുടെ മുഖത്തുനോക്കി ഒന്നു സമാധാനിപ്പിക്കാൻപോലും കഴിയാതെ ഞങ്ങൾ നോക്കിനിന്നു. അവർ ദൈവത്തെ പോലെ കാണുന്ന നമ്മൾ എത്ര നിസ്സഹായരാണെന്ന് കാറിൽ തിരിച്ചുകയറിയപ്പോൾ ഞാൻ മേലുദ്യോഗസ്ഥനോട് പറഞ്ഞു. വേദന കുറയ്ക്കാനുള്ള മരുന്നുകൾ നൽകുക മാത്രമായിരുന്നു ഞങ്ങളുടെ കയ്യിലുള്ള ആകെ പ്രതിവിധി. പിന്നെ അൽപനേരം അവരുടെ കൂടെയിരുന്ന് വിഷമങ്ങൾ കേട്ടിരിക്കാനുള്ള ആളുകളായും ഞങ്ങൾ മാറാറുണ്ട്.
സെർവിക്കൽ കാൻസർ ബാധിതയായിരുന്നു ആ അമ്മ. നേരത്തേ തിരിച്ചറിഞ്ഞു ചികിത്സിച്ചിരുന്നെങ്കിൽ എന്നാണ് അവർ ഇന്നു കരുതുന്നത്. പാലിയേറ്റീവ് പ്രവർത്തങ്ങൾക്ക് പോകുമ്പോൾ അറിയുന്ന സ്ഥിരം കാഴ്ച്ചകളും കഥകളുമാണിതെല്ലാം. ഇങ്ങനെയുള്ള കിടപ്പുരോഗികൾക്ക് ആകെയുള്ള ആശ്വാസം പാലിയേറ്റീവ് പ്രവർത്തകരാണ്.
സന്നദ്ധസേവനത്തിന്റെ മഹനീയ മാതൃകയാണ് പെയിൻ ആൻഡ് പാലിയേറ്റീവിലൂടെ നടക്കുന്നത്. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവർ വളരെ കുറവായിരിക്കും. യഥാർഥത്തിൽ നമ്മുടെ സമൂഹത്തിൽ വളരെ നിശബ്ദമായി നടക്കുന്ന വിപ്ലവകരമായ പ്രവർത്തനങ്ങളാണ് പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററുകളും പ്രവർത്തകരും ചെയ്യുന്നത്. കാൻസർ രോഗികളുടെ ജീവിതത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകർ വലിയ ആശ്വാസമാണ് നൽകുന്നത്.
പാലിയർ (Palliere) എന്ന പുതപ്പ് അഥവാ ആവരണം എന്ന അർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് പാലിയേറ്റീവ് എന്ന വാക്കിന്റെ ഉത്ഭവം. വേദനാപൂർണമോ സങ്കീർണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതനിലവാരം ഉയർത്തി രോഗലക്ഷണങ്ങൾ മാത്രം ചികിത്സിച്ച് അന്ത്യകാലക്ലേശങ്ങൾ പരമാവധി കുറച്ച് ഓരോ രോഗിയുടെയും മാനസികവും സാമൂഹികവും പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദേശിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഡോക്ടർമാർ, പാലിയേറ്റീവ് കെയർ പരിശീലനം കിട്ടിയ നൽകിയ നഴ്സുമാർ, ഒരുകൂട്ടം സന്നദ്ധപ്രവർത്തകർ എന്നിവർ കൂടിയുള്ള ഒരു കൂട്ടായ്മയാണ് ഓരോ പാലിയേറ്റീവ് കെയർ യൂണിറ്റും. ആശുപത്രികളിലോ പുറത്തുള്ള സ്ഥാപനങ്ങളിലോ രോഗിയുടെ വീട്ടിലോ ആയി ചികിത്സകൾ നൽകാം. പാലിയേറ്റീവ് കെയർ എന്ന ശുശ്രൂഷ ശാഖയ്ക്ക് ഒൻപത് പ്രധാന ദൗത്യങ്ങളാണുള്ളതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാകുന്നു.
- വേദനയിൽനിന്നും മറ്റു ദുരിതങ്ങളിൽനിന്നും ആശ്വാസം നൽകുക.
- ജീവനെ വില മതിക്കുകയും എന്നാൽ മരണത്തെ സ്വാഭാവിക പ്രക്രിയയായി കാണുകയും ചെയ്യുക.
- മരണം നീട്ടിവെക്കുന്നതിനോ ത്വരിതപ്പെടുത്തുന്നതിനോ ശ്രമിക്കാതിരിക്കുക.
- രോഗശുശ്രൂഷയിൽ മാനസികവും ആത്മീയവുമായ വശങ്ങളെ സമന്വയിപ്പിക്കുക.
- മരണംവരെ രോഗിക്ക് ഊർജസ്വലമായ ജീവിതം നയിക്കാൻ വേണ്ട സഹായം ചെയ്തുകൊടുക്കുക.
- രോഗിയുടെ ബന്ധുക്കൾക്ക് രോഗിയുടേയും അവരുടേയും അവസ്ഥകളോട് പൊരുത്തപ്പെടാൻ സഹായിക്കുക.
- രോഗിയുടേയും ബന്ധുക്കളുടേയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് കൗൺസിലിങ് അടക്കമുള്ള സംയോജിത മാർഗ്ഗങ്ങൾ അവലംബിക്കുക, അവരുടെ ജീവിതനിലവാരത്തെയും രോഗാവസ്ഥയെത്തന്നെയും മെച്ചപ്പെടുത്തുക.
- കാൻസർ രോഗത്തിന്റെ തുടക്കത്തിൽതന്നെ കീമോതെറാപ്പി, റേഡിയേഷൻ, തുടങ്ങിയ രോഗശമന ഉപാധികൾ എന്നിവ ഉപയോഗപ്പെടുത്തി ക്ലേശപൂർണമായ രോഗാവസ്ഥ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക.
പാലിയേറ്റീവ് പരിചരണത്തിൽ ഓങ്കോളജി ചികിത്സയുടെ പ്രാധാന്യം
അസുഖത്തിൽനിന്നു രക്ഷ പ്രാപിക്കുന്നതിലുപരി രോഗിയുടെ അസ്വസ്ഥതകൾ ചികിൽസിക്കാനായി റേഡിയോതെറാപ്പി, കീമോതെറാപ്പി, സർജറി എന്നിവ ഒറ്റയ്ക്കോ ഒരുമിച്ചോ ആയി ചെയ്യുന്നത് പാലിയേറ്റീവ് പരിചരണത്തിന്ന്റെ സമഗ്രമായ ഒരു ഘടകമാണ്.
റേഡിയോതെറാപ്പിയുടെ പങ്ക്
50 മുതൽ 60% വരെ രോഗികൾക്കും റേഡിയോതെറാപ്പി ആവശ്യമാണ്. വേദന കുറയ്ക്കാൻ (പ്രത്യേകിച്ച് മജ്ജ വേദന), രക്തസ്രാവം കുറയ്ക്കാൻ, കുമിളകളും വ്രണങ്ങളും ഉണക്കാൻ ഒക്കെ റേഡിയോതെറാപ്പി സഹായിക്കുന്നു. മജ്ജയിലേക്കും തലച്ചോറിലേക്കും നടുവിലേക്കും പടർന്നിട്ടുള്ള ക്യാൻസറുകൾക്കാണ് റേഡിയോതെറാപ്പി കൂടുതലായും ചെയ്യാറുള്ളത്.
ശസ്ത്രക്രിയയുടെ പങ്ക്
ഗുണവും ദോഷവും താരതമ്യം ചെയ്തു ഗുണമാണ് കൂടുതൽ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സർജറി നിർദേശിക്കാറുള്ളൂ. പലപ്പോഴും വലിയ മുഴകൾ കാരണം പല അവയവങ്ങളിലും തടസ്സം സംഭവിക്കാം. അത് ശ്വാസതടസ്സമുണ്ടാക്കാനും മൂത്രസംബന്ധമായ തടസ്സങ്ങൾക്കും കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ ശസ്ത്രക്രിയ അത്യാവശ്യമായി വരാറുണ്ട്. മെഡിക്കൽ തെറാപ്പി/റേഡിയോതെറാപ്പി ഫലം കാണാതെ വരുമ്പോൾ കയ്യിലോ കാലിലോ വ്യാപിച്ചു പടർന്ന രോഗങ്ങൾ ഉണ്ടെങ്കിൽ സർജറി ചെയ്തു നീക്കം ചെയ്യാറുണ്ട്
കെട്ടിക്കിടക്കുന്ന ദ്രാവകം പുറന്തള്ളാനുള്ള പ്രക്രിയകൾ, വലിയ മുഴകൾ നീക്കംചെയ്യൽ, രക്തസ്രാവം തടയാനുള്ള വാസ്കുലാർ ലൈഗേഷൻസ്, മജ്ജയിൽ വ്യാപിച്ചിട്ടുള്ള ക്യാൻസർ രോഗം ഫിക്സ് ചെയ്യൽ, പാലിയേറ്റീവ് റീ സെക്ഷൻ, ബൈപ്പാസ് പ്രൊസീജറുകൾ, സ്റ്റോമ, stending, വെർട്ടിബ്രോ പ്ലാസ്റ്റി (Vertebroplasy), കൈഫോ പ്ലാസ്റ്റി (kyphoplasty) തുടങ്ങിയവയാണ് പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ
കീമോതെറാപ്പിയുടെ പങ്ക്
കൺവെൻഷണൽ സിസ്റ്റമിക് തെറാപ്പി കൂടാതെ മെട്രോണോമിക് തെറാപ്പി (metronomic chemotherapy) ആണ് പുതിയതായി ചെയ്തുവരുന്നത്. ഡോസുകൾ കുറവുള്ള വായിൽ കൂടെ കൊടുക്കാവുന്ന celcoxib, tamoxifen, thalidomide എന്നിവയാണ് കൊടുത്തു വരുന്നത്. ആദ്യകാലങ്ങളിൽ പാലിയേറ്റീവ് പരിചരണം ലഭിച്ചിരുന്നത് അർബുദരോഗികൾക്കു മാത്രമായിരുന്നു. എന്നാൽ ഇന്ന് ശ്വാസകോശരോഗങ്ങൾ, വൃക്കരോഗങ്ങൾ, നാഡീരോഗങ്ങൾ, ഹൃദയസംബന്ധ രോഗങ്ങൾ എന്നിവക്കെല്ലാം പാലിയേറ്റീവ് കെയർ സഹായിക്കുന്നു. മരണഭീതിയുള്ള രോഗങ്ങൾക്കടിമപ്പെട്ട കുട്ടികൾക്കായും പ്രത്യേക വിഭാഗം നടത്തിവരുന്നു
Content Highlights: column on how palliative care works
Published: 20 Oct 2023, 03:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented