കാൻസർ രോഗികളുടെ നിരക്ക് ആഗോളതലത്തിൽ തന്നെ വർധിക്കുന്നതായാണ് പല പഠനങ്ങളും പറയുന്നത്. ജനിതകഘ‌ടകങ്ങൾ, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ തുടങ്ങിയവ കാൻസർ കേസുകൾ കൂടാൻ കാരണമാണ്. രോഗത്തെ കരുത്തോടെ പോരാടാൻ മാനസികാരോഗ്യം കാക്കേണ്ടത് പ്രധാനമാണ്. കാൻസർ രോഗികളുടെ മാത്രമല്ല അവരെ കരുതലോടെ പരിചരിക്കുന്നവരുടെയും മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നുപറയുകയാണ് പുതിയൊരു പഠനം.

To advertise here,

സപ്പോർട്ടീവ് കെയർ ഇൻ കാൻസർ' എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. കാൻസർ രോഗികൾക്ക് ഭക്ഷണവും മരുന്നുമൊക്കെ നൽകി പരിചരിക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.

സെന്റേഴ്സ് ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) നടത്തുന്ന വലിയൊരു ടെലിഫോൺ ആരോഗ്യ സർവേയായ 'ബിഹേവിയറൽ റിസ്ക് ഫാക്ടർ സർവൈലൻസ് സിസ്റ്റം' ആധാരമാക്കിയാണ് ഗവേഷകർ പഠനം നടത്തിയത്. പ്രായപൂർത്തിയായ ഏകദേശം 200,000 പേരാണ് സർവേയുടെ ഭാഗമായത്. ഇതിൽ 3,078 പേർ കാൻസർ ബാധിതരെ പരിചരിക്കുന്നവരും 39,047 പേർ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള ഒരാളെ പരിചരിക്കുന്നവരുമായിരുന്നു. 157,539 പേർ പരിചാരകരല്ലായിരുന്നു. തുടർച്ചയായ മാനസിക വിഷമം നേരിടുന്നതാണ് പ്രധാന അളവുകോലായി സ്വീകരിച്ചത്.

തു‌ടർന്നാണ് കാൻസർ രോഗികളെ പരിചരിക്കുന്നവരിൽ പരിചാരകരല്ലാത്തവരെ അപേക്ഷിച്ച് മാനസിക വിഷമതകൾക്കുള്ള സാധ്യത 89% കൂടുതലാണെന്നു കണ്ടെത്തിയത്. കാൻസറല്ലാത്ത മറ്റ് രോഗങ്ങളുള്ളവരെ പരിചരിക്കുന്നവരിൽ ഇതിന്റെ തോത് 58% ആയിരുന്നു. രണ്ട് വിഭാഗത്തിലുള്ള പരിചാരകർക്കും ജീവിതത്തിൽ എപ്പോഴെങ്കിലും വിഷാദരോഗം നിർണ്ണയിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

പരിചാരകരായ സ്ത്രീകളിൽ തുടർച്ചയായ മാനസിക വിഷമതകൾക്കുള്ള സാധ്യത 60% കൂടുതലാണെന്നും പർനം പറയുന്നു. കാൻസർ പരിചാരകരിലെ മാനസിക പ്രശ്നങ്ങൾ അപൂർവ്വമായി മാത്രം പരിശോധിക്കപ്പെടുന്ന സാഹചര്യത്തിലാണ് പഠനം നടത്തിയത്. കാൻസർ ബാധിച്ച ഒരാളെ പരിചരിക്കുകയും മാനസിക വിഷമങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നവരാണെങ്കിൽ അവർ ഒറ്റയ്ക്കല്ലെന്നു വ്യക്തമാക്കുകയായിരുന്നു പഠനം. മാനസികനില തകരാറിലായാൽ വിദഗ്ധസഹായത്തിന് വൈകരുതെന്നും ഉറക്കം സ്വന്തം ആരോഗ്യം എന്നിവയ്ക്കുൾപ്പെടെ പ്രാധാന്യം നൽകാൻ മറക്കരുതെന്നും പഠനം വ്യക്തമാക്കുന്നു. ‌

വിഷാദരോഗം പലവിധം

പലരീതിയിൽ വിഷാദരോഗം പ്രകടമാകാം. രണ്ടുവ്യക്തികളുടെ വിഷാദ അനുഭവം ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. സ്ത്രീകളിൽ വിഷാദരോഗ സാധ്യത പുരുഷന്മാരെക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ അധികമാണ്. ശൂന്യത, നിസ്സംഗത, നിർവികാരത, ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാതിരിക്കുക തുടങ്ങിയവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. അവയ്ക്കൊപ്പം താഴെപറയുന്ന ചില ലക്ഷണങ്ങൾ രണ്ടോ അതിലധികമോ ആഴ്ചകൾ നീണ്ടുനിൽക്കുന്നുവെങ്കിൽ വിഷാദരോഗസാധ്യത കൂടുതലാണ്.

  • ഏകാന്തതയും ഒറ്റപ്പെടലും.
  • നിരന്തരമായ സങ്കടം, നിരാശ, ക്ഷീണം, തളർച്ച, ഊർജക്കുറവ്.
  • സാധാരണയിൽ അധികം, അല്ലെങ്കിൽ കുറച്ച് ഉറക്കം.
  • സാധാരണയിൽ അധികം, അല്ലെങ്കിൽ കുറച്ച് ഭക്ഷണം.
  • ഏകാഗ്രത കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്.
  • ആസ്വാദ്യകരമായ പ്രവർത്തനങ്ങളിലോ സാമൂഹികവത്കരണത്തിലോ ഉള്ള താത്പര്യം നഷ്ടമാകൽ.
  • കുറ്റബോധം, സ്വന്തം വില നഷ്ടപ്പെട്ടു എന്ന തോന്നൽ.
  • മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകൾ.

നീണ്ടുനിൽക്കുന്ന വിഷാദരോഗലക്ഷണങ്ങൾക്ക് വിദഗ്ധപരിശോധന തേടേണ്ടത് അനിവാര്യമാണ്. സൈക്കോതെറാപ്പി, ടോക്ക് തെറാപ്പി, ആന്റി ഡിപ്രസന്റ് മരുന്നുകൾ തുടങ്ങിയവയിലൂടെ പരിഹാരംതേടാം. കൂടുതൽ ഗുരുതരമായ കേസുകളിൽ ഇലക്ട്രോകൺവസീവ് തെറാപ്പി (ഇ.സി.ടി.) അല്ലെങ്കിൽ ആവർത്തിച്ചുള്ള ട്രാൻസ്‌ക്രാനിയൽ മാഗ്‌നെറ്റിക് സ്റ്റിമുലേഷൻ (ആർ.ടി.എം.എസ്.) പോലുള്ള അധിക ചികിത്സാ സാധ്യതകളും പരീക്ഷിക്കാറുണ്ട്.