ഒറ്റയ്ക്കിരിക്കുമ്പോഴോ ഒന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുമ്പോഴോ പലർക്കും പെട്ടെന്ന് ബോറടി അനുഭവപ്പെടും. ആ സമയം ഫോണെടുത്ത് സോഷ്യൽ മീഡിയ തുറക്കുകയോ വാട്‌സാപ്പ് സന്ദേശങ്ങൾ പരിശോധിക്കുകയോ ഇമെയിലുകൾ നോക്കുകയോ ചെയ്യുന്നതാണ് പതിവ്. ഒരു നിമിഷം പോലും വെറുതെയിരിക്കാതെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നത് ഉൽപാദനക്ഷമതയുടെ അടയാളമായാണ് പലരും കരുതുന്നത്. എന്നാൽ തലച്ചോറിന് ഇത്തരം ഇടവേളകൾ ആവശ്യമാണ്. ഒന്നും ചെയ്യാതെ കുറച്ചുനേരം ഇരിക്കുന്നത് സമയം പാഴാക്കലല്ലെന്നും തലച്ചോറിന് അത്യാവശ്യമായ വിശ്രമം നൽകുന്ന പ്രക്രിയയാണെന്നും വിദഗ്ധർ പറയുന്നു. തുടർച്ചയായി വിവരങ്ങൾ സ്വീകരിക്കുകയും ഓരോ നിമിഷവും പുതിയ കാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റുകയും ചെയ്യുന്നത് തലച്ചോറിനെ ക്ഷീണിപ്പിക്കാം. ഇടയ്ക്കിടെ ഫോണിൽനിന്ന് മാറിനിൽക്കുകയും ചിന്തകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സമയം നൽകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് ഡോ. നേഹ പണ്ഡിത വിശദീകരിക്കുന്നത്.
തുടർച്ചയായ സ്‌ക്രീൻ ഉപയോഗം തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു?
ഇമെയിലിന് മറുപടി നൽകുക, വാട്‌സാപ്പ് സന്ദേശങ്ങൾ പരിശോധിക്കുക, സോഷ്യൽ മീഡിയ റീലുകൾ കാണുക എന്നിങ്ങനെ ഓരോ കാര്യത്തിനിടയിലും മാറിമാറി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുന്നു. ഇത്തരത്തിൽ ഒരു കാര്യത്തിൽനിന്ന് മറ്റൊന്നിലേക്ക് തുടർച്ചയായി ശ്രദ്ധ മാറ്റുന്നത് തലച്ചോറിന് കൂടുതൽ അധ്വാനം ആവശ്യപ്പെടുന്നു.വിവരങ്ങൾ നിരന്തരം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോൾ അവയെക്കുറിച്ച് ചിന്തിക്കാനും അനുഭവങ്ങൾ ഓർത്തെടുക്കാനും സ്വയം വിലയിരുത്താനും ആവശ്യമായ സമയം ലഭിക്കുന്നില്ലെന്ന് ഡോ. നേഹ പറയുന്നു.
ഒരു ദിവസത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനോ ഒരു അനുഭവം ഓർത്തെടുക്കാനോ മനസ്സിനെ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കാനോ കഴിയുമായിരുന്ന ചെറിയ ഇടവേളകൾ പോലും മറ്റൊരു സ്‌ക്രോളിങ്ങിലൂടെ നമ്മൾ നിറയ്ക്കുകയാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ് പ്രശ്‌നമെന്നല്ല, അതിൽനിന്ന് മാറിനിൽക്കാൻ നമ്മൾ സമയം കണ്ടെത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൂർണമായി ഉപേക്ഷിക്കണമെന്നല്ല ഇതിനർഥം.
വെറുതെയിരിക്കുമ്പോഴും തലച്ചോർ പ്രവർത്തിക്കുന്നുണ്ട്
ഒന്നും ചെയ്യാതെ ഇരിക്കുമ്പോൾ തലച്ചോർ പ്രവർത്തനം നിർത്തുന്നില്ല. പുറത്തുള്ള ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്ത സമയത്ത് തലച്ചോറിൽ 'ഡീഫോൾട്ട് മോഡ് നെറ്റ്വർക്ക്' എന്നറിയപ്പെടുന്ന സംവിധാനം സജീവമാകാം.
ഓർമകൾ, സ്വയം വിലയിരുത്തൽ, ഭാവിയെക്കുറിച്ചുള്ള ചിന്തകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ നെറ്റ്വർക്ക്. ഇത്തരം നിശ്ശബ്ദമായ ഇടവേളകളിൽ നമ്മൾ നേരിട്ട അനുഭവങ്ങൾ തലച്ചോറിന് ക്രമീകരിക്കാനും അവ തമ്മിൽ ബന്ധങ്ങൾ കണ്ടെത്താനും സാധിക്കുന്നു.അതായത്, പുറത്തുനിന്ന് നോക്കുമ്പോൾ ഒന്നും സംഭവിക്കുന്നില്ലെന്ന് തോന്നുന്ന സമയത്തും തലച്ചോറിനുള്ളിൽ പ്രധാനപ്പെട്ട പ്രക്രിയകൾ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വെറുതെയിരിക്കുന്നത് അലസതയുടെ ലക്ഷണമായി മാത്രം കാണേണ്ടതില്ല.
Also read :ഒരുമിച്ച് താമസിക്കാത്ത ദമ്പതികൾക്കിടയിൽ ലൈംഗിക താൽപര്യം കൂടുതൽ; എന്താണ് 'ലിവിങ് അപാർട്ട് ടുഗെദർ'
ബോറടിയും മനസിന്റെ ക്ഷീണവും രണ്ടാണ്
ബോറടിയെയും മാനസികക്ഷീണത്തെയും ഒരുപോലെ കാണരുതെന്നും നേഹ ഓർമിപ്പിക്കുന്നു. രണ്ടും വ്യത്യസ്തമായ അവസ്ഥകളാണ്. ഒരു കാര്യത്തിൽ താൽപര്യം തോന്നാതിരിക്കുകയോ വേണ്ടത്ര ഇടപെടലും ഉത്തേജനവും ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണയായി ബോറടി അനുഭവപ്പെടുന്നത്. എന്നാൽ ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കുക, ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുക, ഇടയ്ക്കിടെ ശ്രദ്ധ തടസ്സപ്പെടുക എന്നിവയ്ക്കുശേഷം തലച്ചോറിന് അനുഭവപ്പെടുന്ന തളർച്ചയാണ് മാനസിക ക്ഷീണം. ബോറടി അനുഭവപ്പെടുമ്പോൾ ഉടൻ ഫോണെടുക്കുന്നത് മനസ്സിനെ വീണ്ടും നിരന്തരം തിരക്കിലാക്കും. അതിനു പകരം കുറച്ചുനേരം നിശ്ശബ്ദമായി ഇരിക്കുകയോ സ്വന്തം ചിന്തകളിലേക്ക് ശ്രദ്ധ തിരിക്കുകയോ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഒന്നുമില്ലാതെ ചെറിയൊരു നടത്തം നടത്തുകയോ ചെയ്യാമെന്നാണ് ഡോ. നേഹയുടെ നിർദേശം.
തലച്ചോറിന് വിശ്രമം നൽകാൻ ചെയ്യാവുന്ന കാര്യങ്ങൾ
തലച്ചോറിന് ഇടവേള നൽകാൻ സ്മാർട്ട്‌ഫോൺ ഉപേക്ഷിക്കുകയോ വലിയ രീതിയിലുള്ള ഡിജിറ്റൽ ഡിറ്റോക്‌സ് നടത്തുകയോ വേണ്ട. ദൈനംദിന ജീവിതത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും.
ഒഴിവുസമയത്ത് ഉടൻ ഫോൺ എടുക്കരുത്. ക്യൂവിൽ നിൽക്കുമ്പോഴോ ഒറ്റയ്ക്ക് ഇരിക്കുമ്പോഴോ അറിയിപ്പുകൾ പരിശോധിക്കാൻ തിടുക്കം കാണിക്കേണ്ടതില്ല. ഒന്നും ചെയ്യാതെ കുറച്ചുനേരം ഇരിക്കാൻ ശ്രമിക്കുക. ബോറടി അനുഭവപ്പെടുമ്പോൾ അതിനെ ഉടൻ മാറ്റാൻ ശ്രമിക്കാതെ മനസ്സിനെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കുക.
ജോലിക്കിടയിൽ കൃത്യമായ ഇടവേളകൾ എടുക്കുക. കമ്പ്യൂട്ടറിൽ ജോലി ചെയ്തശേഷം ഉടൻ ഫോണിലേക്ക് മാറുന്നതിനു പകരം സ്‌ക്രീനിൽനിന്ന് പൂർണമായി മാറിനിൽക്കുക. കുറച്ചുനേരം നടക്കുകയോ ശാന്തമായി ഇരിക്കുകയോ ചെയ്യാം.
ഹെഡ്‌ഫോൺ ഇല്ലാതെ നടക്കാൻ ശ്രമിക്കുക. നടക്കുമ്പോഴെല്ലാം പാട്ടോ പോഡ്കാസ്റ്റോ കേൾക്കണമെന്നില്ല. ഇടയ്‌ക്കൊക്കെ സംഗീതമോ മറ്റ് പശ്ചാത്തല ശബ്ദങ്ങളോ ഇല്ലാതെ നടക്കുക. അപ്പോൾ മനസ്സിന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം ലഭിക്കും.
ഒരേസമയം ഒരു കാര്യം മാത്രം ചെയ്യുക. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ സ്‌ക്രോൾ ചെയ്യുന്നത് ഒഴിവാക്കുക. മറ്റൊരാളുമായി സംസാരിക്കുമ്പോൾ പൂർണമായ ശ്രദ്ധ സംഭാഷണത്തിന് നൽകുക. ഒരേസമയം പല കാര്യങ്ങൾ ചെയ്യുന്നതിനുപകരം ഓരോ കാര്യവും ശ്രദ്ധയോടെ ചെയ്യാൻ ശ്രമിക്കുക.
ഉറങ്ങുന്നതിനുമുമ്പ് ശാന്തമായ സമയം കണ്ടെത്തുക. രാത്രിയിൽ അനന്തമായി സോഷ്യൽ മീഡിയ സ്‌ക്രോൾ ചെയ്യുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിനുമുമ്പ് മനസ്സിനെ ശാന്തമാക്കാൻ കുറച്ചുസമയം മാറ്റിവെക്കുക. കൃത്യസമയത്ത് ഉറങ്ങുന്നതും പ്രധാനമാണ്.
എപ്പോഴും തിരക്കിലായിരിക്കണമെന്നില്ല. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതാണ് ഉൽപാദനക്ഷമതയെന്ന് നമ്മൾ പലപ്പോഴും കരുതുന്നു. എന്നാൽ തലച്ചോറിന് തുടർച്ചയായി പുതിയ വിവരങ്ങൾ ലഭിക്കുന്നതുമാത്രമല്ല ആവശ്യം. ലഭിച്ച വിവരങ്ങളും അനുഭവങ്ങളും ഉൾക്കൊള്ളാനും ക്രമീകരിക്കാനും അവയുടെ അർഥം മനസ്സിലാക്കാനും സമയം വേണം.
അതിനാൽ ഒന്നും ചെയ്യാനില്ലാത്തപ്പോൾ ഉടൻ ഫോൺ എടുക്കാനുള്ള ത്വരയെ കുറച്ചുനേരമെങ്കിലും നിയന്ത്രിച്ചുനോക്കാം. ആ ചെറിയ ഇടവേളയിൽ മനസ്സിന് വിശ്രമിക്കാനും ചിന്തകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും അവസരം ലഭിക്കും. വെറുതെയിരിക്കുന്ന ഓരോ നിമിഷവും സമയം പാഴാക്കുന്നതല്ല; ചിലപ്പോൾ തലച്ചോറിന് ഏറ്റവും ആവശ്യമുള്ളത് അത്തരമൊരു ഇടവേള തന്നെയായിരിക്കും.
Content Highlights: Boredom is not a waste of time but an essential mental rest for the brain., Constant smartphone use and scrolling cause mental fatigue and block deep cognitive processing., The brain's Default Mode Network activates during quiet moments to organize memories and foster self-reflection., Simple lifestyle changes like taking screen-free breaks and walking without headphones can rejuvenate the mind.
Published: 07 Nov 2026, 08:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented