പ്രീ അനസ്‌തേഷ്യ ക്ലിനിക്കില്‍ അവസാനത്തെ രോഗിയെയും നോക്കി കഴിഞ്ഞപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് വന്നു പറഞ്ഞത് മറ്റ് രണ്ടു പേര്‍ കൂടി എന്നെ കാണാന്‍ കാത്തു നില്‍ക്കുന്നുണ്ടെന്നും അവര്‍ നേരിട്ട് കാര്യം പറഞ്ഞോളാമെന്നാണ് അറിയിച്ചതെന്നും. മുറിയില്‍ കയറിയ നീണ്ടുമെല്ലിച്ച ആളെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി. കൂടെ വന്ന പെണ്‍കുട്ടിയെ സംശയത്തോടെ നോക്കിയപ്പോള്‍ അദ്ദേഹം സംസാരിച്ചു തുടങ്ങി 'സാറിന് ആളെ മനസ്സിലായില്ലേ. ഇത് ഫാത്തിമ കുട്ടി തന്നെ. അന്ന് ഹാര്‍ട്ടിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ ആളെന്നെ.'

To advertise here,

എന്റെ ഓര്‍മ്മകള്‍ ഒരു പതിനഞ്ചു വര്‍ഷം പുറകിലേക്ക് പോയി. ജന്മനാ ഹൃദ്രോഗിയായ കുട്ടിയാണ്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി എന്തായാലും ആവശ്യമായ അവസ്ഥയിലാണ് ആ കുട്ടിയുള്ളത്. സാമ്പത്തിക പരാധീനതകള്‍ക്കു പുറമേ ഹൃദയ ശസ്ത്രക്രിയയൊക്കെ ചെയ്താല്‍ ആള്‍ എന്തായാലും മരിച്ചു പോകുമെന്ന് കൂടി നാട്ടുകാരില്‍ ചിലര്‍ ഉപദേശിച്ചതു കൊണ്ട് ഓപ്പറേഷന്‍ ഒഴിവാക്കിയുള്ള ചികിത്സ തേടി എന്റെ ഒരു പരിചയക്കാരന്‍ വഴി എത്തിയതാണ്. ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടിയ്ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ചെയ്യാതെ രക്ഷപ്പെടുത്താനാവില്ലെന്ന് ആ ഉപ്പയെ ബോധ്യപ്പെടുത്തി കൊടുത്തു. പതിനഞ്ചു വര്‍ഷം മുമ്പ് മരണത്തിലേക്ക് പിടിച്ചു കൊണ്ടുപോകും പോലെ തന്നെയാണ് സര്‍ജറിയെയും സാധാരണക്കാര്‍ നോക്കി കണ്ടിരുന്നത് എന്നു ചുരുക്കം. 

സര്‍ജറി വിജയകരമായി നടന്നു, അവള്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ വിവാഹിതയായി,ഗര്‍ഭിണിയായി. സാധാരണയായി ഗര്‍ഭിണികളില്‍ നടത്തുന്ന അനോമലസ് സ്‌കാന്‍ ചെയ്തു നോക്കിയപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനും അമ്മയില്‍ പണ്ടുണ്ടായിരുന്ന അതേ ഹൃദയ വൈകല്യം ഉണ്ടെന്നു കണ്ടെത്തി. ഇനിയിപ്പോള്‍ ഗര്‍ഭസ്ഥശിശുവില്‍ തന്നെ ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റുമോ എന്നറിയാനാണ് അവര്‍ വന്നിരിക്കുന്നത്. ഇതാണ് പത്തിരുപത് വര്‍ഷം കൊണ്ട് വൈദ്യശാസ്ത രംഗത്തുണ്ടായ കുതിച്ചു ചാട്ടം. അന്ന് സര്‍ജറിയ്ക്ക് തന്നെ പേടിച്ചിരുന്നവരാണ് ഇന്ന് ഗര്‍ഭസ്ഥശിശുവില്‍ അങ്ങനെ ചെയ്യാനാകുമോ എന്നന്വേഷിച്ചു വന്നിരിക്കുന്നത്. ഈ മാറ്റം വൈദ്യശാസ്ത്രമേഖലയിലെ വളര്‍ച്ചയെയാണ് കാണിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം അനസ്‌തേഷ്യ രംഗത്തുണ്ടായ പുരോഗതി തന്നെയാണ്.

മുമ്പ് ഒരു രോഗത്തിന് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു കഴിഞ്ഞാല്‍ തന്നെ അതിനു തയ്യാറാവുന്ന രോഗികളുടെയും ബന്ധുക്കളുടെയും എണ്ണം തുലോം കുറവായിരുന്നു. അതിന് പ്രധാന കാരണം ശസ്ത്രക്രിയ സമയത്തും തുടര്‍ന്നും സംഭവിക്കാവുന്ന മരണം വരെയെത്താവുന്ന അപകട സാധ്യതയും ദീര്‍ഘകാലം വേണ്ടി വരുന്ന ബെഡ് റെസ്റ്റുമാണ്.ഇന്ന് സര്‍ജറി സമയത്ത് രോഗിയെ അനങ്ങാതെ കിടത്തുക മാത്രമല്ല വേദന അറിയാതെ ബോധമനസ്സിലും ഉപബോധ മനസ്സിലും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.പണ്ടുകാലത്ത് സര്‍ജറിക്ക് ഉണ്ടായിരുന്ന അപകടനിരക്ക് ഇന്ന് എത്രയോ കുറഞ്ഞിരിക്കുന്നു .

പലരും തെറ്റിദ്ധരിച്ചിരിക്കുന്ന പോലെ ഒരു ഇഞ്ചക്ഷന്‍ കൊടുത്ത് രോഗിയെ ഉറക്കുകയും മറ്റൊരു ഇഞ്ചക്ഷന്‍ കൊടുത്ത് രോഗിയെ ഉണര്‍ത്തുകയും ചെയ്യുന്നതല്ല അനസ്‌തേഷ്യ. ഓരോ രോഗിയുടെയും പ്രായത്തിനും ശാരീരികാവസ്ഥയ്ക്കും സര്‍ജറിയുടെ രീതിയ്ക്കുമനുസരിച്ച് എത്ര അളവില്‍ ഉള്ള മരുന്ന് രോഗിക്ക് വേണമെന്ന് വ്യക്തമായ പ്ലാനിങ്ങ് നടത്തി അനസ്‌തേഷ്യ നല്‍കുന്നതു വഴി അപകടരഹിതമായി വേദനയില്ലാതെ സര്‍ജറി കഴിഞ്ഞ്എത്രയും പെട്ടെന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്താനാവുന്നു. കുതിച്ചുപായുന്ന ഈ കാലത്ത് സമയത്തിന്റെ വില വളരെയേറെ വലുതാണ്. അണുകുടുംബ സങ്കല്പത്തില്‍ രോഗിയ്ക്കു മാത്രമല്ല കൂട്ടിരിപ്പുകാര്‍ക്കും എത്രയും പെട്ടെന്ന് ജീവിതത്തിന്റെ തിരക്കുകളിലേക്ക് തിരിച്ചു ചെല്ലാനാണ് താല്പര്യം. അതിനനുസരിച്ച് താക്കോല്‍ ദ്വാര ശസ്ത്രക്രിയകളും ഡേ കെയര്‍ അനസ്‌തേഷ്യകളും വികസിച്ചു വന്നു. പണ്ട് കാലത്ത് എട്ടും പത്തും ദിവസം ആശുപത്രിവാസം ആവശ്യമായിരുന്ന സര്‍ജറികള്‍ ഇന്ന് സര്‍ജറി ചെയ്ത അതേ ദിവസം തന്നെ രോഗിയെ ഡിസ്ചാര്‍ജ് നല്‍കി വീട്ടിലേക്ക് അയക്കാന്‍ പറ്റുന്ന രീതിയില്‍ മാറ്റിയെടുത്തു.

സര്‍ജറിയ്ക്ക് മുമ്പുള്ള പ്രീ അനസ്‌തേഷ്യ ചെക്കപ്പ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു. അനസ്‌തേഷ്യോളജിസ്റ്റ് രോഗിയെ വിശദമായി പരിശോധിക്കുന്നതിവിടെയാണ്. പള്‍സ്, ബി.പി, ശ്വാസ്യോച്ഛ്വാസനിരക്ക്, ചലനങ്ങള്‍, നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ബോധാവസ്ഥ, പ്രതികരണ ശേഷി ഇവയോടൊപ്പം തന്നെ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനങ്ങള്‍ എന്നിവ എല്ലാ രോഗികളിലും പരിശോധിക്കുന്നു.അതോടൊപ്പം വന്നിരിക്കുന്ന അസുഖം എത്രത്തോളം തീവ്രമാണെന്നും അത് രോഗിയുടെ ശരീരത്തില്‍ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതും വിലയിരുത്തുന്നു. 

പ്രായത്തിനും അസുഖത്തിനുമനുസരിച്ചുള്ള രക്തം, മൂത്രം എന്നിവയുടെ വിവിധ തരം ലാബ് ടെസ്റ്റുകള്‍ , ഇസിജി നെഞ്ചിന്റെ എക്‌സറേ എന്നിവയും അനിവാര്യമാണ്. ഹൃദ്രോഗികളാണെങ്കില്‍ എക്കോ പോലുള്ള ടെസ്റ്റുകളും അത്യാവശ്യമാണ്. പ്രീഅനസ്‌തേഷ്യ ക്ലിനിക്കില്‍ വരുമ്പോള്‍ എല്ലാ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടുകളും കയ്യില്‍ കരുതണം, മുമ്പ് ചെയ്ത സര്‍ജറിയുടെ രേഖകള്‍ ഉള്‍പ്പെടെ. രോഗി തനിക്കുള്ള പ്രമേഹം, രക്ത സമ്മര്‍ദ്ദം,അപസ്മാരം, ആസ്തമ,അല്ലര്‍ജി,മനോരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങളെയും അവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചും പുകവലി,മദ്യപാനം മുതലായ ശീലങ്ങളെക്കുറിച്ചും സത്യസന്ധമായി അനസ്‌തേഷ്യോളജിസ്റ്റിന്റെയടുത്ത് വ്യക്തമാക്കേണ്ടതാണ്. അനസ്‌തേഷ്യ സമയത്തും തുര്‍ന്നുമുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. വിശദമായ പരിശോധനയ്ക്കു ശേഷം രോഗിയെ മാനസികമായും ശാരീരികമായും സര്‍ജറിയ്ക്ക് പാകപ്പെടുത്തിയെടുക്കുന്നു.

ഓപ്പറേഷനു മുന്‍പെയുള്ള നിര്‍ദേശങ്ങള്‍ ഇവിടെ നിന്നു നല്‍കുന്നു.കഴിച്ചു കൊണ്ടിരിക്കുന്ന ചില മരുന്നുകള്‍ പ്രത്യേകിച്ചും രക്തം കട്ട പിടിക്കാതിരിക്കാനുള്ളമരുന്നുകള്‍ ഓപ്പറേഷനു നാല് ദിവസം മുമ്പെ നിര്‍ത്തിയേക്കാം. രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകളില്‍ ഏറ്റക്കുറച്ചിലുകളും നിര്‍ദ്ദേശിക്കപ്പെട്ടേക്കാം. അപസ്മാരം, ആസ്തമ, മനോരോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഓപ്പറേഷന്റെ ദിവസവും അത് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം എടുക്കണം. രോഗിയുടെ പ്രായത്തിന്നനുസരിച്ച് ഭക്ഷണവും ജലപാനവും പൂര്‍ണ്ണമായും വര്‍ജ്ജിക്കേണ്ട സമയവും നിശ്ചയിക്കും.ഏതു തരത്തിലുള്ള അനസ്‌തേഷ്യവേണ്ടി വരുമെന്ന് തീരമാനിക്കുന്നത് രോഗിയുടെ പ്രായം ,മാനസികവും ശാരീരികവുമായ അവസ്ഥ അസുഖത്തിന്റെ തീവ്രത എന്നതിനെയൊക്കെ ആശ്രയിച്ചാണ്.

പ്രധാനമായും റീജിയണല്‍ അനസ്‌തേഷ്യ, ജനറല്‍ അനസ്‌തേഷ്യ എന്നിങ്ങനെ രണ്ടു തരത്തിലാണ് അനസ്‌തേഷ്യയുള്ളത്. ശരീരത്തിന്റെ ഒരു ഭാഗം മാത്രം മരവിപ്പിക്കുന്ന രീതിയാണ് റീജിയിനല്‍ അനസ്‌തേഷ്യയില്‍ ഉള്ളത്. വയറിന്റെയും കൈയ്യിലും കാലിലുമൊക്കെ വേണ്ടി വരുന്ന സര്‍ജറികള്‍ ഇത്തരത്തിലുള്ള അനസ്‌തേഷ്യയില്‍ ചെയ്യാറുണ്ട്‌.റീജിയിനല്‍ അനസ്‌തേഷ്യയില്‍തന്നെ സ്‌പൈനല്‍, എപ്പിഡ്യൂറല്‍, കോഡല്‍, നെര്‍വ് ബ്ലോക്കുകള്‍ എന്നിങ്ങനെ പിന്നെയും വിവിധ തരം അനസ്‌തേഷ്യ രീതികളുണ്ട്. 

കൈയ്യിലുള്ള എല്ല് പൊട്ടിയുള്ള സര്‍ജറിയ്ക്ക് ആ കൈ മാത്രം തരിപ്പിക്കുന്നത് നെര്‍വ് ബ്ലോക്കിന് ഉാഹരണം. ഗര്‍ഭിണികളില്‍ ചെയ്യുന്ന സിസേറിയന്‍ സര്‍ജറിയ്ക്ക് പൊതുവെ സ്പൈനല്‍ അനസ്‌തേഷ്യയാണ് നല്കുന്നത്. സ്‌പൈനല്‍ അനസ്‌തേഷ്യയ്ക്ക് ശേഷം നടുവേദന വരുമോ എന്ന ഭയം പല രോഗികളും പങ്കു വെക്കാറുണ്ടെങ്കിലും അത് പൂര്‍ണ്ണമായും തെറ്റാണ്. നമ്മുടെ മുടിനാരിന്റെയത്രത്തോളം മാത്രം വണ്ണമുള്ള സൂചി ഉപയോഗിക്കുന്നതു കൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല.പൂര്‍ണ്ണമായും ബോധം കെടുത്താതു കൊണ്ട് തന്നെ കുഞ്ഞ് പിറന്നുവീണയുടനെ അമ്മയ്ക്ക് കുഞ്ഞിനെ കാണാനാകുന്നു എന്നത് സ്‌പൈനല്‍ അനസ്‌തേഷ്യയുടെ മേന്മയാണ്. ദീര്‍ഘനേരം നീണ്ടു നിലക്കുന്ന ഓപ്പറേഷനുകളില്‍ എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ ഫലപ്രദമാണ്. നെഞ്ചിന്റെയും തലയുടെയും ഒക്കെ സര്‍ജറികള്‍ ജനറല്‍ അനസ്‌തേഷ്യയിലാണ് ചെയ്യുന്നത്. 

ഇവിടെ രോഗിയെ പൂര്‍ണ്ണമായും ബോധം കെടുത്തി ശരീരം മരവിപ്പിച്ച് കൃത്രിമ ശ്വാസം വെന്റിലേറ്റര്‍ വഴി നല്കുന്നു. ഓപ്പറേഷന്റെ ദൈര്‍ഘ്യത്തിനനുസരിച്ച് മരുന്നുകളും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ചു കൊടുക്കുന്നു .സര്‍ജറിയുടെ അടിയന്തിര സ്വഭാവം , രീതികള്‍,രോഗിയുടെ ആരോഗ്യ നില എന്നിവയ്ക്കനുസരിച്ച് അനസ്‌തേഷ്യ രീതിയിലും മാറ്റങ്ങള്‍ വരുത്തേണ്ടിവന്നേക്കാം

ചുരുങ്ങിയ സമയം കൊണ്ട് മെച്ചപ്പെട്ട ഫലം തരുന്ന, അപകട സാധ്യതകള്‍ കുറഞ്ഞ മരുന്നുകളുടെ ആവിര്‍ഭാവവും ആധുനിക മോണിറ്ററുകളുടെയും അനസ്‌തേഷ്യ വര്‍ക് സ്റ്റേഷനുകളുടെയും കണ്ടുപിടുത്തങ്ങളും ഒരു അനസ്‌തേഷ്യോളജിസ്റ്റിന് കൃത്യമായും വ്യക്തമായുമുള്ള അനസ്‌തേഷ്യ നല്കുന്നതിന് ഏറെ സഹായകരമാണ്. ഓപ്പറേഷന്‍ തീയേറ്ററില്‍ തന്നെ സജ്ജമായിരിക്കുന്ന ഇന്‍വേസീവ് മോണിറ്ററുകള്‍, ട്രാന്‍സ് ഈസോഫാ ജിയല്‍ എക്കോകാര്‍ഡിയോഗ്രാം, അള്‍ട്രാസോണോഗ്രാം, ന്യൂറോമസ് കുലാര്‍ മോണിറ്ററുകള്‍, ബിസ് മോണറ്ററുകള്‍ ,വെന്റിലേറ്റുകള്‍ ഇവയെല്ലാം അപകടരഹിതമായി അനസ്‌തേഷ്യ നല്കുന്നതിനും വേഗത്തില്‍ തന്നെ ഓപറേഷന്‍ തീയേറ്ററില്‍ നിന്നും ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ നിന്നും രോഗിയെ അസുഖം ഭേദപ്പെടുത്തി സ്വജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും ഏറെ സഹായിക്കുന്നു.

ആശങ്കകളില്ലാതെ സര്‍ജറിയ്ക്ക് വിധേയനാവുന്നതിന് രോഗിയെയും സങ്കീര്‍ണമായ സര്‍ജറികള്‍ അപകടരഹിതമായി ചെയ്യാന്‍ സര്‍ജനെയും പ്രാപ്തനാക്കുന്ന മികച്ച സംഘാടകനാണ് ഒരു അനസ്‌തേഷ്യോളജിസ്റ്റ്. ഓപ്പറേഷന്‍ തിയേറ്ററില്‍ മാസ്‌ക്കിനും ഗൗണിനും ഉള്ളില്‍ അജ്ഞാതനായി നിന്നിരുന്ന അനസ്‌തേഷ്യോളജിസ്റ്റ് ആരാണെന്നറിയാനും നന്ദിയും സ്‌നേഹവും അറിയിക്കാനും രോഗിയും കൂട്ടിരിപ്പുകാരും ചെല്ലുന്നു എന്നത് ഈ ഡോക്ടര്‍മാര്‍ക്കു കിട്ടുന്ന അംഗീകാരം തന്നെയാണ്.

(കോട്ടക്കല്‍ എച്ച് എം.എസ് ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം മേധാവിയാണ് ലേഖകന്‍)