പനിവന്നാൽ ഡോക്ടറെ കാണുന്ന നമ്മൾ, മനസ്സിന് വേദനതോന്നുമ്പോൾ മിണ്ടാതിരിക്കുന്നതെന്തിനാണ്? അമിതമായ ഉത്കണ്ഠ, അകാരണമായ ഭയം, തുടർച്ചയായ വിഷാദം, ഉറക്കമില്ലായ്മ, നിയന്ത്രിക്കാനാവാത്ത ദേഷ്യം, ജോലിസമ്മർദം... ഇവയെല്ലാം മാനസികപ്രശ്നങ്ങളുടെ ഭാഗമാണ്. മനസ്സിന് പല പ്രതിസന്ധികളുമുണ്ടാകാം. നമ്മളെ മനസ്സിലാക്കുന്ന ഒരാളോടു സംസാരിച്ചാൽ ചിലതെല്ലാം ഒരുപരിധിവരെ പരിഹരിക്കപ്പെട്ടേക്കാം. വയോജനങ്ങൾ ചുറ്റുമുള്ളവരോടും ചുറ്റുമുള്ളവർ അവരോടും സംസാരിക്കാറുണ്ടോ? അതുറപ്പാക്കിയാൽ പ്രശ്നപരിഹാരത്തിനുള്ള വഴി തുറന്നുകിട്ടും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി.) കണക്കുപ്രകാരം സംസ്ഥാനത്ത് പ്രതിവർഷം ഏതാണ്ട് പതിനൊന്നായിരത്തോളം ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ശരാശരിയെക്കാൾ കൂടുതലാണിത്. അതിൽ കൂടുതലും പുരുഷന്മാരാണ്. പ്രയാസങ്ങൾ തുറന്നുപറയാനുള്ള മടിയും ലഹരി ഉപയോഗവുമാണ് പ്രധാന കാരണങ്ങൾ. ആത്മഹത്യയിൽ പകുതിയിലധികവും 45 വയസ്സിനു മുകളിലുള്ളവരാണ്. പ്രായമാകുമ്പോഴുള്ള ഒറ്റപ്പെടൽ, വിട്ടുമാറാത്ത രോഗങ്ങൾ, ആരും വേണ്ടെന്ന തോന്നൽ എന്നിവ ആത്മഹത്യയിലേക്കു തള്ളിവിടാം.
ആത്മഹത്യ മിക്കപ്പോഴും പെട്ടെന്നുണ്ടാകുന്ന തീരുമാനമല്ല. എല്ലാറ്റിൽ നിന്നും ഉൾവലിയുക, ഉറക്കവും വിശപ്പും നഷ്ടപ്പെടുത്തുക, നിരാശ പ്രകടമാക്കുക, പ്രിയപ്പെട്ട സാധനങ്ങൾ മറ്റുള്ളവർക്കുനൽകുക... എന്നിങ്ങനെ ആ വ്യക്തി പല സൂചനകളും നൽകുന്നുണ്ടാകും.
നമുക്ക് എന്തുചെയ്യാം?
കേൾക്കാൻ തയ്യാറാകുക: ഉപദേശിക്കാനല്ല, വിധിക്കാനുമല്ല. ഞാൻ കൂടെയുണ്ട്, കേൾക്കാം, പറഞ്ഞോളൂ എന്നു പറയൂ
സംസാരിക്കാൻ പ്രേരിപ്പിക്കുക: ആത്മഹത്യയെക്കുറിച്ച് ചോദിച്ചാൽ അതേക്കുറിച്ചുള്ള ചിന്തവരും എന്നത് തെറ്റിദ്ധാരണയാണ്. തുറന്നസംസാരം ആശ്വാസമാണ്
ചികിത്സയ്ക്ക് മടിക്കരുത്: മാനസികാരോഗ്യപ്രശ്നങ്ങൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ഒരു സൈക്യാട്രിസ്റ്റിനെയോ കൗൺസലറെയോ കാണുന്നത് ദൗർബല്യമല്ല, ധൈര്യമാണ്
വിവരങ്ങൾക്ക് കടപ്പാട്
ഡോ. രവീന്ദ്രനാഥ്
സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്
തലശ്ശേരി മിഷൻ ഹോസ്പിറ്റൽ
Content Highlights: Explore the importance of addressing mental health issues, recognizing depression symptoms, and effective suicide prevention strategies for a healthier society.
Published: 08 Nov 2026, 11:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented