മനസ്സിൽ അസ്വസ്ഥതകളും സംഘർഷങ്ങളും അനുഭവപ്പെടുമ്പോൾ അതിൽനിന്ന് താത്കാലികമായി രക്ഷപ്പെടാൻ പലരും ചില ശീലങ്ങളെ ആശ്രയിക്കാറുണ്ട്. അമിതമായി ഉറങ്ങുക, മണിക്കൂറുകളോളം മൊബൈൽ ഫോണിൽ സ്‌ക്രോൾ ചെയ്യുക, വിശ്രമമില്ലാതെ ജോലിയിൽ മുഴുകുക തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. അസ്വസ്ഥമാക്കുന്ന ചിന്തകളിൽനിന്നും വികാരങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള മാർഗങ്ങളായാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ ഇത്തരം ശീലങ്ങൾ മനസിന്റെ വിഷമങ്ങൾക്ക് യഥാർഥ പരിഹാരമാകുന്നില്ല. താത്കാലിക ആശ്വാസം നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കാൻ ഇവ കാരണമായേക്കാം. മാനസിക അസ്വസ്ഥതകൾ ഒഴിവാക്കാനുള്ള ശ്രമത്തിൽ പലരും അറിയാതെ തന്നെ അനാരോഗ്യകരമായ ശീലങ്ങൾക്ക് അടിമപ്പെടാറുണ്ട്. ഇതിന്റെ കാരണങ്ങൾ അറിഞ്ഞിരിക്കാം.

To advertise here,

എന്താണ് അവോയ്ഡന്റ് കോപ്പിങ്?

മാനസികമായി വേദനിപ്പിക്കുന്ന ചിന്തകളെയും വികാരങ്ങളെയും സാഹചര്യങ്ങളെയും നേരിടുന്നതിനുപകരം അവയിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന രീതിയെയാണ് 'അവോയ്ഡന്റ് കോപ്പിങ്' എന്നു പറയുന്നത്. മാനസികാരോഗ്യ സംഘടനയായ അമാഹ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മാനസികാരോഗ്യ ചികിത്സ തേടിത്തുടങ്ങിയവരിൽ 82.7 ശതമാനം പേരും ഇത്തരം ഒഴിവാക്കൽ സ്വഭാവമുള്ള ശീലങ്ങൾ പ്രകടിപ്പിച്ചവരാണ്. അമിതമായ സ്‌ക്രീൻ ഉപയോഗം, അമിതമായി ജോലി ചെയ്യുക, അമിതമായി ഉറങ്ങുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, വ്യായാമം ചെയ്യുക, ഡയറി എഴുതുക തുടങ്ങിയ ആരോഗ്യകരമായ മാർഗങ്ങൾ സ്വീകരിച്ചവരും 43 ശതമാനമുണ്ടായിരുന്നു.

മറ്റൊരു ശ്രദ്ധേയമായ കാര്യം, പലരും വിദഗ്ധസഹായം തേടാൻ വൈകുന്നു എന്നതാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിച്ചുതുടങ്ങി ഒരു വർഷത്തിലേറെ കഴിഞ്ഞ ശേഷമാണ് 53 ശതമാനം പേരും ചികിത്സ തേടിയത്. സമ്മർദം മാത്രമാണെന്ന് കരുതിയ ചിലർക്ക് പിന്നീട് വിഷാദരോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചിലർക്ക് സ്വയം ഉപദ്രവിക്കാനുള്ള ചിന്തകളുമുണ്ടായിരുന്നു. മാനസിക വിഷമങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുന്നത് മാത്രം പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ശീലങ്ങൾ നൽകുന്ന ആശ്വാസം താത്കാലികമാണ്.

എന്തുകൊണ്ടാണ് ഇത്തരം ശീലങ്ങളിലേക്ക് തിരിയുന്നത്?

അമിതമായി ഫോൺ ഉപയോഗിക്കുന്നതും ഉറങ്ങുന്നതും ജോലിയിൽ മുഴുകുന്നതുമെല്ലാം ചിലർക്ക് താത്കാലിക ആശ്വാസം നൽകും.'കൈകാര്യം ചെയ്യാൻ പ്രയാസമുള്ള വികാരങ്ങളിൽനിന്ന് കുറച്ചുനേരത്തേക്കെങ്കിലും ആശ്വാസം ലഭിക്കുമെന്നതിനാലാണ് ആളുകൾ ഇത്തരം ശീലങ്ങളിലേക്ക് തിരിയുന്നത്. ആശങ്കകളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ഫോൺ സ്‌ക്രോൾ ചെയ്യുന്നത് സഹായിച്ചേക്കാം. അമിതമായി സമ്മർദം അനുഭവപ്പെടുന്ന ഒരു ദിവസത്തെ അഭിമുഖീകരിക്കാതിരിക്കാൻ കിടക്കയിൽത്തന്നെ തുടരാം. ജീവിതത്തിന്റെ മറ്റ് മേഖലകളിൽ അനിശ്ചിതത്വം അനുഭവപ്പെടുമ്പോൾ ജോലിയിൽ മുഴുകുന്നത് ഒരു ക്രമവും നിയന്ത്രണബോധവും നൽകുമെന്ന്, അമാഹ ഹെൽത്തിന്റെ സ്ഥാപകനും സി.ഇ.ഒയുമായ സൈക്യാട്രിസ്റ്റ് ഡോ. അമിത് മാലിക് പറയുന്നു. എന്നാൽ ഈ ആശ്വാസം പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം പരിഹരിക്കുന്നില്ല. വിഷമം വീണ്ടും വരുമ്പോൾ അതിൽനിന്ന് രക്ഷപ്പെടാൻ അതേ ശീലങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ക്രമേണ ഇത് ആവർത്തിക്കുന്ന ഒരു ശീലമായി മാറുന്നു.

ഈ ശീലങ്ങൾ അനാരോഗ്യകരമാണെന്ന് എങ്ങനെ തിരിച്ചറിയാം?

ഒരു ശീലം നിങ്ങളുടെ ദൈനംദിന ജീവിതത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. വിഷമം വരുമ്പോഴെല്ലാം ഫോൺ ഉപയോഗിക്കുകയോ ഉറങ്ങുകയോ ജോലിയിൽ മുഴുകുകയോ ചെയ്യുക, വികാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കുക, ഉത്തരവാദിത്വങ്ങൾ മാറ്റിവയ്ക്കുക തുടങ്ങിയവ ശ്രദ്ധിക്കേണ്ട സൂചനകളാണ്.

പുറത്തുകടക്കാൻ എന്തുചെയ്യാം?

മാനസിക വിഷമങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനുപകരം അവ തിരിച്ചറിയുകയും ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയാണ് പ്രധാനം. വ്യായാമം, ഡയറി എഴുത്ത് തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാം. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും തേടാം.