"എന്താ ഡോക്ടര്‍ ഫോണ്‍ എടുക്കാത്തേ? എത്ര പ്രാവശ്യം ഞാന്‍ വിളിച്ചു! ഇത്ര ഭയങ്കര ജോലിത്തിരക്കോ? എന്റെ ഫോണ്‍ നമ്പര്‍ ബഹിഷ്‌കരിച്ചിരിക്കുകയാണോ? നാളെ കാഞ്ഞങ്ങാട്ട് വരുന്നുണ്ട് അല്ലേ? പ്രഭാതഭക്ഷണം എന്റെ വീട്ടില്‍... പുത്തന്‍ വീട്ടില്‍ വരാമെന്ന് പറഞ്ഞ് ഇതുവരെ പറ്റിച്ചില്ലേ! ഏതു ട്രെയിനിലാ വരുന്നത്? സ്റ്റേഷനീന്ന് കൂട്ടാന്‍ ഞാന്‍ വരണോ... എന്താ ഡോക്ടര്‍ മിണ്ടാത്തേ?"

To advertise here,

എങ്ങനെ മിണ്ടാനാണ്...! ഒന്നു നിര്‍ത്തി, ഒരിട കിട്ടിയിട്ടു വേണ്ടേ അങ്ങോട്ടു സംസാരിക്കാന്‍! എന്റെ മറുപടിക്കൊന്നും ചെവി കൊടുക്കാതെ അവള്‍ സംസാരിച്ചു കൊണ്ടേയിരുന്നു. അവളാണ് സുബൈദ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ചികില്‍സിച്ച ഒരു പത്താം ക്ലാസ്സുകാരി. ഇന്ന് അവള്‍ ഒരു വീട്ടമ്മയായിരിക്കുന്നു. മൂന്നു കുഞ്ഞുങ്ങളുടെ അമ്മ.

ഒരു മീറ്റിങ്ങിനാണ് ഞാന്‍ കാഞ്ഞങ്ങാട്ടു വരുന്നതെന്നും അവര്‍ താമസവും ഭക്ഷണവും ഒക്കെ ഒരുക്കിയിട്ടുണ്ടെന്നും അതിനിടയില്‍ ഞാന്‍ നിന്നെ കാണാന്‍ വരാമെന്നു പറഞ്ഞതൊന്നും അവള്‍ക്ക് രസിച്ചില്ല.

"മീറ്റിങ്ങ് സംഘടിപ്പിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ താ... ഞാന്‍ അവരോടും സംസാരിച്ചോളാം. തല പോകുന്ന കാര്യമൊന്നുമല്ലല്ലോ! എന്റെ വീട്ടില്‍ വരാന്‍ മടിയാണെങ്കില്‍ അതു പറയ്. പെരുത്ത് കൂട്ടുകാരുള്ളതല്ലേ കാഞ്ഞങ്ങാട്ട്! അവിടെനിന്നു തന്നെ ആഹാരം കഴിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം! എന്തൊക്കെയായാലും പ്രഭാതഭക്ഷണം എന്റെ വീട്ടില്‍ തന്നെ മതി. അതില്‍ ആര്‍ക്കെങ്കിലും നീരസമുണ്ടെങ്കില്‍ ഞാന്‍ സഹിച്ചു. അത്ര തന്നെ!"

ചികില്‍സയ്ക്കു വന്നിരുന്ന നാളുകളിലെ അതേ സുബൈദ തന്നെ- ഞാന്‍ മനസ്സിലോര്‍ത്തു. അതേ മട്ടില്‍ അധികാരത്തോടെ തന്നെയാണ് ഇപ്പോഴും സംസാരിക്കുന്നത്.

"താടിയും മുടിയുമൊക്കെ വെട്ടി സുന്ദരനായി നടന്നു കൂടേ! ഭാര്യ സുന്ദരിയായി നടക്കുന്നത് കണ്ടോ..." മുമ്പ് സുബൈദ എന്നെ കളിയാക്കുമായിരുന്നു. ഒരിക്കല്‍ സംസാരത്തിനിടെ അവള്‍ പറഞ്ഞു- "എനിക്കും പഠിച്ച് ഒരു ഡോക്ടറാകണം. പക്ഷേ, നടക്കൂല്ല... അതിനു മുമ്പ് അവര് എന്നെ കെട്ടിച്ചു വിടും." താമസിയാതെ അതു സംഭവിക്കുകയും ചെയ്തു.

എനിക്ക് പങ്കെടുക്കാനുള്ള പരിപാടിയുടെ സംഘാടകരില്‍ പലര്‍ക്കും സുബൈദ സുപരിചിതയായിരുന്നു. ഞാനുമായുള്ള അടുപ്പവും അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവളുടെ വീട്ടില്‍ പ്രഭാതഭക്ഷണത്തിനു പോകുന്നതില്‍ അവര്‍ക്കും പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ ഭക്ഷണത്തിന് എത്തുന്നുണ്ട് എന്നു വിളിച്ചു പറഞ്ഞപ്പോള്‍ത്തന്നെ അവള്‍ പറഞ്ഞു- "എ്ന്റള്ളാ... ഞാന്‍ എന്താണ് ഉണ്ടാക്കേണ്ടത്! പത്തിരി, പുട്ട്, വെള്ളയപ്പം, കോഴിക്കറി, മീന്‍ കറി, ഇറച്ചിക്കറി... പിന്നെ സാമ്പാറും ഇഡ്ഡലിയുമൊന്നും ഞാന്‍ ഉണ്ടാക്കിയാല്‍ ശരിയാവൂല്ല. ഡോക്ടര്‍ക്ക് എന്താ വേണ്ടത്?"

ചിരി മനസ്സിലൊതുക്കി ഞാന്‍ പറഞ്ഞു - "സാമ്പാറും ഇഡ്ഡലിയുമൊക്കെ ഞാന്‍ ഉണ്ടാക്കി കൊണ്ടു വരാം." അവളെ കളിയാക്കുകയാണെന്ന് മനസ്സിലാക്കി അവള്‍ പറഞ്ഞു- "നോക്കിക്കോ ഞാന്‍ തന്നെ ഇഡ്ഡലിയും ദോശയും സാമ്പാറും ചട്ണിയും ഉണ്ടാക്കിത്തരും." "വലിയ വിഭവങ്ങളൊന്നും വേണ്ടാ. ഒരു സാദാ ബ്രേക്ക് ഫാസ്റ്റ് മതി"- ഞാന്‍ പറഞ്ഞു.

കാഞ്ഞങ്ങാട് സ്റ്റേഷന്‍ എന്നെ സ്വീകരിച്ചത് ചെറിയൊരു ചാറ്റല്‍ മഴയോടെയാണ്. പ്ലാറ്റ്ഫോറത്തില്‍നിന്ന് പുറത്തിറങ്ങിയ നിമിഷം തന്നെ സുബൈദയുടെ ഫോണ്‍ വിളി വന്നു- "ഭക്ഷണം റെഡി. വേഗം വാ. അല്ലെങ്കില്‍ എല്ലാം തണുത്തു പോകും. പിന്നെ എന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല."
"വേഗം എത്തിയേക്കാമേ..." അനുസരണയുള്ള കുട്ടിയെപ്പോലെ ഞാന്‍ പറഞ്ഞു.

ഞാനും സുഹൃത്തും കൂടിയാണ് സുബൈദയുടെ വീട്ടില്‍ എത്തിയത്. ചെറിയൊരു വീടല്ല അവളുടേത് എന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലായി. എന്നെ പരിചയപ്പെടാനും സംസാരിക്കാനുമായി അവളുടെ കുറേ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. മദ്രസയില്‍ പോയിരുന്ന മകന്‍ തിരിച്ചെത്തിയതോടെ കുട്ടികളും ചുറ്റും കൂടി. മാറി മാറി കൂടെയിരുന്ന് അവര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തു കൊണ്ടിരുന്നു. വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം. അപ്പോള്‍ ഞാന്‍ പറഞ്ഞു- "വിഭവങ്ങളെല്ലാം ഉഗ്രന്‍! പ്രത്യേകിച്ച് ഇഡ്ഡലിയും സാമ്പാറും ചട്ണിയും." സ്നേഹം കൂടി ചാലിച്ചു ചേര്‍ത്ത വിഭവങ്ങളായതു കൊണ്ടാണ് കൂടുതല്‍ സ്വാദ് എന്ന് എന്റെ സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. സത്യം- സത്യം- സത്യം... എന്റെ മനസ്സ് ഏറ്റു പറയുന്നുണ്ടായിരുന്നു. അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുട്ടികളെല്ലാം കൂടി ഒരു സഞ്ചി എന്റെ നേരേ നീട്ടി. ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയോടെ ഞാന്‍ അതിനുള്ളിലുണ്ടായിരുന്ന ഷര്‍ട്ട് പുറത്തെടുത്തി. അതിമനോഹരമായ ഒരു ഷര്‍ട്ട്. അതിലെ ഓരോ ഇഴയും സ്നേഹം കൊണ്ട് തുന്നിയതാണെന്ന് ആരൊക്കെയോ വിളിച്ചു പറയുന്നതു പോലെ തോന്നി. നിറകണ്ണുകളോടെ വരാന്തയില്‍ നിന്നിരുന്ന സുബൈദയെ തിരിഞ്ഞു നോക്കി ഞാന്‍ കാറിനടുത്തേക്കു നടന്നു.

കാറിലിരുന്നുള്ള സംഭാഷണത്തിനിടെ സുഹൃത്ത് പറഞ്ഞു: "വല്ലാത്ത ഒരനുഭവം തന്നെയായിരുന്നു അവിടത്തേത്. സുബൈദയും ബന്ധുക്കളും അവര്‍ക്ക് സാറിനോടുള്ള സ്നേഹവും. അതു പ്രകടിപ്പിക്കുന്നതും. സത്യത്തില്‍ അസൂയ തോന്നി സാറേ..." ഇതാ സാറിന്റെ ഫോണാണ് ശബ്ദിക്കുന്നത് എന്നു പറഞ്ഞ് അദ്ദേഹം ഫോണിലേക്കു ചൂണ്ടി.

"ഗുഡ്മോണിങ് സാറേ... ഞാന്‍ വഹാബാണ്. സാര്‍.. കേള്‍ക്കുന്നുണ്ടോ... നാലു വര്‍ഷം മുമ്പ് സാറ് ചികില്‍സിച്ച വഹാബ്. ഇന്നലെ സാറിനെ കാണാന്‍ ആശുപത്രിയില്‍ വന്നിരുന്നു. ഞായറാഴ്ച എന്റെ വിവാഹമാണെന്നും പറഞ്ഞിരുന്നല്ലോ. സാറ് കാഞ്ഞങ്ങാട്ട് വരുന്നത് അടുത്ത ശനിയാഴ്ചയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഇന്നിവിടെയുണ്ടെന്ന് അറിഞ്ഞു. സാറ് വീട്ടില്‍ വരണേ... ഉച്ച ഭക്ഷണം ഇന്ന് എന്റെ വീട്ടില്‍..."

"അതിന് നാളെയല്ലേ കല്യാണം? ഇന്ന് നിങ്ങളെല്ലാവരും അതിന്റെ തിരക്കില്‍ ആയിരിക്കില്ലേ?" ഞാന്‍ ഒഴിഞ്ഞുമാറാന്‍ നോക്കി.

"സാറ് കാസര്‍കോടു നിന്നല്ലേ വന്ദേഭാരത് ട്രെയിനില്‍ കയറാന്‍ പോകുന്നത്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയില്‍ തന്നെയാണ് എന്റെ വീട്. അതുകൊണ്ട് സാറിന്റെ പരിപാടിയൊക്കെ കഴിഞ്ഞ് തിരികെ പോകുന്ന വഴി എന്റെ വീട്ടില്‍ വന്ന് ഊണും കഴിച്ച് ട്രെയിനില്‍ കയറാം. സാറ് മറിച്ചൊന്നും പറയരുത്."

അങ്ങനെ ഉച്ചയ്ക്ക് ഊണ് വഹാബിന്റെ വീട്ടിലായി. സുബൈദയുടെ വീട്ടിലെ അതേ അനുഭവം തന്നെയായിരുന്നു വഹാബിന്റെ വീട്ടിലും. സ്നേഹത്തില്‍ ചാലിച്ചെടുത്ത കുറേയേറെ വിഭവങ്ങള്‍. വഹാബും കൂട്ടരും മത്സരിച്ച് വിളമ്പുകയായിരുന്നു അവയെല്ലാം. ഊണ് കഴിഞ്ഞപ്പോള്‍ വഹാബ് എന്റെ കൈ പിടിച്ചു പറഞ്ഞു: "സാറ് നാലു വര്‍ഷം മുമ്പ് എന്റെ ജീവന്‍ തിരികെ തന്നു. നാളെ ഞാന്‍ ഒരു പുതിയ ജീവിതം തുടങ്ങാന്‍ പോവുകയാണ്. സാറെന്നെ അനുഗ്രഹിക്കണം."

അവന്റെ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടു. ഒരു നിമിഷം പകച്ചു നിന്ന എന്നെ നോക്കി അവന്‍ ചോദിച്ചു- "അറ കാണണ്ടേ..?"

അറ?..അറ എനിക്കറിയാം. കുമരകത്തെ എന്റെ വീട്ടിലും അറയുണ്ടായിരുന്നു. അതു കൊണ്ട് എനിക്കതു കാണാന്‍ അത്ര കൗതുകമൊന്നുമില്ല. ഇതു കേട്ടതും എന്റെ സുഹൃത്ത് പൊട്ടിച്ചിരിച്ചു. എന്താണ് കാര്യം എന്ന് മനസ്സിലാകും മുമ്പു തന്നെ വഹാബ് എന്റെ കൈ പിടിച്ച് കോണിപ്പടികള്‍ കയറാന്‍ തുടങ്ങി. അറ എന്ന അവിടെ പറയുന്നത് പുതുപ്പെണ്ണിനെയും കൊണ്ട് ചെറുക്കന് വന്നു കയറി കഴിയാനായി ഒരുക്കിയിരിക്കുന്ന മുറിക്കാണ്. ഭംഗിയായി ഒരുക്കിയിരിക്കുന്ന ഒരു മുറി. അറ ഒരുക്കുന്നതിനെക്കുറിച്ചൊക്കെ അവന്‍ വിശദമായി എനിക്കു പറഞ്ഞു തന്നു. അപ്പോഴും എന്റെ മുഖത്ത് ജാള്യത മാഞ്ഞിരുന്നില്ല.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വഹാബിന്റെ ഉമ്മയും ബാപ്പയും അടുത്തു വന്നു. "നന്ദിയുണ്ട് ഡോക്ടറേ, ഈ വീട്ടില്‍ വന്നതിനും മോനെ ഞങ്ങള്‍ക്ക് തിരിച്ചു തന്നതിനും. ഡോക്ടറുടെ ആരോഗ്യത്തിനു വേണ്ടി ഞങ്ങള്‍ എന്നും പ്രാര്‍ഥിക്കും. അഞ്ചു നേരവും നിസ്‌കരിച്ച് പ്രാര്‍ഥിക്കുമ്പോള്‍ ഡോക്ടറും കുടുംബവും പ്രാര്‍ഥനയിലുണ്ടാകും. അതു മാത്രമേയുള്ളൂ ഞങ്ങള്‍ക്ക് തിരികെത്തരാന്‍." അവര്‍ എന്റെ കാലില്‍ തൊട്ട് അനുഗ്രഹം തേടി.

ഒരനക്കവുമില്ലാതെ വന്ദേഭാരത് ട്രെയിന്‍ യാത്ര തുടങ്ങി. വിശാലമായ ജനലിലൂടെ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. ഡോക്ടറെന്ന നിലയില്‍ ജീവിതം സഫലമായി എന്നു തോന്നിയ ഒരു ദിവസം. ഒരു ഡോക്ടര്‍ക്കു മാത്രം ലഭിക്കുന്ന സ്‌നേഹം, അനുഗ്രഹം, അംഗീകാരം... അതു ഞാന്‍ അനുഭവിച്ചറിഞ്ഞ കുറേ മണിക്കൂറുകള്‍.

സുബൈദയും വഹാബും അവരുടെ കുടുംബാംഗങ്ങളും എന്റെ ഈ ദിവസത്തെ ധന്യമാക്കിയിരിക്കുന്നു. ഇത്തരം വഹാബുമാരും സുബൈദമാരും എല്ലാ ഡോക്ടര്‍മാരുടെ ജീവിതത്തിലും ഉണ്ടായിരിക്കും എന്നതാണ് സത്യം. ഒരു ഡോക്ടറുടെ ഏറ്റവും ശ്രേഷ്ഠമായ മുതല്‍ക്കൂട്ട് ഇത്തരം ബന്ധങ്ങളും സ്‌നേഹവുമായിരിക്കും. പേരുകളും സാഹചര്യങ്ങളും മാത്രമേ വ്യത്യസ്തമായിരിക്കുകയുള്ളൂ. താന്‍ നല്‍കുന്നതിനെക്കാള്‍ പതിന്മടങ്ങ് സ്‌നേഹവും  സന്തോഷവും രോഗികള്‍ തിരികെത്തരും എന്ന തിരിച്ചറിവു തന്നെയാണ് ഡോക്ടറെ മുന്നോട്ടു നയിക്കുന്നത്. ഇത്തരം സ്‌നേഹബന്ധങ്ങള്‍ കാലാകാലം തുടരട്ടെ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു.

അതിവേഗം കുതിച്ചു കൊണ്ടിരുന്ന വന്ദേഭാരത്  സ്റ്റേഷന്‍ പിന്നിടുകയാണ്. അത് കാഞ്ഞങ്ങാടാണ്. സുബൈദയും വഹാബും എന്നെ യാത്രയാക്കാന്‍ സ്റ്റേഷനില്‍ നില്‍ക്കുന്നുണ്ടെന്ന് എനിക്കു തോന്നി. അറിയാതെ ഞാന്‍ കൈകള്‍ വീശിക്കൊണ്ടേയിരുന്നു.