
തിരഞ്ഞെടുപ്പടുക്കുമ്പോൾ പണം കൊണ്ടുള്ള 'അയ്യരുകളി'യാണ്. തദ്ദേശ തിരഞ്ഞെടുപ്പുകൾ മുതൽ രാജ്യാധികാര നിർണയം വരെ പണം സുപ്രധാനഘടകം. ജനാധിപത്യം, ജനങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാനാർഥികൾ, ജനങ്ങളാൽ അധികാരത്തിലേറുന്നവർ... ആധുനിക പ്രചാരണ രീതികളിൽ പണം ഒഴുക്കി വോട്ടുപിടിക്കുമ്പോൾ ഒക്കെ വെറും ഭംഗി വാക്കുകളിലേക്ക് ഒതുങ്ങും. ആദ്യകാലങ്ങളിൽ പൊതുയിടങ്ങളിൽ പ്രസംഗങ്ങളും പൊതുറാലികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുപ്പിച്ചിരുന്നിടത്ത് നിന്ന് സ്ഥിതി മാറി, ഇന്ന് അത് സോഷ്യൽ മീഡിയ പ്രചാരണങ്ങളിലേക്ക് മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ജനം ഏറെ നേരം ചെലവഴിക്കുന്ന സോഷ്യൽ പ്ലാറ്റ്ഫോമിൽ ആശയങ്ങളും പ്രചാരണ തന്ത്രങ്ങളും അണിയറയിൽ സജീവമായിത്തുടങ്ങും. കോടികൾ അതുവഴി ഒഴുകും.
തിരഞ്ഞെടുപ്പടുക്കുമ്പോൾ ഓരോ വെബ്സൈറ്റിലും ഓരോ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലും പരസ്യങ്ങളും ആധിക്യമാണ്. വെബ്സൈറ്റ് അല്ലെങ്കിൽ വേറെ എന്തെങ്കിലും തുറക്കുമ്പോൾ തന്നെ രാഷ്ട്രീയ പാർട്ടികളുടെ പരസ്യങ്ങളായിരിക്കും. കാണേണ്ടതില്ല എന്ന് തീരുമാനിച്ചാലും അവ നമ്മെ അലോസരപ്പെടുത്തുവിധത്തിൽ പ്രദർശിപ്പിച്ചു കൊണ്ടേയിരിക്കും. ഇത്തരത്തിലുള്ള പരസ്യങ്ങൾ നൽകാൻ വേണ്ടി കോടികളാണ് രാഷ്ട്രീയ പാർട്ടികൾ ഓരോ പ്ലാറ്റ്ഫോമുകൾക്ക് നൽകേണ്ടി വരുന്നത്.
Also Read
52 കോടിയോളം രൂപയാണ് ഇത്തവണ തിരഞ്ഞെപ്പിൽ ഗൂഗിൾ പരസ്യങ്ങൾക്ക് വേണ്ടി മാത്രമായി ബി.ജെ.പി. ചെലവഴിച്ചത്. ഇത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ മാത്രമാണ്. ബി.ജെ.പിയുടേതായ 121,472 പരസ്യങ്ങളാണ് ഗൂഗിൾ പ്രദർശിപ്പിച്ചത്. ചിത്രങ്ങളായും വീഡിയോകളായുമാണ് പ്രദർശിപ്പിച്ചവയിലേറെയും. എന്നാൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് വീഡിയോകൾക്കാണ്. 72 ശതമാനവും ഗൂഗിളിൽ ബി.ജെ.പി. നൽകിയിരിക്കുന്നത് വീഡിയോ പരസ്യങ്ങളാണ്. അതായത് 38 കോടിയോളം രൂപ വീഡിയോ പരസ്യങ്ങൾക്ക് ബി.ജെ.പി. നൽകി. ബാക്കി 13 കോടിയോളം രൂപ ചിത്രങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിയാണ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത ഏപ്രിൽ മാസത്തിൽ മാത്രം ഒരു ലക്ഷത്തോളം പരസ്യങ്ങളാണ് ബി.ജെ.പി. ഗൂഗിൾ വഴി മാത്രം പ്രചരിപ്പിച്ചത്. 20 കോടിയിലേറെ രൂപ ഇതിനായി ചെലവഴിച്ചു.

ഏതൊക്കെ പരസ്യങ്ങൾ, ഏത് പ്രദേശങ്ങളിലൊക്കെ കാണണമെന്ന് തീരുമാനിക്കാൻ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ലൊക്കേഷൻ അടിസ്ഥാനപ്പെടുത്തി നമ്മിലേക്ക് എത്തുന്ന രീതിയും ഗൂഗിൾ പരീക്ഷിക്കാറുണ്ട്. അതായത് സ്വകാര്യതകളൊക്കെ കാറ്റിപ്പറത്തി, വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള പ്രവണത എന്ന് വേണമെങ്കിൽപറയാം. ഉത്തർപ്രദേശിൽ മാത്രം പരസ്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി അഞ്ചു കോടിയോളം രൂപയാണ് ഗൂഗിളിന് ബി.ജെ.പി. നൽകിയത്. കേരളത്തിൽ മൂന്നു കോടിയോളം രൂപവരുമിത്. 39,983 പരസ്യങ്ങളാണ് ബി.ജെ.പി. കേരളത്തിൽ മാത്രം 2024 ജനുവരി മുതൽ - 2024 ഏപ്രിൽ 25 വരെ പ്രദർശിപ്പിച്ചത്.

കോൺഗ്രസ് ഈ കാലയളവിൽ 17 കോടി രൂപയാണ് ചെലവഴിച്ചത്. 3317 പരസ്യങ്ങൾ മാത്രമാണ് കോൺഗ്രസ് ഗൂഗിൾ വഴി പ്രചരിപ്പിച്ചത്. ഇതിൽ 14 കോടി രൂപയും ചെലവഴിച്ചത് വീഡിയോ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിയാണ്. ബാക്കി 3 കോടി രൂപ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടിയും. രസകരമായ വസ്തുത ഈ പരസ്യങ്ങൾ നൽകിയത് തിരഞ്ഞെടുപ്പിന് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മാത്രമാണ്. ഏപ്രിൽ ആദ്യം മുതൽ ഇതുവരെ ആയിട്ടാണ് കോൺഗ്രസ് ഈ തുക ചെലവഴിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ പണം ചെലവഴിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. എന്നാൽ ഉത്തർപ്രദേശ് ലക്ഷ്യം വെച്ച് ബി.ജെ.പി. വൻതോതിൽ പ്രചാരണം നടത്തുമ്പോൾ കോൺഗ്രസ് യു.പിയിൽ അത്രമേൽ രാഷ്ട്രീയ പരസ്യങ്ങൾക്ക് സോഷ്യൽ മീഡിയയിൽ പ്രാധാന്യം നൽകുന്നില്ലെന്ന് വേണം കരുതാൻ. 70 ലക്ഷത്തോളം രൂപ മാത്രമാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് ഗൂഗിൾ വഴി പരസ്യം നൽകാൻ വേണ്ടി ചെലവഴിച്ചിരിക്കുന്നത്.
എല്ലാ പാർട്ടികളും ഇത്തരത്തിൽ തിരഞ്ഞെടുപ്പ് അടുക്കെ പരസ്യങ്ങൾ നൽകുന്നത് സർവ സാധാരണമാണ്. 'ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ', 'ഒരിക്കൽ കൂടി മോദി സർക്കാർ', 'കൈത്താങ്ങാകും കൈപ്പത്തി' തുടങ്ങിയ ടാഗ് ലൈനുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം സോഷ്യൽ മീഡിയകളിലും മാധ്യമങ്ങളിലും നിരന്തരം നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പരസ്യങ്ങളാണ്. കാണരുതെന്ന് തീരുമാനിച്ചാലും വീണ്ടും വീണ്ടും പരസ്യങ്ങൾ വന്നുകൊണ്ടേയിരിക്കും. വീണ്ടും വീണ്ടും കാണുമ്പോൾ ഇത് നമ്മിൽ ഉണ്ടാക്കുന്ന ചലനങ്ങൾ അത്ര ചെറുതൊന്നുമല്ല.
വെറും 95 ലക്ഷം മാത്രം ചിലവഴിക്കാൻ അനുവാദമുള്ളൂ, എന്നാൽ നടക്കുന്നത്
തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി സ്ഥാനാർഥികൾ ഉപയോഗിക്കുന്ന പണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിധി വെച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 95 ലക്ഷം വരെ പ്രചാരണത്തിനായി ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാം. നിയമസഭാ തിരഞ്ഞെടുപ്പിൽ 45 ലക്ഷം വരെയാണ് ചെലവഴിക്കാൻ അനുവാദമുള്ളൂ. 70 ലക്ഷം രൂപ ആയിരുന്നു 2014 വരെ ലോക്സഭാ ചെലവഴിക്കാൻ അനുവാദമൂണ്ടായിരുന്നുള്ളൂ. എന്നാൽ ഇത് പിന്നീട് 95 ലക്ഷമായി ഉയർത്തുകയായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ചെലവഴിച്ചത് ഇതിനെക്കാളൊക്കെ എത്രയോ മേൽവരുമത്.
ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 102 പാർലമെന്റ് മണ്ഡലങ്ങളിൽ 39 എണ്ണവും തമിഴ്നാട്ടിലാണ്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രചാരണ പരസ്യങ്ങൾ തമിഴ്നാടിനെ ലക്ഷ്യമിട്ടായിരുന്നു. 17 കോടിയിലേറെ രൂപ ഈ കാലയളവിൽ തമിഴ്നാടിനെ മാത്രം ലക്ഷ്യമിട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഡി.എം.കെയാണ്. പിന്നാലെ ബി.ജെ.പിയും എ.ഐ.ഡി.എം.കെയും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും ഉണ്ട്. തമിഴ്നാട് ലക്ഷ്യം വെക്കുന്ന ബി.ജെ.പി. ഇത്തവണ പരസ്യങ്ങളിൽ ഏറെ മുൻതൂക്കം നൽകുന്നുണ്ട് എന്ന് ഓൺലൈൻ പരസ്യച്ചെലവുകളിൽ നിന്ന് കാണാം.
യൂട്യൂബാണ് താരം
പരസ്യങ്ങൾ നൽകാൻ രാഷ്ട്രീയ പാർട്ടികളേറെ പേരും ചെലവഴിക്കുന്നത് യൂട്യൂബിലാണ്. ആളുകൾ ഏറെനേരം ചെലവഴിക്കുന്ന യൂട്യൂബിൽപരസ്യേതര വീഡിയോകൾ കാണാൻ പ്രീമിയം അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അധികമാരും പരസ്യേതര പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ പരസ്യങ്ങൾ കണ്ടു കഴിഞ്ഞ ശേഷം മാത്രമേ വീഡിയോയിലേക്ക് കടക്കൂ എന്നതാണ് ഇപ്പോൾ യൂട്യൂബിന്റെ രീതി. നേരത്തെ സ്കിപ് ചെയ്ത് പോകാൻ പാകത്തിലുള്ള പരസ്യങ്ങളായിരുന്നു. എന്നാൽ ഇന്ന് അവയിൽ പലതിലും മാറ്റം വന്നു. അതുകൊണ്ട് തന്നെ പരസ്യങ്ങൾ കണ്ടുകഴിഞ്ഞ ശേഷം മാത്രം അടുത്ത വീഡിയോയിലേക്ക് പോകാൻ സാധിക്കൂ എന്ന നിലയിലെത്തി. ഇതാകട്ടെ പരസ്യം നൽകുന്നവർക്ക് ഏറെ ഉപകാരം ചെയ്യുകയും ചെയ്തു. ഷോർട്സ് അടക്കമുള്ള പുതിയ സംവിധാനങ്ങൾ യൂട്യൂബ് അവതരിപ്പിച്ചതും ജനങ്ങളെ ഈ പ്ലാറ്റ്ഫോമിലേക്ക് അടുപ്പിച്ചു. ഈ സാധ്യതകളും രാഷ്ട്രീയ പാർട്ടികൾ മുതലെടുത്തു.
വികസനം, മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾ, യുവാക്കൾ, രാമക്ഷേത്രം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയവയാണ് ബി.ജെ.പിയുടെ പരസ്യം. മതേതരമാണ് സി.പി.എം. അടക്കമുള്ളവയുടെ പ്രമേയം. ജനക്ഷേമം, തൊഴിലില്ലായ്മ, ന്യായ് പദ്ധികൾ, വികസനം, കർഷക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്ന പരസ്യപ്രചാരണങ്ങൾ.
2019-ലെ പ്രചാരണം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാധ്യമപരസ്യങ്ങൾക്ക് മാത്രം 325 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. പ്രിന്റ് മീഡിയ, ഡിജിറ്റൽ, എസ്.എം.എസ്, കേബിൾ നെറ്റ്വർക്ക്, ടിവി ചാനൽ തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ഇത്രയധികം തുക ചെലവഴിച്ചത്. കോൺഗ്രസ് 356 കോടി രൂപയും അന്ന് ചെലവഴിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഡിജിറ്റൽ ക്രിയേറ്റേഴ്സ്
തിരഞ്ഞെടുപ്പിന് തൊട്ടു മുന്നോടിയായി പ്രധാനമന്ത്രി നേരിട്ട് എത്തി ഒരു അവാർഡ് ദാന ചടങ്ങ് നിർവഹിച്ചു. മറ്റൊന്നുമല്ല, രാജ്യത്തെ സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്കായുള്ള അവാർഡ് ദാനമായിരുന്നു ഇത്. ഇതിന് തൊട്ടുപിന്നാലെ മറ്റൊരു ഇവന്റ് കൂടി നടന്നു. രാജ്യത്തെ ഗെയിമിങ് സ്ട്രീം മേഖലയിലുള്ള പ്രമുഖ ഗെയിമേഴ്സിനിടയിൽ നിന്ന് തിരഞ്ഞെടുത്തവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയേതരമെന്ന് പറയുമ്പോഴും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായിരുന്നു ഈ രണ്ട് പരിപാടികളും. സോഷ്യൽ മീഡിയകളടക്കം കൊണ്ടാടിയ ഇവന്റുകളും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് നടന്നത്.

കോൺഗ്രസ് അടക്കമുള്ള പാർട്ടികളും ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് മില്യണിലേറെ ഫോളോവേഴ്സുള്ള യൂട്യൂബർമാരെ കൂട്ടുപിടിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു അവാർഡ് ദാന ചടങ്ങ് ഉണ്ടാക്കി അതിൽ പ്രധാനമന്ത്രി നേരിട്ട് പങ്കെടുത്ത്, ലൈവ് സ്ട്രീമേഴ്സിന്റെ ഇവന്റ് ഉണ്ടാക്കി അതിൽ പ്രധാനമന്തി നേരിട്ട് പങ്കെടുത്ത് അവർക്കൊപ്പമിരുന്ന് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെക്കുന്ന തരത്തിൽ പരിഹസിച്ച് അത് സോഷ്യൽ പ്ലാറ്റ്ഫോമുകിളിൽ ഒരു കൂട്ടം അണികൾക്കിടയിലേക്ക് ഇട്ടുകൊടുത്ത് വ്യക്തിഹത്യ ചെയ്യുന്ന രീതിയിലേക്ക് പോയത് ഇതാദ്യമാണ്.
അവാർഡ് ജേതാക്കളായ ക്രിയേറ്റർമാർ
രാഷ്ട്ര നിർമ്മാണത്തിൽ ഡിജിറ്റൽ ക്രിയേറ്റർമാരുടെ സംഭാവന മുൻനിർത്തിയായിരുന്നു ഇത്തവണ ദേശീയ ക്രിയേറ്റർ അവാർഡ് ഏർപ്പെടുത്തിയതെന്നാണ് വ്യക്തമാക്കുന്നത്. 20 വിഭാഗങ്ങളിലായി 20 പേർക്കായിരുന്നു അവാർഡ്. ഇതിൽ മൂന്ന് പേർ വിദേശ ക്രിയേറ്റർമാരാണ്. അവാർഡ് ജേതാക്കളായവരിൽ പലരും എൻ.ഡി.എ. സർക്കാരുമായി അടുപ്പം പുലർത്തുന്ന യൂട്യൂബ് അക്കൗണ്ടുകൾക്കുടമകളാണെന്ന് മനസ്സിലാകും. ദശലക്ഷക്കണക്കിനാളുകളാണ് ഈ പ്ലാറ്റ്ഫോമുകളെ പിന്തുടരുന്നത്.
ഡിജിറ്റൽ ക്രിയേറ്റേഴ്സിനെ തേടിച്ചെല്ലുന്ന രാഷ്ട്രീയ നേതൃത്വം
ഡിജിറ്റൽ ക്രിയേറ്റേഴ്സിനെ ഇന്ന് ജനം ഏറെ പ്രാധാന്യത്തോടെ കാണുന്നുണ്ട്. ആരാധകരേറെയുള്ള ഇടവും സോഷ്യൽ പ്ലാറ്റ്ഫോമിലെ ഇത്തരം ഇടങ്ങളാണ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഇത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പലപ്പോഴും ക്യാമ്പയിനുകൾക്കും പരസ്യങ്ങൾക്കും മുതൽക്കൂട്ടാകുന്ന ഒന്നായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. സിനിമാപ്രചാരണങ്ങൾക്കടക്കം ഇന്ന് ഡിജിറ്റൽ ക്രിയേറ്റേഴ്സിനെ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. സമാന രീതിയിൽ തന്നെ രാഷ്ട്രീയ പ്രചാരണവും ഡിജിറ്റൽ ക്രിയേറ്റേഴ്സ് രീതിയിലേക്ക് മാറ്റുന്നതിന്റെ നേർകാഴ്ചയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്.
കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള ദേശീയ പാർട്ടികളിൽ പലരും ഇത് ഫലപ്രദമായിത്തന്നെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഭരണത്തിലുള്ള എൻ.ഡി.എ. ആകട്ടെ ഒരുപടി മുന്നിൽ കടന്ന് ചിന്തിച്ച് പലതരത്തിലുള്ള ഇവന്റുകളായി സംഘടിപ്പിച്ച് പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി സംവധിക്കുന്ന തരത്തിലേക്ക് മാറുന്നകാഴ്ചയായിരുന്നു കണ്ടത്.
സ്ട്രീമേഴ്സ്, ഗെയിമേഴ്സ് അടക്കമുള്ള ഡിജിറ്റൽ ക്രിയേറ്റർമാർ കുട്ടികളേയും യുവാക്കളേയും മുതിർന്നവരേയും ഏതൊക്കെ തരത്തിൽ സ്വാധീനിക്കുന്നു എന്ന കാര്യം നാം നേരിട്ട് കണ്ടതാണ്. കേരളത്തിൽ 'തൊപ്പി' എന്ന യൂട്യൂബർ ഉണ്ടാക്കിയ അലയൊലികളും പോലീസ് കേസുകളും ഇപ്പോഴും ഒടുങ്ങിയിട്ടില്ല. എങ്കിലും അതിന് ശേഷം എത്രത്തോളം ആരാധകക്കൂട്ടങ്ങളാണ് അയാളെ ചുറ്റിപ്പറ്റിയുള്ളത് എന്നത് നോക്കിയാൽ മനസ്സിലാകും. ഇതിനോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ട കാര്യം, ഡിജിറ്റൽ ക്രിയേറ്റേഴ്സ് നൽകുന്ന കണ്ടന്റുകൾ ഒരിക്കലും യാഥാഥ്യങ്ങളായിക്കൊള്ളണമെന്നില്ല. ഔദ്യോഗിക സോഴ്സാണ് അവർ എന്ന് തീരുമാനിക്കുന്നിടത്ത് പലപ്പോഴും നമുക്ക് തെറ്റുപറ്റും.

തിരഞ്ഞെടുപ്പടുക്കെ സമൃതി ഇറാനി, എസ്. ജയ്ശങ്കർ, പിയൂഷ് ഗോയൽ, രാജീവ് ചന്ദ്ര ശേഖർ അടക്കം ഇത്തരം ഡിജിറ്റൽ ക്രിയേറ്റർമാരുടെ പരിപാടികളിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാക്കളും ഇത്തരത്തിൽ തിരഞ്ഞെടുപ്പടുക്കും വേളകളിൽ ഡിജിറ്റൽ ക്രിയേറ്റർമാരുമായി സംവദിക്കാറുണ്ട്. തമിഴ്നാട് നിന്നുള്ള ഫുഡ് വ്ലോഗറൊത്തുള്ള രാഹുലിന്റെ വീഡിയോ കഴിഞ്ഞ കാലത്ത് ഏറെ വൈറലായ വീഡിയോകളിൽ ഒന്നായിരുന്നു. പോഡ് കാസ്റ്റുകളിലും വീഡിയോ ഇന്റർവ്യുകളിലും മറ്റു പരിപാടികളിലും ഇപ്പോൾ രാഷ്ട്രീയ നേതൃത്വം സ്ഥിര സാന്നിധ്യമാണ്. തെലങ്കാനയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇൻഫ്ലുവൻസേഴ്സ് വൻ സ്വാധീനം ചെലുത്തിയിരുന്നു. പലരും പരസ്യമായിത്തന്നെ വോട്ടുവിടിത്തവുമായി രംഗത്തെത്തിയിരുന്നു. പല രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം ഇത്തരത്തിൽ ഇൻഫ്ലുവൻസേഴ്സിനെ റിക്രൂട്ട് ചെയ്തിരുന്നുവെന്നടക്കമുള്ള ആരോപണങ്ങളും ശക്തമായിരുന്നു.
ഗെയിമേഴ്സും മോദിയും
ഡിജിറ്റൽ ലോകത്ത് അത്ര തന്നെ പ്രാധാന്യമുള്ള മറ്റൊരിടമാണ് ഗെയിമിങ്. യുവാക്കളിൽ ഭൂരിഭാഗവും ചെലവഴിക്കുന്നിടം. ഏറെ പ്രാധാന്യത്തോടെ തന്നെ യുവാക്കൾ പണം നിക്ഷേപിക്കുകയും ഗെയിമുകൾക്ക് വേണ്ടി സമയം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. ദശലക്ഷക്കണക്കിന് പേർ പിന്തുടരുന്ന ഗെയിമേഴ്സും ഈ മേഖലകളിൽ ഉണ്ട്. ഈ സാധ്യതകൾ മുൻനിർത്തി പലരും ഗെയിമിങ് മേഖലയിലുള്ളവരുമായി പ്രൊമോഷൻ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. പരസ്യങ്ങളും മറ്റും പലപ്പോഴും ഇത്തരത്തിൽ ഗെയിമേഴ്സിനെക്കൊണ്ട് പ്രചരിപ്പിക്കുന്നതും സർവസാധാരണമാണ്.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ ഗെയിമേഴ്സുമായി ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി. തിരഞ്ഞെടുത്ത ഇന്ത്യന്‍ ഗെയിമര്‍മാരേയാണ് പ്രധാനമന്ത്രി നേരില്‍ കണ്ട്. അനിമേഷ് അഗര്‍വാള്‍, മിഥിലേഷ് പഠാന്‍കര്‍, പായല്‍ ധരെ, നമന്‍ മാഥുര്‍, അന്‍ഷു ബിഷ്ട് എന്നീ ഏഴ് ഗെയിമര്‍മാരുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സമയം ചിലവഴിച്ചത്.

പലതരത്തിലുള്ള ചർച്ചകളും ഇവർക്കിടയിൽ ഉണ്ടായി. ഇതിനിടെ പ്രതിപക്ഷത്തിനെതിരേ ഒളിയമ്പെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. പിന്നീട് അത് ഡിജിറ്റൽ വാക്പോരിലേക്ക് നീങ്ങുകയും ചെയ്തു. കോടിക്കണക്കിനുപേരാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴിയും പൊതു മാധ്യമങ്ങൾ വഴിയും കണ്ടത്.
രാഷ്ട്രീയത്തിലെ 'നൂബ്'
ഗെയിമേഴ്സിന്റെ കൂടിക്കാഴ്ചയ്ക്കിടെ ഗെയിമിങ്ങിലെ 'നൂബ്' (അത്ര പരിചയമില്ലാത്ത ഗെയിമേഴ്സിനെ പരാമർശിക്കുന്ന പേര്)പരാമർശത്തെച്ചൊല്ലി ട്വിറ്റർ പോര് ഉടലെടുക്കാനും കാരണമായി. 'രാഷ്ട്രീയത്തിലെ നൂബ്' എന്ന പരാമർശത്തെച്ചൊല്ലിയായിരുന്നു പിന്നീട് സോഷ്യൽ മീഡിയ ചർച്ചകൾ. പ്രതിപക്ഷ നിരയിലുള്ളയാളെക്കുറിച്ചാണ് പ്രധാനമന്ത്രി ഈ പദം ഉപോയഗിച്ചതെന്ന തരത്തിൽ വാക്പോരുകൾക്ക് തുടക്കം കുറിച്ചു. പരിഹാസവുമായി ബി.ജെ.പി. ഹാൻഡിലുകളും രംഗത്തെത്തി.
നരേന്ദ്ര മോദി ആപ്പിൽ നിന്ന് മൈ ഫസ്റ്റ് വോട്ട് ഫോർ മോദി വൈബ് സൈറ്റിലേക്ക്
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ ഒരു വൈബ് സൈറ്റ് രൂപപ്പെട്ടു. മൈ ഫസ്റ്റ് വോട്ട് ഫോർ മോദി എന്നായിരുന്നു. മൊബൈൽ നമ്പർ എന്റർ ചെയ്ത് രജിസ്റ്റർ ചെയ്ത ശേഷം പ്രതിഞ്ജ എടുക്കാൻ വേണ്ടിയായിരുന്നു ഇതിൽ കൂടി ബി.ജെ.പിയുടെ ആഹ്വാനം. ഇതിനകം തന്നെ 24 ലക്ഷത്തിലേറെ പേർ ഇതിൽ പ്രതിഞ്ജ ചൊല്ലി അംഗങ്ങളായിട്ടുണ്ടെന്ന് വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് സംബന്ധിച്ച കാരണങ്ങൾ വ്യക്തമാക്കാനും എൻ.ഡി.എ. സർക്കാരിന്റെ കീഴിലുള്ള വികസനങ്ങളും എടുത്തുകാണിക്കുന്ന തരത്തിലുള്ള വീഡിയോകളും വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.
നേരത്തെ 2015 കാലത്ത് നരേന്ദ്ര മോദി ആപ്പ് പുറത്തിറക്കിയിരുന്നു. എൻ.ഡി.എ. സർക്കാരിന്റെ എല്ലാ വിവരങ്ങളും പദ്ധതികളും മൻകി ബാത്ത് അടക്കമുള്ളവ ഈ ആപ്പിൽ കൂടി ലഭ്യമാകുമെന്നായിരുന്നു അന്ന് അറിയിച്ചത്. എന്നാൽ ആപ്പ് വഴിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളും പിൽകാലത്ത് ശക്തമായിരുന്നു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ കമ്പനികളിലേക്ക് നരേന്ദ്ര മോദി ആപ്പിലെ ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറി എന്നായിരുന്നു ആരോപണങ്ങൾ. ഇതുസംബന്ധിച്ച് തെളിവുകളെന്ന് സംശയിക്കുന്ന പലതും പുറത്തുവിട്ടിരുന്നു.
തലപെരുപ്പിക്കുന്ന മിസ് കോളുകളും സന്ദേശങ്ങളും
തിരഞ്ഞെടുപ്പടുക്കും വേളകളിൽ നമ്മുടെ ഫോണുകളിലേക്ക് നിരന്തരം സ്ഥാനാർഥികളുടേതെന്ന പേരിൽ കോളുകളുടെ പ്രവാഹമാണ്. റെക്കോർഡ് ചെയ്ത കോളുകളായിരിക്കും എത്തുക. ഇതിന് പുറമെ സന്ദേശങ്ങളും മൊബൈലിലേക്ക് എത്തും. ഒരു ദിവസം നാലോ അഞ്ചോ അതിൽ കൂടുതലോ തവണ കോളുകൾ നമ്മുടെ ഫോണുകളിലേക്ക് എത്തും. എന്നാൽ ഇത്തരത്തിൽ ഒന്ന് അനുവദനീയമാണോ എന്ന് പലപ്പോഴും നമ്മൾ ആലോചിക്കും.
അഞ്ജാത നമ്പറുകളിൽ നിന്ന് അനാവശ്യ കോളുകളും സന്ദേശങ്ങളും ലഭിക്കുമ്പോൾ സ്പാം ഫിൽറ്ററുകൾ ഉപയോഗിക്കണമെന്ന് ട്രായിയുടെ നിർദേശമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് അത് ഫലവത്താകുന്നില്ല എന്നാണ് കാണാൻ സാധിക്കുന്നത്. പലപ്പോഴും സാധാരണ ഫോണുകളിൽ എന്ന രീതിയിൽ വിളിച്ച് പരസ്യങ്ങൾ ചെയ്യുന്ന ഏർപ്പാടാണ് തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകുന്നത്. പലപ്പോഴും തിരക്കിട്ടുള്ള സാഹചര്യങ്ങളിൽ പലരേയും ഇത് ബുദ്ധിമുട്ടിലാഴ്ത്തുന്നു എന്നതും കാണാതെ പോകരുത്.
യു.എസ്. തിരഞ്ഞെടുപ്പ് അടക്കമുള്ള പല രാജ്യങ്ങളിലേയും തിരഞ്ഞെടുപ്പിൽ ഇടപെടൽ ആരോപണം നേരിട്ട ഫേസ്ബുക്ക് പിൽകാലത്ത് ഒരുപാട് മാറ്റങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിട്ടുണ്ട്. മെറ്റയുടെ തന്നെ സഹോദരസ്ഥാപനങ്ങളായ ഇൻസ്റ്റഗ്രാം വാട്സാപ്പ് അടക്കമുള്ളവിൽ പലവിധത്തിലുള്ള മാറ്റങ്ങൾ നിർദേശിക്കുകുയം പിൽകാലത്ത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ഏത് വിധേനയും ലൂപ് ഹോളുകളുണ്ട് എന്നത് ഈ പ്ലാറ്റ്ഫോമുകളെ ഇപ്പോഴും രാഷ്ട്രീയമായും മറ്റും പ്രയോചനപ്പെടുത്താൻ സാധിക്കുന്നു എന്ന വസ്തുത മറച്ചുവെക്കാൻ സാധിക്കില്ല. തിരഞ്ഞെടുപ്പിൽ ഇപ്പോഴും സോഷ്യൽ മീഡിയകൾ അവിഭാജ്യഘടകമായി മാറുന്നു. രാഷ്ട്രീയ ചർച്ചകളും വ്യാജപ്രചാരണങ്ങളും ആശയക്കൈമാറ്റങ്ങളും വർഗീയ പ്രചാരണങ്ങളും ലവലേശം കുറയാതെ തകൃതിയിൽ നടക്കുന്നുണ്ട്.
മാറിയ കാലത്ത് ഇത്തരം പ്ലാറ്റ്ഫോമുകൾ കൂടാതെ മനുഷ്യ നിലനില്പ് സാധ്യമല്ല എന്നതാണ് വസ്തുത. എന്നാൽ അധികമായാൽ അമൃതും വിഷം എന്നതുപോലെഏതിനും അതിന്റേതായി പരിധി നിശ്ചയിക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യ രാജ്യത്തിന്റെ മഹത്വം നിലനിന്നു പോകാൻ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അധികാരത്തിലേറാൻ, ജനം പ്രജകളാകാതിരിക്കാൻ തിരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയയുടെ ഇടപെടലുകളിൽ ചില മാറ്റങ്ങൾ വരേണ്ടത് അനിവാര്യമാണ്. കൂടാതെ വ്യക്തിവിവരങ്ങൾ, വ്യക്തി സ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെടുന്ന പല പ്രചാരണങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള പ്രചാരണങ്ങൾക്കും തടയിടാൻ നമ്മുടെ നിയമവ്യവസ്ഥകൾക്ക് സാധിക്കണം.
(പരമ്പര അവസാനിച്ചു)
Content Highlights: Social media for political campaigns funding digital democracy
Published: 25 Apr 2024, 05:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented