വാഷിങ്ടൺ: മൂന്നാം തീയതി നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഡെമോക്രാറ്റുകൾ കരുത്തുകാണിക്കുന്നതായി അഭിപ്രായസർവേ. സെനറ്റിലേക്കുള്ള പോരാട്ടത്തിൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുണ്ടായിരുന്ന അഞ്ചിടത്ത് ഡെമോക്രാറ്റുകൾ മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മറ്റൊരു സംസ്ഥാനത്ത് നേരിയ മുൻതൂക്കവും ഡെമോക്രാറ്റുകൾക്കുണ്ട്.
അമേരിക്കൻ കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിക്കാനുള്ള സാധ്യതാണ് ഈ സൂചനകൾ മുന്നോട്ടുവെക്കുന്നത്.
ടെക്‌സസ്, കാൻസസ്, മെയ്ൻ, ഒഹായോ, അലാസ്‌ക എന്നിവിടങ്ങളിലാണ് ഡെമോക്രാറ്റുകൾ മുന്നിട്ടുനിൽക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ്-സിയേന യൂണിവേഴ്‌സിറ്റി അഭിപ്രായസർവേ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ വോട്ടർമാരിൽനിന്നാണ് അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുള്ളത്.
പരമ്പരാഗതമായി റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളായിരുന്നു ടെക്‌സസും കാൻസസും. 1932, 1988 വർഷങ്ങളിൽ മാത്രമാണ് ഇവിടെ ഡെമോക്രാറ്റുകൾ ജയിച്ചിട്ടുള്ളത്. എന്നാൽ ഇക്കുറി റിപ്പബ്ലിക്കൻ പാർട്ടിയുടെ കെൻ പാക്സ്റ്റണിനേക്കാൾ (43%) ഏഴുശതമാനം കൂടുതൽ വോട്ടാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയായ ജെയിംസ് ടലാരിക്കോ(50%)ക്ക് ലഭിച്ചേക്കാമെന്നാണ് സർവെ പറയുന്നത്. ഐയോവയിൽ തുല്യനിലയിലാണ് പോരാട്ടം. മിഷിഗണിലും ഡെമോക്രാറ്റുകളാണ് ലീഡ് ചെയ്യുന്നത്. നിലവിൽ ഡെമോക്രാറ്റുകളുടെ കൈവശമാണ് മിഷഗൺ സീറ്റുള്ളത്.
സർവേ പ്രകാരം മറ്റ് സംസ്ഥാനങ്ങളിലെ നില ഇങ്ങനെ
*കാൻസസ്
ക്രിസ് ഹാമിൽട്ടൺ (ഡെമോക്രാറ്റ്-49%)
റോജർ മാർഷൽ (റിപ്പബ്ലിക്കൻ-44%)
*മെയ്ൻ
ഗ്രഹാം പ്ലാറ്റ്‌നർ (ഡെമോക്രാറ്റ്-51%)
സൂസൻ കൊളിൻസ് (റിപ്പബ്ലിക്കൻ-45%)
*ഒഹായോ
ഷെറോഡ് ബ്രൗൺ (ഡെമോക്രാറ്റ്-49%)
ജോൺ ഹസ്റ്റഡ് (റിപ്പബ്ലിക്കൻ-44%)
*അലാസ്‌ക
മേരി പെൽടോല (ഡെമോക്രാറ്റ്-48%)
ഡാൻ സള്ളിവൻ (റിപ്പബ്ലിക്കൻ-46%)
100 അംഗ സെനറ്റാണ് യുഎസിലേത്. റിപ്പബ്ലിക്കൻസ്-53, ഡെമോക്രാറ്റുകൾ-47 (രണ്ട് സ്വതന്ത്രരുൾപ്പെടെ) എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില. സെനറ്റിലെ 35 സീറ്റുകളിലേക്കാണ് ഇപ്പോൾ മത്സരം നടക്കുന്നത്. സെനറ്റിൽ ഭൂരിപക്ഷം ലഭിക്കാൻ ഡെമോക്രാറ്റുകൾക്ക് ഇപ്പോൾ കൈവശമുള്ള മുഴുവൻ സീറ്റുകൾ നിലനിർത്തുകയും റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുള്ള ചുരുങ്ങിയത് നാലുസീറ്റുകളെങ്കിലും നേടുകയും വേണം.
ഡെമോക്രാറ്റുകൾക്ക് വിജയിക്കേണ്ട പല സീറ്റുകളും പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലായതിനാൽ മത്സരം ഏറെ വെല്ലുവിളി നിറഞ്ഞതായാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ അഭിപ്രായസർവേകൾ പ്രകാരം, ഡെമോക്രാറ്റുകൾക്ക് ഇവിടങ്ങളിൽ മേൽക്കൈ ലഭിച്ചേക്കാമെന്നാണ് വിവരം.
ട്രംപിനോടുള്ള അതൃപ്തിയും അദ്ദേഹം യുഎസ് സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ ആശങ്കയുമാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് തിരിച്ചടിയാകുന്നത്.
Content Highlights: Democrats are leading in five crucial Republican-held Senate seats., Polls indicate strong voter dissatisfaction with Trump and economic handling., Texas, Kansas, Maine, Ohio, and Alaska show surprising Democratic leads., Democrats need to retain current seats and flip at least four to control the Senate.
Published: 02 Nov 2026, 11:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented