
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ലോക്സഭയിലേക്ക് യു.ഡി.എഫിനെ വിജയിപ്പിച്ച മണ്ഡലമാണ് വടകര. അതിന് മുമ്പ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അവിടെ വിജയിച്ചത് 1977-ലാണ്. അന്ന് കോണ്‍ഗ്രസിലായിരുന്ന കെ.പി. ഉണ്ണികൃഷ്ണനായിരുന്നു അത്. (കെ.പി. ഉണ്ണികൃഷ്ണന്‍ പീന്നീടും മത്സരിച്ചു വിജയിച്ചു, കോണ്‍ഗ്രസുകാരനല്ലായിരുന്നു എന്നു മാത്രം) സമീപകാലത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വടകര ലോക്സഭയിലേക്ക് അയച്ചത് ഒരു എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ ആണ്. 20 വര്‍ഷം മുമ്പ് 2004-ല്‍ പി. സതീദേവിയെ 1.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍.
1996 മുതല്‍ 2004 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ സി.പി.എം. സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിച്ചുപോന്ന ആ വടകരയിലാണ് ഇത്തവണ മട്ടന്നൂർ എം.എൽ.എ. കെ.കെ. ശൈലജയും കോണ്‍ഗ്രസിലെ യുവതുര്‍ക്കി ഷാഫി പറമ്പിലും ഏറ്റുമുട്ടുന്നത്. ലോകപ്രശസ്തയായ കേരളത്തിലെ മുന്‍ ആരോഗ്യമന്ത്രിയും യു.ഡി.എഫ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മണ്ഡലത്തില്‍ അവസാനനിമിഷം ഇറക്കിയ പാലക്കാട് എം.എല്‍.എയും തമ്മിലുള്ള മത്സരം.
2019-ല്‍ കെ മുരളീധരന്‍ ഇവിടെ വിജയിച്ചത് 84,663 വോട്ടുകള്‍ക്കാണ്. 50 വര്‍ഷത്തെ മണ്ഡല ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം. മുരളീധരന്‍ ഇത്തവണയും സീറ്റുറപ്പിച്ച് പ്രചാരണത്തിന് ഇറങ്ങിയപ്പോഴാണ് സഹോദരി പത്മജ ബി.ജെ.പിയിലേക്ക് പോയതും അദ്ദേഹത്തിന് തൃശ്ശൂരിലേക്ക് മാറേണ്ടി വന്നതും. തൊട്ടുമുമ്പുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു ഇവിടത്തെ സ്ഥാനാര്‍ത്ഥി. 2014-ല്‍ അദ്ദേഹം 3,261 വോട്ടിനും 2009-ല്‍ 56,171 വോട്ടിനും ജയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം ജയിച്ചിട്ടും മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ.കെ ശൈലജയാണ് ഒരു വശത്ത്. കെ മുരളീധരന്‍ സ്വന്തം തട്ടകമായി കണ്ട വടകരയില്‍നിന്നും അദ്ദേഹത്തിന് അവസാന നിമിഷം മാറേണ്ടി വന്നത് അണികള്‍ എങ്ങനെയെടുക്കുമെന്ന ചോദ്യം മറുവശത്ത്. വ്യാജപ്രചരണവും കേസുകളുമടക്കം സംവാദങ്ങളും വിവാദങ്ങളും കൊണ്ട് പ്രചരണം ചൂടുപിടിച്ച മണ്ഡലമായിരുന്നു വടകര. സി.പി.എമ്മിന് മുന്‍തൂക്കമുള്ള നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസിനും ലീഗിനും വേരോട്ടമുള്ള പ്രദേശങ്ങളും പുതിയ രാഷ്ട്രീയ ചേരിതിരിവുകളും കാരണം മത്സരം ഇഞ്ചോടിഞ്ച്. തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളാണ് വടകര ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്.

2009-ല്‍ 4.21 ലക്ഷം വോട്ടാണ് യുഡിഎഫ് നേടിയതെങ്കില്‍ 2014-ല്‍ അത് 4.16 ലക്ഷം വോട്ടായി കുറഞ്ഞു. 1.13 ശതമാനം കുറവ്. 2009 ല്‍ 56,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ആ വര്‍ഷം ജയിച്ചത് 3261 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. യു.ഡി.എഫിന് 2014 നെ അപേക്ഷിച്ച് 26.48% വോട്ടുകൂടി 52.6 ലക്ഷമായി. അന്ന് കെ മുരളീധരനും പി ജയരാജനുമായിരുന്നു മത്സരരംഗത്തെങ്കില്‍ ഇന്ന് അത് കെക ശൈലജയും ഷാഫി പറമ്പിലുമാണ്.
എന്‍.ഡി.എ. വോട്ടുകള്‍ ഒരു ലക്ഷം കടക്കാത്ത വടകയില്‍ മത്സരംഗത്ത് ബി.ജെ.പിക്ക് വലിയ സ്വാധീനമൊന്നുമില്ല. എന്നാല്‍ ഓരോ തിരഞ്ഞെടുപ്പിലും അവരുടെ വോട്ടുബാങ്കില്‍ വര്‍ദ്ധനയുണ്ട്. 2009-ല്‍ 40,000 വോട്ടുണ്ടായിരുന്ന ബി.ജെ.പിക്ക് 2019-ല്‍ ഇരട്ടി വോട്ടുകളുണ്ട്. 2014-ല്‍ 88.94 ശതമാനവും 2019-ല്‍ അഞ്ചു ശതമാനവും വോട്ടു വര്‍ദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ വോട്ട്ഷെയര്‍ പരിശോധിച്ചാല്‍, 2009-ല്‍ 42.31 ശതമാനമാണ് എല്‍.ഡി.എഫിന്റെ വോട്ട് ഷെയര്‍. 2014-ല്‍ അത് 43.07 ആയി ഉയര്‍ന്നെങ്കിലും 2019-ല്‍ 41.4 ആയി കുറഞ്ഞു. യു.ഡി.എഫിന്റെ കാര്യത്തില്‍ 48.82 ശതമാനമായിരുന്നു 2009-ല്‍ വോട്ട് ഷെയറെങ്കില്‍ 2014-ല്‍ അത് 43.4 ആയി കുറഞ്ഞു. 2019-ല്‍ അത് 49.4 ആയി ഉയര്‍ന്നു. എന്‍.ഡി.എയുടെത് 2009-ല്‍ 4.7 ആണെങ്കില്‍ 2014-ല്‍ അത് 8 ശതമാനവും 2019-ല്‍ അത് 7.5 ഉം ആയി കുറഞ്ഞു.
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ തലശ്ശേരിയും കൂത്തുപറമ്പും മാത്രമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനെ തുണച്ച മണ്ഡലങ്ങള്‍. 2019-ലെ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മാത്രമാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ പി. ജയരാജന് ലീഡ് നേടാനായത്. 11,469 വോട്ടുകള്‍. ഇടതു മണ്ഡലമായ കൂത്തുപറമ്പില്‍ 2014-ല്‍ എല്‍ഡിഎഫ് 4,725 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.
പോളിങ് ശതമാനം മറ്റ് മണ്ഡലങ്ങളിലേപോലെ തന്നെ വടകരയിലും ഇത്തവണ കുറവാണ്. 2009-ല്‍ 80.58% ഉം 2014-ല്‍ 81.21% 2019-ല്‍ 82.70% ഉം ആയിരുന്നു പോളിങ്ങെങ്കില്‍ ഇത്തവണ അത് 78.41 ശതമാനമാണ്. അതായത് 4.3 ശതമാനത്തോളം കുറവ്. ഇത്തവണ 1.35 ലക്ഷം പുതിയ വോട്ടുകളുണ്ട്.
പ്രചാരണം തുടങ്ങിയതു മുതല്‍ വിവാദങ്ങള്‍ക്ക് തെല്ലും കുറവില്ലായിരുന്നു വടകരയില്‍. കേരള രാഷ്ട്രീയത്തിലെ രണ്ട് തലപ്പൊക്കമുള്ള നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ കവിഞ്ഞ പ്രാധാന്യമുണ്ട് വടകരയില്‍. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് 12 വര്‍ഷം കഴിഞ്ഞെങ്കിലും ആ രാഷ്ട്രീയ ഷോക്ക് ഇന്നും വിട്ടുമാറിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ വിജയം കാഴ്ചവെച്ച ജനകീയ നേതാവായ ശൈലജയെ പാര്‍ട്ടി വേണ്ട വിധം പരിഗണിച്ചില്ലെന്ന പരാതി ഇന്നും സജീവമാണ്. പാലക്കാട് എംഎല്‍എയായ ഷാഫി പറമ്പില്‍ വിജയിച്ചാല്‍, ഉപതിരഞ്ഞെടുപ്പു വന്നാല്‍ അവിടെ സീറ്റ് നഷ്ടമാകുമെന്ന് പ്രചരണവും ശക്തമാണ്. ഇത്തരം നിരവധി ഘടകങ്ങളുണ്ട് വടകരയുടെ വിജയം നിശ്ചയിക്കാന്‍. ആ കാത്തിരിപ്പിലാണ്കേരളം.
Content Highlights: Who will win the Vatakara constituency? Dive into the showdown between Shafi Parambil , KK Shailaja
Published: 03 Jun 2024, 01:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented