ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ എം.എൽ.സി. തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി സീറ്റ് നിലനിർത്തിയതും ആർ.എസ്.എസ്. ആസ്ഥാനമായ നാഗ്പുരിലെ എം.എൽ.സി. സീറ്റിൽ കോൺഗ്രസ് ജയിച്ചതുമൊക്കെ വാർത്താപ്രാധാന്യം നേടിയിരിക്കയാണല്ലോ! കേരളത്തിനത്ര പരിചിതമല്ലാത്ത പദമാണ് എം.എൽ.സി.-കാരണം, എം.എൽ.സി. തിരഞ്ഞെടുപ്പ് നമുക്കില്ലെന്നതുതന്നെ.

To advertise here,

പാർലമെന്റിൽ രാജ്യസഭ എന്ന ഉപരിസഭ പോലെ, സംസ്ഥാന നിയമസഭകളിലെ ഉപരിസഭയാണ് ലെജിസ്ലേറ്റീവ് കൗൺസിൽ. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ് എം.എൽ.സി.കൾ (മെംബർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ). ഇന്ത്യയിൽ നിലവിൽ ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ആറു സംസ്ഥാനങ്ങളിൽ മാത്രമാണ് ലെജിസ്ലേറ്റീവ് അസംബ്ലികൾക്ക് (നിയമസഭ-വിധാൻസഭ) പുറമേ ലെജിസ്ലേറ്റീവ് കൗൺസിലും (നിയമ പരിഷത്ത്-വിധാൻ പരിഷത്ത്) പ്രവർത്തിക്കുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 171 അനുസരിച്ചാണ് ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. രാജ്യസഭയിലേതുപോലെ ആറു വർഷമാണ് കാലാവധി. സഭ ഒരിക്കലും പിരിച്ചുവിടില്ല. ഓരോ രണ്ടുവർഷം കൂടുമ്പോഴും മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കും. അതിനനുസരിച്ച് തിരഞ്ഞെടുപ്പും നടക്കും. ബാലറ്റ് പേപ്പറിലൂടെയാണ് വോട്ടെടുപ്പ്.

വോട്ടവകാശം ആർക്ക്?

ഓരോ സംസ്ഥാനത്തെയും എം.എൽ.സി.മാരെ അഞ്ചു വ്യത്യസ്ത വിഭാഗങ്ങളിലായാണ് തിരഞ്ഞെടുക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (മൂന്നിലൊന്ന്)

ആകെ സീറ്റുകളുടെ മൂന്നിലൊന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, ജില്ലാ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്.

എം.എൽ.എമാർ (മൂന്നിലൊന്ന്)

മൂന്നിലൊന്ന് അംഗങ്ങളെ അതത് സംസ്ഥാന നിയമ സഭയിലെ എം.എൽ.എമാർ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നു.

ബിരുദധാരികൾ (പന്ത്രണ്ടിൽ ഒന്ന്)

പന്ത്രണ്ടിലൊരു ഭാഗം അംഗങ്ങളെ 'ബിരുദ മണ്ഡലങ്ങളിൽ' (ഗ്രാജ്വേറ്റ് കോൺസ്റ്റിറ്റിയൂവൻസി) നിന്ന് തിരഞ്ഞെടുക്കുന്നു. അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദം നേടി ചുരുങ്ങിയത് മൂന്നു വർഷം പൂർത്തിയായ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്ത ബിരുദധാരികൾക്കാണ് ഇവിടെ വോട്ടവകാശം.

അധ്യാപകർ (പന്ത്രണ്ടിൽ ഒന്ന്)

പന്ത്രണ്ടിലൊരു ഭാഗം സീറ്റുകളിലേക്ക് 'അധ്യാപക മണ്ഡലങ്ങളിൽ' (ടീച്ചേഴ്സ് കോൺസ്റ്റിറ്റിയൂവൻസി) നിന്നാണ് തിരഞ്ഞെടുപ്പ്. സെക്കൻഡറി സ്‌കൂളുകളിലോ കോളേജുകളിലോ സർവകലാശാലകളിലോ കുറഞ്ഞത് മൂന്നു വർഷത്തെ അധ്യാപന പരിചയമുള്ള അധ്യാപകർ വോട്ട് രേഖപ്പെടുത്തുന്നു.

ഗവർണറുടെ നാമനിർദ്ദേശം (ആറിലൊന്ന് ഭാഗം)

ആറിലൊന്ന് അംഗങ്ങളെ സംസ്ഥാന ഗവർണർ നേരിട്ട് നാമനിർദേശം ചെയ്യുന്നു. കല, സാഹിത്യം, ശാസ്ത്രം, സഹകരണ പ്രസ്ഥാനം, സാമൂഹിക സേവനം എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖരെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്. ഇതുവഴി ജനങ്ങൾ നേരിട്ടല്ലെങ്കിലും സമൂഹത്തിലെ പ്രധാനപ്പെട്ട വിഭാഗം ജനങ്ങളുടെ പ്രാതിനിധ്യം നിയമനിർമാണ ചർച്ചകളിൽ ഉറപ്പാക്കാനാവുന്നു.

സ്ഥാനാർഥിയുടെ യോഗ്യത

ഇന്ത്യൻ പൗരനായിരിക്കണം, കുറഞ്ഞത് 30 വയസ്സ് പ്രായമുണ്ടായിരിക്കണം. ജനപ്രാതിനിധ്യ നിയമങ്ങൾക്കനുസൃതമായ യോഗ്യതയും ഉണ്ടാവണം.

അധികാരങ്ങളും ചുമതലകളും

  • നിയമസഭ പാസാക്കിയ ബില്ലുകൾ പരിശോധിക്കുക.
  • നയപരമായ ചർച്ചകളിൽ പങ്കെടുക്കുക.
  • പൊതുപ്രശ്നങ്ങൾ ഉന്നയിക്കുക.
  • സർക്കാർ തീരുമാനങ്ങൾ പരിശോധിക്കുക.
  • നിയമനിർമാണത്തിൽ മെച്ചപ്പെടുത്തലുകൾ നിർദേശിക്കുക.
  • അധ്യാപകർ, ബിരുദധാരികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വിഭാഗങ്ങൾ എന്നിവരെ പ്രതിനിധാനം ചെയ്യുക.
  • എം.എൽ.എ.മാരെപ്പോലെ നിയമനിർമാണത്തിന് അധികാരമില്ലെങ്കിലും മണിബില്ലൊഴിച്ച് സാധാരണ ബില്ലുകൾ പാസാക്കാം. നിയമസഭയുടെ അംഗീകാരം നേടണമെന്നുമാത്രം.
  • എം.എൽ.സി.കൾക്ക് മുഖ്യമന്ത്രിയും മന്ത്രിയുമാവാനാവും. യോഗി ആദിത്യനാഥ്, നിതീഷ് കുമാർ, ഉദ്ധവ് താക്കറെ എന്നിവർ എം.എൽ.സി.മാരായി മുഖ്യമന്ത്രിമാരായിട്ടുണ്ട്.
  • എം.എൽ.എ.മാരെപ്പോലെ മണ്ഡല വികസന ഫണ്ടും ഇവർക്ക് ലഭിക്കും.
  • എം.എൽ.സി.മാരുടെ എണ്ണം ആ സംസ്ഥാനത്തെ എം.എൽ.എ.മാരുടെ ആകെ എണ്ണത്തിന്റെ മൂന്നിലൊന്നിൽ കൂടാൻ പാടില്ല