ലക്‌നൗ: ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ (Legislative Council) തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വിചിത്രമായ പേരുകൾ. 'റാം നേ യാദവ് കോ മാരാ' (യാദവിനെ രാമൻ കൊന്നു) എന്നാണ് ഇതിൽ ഒരു വോട്ടറുടെ പേര്. അതിലും വിചിത്രം ഈ വോട്ടറുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് 'മൂർഖ് ചന്ദ്ര യാദവ്'(വിഡ്ഢിയായ ചന്ദ്ര യാദവ്) എന്നാണ് ചേർത്തിരിക്കുന്നത്. സംഭവം പുറത്തുവന്നതോടെ വലിയ വിവാദമാണ് ഉത്തർപ്രദേശിൽ ഉടലെടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഒട്ടേറെ ക്രമക്കേടുകളാണ് വോട്ടർ പട്ടിക പരിശോധനയിൽ കണ്ടെത്തിയത്.

To advertise here,

ചില വോട്ടർമാരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് 'ബി കോം', 'റാം നേ ശർമ്മ കോ മാരാ' (റാമൻ ശർമ്മയെ കൊന്നു) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അലഹബാദ്-ജാൻസി ഗ്രാജ്വേറ്റ് മണ്ഡലത്തിലാണ് (Allahabad-Jhansi Graduates' constituency) വോട്ടർ രേഖകളുടെ കൃത്യതയെ ചോദ്യം ചെയ്യുന്ന ഈ സംഭവം നടന്നത്.

സംഭവം വിവാദമായതോടെ ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ വിശദീകരണവുമായി രംഗത്തെത്തി. ആകെയുള്ള 14.8 ലക്ഷം വോട്ടർമാരിൽ 150-ൽ താഴെ ആളുകളുടെ പേരുകളിലോ പിതാവിന്റെ വിവരങ്ങളിലോ മാത്രമാണ് പ്രിന്റിംഗ് പിശകുകൾ ഉണ്ടായിട്ടുള്ളതെന്നും ഇത് മൊത്തം വോട്ടർമാരുടെ 0.01 ശതമാനത്തിൽ താഴെ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് ജില്ല തലത്തിൽ മാനുവലായി ചെയ്തിരുന്ന വോട്ടർ പട്ടിക തയാറാക്കൽ ആദ്യമായി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയപ്പോഴാണ് ഈ പിശകുകൾ സംഭവിച്ചത്. നാല് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.ടി വിഭാഗം വികസിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് രജിസ്‌ട്രേഷനും ആപ്ലിക്കേഷൻ പരിശോധനയും നടത്തിയത്. ഇത്തരം ക്ലെറിക്കൽ അല്ലെങ്കിൽ പ്രിന്റിംഗ് പിശകുകൾ കാരണം യോഗ്യരായ ഒരു വോട്ടർക്കും വോട്ടവകാശം നിഷേധിക്കപ്പെടരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.