ണാധിപത്യ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ഏറ്റവും നല്ല സോഷ്യൽ മീഡിയ ടീമുള്ള പാർട്ടി ഏതാണോ അവർക്കാണ് മേൽക്കൈ. ലോകത്തിലെ തന്നെ ഏറ്റവും നല്ല സോഷ്യൽ മീഡിയ ടീമിനെ ഇറക്കി തിരഞ്ഞെടുപ്പ് നേരിടാനാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. നമുക്ക് ഏറെ സുപരിചിതരായ രാഷ്ട്രീയ തന്ത്രജ്ഞന്മാർ കനഗൊലുവും പ്രശാന്ത് കിഷോറുമാണ്. ഇത്തവണ അന്താരാഷ്ട്രതലത്തിൽ തന്നെ പ്രഗത്ഭരായ രാഷ്ട്രീയ തന്ത്രജ്ഞന്മാരെയാണ് ബി.ജെ.പി. അടക്കമുള്ള പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ നിയന്ത്രണമേൽപ്പിച്ചിരിക്കുന്നത്. 

To advertise here,

ഏതൊക്കെ വിധത്തിലാണ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നത്, ഇത് എങ്ങനെയൊക്കെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്നു, എത്രത്തോളം പണമാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ രാഷ്ട്രീയ പാർട്ടികൾ ചെലവഴിക്കുന്നത്, സോഷ്യൽ മീഡിയ സാധ്യതകൾ തിരിച്ചറിഞ്ഞ് ഉപയോഗത്തിൽ ഏറെ മുന്നിട്ട് നിൽക്കുന്ന ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ എങ്ങനെ, ട്രംപിന്റെ യു.എസ്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ സോഷ്യൽ മീഡിയ സാന്നിധ്യം, 2019-ലെ വാട്സാപ്പ് തിരഞ്ഞെടുപ്പ്, സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യം... തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണാത്മക പരമ്പര.

1990-കളിൽ രാജ്യത്ത് ആയിരം പേർക്ക് നാല് ലാൻഡ് ഫോൺ എന്ന നിലയിലായിരുന്നു. പുതിയൊരു ഫോൺ കണക്ഷൻ എടുക്കണമെങ്കിൽ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ. കാലം മാറി. മൊബൈൽ ഫോൺ വന്നു. ഇന്റർനെറ്റ് സോഷ്യൽ മീഡിയ തുടങ്ങി വലിയ ലോകം തുറന്നു. ജനം കൂടുതൽ പുരോഗതി കൈവരിച്ചു. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ജനം സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. തിരഞ്ഞെടുപ്പുകളിലും ഒഴിച്ചുകൂടാനാകാത്ത ഒന്നായി സോഷ്യൽ മീഡിയ മാറി. ഭരണം തീരുമാനിക്കാനും ഭരണകൂടത്തെ തീരുമാനിക്കാനും സോഷ്യൽ മീഡിയ അത്ര ചെറുതല്ലാത്ത പങ്കുവഹിച്ചു തുടങ്ങി. 2014-ലെ അമേരിക്കൻ തിരഞ്ഞെടുപ്പും 2019-ലെ ബ്രസീൽ തിരഞ്ഞെടുപ്പും സോഷ്യൽ മീഡിയയുടെ സാധ്യതകളെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു.

സോഷ്യൽ ലോകത്തെ വിപ്ലവകരമായ കണ്ടുപിടിത്തം

2004- ഫെബ്രുവരി 4-ന് ഹാർവാഡ് സർവകലാശാലയിലെ അന്തർമുഖനായ ഒരു സൈക്കോളജി & കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയും സുഹൃത്തുക്കളും ചേർന്ന് ഒരു 'മഹത്തായ' കണ്ടുപിടിത്തംനടത്തി. സർവകലാശാലയിലെ സുഹൃത്തുക്കളെ എങ്ങനെ ഒരു കുടക്കീഴിൽ/ ഇന്റർനെറ്റിൽ ഒരുമിപ്പിക്കാം എന്നതായിരുന്നു ഇതിന്റെ ചുരുക്കം. ദ ഫേസ്ബുക്ക് എന്ന പേര് നൽകി വൈബ്സൈറ്റ് പ്രവർത്തനമാരംഭിച്ച് 24 മണിക്കൂറിനകം 1200 പേരാണ് ലോഗിൻ ചെയ്തത്. ഒരു മാസത്തിനുള്ളിൽ ഹാർവാഡിലെ പകുതിയിലേറെ പേരും ഫേസ്ബുക്കിലെത്തി. 2005 ഓഗസ്റ്റോടെ ദ ഫേസ്ബുക്ക് എന്നത് ഫേസ്ബുക്ക് എന്ന് ചുരുക്കി. പ്രവർത്തനം ബോസ്റ്റൺ സർവകലാശാലയിലേക്ക് വ്യാപിപ്പിച്ചു. പതിയെ അത് ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങി.

അതുവരെ ഇന്റർനെറ്റിന്റെ സാധ്യതകൾ അറിവുകളിലേക്കും ഇമെയിലുകളിലേക്കും ഓർക്കൂട്ട് പോലുള്ള ചെറു വിനോപാധികളിലേക്കും മാത്രം ചുരുക്കിയിരുന്നിടത്ത് നിന്ന്, 'ഫേസ്ബുക്ക്' വിപ്ലവം സൃഷ്ടിച്ചു. പിൽകാലത്ത് ഓർക്കുട്ടിനെപ്പോലുള്ള ‘നൊസ്റ്റാൾജിക്’ സോഷ്യൽ ലോകത്തെ വിഴുങ്ങിയ ഈ ടെക് ഭീമൻ, ഇന്ന് ലോകത്തെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് നിർത്തുന്നു.

placeholder
തുടക്ക കാലത്തെ ദഫേസ്ബുക്ക് ഹോം പേജ് | Photo: https://www.facebook.com/MetaforEducation

സർവകലാശാലയിലെ സുഹൃത്തുക്കൾക്ക് സംവദിക്കാൻ എന്നൊരിടം എന്ന ചർച്ചയിൽ നിന്നാണ് ഫേസ്ബുക്ക് എന്ന ആശയം സക്കർബർഗിന്റെയും സുഹൃത്തുക്കളുടെയും ചിന്തയിൽ ഉദിക്കുന്നത്. ഇതിനുവേണ്ടി നിരന്തരം തന്റെ സുഹൃത്തുക്കളുടെ ജീവിതശൈലികളും ഇഷ്ടാനിഷ്ടങ്ങളും നിരീക്ഷിച്ച്, ഒരുഘട്ടത്തിൽ അവരുടെ സ്വകാര്യതകൾ പോലും ചൂഴ്ന്നെടുത്തായിരുന്നു ദ ഫേസ്ബുക്കിന്റെ ആരംഭം. സ്വകാര്യതയെച്ചൊല്ലി പിന്നീട് മാർക്ക് സക്കർബർഗ് ഒരുപാട് വിചാരണകൾക്ക് വിധേയമായി എന്നത് മറ്റൊരു വശം.

ഒരു സൗഹൃദത്തിന്റെ പരിധികൾക്കപ്പുറം കടന്ന് ആ കണ്ടുപിടിത്തം നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെകൊണ്ടേയിരുന്നു. എന്താണ് തന്റെ സുഹൃത്തുക്കൾക്ക് ആവശ്യം, അവരെ എങ്ങനെ തന്റെ സോഷ്യൽ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാം എന്നതിനാവശ്യമായ എല്ലാ ചേരുവകളും സക്കർബർഗ് മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചു. ഹാർവാഡിൽ അവതരിപ്പിച്ച സോഷ്യൽ പ്ലാറ്റ്‌ഫോം അതിശയകരമാം വിധത്തിൽ വിദ്യാർഥികൾ ഏറ്റെടുത്തു. ഒരു കുടുസുമുറിയിൽ നിന്നാരംഭിച്ച ആ സംരംഭം വളർന്ന് ഓരോ സർവകലാശാലകളിലും അവതരിപ്പിക്കപ്പെട്ടു. സർവകലാശാലകളിൽ നിന്ന് സർവകലാശാലകളിലേക്ക്, രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചു. ലക്ഷക്കണക്കിന് ആളുകൾ സൈൻ അപ് ചെയ്തു. പൂജ്യത്തിൽനിന്നും ആരംഭിച്ച് ലോകത്താകമാനം വ്യാപിച്ച ഫേസ്ബുക്കിന് ഇന്ന് 3.03 ബില്യൺ ഉപയോക്താക്കളാണ് ഉള്ളത്. ഇന്ന് കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ഫേസ്ബുക്ക് എന്ന പ്ലാറ്റ്‌ഫോമിനെക്കുറിച്ച് അറിയാത്തവരായോ അല്ലെങ്കിൽ ഉപയോക്താക്കളാകാത്തവരോ ചുരുക്കം.

ഫേസ്മാഷിൽനിന്ന് ഫേസ്ബുക്കിലേക്ക്

2003-ൽ ഹാർവാഡിൽ 19-കാരനായ സക്കർബർഗ് രണ്ടാം വർഷ വിദ്യാർഥി ആയിരിക്കെ ഫേസ്മാഷ്‌ എന്നൊരു വെബ്സൈറ്റിന് രൂപം കൊടുക്കുന്നു. ഹാർവാഡിലെ നെറ്റ്‌വർക്ക്‌ ഹാക്ക് ചെയ്ത് അതിൽനിന്ന് സർവകലാശാലയിലെ വിദ്യാർഥികളുടെ ഐ.ഡികൾ ശേഖരിച്ചുകൊണ്ടായിരുന്നു ഫേസ്മാഷിന്റെ പ്രവർത്തനം. ആളുകളുടെ സൌന്ദര്യത്തെക്കുറിച്ചുള്ള പൊതുബോധം അളക്കുന്നതായിരുന്നു ആ വെബ്സൈറ്റ് കൊണ്ട് സക്കർബർഗ് ഉദ്ദേശിച്ചിരുന്നത്. ഹാർവാഡിൽ നിന്ന് ശേഖരിച്ച് ഐ.ഡികളിൽ രണ്ടുപേരെ താരതമ്യം ചെയ്ത് ആരാണ് ഏറ്റവും ‘ഹോട്ട്’, അല്ലാത്തവർ ആര് എന്ന് സെലക്ട് ചെയ്യുന്നതായിരുന്നു വെബ്സൈറ്റിന്റെ പ്രവർത്തനം. ‘Am I Hot or Not’ എന്ന ചോദ്യത്തിനൊപ്പം രണ്ടു ചിത്രങ്ങൾ താരതമ്യം നല്കുന്നതായിരുന്നു വെബ്സൈറ്റിന്റെ പ്രവർത്തനം.

placeholder
ഫേസ്മാഷ് വെബ് പേജ് നിലവിലുള്ള ഹോം പേജ് | Photo: Screengrab

2003 ഒക്ടോബർ 8-നായിരുന്നു ഫേസ്മാഷ്‌ പ്രവർത്തനമാരംഭിച്ചത്. എന്നാൽ, വ്യക്തികളുടെ സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റം ചോദ്യം ചെയ്യപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടതായും വന്നതായി thoughtco റിപ്പോർട്ട് ചെയ്യുന്നു. ഹാർവാഡിലെ സുരക്ഷാ സംവിധാനങ്ങൾ ഹാക്ക് ചെയ്ത് ശേഖരിച്ച, വിദ്യാർഥികളുടെ ഐ.ഡി. വെച്ച് പ്രവർത്തനമാരംഭിച്ച ഫേസ്മാഷ്, ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ വീഴ്ച. കോപ്പിറൈറ്റ് വയലേഷൻ, വ്യക്തി സുരക്ഷാ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു. എന്നാൽ ഹാർവാഡിൽ നിന്ന് സക്കർബർഗിനെതിരേ ചുമത്തപ്പെട്ട കുറ്റങ്ങളൊക്കെ പിന്നീട് ഒഴിവാക്കപ്പെട്ടു എന്നത് മറ്റൊരു വശം.

ഇതിന് പിന്നാലെയാണ്- 2006-ൽ ട്വിറ്റർ ആരംഭിക്കുന്നത്. ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ മാത്രമായിട്ടൊരു പ്ലാറ്റ്‌ഫോം ആയിട്ടാണ് ട്വിറ്റർ അവതരിപ്പിച്ചത്.

placeholder
2006-ൽ പ്രവർത്തനമാരംഭിച്ച ട്വിറ്റർ ഹോം പേജ് (ഇടത്), 2024-ൽ എക്സ് ആയി മാറ്റിയ ശേഷമുള്ള ഹോം പേജ് (വലത്) | Photo; https://www.webdesignmuseum.org/

സാംസ്കാരിക, സാമൂഹിക മുന്നേറ്റത്തിന് ഏറെ ഗുണകരമായിട്ടാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഹിച്ചത്. രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക കൈമാറ്റങ്ങൾ പലപ്പോഴും സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കൂടി സാധ്യമായി. സാങ്കേതിക വിപ്ലവത്തിന്റെ മറ്റൊരു യുഗത്തിന്റെ തുടക്കമായിരുന്നു ഫേസ്ബുക്കിന്റെ കണ്ടുപിടിത്തത്തോടെ ഉണ്ടായത്. എന്നാൽ ഏതൊരു കണ്ടുപിടിത്തങ്ങൾക്കും അതിന്റേതായ പ്രശ്നങ്ങൾ ഉണ്ട് എന്നതുപോലെത്തന്നെ ഇവിടെയും പ്രതിസന്ധികൾ ഉടലെടുത്തു എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ.

ഒരു രാജ്യത്തിന്റെ ഭരണത്തിൽ വരെ ഇടപെടുന്ന തരത്തിൽ, രാജ്യത്തിന്റെ പ്രസിഡന്റിനെ നിശ്ചയിക്കുന്ന തരത്തിലേക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വളർന്നു. ജനങ്ങളുടെ താത്പര്യങ്ങളിൽ, അവരുടെ ചിന്തകളിൽ കടന്നുകയറി പ്രത്യേക തരത്തിലുള്ള ചിന്താഗതിസൃഷ്ടിച്ചെടുക്കാൻ വരെ സോഷ്യൽ മീഡിയകൾക്ക് സാധിച്ചു. ഇത് സംബന്ധിച്ച് പല പഠനങ്ങളും പിൽകാലത്തും, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

'ഒരുനാളിൽ ലോകം അവസാനിച്ചാൽ' എന്ന ചോദ്യത്തിന് പകരം 'സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ലെങ്കിൽ' എന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം. രസകരമായിരിക്കും, ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള സംഗതിയായി മാറുമായിരിക്കുമത്.

ഒരാൾ ഫേസ്ബുക്കിൽ അല്ലെങ്കിൽ മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എഴുതിയ കുറിപ്പിന് അല്ലെങ്കിൽ പങ്കുവെച്ച ചിത്രത്തിന്/ വീഡിയോയ്ക്ക് ഒരുപാട് ലൈക്കും കമന്റും ഷെയറും കിട്ടി എന്നതു കൊണ്ട് അർഥമാക്കുന്നത് അത്പൂർണമായും ശരിയാണ് എന്നല്ല. അത് അയാളുടെ അഭിപ്രായം മാത്രമാണ്. പല ജനപ്രീതിയുള്ള എക്സ് പ്ലാറ്റ്‌ഫോ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഹാൻഡിലുകളും ഇൻഫ്ലുവൻസേഴ്സും ഒക്കെ നൽകുന്ന കണ്ടന്റുകൾ അവരവരുടെ ലാഭത്തിന് വേണ്ടി മാത്രമുള്ളതാണ്. അല്ലാതെ അവർ ചെയ്യുന്ന കാര്യങ്ങളൊക്കെ അപ്പാടെ ശരിയാണെന്നും ആധികാരികമായ സോഴ്സുകളാണ് അവരെന്ന് ഫോളോവേഴ്സായവർ കരുതുന്നിടത്താണ് പ്രശ്നങ്ങൾ.

ഉദാഹരണത്തിന് ലോൺ ആപ്പുകളുടെ പരസ്യങ്ങൾ. റമ്മി പോലെയുള്ള ഗെയിമുകളുടെ, ചൂതാട്ടങ്ങളുടെ പരസ്യങ്ങൾ ഒരുപാട് ഇൻഫ്ലുവൻസർമാർ അടക്കം ഇടയ്ക്കിടെ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ കൂടി പരസ്യം ചെയ്യാറുണ്ട്. അതിനർത്ഥം അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും അവർക്കാണ് എന്നല്ല. അവർ അവരുടെ ലാഭത്തിന് വേണ്ടി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ഉപയോഗിക്കുന്നു എന്നതാണ്. അതിനുള്ള പ്രതിഫലം അവർക്കു കിട്ടുന്നു.  അത് വിശ്വസിച്ച്, അവരാണ് ആധികാരിക വൃത്തങ്ങൾ എന്ന് കരുതുന്നിടത്ത് നമുക്ക് തെറ്റുപറ്റും.

ജനപ്രീതി എന്നത് ഉപരിപ്ലവം മാത്രമാണ്. ഒരുപാടുപേർ ഫോളോ ചെയ്തു എന്നതുകൊണ്ട്, അല്ലെങ്കിൽ ഷെയർ, ലൈക്ക്, കമന്റ് കിട്ടി എന്നതുകൊണ്ട് പ്രസ്തുത കുറിപ്പ്/ ചിത്രം വിശ്വസനീയമാകണം എന്നില്ല. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി അടക്കമുള്ള പലരുടേയും ട്വിറ്റർ (ഇന്നത്തെ എക്സ് പ്ലാറ്റ്‌ഫോം) അക്കൌണ്ടിലെ പകുതിയിലേറെ ഫോളോവേഴ്സും വ്യാജമെന്ന വാർത്തകളും ഇതിനോടൊപ്പം ചേർത്തു വായിക്കുക. വ്യാജവാർത്തകളുടെ പേരിൽ ട്വിറ്ററിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയ സംഭവവും (ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ബാൻ നീക്കിയിരുന്നു) ഇതിന്റെ വ്യാപ്തി എത്രത്തോളമെന്ന് മനസ്സിലാക്കിത്തരും. പലപ്പോഴും ഒന്നും അറിയപ്പെടാതെ കിടന്നിരുന്ന പല രാഷ്ട്രീയക്കാരും തങ്ങൾ പൊതുയിടത്തിൽ, പൊതുതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടു എന്നറിയപ്പെടുമ്പോൾ അവരുടെ അക്കൗണ്ടുകൾക്ക് സംഭവിക്കുന്ന വളർച്ച കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

placeholder
ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് ബാൻ ചെയ്തപ്പോൾ, ബാൻ നീക്കിയ ശേഷം ട്വിറ്ററിൽ എത്തിയപ്പോൾ ആദ്യത്തെ ട്വീറ്റ് | Photo: https://twitter.com/home

വ്യാജ ഫോളോവേഴ്സ് കൂടുന്നതിനൊപ്പം തന്നെ തങ്ങളുടെ പോസ്റ്റുകളുടെ റീച്ചും വർധിക്കും. ഇത് കൂടുതൽ ആളുകളിൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് തങ്ങളുടെ പോസ്റ്റുകൾ എത്തിക്കാൻ സഹായിക്കും. ഇത്തരത്തിലുള്ള സാഹചര്യം മുതലെടുത്ത് പലരും, പലപ്പോഴും വ്യാജപോസ്റ്റുകളും ചിത്രങ്ങളും ഉപയോഗിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പൊതുസമൂഹത്തിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇതിനിടയിൽ യാഥാർഥ്യ ശബ്ദങ്ങൾ ഒതുങ്ങിപ്പോകുകയും ചെയ്യുന്നു. പലരാജ്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സംഭവിക്കുന്നത് ഇതാണ്. എന്തും വിളിച്ചു പറഞ്ഞ് ഒടുവിൽ ജനം തെറ്റിദ്ധരിക്കപ്പെട്ട് തങ്ങളുടെ ആശയങ്ങൾ പോലും അടിച്ചേൽപ്പിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്. തിരഞ്ഞെടുപ്പുകളിൽ ആര് ജയിക്കണമെന്ന് പോലും തീരുമാനിക്കുന്ന തരത്തിലാണ് സോഷ്യൽ മീഡിയകളുടെ വളർച്ച.

സോഷ്യൽ മീഡിയ കൈയടക്കിയ രാഷ്ട്രീയം

ഇന്ത്യയിൽ സോഷ്യൽ മീഡിയ പ്രചാരണസാധ്യതകളെ തിരിച്ചറിഞ്ഞ് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്ന പാർട്ടികളിൽ ബി.ജെ.പിയുടെ സ്ഥാനം ഏറെ മുന്നിലാണ്. 2014, 2019-ലെ പൊതുതിരഞ്ഞെടുപ്പ് കണക്കുകളിൽ ഇക്കാര്യം വ്യക്തമാണ്. സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയെടുക്കുന്ന സ്വാധീനം അത്ര ചെറുതല്ല. ഈ സ്വാധീനവും സാധ്യതകളും തിരിച്ചറിഞ്ഞ് വിവിധ രാഷ്ട്രീയ പാർട്ടികൾ കോടിക്കണക്കിന് രൂപയാണ്  സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വേണ്ടി മാറ്റിവെക്കുന്നത്. രാഷ്ട്രീയത്തിലെന്ന് മാത്രമല്ല ഏതൊരു ചെറിയ സംരഭങ്ങളിൽ പോലും ‘സോഷ്യൽ മീഡിയ ടീം’ എന്നത് ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നായി മാറി.

പൊതുയിടങ്ങളിൽ പൊതുറാലികളിൽ ഘോരഘോരം പ്രസംഗിക്കുന്നതിനേക്കാൾ കൂടുതൽ ചലനങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഇതുവഴിയുള്ള പ്രചരണങ്ങൾക്ക് സാധിക്കുന്നു. സോഷ്യൽ മീഡിയ വഴി 'വൺ ടു വൺ' സംഭാഷണം സാധ്യമാവുകയും അതുവഴി തങ്ങളുടെ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം തന്നെ അവരിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. ഹാഷ്ടാഗുകളും അൽഗൊരിതങ്ങളും നിയന്ത്രിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ അജണ്ട സെറ്റ് ചെയ്ത് ഓരോ രാഷ്ട്രീയ പാർട്ടിക്കും തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നത് നിസാരമായ കാര്യമായി മാറി.

കോഴിക്കോട് നഗരത്തിൽ സ്ഥിതാമസിക്കിയ രാജസ്ഥാൻ സ്വദേശിയോട് തന്റെ നാട്ടിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഫോൺ വഴി അവിടെ നിന്ന് വോട്ടഭ്യർഥിച്ചുവെന്നും സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ പരിപാടികളെ സസുക്ഷ്മം നിരീക്ഷിക്കുന്നുണ്ട്' എന്നായിരുന്നു മറുപടി. അപ്പോൾ നാട്ടിലെ കാര്യങ്ങളെക്കുറിച്ചൊക്കെ എന്താണ് കാഴ്ചപ്പാട് എന്ന ചോദ്യത്തിന്, 'സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കൂടി നിരന്തരം പോസ്റ്റുകളായും വീഡിയോകളായും നാട്ടിലെ കാര്യങ്ങൾ അറിയുന്നുണ്ട്', നാട്ടിൽ പോയിട്ട് എത്ര കാലമായി എന്ന ചോദ്യത്തിന് '2021-ൽ പോയി വന്നതാണ്, ഇത്തവണ വോട്ട് ചെയ്യാൻ പോകണം' എന്നായിരുന്നു മറുപടി. അതായത്, സോഷ്യൽ മീഡിയ എന്ത് പറയുന്നുവോ അതാണ് തങ്ങൾക്ക് അവസാന വാക്ക് എന്ന തരത്തിലേക്ക് ജനങ്ങളുടെ ചിന്താഗതി മാറി. നാട്ടിൽ ആരാണ് എന്താണ് ചെയ്യുന്നത് എന്ന വ്യക്തമായ കാഴ്ചപ്പാട്, നാട്ടിലിറങ്ങാതെ സോഷ്യൽ പ്ലാറ്റ് ഫോം വഴി എത്തുന്ന കാര്യങ്ങൾ അക്ഷരംപ്രതി വിശ്വസിക്കുന്ന അവസ്ഥ. ഇതാണ് പല രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കുന്നത്. ഒരുതരത്തിൽ സോഷ്യൽ മീഡിയ സാധ്യതകൾ ഗുണകരമാകുന്നതിനൊപ്പം മറുവശത്ത് ഇതുപോലുള്ള ചില പ്രതിസന്ധികളും ഉടലെടുക്കുന്നുണ്ട്.

സ്മാർട്ഫോൺ ഉപയോഗം, സോഷ്യൽ മീഡിയ, തിരഞ്ഞെടുപ്പ്

2022-ന്റെ അവസാനത്തോടെ രാജ്യത്ത് ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ജനങ്ങളും സ്മാർട് ഫോൺ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. 1.2 ബില്യൺ മൊബൈൽ ഫോൺ ഉപയോക്താക്കളും 600 മില്യൺ സ്മാർട് ഫോൺ ഉപയോക്താക്കളും രാജ്യത്ത് ഉണ്ട് എന്നാണ് 2022-ൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് സെക്രട്ടറി അപുർവചന്ദ്ര പറഞ്ഞത്. 2026- ഓടെ രാജ്യത്ത് 1 ബില്യൺ സ്മാർട് ഫോൺ ഉപയോക്താക്കളാകുമെന്നാണ് കണക്കുകൾ. 

placeholder
ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ കണക്ക് (2010 മുതൽ 2026 വരെയുള്ളത്) | © Statista 2024

ഐ&ബി മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 905 സാറ്റലൈറ്റ് ടി.വി.ചാനലുകൾ രാജ്യത്തുണ്ട്. ഇതിൽ 350 ന്യൂസ് ചാനലുകൾ. വിവിധ ഭാഷകളിലായി 80,000 ന്യൂസ് പേപ്പറുകൾ, ഇതിന് പുറമെ സാമൂഹ്യ മാധ്യമങ്ങളിലെ വിവിധ ചാനലുകളും ഉണ്ട്.

2023-ലെ കണക്കുകൾ പ്രകാരം 448.1 മില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. രണ്ടാമതുള്ള അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയിലേതിനേക്കാൾ നേർപകുതിയോളമാണ് (258.4 മില്യൺ). ട്വിറ്റർ ഉപയോഗത്തിൽ ഇന്ത്യ മൂന്നാമതാണ്. 26.08 മില്യൺ ആളുകളാണ് ട്വിറ്റർ ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതൽ പേർ ട്വിറ്റർ ഉപയോഗിക്കുന്നത് അമേരിക്കയിലാണ് (105.42 മില്യൺ). ഇൻസ്റ്റഗ്രാം  362.9 മില്യൺ ആളുകളാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ഇൻസ്റ്റഗ്രാം ഉപയോഗത്തിൽ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിലാകട്ടെ വെറും 169.7 മില്യൺ ആളുകളാണ് ഉപയോഗിക്കുന്നത്. 2024-ലെ കണക്ക് പ്രകാരം ഇന്ത്യയിലെ വാട്സാപ്പ് ഉപയോഗം 535.8 മില്യൺ ആണ്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ വെറും 148 മില്യൺ ആളുകളാണ് വാട്സാപ്പ് ഉപയോക്താക്കളായിട്ടുള്ളത്. രാജ്യത്തെ വാട്സാപ്പ് ഉപയോഗം എത്രത്തോളം വലുതാണ് എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകും. രാജ്യത്ത് യൂട്യൂബ് ഉപയോഗിക്കന്നവരുടെ എണ്ണം 637.1 മില്യൺ ആണ്. ടെലഗ്രാം ഉപയോക്താക്കൾ 104.04 മില്യണും.

2019-ലെ തിരഞ്ഞെടുപ്പിൽ രാജ്യത്ത് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പ്രധാനമായും ഉപയോഗിച്ചത് സോഷ്യൽ മീഡിയ പ്രചരണമായിരുന്നു. 2014-ൽ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഉപയോഗിച്ച് വിജയിച്ച സോഷ്യൽ മീഡിയ രീതികളായിരുന്നു ഇന്ത്യയിൽ 2019-ൽ ബി.ജെ.പി. അടക്കമുള്ള പാർട്ടികൾ പരീക്ഷിച്ചത്. ട്രംപ് ട്വിറ്ററിനേയായിരുന്നു കൂടുതലായും ആശ്രയിച്ചിരുന്നതെങ്കിൽ ഇന്ത്യയിൽ അത് വാട്സാപ്പിലേക്ക് മാറി. അതിന്റെ കാരണങ്ങൾ കണക്കുകൾ നോക്കിയാൽ നമുക്ക് വ്യക്തമാകും ഇന്ത്യയിൽ ട്വിറ്ററിനേക്കാൾ ഉപയോക്താക്കൾ കൂടുതൽ വാട്സാപ്പിനാണ്, എന്നാൽ അമേരിക്കയിലാകട്ടെ ട്വിറ്റർ ഉപയോഗമാണ് ഏറ്റവും ജനകീയം.

സന്ദേശം അയക്കുന്ന ആളിലും അത് സ്വീകരിക്കുന്ന ആളിലും മാത്രം ഒതുങ്ങുന്നതാണ് വാട്സാപ്പ്. ഗ്രൂപ്പുകളാണെങ്കിലും അനുവാദമില്ലാതെ മറ്റൊരാൾക്ക് ആ സ്പേസിലേക്ക് കടന്നു ചെല്ലാൻ സാധിക്കില്ല. ഏത് വാർത്തകളും ഏത് തരത്തിലുള്ള സന്ദേശങ്ങളും യാതൊരു വിശ്വാസ്യതയും ആവശ്യമില്ലാതെ പങ്കുവെക്കപ്പെടാൻ ഇതുവഴി സാധിക്കുന്നു. ഇതിന്റെ പരിണിതഫലമാകട്ടെ, വ്യാജ വാർത്തകളും വർഗീയതയും വിദ്വേഷവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. പലപ്പോഴും ജനങ്ങൾക്കിടയിൽ വലിയതോതിൽ ചേരിതിരവ് ഉണ്ടാകാൻ ഇത് കാരണമാകുന്നു. വൻ തോതിൽ വ്യാജവാർത്തകളും വിദ്വേഷ പ്രചാരണങ്ങളുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയ വഴി ഉണ്ടായതെന്ന് പിന്നീട് പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഹൈടെക് രാഷ്ട്രീയ പാർട്ടികൾ

രാജ്യത്ത് കോൺഗ്രസ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ബി.ജെ.പി. സോഷ്യൽ മീഡിയ സാധ്യതകൾ തിരിച്ചറിയുകയും അതിനുള്ള അടിത്തറ ഒരുക്കുകയും ചെയ്തിരുന്നു. 2009-ജനുവരിയിലാണ് മോദി എക്സ് പ്ലാറ്റ്ഫോമിൽ അക്കൗണ്ട് തുടങ്ങുന്നത്. എന്നാൽ രാഹുൽ ഗാന്ധിയാകട്ടെ 2015-ഏപ്രിലിലും. അതായത് 2014-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം. 2010- ഒക്ടോബറിലാണ് ബി.ജെ.പി. എക്സ് പ്ലാറ്റ്ഫോമിൽ ഔദ്യോഗികമായി അക്കൗണ്ട് തുറക്കുന്നത്. എന്നാൽ കോൺഗ്രസാകട്ടെ, 2013 ഫെബ്രുവരിയിലും. കോൺഗ്രസും കോൺഗ്രസ് നേതാക്കളും സോഷ്യൽ മീഡിയിൽ എത്തുന്നതിന് മുമ്പ് തന്നെ ബി.ജെ.പിയും ബി.ജെ.പി. നേതൃത്വവും സോഷ്യൽ മീഡിയ സാധ്യതകൾ തിരിച്ചറിഞ്ഞ് സജീവമായിത്തുടങ്ങിയിരുന്നു.

ആശ്ചര്യകരമെന്ന് പറയട്ടെ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിക്ക് ഇനിയും എക്സ് പ്ലാറ്റ് ഫോം പോലുള്ള സോഷ്യൽമീഡിയയിൽ അക്കൗണ്ട് ഇല്ല. ഫേസ്ബുക്കിൽ സോണിയ ഗാന്ധിയുടെ പേരിൽ ഒട്ടനേകം അക്കൗണ്ടുകളുണ്ടെങ്കിലും പലതും കൈകാര്യം ചെയ്യുന്നത് പലരും ആണെന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗികമെന്ന രീതിയിൽ ഫേസ്ബുക്ക് അക്കൗണ്ടും ഇല്ല എന്നാണ് മനസ്സിലാകുന്നത്. 2010-ന് മുമ്പേ സോഷ്യൽ മീഡിയയിൽ വ്യാപകമായിത്തുടങ്ങിയ ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള സോഷ്യോ - രാഷ്ട്രീയ അന്തരം എത്രത്തോളമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

2009 മാർച്ചിലാണ് മോദി ഫേസ്ബുക്കിൽ എത്തുന്നത്. രാഹുൽ ഗാന്ധിയാകട്ടെ 2012 ഒക്ടോബറിലും. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ 2011 ഒക്ടോബറിലും. 2009 ഡിസംബറിലാണ് പിണറായി വിജയൻ ഫേസ്ബുക്കിലെത്തുന്നത്. 1995-ൽ ബി.ജെ.പി. തങ്ങളുടെ ഔദ്യോഗികമായി വെബ്സൈറ്റ് ആരംഭിച്ചു. കോൺഗ്രസാകട്ടെ പത്ത് വർഷം കഴിഞ്ഞ് 2005-ലും. ട്വിറ്ററിൽ കോൺഗ്രസ് എത്തിച്ചേരുന്നതിന് മുമ്പ് തന്നെ എഎപി ശക്തമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഫലം ഡൽഹിയിലെ രാഷ്ട്രീയത്തിൽ വ്യക്തമാണ്.

എക്സിൽ 2014 ഓഗസ്റ്റിലായിരുന്നു പിണറായി വിജയൻ ജോയിൻ ചെയ്തത്. സി.പി.എം. ഔദ്യോഗികമായി എക്സിൽ ജോയിൻ ചെയ്തത് 2014 മാർച്ചിലും. ഇതേ കാലത്ത് തന്നെ കേരളത്തിലെ കോൺഗ്രസും ബി.ജെ.പിയും സോഷ്യൽ മീഡിയകളിൽ തുടക്കം കുറിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ ചർച്ചകളിലും സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ഇടങ്ങളൊരുക്കുന്നതിലും ക്രിയാത്മകമായി സി.പി.എം. ഇടപെടുകയും തത്ഫലമായി തങ്ങളുടെ അണികളിൽ പലരേയും സോഷ്യൽമീഡിയ സാധ്യതകളെ നേരത്തെ തന്നെ മനസ്സിലാക്കിക്കൊടുക്കാനും സാധിച്ചു. ഇതിന്റെ പ്രതിഫലനം ഇന്നും സോഷ്യൽ മീഡിയകളിൽ പ്രതിഫലിക്കുന്നുണ്ട്.

(തുടരും)