
വെറും ഒരു വിനോദോപാധി മാത്രമാണ് സോഷ്യൽ മീഡിയകൾ എന്ന് ചിന്തിക്കുന്നിടത്താണ് നമുക്ക് തെറ്റുപറ്റിയത്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ ആരോപണവും, കനേഡിയൻ തിരഞ്ഞെടുപ്പിൽ ചൈനയുടെ ഇടപെടൽ ആരോപണവുമൊക്കെ എടുത്ത് പരിശോധിച്ചാൽ മനസ്സിലാകും എത്രത്തോളം ഗുരുതരമാണ് സോഷ്യൽ മീഡിയയുടെ സ്വാധീനമെന്ന്. ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ചൈനയുടെ ഇടപെടൽ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഗുരുതരമായ വിഷയമാണ്.
അക്കാലത്ത് ലോകം ഞെട്ടിയ ഒരു സംഭവമായിരുന്നു അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ ജയം. അവിശ്വസനീയമാം വിധത്തിലായിരുന്നു ഒരു 'സെലബ്രിറ്റി' സ്റ്റാറ്റസുള്ളയാൾ അമേരിക്കൻ തലപ്പത്തെത്തുന്നത്. അന്നുവരെ ഒരു പബ്ലിക് ഓഫീസിന്റെ ചുമതല വഹിക്കുകയോ സർക്കാരുമായി ബന്ധപ്പെട്ട യാതൊരു തരത്തിൽ പ്രധാന സ്ഥാനത്തിരിക്കുകയോ ചെയ്യാത്ത, വ്യാപാരിയും അതിലുപരി അത്യാഢംബരത്തിൽ സുഖലോലുപതയിൽ മതിമറന്ന് ആസ്വാദ്യജീവിതം നയിച്ചിരുന്ന, ആൾക്കൂട്ടത്തിനിടയിൽ സെലബ്രിറ്റി സ്റ്റാറ്റസും പിന്നെ വിവാദങ്ങളും കൂടെക്കൊണ്ടുനടക്കുന്ന ഡൊണാൾഡ് ട്രംപ് എന്ന വ്യാപാരിയുടെ ഗംഭീര ജയത്തിനായിരുന്നു 2016-ൽ അമേരിക്ക സാക്ഷ്യം വഹിച്ചത്. അതിസമ്പന്നതയിൽ നിന്ന് നേരെ യു.എസിന്റെ അധികാരത്തിലെത്തിയ ട്രംപിന്റെ ഉയർച്ച തെല്ലൊന്നുമല്ല ലോകത്തെ ഞെട്ടിച്ചത്. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിട്ടാണ് ട്രംപിന്റെ വിജയത്തെ വിലയിരുത്തപ്പെടുന്നത്. 1978 മുതൽ രാഷ്ട്രീയത്തിൽ സജീവമായി രംഗത്തുള്ള, കാലങ്ങളോളം ജനസേവനത്തിനായി ജീവിതം മാറ്റിവെച്ച രാഷ്ട്രീയം ജീവിതലഹരിയായി കൊണ്ടുനടന്ന ഹിലരി ക്ലിന്റണെതിരേയിരുന്നു ട്രംപിന്റെ ജയം.

അത്യുജ്വല വിജയത്തിനുപിന്നാലെ സി.ബി.എസ്. ന്യൂസ് മാധ്യമപ്രവർത്തക ലെസ്ലി സ്റ്റാളിന് ട്രംപ് കുടുംബസമേതം ഒരു അഭിമുഖം നൽകി. തിരഞ്ഞെടുപ്പിലുടനീളമുണ്ടായ വംശീയതയും എതിർസ്ഥാനാർഥിക്ക് നേരെയുള്ള ആരോപണങ്ങളും അമേരിക്കയുടെ ഭാവിയും ചർച്ചചെയ്ത് നീങ്ങുന്നതിനിടെ തിരഞ്ഞെടുപ്പ് കാമ്പയിൻ സമയത്തെ സോഷ്യൽമീഡിയ പോസ്റ്റുകളെക്കുറിച്ചും ചോദ്യം ഉണ്ടായി. ഉത്തരമായി ട്രംപ് പറയുന്ന പ്രധാനപ്പെട്ടൊരു കാര്യമുണ്ട്, 'തന്റെ വിജയത്തിന് സുപ്രധാന പങ്കുവഹിച്ചത് സമൂഹ മാധ്യമങ്ങളായിരുന്നു' എന്നത്. അതായത്, രാജ്യ തലപ്പത്ത് ഒരാളെ എത്തിക്കാൻ വെറും സോഷ്യൽമീഡിയ വിചാരിച്ചാൽ നടക്കും എന്നതിന്റെ നേർസാക്ഷ്യമായിരുന്നു ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം എന്ന് അദ്ദേഹം തന്നെ സ്വന്തം വിജയം ചൂണ്ടിക്കാട്ടി ഉദാഹരിക്കുന്നു.

- 2016 നവംബർ 11 - ന്യൂയോർക്ക് സിറ്റി | ഫോട്ടോ: സി.ബി.എസ്. ന്യൂസ്
"എന്റെ ശക്തി എന്നത്, ഫെയ്സ്ബുക്ക്, ട്വിറ്റർ (എക്സ്), ഇൻസ്റ്റഗ്രാം അടക്കമുള്ള വലിയൊരു കൂട്ടമാണ്. തിരഞ്ഞെടുപ്പ് യാത്രയിൽ ഉടനീളം എന്നെ സഹായിച്ചത് ഇവരാണ്. എന്റെ വിജയത്തിന് വേണ്ടി സഹായിച്ചതും ഞാൻ ചിലവഴിച്ചതിനേക്കാൾ കൂടുതൽ എനിക്ക് വേണ്ടി ചെലവഴിച്ചതും സോഷ്യൽ മീഡിയയിലെ ഈ കൂട്ടമാണ്. ഞാൻ എന്റെ പണം ഒരുപാട് ചെലവഴിച്ചു. എന്നാൽ പണത്തേക്കാൾ ശക്തി സമൂഹ മാധ്യമങ്ങൾക്ക് ഉണ്ട് എന്നാണ് ഞാൻ കരുതുന്നത്. അത് ഞാൻ തെളിയിക്കുകയും ചെയ്തു"- ട്രംപ് പറഞ്ഞത് ഇപ്രകാരമായിരുന്നു.
ട്രംപിന്റെ ട്വീറ്റുകളെക്കുറിച്ചുള്ള ലെസ്ലി സ്റ്റാളിന്റെ ചോദ്യത്തിന്, 'ട്വീറ്റുകളൊക്കെ ട്രംപിന് ഏറെ സഹാകരമായിട്ടുണ്ട്, അവിശ്വസനീയമാം വിധത്തിലാണ് ട്രംപിന്റെ ഫോളോവേഴ്സ് വർധിച്ചത്' എന്നായിരുന്നു ഭാര്യ മെലാനിയ ട്രംപിന്റെ പ്രതികരണം. ശരിയായിരുന്നു, 2016- യു.എസ്. തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ അത്രത്തോളം ജനങ്ങളെ സ്വാധീനിച്ചിരുന്നു എന്നാണ് പിന്നീടുള്ള പഠനങ്ങളും ചൂണ്ടിക്കാട്ടിയത്.
വെറും ആശംസകളറിയിക്കുന്ന സോഷ്യൽ പ്ലാറ്റ് ഫോം അങ്ങനെ രാഷ്ട്രീയം പറഞ്ഞുതുടങ്ങുന്നു
2009 മുതൽ ട്രംപിന് ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നെങ്കിലും അതിന്റെ സാധ്യതകൾ അത്ര കണ്ട് മനസ്സിലാക്കിയിരുന്നില്ല. 'ഗുഡ് മോണിങ്', 'നല്ലൊരു അവധിക്കാലം ആഘോഷിക്കുന്നു' തുടങ്ങിയ പോസ്റ്റുകൾക്ക് വേണ്ടി ഒരിടം എന്ന രീതിയിലായിരുന്നു പ്രവർത്തനം. 2011-ലാണ് സോഷ്യൽ മീഡിയയുടെ സാധ്യകൾ ട്രംപ് പൂർണ്ണമായും മുഖവിലക്കെടുക്കുന്നത്.
2012-ഓടെ അദ്ദേഹം രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായിത്തുടങ്ങി. ഒബാമയ്ക്കെതിരേ നിരന്തരം രാഷ്ട്രീയ വിമർശനങ്ങളുന്നയിച്ചു. 2011-ൽ 744 ട്വീറ്റുകളാണ് ട്രംപ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്. 2010ൽ വെറും 142 എന്നിടത്തുനിന്നായിരുന്നു ഈ കുതിപ്പ്. ഇത് ഒരു തുടക്കം മാത്രമായിരുന്നു. ദിനംപ്രതി 10 ട്വീറ്റുകളെന്ന തരത്തിലായിരുന്നു ട്രംപിന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് വന്നുകൊണ്ടിരുന്നത്. 2013-ൽ 8000 -ത്തിലധികം തവണയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു ട്രംപിന്റെ ട്വീറ്റുകളിൽ പലതും. പല വിഷയങ്ങളിലും വേറിട്ടുനിൽക്കുന്ന അഭിപ്രായങ്ങളായിരുന്നു. പലതും വെട്ടിത്തുറന്നു പറയുന്നരീതിയും. ഏറ്റവും വംശവെറി നിറഞ്ഞ സിനിമയാണ് "ഡാങ്കോ അൺചെയിൻഡ്" എന്നും ഓസ്കാർ നശിപ്പിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തതും അത്തരത്തിൽ വേറിട്ടു നിൽക്കാനുള്ള അടവായിട്ടാണ് പലരും ചൂണ്ടിക്കാട്ടിയത്. ട്വിറ്ററിൽ തുടർന്നുപോന്ന പരീക്ഷണങ്ങൾ ട്രംപ് മറ്റു സമൂഹ മാധ്യമങ്ങളിലേക്കും വിപുലീകരിച്ചു. എന്നാൽ, ട്വിറ്ററായിരുന്നു അദ്ദേഹത്തിന്റെ വിഹാര കേന്ദ്രം.

മൂന്ന് ലക്ഷത്തിൽ നിന്ന് 31 മില്യണിലേക്ക്
2011 ഫെബ്രുവരിയിൽ വെറും 3 ലക്ഷം ഫോളോവേഴ്സായിരുന്നു ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. എന്നാൽ 2015 ഫെബ്രുവരി ആകുമ്പോഴേക്കും ഇത് 4.3 മില്യൺ ഫോളോവേഴ്സിലേക്ക് കുതിച്ചു. അദ്ദേഹത്തിന്റെ അക്കൗണ്ടിലെ വളർച്ച ആശ്ചര്യമാം വിധത്തിലായിരുന്നു ആ കാലത്ത്. ഇതിനിടെ പലതരത്തിലുള്ള വ്യാജ വാർത്തകളും വ്യാജ ആരോപണങ്ങളും തന്റെ ഔദ്യോഗിക അക്കൗണ്ടിൽ കൂടിത്തന്നെ ട്രംപ് നിരന്തരം നടത്തിക്കൊണ്ടിരുന്നു. 2017- മേയിൽ 31 മില്യൺ ഫോളോവേഴ്സായിരുന്നു ട്രംപിന് ട്വിറ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ പകുതിയും അതായത് 15,044,248 പേരും വ്യാജമെന്നായിരുന്നു ട്വിറ്ററിന്റെ തന്നെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്. ആകെ ഫോളോവേഴ്സിൽ പകുതിയും വ്യാജമെന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ, ട്വീറ്റുകൾ കൂടുതൽ പേരിലേക്ക് എത്താൻ ഇതേ ബോട്ടുകളെ തന്നെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന കാര്യം കൂടി കൂട്ടി വായിക്കേണ്ടതുണ്ട്. അത് എത്രത്തോളം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപിന് സഹായകമായിട്ടുണ്ട് എന്ന് പഠനങ്ങളിൽ വ്യക്തമാണ്. പിന്നീട് വ്യാജ വാർത്തളുടെ പേരിൽ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് ബാൻ ചെയ്തു.
ഹ്രസ്വവീഡിയോകളുടെ തുടക്കം, ട്രംപിന്റെ പ്രചാരണം
ഇന്ന് നാം കാണുന്ന ഹ്രസ്വ വീഡിയോകൾ/ റീൽസ്, ഷോർട്സ് അടക്കമുള്ള വീഡിയോകളുടെ പ്രാരംഭം ട്രംപിന്റെ പ്രചാരണവേളകളിലായിരുന്നു എന്നതും കൂടി ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. ട്രംപിന്റെ പ്രചാരണവേളയിൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന മക്കോണി പിന്തുടർന്നിരുന്ന രീതികളിൽ ഒന്നായിരുന്നു 15 സെക്കൻഡ് വീഡിയോകൾ. നീട്ടിവലിച്ചു പറയാതെ മുശിപ്പില്ലാതെ കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു തീർക്കുന്നതായിരുന്നു ട്രംപിന്റെ പ്രചാരണവേളകളിലെ ഹ്രസ്വ വീഡിയോകൾ. പലതും വളരെ പെട്ടെന്ന് ആളുകളിലേക്ക് എത്തി. പങ്കുവെക്കാൻ എളുപ്പവും ഹ്രസ്വ വീഡിയോകളായിരുന്നു എന്നതുകൊണ്ട് തന്നെ നീട്ടിപ്പരത്തി കാര്യങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് കിട്ടുന്നതിനേക്കാളേറെ സ്വീകാര്യത ഇത്തരം ചെറിയ വീഡിയോകൾക്ക് ലഭിച്ചു എന്ന് പിന്നീട് മക്കോണിയും സംഘവും തന്നെ വിലയിരുത്തുകയുണ്ടായി. മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിനേക്കാളേറെ ഇത്തരത്തിലുള്ള വീഡിയോകൾ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ.
യു.എസ്. തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ
2016-ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ട്രംപിന്റെ ജയത്തിന് വേണ്ടി റഷ്യ സോഷ്യൽ മീഡിയയിൽ ഇടപെട്ടു എന്ന രഹസ്യാന്വേഷണ റിപ്പോട്ടാണ് പുറത്തു വന്നത്.
13 റഷ്യൻ പൗരൻമാരും മൂന്നു റഷ്യൻ കമ്പനികളും സമൂഹമാധ്യമ പ്രചാരണങ്ങളിലൂടെ ഇടപെട്ടുവെന്നായിരുന്നു ആരോപണം. ട്രംപിന് അനുകൂലമായും ഹിലരിക്കെതിരേയും നടത്തിയ പ്രചാരണങ്ങൾ യു.എസ്. ജനതയിൽ ഭിന്നത വളർത്താനും ജനാധിപത്യത്തിൽ അവർക്കുള്ള വിശ്വാസം തകർക്കാനും ഉദ്ദേശിച്ചിരുന്നുവെന്നും യു.എസ്. സ്പെഷ്യൽ കൗൺസൽ റോബർട്ട് മുള്ളർ 2018-ൽ തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചത് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായ ഇന്റർനെറ്റ് റിസർച്ച് ഏജൻസി (ഐ.ആർ.എ.) എന്ന കമ്പനിയാണ്. കുറ്റാരോപിതരായ 12 റഷ്യക്കാരും ഐ.ആർ.എയുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചത്. റഷ്യൻ പൗരനായ യെവ്ഗെനി വിക്തോറോവിക് പ്രിഗോഷിനാണ് വിവിധ വ്യാജക്കമ്പനികളിലൂടെ ഇതിനെല്ലാം പണം മുടക്കിയത്. ചെലവിനായി ലക്ഷക്കണക്കിനു ഡോളർ വകയിരുത്തുകയും ചെയ്തെന്നായിരുന്നു കുറ്റപത്രം. എന്നാൽ പിന്നീട് പ്രിഗോഷിൻ പുതിൻ ഭരണകൂടത്തിനെതിരാവുകയും പുതിനെതിരേയുള്ള നീക്കം പ്രിഗോഷിന്റെ മരണത്തിലെത്തിക്കുകയും ചെയ്തു എന്നത് മറ്റൊരു വശം.
ചാരന്മാരെ മുൻനിർത്തി റഷ്യയുടെ ഇടപെടൽ
2014 മുതൽക്കേ യു.എസ്. തിരഞ്ഞെടുപ്പിൽ ഇടപെടാൻ റഷ്യ പദ്ധതികളാരംഭിച്ചിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ സ്വാധീനിക്കാനാവശ്യമായ രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ രണ്ട് റഷ്യക്കാർ 2014-ൽ യുഎസിലെ പത്തോളം സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. ട്രാൻസ്ലേഷൻ പ്രോജക്ട് എന്ന പേരിൽ ഐ.ആർ.എ. 2016 ജൂലായിൽ 80ലേറെ ജീവനക്കാരെ നിയോഗിച്ചു. ഹിലാരി വിരുദ്ധ രാഷ്ട്രീയ പ്രചാരണം നടത്താനും റാലികൾ സംഘടിപ്പിക്കാനും റഷ്യൻസംഘം ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ (എക്സ് പ്ലാറ്റ് ഫോം) തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ യു.എസ്. പൗരൻമാരുടെ പേരുകളിൽ നൂറുകണക്കിന് അക്കൗണ്ടുകൾ ആരംഭിച്ചു. ഇവരുടെ ഇടപെടൽ യുഎസിൽനിന്നു തന്നെയാണെന്നു തോന്നിപ്പിക്കുന്നതിനായി, യുഎസ് സെർവറുകൾ വിലയ്ക്കെടുത്തായിരുന്നു ഇത്. ഈ പേജുകളിലൂടെ സ്വാധീനത്തിലായ അമേരിക്കക്കാർ വഴി രാഷ്ട്രീയ റാലികൾ അടക്കം സംഘടിപ്പിച്ചു. ഇതിനു പണവും നൽകി. എന്നാൽ പണം പറ്റുന്നതു റഷ്യക്കാരിൽ നിന്നാണെന്ന് അമേരിക്കക്കാർ തിരിച്ചറിഞ്ഞതുമില്ല.തിരഞ്ഞെടുപ്പു പ്രചാരണകാലത്തു തടവുവേഷത്തിൽ ഹിലറി ക്ലിന്റനായി വേഷം കെട്ടിയ ഒരാളെ നിർത്തിയുള്ള പ്രചാരണം വരെ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിനുശേഷം ട്രംപിന് അനുകൂലമായും പ്രതികൂലമായും പ്രകടനങ്ങൾ നടത്തിച്ചു- തുടങ്ങി ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തിൽ പറയുന്നത്.

| Photo: Oct. 25, 2016.Jonathan Ernst / Reuters file
ചൈനയ്ക്കെതിരേ ട്രംപിന്റെ രഹസ്യദൗത്യം
ചൈനയ്ക്കതെിരേ ട്രംപും ഇത്തരത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട് എന്ന റിപ്പോർട്ട് വന്നത് ഈ അടുത്തിടെയാണ്. ചൈനീസ് ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും പരിഹസിക്കുന്നതിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനും അതുവഴി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനും യു.എസ്. രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായിട്ടായിരുന്നു റിപ്പോർട്ട്. 2019-ലാണ് സി.ഐ.എ. ഈ രഹസ്യദൗത്യം ആരംഭിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഷി ജിൻ പിങ് സർക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് രാജ്യത്തിന് പുറത്ത് അനധികൃത സ്വത്തുക്കൾ ഉണ്ടെന്നും അത് മറച്ചുവെച്ചുവെന്നുമുള്ള ആരോപണങ്ങൾ, ചൈനീസ് സർക്കാർ സംരംഭങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ, മറ്റ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ചൈന നൽകുന്ന ധനസഹായം അഴിമതിയാണെന്ന് പറയുക തുടങ്ങിയ കിംവദന്തികൾ പ്രചരിപ്പിക്കുകയായിരുന്നു ഇതിലൂടെ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സിഐഎ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയ്ക്കെതിരായ കാനഡയുടെ ആരോപണം
കാനഡയിലെ 2019, 2021 തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ ഇന്ത്യയും പാകിസ്താനും ശ്രമിച്ചുവെന്ന കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 2019-ലെയും 2021-ലെയും തിരഞ്ഞെടുപ്പുകളിൽ ചൈന, ഇന്ത്യ, റഷ്യ എന്നിവരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നന്വേഷിച്ച ഫെഡറൽ അന്വേഷണ കമ്മിഷന് മുൻപാകെ കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവിസ് (സിഎസ്ഐഎസ്) സമർപ്പിച്ച റിപ്പോർട്ടിലാണ് ആരോപണമുള്ളത്. ഇക്കാര്യത്തിൽ സർക്കാർ നിസ്സംഗത പാലിച്ചാൽ ഇന്ത്യയുടെ അനധികൃതമായ ഇടപെടൽ കൂടുതൽ പ്രശ്നങ്ങൾ രാജ്യത്ത് വരുത്തി വയ്ക്കുമെന്നും കനേഡിയൻ മാധ്യമമായ ഗ്ലോബൽ ന്യൂസിന് ലഭിച്ച അതീവരഹസ്യ ബ്രീഫിംഗ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇതിനെതിരേ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ, കനേഡിയൻ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും ഇന്ത്യ ഇടപെടാൻ ശ്രമിച്ചിട്ടില്ലെന്നു തിരഞ്ഞെടുപ്പിൽ ഇന്ത്യ സ്വാധീനം ചെലുത്താൻ ശ്രമിച്ചു എന്നതിന് യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കാനഡ അറിയിച്ചിരുന്നു. എന്നാൽ, 2023 ഫെബ്രുവരി 24-ന് പുറത്തിറങ്ങിയ വിദേശ ഇടപെടലുകളെ കുറിച്ചുള്ള റിപ്പോർട്ടിൽ ചൈനയെ `ഏറ്റവും പ്രധാന ഭീഷണി´ എന്നാണ് കാനഡ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ തിരഞ്ഞെടുപ്പിലെ ചൈന ഭീഷണി
ഇന്ത്യയുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടാകുമെന്ന വാർത്തകൾ വന്നത് അടുത്തിടെയാണ്. നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങളുടെ സഹായത്തോടെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ചൈന പദ്ധതിയിടുന്നതായി മൈക്രോസോഫ്റ്റിന്റെ ഇന്റലിജൻസ് റിപ്പോർട്ട്. സാമൂഹികമാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ കഴിയുന്നതരത്തിലുള്ള എ.ഐ. ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനാണ് ചൈനയുടെ നീക്കം. ഇതിനായി ചൈനാഭരണകൂടത്തിന്റെ പിന്തുണയുള്ള സൈബർ ഗ്രൂപ്പുകൾ ഉത്തരകൊറിയയിൽനിന്നുള്ള സൈബർ ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അമേരിക്ക, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
വിവരങ്ങളനുസരിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയകളുടെ സാന്നിധ്യം വളരെ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്. അയൽ രാജ്യങ്ങൾക്ക് പോലും തൊട്ടടുത്തുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ സാധിക്കുമെന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ നീക്ക്. ഇതുവരെ പുറത്ത് വന്ന അന്വേഷണങ്ങളും റിപ്പോട്ടുകളും ഇത്തരത്തിലുള്ള പല ഇടപെടലുകളും ശരിവെക്കുന്നുണ്ട്. വരുംകാലങ്ങളിൽ സോഷ്യൽ മീഡിയകളുടെ ഇടപെടൽ ഇല്ലാതെ, ജനാധിപത്യരാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് എത്രത്തോളം സുതാര്യമായി മാറും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Content Highlights: digital democracy how to social media interfere election
Published: 20 Apr 2024, 03:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented