
ചാരത്തില്‍ നിന്നുയര്‍ത്തെണീറ്റ ഫീനിക്‌സ് പക്ഷിയെന്ന് പറഞ്ഞാല്‍ ശരദ്പവാറിനത് ഒട്ടും ഓവര്‍റേറ്റഡ് ആവില്ല. പാര്‍ട്ടിയും ചിഹ്നവും നഷ്ടമായിടത്ത് നിന്ന് മഹാരാഷ്ട്രയില്‍ മത്സരിച്ച 10 സീറ്റുകളില്‍ എട്ടിലും ജയിച്ചു കയറി ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് അയാള്‍ തെളിയിച്ചിരിക്കുന്നു. അനന്തിരവന്‍ അജിത് പവാറടക്കം മനസാക്ഷി സൂക്ഷിപ്പുകാരെല്ലാം ശത്രുപക്ഷത്ത് അണിനിരന്ന് നിന്നപ്പോള്‍ അയാള്‍ നെഞ്ച് വിരിച്ച് നിന്നു. പെരുമഴയത്ത് നനഞ്ഞൊലിച്ച് പണ്ടയാള്‍ നടത്തിയ പ്രസംഗം പോലെ ഒറ്റയ്‌ക്കൊരു പോരാളിയായി. 83 വയസിലും പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തോടെ. വിജയത്തില്‍ കുറഞ്ഞതൊന്നും അയാള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. പരാജയമാണെങ്കില്‍ ഇനിയൊരു തിരിച്ചുവരവില്ലെന്നും രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍ക്ക് നന്നായറിയാം. പ്രിയപ്പെട്ട മണ്ഡലമായ ബാരാമതിയില്‍ മകള്‍ സുപ്രിയ സുലെയെത്തന്നെ നിര്‍ത്തി. എതിര്‍പക്ഷത്ത് ബിജെപി നിര്‍ത്തിയതാവട്ടെ അജിത് പവാറിന്റെ ഭാര്യ സുനേത്രയും. 1996 മുതല്‍ പവാര്‍ കുടുംബം മാത്രം ജയിച്ചു പോന്ന മണ്ഡലത്തില്‍ കുടുംബക്കാര്‍ പരസ്പരം പോരാടി. പക്ഷേ, അന്തിമവിജയം ശരദ് പവാറിനൊപ്പം തന്നെ നിന്നു, സുപ്രിയ സുലെ വിജയിച്ചു.
മഹാരാഷ്ട്രയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ വ്യക്തമായ വിജയത്തെ സൂചിപ്പിക്കുന്ന വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്തെ 48 ലോക്സഭാ മണ്ഡലങ്ങളില്‍ 29 എണ്ണത്തിലും മഹാ വികാസ് അഘാഡി (എംവിഎ) ആധിപത്യം നേടി. വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ ഏതാനും പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കുമെന്നും അതില്‍ ചിലത് ലയിച്ചേക്കുമെന്ന പവാറിന്റെ പ്രതികരണം കോണ്‍ഗ്രസുമായുള്ള ലയനസൂചന വ്യക്തമാക്കുന്നതായിരുന്നു. കോണ്‍ഗ്രസിനൊപ്പം എന്‍സിപി (ശരദ് പവാര്‍പക്ഷം)കൂടി ചേര്‍ന്ന് നിന്ന മഹാവികാസ് അഘാഡി സഖ്യം ബിജെപിയുടെ സീറ്റ് മോഹത്തിന് കനത്ത പ്രഹരം തന്നെയേല്‍പിച്ചു. ചേര്‍ന്ന് നിന്നാല്‍ രാജ്യം കൂടെനില്‍ക്കുമെന്ന് പവാര്‍ 'ഇന്ത്യ' സഖ്യത്തിനെ ഒരിക്കല്‍ കൂടി പഠിപ്പിച്ചിരിക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ ഒരു കുടക്കീഴില്‍ അണിനിരത്ത് പ്രതിരോധം തീര്‍ക്കണമെന്ന ആശയത്തിന് പിന്നിലും ശരദ്പവാറുണ്ടായിരുന്നു.

മക്കള്‍ രാഷ്ട്രീയത്തില്‍ കാലിടറിയ നേതാക്കള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ധാരാളമുണ്ട്. ശരദ് പവാറിന് സംഭവിച്ചതും അത് തന്നെയായിരുന്നു. ശരദ് പവാര്‍ എന്ന അച്ചുതണ്ടിന് കീഴെ കറങ്ങുന്ന ഗോളങ്ങളായിരുന്നു എന്‍.സി.പിയെന്ന പാര്‍ട്ടിയും നേതൃത്വവും. അയാളോളം വളരുന്നതെന്തിനേയും വെട്ടിനിരത്താനും മടിച്ചില്ല, മകളെയൊഴിച്ച്. അജിത് പവാറിന്റെ അധികാരമോഹം മറനീക്കി പുറത്തുവന്നപ്പോഴെല്ലാം ശരദ്പവാര്‍ കടിഞ്ഞാണിട്ടു. എന്നാല്‍ ഏറ്റവുമൊടിവിലത്തേതിനുമാത്രം അയാള്‍ക്കത് കഴിയാതെ പോയി.
ബാരാമതിയിലെ കേവലമൊരു കരിമ്പു സൊസൈറ്റിയില്‍നിന്ന് പവാര്‍ ഇന്നു കാണുന്ന പവറിലേക്കെത്തിയത് മറുകണ്ടം ചാടിയും കുതികാല്‍വെട്ടിയുമൊക്കെത്തന്നെയാണ്. ഒറ്റ പാര്‍ട്ടിക്ക് കീഴിലോ ഒറ്റ ചിഹ്നം കൊണ്ടു മാത്രമോ പടുത്തയര്‍ത്തിയ ജയങ്ങളായിരുന്നില്ല ഒന്നും. അതുകൊണ്ട് തന്നെയാണ് അജിത് പവാറും വിശ്വസ്തരായിരുന്ന പ്രഫുല്‍ പട്ടേലും ഛഗന്‍ ഭുജ്ബലും മറുകണ്ടം ചാടിയപ്പോഴും പവാര്‍ ഉശിരോടെ നിന്നത്.
ശരദ് പവാറും എന്‍.സി.പിയും പിന്നെ അജിത് 'പവറും'
എന്‍.സി.പിയെന്നാല്‍ മഹാരാഷ്ട്രക്കാര്‍ക്ക് അന്നുമിന്നും ശരദ് പവറാണ്. മറ്റേത് നേതാവും അതിന് പിന്നിലേ വരൂ. ഇന്നും അണികള്‍ക്കിടയിലെ ക്രൗഡ്പുള്ളറാണ് പവാര്‍. അയാളെ കേള്‍ക്കാന്‍ ഇന്നും മഹാരാഷ്ട്രയില്‍ ജനമിരമ്പും. പിളര്‍പ്പിന് ശേഷം രാഷ്ട്രീയ ഗുരുവായ വൈ.ബി.ചവാന്റെ സമാധിദിനത്തില്‍ ശരദ് പവാറിനെ കേള്‍ക്കാനെത്തിയ ജനസാഗരവും അത് അടിവരയിട്ടു. അജിത് പവാര്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേരാന്‍ വിമതനീക്കം നടത്തുന്നുവെന്ന വാര്‍ത്ത പരന്നതോടെയാണ് 2023 മേയ് മാസത്തില്‍ അജിത് പവാറിന്റെ രാജി നാടകം അരങ്ങേറിയത്. പാര്‍ട്ടിയിലെ തന്റെ അപ്രമാദിത്തം കൂടിയാണ് അതിലൂടെ അദ്ദേഹം തെളിയിച്ചത്. ശരദ് പവാറിന്റെ തീരുമാനത്തെ അനുസരിക്കൂ രാജിവെയ്ക്കട്ടെ എന്ന നിലപാടായിരുന്നു അജിത് പവാറിന്. എന്നാല്‍ 'അയ്യോ അച്ഛാ പോവല്ലേ' വികാരത്തോടെ പാര്‍ട്ടി ഒന്നടക്കം ശരദ് പവാറിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാര്‍ട്ടിയില്‍ തന്റേത് തന്നെയാണ് ഇപ്പോഴും അവസാനവാക്കെന്ന അജിത് പവാറിനുള്ള താക്കീത് കൂടിയായി രാജിപ്രഖ്യാപനം
രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കയറ്റിയതും വളര്‍ത്തിയതും ഇളയച്ഛനാണെങ്കിലും ഒരു ഘട്ടത്തിനപ്പുറം തനിക്ക് സ്ഥാനമില്ലെന്ന ചിന്തയും അധികാരമോഹവും അജിത് പവാറിനെ എല്ലാ കാലത്തും അസ്വസ്ഥനാക്കി. പല ഘട്ടത്തിലും അജിത് പവാര്‍ അത് തുറന്ന് കാട്ടി. എന്‍.സി.പിയുടെ സ്ഥാപകദിനത്തില്‍ അജിത് പവാര്‍ ഇരിക്കെയാണ് മകള്‍ സുപ്രിയ സുലയെയും പ്രഫുല്‍ പട്ടേലിനെയും ശരദ് പവാര്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റുമാരാക്കിയത്. അധികാരം കാണുമ്പോള്‍ മലക്കം മറിയുന്ന നേതാവ്, അത് സഹോദരപുത്രനാണെങ്കിലും വിശ്വസിക്കരുതെന്ന് ഒരുപക്ഷേ ശരദ് പവാറിനെ അനുഭവം പഠിപ്പിച്ചിരിക്കാം. താനെന്ന ലക്ഷ്മണരേഖ മറികടക്കാന്‍ അജിത് പവാറിന് ഒരു പ്രയാസവുമുണ്ടാവില്ലെന്ന് ശരദ് പവാര്‍ മനസിലാക്കിയിട്ടുണ്ടാവണം. കാരണം 1999-ല്‍ സോണിയ ഗാന്ധിയുടെ വിദേശപൗരത്വത്തെച്ചൊല്ലി കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് എന്‍.സി.പിയെന്ന പുതിയ പാര്‍ട്ടിയുണ്ടാക്കിയ പവാറും അത്തരമൊരു 'രേഖ'യും ഗൗനിച്ചിട്ടില്ല. അവിഭക്ത കോണ്‍ഗ്രസില്‍നിന്നു ഗ്രൂപ്പുകളികളിലേക്കും അവിടെനിന്ന് സാങ്മയ്ക്കൊപ്പം സ്വന്തം പാര്‍ട്ടിയുണ്ടാക്കി പോയപ്പോഴും അധികാരമോഹം തന്നെയാണ് ശരദ് പവാറിനെയും നയിച്ചത്. അന്നുമുതല്‍ വെള്ളവും വളവും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയെയും കൂടെ നിര്‍ത്തിയ ഛഗന്‍ ഭുജ്പല്‍ അടക്കമുള്ള നേതാക്കളെയുമാണ് അജിത് പവാര്‍ പിഴുതെടുത്തത്.
ശിവസേനയ്ക്ക് പിന്നാലെ എന്‍.സി.പി.; കളമറിഞ്ഞ് കളിച്ച ബി.ജെ.പി
എന്‍.സി.പിയും ശിവസേനയും തമ്മിലായിരുന്നു ഒരുകാലത്ത് മഹാരാഷ്ട്രയില്‍ നേര്‍ക്ക്‌നേര്‍ പോരാട്ടം. എന്‍.ഡി.എ. ഉണ്ടായ കാലം മുതല്‍ ആ സഖ്യത്തിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് ശിവസേന. കോണ്‍ഗ്രസിനെ നേരിട്ടത് ശിവസേന-ബി.ജെ.പി. സഖ്യമായിരുന്നു. പവാര്‍ കോണ്‍ഗ്രസ് പിളര്‍ത്തി എന്‍.സി.പിയുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യകക്ഷികളായി ഒരു വശത്ത് തുടര്‍ന്നു. 2014-ല്‍ മോദി വന്ന ശേഷം കോണ്‍ഗ്രസില്‍നിന്ന് പല പ്രമുഖരും ബി.ജെ.പിയില്‍ ചേക്കേറി. അപ്പോഴും വലിയ പരിക്കില്ലാതെ നിന്ന എന്‍.സി.പിയെയാണ് 2023ല്‍ അജിത് പവാര്‍ നെടുകെ പിളര്‍ന്നത്. ശിവസേനയുടെ അതേവിധി
മകള്‍ സുപ്രിയയെ മുന്‍നിരയിലെത്തിച്ചപ്പോഴുണ്ടായ നേതാക്കള്‍ക്കിടയിലെ അതൃപ്തിയും അധികാരമോഹവും എന്‍.സി.പിയെ പിളര്‍ത്തുന്നതില്‍ പ്രധാന കാരണങ്ങളായി. ശിവസേന പിളര്‍ത്തി ഏകനാഥ് ഷിന്ദേയെ തനിക്കൊപ്പം നിര്‍ത്തിയ ബി.ജെ.പി. അതേ കളി എന്‍.സി.പിയിലും കളിച്ചെന്ന് സാരം. എന്നാല്‍ അജിത്പവാറിനുമപ്പുറം, എന്‍.സി.പിക്കുമപ്പുറം മഹാരാഷ്ട്രയ്ക്ക് ശരദ്പവാര്‍ തന്നെയാണ് വേണ്ടപ്പെട്ടവനെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ അയാള്‍ തെളിയിച്ചിരിക്കുന്നു.
Content Highlights: Maharashtra election results 2024, Sharad Pawar, ajith pawar, lok sabha election
Published: 04 Jun 2024, 06:20 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented